തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വീണ്ടും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലും ജാഗ്രത. ഇതിൻെറ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പും കോവിഡ് കേസുകളുടെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിച്ച് വരികയാണ്. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വിളിച്ചുചേർത്ത ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതെ പോവരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം (മെയ് 2025) ഇതുവരെ സംസ്ഥാനത്ത് 273 കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിൽ 82 കേസുകളും തിരുവനന്തപുരത്ത് 73 കേസുകളും എറണാകുളത്ത് 49 കേസുകളും പത്തനംതിട്ടയിൽ 30 കേസുകളും തൃശൂരിൽ 26 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിങ്കപ്പൂർ, ഹോങ്കോങ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയതോടെയാണ് ലോകത്ത് വീണ്ടും രോഗവ്യാപനം വലിയ ചർച്ചയായിരിക്കുന്നത്.
കോവിഡ് JN.1 എന്ന വകഭേദവും ഇതിൻെറ ഉപവകഭേദങ്ങളായ LF.7, NB 1.8 എന്നിവയുമാണ് ഇപ്പോൾ ലോകത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് പെട്ടെന്ന് പകരുമെങ്കിലും ഗുരുതരമാവില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ചെറിയ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരിലേക്ക് രോഗം വ്യാപിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണം. ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന, ശ്വാസം എടുക്കുമ്പോഴുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഇവർ പൊതുവിടങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ആരോഗ്യമോഖലയിൽ പ്രവർത്തിക്കുന്നവർ, ആശുപത്രിയിലെത്തുന്ന രോഗികൾ എന്നിവരും മാസ്ക് ഉപയോഗിക്കണം. കൈകൾ സോപ്പിട്ട് കഴുകൽ, പരിസരശുചിത്വം എന്നിവ പൊതുജനങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.
സംസ്ഥാനത്ത് മഴ തുടങ്ങിയതോടെ ജലജന്യരോഗങ്ങളുടെ വ്യാപനത്തിനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. അതിനാൽ ആരോഗ്യവകുപ്പ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം വിലയിരുത്തി. മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യവകുപ്പിൻെറ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ജലസ്രോതസ്സുകൾ മലിനമാകുന്നത് തടയണമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്നതായി കണ്ടെത്തിയവർക്കെതിരെ സംസ്ഥാന പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കാനും അവർ നിർദ്ദേശിച്ചു.
കാലവർഷം ശക്തമാവുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വർദ്ധനവിന് സാധ്യതയുണ്ട്. അതിനാൽ ഹോട്ട്സ്പോട്ട് മാപ്പിംഗ് പോലുള്ള ഫീൽഡ് തല പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഉറവിട മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ മുടങ്ങാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കാര്യക്ഷമമായി നടപ്പിലാവണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രധാന നഗരങ്ങളിൽ ജാഗ്രത
കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയതോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ന്യൂഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലെല്ലാം കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. ഡൽഹിയിൽ ഇതിനോടകം 23 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആവശ്യത്തിനുള്ള ബെഡ്ഡുകൾ ഉറപ്പാക്കണമെന്നും ഓക്സിജൻ, വാക്സിൻ, മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. മുംബൈയിൽ 95 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 16 പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കർണാടകയിൽ ആകെയുള്ള 35 കേസുകളിൽ 32 എണ്ണവും ബെംഗളൂരുവിലാണ്. ബെംഗളൂരുവിൽ 9 മാസം പ്രായമുള്ള ഒരു കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
