കേന്ദ്രസർക്കാർ ഏജൻസികളുടെ കീഴിൽ നടത്തപ്പെട്ട ദേശീയകുടുംബാരോഗ്യ സർവ്വേ റിപ്പോർട്ട് (National Family Health Survey - NFHS 6) ഫലങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1990 തൊട്ട് ദേശീയതലത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ നടത്തപ്പെടുന്ന ആറാമത്തെ സർവ്വേയാണിത്. കുടുംബത്തിലെ സ്ത്രീകളുടെയും കുട്ടികളുടേയും ആരോഗ്യസംബന്ധിയായ പ്രധാനവിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കപ്പെടുന്നത്. ഇതുവഴി ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ നിലവിലെ ആരോഗ്യ സ്ഥിതിവിവരങ്ങൾ അറിയാനും നിലവിലെ വിവിധ പദ്ധതിനടത്തിപ്പുകളിലെ പുരോഗതി അറിയാനും സ്ഥിതി അനുസരിച്ച് ഭാവിയിലെ നയപരിപാടികൾ രൂപീകരിക്കാനും വേണ്ട രാജ്യത്തിൻ്റെ അടിസ്ഥാനരേഖയാണിത്. സർവ്വേ സാമ്പിളുകളായി ഇന്ത്യയിലാകെ 7 ലക്ഷത്തിനടുത്ത് (കേരളം 13000) വീടുകളിലെ വിവരം നേരിട്ട് ശേഖരിച്ച് 2023-24 വർഷങ്ങളിൽ നടത്തിയ സർവ്വേഫലങ്ങളാണ് ഇപ്പോൾ ക്രോഡീകരിച്ച് പുറത്ത് വിട്ടിട്ടുള്ളത്. ഇതിന് മുമ്പ് 2018 - 19 വർഷത്തിൽ നടത്തപ്പെട്ട NFHS 5 സർവ്വേഫലങ്ങളുമായി താരതമ്യം ചെയ്ത് ഇന്ത്യയിലെയും കേരളത്തിലെയും തെരഞ്ഞെടുക്കപ്പെട്ട ചില സൂചികകൾ (Indicators) അറിയുന്നത് കൗതുകകരമായിരിക്കും.
ജനസംഖ്യാപരം (Demographic):
ഇന്ത്യയിൽ ജനസംഖ്യയിൽ 8%-ത്തോളം പേർ 5 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. കേരളത്തിൽ ഇത് 6% മാത്രമേഉള്ളൂ. ഇത് കേരളത്തിലെ ജനനനിരക്ക് ആയിരത്തിൽ പത്തിനടുത്തെത്തിയതായി സൂചന തരുന്നു. അതിനാൽ ഇനി സ്കൂളുകളിലും ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ കുറയാനാണ് സാധ്യതകൾ. മറിച്ച് ഇന്ത്യയിൽ 13% പേർ 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുള്ളപ്പോൾ കേരളത്തിൽ ഇവർ 20.7%ത്തോളമുണ്ട്. ഇത് പ്രതിശീർഷ ആയുസ്സ് വർദ്ധനവ് മൂലമാണ്. കേരളം മുതിർന്ന പൗരരുടെ സമൂഹമായി മാറുന്നതിൻ്റെ സൂചനയാണ്. ഇത് പുതിയ സർക്കാർ വയോജനങ്ങൾക്കായി പ്രത്യേകവകുപ്പ് സ്ഥാപിച്ചതിൻ്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നു. രാജ്യത്താകെ കുടുബങ്ങളിൽ 60%-ത്തോളം പേർക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് ഉള്ളപ്പോൾ കേരളത്തിൽ കവറേജ് 57%, അൽപ്പം കുറവേയുള്ളൂ. ഇന്ത്യയിൽ ചികിത്സാച്ചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന് മുമ്പ് നടത്തപ്പെട്ട സാമ്പത്തികസർവ്വേ വെളിപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽ ചികിത്സാച്ചെലവുകൾ കുറയ്ക്കാനുള്ള സൗജന്യ ചികിത്സയടക്കം/പൊതുമേഖല ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആരോഗ്യ പദ്ധതികൾക്ക് കേരളത്തിൽ മുൻഗണനകൾ നൽകണം.

സ്ത്രീകളുടെ സ്ഥിതിനിലവാരം:
ഇന്ത്യയിലെ സ്ത്രീകൾ ശരാശരി രണ്ട് കുട്ടികളെ പ്രസവിക്കുമ്പോൾ കേരളത്തിൽ അത് 1.8 ശതമാനം മാത്രമാണ്. ജനസംഖ്യാ നിയന്ത്രണത്തിൻ്റെ ലക്ഷ്യം 2 ആണ്. ആയതിനാൽ ജനസംഖ്യാ വിസ്ഫോടനത്തിൻ്റെ സാധ്യത ഇനി ഉണ്ടാവില്ല. ജനസംഖ്യാ നിയന്ത്രണം ഇന്ത്യയിൽ ഭാവിയിൽ ഒരു പ്രയോറിറ്റി പ്രശ്നമല്ല. ഇന്ത്യയിലെ പെൺകുട്ടികളിൽ 20%-വും 18 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹിതരാകുമ്പോൾ കേരളത്തിൽ ഇതിൻ്റെ പത്തിലൊന്ന് മാത്രമേ നടക്കുന്നുള്ളൂ. നിയമങ്ങൾ ഉണ്ടായിട്ടും ബാലികാ വിവാഹം ഇന്ത്യയിൽ ഇപ്പോഴും ശരിയായി നിയന്ത്രിക്കപ്പെട്ടിട്ടില്ല. സ്ത്രീശാക്തീകരണത്തിൻ്റെ കാര്യത്തിൽ ആരോഗ്യകാര്യങ്ങൾ, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്ന കാര്യങ്ങൾ, ബന്ധുവീട്ടിലെ സന്ദർശനം ഈ മൂന്ന് കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്നീ മൂന്ന് കാര്യങ്ങളാണ് പരിഗണിച്ചത്. ഇതുപ്രകാരം ഇന്ത്യയിൽ 89-% വിവാഹിതരായ സ്ത്രീകൾക്കും ഇതിനെല്ലാം സ്വതന്ത്രമായി അവസരം ലഭിക്കുമ്പോൾ കേരളത്തിൽ ഇതിലും ഉയർന്ന് 96.5%-മാണ് നില. ഇതേ അവസരത്തിൽ ഇന്ത്യയിലെ വിവാഹിതകളിൽ 22%-ത്തോളം പേർ ഭർതൃപീഡനം അനുഭവിക്കേണ്ടിവരുന്നുവെന്ന് തുറന്നുപറഞ്ഞപ്പോൾ കേരളത്തിൽ ഇത് 17.7%-മാണ്.
ഗർഭകാലം, കുടുംബാസൂത്രണ സേവനങ്ങൾ:
കേരളത്തിലെ ഗർഭിണികളിൽ ഭൂരിഭാഗവും (88.6%) നാലുതവണയിലുള്ള ഗർഭകാലപരിശോധനകൾ ലഭിച്ചവരാണെന്നിരിക്കെ ഇന്ത്യൻ ശരാശരി 65%-മാണ്. അതായത് രാജ്യത്ത് മൂന്നിലൊന്ന് ഗർഭിണികൾക്ക് വേണ്ടതായ ഗർഭകാല പരിരക്ഷ കിട്ടുന്നില്ലെന്ന് തിരിച്ചറിയണം. ഇത് ശിശുമരണ നിരക്കും മാതൃമരണനിരക്കും കുറയാതിരിക്കാനുള്ള ഒരു കാരണമാണ്. കേരളത്തിൽ ഗർഭിണികൾ എല്ലാവരും (99.7%) ആശുപത്രികളിൽ വെച്ച് പ്രസവിക്കുമ്പോൾ ഇന്ത്യയിൽ ശരാശരി 90%-മാണ്. മുൻസർവ്വേകളിൽ നിന്നും വ്യത്യസ്തമായി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും ഈ സൂചികയിൽ വളരെ മുന്നോട്ട് വന്നിട്ടുണ്ട്. ജെ.എസ്.വൈ പോലുള്ള പല ആരോഗ്യ പദ്ധതികളും ഇതിന് സഹായകരമായിട്ടുണ്ട്. കേരളത്തിൽ പ്രസവത്തിന് സർക്കാർ ആശുപത്രികളിലെ സേവന ഉപയോഗം 34%-ത്തിൽ നിൽക്കുമ്പോൾ ഇന്ത്യയിൽ കൂടുതൽ പേരും പ്രസവിക്കുന്നത് (58.6%) സർക്കാർ ആശുപത്രികളിലാണ്. സർക്കാർ ആശുപത്രികളിലെ സംവിധാനങ്ങൾ ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് അടിമുടി പരിഷ്കരിക്കേണ്ടതുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
കേരളത്തിലെ അമ്മമാരിൽ, 6 മാസം പ്രായം വരെയുള്ള ശിശുക്കൾക്ക് മുലപ്പാൽ മാത്രം കൊടുക്കുന്നവർ (Exclusive Breast Feeding) 55%-ത്തിൽ നിന്ന് 73%-മായി വർദ്ധിച്ചപ്പോൾ ഇന്ത്യയിലാകെ ഈ ശീലം 64%-ത്തിൽനിന്ന് കുറഞ്ഞ് 56%ലെത്തി നിൽക്കുകയാണ്. ഇന്ത്യയിലാകെ ദമ്പതികളിൽ കുടുംബാസൂത്രണ മാർഗ്ഗങ്ങളുടെ ഉപയോഗം കൂടിയിട്ടുണ്ട്. ഇന്ത്യയിൽ ശരാശരി 69% ദമ്പതികളും കേരളത്തിൽ 67% ദമ്പതികളും ഏതെങ്കിലും മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. ഇതിൽ തന്നെ ഇന്ത്യയിൽ 53%-വും കേരളത്തിൽ 55%-വും ആധുനിക രീതികൾ ഉപയോഗിക്കുന്നവരാണ്. ഇതേ അവസരത്തിൽ കേരളത്തിലെ സ്ത്രീകളിൽ 10% പേർക്കും ഇന്ത്യയിൽ 8% സ്ത്രീകൾക്കും ആവശ്യമുള്ള കുടുംബാസൂത്രണ സേവനങ്ങൾ ലഭ്യമാകുന്നില്ല (Unmet need) എന്നാണ് ലഭ്യമായ വിവരം. ഈ മേഖലയിൽ എല്ലാ സംസ്ഥാനങ്ങളിലും പുരുഷൻമാരുടെ പങ്ക് വെറും 1%-ത്തിലും താഴെയാണ്. ഇത് 30-%മെങ്കിലും ഉയർത്തണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ പുരുഷപങ്കാളിത്തം കൂട്ടാൻ പദ്ധതികൾ വേണ്ടതുണ്ട്.

ശിശുസംരക്ഷണ രോഗപ്രതിരോധ ചികിത്സകൾ:
ഒരുവയസ്സിലും രണ്ട് വയസ്സിലും ഇടയിലുള്ള കുട്ടികളിലെ സാർവ്വത്രിക പ്രതിരോധ രോഗചികിത്സ ലഭ്യത (ഇമ്മ്യൂണൈസേഷൻ) നിരക്കിൽ ഇന്ത്യൻ ശരാശരി 84%-ത്തിൽ നിന്ന് 87%-ലെത്തിയപ്പോൾ കേരളത്തിൽ ഇത് 85%-ത്തിൽ നിന്ന് 87%-ലെത്തിയിട്ടുണ്ട്. ഇതിനിയും കൂട്ടാൻ വേണ്ട ഇടപെടലുകൾ വേണ്ടതുണ്ട്. കേരളത്തിലടക്കം ഇന്ത്യയിലെല്ലായിടത്തും 95% കുട്ടികൾക്ക് പ്രതിരോധ ചികിത്സ ലഭ്യമാകുന്നത് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് തന്നെയെന്നാണ് റിപ്പോർട്ടിലുള്ളത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് കുട്ടികളുടെ/രാജ്യത്തിൻ്റെ വികാസത്തിലെ വലിയൊരു ഇൻഡിക്കേറ്ററാണ്.
ഇന്ത്യയിലാകെ പ്രായത്തിനനുസരിച്ച് ഉയരമില്ലാത്ത കുട്ടികളുടെ എണ്ണം 35%ത്തിൽ നിന്ന് 29%-മായികുറഞ്ഞപ്പോൾ കേരളത്തിൽ 23%-ത്തിൽനിന്ന് 20%-ത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. ഇതേ അവസരത്തിൽ പ്രായത്തിനനുസരിച്ച് തൂക്കക്കുറവുള്ള കുട്ടികളുടെ കാര്യത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടില്ല. ഇന്ത്യൻ ശരാശരി 32%-ത്തിൽ തന്നെ നിൽക്കുമ്പോൾ കേരളത്തിൽ 20%-ത്തിൽനിന്ന് 18%-ലെത്തിയിട്ടുണ്ട്. നിലവിലെ ശിശുപോഷക പരിപാടികളുടെ ഫലപ്രാപ്തി വേണ്ട ജനസമൂഹത്തിൽ എത്തപ്പെടുന്നില്ല എന്ന സംശയമുയർത്തുന്നുണ്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ. ശിശുപോഷക പദ്ധതികളിൽ കൂടുതൽ നിക്ഷേപം വേണമെന്ന സൂചനയാണിത്. കുട്ടികളുടെ ഫീഡിങ്ങ് പ്രാക്ടീസ് തിരുത്തി പുതുക്കി എടുക്കേണ്ടതുമുണ്ട്.
15 വയസ്സിന് മുകളിലുള്ള സ്ത്രീ - പുരുഷന്മാരിലെ ആരോഗ്യസ്ഥിതി:
ഒരുഭാഗത്ത് പോഷകാഹാരക്കുറവിൻ്റെ ഭാഗമായ ഭാരക്കുറവും മറുഭാഗത്ത് കൊഴുപ്പ് കൂടിയത് കൊണ്ടുണ്ടാകുന്ന പൊണ്ണത്തടിയും ഇന്ത്യയിൽ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഭീഷണിയാണ്. (Double edged) ഇവ രണ്ടും കൂടി വരുന്ന ഒരു വിരോധാഭാസ പ്രവണതയുമുണ്ട്. ഇന്ത്യയിലെ സ്ത്രീകളിലും പുരുഷന്മാരിലും 20%-ത്തോളംപേർ വേണ്ടത്ര ശരീരഭാരമില്ലാത്തവരാണ്. ബോഡിമാസ്സ് ഇൻഡക്സ് കുറവാണ്. കേരളത്തിൻ ഇത് യഥാക്രമം 12%വും, 15%വുമാണ്. ഇത് ദാരിദ്ര്യത്തിൻ്റെയും ദുശ്ശീലങ്ങളുടേയുമൊക്കെ പ്രശ്നമാണ്. ഇതേസമയം സ്ത്രീകളിൽ 3-% പേർക്ക് അമിതഭാരം ഉള്ളപ്പോൾ പുരുഷന്മാരിൽ 27.3% ഇതേ പ്രവണതയുണ്ട്. കേരളത്തിൽ ഇത് യഥാക്രമം 46.7%വും, 37%-വുമായി ഉയർന്നുനിൽക്കുകയാണ്. ഇതിൽ പ്രധാനപ്രതി നമ്മുടെ മാറുന്ന ഭക്ഷണരീതികളും തൊഴിൽസ്വഭാവങ്ങളുമാണ്.
നമ്മുടെ ഭക്ഷണരീതികളിലും കായികപ്രവർത്തികളിലും കാര്യമായ തിരുത്തലുകൾ ആവശ്യപ്പെടുന്ന കണ്ടെത്തലുകളാണിത്. പകർച്ചേതര വ്യാധികളായ പ്രമേഹം, അമിത രക്തസമ്മർദ്ധം ഇവയിലും ചെറിയ പ്രായത്തിൽ തന്നെ സ്ത്രീപുരുഷഭേദമില്ലാതെ രോഗാതുരത പടരുന്ന സൂചനയാണുള്ളത്. ഇതിലും കേരളീയർ മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി മുന്നോട്ട് പോകുന്ന പ്രവണതയുണ്ട്. ഇന്ത്യയിലെ സ്ത്രീകളിൽ 18% പേർ രക്തത്തിലെ പഞ്ചസാര കൂടിയവരോ പ്രമേഹരോഗികളോ ആയിരിക്കുമ്പോൾ പുരുഷൻമാരിൽ ഇത് 21%-മാണ്. കേരളത്തിൽ ഇത് യഥാക്രമം 29%വും, 32%വുമാണ്. ഇതിനർത്ഥം കേരളീയരിൽ മൂന്നിലൊന്ന് പേർ പ്രമേഹബാധിതരാണെന്നാണ്. അമിത രക്തസമ്മർദ്ദമെടുത്താൽ ഇന്ത്യൻ ശരാശരി സ്ത്രീ - പുരുഷന്മാരിൽ യഥാക്രമം 19%വും, 22%വുമാകുമ്പോൾ കേരളത്തിലിത് 32%വും, 37%വുമായി വളരെ ഉയർന്ന് നിൽക്കുകയാണ്. ഈ നിരക്കുകൾ 5 വർഷം മുമ്പ് നടത്തപ്പെട്ട കഴിഞ്ഞ സർവ്വേയിൽ നിന്നും 3-4 പോയിൻ്റ് ഉയർന്ന നിലയിലാണ്. ഇതിനിയും ഉയർന്ന് വരികയേ ഉള്ളൂ. കേരളത്തിലേക്ക് എന്ത്കൊണ്ടാണ് വെഞ്ച്വർ കാപ്പിറ്റൽ കമ്പനികൾ നിക്ഷേപം നടത്തുന്നുവെന്ന ചോദ്യത്തിൻ്റെ ഒരു ഉത്തരം കൂടിയാണിത്.

സർവ്വേയുടെ കാണാപ്പുറങ്ങൾ:
ദേശീയതലത്തിൽ കേന്ദ്ര സർക്കാറിൻ്റെ കീഴിലുള്ള മുംബെ ആസ്ഥാനമായിട്ടുള്ള ഓട്ടോണമസ് സ്ഥാപന മായ ഇൻ്റർനാഷണൽ ഇൻസ്‌ടിറ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസ് ആണ് കുടുംബാരോഗ്യ സർവ്വേക്ക് (NFHS) നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ തവണ സർവ്വേഫലങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ സർവ്വേയിലെ ചിലവിവരങ്ങൾ കേന്ദ്രസർക്കാർ പുറത്ത് വിട്ട പുരോഗതിയുടെ സ്ഥിതിവിവരക്കണക്കുകളുമായി പൊരുത്തപ്പെടാത്തതിനാൽ അന്നത്തെ സ്ഥാപന ഡയറക്ടർ കെ.എസ്. ജെയിംസിന് സ്ഥാപനത്തിൽ നിന്ന് രാജിവെച്ച് പുറത്ത് പോകേണ്ടിയും വന്നിരുന്നു.
അന്നത്തെ റിസൾട്ടുകളിൽ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളിലും സ്ത്രീകളിലും ഗർഭിണികളിലും വിളർച്ച അഥവാ അനീമിയ നിരക്ക് കൂടിവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നുള്ള വിവാദത്തിൻ്റെ ഫലമായി ഇപ്രാവശ്യത്തെ സർവ്വേയിൽ നിന്ന് അനീമിയ പരിശോധന ഒഴിവാക്കിയിരുന്നു. മുൻകാലങ്ങളിൽ ഉള്ളത് പോലെ വീടുകളിലെ ശുദ്ധജല ലഭ്യതയേയും ടോയ്ലറ്റ് സൗകര്യങ്ങളെക്കുറിച്ചും സർവ്വേയിൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടായിരുന്നെങ്കിലും ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. കഴിഞ്ഞ തവണ പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ 19%-ത്തോളം വീടുകളിൽ ടോയ്ലറ്റ് സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല. (ഏകദേശം അഞ്ചിൽ ഒന്ന്) ഇത് സ്വച്ഛ് ഭാരത് മിഷൻ്റെ ഭാഗമായി സർക്കാർ പുറത്ത് വിട്ട വെളിയിടവിസർജന മുക്തഭാരത പ്രഖ്യാപനത്തിന് (Open Defeacation Free) വിരുദ്ധവുമായിരുന്നു. കുടുംബാരോഗ്യ സർവ്വേവിവരങ്ങൾ കൂടുതൽ ഇഴകീറി വിശകലനം ചെയ്ത് സംസ്ഥാനതലത്തിൽ വിദഗ്ധ ചർച്ചകൾ നടത്തേണ്ടതുണ്ട്. വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കപ്പെട്ട ഇതിലെ വിവരങ്ങൾ ഭാവി ആസൂത്രണങ്ങളുടെ ആധാരരേഖകളാണ്.
