‘സോൾവർ ഗ്യാങ്ങും’ രവി അത്രിയും,
നിസ്സാരക്കാരല്ല നീറ്റ് ചോദ്യപേപ്പർ ചോർത്തൽ മാഫിയ

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ ബീഹാർ കേ​ന്ദ്രമായാണ് അറസ്റ്റുകൾ നടന്നിരിക്കുന്നതെങ്കിലും ഇതിനുപുറകിലെ ‘സോൾവർ ഗ്യാങ്’ എന്ന നെറ്റ്‍വർക്ക് മാഫിയക്കും ഇതിന് നേതൃത്വം നൽകുന്ന രവി അത്രി എന്ന ക്രിമിനലിനും നിരവധി സംസ്ഥാനങ്ങളിൽ വേരുണ്ടെന്ന് തെളിഞ്ഞു. ഇതേതുടർന്നാണ് കേന്ദ്ര സർക്കാർ സി.ബി.ഐ അന്വേഷണത്തിന് നിർബന്ധിതമായത്.

National Desk

നീറ്റ് യു.ജി പരീക്ഷാ ചോദ്യപേപ്പർ ചോർത്താനും പരീക്ഷാഹാളുകളിൽ ഡമ്മി വിദ്യാർഥികളെ തിരുകിക്കയറ്റാനും സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ആസൂത്രിത മാഫിയാസംഘം പ്രവർത്തിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോൾ ബീഹാർ പൊലീസിനു കിട്ടിയത്. ബീഹാർ കേ​ന്ദ്രമായാണ് അറസ്റ്റുകൾ നടന്നിരിക്കുന്നതെങ്കിലും ഇതിനുപുറകിലെ ‘സോൾവർ ഗ്യാങ്’ എന്ന നെറ്റ്‍വർക്ക് മാഫിയക്കും ഇതിന് നേതൃത്വം നൽകുന്ന രവി അത്രി എന്ന ക്രിമിനലിനും നിരവധി സംസ്ഥാനങ്ങളിൽ വേരുണ്ടെന്ന് തെളിഞ്ഞു. ഇതേതുടർന്നാണ് കേന്ദ്ര സർക്കാർ സി.ബി.ഐ അന്വേഷണത്തിന് നിർബന്ധിതമായത്.

സമീപവർഷങ്ങളിൽ രാജ്യത്തെ നടുക്കിയ പ്രധാന ചോദ്യപേപ്പർ ചോർച്ചകളുടെയെല്ലാം പിന്നിൽ രവി അത്രിയുടെ നേതൃത്വത്തിലുള്ള ​‘സോൾവർ ഗ്യാങ്’ ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ, 60,000 തസ്തികകളിലേക്ക് 43 ലക്ഷം പേർ എഴുതിയ യു.പി പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തലിൽ പ്രതിയായ രവി അത്രിയെ യു.പി സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയിരുന്നു. ഈ കേസിൽ, ആറ് സംസ്ഥാനങ്ങളിൽനിന്ന് 400 പേരെയാണ് അറസ്റ്റു ചെയ്തത്. ഡൽഹി, മധ്യപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഹരിയാന, യു.പി എന്നീ സംസ്ഥാനങ്ങളായിരുന്നു ഈ മാഫിയയുടെ ​ഓപ്പറേഷൻ കേന്ദ്രങ്ങൾ. യു.പിയിൽ വാരണാസി, ജാൻസി, നോയ്ഡ, ബലിയ, മീററ്റ്, ഗൊരഖ്പുർ, പ്രയാഗ്‌രാജ്, ഗാസിയാബാദ്, ബറേലി, ഹാഥ്‌റസ് എന്നിവിടങ്ങളും. അതുകൊണ്ടുതന്നെ, നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയും ഈ മാഫിയയുടെ നിയന്ത്രണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചിരിക്കാമെന്ന സംശയമാണ് അന്വേഷണസംഘത്തിനുള്ളത്.

‘സോൾവർ ഗ്യാങ്’ എന്ന നെറ്റ്‍വർക്ക് മാഫിയയുടെ തലവൻ രവി അത്രി. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർത്തൽ കേസിലെ മുഖ്യ പ്രതിയാണിയാൾ.

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആറുപേർ കസ്റ്റഡിയിലായ ജാർക്കണ്ഡിലെ ഹസൈരിബാഗ് ഈയിടെ രണ്ട് പ്രമുഖ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയുടെ കേന്ദ്രം കൂടിയായിരുന്നു. മാർച്ച് 15ന് ബിഹാർ പി.എസ്.സി നടത്തിയ ടീച്ചർ നിയമന പരീക്ഷയുടെ ചോദ്യപേപ്പർ ഇവിടെനിന്ന് ചോർന്നിരുന്നു. ബിഹാറിലെ നളന്ദ ജില്ലയിൽനിന്നുള്ള 113 പേരടക്കം 268 ഉദ്യോഗാർഥികൾക്ക് പരീക്ഷയുടെ തലേന്ന് രാത്രി സോൾവ്ഡ് ചോദ്യപേപ്പർ ലഭിച്ചു. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിലെ പ്രധാന പ്രതി സജ്ഞീവ് മുഖിയയുടെ മകൻ ഡോ. ശിവ് ആയിരുന്നു ഈ കേസിലെ മുഖ്യ പ്രതി. അതുകൊണ്ടുതന്നെ, ഇപ്പോൾ നടന്ന ക്രമക്കേടിൽ, രാജ്യവ്യാപകമായി വ്യാപിച്ചുകിടക്കുന്ന നെറ്റ്‍വർക്കിന്റെ പങ്കുണ്ടെന്ന് വ്യക്തമാണ്.

ക്രമക്കേട് നിരവധി സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായി തെളിഞ്ഞ സാഹചര്യത്തിൽ, 24 ലക്ഷം പേർ എഴുതിയ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം ശക്തമാണ്.

'മുന്ന ഭായ്' എന്ന വ്യാജ കോഡുള്ള ഡമ്മി കാൻഡിഡേറ്റ് സംവിധാനമുണ്ട്. ആവശ്യമുള്ള വിദ്യാർഥികൾക്ക് അവർക്കുപകരമായി, അവരുടെ ഇരിപ്പിടത്തിൽ 'മുന്നാ ഭായി'മാർ പരീക്ഷ എഴുതാനെത്തും.

രവി അത്രി എന്ന
‘മിടുക്കൻ’

മുമ്പ് ഇതേ സംഘം നടത്തിയ ഓപ്പറേഷനുകളുടെ അതേ രീതിയിലാണ് നീറ്റ് യു.ജി ചോദ്യപേപ്പറും ചോർത്തി വിതരണം ചെയ്തിരിക്കുന്നത്. 'സോൾവർ ഗ്യാങ്' എന്ന നെറ്റ്‌വർക്ക് ഉത്തരങ്ങളടങ്ങിയ ചോദ്യപേപ്പർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആവശ്യക്കാർക്ക് ലക്ഷങ്ങൾ വാങ്ങി വിതരണം ചെയ്യുകയായിരുന്നു. കോച്ചിങ് സെന്ററുകളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളും വഴിയാണ് വിദ്യാർഥികളെ ‘കണ്ടെത്തുന്നത്’.
ഇതുകൂടാതെ, 'മുന്ന ഭായ്' എന്ന വ്യാജ കോഡുള്ള ഡമ്മി കാൻഡിഡേറ്റ് സംവിധാനവുമുണ്ട്. ആവശ്യമുള്ള വിദ്യാർഥികൾക്ക് അവർക്കുപകരമായി, അവരുടെ ഇരിപ്പിടത്തിൽ 'മുന്നാ ഭായി'മാർ പരീക്ഷ എഴുതാനെത്തും.

ചോദ്യപേപ്പർ ചോർത്തൽ മാഫിയയിലെ വെറുമൊരു കണ്ണിയല്ല രവി അത്രി. ഈ മേഖലയിലെ സകല അടവും പഠിച്ച് പയറ്റുന്ന കൊടും ക്രിമിനൽ കൂടിയാണ്. ഗ്രേറ്റർ നോയ്ഡയിലെ നീംക സ്വദേശിയായ രവി അത്രി കർഷക കുടുംബാംഗമാണ്. പഠിക്കാൻ അതി മിടുക്കനായിരുന്നു. മാതാപിതാക്കൾക്കൊപ്പം കൈയിൽ പുസ്തകങ്ങളുമായാണ് രവി പാടത്തേക്ക് പോകുക. ‘ഒരു നാൾ ഞാനും വലിയ സമ്പന്നനാകും’ എന്ന് പാടത്ത് പണിയെടുക്കുന്ന അമ്മയോട് അവൻ പറയുമായിരുന്നു.

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിലെ പ്രധാന പ്രതികളിൽ ഒരാളായ സഞ്ജീവ് മുഖിയ.

പ്ലസ് ടുവിനുശേഷം, 2006-ൽ രവിയെ രാജസ്ഥാനിലെ കോട്ടയിലുള്ള കോച്ചിങ് സെന്ററിലേക്കയച്ചു. ഒരു വർഷം കഴിയുംമുമ്പേ, പരിശീലനത്തിനിടയിൽ തന്നെ പരീക്ഷാമാഫിയ രവിയുടെ അടുത്ത സുഹൃത്തുക്കളായി. മത്സരപരീക്ഷകളിൽ ഡമ്മി കാൻഡിഡേറ്റായി പരീക്ഷ എഴുതിയായിരുന്നു രവിയുടെ തുടക്കം. അഞ്ചു വർഷമെടുത്തു, ഹരിയാന പ്രീ മെഡിക്കൽ ടെസ്റ്റ് പ്രവേശന പരീക്ഷ പാസാകാൻ. 2012-ൽ റോഹ്തക് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശനം നേടി. പഠനത്തിനിടെയും മാഫിയാ പ്രവർത്തനം തുടർന്നു. ഇടയ്ക്ക് കേസും അറസ്റ്റുമൊക്കെയായി പഠനം നീണ്ടുപോയി. മെഡിക്കൽ പ്രവേശന പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയതിന് 2012-ൽ ഇയാളെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. മൂന്നാം വർഷ പരീക്ഷ പാസായത് ആറു വർഷം കൊണ്ടാണ്. 2018-ൽ, അവസാന വർഷ പരീക്ഷ എഴുതാതെ കോളേജ് വിട്ട് പുറത്തുപോന്നു. ഡോക്ടർ ജോലി​യേക്കാൾ ‘ഭാവിയുള്ള’ പണി തന്നെ കാത്തിരിക്കുന്നുണ്ട് എന്ന തീരുമാനവുമായി. കുറെ നാൾ റെയിൽവേ റിക്രൂട്ടുമെന്റ്, ബാങ്കിങ് റിക്രൂട്ടുമെന്റ് പരീക്ഷകളിൽ ഡമ്മി കാൻഡിഡേറ്റായി പരീക്ഷകളെഴുതി നടന്നു.
അതിനുശേഷം രവി ട്രാൻസ്‌പോർട്ട് കമ്പനികളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന അങ്കിത് മിശ്ര എന്നയാളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ കൊണ്ടുപോകുന്ന വഴി കണ്ടുപിടിച്ചത്. കൊറിയർ കമ്പനികളുടെ വെയർഹൗസുകളിൽ സൂക്ഷിക്കുന്ന ചോദ്യപേപ്പറുകൾ ഫോണിൽ പകർത്തുകയാണ് പതിവ്.

കഴിഞ്ഞ ഏഴു വർഷങ്ങളിൽ 15-ലേറെ സംസ്ഥാനങ്ങളിൽ 70 ചോദ്യപേപ്പർ ചോർച്ചകളുണ്ടായി. ഒന്നര കോടിയിലേറെ ഉദ്യോഗാർഥികളുടെ ഭാവിയാണ് പന്താടിയത്.

‘വിജയകരമായ’
ഒരു പരീക്ഷണം

യു.പി പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തലിലാണ് ഈ ഓപ്പറേഷൻ ‘വിജയകരമായി’ നടപ്പാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു പരീക്ഷ.
ചോദ്യപേപ്പർ ചോർച്ചയുടെ തുടക്കമായി, അഹമ്മദാബാദിലുളള ഒരു കൊറിയർ കമ്പനിയിലെ ജീവനക്കാരനായിരുന്ന അഭിഷേക് ശുക്ലയുമായി രവി പരിചയപ്പെട്ടു. അഹമ്മദാബാദിലെ ഒരു പ്രസിലായിരുന്നു ചോദ്യപേപ്പർ അച്ചടി. ഇവിടെനിന്ന് കൊറിയർ കമ്പനിയുടെ വെയർഹൗസിൽ എപ്പോഴാണ് ചോദ്യപേപ്പർ വരുന്നത് എന്ന് പറഞ്ഞുകൊടുത്തതിന് പ്രതിമാസം 20,000 രൂപയാണ് ശുക്ലക്ക് നൽകിയിരുന്നത്. കമ്പനിയിലെ രണ്ട് ജീവനക്കാരായ ശിവ് ഗിരി, രോഹിത് കുമാർ പാണ്ഡെ എന്നിവരാണ് ചോദ്യപേപ്പർ എത്തുന്ന വിവരം ശുക്ലയെ അറിയിച്ചുകൊണ്ടിരുന്നത്. ഫെബ്രുവരി ഒന്നിന് ഒരു ബോക്‌സ് ചോദ്യപേപ്പർ വന്ന വിവരം ഇവർ ശുക്ലയെ അറിയിച്ചു. ഫെബ്രുവരി മൂന്നിന് രവിയും ശുക്ലയും അഹമ്മദാബാദിലെത്തി. ശിവ് ഗിരി രവിക്ക് ബോക്‌സിന്റെ പടം അയച്ചുകൊടുത്തു. രവി ഇത് ഭോപ്പാലിലുള്ള മാഫിയാ സംഘാംഗമായ രാജീവ് നയൻ മിശ്രക്ക് അയച്ചു. ഫെബ്രുവരി അഞ്ചിന് മിശ്ര അഹമ്മദാബാദിലെത്തി മൂന്നു ലക്ഷം രൂപ ശിവ് ഗിരിയുടെ ബാങ്ക് അക്കൗണ്ടിലേക്കിട്ടുകൊടുത്തു. അന്നുതന്നെ, ബോക്‌സ് സീൽ പൊട്ടിക്കാതെ തുറക്കുന്നതിൽ വിദഗ്ധനായ പാറ്റ്‌നയിലുള്ള ഡോ. ശുഭം മണ്ഡലിനെ മിശ്ര വിവരമറിയിച്ചു. മണ്ഡലിന് രണ്ടു ലക്ഷം രൂപയാണ് പ്രതിഫലം നൽകിയത്. ഇയാളെ, വിമാനത്തിൽ അഹമ്മദാബാലിലെത്തിച്ചു. അന്നു രാത്രി മണ്ഡലും ശിവ് ഗിരിയും പാ​ണ്ഡെയും കമ്പനി വെയർഹൗസിലെത്തി ബോക്സിന്റെ പിൻഭാഗം തുറന്ന് കോഡ് 2 ചോദ്യപേപ്പറുകൾ ഫോണിൽ പകർത്തി. സീൽ പൊട്ടാത്ത ബോക്സ് ​അതേപടി അടച്ചുവച്ചു.
ഫെബ്രുവരി എട്ടിന് എത്തിയ കോഡ് 2 ചോദ്യപേപ്പറുകളും ഇതേ രീതിയിൽ ചോർത്തി. തുടർന്ന്, വിവിധ സംസ്ഥാനങ്ങളിലെ ആവശ്യക്കാർക്ക് അവിടങ്ങളിലെ സംഘാംഗങ്ങൾ വഴി അയച്ചുകൊടുത്തു. 1050 പേർക്കാണ് ഏഴു ലക്ഷം രൂപ വീതം വാങ്ങി ചോദ്യപേപ്പർ നൽകിയത്. വിവിധ കൊറിയർ കമ്പനികളിലെ ജീവനക്കാർക്ക് പ്രതിമാസം 20,000 രൂപ ശമ്പളം നൽകി, ചോദ്യപേപ്പർ എത്തിയ വിവരം അറിയിക്കാൻ മാത്രമായി നിയോഗിച്ചിരുന്നു. പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള ചോദ്യപേപ്പറുകൾ സീൽ ചെയ്യുന്ന ഘട്ടം മുതൽ ഇവർ രംഗത്തുണ്ടാകും.

ഓൺലൈൻ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർത്തലിനും വിതരണത്തിനുമായി സിക്കിം തലസ്ഥാനമായ ഗാണ്ഡോക്കിൽ രവി അത്രി അത്യാധുനിക സംവിധാനങ്ങളുള്ള രണ്ട് ലാബുകളാണ് സജ്ജീകരിച്ചിരുന്നതെന്ന് യു.പി പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ടുമെന്റ ചോദ്യപേപ്പർ ചോർത്തൽ കേസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവിടെ എഞ്ചിനീയർമാരും സോഫ്റ്റ്‌വെയർ വിദഗ്ധരുമാണ് ജോലി ചെയ്തിരുന്നത്.

ഭോപ്പാലിലുള്ള മാഫിയാ സംഘാംഗമായ രാജീവ് നയൻ മിശ്ര

'സോൾവർ ഗ്യാംങ്ങി'ലെ മറ്റൊരു പ്രധാന അംഗമായി ബീഹാർ പൊലീസ് കണ്ടെത്തിയ സഞ്ജീവ് മുഖിയ ചോദ്യപേപ്പർ ചോർത്തൽ തൊഴിലായി സ്വീകരിച്ച കുടുംബത്തിലെ അംഗം കൂടിയാണ്. ബിഹാർ പി.എസ്.സി നടത്തിയ അധ്യാപക റിക്രൂട്ടുമെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തൽ കേസിൽ മുഖിയയുടെ മകൻ ഡോ. ശിവ് ആയിരുന്നു മുഖ്യ പ്രതി. 2017-ലും നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഡോ. ശിവ് അറസ്റ്റുചെയ്യപ്പെട്ടിരുന്നു.

ഏഴു വർഷം,
70 ചോർച്ചകൾ

കഴിഞ്ഞ ഏഴു വർഷങ്ങളിൽ 15-ലേറെ സംസ്ഥാനങ്ങളിൽ 70 ലേറെചോദ്യപേപ്പർ ചോർച്ചയുണ്ടായി. ഒന്നര കോടിയിലേറെ ഉദ്യോഗാർഥികളുടെ ഭാവിയാണ് പന്താടിയത്.

അതിനിടെ, ഇന്ന് നടക്കാനിരുന്ന നീറ്റ് പി.ജി പ്രവേശന പരീക്ഷയും മാറ്റി. 'മുൻകരുതൽ നടപടി'കളുടെ ഭാഗമായി എന്നാണ് കാരണം പറഞ്ഞിരിക്കുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം പരീക്ഷ മാറ്റിയ വിവരമറിയിച്ചത്. ആദ്യം മാർച്ച് മൂന്നിന് നടത്താനിരുന്ന പരീക്ഷ ജൂലൈ ഏഴിലേക്ക് മാറ്റി, പിന്നീടാണ് ജൂൺ 23-ലേക്ക് മാറ്റിയത്. ഒരാഴ്ചക്കിടെ മാറ്റുന്ന നാലാമത്തെ പരീക്ഷയാണിത്. നാലു വർഷ ബി.എഡ് കോഴ്‌സുകളിലേക്കുള്ള നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ്, യു.ജി.സി നെറ്റ്, സി.എസ്.ഐ.ആർ- യു.ജി.സി നെറ്റ് എന്നീ പരീക്ഷകളാണ് മുമ്പ് മാറ്റിവച്ചത്. നാലു പരീക്ഷകൾക്കും കൂടി രജിസ്റ്റർ ചെയ്തിരുന്നത് 13.5 ലക്ഷത്തോളം പേരാണ്.

ശക്തമാകുന്ന വിദ്യാർഥി- അക്കാദമിക സമൂഹത്തിന്റെ പ്രതിഷേധത്തിനൊടുവിൽ കേന്ദ്ര സർക്കാർ പാഠം പഠിച്ചുതുടങ്ങിയതിന്റെ ലക്ഷണങ്ങളുണ്ട്.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പന്താടിയ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) തലവൻ സുബോധ് കുമാർ സിങ് സ്ഥാനത്തുനിന്ന് തെറിച്ചു. സിവിൽ ഏവിയേഷൻ സെക്രട്ടറിയായിരുന്ന പ്രദീപ്കുമാർ ഖരോലയാണ് പുതിയ ഡയറക്ടർ ജനറൽ. 1985-ലെ കർണാടക കേഡർ ഐ.എ.എസ് ഓഫീസറായ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിൽ അഡൈ്വസറായിരുന്നു. ഇപ്പോൾ ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ (ഐ.ടി.പി.ഒ) ചെയർമാനാണ്.

പുറത്താക്കപ്പെട്ട നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) തലവൻ സുബോധ് കുമാർ സിങ്

പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഏഴംഗ പാനലിനെ നിയോഗിച്ചിട്ടുണ്ട്. നീറ്റ് യു.ജിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കും. നീറ്റ് യു.ജി തട്ടിപ്പിനുപിന്നിൽ ബീഹാറിൽ അറസ്റ്റിലായ ഏതാനും വിദ്യാർഥികൾ മാത്രമല്ല ഉള്ളതെന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുകിടക്കുന്ന വൻ മാഫിയ തന്നെയുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം അടക്കമുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ നിർബന്ധിതമായത്.

രാജ്യത്തെ പതിനഞ്ചോളം പ്രമുഖ മത്സരപ്പരീക്ഷകൾ നടത്തുന്ന എൻ.ടി.എക്കുനേരെ പ്രതിപക്ഷവും അക്കാദമിക് സമൂഹവും കടുത്ത വിമർശനമുന്നയിക്കുന്നതിനിടെയാണ് അതിന്റെ പ്രവർത്തനവും ഘടനയും പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത്.

നീറ്റ്, യു.ജി.സി നെറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് അന്വേഷിക്കാൻ രൂപീകരിച്ച ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകും. സമിതിയിൽ എയിംസ് മുൻ ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി മുൻ വി.സി പ്രൊഫ. ബി.ജെ. റാവു, ഐ.ഐ.ടി മദ്രാസിലെ അധ്യാപകനായിരുന്ന കെ. രാമമൂർത്തി, പീപ്പിൾ സ്‌ട്രോങ് സഹ സ്ഥാപകനും കർമയോഗി ഭാരത് ബോർഡ് അംഗവുമായ പങ്കജ് ബൻസാൽ, ഡൽഹി ഐ.ഐ.ടി ഡീൻ ആദിത്യ മിത്തൽ എന്നിവർ അംഗങ്ങളാണ്.

നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ നിന്ന്

പരീക്ഷാ നടത്തിപ്പ് ക്രമീകരണം പരിശോധിച്ച് പരിഷ്‌കാരങ്ങൾ നിർദേശിക്കുക, എൻ.ടി.എയുടെ പ്രോട്ടോക്കോളുകൾ പരിശോധിക്കുക, സുരക്ഷാനടപടികൾ വിലയിരുത്തുക, ചോദ്യപേപ്പർ തയാറാക്കുന്നതടക്കമുള്ള പരീക്ഷാനടപടികൾ പരിശോധിക്കുക, എൻ.ടി.എയുടെ ഘടനയും പ്രവർത്തനവും നവീകരിക്കുന്നതുസംബന്ധിച്ച് നിർദേശങ്ങൾ നൽകുക തുടങ്ങിയവയാണ് സമിതിയുടെ അജണ്ടയിലുള്ളത്.

നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർഥികൾ സമരം തുടരുകയാണ്. ന്യൂദൽഹി ജന്തർ മന്ദറിൽ വിദ്യാർഥികൾ ഇന്നും പ്രതിഷേധം തുടരുകയാണ്. പ്രധാനമന്ത്രിയെ നേരിട്ടുകാണണമെന്നാണ് അവരുടെ ആവശ്യം. ഒടുവിൽ പൊലീസിന് നിവേദനം കൈമാറി. ഗുജറാത്തിലും ഹരിയാനയിലും വിദ്യാർഥികൾ തെരുവിൽ സമരം നടത്തുകയാണ്.

Comments