ആരാദ്യം മുന്നേറും? ആ സൂക്ഷ്മജീവിയോ, നമ്മളോ?

''ഓരോ ദിവസവും മനുഷ്യൻ ഈ സൂക്ഷ്മജീവിയെ കൂടുതൽ ആഴത്തിൽ അറിയുകയും, അതിനെ സംബന്ധിക്കുന്ന ഓരോ പുതിയ രഹസ്യങ്ങൾ ചുരുളഴിക്കുകയും ചെയ്യുന്നുണ്ട്. നിശബ്ദമായി തുടരുന്ന പരസ്പരമുള്ള ഈ ഏറ്റുമുട്ടലിൽ, നമ്മളിൽ ആരാദ്യം മുന്നേറുന്നു എന്നതായിരിക്കും, ഈ പാൻഡമിക്കിന്റെ അന്ത്യനാളുകൾ എപ്പോൾ എന്നത് നിർണ്ണയിക്കുന്നത്. അത് വരെ അദൃശ്യമായ ഈ വൈറസിനോടൊപ്പം , സുരക്ഷിതമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ നാം ശീലിക്കുക തന്നെ വേണം.''

ഞ്ചു മാസം മാത്രമായി നമ്മൾ അറിഞ്ഞു തുടങ്ങിയ ഒരു വൈറസിനെക്കുറിച്ച്, ആയിരക്കണക്കിന് ശാസ്ത്രപഠനങ്ങളാണ് ലോകത്തിന്റെ പലയിടങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്നത്. അദൃശ്യമായ ഒരു സൂക്ഷ്മജീവിയെ, ഒരു സമൂഹം എന്ന നിലയിൽ എങ്ങനെ അതിജീവിക്കും എന്നതിനെക്കുറിച്ച് മാത്രം, മാസങ്ങളായി ചിന്തിക്കേണ്ടി വരുന്ന ഭരണകൂടങ്ങളാണ് ലോകമെമ്പാടും.
ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തിലൂടെ ലോകം മുഴുവൻ കടന്നു പോവുമ്പോൾ, ഈ സൂക്ഷ്മജീവിയെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങളുടെ ചുരുളഴിയ്ക്കുന്ന ഓരോ പഠനങ്ങളും ഏറെ നിർണ്ണായകമാണ്.

രോഗവ്യാപനത്തോടൊപ്പം വളർന്ന കോവിഡ്ശാസ്ത്രം

ഈ നൂതന വൈറസിനെ കണ്ടെത്തിയ ആദ്യകാലങ്ങളിൽ, തെളിവുകളുടെ അഭാവത്തിൽ, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഇത് പടരും എന്നു പോലും, ശാസ്ത്രലോകം വിശ്വസിച്ചിരുന്നില്ല. അവിടെ നിന്നും, ലക്ഷണങ്ങൾ ഇല്ലാത്തവർ പോലും രോഗവാഹകരായേക്കാം എന്നു തുടങ്ങി, ഇൻകുബേഷൻ കാലയളവിൽ തന്നെ ഉയർന്ന തോതിൽ രോഗപ്പകർച്ച ഉണ്ടായേക്കാം എന്നിങ്ങനെയുള്ള, ഇന്ന് നമുക്കറിയാവുന്ന കോവിഡ് വൈറസിന്റെ ഓരോ ചെറിയ സവിശേഷതകളും, പലയിടങ്ങളിലായി നടത്തിയ ശാസ്ത്രപഠനങ്ങളുടെ ഫലമായി, ഈ ചെറിയ കാലയളവിൽ കണ്ടെത്തിയതാണ്.

നിശബ്ദമായി തുടരുന്ന പരസ്പരമുള്ള ഈ ഏറ്റുമുട്ടലിൽ, നമ്മളിൽ ആരാദ്യം മുന്നേറുന്നു എന്നതായിരിക്കും, ഈ പാൻഡമിക്കിന്റെ അന്ത്യനാളുകൾ എപ്പോൾ എന്നത് നിർണ്ണയിക്കുന്നത്. അത് വരെ അദൃശ്യമായ ഈ വൈറസിനോടൊപ്പം , സുരക്ഷിതമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ നാം ശീലിക്കുക തന്നെ വേണം.

രോഗലക്ഷണങ്ങൾ പൂർണ്ണമായും മാറി ഏറെ കഴിഞ്ഞതിന് ശേഷവും, രോഗികളുടെ പി.സി.ആർ പരിശോധനയിൽ പൊസിറ്റിവ് ഫലങ്ങൾ ലഭിക്കുന്നത് ആശങ്കയ്ക്ക് ഇട നൽകിയിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിൽ എത്തിച്ചേർന്നവരിൽ, ഒരു മാസത്തിന് ശേഷം ചെയ്ത പരിശോധനയിൽ വരെ പൊസിറ്റിവ് ഫലം ലഭിച്ചതും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പി.സി.ആർ പരിശോധനയിൽ, വൈറസ് സജീവമല്ലെങ്കിൽ കൂടി, ശരീരത്തിൽ വൈറസിന്റെ ജനിതകവസ്തുക്കളുടെ (ആർ.എൻ.എ) സാന്നിധ്യം, നാൽപത് ദിവസത്തോളമൊക്കെ പൊസിറ്റിവ് ഫലങ്ങൾ നൽകാം എന്നും, അത് രോഗപ്പകർച്ചയുണ്ടാക്കുന്ന ഘട്ടമായിരിക്കണമെന്നില്ല എന്നും ശാസ്ത്രീയമായി വിശദീകരണങ്ങൾ വന്നതോടെ, ആ ഭീതിയും ഒഴിഞ്ഞു. രോഗലക്ഷണങ്ങൾ തുടങ്ങുന്നതിന്റെ രണ്ടു ദിവസം മുൻപും, അതിനു ശേഷമുള്ള എട്ടോ പത്തോ ദിവസങ്ങളിലുമാണ്, പ്രധാനമായും രോഗപ്പകർച്ചയുണ്ടാവുന്നത് എന്നും പഠനങ്ങളിലൂടെ കണ്ടെത്തി.

ഈ വൈറസ് വായുവിൽ ഏറെ നേരം തങ്ങി നിന്ന്, ശ്വസനം വഴി പടർന്നു പിടിക്കുമോ എന്നതായിരുന്നു, ലോകം ഉത്കണ്ഠയോടെ ചർച്ച ചെയ്തിരുന്ന മറ്റൊരു പ്രധാന ചോദ്യം. എന്നാൽ ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ, പ്രധാനമായും വായിൽ നിന്നും മൂക്കിൽ നിന്നുമുള്ള ചെറുകണങ്ങൾ വഴിയും, സ്രവങ്ങൾ പുരണ്ട വസ്തുക്കൾ വഴിയുമാണ് രോഗം പകരുന്നത് എന്ന് അനുമാനിക്കപ്പെടുന്നു. ആശുപത്രികൾ പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ, ചില പ്രക്രിയകളുടെ ഫലമായി മാത്രം വായുവിൽ വൈറസ് തങ്ങി നിന്ന് രോഗം പകരാനിടയുണ്ട് എന്നും തിരിച്ചറിഞ്ഞു.

മരുന്നിനും വാക്‌സിനുമായുള്ള ശാസ്ത്രാന്വേഷണം

വിജയസാധ്യതയുണ്ടായിരുന്ന അനേകം മരുന്നുകൾ ചികിത്സയ്ക്കായി പരീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, രോഗത്തിന് കൃത്യമായ ഒരു പ്രതിവിധി എന്ന നിലയിൽ, ഒന്നും തന്നെ ഇത് വരെ വിജയം കണ്ടിട്ടില്ല. മലമ്പനിയ്ക്കുള്ള മരുന്നു മുതൽ, എച്ച്.ഐ.വി വൈറസിനെതിരെ പ്രയോഗിക്കുന്ന മരുന്നുകൾ വരെ പരീക്ഷിക്കപ്പെട്ടിരുന്നു. നേരിയ വിജയ സാധ്യതയെങ്കിലും ഇപ്പോൾ ഉയർത്തുന്ന മരുന്ന് "റെഡെംസിവിർ' എന്ന ആന്റിവൈറൽ മരുന്നാണ്.

പിടിതരാതെ വഴി മാറുന്ന വൈറസിനെ പ്രതിരോധിക്കാൻ നൂറോളം വാക്‌സിൻ പ്രോട്ടോടൈപ്പുകളാണ് ലാബുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. കൊറോണ വിഭാഗത്തിൽ തന്നെ പെട്ട, "സാർസ്', "മെർസ്' രോഗങ്ങൾക്ക് വേണ്ടി, മുൻപ് പാതി വികസിപ്പിച്ച വാക്സിൻ പ്രോട്ടോടൈപ്പുകൾ, പല ഗവേഷണസ്ഥാപനങ്ങളുടെ പക്കലും ഉണ്ടായിരുന്നു. വാക്സിൻ പരീക്ഷണത്തിന്റെ ആദ്യ കാതം വേഗത്തിൽ താണ്ടാൻ, ഈ തന്മാത്രകൾ ഏറെ സഹായകമായി. ഇതിൽ പല സ്ഥാപനങ്ങളും, അവരുടെ വാക്‌സിനുകൾ, മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്.

പാശ്ചാത്യരാജ്യങ്ങളിൽ രേഖപ്പെടുത്തിയത്രയും ഉയർന്ന നിരക്കിൽ, ഇന്ത്യയിൽ മരണനിരക്ക് നിലവിൽ കാണുന്നില്ല. കൃത്യമായി രേഖപ്പെടുത്തുന്നതിൽ വരുന്ന പോരായ്മയാണോ, അതോ മറ്റു ഘടകങ്ങൾ കൊണ്ടാണോ എന്ന് ആഴത്തിൽ പഠിക്കേണ്ടുന്ന വിഷയമാണിത്.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന വാക്‌സിൻ ഗവേഷണത്തിന്റെ, ആദ്യഘട്ടഫലങ്ങൾ പ്രതീക്ഷാവഹമാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പ്രസ്തുത വാക്‌സിൻ, മുൻപ് എലികളിൽ, അനുകൂല ഫലങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനെ തുടർന്ന് ആറ് "റീസസ്' കുരങ്ങുകളിൽ നടത്തിയ ചെറിയ ഒരു പഠനത്തിന്റെ ആദ്യഫലങ്ങൾ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വാക്‌സിൻ നൽകിയ കുരങ്ങുകളെ, പിന്നീട് വൈറസിന് എക്സ്പോസ് ചെയ്യപ്പെട്ടപ്പോൾ, അവയുടെ മൂക്കിൽ നിന്നും പെരുകുന്ന വൈറസിനെ കണ്ടെത്താനായി. എങ്കിലും വാക്സിൻ നൽകിയ കുരങ്ങുകളിൽ കാര്യമായ ന്യുമോണിയ, കോവിഡ് വൈറസിന് ഉണ്ടാക്കാനായില്ല എന്നാണ് പഠനം അവകാശപ്പെടുന്നത്. ഈ പഠനത്തിന്റെ ഫലങ്ങൾ, ഈ മേഖലയിലെ വിദഗ്ധർ പരിശോധിച്ചു വരുന്നതെ ഉള്ളൂ. കുരങ്ങുകളിൽ ഫലപ്രദമായി രോഗപ്രതിരോധം നൽകിയ പല വാക്‌സിനുകളും, മനുഷ്യരിൽ ഫലംചെയ്യാതെ വന്ന ഉദാഹരണങ്ങൾ വാക്‌സിൻ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും, മനുഷ്യരിൽ തുടർപഠനങ്ങൾ നടത്താനിരിക്കുന്ന ഈ വാക്‌സിൻ, ശാസ്ത്രസമൂഹത്തിൽ വലിയ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. വാക്‌സിൻ ഒരു വിജയമാണെങ്കിൽ കൂടി, അത് മനുഷ്യരിൽ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് ഉറപ്പാക്കാനും, വലിയ തോതിൽ ഉത്പാദിപ്പിച്ച് എല്ലാവർക്കും ലഭ്യമാക്കാനും ചുരുങ്ങിയത് ആറ് മാസക്കാലമെങ്കിലും എടുത്തേക്കാം.

"മഞ്ഞു മലയുടെ അറ്റം'

ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇപ്പോൾ ഒരു ലക്ഷത്തിനോടടുക്കുന്നു. എൺപതു ശതമാനത്തോളം രോഗബാധിതരിലും ലക്ഷണമില്ലാതെയോ, തീരെ ചെറിയ ലക്ഷണങ്ങളോട് കൂടിയോ ഈ രോഗം കടന്നു പോവുന്നത് കൊണ്ട് തന്നെ, സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തേക്കാൾ ചുരുങ്ങിയത് പത്തിരട്ടിയെങ്കിലും, രോഗബാധിതർ സമൂഹത്തിൽ ഉണ്ടാവാനിടയുണ്ട്. സാംക്രമികരോഗശാസ്ത്രത്തിൽ പറയുന്ന "മഞ്ഞു മലയുടെ അറ്റം' (tip of the iceberg phenomenon) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കാണാനിടയുള്ള പകർച്ചവ്യാധി കൂടിയാണ് കോവിഡ് . ഇത് ഏറെക്കുറെ ശരിവയ്ക്കുന്നതുമാണ്, സ്‌പെയിനിലെ ജനതയിൽ, റാൻഡം ആയി നടത്തിയ ആന്റിബോഡി സർവെയ്‌ലൻസ് പഠനത്തിന്റെ, ഈയിടെ പുറത്തു വന്ന ആദ്യഫലങ്ങൾ. ഇവിടെ ഇതുവരെ സ്ഥിരീകരിച്ച കേസുകൾ രണ്ട് ലക്ഷത്തോളമായിരുന്നുവെങ്കിലും, ഇതിന്റെ പത്തിരട്ടി ആളുകൾക്ക് നിശബ്ദമായി രോഗം വന്ന് ഭേദമായി പോയിട്ടുണ്ട് എന്നാണ് ആന്റിബോഡി പരിശോധനയിൽ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ, മരണനിരക്കും ഇപ്പോൾ നിജപ്പെടുത്തിയതിനേക്കാൾ, കുറഞ്ഞത് പത്തിലൊന്നായി കുറയാനാണ് സാധ്യത. കൃത്യമായി എത്ര പേരെ രോഗം ബാധിച്ചിരുന്നു എന്നറിയാൻ ഇനിയും ദീർഘകാലം കാത്തിരിക്കേണ്ടി വരും. പാശ്ചാത്യരാജ്യങ്ങളിൽ രേഖപ്പെടുത്തിയത്രയും ഉയർന്ന നിരക്കിൽ, ഇന്ത്യയിൽ മരണനിരക്ക് നിലവിൽ കാണുന്നില്ല. കൃത്യമായി രേഖപ്പെടുത്തുന്നതിൽ വരുന്ന പോരായ്മയാണോ, അതോ മറ്റു ഘടകങ്ങൾ കൊണ്ടാണോ എന്ന് ആഴത്തിൽ പഠിക്കേണ്ടുന്ന വിഷയമാണിത്.

മാർച്ച് ആദ്യവാരങ്ങളിൽ തന്നെ, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് രോഗത്തിന്റെ വിത്തുകൾ എത്തിപ്പെട്ടിട്ടുണ്ടായിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ എന്നീ ജനസാന്ദ്രതയേറിയ മഹാനഗരങ്ങളിൽ, നിശബ്ദമായി അന്ന് മുതൽ തന്നെ രോഗം പടർന്നു തുടങ്ങിയിരുന്നു. ദൃശ്യമാവുന്ന രീതിയിലുള്ള വലിയ എണ്ണം ഇവിടങ്ങളിൽ കണ്ടു തുടങ്ങിയിട്ട് ഏതാനും ആഴ്ച്ചകളായിട്ടെ ഉള്ളൂ എന്ന് മാത്രം. ഒരു രോഗബാധിതന്, തന്റെ ചുറ്റുമുള്ള, രണ്ടോ അതിലധികമോ ആളുകൾക്ക് രോഗം പകർത്താം എന്നതും, ലക്ഷണങ്ങൾ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ രോഗം പകരാം എന്നുമുള്ള സവിശേഷതകൾ കൊണ്ട് തന്നെ, സമൂഹികവ്യാപനം ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഒഴിവാക്കാനാവാത്ത ഒരു പ്രതിഭാസമായിരുന്നു.

വാക്‌സിൻ ഒരു വിജയമാണെങ്കിൽ കൂടി, അത് മനുഷ്യരിൽ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് ഉറപ്പാക്കാനും, വലിയ തോതിൽ ഉത്പാദിപ്പിച്ച് എല്ലാവർക്കും ലഭ്യമാക്കാനും ചുരുങ്ങിയത് ആറ് മാസക്കാലമെങ്കിലും എടുത്തേക്കാം.

ഇത്രയും പകർച്ചാശേഷിയുള്ള ഒരു പാൻഡമിക്ക് രോഗത്തെ പൂർണ്ണമായും പ്രതിരോധിക്കാൻ ശാസ്ത്രീയമായി ഒരൊറ്റ മാർഗ്ഗമേയുള്ളൂ, "എന്തു വില കൊടുത്തും' രോഗം വരാതെ നോക്കുക. വാക്‌സിൻ വരുന്നത് വരെയോ, അല്ലെങ്കിൽ പകരാൻ മറ്റൊരു ഇരയെ കിട്ടാതെ വൈറസ് സ്വയം കെട്ടടങ്ങുന്നത് വരെയോ, ബാഹ്യസമ്പർക്കമേതുമില്ലാതെ ഏവരും വീടുകളിൽ തന്നെ കഴിഞ്ഞു കൂടുക എന്ന രീതി. ഇതിന് എത്ര കാലം എടുക്കുമെന്ന് പോലും ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ല.
ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ എന്നത് എത്ര അപ്രായോഗികമാണെന്ന് ഇതിനിടയിൽ തന്നെ നാം മനസ്സിലാക്കിയിരിക്കുന്നു. ഇതിന് കൊടുക്കേണ്ടുന്ന വില, ഒരു പക്ഷെ കോവിഡ് വിതയ്ക്കുന്ന നാശനഷ്ടങ്ങളെക്കാൾ എത്രയോ മടങ്ങായിരിക്കണം. സമ്പദ് വ്യവസ്ഥയുടെ ചക്രം തിരിയാനനുവദിക്കാതെ, പട്ടിണിയ്ക്കും, ദുരിതങ്ങൾക്കും, മറ്റനേകം കാരണങ്ങൾ കൊണ്ടുള്ള മരണങ്ങൾക്കും, വലിയൊരു ജനവിഭാഗത്തെ വിട്ട് കൊടുക്കുന്നതിന് തുല്യമായിരിക്കും ഈ അടച്ചുപൂട്ടലിന്റെ പ്രതിരോധരീതി. അപ്പോൾ എന്തു വില കൊടുത്തുമുള്ള സമ്പൂർണ്ണപ്രതിരോധം എന്ന തന്ത്രത്തിൽ നിന്ന് മാറി ചിന്തിച്ചേ മതിയാവൂ. ലോക്ഡൗൺ വഴി നമ്മൾ നേടിയെടുത്തത് വൈറസിൽ നിന്നുള്ള മോചനമല്ല, അത് ഈ ചെറിയ കാലയളവ് കൊണ്ട് അസാധ്യവുമാണ്. വൈറസ് ആഞ്ഞടിക്കുനതിന് മുൻപ്, നമ്മുടെ സംവിധാനങ്ങളെ സജ്ജമാക്കാനും, ജനങ്ങളെ ബോധവത്കരിക്കാനുമായി ലഭിച്ച മുൻകൂർ സമയമാണത്. ഈ കാലയളവിൽ സജ്ജമാക്കിയതിൽ കൂടുതൽ ആരോഗ്യസംവിധാനങ്ങൾ, തയ്യാറാക്കാൻ സാധിക്കില്ല എങ്കിൽ, ലോക്ക്ഡൗൺ തുടരുന്നതിൽ അർഥവുമില്ല.

ഇനിയുള്ള ഘട്ടത്തിൽ, മിറ്റിഗേഷന്റെ (ദുരന്തലഘൂകരണം) ഭാഗമായി, മരണനിരക്ക് എത്ര കുറയ്ക്കാം എന്നതിനെ കുറിച്ചാണ് രോഗം വ്യാപിക്കുന്ന പ്രദേശങ്ങളിൽ ചിന്തിക്കേണ്ടത്. കൂടുന്ന പൊസിറ്റീവ് എണ്ണങ്ങളെക്കാൾ പ്രാധാന്യം കൊടുക്കേണ്ടത്, ഗുരുതരാവസ്ഥയിൽ പോകുന്ന രോഗികളുടെ എണ്ണത്തിനാണ്. ആരോഗ്യസംവിധാനത്തിന് താങ്ങാൻ സാധിക്കുന്നതിൽ കൂടുതൽ ഗുരുതര രോഗികൾ വന്നാൽ സംവിധാനം തകരുകയും, മരണനിരക്ക് കൂടുകയും ചെയ്യും. ഗുരുതരാവസ്ഥയിൽ പോകാനിടയുള്ളവരെ, അതീവ കരുതലോടെ സംരക്ഷിക്കുക. മറ്റുള്ളവർ സുരക്ഷിതമായ രീതിയിൽ, എല്ലാ പ്രതിരോധമാർഗ്ഗങ്ങളും സ്വീകരിച്ചു കൊണ്ട് തന്നെ ജീവിതവുമായി മുന്നോട്ട് പോവുന്ന രീതിയിലേക്ക് സ്വാഭാവികമായും മാറേണ്ടി വരും.

ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

ഈ വൈറസിനെ കുറിച്ച് ഇനിയും ഉത്തരം തേടുന്ന ചോദ്യങ്ങൾ അനേകമാണ്. ഒരിക്കൽ രോഗം വന്നു മാറിയവർക്ക് വീണ്ടും രോഗം വരാൻ സാധ്യതയുണ്ടോ? അങ്ങനെയെങ്കിൽ ഇത് വീണ്ടും വീണ്ടും വരികയില്ലെ തുടങ്ങിയവ സ്വാഭാവിക സംശയങ്ങളാണ്. ഈ ചെറിയ കാലയളവിൽ, ഇത് വരെ ഭേദമായവരിൽ രോഗം വീണ്ടും വന്നതായി കണ്ടെത്തിയിട്ടില്ല. കാര്യമായ ജനിതകമാറ്റം വൈറസിൽ വന്നതായി ഇത് വരെ രേഖപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ, ചെറിയ കാലയളവിലേക്കെങ്കിലും, രോഗം വന്ന് ഭേദമായവർക്ക് പ്രതിരോധം നിലനിൽക്കുന്നു എന്നു വേണം അനുമാനിക്കാൻ.

കൂടുന്ന പൊസിറ്റിവ് എണ്ണങ്ങളെക്കാൾ പ്രാധാന്യം കൊടുക്കേണ്ടത്, ഗുരുതരാവസ്ഥയിൽ പോകുന്ന രോഗികളുടെ എണ്ണത്തിനാണ്. ആരോഗ്യസംവിധാനത്തിന് താങ്ങാൻ സാധിക്കുന്നതിൽ കൂടുതൽ ഗുരുതര രോഗികൾ വന്നാൽ സംവിധാനം തകരുകയും, മരണനിരക്ക് കൂടുകയും ചെയ്യും.

അതുകൊണ്ട് കൂടിയായിരിക്കണം, രോഗം ആഞ്ഞു വീശിയ പ്രദേശങ്ങളിലെല്ലാം തന്നെ പതിയെ രോഗികളുടെ എണ്ണം മാസങ്ങൾ കൊണ്ട് കുറഞ്ഞു വരുന്നത്.
എങ്കിലും ഒരു നീണ്ട കാലയളവിന് ശേഷം, ഒരിക്കൽ സൗഖ്യപ്പെട്ടവരിൽ വീണ്ടും ഈ രോഗം വരുമോ എന്നറിയാൻ, മനുഷ്യനും വൈറസും ഒരു പോലെ കാത്തിരിക്കേണ്ടി വരും.

ഒരോ ദിനവും കടന്നു പോവുമ്പോഴും, വൈറസ് കൂടുതൽ പ്രദേശങ്ങൾ കീഴടക്കുകയും, കൂടുതൽ മനുഷ്യശരീരങ്ങളിൽ പ്രവേശിക്കുകയും ചെയ്യുന്നു. അതിനോടൊപ്പം തന്നെ, ഓരോ ദിവസവും മനുഷ്യൻ ഈ സൂക്ഷ്മജീവിയെ കൂടുതൽ ആഴത്തിൽ അറിയുകയും, അതിനെ സംബന്ധിക്കുന്ന ഓരോ പുതിയ രഹസ്യങ്ങൾ ചുരുളഴിക്കുകയും ചെയ്യുന്നുണ്ട്. നിശബ്ദമായി തുടരുന്ന പരസ്പരമുള്ള ഈ ഏറ്റുമുട്ടലിൽ, നമ്മളിൽ ആരാദ്യം മുന്നേറുന്നു എന്നതായിരിക്കും, ഈ പാൻഡമിക്കിന്റെ അന്ത്യനാളുകൾ എപ്പോൾ എന്നത് നിർണ്ണയിക്കുന്നത്. അത് വരെ അദൃശ്യമായ ഈ വൈറസിനോടൊപ്പം , സുരക്ഷിതമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ നാം ശീലിക്കുക തന്നെ വേണം.

Comments