പ്രതീക്ഷയോടെ നാം കാത്തിരിക്കുകയാണ്​ വാക്​സിനുവേണ്ടി

ലോകത്തെ പല ഗവേഷണസ്ഥാപനങ്ങളിൽ നൂറ്റിയൻപതോളം വാക്‌സിനുകൾ പരീക്ഷണങ്ങൾക്കു തയ്യാറായി നിൽക്കുന്നു. അതിൽ 18 എണ്ണം ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലേക്ക് പ്രവേശിച്ചു. ഇതിൽ രണ്ടെണ്ണം, ദൈർഘ്യമേറിയതും എന്നാൽ പ്രധാനപ്പെട്ടതുമായ മൂന്നാം ഘട്ടത്തിലേക്ക് ഈ മാസം കടന്നു. ഓക്​സ്​ഫോർഡ്​ സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഡ്​ വാക്​സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായെന്ന റിപ്പോർട്ടി​െൻറ പാശ്​ചാത്തലത്തിൽ, വാക്​സിൻ എന്ന്​ സാക്ഷാൽക്കരിക്കപ്പെടുമെന്ന ഒരന്വേഷണം

ഒരു വാക്‌സിന് ഇത്ര പ്രതീക്ഷയോടെ ഈയടുത്ത്​ ലോകം കാത്തിരുന്നിട്ടില്ല. സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുപോകാനാവുക എന്നതിൽ കവിഞ്ഞൊന്നും ആഗ്രഹിക്കാനാവാതെ ഓരോ ജീവിതവും ചുരുങ്ങിപ്പോകുന്ന സമയമാണിത്. ദീർഘകാല അടച്ചുപൂട്ടലും, ഭീതിയും, നിയന്ത്രണങ്ങളും, നിത്യവൃത്തിയെ കാര്യമായി ബാധിച്ച നല്ലൊരു വിഭാഗം സാധാരണക്കാരും പ്രതീക്ഷയർപ്പിക്കുന്നത് പ്രതിരോധ വാക്‌സിനിലാണ്. ഈ പ്രതീക്ഷകൾക്ക് മറുപടിയെന്നോണം അടുത്ത മാസം തന്നെ വാക്‌സിൻ ഉപയോഗത്തിന് ലഭ്യമാവും എന്ന രീതിയിൽ വാർത്ത വന്നിരുന്നു. എന്നാൽ യാഥാർഥ്യ ബോധത്തോടെ വേണം ഇത്തരം പ്രഖ്യാപനങ്ങളെ വിലയിരുത്താൻ.
വാക്‌സിൻ അല്ലെങ്കിൽ മരുന്നുപരീക്ഷണങ്ങളുടെ വേഗത കൂട്ടുക എന്നത്, ശാസ്ത്രലോകം അംഗീകരിച്ച ഗവേഷണക്രമങ്ങളിൽ ഒന്നുപോലും ഒഴിവാക്കിക്കൊണ്ടായിരിക്കരുത്. പരീക്ഷണത്തിന്റെ ഓരോ ഘട്ടവും, അതിന്റെ മാനദണ്ഡങ്ങളും, ഏറെ കാലം കൊണ്ട് ഉരുത്തിരിഞ്ഞവയാണ്. സുരക്ഷിതത്വവും, ഫലപ്രാപ്തിയും ഉറപ്പാക്കുന്നവയാണ് അതിലെ ഓരോ ഘട്ടവും, ഒന്നുപോലും ഒഴിവാക്കാനാവാത്തവ.

പിൻവലിക്കപ്പെട്ട അവകാശവാദം
ലോകത്തെ പല ഗവേഷണസ്ഥാപനങ്ങളിൽ നൂറ്റിയൻപതോളം വാക്‌സിനുകൾ പരീക്ഷണങ്ങൾക്കു തയ്യാറായി നിൽക്കുന്നു. അതിൽ 18 എണ്ണം ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലേക്ക് പ്രവേശിച്ചു. ഇതിൽ രണ്ടെണ്ണം, ദൈർഘ്യമേറിയതും എന്നാൽ പ്രധാനപ്പെട്ടതുമായ മൂന്നാം ഘട്ടത്തിലേക്ക് ഈ മാസം കടന്നു. ഇതിന്റെ ഫലം 2021 തുടക്കത്തോടെ ലഭ്യമാവും എന്ന പ്രതീക്ഷയിലാണ്.
ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യഘട്ടം, മൃഗങ്ങളിലെ പഠനങ്ങൾക്കുശേഷം മനുഷ്യരിൽ ആരംഭിക്കുന്നതാണ്. ആരോഗ്യമുള്ള ഏതാനും വ്യക്തികളിൽ, വാക്സിൻസുരക്ഷ വിലയിരുത്തുന്നതിനുള്ള ആദ്യ ചുവടുവെപ്പ്​. ഇന്ത്യയിൽ നിന്ന് ആഗസ്റ്റ് 15ന് പൊതുഉപയോഗത്തിന് പുറത്തിറക്കും എന്ന അവകാശവാദം ഉന്നയിച്ച ഭാരത് ബയോടെക്കിന്റെ വാക്‌സിൻ, ആദ്യഘട്ടത്തിലേക്ക് കടന്നതുപോലും ഈ മാസമാണ്. ആറ് ആഴ്ച്ചകൾക്കുള്ളിൽ തന്നെ പുറത്തിറക്കുന്ന വാക്‌സിൻ എന്നതിന്റെ വിശ്വാസ്യത ശാസ്ത്രസമൂഹം ചോദ്യംചെയ്തതോടെ, ഈ അവകാശവാദം പിൻവലിച്ചിട്ടുണ്ട്.

രണ്ടാംഘട്ട പരീക്ഷണങ്ങളിലേക്ക് പ്രവേശിക്കുന്നത്, മനുഷ്യരിലെ ആദ്യഘട്ടത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിച്ച വാക്‌സിനുകൾ മാത്രമാണ്.

ഇന്ത്യയിൽ നിന്ന് ആഗസ്റ്റ് 15ന് പൊതുഉപയോഗത്തിന് പുറത്തിറക്കും എന്ന അവകാശവാദം ഉന്നയിച്ച ഭാരത് ബയോടെക്കിന്റെ വാക്‌സിൻ, ആദ്യഘട്ടത്തിലേക്ക് കടന്നതുപോലും ഈ മാസമാണ്

നൂറുകണക്കിന് ആളുകളിൽ, പരീക്ഷണം നടത്തുന്ന ഈ ഘട്ടത്തിൽ, ഫലപ്രാപ്തിയോടൊപ്പം സുരക്ഷിതത്വവും സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്നു. കോവിഡ് വൈറസിൽനിന്ന് സംരക്ഷണം നൽകുന്ന ആന്റിബോഡിയുടെ രക്തത്തിലെ അളവ്, നിശ്ചിത ഇടവേളകളിൽ അളന്നാണ് ആദ്യഘട്ടങ്ങളിൽ, എത്ര പ്രതിരോധശേഷി ഉണ്ടാവും എന്നത് വിലയിരുത്തുന്നത്.
മൂന്നാംഘട്ടം കോവിഡ് വാക്‌സിൻ പരീക്ഷണം, ചുരുങ്ങിയത് ഇരുപതിനായിരം പേരിലെങ്കിലും നടത്തേണ്ടിവരും. ഇതാണ് മറ്റു രണ്ടു ഘട്ടങ്ങളെക്കാൾ ദൈർഘ്യമേറിയത്. പല വാക്‌സിനുകൾക്കും ഇത് വർഷങ്ങൾ തന്നെ എടുക്കാറുണ്ട്. എന്നാൽ നൈതികതയിലോ ശാസ്ത്രീയതയിലോ ഒട്ടും കുറവ് വരുത്താതെ, ഈ ഘട്ടത്തിന്റെ വേഗത ഒരു പരിധി വരെ കൂട്ടാൻ സാധിച്ചേക്കും. ലോകത്തിലെ തന്നെ പല ഗവേഷണ സ്ഥാപനങ്ങളിലായി, ഒരേസമയം അനേകരിൽ പരീക്ഷണം നടത്താം. കോവിഡ് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ, ഗവേഷണം നടത്തുന്നതുവഴിയും വാക്‌സിന്റെ ഫലപ്രാപ്തി നേരത്തെ അറിയാൻ സാധിച്ചേക്കാം.

ഇപ്പോൾ വേണ്ടത്​ യാഥാർഥ്യബോധം

ചില വാക്‌സിനുകൾക്ക് ‘ഹ്യുമൻ ചലഞ്ച് ട്രയൽ' നടത്താറുണ്ട്. ഇതിൽ, വാക്‌സിൻ നൽകിയ വ്യക്തികളെ, പരീക്ഷണാർത്ഥം, വൈറസിന് എക്സ്പോസ്ഡ് ആക്കി, അവരിൽ രോഗം വരുന്നുണ്ടോ എന്നു നിരീക്ഷിക്കും. വളരെ കുറച്ചുപേരിൽ മാത്രമാണ് ഇത്തരം ചലഞ്ച് ട്രയലുകൾ നടത്താറുള്ളൂ. മാരക രോഗങ്ങളിൽ ഇത്തരം ചലഞ്ച് നടത്താൻ എത്തിക്കൽ അനുമതി ലഭിക്കില്ല. കോവിഡ് താരതമ്യേന മരണനിരക്ക് കുറഞ്ഞ രോഗം ആണെന്ന അനുമാനത്തിൽ, ആരോഗ്യമുള്ള ചെറുപ്പക്കാരിൽ ഈ ചലഞ്ച് ട്രയൽ നടത്താൻ അനുമതി ലഭിക്കും എന്നാണ് പല വാക്സിൻ ഉൽപാദകരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്തരം ട്രയലുകൾക്ക്, വ്യക്തമായ മാർഗനിർദേശങ്ങളും, പ്രത്യേക എത്തിക്കൽ സമിതികളും തന്നെയുണ്ട്.

ഇത്രയും കാലം മറ്റു രാജ്യങ്ങളിൽ വന്നിരുന്ന ഭീമൻ സംഖ്യകൾ, ഭീതിയോടെ നോക്കിയിരുന്നിടത്തുനിന്ന്, ഇന്ന് നമ്മുടെ തൊട്ടടുത്തുതന്നെ അത് കണ്ടുതുടങ്ങിയതിന്റെ ആശങ്കയിലാണ് കേരളം

മേൽപറഞ്ഞ ഏതെങ്കിലും രീതിയിൽ വാക്സിൻ ഗവേഷണത്തിന്റെ വേഗത കൂട്ടിയാൽ പോലും, പുതിയ വാക്‌സിന്റെ പൂർണ ഫലപ്രാപ്തി അപഗ്രഥിക്കാൻ ചുരുങ്ങിയത് ആറു മാസം വേണം. സമൂഹവ്യാപന ഘട്ടത്തിലെത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ വാക്‌സിനുകളിൽ മാത്രം പ്രതീക്ഷയർപ്പിക്കാതെ, യാഥാർഥ്യബോധത്തോടെ രോഗം നേരിടേണ്ടി വരും.
ഇത്രയും കാലം മറ്റു രാജ്യങ്ങളിൽ വന്നിരുന്ന ഭീമൻ സംഖ്യകൾ, ഭീതിയോടെ നോക്കിയിരുന്നിടത്തുനിന്ന്, ഇന്ന് നമ്മുടെ തൊട്ടടുത്തുതന്നെ അത് കണ്ടുതുടങ്ങിയതിന്റെ ആശങ്കയിലാണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണം കൂടി വന്നിരുന്ന സാഹചര്യത്തിൽ പോലും, ഒരു പരിധിയിൽ താഴെ എണ്ണം പിടിച്ചുനിർത്താൻ കേരളത്തിന് സാധിച്ചിരുന്നു. ഈ രോഗത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ, അനന്തകാലത്തേക്ക് രോഗവ്യാപനം തടഞ്ഞുനിർത്തുക എന്നത് സാധ്യമല്ല താനും.

ഏതാനും ആഴ്ച്ചകളിൽ ഇവിടെയുള്ള കേസുകളുടെ ഗ്രാഫ് കുത്തനെ ഉയരുകയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ്, മറ്റ് രാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരിലാണ് കേസുകൾ കൂടുതൽ കണ്ടിരുന്നത് എങ്കിൽ, ഇപ്പോൾ സമ്പർക്കത്തിലൂടെ കൂടി വരുന്നു. രോഗവ്യാപനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നതിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കേണ്ടത്.

കേരളം മാതൃക തന്നെയാണ്​

രോഗനിർണയത്തിന് ഉപയോഗിക്കാൻ ആന്റിജൻ കിറ്റുകൾക്ക് അനുമതി ലഭിച്ചതോടെയാണ്, കൂടുതൽ കേസുകൾ കണ്ടെത്താൻ തുടങ്ങിയത്. മൂക്കിലെ സ്രവം പരിശോധനയ്ക്ക് വിധേയമാക്കുന്ന ഈ പരിശോധനയിൽ, ഇരുപത് മിനിറ്റിൽ ഫലം അറിയാം. പി.സി.ആർ പരിശോധനയുടെ അത്രയും കൃത്യത (സെൻസിറ്റിവിറ്റി) ഇല്ലെങ്കിൽ കൂടി, സങ്കീർണ ലാബ് പ്രക്രിയ ആവശ്യമില്ല എന്നതുകൊണ്ട്, പെട്ടെന്ന് ഫലം ലഭിക്കും.
ലഭ്യമായവയിൽ, ഏറ്റവും കൃത്യത ആർ.ടി. പി.സി ആർ(റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ പോളിമറൈസ് ചെയിൻ റിയാക്ഷൻ) പരിശോധന തന്നെയാണ്. അതുകൊണ്ടുതന്നെ, കോവിഡ് ലക്ഷണമുള്ളവരെ ആന്റിജൻ നെഗറ്റിവ് ആണെങ്കിൽ കൂടി, പി.സി.ആർ പരിശോധനയ്ക്ക് കൂടി വിധേയമാക്കണം. എന്നാൽ, പൊസിറ്റിവ് ഫലങ്ങൾക്ക് മറ്റൊരു സ്ഥിരീകരണം ആവശ്യമില്ല. ഡൽഹി ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ, വ്യാപകമായി ആന്റിജൻ പരിശോധന നടത്തിവരുന്നുണ്ട്​.

ആയിരക്കണക്കിനു രോഗികളുള്ള ക്‌ളസ്റ്ററുകൾ പലതുമുള്ള സംസ്ഥാനങ്ങൾ പോലും, സാമൂഹികവ്യാപനം പ്രഖ്യാപിക്കാൻ മടിച്ചിട്ടും, രാജ്യത്ത് ആദ്യമായി കേരളത്തിൽ ചില ക്ലസ്റ്ററുകളിൽ അത് പ്രഖ്യാപിച്ചു എന്നത് സ്വാഗതാർഹമാണ്

ഒരു പ്രദേശത്തെ രോഗവ്യാപനം കണ്ടെത്താൻ, പൊതുസമൂഹത്തിൽ ആന്റിജൻ പരിശോധന വലിയ രീതിയിൽ ആരംഭിച്ചതോടെ ഇവിടെയും ക്‌ളസ്റ്ററുകൾ കണ്ടെത്താൻ തുടങ്ങി. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകളുടെ ചുറ്റും രൂപപ്പെട്ട ക്‌ളസ്റ്ററുകൾ, അഥവാ ‘രോഗബാധിതരുടെ കൂട്ടം' കണ്ടെത്താൻ തുടങ്ങിയതോടെയാണ് ഇവിടുത്തെ രോഗവ്യാപനവ്യാപ്തി തിരിച്ചറിയാനായത്. ലോകാരോഗ്യസംഘടനയുടെ നിർവചനപ്രകാരം, വലിയ ക്‌ളസ്റ്ററുകൾ സ്ഥിരീകരിച്ച കേരളത്തിലെ ഇടങ്ങളിൽ സമൂഹവ്യാപനം സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ കൂടുന്ന മറ്റിടങ്ങളിലും പരിശോധന വ്യാപിപ്പിക്കുന്നതോടെ, ക്‌ളസ്റ്ററുകൾ ഇനിയും കണ്ടെത്താൻ സാധ്യതയുണ്ട്. ആയിരക്കണക്കിനു രോഗികളുള്ള ക്‌ളസ്റ്ററുകൾ പലതുമുള്ള സംസ്ഥാനങ്ങൾ പോലും, സാമൂഹികവ്യാപനം പ്രഖ്യാപിക്കാൻ മടിച്ചിട്ടും, രാജ്യത്ത് ആദ്യമായി കേരളത്തിൽ ചില ക്ലസ്റ്ററുകളിൽ അത് പ്രഖ്യാപിച്ചു എന്നത് സ്വാഗതാർഹമാണ്.

അവഗണിക്കരുത്​, ചെറിയ ലക്ഷണം പോലും
രോഗനിയന്ത്രണത്തിന് ആവശ്യമായ ആദ്യപടി, സമൂഹത്തിൽ രോഗം ഉണ്ടെന്നതും, ആരിൽ നിന്നും രോഗം പകർന്നേക്കാം എന്ന് ഓരോരുത്തർക്കും വേണ്ട തിരിച്ചറിവാണ്. താൻ രോഗവാഹകൻ ആയിരിക്കാം, അല്ലെങ്കിൽ തനിക്ക് ചുറ്റുമുള്ള ഏതൊരു വ്യക്തിയും രോഗം വഹിക്കുന്നുണ്ടാവാം എന്ന ബോധ്യത്തോടെ മുന്നോട്ടുപോവുകയാണ് ഇനിയുള്ള വഴി.
ശരിയായ മാസ്‌ക് ഉപയോഗത്തിന്റെയും, ശാരീരികഅകലം പാലിക്കുന്നതിന്റെയും പ്രാധാന്യം കൂടുക തന്നെയാണ്. ഇതോടൊപ്പം ജാഗ്രത പാലിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം ഉണ്ടായിട്ടില്ല എങ്കിൽ പോലും, സാധാരണ നമ്മൾ അവഗണിക്കാറുള്ള ചെറിയ ലക്ഷണം കണ്ടാൽ പോലും, എട്ട് ദിവസമെങ്കിലും ജോലിയ്‌ക്കോ പുറത്തോ പോകാതെ, സമ്പർക്കമില്ലാതെ കഴിയാൻ ഒരോരുത്തരും ശ്രമിക്കണം. ആവശ്യമെങ്കിൽ വൈദ്യസഹായം തേടണം. ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ചെറിയ തൊണ്ടവേദനയോ, പനിയ്ക്ക് മുൻപ് വരുന്ന കുളിരോ, ശരീരവേദനയോ മാത്രമായി പോലും, ആരോഗ്യമുള്ളവരിൽ ഈ രോഗം വന്നു പോകാം.

ചെറിയ ലക്ഷണമുള്ള ആരോഗ്യമുള്ളവർ പോലും, അത് കോവിഡ് ആയിരിക്കാം എന്ന ധാരണയിൽ തന്നെ, മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ കരുതലെടുക്കണം

പക്ഷെ മറ്റു പല രോഗങ്ങളുമുള്ളവർക്ക് ഈ രോഗം വന്നാൽ ഗുരുതരമായിത്തീരാം എന്നതുകൊണ്ടുതന്നെ, ചെറിയ ലക്ഷണമുള്ള ആരോഗ്യമുള്ളവർ പോലും, അത് കോവിഡ് ആയിരിക്കാം എന്ന ധാരണയിൽ തന്നെ, മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ കരുതലെടുക്കണം. ഒരു വ്യക്തിയിൽ നിന്ന് മൂന്നു പേർക്ക്, അവരിൽ നിന്ന് ഒൻപത്, അവരിൽ നിന്ന് ഇരുപത്തിഏഴ് എന്നിങ്ങനെ പെരുകുന്ന കണക്കുകളിൽ, ഒന്നോ രണ്ടോ പേർ പോലും സ്വയം സമ്പർക്കവിലക്ക് ഏർപ്പെടുത്തിയാൽ തന്നെ, പെരുകുന്ന വലിയ രണ്ട് ശാഖകൾ തടയാൻ സാധിക്കും. രോഗികളുടെ എണ്ണം സംവിധാനങ്ങൾക്ക് താങ്ങാവുന്ന രീതിയിൽ കൊണ്ടുവരാൻ ഇത്തരം ചെറിയ കാര്യങ്ങൾക്ക് പോലും സാധിക്കും. രോഗം ഗുരുതരമാവുന്നവരിൽ, പ്രായം കുറഞ്ഞവരും മറ്റസുഖങ്ങൾ ഇല്ലാത്തവരും, ചെറിയ ഒരു ശതമാനം എങ്കിലും ഉണ്ട് എന്നതും കണക്കിലെടുക്കണം.

സമൂഹത്തെ തെറ്റുകാരാക്കരുത്​
സാമൂഹികവ്യാപനം വലിയ രീതിയിൽ ഉണ്ടാകുന്ന സാഹചര്യത്തിൽ, ആരോഗ്യസംവിധാനം തളർന്നു പോവുന്നത് ലോകമെമ്പാടും ദൃശ്യമായ ഒന്നാണ്. എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികൾ എണ്ണത്തിൽ തന്നെ കൂടുതലുള്ള രാജ്യങ്ങൾ പോലും നിസ്സഹായരായിപ്പോയതും കണ്ടുകൊണ്ടിരിക്കുന്നു. ഓരോ രാജ്യവും, സംസ്ഥാനവും അവരവരുടെ കരുത്തും ദൗർബല്യവും തിരിച്ചറിഞ്ഞാണ് ഇതിനെതിരെ പോരാടാനൊരുങ്ങേണ്ടത്. ഒരു രാജ്യമോ, സംസ്ഥാനമോ സ്വീകരിച്ച നയങ്ങൾ മറ്റൊന്നിന് വിജയകരമായിക്കൊള്ളണമെന്നില്ല.

വികേന്ദ്രീകൃത രീതിയിൽ, രോഗവ്യാപന നിയന്ത്രണവും, ഗുരുതരമല്ലാത്ത രോഗികളുടെ ചികിത്സയും നടത്താൻ സാധ്യമാവുന്ന സംവിധാനം ഉണ്ടാക്കുവാൻ ഇവിടെ മറ്റു പല വികസിതരാജ്യങ്ങളെക്കാൾ എളുപ്പമായിരിക്കും. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ പങ്കാളിത്തത്തോടെയുള്ള ഏതൊരു സംവിധാനത്തിനും ഇവിടം സജ്ജമാണ്. മുൻകാലങ്ങളിൽ നേരിടേണ്ടിവന്ന ഓരോ പകർച്ചവ്യാധിയും, പ്രകൃതിക്ഷോഭങ്ങളും കൂടിയാണ്, ഈ രീതിയിൽ ഇവിടെയുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തിയത്.

പ്രതിരോധമാർഗങ്ങൾക്ക് വേണ്ടത്ര വിലകൽപിക്കാത്ത ഒരു സമൂഹത്തെ ‘തെറ്റുകാരായി' മാത്രം കാണാതെ, എന്തുകൊണ്ട് അങ്ങനെ ചെയ്യേണ്ടിവരുന്നു എന്ന് ചിന്തിക്കുന്നതിലേക്കുകൂടി സമൂഹം എന്ന നിലയിൽ നാം വളരേണ്ടിയിരിക്കുന്നു

സാമൂഹിക പങ്കാളിത്തവും, താഴെത്തട്ടിൽവരെ ഇറങ്ങി ചെല്ലുന്ന പൊതുജനാരോഗ്യ സംവിധാനവുമാണ് നമ്മുടെ കരുത്ത്. പരിമിതമായ ആശുപത്രി സംവിധാനങ്ങളെ തളർത്താത്ത രീതിയിൽ, ഈ പകർച്ചവ്യാധിയുമായി മുന്നോട്ടുപോകുവാൻ ഈ കരുത്ത് ഉപയോഗിച്ചേ മതിയാവൂ. പ്രതിരോധമാർഗങ്ങൾക്ക് വേണ്ടത്ര വിലകൽപിക്കാത്ത ഒരു സമൂഹത്തെ ‘തെറ്റുകാരായി' മാത്രം കാണാതെ, എന്തുകൊണ്ട് അങ്ങനെ ചെയ്യേണ്ടിവരുന്നു എന്ന് ചിന്തിക്കുന്നതിലേക്കുകൂടി സമൂഹം എന്ന നിലയിൽ നാം വളരേണ്ടിയിരിക്കുന്നു. നിയമത്തിന്റെയും, ശാസനകളുടെയും അടിച്ചേൽപിക്കലിന്റെയും വഴികൾ ക്രമസമാധാനപ്രശ്‌നത്തിൽ, ഒരു പക്ഷെ പ്രസക്തമായേക്കാം. പക്ഷെ, സാംക്രമികരോഗ നിയന്ത്രണത്തിൽ ഇതുകൊണ്ടുമാത്രം ഫലമുണ്ടാവില്ല എന്നതിന് അനേകം ഉദാഹരണങ്ങൾ ചരിത്രത്തിൽ തന്നെയുണ്ട്.
പൊതുജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്ത്, ചില മേഖലകളിലെ കുറവുകൾ, മറ്റു മേഖലകളിലെ കരുത്തുകളാൽ നികത്തി, തനതായ രീതിയിൽ, രോഗത്തെ നേരിടാൻ സാധിക്കും എന്നുതന്നെ പ്രത്യാശിക്കാം.

2020 ജൂലൈ 19ന്​ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ്​ രൂപം

Comments