നിപ:
മെഡിക്കൽ അടിയന്തരാവസ്ഥയ്ക്കും
അപ്പുറം

നിപ ഓരോ തവണ വരുമ്പോഴും നാം ഒരേ ചോദ്യമാണ് ചോദിക്കുന്നത്: "ഇത് നിയന്ത്രണത്തിലായോ?". ആ ചോദ്യം തെറ്റാണ് എന്നല്ല, അതിനൊപ്പം "ഈ വൈറസിന് ഒരിക്കൽ കൂടി മനുഷ്യരിലേക്ക് കടക്കാൻ നാം ഇടം കൊടുത്തത് എന്തുകൊണ്ടാണ്?" എന്ന ചോദ്യം കൂടി ചോദിക്കേണ്ടതുണ്ട്- ഡോ. കാർത്തിക കെ. എഴുതുന്നു.

കേരളത്തിന്റെ പൊതുജനാരോഗ്യ ചരിത്രത്തിൽ 2018 മുതൽ രേഖപ്പെടുത്തപ്പെട്ട നിപ രോഗബാധകൾ വെറുമൊരു 'മെഡിക്കൽ എമർജൻസി' മാത്രമല്ല. വേനൽക്കാലത്ത് നിന്ന് മഴക്കാലത്തിലേക്കുള്ള പരിവർത്തന ഘട്ടങ്ങളിൽ ആവർത്തിക്കുന്ന ഈ പ്രതിസന്ധിയെ താൽക്കാലിക പ്രതിരോധ സമീപനങ്ങൾക്കപ്പുറം, പാരിസ്ഥിതിക അധിനിവേശത്തിന്റെയും (Ecological Crisis) ഭൂവിനിയോഗ നയങ്ങളിലെ പോരായ്മകളുടെയും പശ്ചാത്തലത്തിൽ ശാസ്ത്രീയമായി വിശകലനം ചെയ്യേണ്ടതുണ്ട്.

രോഗബാധയുടെ സ്വഭാവവും
ലക്ഷണങ്ങളും

'പ്റ്റെറോപസ്' (Pteropus) ഇനത്തിൽപ്പെട്ട പഴംതീനി വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറൽ മൃഗജന്യരോഗമാണ് (Zoonotic Disease) നിപ. പ്രധാനമായും മസ്തിഷ്കത്തെയും ശ്വാസകോശത്തെയുമാണ് നിപ വൈറസ് ബാധിക്കുന്നത്. നിപ രോഗത്തിന്റെ രോഗബാധാരീതിയിലും വൈറസിന്റെ മനുഷ്യശരീരത്തിലെ പ്രവർത്തനങ്ങളിലും ഇപ്പോഴും ചില അവ്യക്തതകളുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്.

നിലവിലുള്ള വിവരങ്ങളനുസരിച്ച്, പഴംതീനി വവ്വാലുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്കാണ് രോഗവ്യാപനത്തിന്റെ തുടക്കത്തിൽ രോഗബാധ ഉണ്ടാകുന്നത് (Primary Case). തുടർന്ന് രോഗി ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോൾ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ശ്വസനത്തുള്ളികളിലൂടെയും (Droplet Infection) ശരീരസ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരുന്നു.

സാധാരണയായി സമ്പർക്കം ഉണ്ടായതിന് 4 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. പ്രാരംഭഘട്ടത്തിൽ പനി, പേശിവേദന, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുന്നു. തുടർന്ന് രോഗം അതിവേഗം പുരോഗമിച്ച് തലകറക്കം, മയക്കം, ശ്വാസതടസം, അപസ്മാരം എന്നിവയ്ക്ക് കാരണമാകുന്നു. മരണനിരക്ക് ഏകദേശം 40–75% വരെയാണെന്നതാണ് പ്രധാനമായും ഭീതി ജനിപ്പിക്കുന്ന വസ്തുത. മസ്തിഷ്കവീക്കവും (Encephalitis) തീവ്രമായ ശ്വാസകോശബാധയും ആണ് പ്രധാന മരണകാരണങ്ങൾ. രോഗമുക്തി നേടിയ ചിലരിൽ ദീർഘകാല നാഡീവ്യൂഹ പ്രശ്നങ്ങളും ഉണ്ടാകാം.

നിലവിൽ ഉയർന്ന രോഗിഭാരവും അപര്യാപ്തമായ സ്റ്റാഫ് ഘടനയും അണുബാധ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പ്രധാന വെല്ലുവിളിയായി തുടരുന്നു.
നിലവിൽ ഉയർന്ന രോഗിഭാരവും അപര്യാപ്തമായ സ്റ്റാഫ് ഘടനയും അണുബാധ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പ്രധാന വെല്ലുവിളിയായി തുടരുന്നു.

രോഗനിർണയവും
ചികിത്സയും

നിപ രോഗനിർണയം പ്രധാനമായും RT-PCR പരിശോധനയിലൂടെയാണ് നടത്തുന്നത്. ആവശ്യമായ സാഹചര്യങ്ങളിൽ രക്തം, തൊണ്ട സ്വാബ്, മൂത്രം, CSF എന്നിവയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ഉപയോഗിക്കുന്നു.

നിപ വൈറസ് രോഗത്തിന് നിലവിൽ പ്രത്യേക ചികിത്സയോ അംഗീകൃത വാക്സിനോ ലഭ്യമല്ല. എന്നിരുന്നാലും, മോണോക്ലോണൽ ആന്റിബോഡി, റെംഡെസിവിർ തുടങ്ങിയ മരുന്നുകൾ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. ചികിത്സാരീതികളുടെ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളും വെല്ലുവിളികളും

രോഗം മനുഷ്യരിലേക്ക് പകർന്നുകഴിഞ്ഞാൽ ആശുപത്രികൾക്കുള്ളിലെ സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം നിർണ്ണായകമാണെന്നത് നാം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. നിപ വൈറസിന്റെ പ്രക്ഷേപണ സ്വഭാവം പരിശോധിച്ചാൽ, രോഗി ഏറ്റവും ഗുരുതരാവസ്ഥയിൽ (Critical Stage) എത്തുമ്പോഴാണ് വൈറസ് വ്യാപനത്തിനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്. ഈ ഘട്ടത്തിൽ രോഗി ആശുപത്രിയുടെ പരിചരണത്തിലായിരിക്കുമെന്നതിനാൽ ആശുപത്രികളിലെ ഇൻഫെക്ഷൻ കൺട്രോൾ സംവിധാനങ്ങളുടെ കാര്യക്ഷമത രോഗവ്യാപനത്തെ നേരിട്ട് ബാധിക്കുന്നു.

ഓരോ വികസനപദ്ധതിയും ആസൂത്രണം ചെയ്യുമ്പോൾ, "ഇത് വൈറസുകൾക്ക് മനുഷ്യരിലേക്ക് സഞ്ചരിക്കാനുള്ള പുതിയ പാത (Spillover Corridor) തുറക്കുന്നുണ്ടോ?" എന്ന് പരിശോധിക്കാൻ ധൈര്യമുള്ള നയരൂപീകരണമാണ് ഇനി നമുക്ക് വേണ്ടത്.

ഇത്തരം സാഹചര്യങ്ങളിൽ ആശുപത്രികളിലെ അത്യാധുനിക അണുബാധ നിയന്ത്രണ മാനദണ്ഡങ്ങളെ (SOP) കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. ഗവണ്മെൻ്റ് ആശുപത്രികളിൽ അണുബാധ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ച ഉണ്ടാകുന്നുണ്ട്. ഇതിന് ഉദാഹരണമാണ് നിപയുടെ ആദ്യ ഘട്ടത്തിലുണ്ടായ രോഗവ്യാപനം. ഇത് നമ്മുടെ ആരോഗ്യ സംവിധാനത്തെ വിമർശിക്കുന്നതല്ല, മറിച്ച് വലിയൊരു ഔട്ട്‌ബ്രേക്ക് ഒഴിവാക്കാൻ ക്രിട്ടിക്കൽ കെയർ യൂണിറ്റുകളിലും മറ്റും കൂടുതൽ ജാഗ്രത പുലർത്തുകയും, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കും അണുബാധ തടയുന്നതിനും കൂടുതൽ ശാസ്ത്രീയമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന തിരിച്ചറിവാണ്.

നിലവിൽ ഉയർന്ന രോഗിഭാരവും അപര്യാപ്തമായ സ്റ്റാഫ് ഘടനയും അണുബാധ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പ്രധാന വെല്ലുവിളിയായി തുടരുന്നു. കൂടാതെ വേണ്ടത്ര പരിശീലനം ലഭിക്കാത്തതും കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കാനുള്ള സംവിധാനം ഇല്ലാത്തതും ചിലയിടത്തെങ്കിലും വെല്ലുവിളി ഉയർത്തുന്നു. ആശുപത്രികളിൽ ക്രമബന്ധമായ അണുബാധ നിയന്ത്രണ കമ്മിറ്റികൾ അനിവാര്യമാണ്.

ഗവണ്മെൻ്റ് ആശുപത്രികളിൽ അണുബാധ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ച ഉണ്ടാകുന്നുണ്ട്. ഇതിന് ഉദാഹരണമാണ് നിപയുടെ ആദ്യ ഘട്ടത്തിലുണ്ടായ രോഗവ്യാപനം.
ഗവണ്മെൻ്റ് ആശുപത്രികളിൽ അണുബാധ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ച ഉണ്ടാകുന്നുണ്ട്. ഇതിന് ഉദാഹരണമാണ് നിപയുടെ ആദ്യ ഘട്ടത്തിലുണ്ടായ രോഗവ്യാപനം.

രോഗനിരീക്ഷണവും
പ്രതിരോധ തന്ത്രങ്ങളും

പ്രതിരോധം ചികിത്സയേക്കാൾ ലളിതവും ഫലപ്രദവുമാണ്. രോഗബാധിതരെ നേരത്തേ കണ്ടെത്തൽ, സമ്പർക്കപ്പട്ടിക തയ്യാറാക്കി നിരീക്ഷണം നടത്തൽ, രോഗികളെ ഐസൊലേറ്റ് ചെയ്യൽ, ആശുപത്രികളിൽ കർശനമായ അണുബാധ നിയന്ത്രണ നടപടികൾ നടപ്പിലാക്കൽ എന്നിവ രോഗവ്യാപനം തടയുന്നതിൽ നിർണായകമാണ്.

അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം (AES), അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (ARDS) എന്നിവയ്ക്കായുള്ള ശക്തമായ രോഗനിരീക്ഷണസംവിധാനങ്ങൾ നിപ രോഗബാധ നേരത്തേ കണ്ടെത്താൻ സഹായിക്കുന്നു. വവ്വാലുകൾ ഉൾപ്പെടെയുള്ള രോഗാണുവാഹക മൃഗങ്ങളിലെ രോഗസാന്നിധ്യം നിരീക്ഷിക്കുന്ന മൃഗജന്യ രോഗനിരീക്ഷണം (Zoonotic Surveillance) രോഗവ്യാപനസാധ്യത മുൻകൂട്ടി തിരിച്ചറിയുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും സഹായിക്കുന്നു.

കൂടാതെ, പൊതുജനബോധവൽക്കരണം, അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും തടയൽ, വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിത പ്രവർത്തനം, ശക്തമായ ലബോറട്ടറി ശൃംഖല, രോഗനിരീക്ഷണ സംവിധാനങ്ങൾ എന്നിവ നിപ വൈറസ് പൊട്ടിപ്പുറപ്പെടലുകൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് അനിവാര്യമാണ്.

നിപ എന്നത് വെറുമൊരു വൈറൽ രോഗമല്ല, മറിച്ച് പ്രകൃതിയുടെ അതിരുകൾ ലംഘിക്കുന്ന വികസനരീതികൾക്കെതിരെ പ്രകൃതി നൽകുന്ന അനിവാര്യമായ മുന്നറിയിപ്പാണ്.

‘വൺ ഹെൽത്ത്’:
പാരിസ്ഥിതിക കാഴ്ചപ്പാട്

നിപ എന്നത് വെറുമൊരു വൈറൽ രോഗമല്ല, മറിച്ച് പ്രകൃതിയുടെ അതിരുകൾ ലംഘിക്കുന്ന വികസനരീതികൾക്കെതിരെ പ്രകൃതി നൽകുന്ന അനിവാര്യമായ മുന്നറിയിപ്പാണ്. മനുഷ്യൻ വനമേഖലകളിലേക്ക് അനിയന്ത്രിതമായി കടന്നുകയറുമ്പോൾ, വവ്വാലുകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആവാസവ്യവസ്ഥ തകരാറിലാകുന്നു. ഈ ആവാസവ്യവസ്ഥയുടെ തകർച്ചയാണ് വൈറസുകൾക്ക് മനുഷ്യരിലേക്ക് ചാടിക്കയറാനുള്ള പുതിയ പാതകൾ (Spillover Corridor) ഒരുക്കിക്കൊടുക്കുന്നത്.

നമ്മുടെ വികസനനയങ്ങൾ സാമ്പത്തിക വളർച്ചയെ മാത്രം ലക്ഷ്യമിടുമ്പോൾ, മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെക്കൂടി കണക്കിലെടുക്കുന്ന ‘വൺ ഹെൽത്ത്’ എന്ന സമഗ്ര കാഴ്ചപ്പാട് കേരളം ഇനിയും ഗൗരവമായി ഏറ്റെടുക്കേണ്ടതുണ്ട്. വനപ്രദേശങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങൾക്കപ്പുറം, അവിടങ്ങളിൽ വരാനിടയുള്ള വൈറൽ സാധ്യതകൾ കൂടി പഠനവിധേയമാക്കുന്ന ശക്തമായ ഭൂവിനിയോഗ നയങ്ങളാണ് നമുക്ക് ആവശ്യം.

മനുഷ്യൻ വനമേഖലകളിലേക്ക് അനിയന്ത്രിതമായി കടന്നുകയറുമ്പോൾ, വവ്വാലുകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആവാസവ്യവസ്ഥ തകരാറിലാകുന്നു.
മനുഷ്യൻ വനമേഖലകളിലേക്ക് അനിയന്ത്രിതമായി കടന്നുകയറുമ്പോൾ, വവ്വാലുകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആവാസവ്യവസ്ഥ തകരാറിലാകുന്നു.

മാറേണ്ട ചോദ്യങ്ങൾ,
മാറേണ്ട നയങ്ങൾ

നിപ ഓരോ തവണ വരുമ്പോഴും നാം ഒരേ ചോദ്യമാണ് ചോദിക്കുന്നത്: "ഇത് നിയന്ത്രണത്തിലായോ?". ആ ചോദ്യം തെറ്റാണ് എന്നല്ല, അതിനൊപ്പം "ഈ വൈറസിന് ഒരിക്കൽ കൂടി മനുഷ്യരിലേക്ക് കടക്കാൻ നാം ഇടം കൊടുത്തത് എന്തുകൊണ്ടാണ്?" എന്ന ചോദ്യം കൂടി ചോദിക്കേണ്ടതുണ്ട് എന്നാണ്. അത് ആരെയും കുറ്റപ്പെടുത്താനോ ഭൂതകാലത്തെ വിചാരണ ചെയ്യാനോ ഉള്ളതല്ല, മറിച്ച് ഭാവിക്കൊരു കൃത്യമായ ദിശാസൂചിക നിർമ്മിക്കാനുള്ളതാണ്.

രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണ്; 2018-ലെ ആദ്യ ഘട്ടത്തിൽ തന്നെ അത് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. പക്ഷേ, ആ താൽക്കാലിക വിജയം നമ്മെ ഒരു സുരക്ഷിതത്വബോധത്തിൽ ഉറക്കിക്കളയുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. കേരളത്തിന് ഇന്ന് ആവശ്യം രോഗം വന്നതിനുശേഷം മാത്രം ഉണർന്നുപ്രവർത്തിക്കുന്ന പ്രതിരോധശൈലിയല്ല (Reactive Outbreak Management); മറിച്ച് മുൻകൂർ ജാഗ്രതയോടെയുള്ള പാരിസ്ഥിതിക ഭരണസംവിധാനമാണ് (Proactive Ecological Governance).

ഓരോ വികസനപദ്ധതിയും ആസൂത്രണം ചെയ്യുമ്പോൾ, "ഇത് വൈറസുകൾക്ക് മനുഷ്യരിലേക്ക് സഞ്ചരിക്കാനുള്ള പുതിയ പാത (Spillover Corridor) തുറക്കുന്നുണ്ടോ?" എന്ന് പരിശോധിക്കാൻ ധൈര്യമുള്ള നയരൂപീകരണമാണ് ഇനി നമുക്ക് വേണ്ടത്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തി നമുക്കറിയാം. എന്നാൽ, ആ ആരോഗ്യസംവിധാനത്തിന് നിലനിൽക്കാൻ കേടുപാടുകൾ സംഭവിക്കാത്ത ഒരു പ്രകൃതിയും ആവാസവ്യവസ്ഥയും അനിവാര്യമാണ്. പാരിസ്ഥിതികമായ ആ സുരക്ഷ കൂടി ചേരുമ്പോൾ മാത്രമേ നമ്മുടെ പ്രതിരോധ സംവിധാനം പൂർണ്ണമാകൂ.

Comments