ചരിത്രം സൃഷ്ടിക്കുന്നത് വായനക്കാരാണ്.
കഴിഞ്ഞ ഒരു വർഷമായി നമ്മുടെ ആരോഗ്യം മാസികയെ മികച്ച പ്രസിദ്ധീകരണമാക്കി മാറ്റാനുള്ള വിനീതമായ ശ്രമങ്ങൾ നടത്തിവരികയാണ്.

നമ്മുടെ ആരോഗ്യം വായനക്കാരുടെ നിരുപാധിക പിന്തുണയും സ്നേഹവുമാണ് ഈ ചരിത്രപരമായ കാൽവെപ്പിന്റെ യഥാർത്ഥ ആന്തരിക ബലം എന്ന് പത്രാധിപസമിതി ഹൃദയം കൊണ്ട് തിരിച്ചറിയുന്നുണ്ട്. വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി.
ഈ ലക്കം മാസിക സ്ത്രീപതിപ്പാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് നമ്മുടെ ആരോഗ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീപതിപ്പ് പ്രസിദ്ധീകരിക്കുന്നത്. ആ ലക്കത്തിനു കിട്ടിയ സ്വീകരണവും അംഗീകാരവും മാസികയുടെ മുന്നോട്ടുള്ള ഗതിയെ ഒരു പാട് സ്വാധീനിച്ചിരുന്നു. ആ ഓർമയിൽ അകം കുളിർത്ത, ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീസമൂഹത്തിനൊപ്പം നിൽക്കാനുള്ള നമ്മുടെ ആരോഗ്യത്തിന്റെ സന്നദ്ധതയുടെ കൊടിയടയാളം കൂടിയാണ് മാർച്ച് ലക്കം സ്തീപതിപ്പ്.
സ്ത്രീകൾ മാത്രം എഴുതുന്നു എന്ന പ്രത്യേകതയോടൊപ്പം വനിതകളുടെ ആരോഗ്യത്തിന്റെ വിവിധവശങ്ങൾ ആഴത്തിൽ വിലയിരുത്തുന്ന ശാസ്തീയ പ്രവർത്തനം കൂടി ഇതിൽ സന്നിഹിതമായിട്ടുണ്ട്. അതോടൊപ്പം ജീവിതത്തിന്റെ വൈവിധ്യമാർന്ന തുറസ്സുകളിൽ എത്തിപ്പെടുന്ന പെൺജീവിതങ്ങളെ അവർ എങ്ങനെ സ്വയം വിലയിരുത്തുന്നു എന്ന അന്വേഷണത്തിനു കൂടി മാസിക തുനിയുകയാണ്. ഡോ: എ.കെ ജയശ്രീ, ഡോ: മായാദേവി കുറുപ്പ്, ഡോ: സുഷമ അനിൽ, ഡോ:എസ്. പ്രമീളാദേവി, ഡോ: ഫാത്തിമ വർദ, ഡോ: അനുജി പി സുപ്രൻ, ഡോ: ദിവ്യ നായർ, ഡോ: സന്ധ്യാ കുറുപ്പ് എന്നിവരുടെ ലേഖനങ്ങൾ അഭിമാനത്തോടെ വായനക്കാർക്ക് സമർപ്പിക്കട്ടെ.

മലയാള ചെറുകഥാരംഗത്തെ ശക്തമായ സാന്നിദ്ധ്യമാണ് പ്രിയ എ. എസ്. പുസ്തകങ്ങളുടെ പേരുകൾ തന്നെ എഴുത്തുകാരിയുടെ മനസ്സിലേക്കുള്ള കിളിവാതിലുകളായി മാറുന്നത് കൗതുകക്കാഴ്ചയാണ്. ചിത്രശലഭങ്ങളുടെ വീട്, ഒഴുക്കിൽ ഒരില, മായക്കാഴ്ചകൾ, ഓരോരോ തിരിവുകൾ, ജന്മാന്തര വാഗ്ദാനങ്ങൾ, വയലറ്റ് പൂച്ചകൾക്ക് ശൂ വെക്കാൻ തോന്നുമ്പോൾ. തന്റെ പ്രിയപ്പെട്ട ഡോക്ടറെക്കുറിച്ച് അവരെഴുതുമ്പോൾ ഭാഷക്ക് വരുന്ന സ്നിഗ്ദതയും മാർദ്ദവവും നോക്കൂ. നാലു വയസ്സ് മുതൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളുടെ തടവുകാരിയായി മാറിയ അവർ ജീവിതത്തെ എത്ര ശുഭാപ്തിവിശ്വാസത്തോടെയാണ് ഉറ്റുനോക്കുന്നത് എന്ന് നമ്മൾ അൽഭുതം കൂറിപ്പോവും. പ്രിയക്ക്, പ്രിയപ്പെട്ട എഴുത്തുകാരിക്ക് നന്ദി.
മറക്കാനാവാത്ത രോഗി എന്ന പംക്തിയിൽ ഡോ: നവ്യ തൈക്കാട്ടിൽ എഴുതിയ ലീല, എന്റെ പ്രിയ സ്നേഹിത എന്ന ലേഖനം വായനക്കാരെ കടുത്ത വേദനയുടെ അപാര സാഗരത്തിലേക്കാണ് എടുത്തെറിയുന്നത്. മലയാള ചെറുകഥകളിലെ ശക്തരായ ചില സ്ത്രീകഥാപാത്രങ്ങളെ ഓർത്തെടുക്കുന്ന ഡോ: ശ്രീരേഖ പണിക്കരും, മലയാള സിനിമകളിലെ പരിണമിക്കുന്ന സ്ത്രീസ്വത്വത്തെക്കുറിച്ച് അഭിമാനിക്കുന്ന എം. ബി. ബി എസ് വിദ്യാർത്ഥിനി നന്ദന സുനിലും നമ്മുടെ ആരോഗ്യത്തിന്റെ സർഗാത്മക ഈടുവെപ്പുകളായി രൂപാന്തരം കൊള്ളുന്നത് ആഹ്ളാദത്തോടെ സാക്ഷ്യപ്പെടുത്തട്ടെ. വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങളുടെ നിലപാടുതറയിൽ നിന്നുകൊണ്ടാണെങ്കിലും അവർ മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകൾ നമ്മുടെ മസ്തിഷ്കങ്ങളെ പൊള്ളിക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ ധിഷണയെ സർഗ്ഗാക്തകമായി വെല്ലവിളിച്ച ഫ്രഞ്ച് അസ്തിത്വവാദിയും ദാർശനികയുമായ സിമോൻ ദി ബുവ്വെയുടെ മാഗ്നം ഓപസ് ആയ Second Sex-ലെ ധൈഷണിക പ്രസരമുള്ള വാദമുഖങ്ങളുടെ അനുരണനങ്ങൾ ഈ ലേഖനങ്ങളിൽ നിശ്ചയമായും ഉൾചേർന്നിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു, ഫെമിനിസ്റ്റല്ല എന്ന് എത്ര ആത്മാർഥമായി ലേഖകർ കുമ്പസരിക്കാൻ ശ്രമിച്ചാലും.
വളരെ വ്യത്യസ്തമായ ലേഖനമാണ് ഡോ: ഷീന ജി സോമൻ എഴുതിയ ലവ് ഓ വൈ സോ സീരിയസ്. പ്രണയത്തിന്റെ ചരിത്രപരതയിൽ കാലുറപ്പിച്ചു നിന്നു കൊണ്ട് അതിന്റെ ബയോകെമിസ്ട്രിയിലൂടേയും പരിണാമത്തിലൂടേയും കടന്ന് എങ്ങനെ നല്ലൊരു പ്രണയി ആവാം എന്ന ശുഭചിന്തയിലാണ് ഡോ: ഷീന ആ ലേഖനം അവസാനിപ്പിക്കുന്നത്. സ്ത്രീകൾക്ക് പൊതുവേ വഴങ്ങില്ലെന്ന് ആരോപിക്കപ്പെടുന്ന നർമ്മം, അതിമനോഹരമായി ലേഖിക തന്റെ ലേഖനത്തിന്റെ പരഭാഗശോഭ വർദ്ധിപ്പിക്കാനായി വിദഗ്ദമായി ഉപയോഗപ്പെടുത്തുന്നത്, വായനക്കാരനെ തീർച്ചയായും ആഹ്ളാദിപ്പിക്കും. പ്രണയത്തിന്റെ മനോഹാരിതയും ലഹരിയും മുഴുവനായി ആവാഹിക്കുന്നതിലും ഡോ: ഷീന വിജയം വരിച്ചിരിക്കുന്നു.
ഡോ: ചാന്ദ്നി ആർ, ഡോ: അൻജു ദീപക്, ഡോ: സി.എസ് ശാന്തകുമാരി, ഡോ: സാവിത്രി ഹരിപ്രസാദ്, ഡോ:അശോക വത്സല, ഡോ: കെ ഇ എലിസബത്ത്, ഡോ: എം എസ് ബിജി, ഡോ: ഹേമ ബാലകുമാർ, ഡോ: അൻജു കെ. ബാബു എന്നിവർ വിവിധ വിഷയങ്ങളെ ഉപജീവിച്ച് എഴുതിയ ലേഖനങ്ങൾ അവയുടെ ശാസ്ത്രീയതയുടെ ആഴം കൊണ്ടും ഭാഷയുടെ സംവേദനക്ഷമത കൊണ്ടും വായനക്കാർക്ക് മികച്ച ഉപഹാരങ്ങളായി മാറുന്നു. മാതാപിതാക്കളെ ഉൽക്കണ്ഠാകുലരാക്കുന്ന, കുഞ്ഞുങ്ങളുടെ പല്ലുകളെ കുറിച്ചുള്ള സംശയങ്ങൾക്ക് മുംബെയിലെ പ്രശസ്ത പീഡോ ഡോണ്ടിസ്റ്റായ ഡോ: മാളവിക അഭിജാത് നൽകുന്ന ഉത്തരങ്ങൾ മാഗസിന്റെ ആരോഗ്യചക്രവാളം നിശ്ചയമായും വികസിപ്പിക്കുന്നവയാണ്. കാർട്ടൂണുകളും ചിതങ്ങളും വരച്ചു നൽകിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ശാർദ, യുവിഖ തരുണീ ധരൻ എന്നീ മികച്ച ചിത്രകാരികൾക്ക് നമ്മുടെ ആരോഗ്യത്തിന്റെ സ്നേഹവും അഭിനന്ദനങ്ങളും. സ്ത്രീ പതിപ്പിന്റെ ശക്തിയും സൗന്ദര്യവും സമന്വയിപ്പിച്ച അതിമനോഹരമായ കവർ സാക്ഷാത്കരിച്ച ഡോ: നിത്യ ജയകുമാർ ചിതകലാരംഗത്തെ പുതിയ വാഗ്ദാനമാണെന്ന് നമ്മുടെ ആരോഗ്യം അത്യധികം ആഹ്ളാദത്തോടെ തിരിച്ചറിയുന്നു.

സമരങ്ങൾ സ്വപ്നസാക്ഷാത്കാരങ്ങളിലേക്കുള്ള ചുവടുവെപ്പിന്റെ പ്രയാസമേറിയ ആദ്യ പടവുകളാണ്. വിജനമായ ഇടവഴികളിലൂടെയും ദുർഗ്ഗമമായ മലമടക്കുകളിലൂടെയും ഒരു സുരക്ഷയുമില്ലാതെ കാടുകളിലെ ആദിവാസി ഈരുകളിലൂടെയും, പൊള്ളുന്ന വെയിലിൽ കടൽക്കരയിലൂടെയും നിപ കൊറോണ വെല്ലുവിളിക്കിടയിലൂടെയും നടന്നും വിയർത്തും കേരളത്തിന്റെ അടിസ്ഥാന ആരോഗ്യം കരുപിടിപ്പിച്ചതിൽ മഹത്തായ പങ്കു വഹിച്ചവരാണ് ആശാ വർക്കർമാർ. ദിവസവേതനമായി 250 രൂപ പോലും ലഭിക്കാത്ത ഈ പാർശ്വവൽകൃത ആരോഗ്യ പ്രവർത്തകർ വീട്ടിൽ മൂന്നുനേരം കഞ്ഞിയെങ്കിലും കുടിക്കാനുള്ള വേതനം ലഭിക്കാനായി അവരൊരിക്കലും ആഗ്രഹിക്കാത്ത സമരത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കയാണ്. ആശാപ്രവർത്തകരുടെ കൂടെയാണെന്ന് ആരോഗ്യ മന്ത്രി പറയുന്നു, ഭരണ–പ്രതിപക്ഷ നേതാക്കളും അവർക്കൊപ്പമെന്ന് ആണയിടുന്നു. കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനെ കുറിച്ചും കേരളത്തിെൻ്റ ആത്മാർഥതയില്ലായ്മയെക്കുറിച്ചും ആരോപണങ്ങളും രാഷ്ട്രീയ ആഖ്യാനങ്ങളും തലങ്ങും വിലങ്ങും കേൾക്കുന്നു. കേന്ദ്രമോ കേരളമോ ആവട്ടെ, ഈ അടിത്തട്ടു മനഷ്യരുടെ വേദനക്ക്, ദുരിതങ്ങൾക്ക് പരിഹാരം വേണം.
പൊതുസമൂഹം എപ്പോഴാണ് ഒരു സ്പാർട്ടക്കസ്സായി ഉയിർത്തെഴുന്നേൽക്കുക?
▮
‘നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:
