JN 1: പ്രതിരോധത്തെ ജീവിതശൈലിയാക്കി മാറ്റാം,
പുതിയ കോവിഡ് വകഭേദത്തെ നേരിടാം

കോവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ വൺ വിവിധ രാജ്യങ്ങളിലായി 8.05 ലക്ഷം പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇന്ത്യയില്‍ കേരളത്തിലാണ് JN 1 ആദ്യമായി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തെ എങ്ങനെ ശാസ്ത്രീയമായി നേരിടാം എന്ന് ആരോഗ്യരംഗത്തെ വിദഗ്ധരിലൂടെ ഒരന്വേഷണം.

കോവിഡ്, ഭൂമിയിലെ മനുഷ്യരെ ആക്രമിക്കാൻ തുടങ്ങിയിട്ട് 2023 ഡിസംബറില്‍ നാലുവര്‍ഷം പൂര്‍ത്തിയായി. മഹാമാരിയായി (pandemic) പടര്‍ന്നു പിടിച്ച്, ഇപ്പോൾ പ്രാദേശിക രോഗമായി (Endemic) പരിണമിച്ച് പല വകഭേദങ്ങളായി ഇന്നും കോവിഡ് നമുക്കിടയിലുണ്ട്. ഒമിക്രോണ്‍ ഉപവകഭേദമായ പിരോള (BA 2.86) വകഭേദത്തിനോട് ഏറെ സാമ്യമുള്ള പുതിയ വകഭേദമായ JN 1 രോഗമാണ് ഇന്ന് പല രാജ്യങ്ങളിലായി സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ വിവിധ രാജ്യങ്ങളിലായി 8.05 ലക്ഷം പേര്‍ക്ക് പുതിയ കേവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 17 വരെയുള്ള കണക്കുകള്‍ പ്രകാരം 3000-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മുന്‍ മാസത്തെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തില്‍ 52 ശതമാനമാണ് വര്‍ധനയെങ്കിലും മരണനിരക്ക് കുറഞ്ഞുവരികയാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ, ശ്രീലങ്ക, തായ്ലന്റ് എന്നിവിടങ്ങളിലാണ് രോഗനിരക്ക് ഉയര്‍ന്നുവരുന്നത്. പല രാജ്യങ്ങളിലും കോവിഡ് വര്‍ധിച്ചുവരികയാണെങ്കിലും JN 1 വകഭേദം varent of interst (voi) മാത്രമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആദ്യ കാലങ്ങളിലുണ്ടായിരുന്ന കോവിഡ്-19 ആല്‍ഫ /ഡെല്‍റ്റ യെപ്പോലെ പ്രഹര ശേഷിയോ മരണനിരക്കോ ഉള്ളതല്ല ഈ വകഭേദമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായെടുന്നത്. എന്നാല്‍ കോവിഡ് വര്‍ദ്ധനവ് കണക്കിലെടുത്ത് നിരീക്ഷണവും ജാഗ്രതയും ശക്തമാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് നടന്‍ വിജയ്കാന്ത് കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന റിപ്പോര്‍ട്ട് വന്നതോടെ ജനങ്ങള്‍ക്കിടയില്‍ കോവിഡ് ഒരു ഭീതിയായി കൂടി മാറിയിട്ടുണ്ട്.

എന്തുകൊണ്ട് കേരളം?

2023 ഓഗസ്റ്റിലാണ് JN 1 സബ് വേരിയന്റ് ആദ്യമായി അമേരിക്കയില്‍ സ്ഥീരികരിക്കുന്നത്. ഒമിക്രോണിന്റെ ഉപ-വകഭേദമായ JN 1 ശക്തമായ പ്രതിരോധശേഷിയുള്ളവരെപ്പോലും എളുപ്പത്തില്‍ ബാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഏറ്റവും വേഗത്തില്‍ പകരുന്ന വേരിയന്റായിട്ടാണ് JN 1-നെ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി ഡി സി) പറയുന്നത്. കോവിഡ് -19 നു കാരണമായ സാര്‍ഴ്‌സ് കൊറോണ വൈറസ് -2 ആര്‍എന്‍ എ വൈറസായതിനാല്‍ നിരന്തരം ജനിതകമാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കും. പൊതുവില്‍ പുതിയ വകഭേദങ്ങള്‍ക്ക് വാസ്‌കിനേഷനിലൂടെയും രോഗത്തിലൂടെയും ലഭിക്കുന്ന ആര്‍ജ്ജിത രോഗപ്രതിരോധശേഷിയെ അതിജീവിക്കാനുള്ള കഴിവുണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇവയുടെ വ്യാപനനിരക്ക് (Infectivity) കൂടുതലായിരിക്കും. എന്നാല്‍ ഇവയുണ്ടാക്കുന്ന കോവിഡ് രോഗത്തിന്റെ തീവ്രത (Virulence) താരതമ്യേന കുറവായിരിക്കും.

ഇപ്പോള്‍ പ്രചാരത്തിലുള്ള ഒമിക്രോണ്‍ വകഭേദത്തില്‍ നിന്ന് BA.1-5, XBB, എന്നിങ്ങനെ നിരവധി ഉപവകഭേദങ്ങൾ ആവിര്‍ഭവിച്ചിട്ടുണ്ട്. ഇവയില്‍ BA.2- ല്‍ നിന്ന് ഉത്ഭവിച്ച BA.2.86 വകഭേദമാണ് ചില രാജ്യങ്ങളില്‍ Pirola എന്നറിയപ്പെടുന്നത്. ഇതില്‍ ഒരു L455S. എന്ന ജനിതകവ്യതിയാനം കൂടി സംഭവിച്ചതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട വകഭേദമാണ് JN 1 എന്നാണ് പൊതുജനാരോഗ്യ വിദഗ്ധനും സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതിയുടെ അധ്യക്ഷനുമായ ഡോ. ബി. ഇക്ബാൽ പറയുന്നത്.

ഇന്ത്യയില്‍ കേരളത്തിലാണ് JN 1 ആദ്യമായി സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരത്തെ കരകുളം സ്വദേശിയായ 79 വയസ്സുകാരിക്ക് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ഇവര്‍ പിന്നിട് രോഗമുക്തയായി. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി വരികയാണ്. പക്ഷേ ആശങ്കപ്പെടേണ്ട സ്ഥിതിഗതിയില്ലെന്നാണ് കേന്ദ്ര- സംസ്ഥാന ആരോഗ്യമന്ത്രാലയങ്ങള്‍ പറയുന്നത്.

ഡോ. ബി. ഇക്ബാൽ

കേരളത്തില്‍ ജനസാന്ദ്രത കൂടിയിരിക്കുന്നതിനാലും സാംസ്‌കാരിക, സാമൂഹിക, ആത്മീയ, രാഷ്ടീയ ആള്‍കൂട്ട സന്ദര്‍ഭങ്ങള്‍ കൂടുതലായതുകൊണ്ടും വ്യാപനനിരക്ക് കൂടിയ വകഭേദം സംസ്ഥാനത്ത് ആദ്യം സ്ഥീരികരിക്കുന്നതെന്നാണ് പൊതുനാരോഗ്യ വിദഗ്ധനായ ഡോ.ബി. ഇക്ബാൽ പറയുന്നത്: “കേരളത്തിലെ ജനങ്ങളുടെ ആരോഗ്യബോധം ഉയര്‍ന്നതായതിനാല്‍ കോവിഡ് ടെസ്റ്റിംഗ് താരതമ്യേന കൂടുതലായി നടക്കുന്നത് കൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പുതിയ വകഭേദം മൂലമുള്ള കോവിഡ് കേരളത്തില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവരുന്നത്. എല്ലാ മഹാമാരികളും (pandemic) കാലക്രമേണ ഒരു പ്രാദേശിക രോഗമായി (Endemic) പരിണമിക്കുകയാണ് ചെയ്യുന്നത്. കോവിഡിലും ഇതുതന്നെയാണ് സംഭവിച്ചിട്ടുള്ളത്. മനുഷ്യശരീരത്തില്‍ മാത്രം കാണപ്പെടുന്ന വൈറസുകളേ മാത്രമേ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാവൂ. വസൂരി, പോളിയോ വൈറസുകള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പെട്ടവ. ആരോഗ്യകരമായ ജീവിതശൈലി രീതികളിലൂടെയും വാക്‌സിനേഷനിലൂടെയും പ്രാദേശികമായി കഴിഞ്ഞ പകർച്ചാവ്യാധികളെ പ്രതിരോധിക്കുകയാണു വേണ്ടത്.''

ആരോഗ്യ ശീലങ്ങൾ കൊണ്ട് പ്രതിരോധിക്കാം

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ആവര്‍ത്തിച്ച് കൃത്യമായ രീതിയില്‍ കഴുകുക തുടങ്ങിയ ശീലങ്ങള്‍ രോഗങ്ങള്‍ തടയിടാന്‍ സ്വീകരിക്കേണ്ട നടപടികളാണ്. കോവിഡ് പോലുള്ള മഹാമാരികള്‍, നമ്മളെ പല പാഠങ്ങളും പഠിപ്പിക്കുന്നുണ്ട്. അതില്‍ കോവിഡിനെ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം നിര്‍മിക്കപ്പെട്ട വസ്തുവല്ല മാസ്‌കെന്ന് ആദ്യം നമ്മള്‍ മനസ്സിലാക്കണം. വായുവിലൂടെ പകരുന്ന രോഗങ്ങളെയെല്ലാം തടയാന്‍ മാസ്‌ക് സഹായിക്കും. കേരളത്തില്‍ ഇന്ന് കോവിഡിനെക്കാള്‍ ഫ്ലൂ, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ മൂലമാണ് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നത്. ഫ്ലൂവിനെ നേരിടാന്‍ വാക്‌സിനുകളും ആന്റി വൈറലുകളുമുണ്ട്. എന്നിട്ടും ഇന്നും ആളുകള്‍ മരണപ്പെടുമ്പോള്‍ പുനര്‍വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. എലിപ്പനിയെ പ്രതിരോധിക്കാനും ചികിത്സിക്കാനും മരുന്നുണ്ടെങ്കിലും നിരവധി ആളുകള്‍ മരിക്കുന്നുണ്ട്. ജീവിതരീതികളില്‍ നമ്മള്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തണമെന്നുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

1. മാസ്‌ക്, ഗ്ലൗസ്, ഷൂ ധരിക്കുക: മാസ്‌ക് ധരിക്കുന്നതിലൂടെ വായുവിലൂടെ പകരുന്ന രോഗങ്ങളെയൊക്കെ ഒരു പരിധി വരെ തടയാന്‍ കഴിയും. എല്ലായ്‌പ്പോഴും മാസ്‌ക് ഉപയോഗിക്കണമെന്നല്ല ഇതിനര്‍ത്ഥം. മനുഷ്യര്‍ അന്യോന്യം കാണുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളല്ലാതെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും രോഗികളുമായി ഇടപഴകുമ്പോഴും ആശുപത്രികളിലും മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 2024-ല്‍ മാസ്‌ക്കിന്റെ വര്‍ഷമായി പ്രഖ്യാപിക്കുകയാണെങ്കില്‍ രോഗങ്ങളെയൊക്കെ വലിയ പരിധിയില്‍ തടയാനാകും. അതുപോലെ കാലിത്തൊഴുത്തിലും പാടങ്ങളിലും പണിയെടുക്കുന്നവരും മറ്റ് എല്ലാ വിഭാഗക്കാരും പണിയിടങ്ങളില്‍ ഗ്ലൗസ്സും ഷൂസും ധരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പക്ഷേ നമ്മുടെ നാട്ടില്‍ അധികമാരും ഈ കാര്യങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കാറില്ലെന്നതാണ് വസ്തുത.

2. വാക്‌സിനുകള്‍ കൃത്യമായി എടുക്കുക: പ്രായഭേദ്യമന്യേ എല്ലാ ആളുകളിലും കോവിഡിന് ശേഷം കോവിഡാനന്തര രോഗങ്ങള്‍ (പോസ്റ്റ് കോവിഡ് ഡിസീസുകള്‍) കൂടുതതലായും കണ്ടുവരുന്നുണ്ട്. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം, ലോങ്ങ് കോവിഡ് തുടങ്ങിയ പേരുകളിലൊക്കെ ഇത്തരം രോഗാവസ്ഥകള്‍ വിശേഷിപ്പിക്കപ്പെടാറുണ്ട്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന JN 1 ഉപവകഭേദത്തിന് മരണസാധ്യത കുറവാണെങ്കിലും ഏതുപ്രായത്തിലുള്ളവരിലും കോവിഡാനന്തര രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കോവിഡ് ബാധിക്കുന്നത് തടയേണ്ടത് അത്യാവശ്യമാണ്. കോവിഡിനെയും പകര്‍ച്ച വ്യാധികളെയും തടയാനായി വാക്‌സിനുകള്‍ കൃത്യമായി എടുക്കുകയെന്നത് പ്രധാന കാര്യമാണ്. ഫ്ലൂവിനും മറ്റും, ആര്‍.എന്‍.എ വൈറസായതുകൊണ്ട്, വാക്സിൻ നിരന്തരം മാറിക്കൊണ്ടിരിക്കും. അതിനനുസൃതമായി ഫ്ലൂ വാക്‌സിന്‍ എല്ലാം വര്‍ഷവും പുതുതായി നിർമിക്കാറുണ്ട്. വടക്ക് തെക്ക് ലോകരാജ്യങ്ങളിലെ (നോര്‍ത്തേണ്‍ ഹെമിസ്ഫിയറിലും സതേൺ ഹെമിസ്ഫിയറിലുമുള്ള രാജ്യങ്ങളുടെ) ഫ്ലൂ ഘടനയില്‍ തന്നെ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് രണ്ട് മേഖലകളിലേക്കുമായി രണ്ടുതരം വാക്‌സിനുകളാണ് ഓരോ വര്‍ഷവും പുറത്തിറക്കുന്നത്.

ഫ്ലൂ വാക്‌സിനുകള്‍ നവംബറിൽ എടുക്കുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് ഡോ. ഇക്ബാൽ പറയുന്നത്. സെപ്റ്റംബര്‍- നവംബര്‍ മാസങ്ങളിലാണ് പുതിയ വാക്‌സിനുകള്‍ പുറത്തിറക്കുന്നത്. കോവിഡിനെ സംബന്ധിച്ച് വകഭേദങ്ങളുടെ അടിസ്ഥാനത്തിലുള്ള പുതിയ വാക്‌സിന്‍ അടുത്ത വര്‍ഷാംരംഭത്തില്‍ തന്നെ വരാൻ സാധ്യതയുണ്ട്. അതുപോലെ ഫ്ലൂ വാക്‌സിനുകള്‍ക്കൊപ്പം തന്നെ Pneumococcal വാക്‌സിനുകളും എടുക്കണം. Pneumococcal വാക്‌സിനുകള്‍ രണ്ട് ഡോസ് എടുത്താല്‍ മതി. ഈ വാക്‌സിന്‍ എടുക്കാന്‍മുതിര്‍ന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്.

ബി.സി.ജി പോലുള്ള വാക്‌സിനുകളുപയോഗിച്ച് (Repurpose) എല്ലാ പകര്‍ച്ചവ്യാധികളെയും തടയുന്നതിനുള്ള വാക്‌സിനുകള്‍ (സാര്‍വ്വത്രിക-Universal വാക്‌സിനുകള്‍) കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മനുഷ്യശരീരത്തിലെ പ്രതിരോധശേഷിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ വാക്‌സിനുകള്‍ക്കാവും. അടുത്ത വര്‍ഷങ്ങളില്‍ വൈദ്യശാസ്ത്രമേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിലെ ഒരു കേന്ദ്ര ബിന്ദു വാക്‌സിനുകളായിരിക്കുമെന്നാണ് ഡോ. ഇക്ബാൽ പറയുന്നത്.

ഡോ.ജയകൃഷ്ണന്‍. ടി

കോവിഡ് തീവ്രമാകുന്നതിനെയും ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്‌സിനുകളായിരുന്നു ഇതുവരെ ലോകത്ത് നിര്‍മിക്കപ്പെട്ടിരുന്നത്. ലോകത്ത് ആദ്യം സ്ഥിരീകരിച്ച കോവിഡ് ജനിതകഘടനയെ അടിസ്ഥാനമാക്കിയാണ് ആദ്യത്തെ കോവിഡ് വാക്‌സിന്‍ നിർമിച്ചത്. പിന്നീട് ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളുമായി ഇതിന് ബന്ധമുണ്ടാകണമെന്നില്ല. രാജ്യത്തെ ജനസംഖ്യയില്‍ഭൂരിഭാഗം പേരിലും കോവിഡും വകഭേദങ്ങളും വന്നുപോയതിനാലും മിക്കവരും വാക്‌സിനെടുത്തതുകൊണ്ടും ജനങ്ങള്‍ക്കിടയില്‍ ഇമ്യൂണിറ്റി നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കോവിഡിന്റെ പുതിയ വകഭേദങ്ങളുണ്ടായാലും അത് തീവ്രമാകാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് എപ്പിഡെമിയോളജി വിദഗ്ധനും കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവിയുമായ ഡോ.ജയകൃഷ്ണന്‍. ടി പറയുന്നത്: “കോവിഡ്, പാന്‍ഡെമിക്ക് രോഗമായതിനാല്‍ ലോകത്ത് എല്ലായിടത്തും ഒരുപോലെ വ്യാപിച്ചിരുന്നു. അതിനുശേഷം മനുഷ്യര്‍ ഈ രോഗവുമായി ബന്ധപ്പെട്ട് പ്രതിരോധശേഷി ആര്‍ജ്ജിക്കും. പിന്നിട് വരുന്ന വീര്യം കുറഞ്ഞ വൈറസുകളെ എന്‍ഡെമിക്ക് എന്നാണ് പറയുന്നത്. എന്‍ഡെമിക്കുകള്‍ പോപുലേഷനില്‍ ഇടയ്ക്കിടക്ക് ഉണ്ടായിക്കൊണ്ടിരിക്കും. ഉയര്‍ന്നും താഴ്ന്നും ഇതിന്റെ രോഗനിരക്ക് വ്യത്യസ്തപ്പെട്ടുകൊണ്ടിരിക്കും. വൈറസുകള്‍ക്ക് ഇടയ്ക്ക് ചില വകഭേദങ്ങളുണ്ടാകുമെന്നത് പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. ഈ വകഭേദങ്ങള്‍ക്ക് മുമ്പത്തെ വൈറസുകളുടെ അത്ര തന്നെ തീവ്രത ഉണ്ടായിരിക്കില്ല. കൂടുതല്‍ സാമ്പിളുകള്‍ ടെസ്റ്റുകള്‍ ചെയ്താല്‍ ഇതിനെക്കാള്‍ കൂടുതല്‍ മ്യൂട്ടേഷനുകളെ കാണാന്‍ സാധിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇത് വലിയൊരു ഭീതിയിലേക്ക് പോകുന്ന സാഹചര്യമുണ്ടാവില്ല.”

പ്രായവ്യത്യാസമനുസരിച്ചാണ് ഈ വകഭേദത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുന്നത്. അറുപത് വയസ്സിന് മുകളിലുള്ളവര്‍, ഡയബറ്റിസ് ഉള്ളവര്‍ തുടങ്ങിയവരിലാണ് ഈ രോഗം ഗുരുതരമാകുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും രോഗം ഭീഷണിയുണ്ടാകുന്നുണ്ട്. നിലവില്‍ ഒമിക്രോണ്‍ വകഭേദത്തിനെക്കാള്‍ വ്യത്യസ്തമായ രോഗലക്ഷണങ്ങളൊന്നും JN 1 ഉപവകഭേദത്തിനില്ല. ജലദോഷം, തൊണ്ടവേദന, പനി, തലവേദന, ചുമ, ഉദരസംബന്ധമായ ലക്ഷണങ്ങള്‍ തുടങ്ങിയവയാണ് ഈ വകഭേദത്തിലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രാജ്യത്തെ JN 1 വര്‍ദ്ധനവ് കണക്കിലെടുത്ത് ജനിതക ശ്രേണീകരണം വഴിയുള്ള നിരീക്ഷണത്തിന് ഊന്നല്‍ കൊടുക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി ഐ.സി.എം.ആറിനു കീഴിലെ ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സകോഗില്‍ സാംപിളുകളാണ് അയയ്ക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ മൂന്ന് മാസം കൂടുമ്പോള്‍ മോക് ഡ്രില്‍ നടത്തണം, മരുന്ന്, ഓക്‌സിജന്‍, സിലിണ്ടറുകള്‍, കോണ്‍സെന്‍ട്രേറ്റുകള്‍, വെന്റിലേറ്ററുകള്‍, വാക്‌സിനുകള്‍ എന്നിവയുടെ സ്‌റ്റോക്ക് ഉറപ്പുവരുത്താനാണിത്. സംസ്ഥാനങ്ങള്‍ ജില്ലാതലത്തില്‍ രോഗലക്ഷണങ്ങള്‍ കൂടുന്നത് നിരീക്ഷിക്കണം, ആര്‍.ടി.പി.സി.ആര്‍ ആന്റിജന്‍ പരിശോധനകള്‍ കൂടുതല്‍ നടത്തണം, പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം നല്‍കുകയുണ്ടായി.

എന്നാല്‍ രാജ്യത്ത് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നിരന്തര നിരീക്ഷണങ്ങള്‍ നടക്കുന്നത് കുറവാണന്നതാണ് വസ്തുത. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചശേഷം, ജാഗ്രതയും നടപടിയും കൈക്കൊള്ളുന്നതിനുപകരം നിരന്തര നിരീക്ഷണങ്ങള്‍ നടത്തുകയാണങ്കില്‍ ആദ്യം തന്നെ മുന്നറിയിപ്പുകളും മറ്റും നല്‍കാനാകും. കോവിഡ് രോഗികളുടെ രക്തത്തിന്റെ സാമ്പിളും മറ്റും നിരന്തരം പരിശോധിക്കുന്നതിലൂടെ അതിന്റെ ട്രെന്റ് മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരത്തില്‍, റപ്രസെന്റേറ്റീവ് സാമ്പിളെടുത്ത് ഓരോ ജില്ലകളിലും ട്രെന്റുകള്‍ പഠിക്കുന്ന സംവിധാനങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും കുറവാണെന്നാണ് ഡോ. ജയകൃഷ്ണന്‍.ടി പറയുന്നത്.

ഡോ. നവ്യ തൈക്കാട്ടില്‍

കഴിഞ്ഞ രണ്ടു മാസങ്ങളായി, പൊതുവില്‍ പലവിധ വൈറല്‍ റെസ്പിറേറ്ററി അണുബാധകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും, അതോടൊപ്പം കേരളത്തിലും വ്യാപകമായി ഉണ്ട്. എല്ലാ വര്‍ഷവും തണുപ്പുകാലത്ത് പൊതുവില്‍, റസ്പിറേറ്ററി വൈറല്‍അണുബാധ വ്യാപകമായി ഉണ്ടാവാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയെക്കാള്‍, ജലദോഷം, തൊണ്ടവേദന പോലുള്ള ഗുരുതരമല്ലാത്ത അപ്പര്‍ റസ്പിറേറ്ററി ലക്ഷണങ്ങളാണ് ഒമിക്രോണ്‍ പോലെ JN 1 വകഭേദത്തിലും കൂടുതലായി കാണുന്നത്. അതിനാല്‍മറ്റേത് സീസണല്‍ വൈറല്‍ അണുബാധകള്‍ പ്രതിരോധിക്കാനായി പൊതുവില്‍ വ്യക്തികള്‍ എടുക്കുന്ന പ്രതിരോധത്തിനപ്പുറം, മുന്‍കാല രീതികള്‍ പോലെ പൊതുനിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടത്തില്ലെന്നാണ് പൊതുജനാരോഗ്യ വിദഗ്ദയായ ഡോ. നവ്യ തൈക്കാട്ടില്‍ പറയുന്നത്: “കേരളത്തില്‍ നവംബറില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരാന്‍ തുടങ്ങുകയും, ഡിസംബര്‍ പകുതിയോടെ അത് 30% ത്തിലെത്തുകയും ചെയ്തിട്ടുണ്ട്. പരിശോധനകളുടെ എണ്ണം പൊതുവില്‍ കുറവായതിനാല്‍, പോസിറ്റീവിറ്റി നിരക്കുകള്‍ മാത്രം ആധാരമാക്കി നിഗമനത്തിലെത്താന്‍ സാധിക്കില്ല. എങ്കിലും, കോവിഡ് -19 വൈറല്‍ അണുബാധയുടെ തരംഗം കേരളത്തില്‍ കൂടിവരികയാണെന്നും, അതില്‍ നല്ലൊരു ശതമാനവും പുതിയ JN 1 വകഭേദം ആയിരിക്കും എന്നും അനുമാനിക്കാം. ഇത് മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും, പരിശോധനകള്‍ കുറവായതിനാല്‍ തിരിച്ചറിയപ്പെടാതെ പോകുന്നതാവാം.”

പുതിയ വകഭേദവും
വാക്സിനും

പുതിയ വകഭേദവുമായി ബന്ധപ്പെട്ട വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. കോവിഡിന്റെ ആദ്യ വകഭേദങ്ങളിലുണ്ടായിരുന്ന ആല്‍ഫ, ഡെല്‍റ്റ, എന്നിവക്ക് നിലവിലുള്ള വാക്‌സിനുകള്‍ക്കുണ്ടായിരുന്നത്ര ഫലപ്രാപ്തി ഒമിക്രോണ്‍ വകഭേദത്തിനുണ്ടായിരുന്നില്ല. എങ്കില്‍ പോലും ബൂസ്റ്റര്‍ ഡോസ് അടക്കം 67 ശതമാനത്തോളം ഫലപ്രാപ്തി ഒമിക്രോണ്‍ പല വകഭേദങ്ങളില്‍ നിലവിലെ വാക്‌സിനുകള്‍ക്കുണ്ട്. ഗുരുതരാവസ്ഥയില്‍ നിന്നും മരണങ്ങളില്‍ നിന്നും കോവിഡ് വാക്‌സിനുകള്‍ സംരക്ഷണം നല്‍കുന്നുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വരുന്നതുവരെ നിലവിലുള്ള വാക്‌സിനുകള്‍ JN 1 ഉപ വകഭേദത്തിന് എത്രത്തോളം സംരക്ഷണം നല്‍കുന്നുവെന്നതിന് സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ നല്‍കാനാവില്ല.

കോവിഡ് രോഗം വന്നുപോയശേഷം ആഴ്ചകളോ മാസങ്ങളോ, വര്‍ങ്ങളോ തുടര്‍ന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിനെയാണ് ലോങ്ങ് കോവിഡ് എന്ന് പറയുന്നത്. ശ്വാസകോശത്തിലും മറ്റും പ്രശ്‌നങ്ങളുള്ളവര്‍ക്കാണ് കൂടുതലായും ഈ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്. ലോങ്ങ് കോവിഡില്‍ നീണ്ടുനില്‍ക്കുന്നതും തിരിച്ചുവരുന്നതുമായ 200 റോളം ലക്ഷണങ്ങള്‍ പല അവയവങ്ങളെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് കുറഞ്ഞ് 6.5 കോടി ജനങ്ങളെങ്കിലും ലോങ്ങ് കോവിഡ് കാരണം ബുദ്ധിമുട്ടുകളനഭുവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍സൂചിപ്പിക്കുന്നത്. എങ്കിലും അമേരിക്ക, യൂറോപ്പ് പോലുള്ള വികസിത രാജ്യങ്ങളില്‍ ലോങ്ങ് കോവിഡുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതര പ്രശ്നങ്ങളൊന്നും ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

ഗുരുതരമായ കോവിഡ് രോഗം വന്നുമാറിയവരില്‍ 10 ശതമാനത്തോളം പേരിലെങ്കിലും പോസ്റ്റ് കോവിഡ് രോഗങ്ങളുണ്ടായേക്കാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഗുരുതരമല്ലാത്ത കോവിഡിന് ശേഷവും ചെറിയൊരു ശതമാനം ആളുകളില്‍ പോസ്റ്റ് കോവിഡ് ലക്ഷണമുണ്ടാകാനുള്ള സാധ്യതയുണ്ട്. ശ്വാസതടസ്സം, നെഞ്ചുവേദന, തുടര്‍ച്ചയായ ചുമ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, തലകറക്കം, ഉറക്കമില്ലായ്മ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, കടുത്ത ക്ഷീണം, ബലഹീനത, പേശിവേദന, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയാണ് ലോങ്ങ് കോവിഡില്‍ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങള്‍

കോവിഡ് ഒരുവിധം ലോകത്തുള്ള എല്ലാം ആളുകളിലും വന്നുപോയതുകൊണ്ടും തുടര്‍ന്നും നീണ്ടുനില്‍ക്കുന്ന പല ലക്ഷണങ്ങളും ഇതിന്റെ തുടര്‍ച്ചയാണോയെന്ന് കൃത്യമായി സ്ഥീരികരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. എങ്കിലും ഗുരുതരമായി കോവിഡ് വന്നുപോയവരില്‍ ശ്വാസകോശ സംബന്ധമായ രോഗമുള്ളവരും കിഡ്‌നി, തലച്ചോര്‍, പോലെയുള്ള അവയവ വ്യവസ്ഥകളെ ബാധിക്കുന്ന രീതിയില്‍ ഓട്ടോ ഇമ്യൂണ്‍പോലുള്ള പോസ്റ്റ് കോവിഡ് ലക്ഷണങ്ങളുള്ളവരും ധാരാളമായിട്ടുണ്ട്. കോവിഡിന് മാത്രമല്ല, മറ്റുള്ള റസ്പിറേറ്ററി വൈറസുകള്‍ക്കെല്ലാം ഈ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട് എന്നതുകൊണ്ടുതന്നെ പോസ്റ്റ് കോവിഡ് ലക്ഷണങ്ങളാണെന്ന് സ്ഥിരീകരിക്കാന്‍ പ്രായോഗികമായും തടസ്സങ്ങളുണ്ടെന്നും ഡോ. നവ്യ തൈക്കാട്ടില്‍ പറയുന്നു.

വീണാ ജോര്‍ജ്

ശൈത്യകാലാവസ്ഥയും കോവിഡ് വര്‍ധനവിന് കാരണമായിട്ടുണ്ട്. ശൈത്യകാലാവസ്ഥയില്‍ പനി പോലുള്ള രോഗങ്ങളുടെ എണ്ണം വര്‍ധിക്കാറുണ്ട്. രോഗവാഹകരായ അണുക്കള്‍ക്ക് അന്തരീക്ഷത്തില്‍അധികം നേരം നില്‍ക്കാനാകുമെന്നതാണ് ഇതിനൊരു കാരണം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറയുന്നത്. കോവിഡ് വര്‍ധനവ് നവംബറില്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രിതലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് നടപടി സ്വീകരിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നതായി വീണാ ജോര്‍ജ് പറഞ്ഞു. ഡിസംബറിൽ പരിശോധന കൂട്ടിയിട്ടുണ്ടെന്നും സുരക്ഷാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. കോവിഡുമായി ബന്ധപ്പെട്ട് കേരളത്തില്‍ മരിച്ച 12 പേരില്‍ ഒരാളൊഴികെ ബാക്കി നാലുപേരും 65 വയസ്സിന് മുകളിലുള്ളവരാണ്. കൂടാതെ ഇവരെല്ലാം പൊതുവായി ഹൃദ്യോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവരുമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലക്ഷണമുള്ളവര്‍ക്ക് മാത്രമാണ് കോവിഡ് പരിശോധന നടത്തുന്നത്. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവര്‍ക്ക് ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

JN 1 രോഗങ്ങള്‍ കേരളത്തില്‍ ആദ്യം സ്ഥീരീകരിക്കുന്നതിന് പിന്നില്‍ കേരളത്തിന്റെ ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമതയാണ് ബോധ്യപ്പെടുത്തുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നിപ, കോവിഡ്, ജെ.എന്‍ വണ്‍ പോലുള്ള രോഗങ്ങളെല്ലാം ആദ്യം സ്ഥിരീകരിക്കുന്നത് കേരളത്തിലായതുകൊണ്ടു തന്നെ സംസ്ഥാനത്ത് രോഗാതുരത കൂടിവരികയോണോയെന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഒരു ആരോഗ്യഭീഷണിയും നിലനില്‍ക്കുന്നില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പുതിയ രോഗങ്ങളെയും വകഭേദങ്ങളെയും നേരത്തെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങള്‍ കേരളത്തിനുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും കോവിഡ് പരിശോധന നടത്തുകയോ, പരിശോധനയില്‍ പോസീറ്റിവായവരുടെ ജനിതക ശ്രേണീകരണത്തിന് സാമ്പിളുകള്‍ വിടുകയോ ചെയ്യാത്തതുകൊണ്ടാണ് സീസണില്‍ എത്തിപ്പെടുന്ന ഈ വകഭേദങ്ങളെ കണ്ടെത്താന്‍ കാലതാമസമെടുക്കുന്നത്. ജെ.എന്‍ വണ്ണിനെക്കാള്‍ ആരോഗ്യഭീഷണിയുയര്‍ത്തുന്ന പലവിധ വൈറസുകള്‍ നിലവില്‍ ലോകത്തെ പലഭാഗത്തും പടരുന്നുണ്ട്. എങ്കിലും JN 1 ജാഗ്രത തുടരുകയും ഹൈറിസ്‌ക് ഉള്ളവർ പൊതുവില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ആരോഗ്യരംഗത്തെ വിദഗധര്‍ പറയുന്നത്.

മുതിര്‍ന്ന പൗരരും പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവയുമുള്ളവര്‍ പുറത്ത് പോകുമ്പോഴെല്ലാം മാസ്‌ക് ഉപയോഗിക്കാനും തിരികെ വീട്ടിലെത്തുമ്പോള്‍ കൈകള്‍ ആവര്‍ത്തിച്ച് കഴുകാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ, രണ്ടും മൂന്നും കോവിഡ് വാക്‌സിനേഷന്‍ ഡോസുകള്‍ എടുക്കാത്തവര്‍ അതെടുത്ത് വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനും ശ്രമിക്കണം. കാരണം വാക്‌സിനേഷന്‍ എടുത്തവരിലും പുതിയ വകഭേദം രോഗമുണ്ടാക്കാന്‍ സാധ്യതയുണ്ടെങ്കിലും രോഗതീവ്രത കുറവായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സ നടത്താതെ ആശുപത്രിയില്‍ പരിശോധന നടത്താനും ശ്രദ്ധിക്കണം.

Comments