നാലാമതും നിപ: ശാസ്ത്രീയ പഠനം തുടരണം, പ്രഖ്യാപനം പൂനെ ലാബിൽ എന്ന നിബന്ധന മാറണം

‘‘നിപ പോലുള്ള രോഗങ്ങൾ കണ്ടെത്താനും അത് പ്രഖ്യാപിക്കാനുമുള്ള അവകാശം പുനെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്കു മാത്രമേയുള്ളൂ. കേരളത്തിലുള്ള ലാബുകളുടെ നിലവാരം പരിഗണിച്ച്, കാലഹരണപ്പെട്ട പൊതുജനാരോഗ്യനിയമത്തിലെ ഈ നിബന്ധന മാറ്റാൻ കേരള സർക്കാറിന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടാവുന്നതാണ്.’’- ഡോ. ബി. ഇക്ബാൽ എഴുതുന്നു.

നുഷ്യരിൽ കാണപ്പെടുന്ന നിരവധി പകർച്ചവ്യാധികൾ മനുഷ്യചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് സൂക്ഷ്മജീവികൾ കടന്നുവന്നതിന്റെ ഫലമായി ഉണ്ടായവയാ‍ണ്. ഇവയെ ജന്തുജന്യരോഗങ്ങൾ (സൂണോസിസ്: Zoonoses: Zoonotic Diseases) എന്നാണ് വിളിക്കുക. മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകർച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്. വർഷംതോറും 250 കോടി പേരിൽ ജന്തുജന്യരോഗങ്ങൾ കാണപ്പെടുകയും ഇവരിൽ 27 ലക്ഷം പേർ മരിക്കുകയും ചെയ്യുന്നുണ്ട്. മഹാമാരികളിൽ വസൂരിയും പോളിയോയും ഒഴിച്ചുള്ള പ്ലേഗ്, ഫ്ലൂ, എയ്ഡ്സ്, കോവിഡ്, സാർഴ്സ്, മെർഴ്സ്, എബോള, നിപ തുടങ്ങിയ മഹാമാരികൾ എല്ലാം മൃഗജന്യരോഗങ്ങളാണ്. വവ്വാലുകളിൽ നിന്ന് വെരുക് (സാർഴ്സ്), ഒട്ടകം (മേർഴ്സ്), എന്നീ ഇടനിലവാഹകർ വഴിയാണ് വൈറസുകൾ മനുഷ്യ ശരീരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. ചില രോഗങ്ങൾ കൊതുക്, ചെള്ള് തുടങ്ങിയ കീടങ്ങൾ വഴിയാണ് മനുഷ്യരിലെത്തുന്നത്. ഇവയെ പ്രാണിജന്യ രോഗങ്ങളെന്നും (Vector Born Diseases) വിളിക്കുന്നു. ഫലവത്തായ പ്രതിരോധ ചികിത്സയും വാക്സിനും ലഭ്യമാണെങ്കിലും പേപ്പട്ടിവിഷബാധ (Rabies) ലോകമെമ്പാടും ഇപ്പോഴും വലിയൊരു മൃഗജന്യ പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നുണ്ട്.

നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുടെ പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന സംസ്കാര ചടങ്ങുകളിൽ നിന്ന് / Photo: MediaOne

കോഴിക്കോട് ഇത്തവണ ആദ്യത്തെ രോഗിയിൽ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ നിപ സംശയിക്കേണ്ടതായിരുന്നു. പക്ഷെ, രോഗി മരിച്ചശേഷം, അടുത്ത രോഗി വന്നപ്പോഴാണ് സംശയമുണ്ടായത്.

മൃഗങ്ങളുമായി മനുഷ്യൻ കൂടുതൽ അടുത്തിടപഴകേണ്ടിവരുന്ന സാഹചര്യം പല കാരണങ്ങളാലും വർധിച്ചുവരികയാണ്. പരിസ്ഥിതിവിനാശത്തിന്റെ ഫലമായി വന്യജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥക്ക് കോട്ടം തട്ടുന്നു. പരിസ്ഥിതിയിലുണ്ടാവുന്ന തകരാറുകൾ കാലാവസ്ഥാ വ്യതിയാനത്തിന് (Climate Change) കാരണമാവുന്നു. ഇതിന്റെയെല്ലാം ഫലമായി വന്യജീവികൾ മനുഷ്യവാസസ്ഥലത്ത് കടക്കാൻ നിർബന്ധിക്കപ്പെടുന്നു. മനുഷ്യരിലെ വൈറസുകളുടെയും ബാക്റ്റീരിയകളുടെയും ജനിതക പഠനങ്ങൾ സൂചിപ്പിക്കുന്നത്, പല മനുഷ്യരോഗാണുക്കളുടെയും ഉദ്ഭവം കൃഷിയും മൃഗസംരക്ഷണവും ആരംഭിച്ച ചരിത്രഘട്ടങ്ങളിലായിരുന്നു എന്നാണ്. മൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം ഭക്ഷിച്ചിരുന്ന കാലഘട്ടങ്ങളിലും അവയെ ഇണക്കിവളർത്തിയ അവസരങ്ങളിലും വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് നിരവധി രോഗാണുക്കൾ പകർന്നിട്ടുണ്ട്. മൃഗമാംസ വ്യാപാരം വലിയൊരു വാണിജ്യവ്യവഹാരമായി മാറിയതും ജന്തുജന്യരോഗസാധ്യത വർധിപ്പിച്ചു

മൃഗങ്ങളുടെ ശരീരത്തിൽ പ്രതിരോധവ്യവസ്ഥയുമായി സന്തുലാവസ്ഥ കൈവരിച്ച് നിരവധി സൂക്ഷ്മജീവികൾ അവയിൽ രോഗമുണ്ടാക്കാതെ കഴിയുന്നുണ്ട്. ഒട്ടനവധി വൈറസുകളുടെ പ്രകൃത്യാലുള്ള വാഹകരാണ് (Natural Reservoir) വന്യജീവികൾ. മനുഷ്യരുമായി കൂടുതൽ അടുത്തിടപഴകുമ്പോൾ മൃഗങ്ങളുടെ ശരീരത്തിലുള്ള രോഗാണുക്കൾ നേരിട്ടോ മറ്റേതെങ്കിലും ഇടനിലജീവിയുടെ (intermediate Host) ശരീരത്തിലേക്ക് കടന്നിട്ടോ മനുഷ്യരിലെത്തി രോഗകാരണമാവുന്നു. പ്രത്യേക സാഹചര്യങ്ങളിൽ രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തുന്നതിനെ കുതിച്ചുചാട്ടം (Jumping), അതിരുകവിയൽ (Spillover) എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. ഇടനിലജീവിയുടെ ശരീരത്തിൽവച്ച് ജനിതക വ്യതിയാനത്തിലൂടെ (Mutation) രോഗാണുക്കൾക്ക് തീവ്രതയും (Virulence) പകർച്ചാസാധ്യതയും (Infectivity) വർധിക്കുകയും മനുഷ്യരിലെത്തുന്നതോടെ രോഗകാരണമാവുകയും ചെയ്യുന്നു.

1200 വംശങ്ങളുള്ള വവ്വാലുകളിൽ ആറായിരത്തോളം വൈറസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കണ്ട് അവയുടെ വംശനാശം വരുത്തുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവും. / Photo: Colorado State University

എന്തുകാരണം കൊണ്ടും ആശുപത്രിയിൽ ഒരു മരണം സംഭവിച്ചാൽ മരണപരിശോധന (ഡെത്ത് ഓഡിറ്റിംഗ്) നടപ്പിലാക്കാനുള്ള ശ്രമം കൂടി വേണം.

മൃഗകമ്പോളങ്ങൾ

കോഴി, താറാവ്, മത്സ്യം, ആടുമാടുകൾ തുടങ്ങി വിവിധ ജന്തുജാലങ്ങളുടെ മാംസവില്പന ദേശീയ- അന്തർദേശീയ തലത്തിൽ വമ്പിച്ച സാമ്പത്തിക ഇടപാടുകൾ നടക്കുന്ന വാണിജ്യസംരംഭങ്ങളായി മാറിയിട്ടുണ്ട്. ഇവയോടൊപ്പം ചൈന, ഇന്ത്യാനേഷ്യ, തായ്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ വെരുക്, വവ്വാൽ, പാമ്പ്, ഈനാംപേച്ചി തുടങ്ങിയ അപൂർവ ജന്തുജാലങ്ങളെ ജീവനോടെയോ മാംസങ്ങളായോ വിൽക്കുന്ന വെറ്റ് മാർക്കറ്റ് (Wet Market) എന്ന് വിശേഷിപ്പിക്കുന്ന കമ്പോളങ്ങളും പ്രവർത്തിച്ച് വരുന്നു. ഇത്തരം വ്യാപാരശാലകളിൽ ജീവജാലങ്ങളെ പലപ്പോഴും യാതൊരു ശുചിത്വമാനദണ്ഡങ്ങളും പാലിക്കാതെ കൂടുകളിലായി തിക്കിനിറച്ചാണ് ശേഖരിച്ചുവക്കാറ്. വിവിധ ജന്തുജാലങ്ങളുടെ ശരീരത്തിലുള്ള വൈറസുകൾ അന്യോന്യം വിനിമയം ചെയ്യപ്പെട്ട് ജനിതക സംയോജനത്തിലൂടെ തീവ്രത കൈവരിക്കാനുള്ള സാധ്യത ഇതിലൂടെ വർധിക്കുന്നു. . ഇത്തരം കമ്പോളങ്ങളിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കം കൂടുതൽ ഗാഢമാകുന്നതോടെ വൈറസുകൾ മനുഷ്യശരീരത്തിലേക്ക് കടക്കുകയും രോഗകാരണമാവുകയും ചെയ്യുന്നു.
ചൈനയിലെ വെറ്റ് മാർക്കറ്റുകളിൽ നിന്നാണ് സാർഴ്സ് വൈറസുകൾ മനുഷ്യരിലെത്തിയത്. പക്ഷിപ്പനിയുടെ ഉറവിടവും ഇത്തരം വാണിജ്യകേന്ദ്രങ്ങളായിരുന്നു. മൃഗകമ്പോളങ്ങളിൽ നിന്ന് ജനിതകമാറ്റത്തിലൂടെ രൂപംകൊള്ളുന്ന ഫ്ലൂ വൈറസ് വഴി കൂടുതൽ രൂക്ഷമായ ഫ്ലൂ മഹാമാരി ഉത്ഭവിക്കാനുള്ള സാധ്യയുണ്ടെന്ന് വിദഗ്ധർ ജാഗ്രതപ്പെടുത്തിയിട്ടുണ്ട്.

Photo: Deshabhimani

ജന്തുജാലങ്ങളുടെ പ്രസക്തി

വളർത്തുമൃഗങ്ങളെ ഒഴിവാക്കിയും വന്യജീവികളെ നശിപ്പിച്ചും അവയുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കിയും ജന്തുജന്യരോഗങ്ങളിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതുന്നത് പ്രായോഗികമല്ല. അഞ്ചാംപനി വൈറസിന്റെ പൂർവ്വികനായ കാലിവസന്ത വൈറസ് മനുഷ്യരിൽ രോഗമുണ്ടാക്കുന്നവയായിരുന്നില്ല. എന്നാൽ അഞ്ചാംപനി വൈറസിനേക്കാൾ കൂടുതൽ മനുഷ്യമരണങ്ങൾ കാലിവസന്ത മൂലം പരോക്ഷമായിട്ടുണ്ടായിട്ടുണ്ട്. വായുവിലൂടെ പകരുന്ന, നൂറു ശതമാനംവരെ മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ള ഈ രോഗം കന്നുകാലികളെ മുഴുവൻ ഇല്ലാതാക്കി മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിട്ടാണ് മനുഷ്യമരണങ്ങൾക്ക് കാരണമായത്. 1889- ൽ എത്യോപ്യയിൽ മൂന്നിലൊന്നു മനുഷ്യർ മരിച്ചതടക്കം, ആഫ്രിക്കയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണങ്ങൾക്ക് കാരണമായത് കാലിവസന്ത മൂലമുണ്ടായ കന്നുകാലികളുടെ കൂട്ടമരണവും തുടർന്നുണ്ടായ പട്ടിണിയുമാണ്. ജന്തുജന്യരോഗഭീഷണി എന്നതിനപ്പുറം മൃഗാരോഗ്യം മനുഷ്യരുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് ഈ പട്ടിണിമരണങ്ങളുടെ ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.

കേരളത്തിൽ ഒരു പൊതുജനാരോഗ്യവകുപ്പ് ഇല്ല എന്നത് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ പബ്ലിക് ഹെൽത്ത് ആക്ട് ഗവർണറുടെ പരിഗണനയിലാണ്. സർക്കാർ പരിശോധനയിലുള്ള പബ്ലിക് ഹെൽത്ത് കേഡർ ഉടനെ നടപ്പിലാക്കാൻ നടപടി സ്വീകരിക്കണം.

നിരവധി പകർച്ചവ്യാധികൾക്ക് കാരണമായ വൈറസുകളുടെ പ്രകൃതിദത്തവാഹകർ വവ്വാലുകളാണ്. എബോള, മീസിൽസ്, മമ്സ്, നിപ, കൊറോണ വൈറസുകളെല്ലാം മനുഷ്യരിലെത്തിയത് വവ്വാലുകളിൽ നിന്നാണ്. 1200 വംശങ്ങളുള്ള വവ്വാലുകളിൽ ആറായിരത്തോളം വൈറസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കണ്ട് അവയുടെ വംശനാശം വരുത്തുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവും. പ്രകൃതിചക്രത്തിലും പുനഃചക്രത്തിലും, പരിസ്ഥിതിസംരക്ഷണത്തിലും സാമ്പത്തികഘടനയിലും മനുഷ്യാരോഗ്യസംരക്ഷണത്തിലുമെല്ലാം വവ്വാലുകൾ സുപ്രധാന പങ്ക് വഹിക്കുന്നു. കൃഷി നശിപ്പിക്കുകയോ മനുഷ്യരിൽ രോഗം പരത്തുകയോ ചെയ്യുന്ന പല കീടങ്ങളേയും അമിതമായി പെരുകാതെ നിയന്ത്രിച്ച് നിർത്തുന്നത് വവ്വാലുകളാണ്. പല ചെടികളിലും പരാഗണം നടത്തുന്നതും അവയുടെ വിത്തുകൾ വിതരണം ചെയ്യുന്നതും വവ്വാലുകളാണ്. ഗുഹകളിൽ കഴിയുന്ന വവ്വാലുകളുടെ വംശനാശം സംഭവിച്ചുവരികയാണ്.

1889- ൽ എത്യോപ്യയിൽ മൂന്നിലൊന്നു മനുഷ്യർ മരിച്ചതടക്കം, ആഫ്രിക്കയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണങ്ങൾക്ക് കാരണമായത് കാലിവസന്തമൂലമുണ്ടായ കന്നുകാലികളുടെ കൂട്ടമരണവും തുടർന്നുണ്ടായ പട്ടിണിയുമാണ്. / Photo: Wikipedia

പരിസ്ഥിതി നശീകരണത്തിന്റെ ഭാഗമായി വവ്വാലുകളുടെ ആവാസവ്യവസ്ഥക്ക് കോട്ടം സംഭവിക്കുകയും അവയുടെ ആഹാരസ്രോതസ്സുകൾ കുറഞ്ഞു വരികയും ചെയ്യുന്നുണ്ട്. വവ്വാലുകളുടെ ജീവിതസാഹചര്യങ്ങളിൽ മനുഷ്യർ കടന്നു കയറുന്നതുകൊണ്ടാണ് വവ്വലുകളിലെ വൈറസുകൾ മനുഷ്യരിലെത്തി രോഗം പരത്തുന്നത്.

പൊതുവിൽ അവഗണിക്കപ്പെട്ടുപോയ വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കാണാതെ അവയെ സംരക്ഷിച്ച് നിർത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ജന്തുക്കളെ സംബന്ധിച്ചും അവയുടെ സാമൂഹിക- സാമ്പത്തിക- പാരിസ്ഥിതിക പ്രസക്തിയെ സംബന്ധിച്ചും ജന്തുജന്യരോഗങ്ങളെ സംബന്ധിച്ചുമുള്ള ശാസ്ത്രീയ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും, വളർത്തുമൃഗങ്ങളോടും പരിസ്ഥിതിയോടും ജാഗ്രതയോടെയുള്ള സഹവർത്തിത്വം പുലർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ശാസ്തീയ സമീപനമാണ് സ്വീകരിക്കേണ്ടത്.

‘ഏകലോകം ഏകാര്യോഗ്യം’

അഭൂതപൂർമായ ജനസംഖ്യാവർദ്ധന, വന്യജീവികളുടെ ആവാസകേന്ദ്രങ്ങളിലേക്ക് വർധിച്ചുവരുന്ന കടന്നുകയറ്റം, ഭൂവിനിയോഗത്തിലെ വമ്പിച്ച മാറ്റങ്ങൾ, കാലാവസ്ഥാവ്യതിയാനം, വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ഇവയിൽ നിന്നുള്ള ഉല്പന്നങ്ങളുടെയും ആഗോളവിനിമയം തുടങ്ങി മഹാമാരികൾ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്നത് സുനിശ്ചിതമാക്കുന്ന ഘടകങ്ങൾ ‘ഏകലോകം ഏകാരോഗ്യം’ എന്ന സമീപനത്തിലേക്ക് ലോകത്തെ എത്തിച്ചിട്ടുണ്ട്. മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനിൽ‌പ്പും പരിസ്ഥിതിയും പരസ്പര ബന്ധിതമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ പരിസ്ഥിതിയും മൃഗങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നത് മനുഷ്യാരോഗ്യസംരക്ഷണം പോലെ പ്രധാനമാണെന്ന ‘ഏകലോകം ഏകാരോഗ്യം’ എന്ന കാഴ്ചപ്പാട് ഇപ്പോൾ ലോകരാജ്യങ്ങൾ അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

ഈയൊരു അടിസ്ഥാനപരമായ കാഴ്ചപ്പാടിൽനിന്നുകൊണ്ടുവേണം, കേരളം അടക്കമുള്ള സ്ഥലങ്ങളിലെ നിപ പോലുള്ള പകർച്ചാവ്യധികളെ ശാസ്ത്രീയമായി സമീപിക്കാൻ.

നിപ ആദ്യം കണ്ടെത്തിയ മലേഷ്യയിൽ പന്നികളുടെ ശരീരത്തിൽനിന്നാണ് മനുഷ്യരിലേക്ക് വൈറസ് എത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, കേരളത്തിൽ ഇതുവരെ, ഏത് രീതിയിലാണ് വൈറസ് വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് എത്തിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കേരളത്തിൽ നാലാമതും നിപ: ഇനിയെന്ത്?

നിപ ഉണ്ടായ രാജ്യങ്ങളിലെല്ലാം, എങ്ങനെ മനുഷ്യരിലേക്ക് വൈറസ് എത്തി എന്നത് കൃത്യമായി കണ്ടുപിടിച്ചിട്ടുണ്ട്. ബംഗ്ലാദേശാണ് ഏറ്റവും നല്ല ഉദാഹരണം. അവിടെ തുടക്കത്തിൽ ഇത് കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം നടത്തിയപ്പോഴാണ്, പനങ്കള്ള് കുടിക്കുന്ന വവ്വാലുകളുടെ വിസർജ്യത്തിലൂടെയും ഉമിനീരിലൂടെയും മറ്റും കള്ളിലേക്ക് വൈറസ് എത്തിയതായും പിന്നീട് മനുഷ്യരിലേക്ക് പടരുന്നതായും കണ്ടെത്താൻ കഴിഞ്ഞത്. നിപ ആദ്യം കണ്ടെത്തിയ മലേഷ്യയിൽ പന്നികളുടെ ശരീരത്തിൽനിന്നാണ് മനുഷ്യരിലേക്ക് വൈറസ് എത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, കേരളത്തിൽ ഇതുവരെ, ഏത് രീതിയിലാണ് വൈറസ് വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് എത്തിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിന് ആദ്യം കുറെ ശ്രമം നടത്തി. നിപ വൈറസുകൾ കേരളത്തിൽ കാണപ്പെടുന്ന വവ്വാലുകളുടെ ശരീരത്തിലുണ്ട് എന്ന് കണ്ടെത്താൻ കഴിഞ്ഞു. വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിച്ചുപോയ പഴങ്ങളിൽ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയത് എന്ന ഊഹമല്ലാതെ കൃത്യമായി മനുഷ്യരിലെത്തിയ മാർഗ്ഗം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോവിഡിന്റെ കാര്യവും ഇതുതന്നെയാണ്. ചൈനയിൽ കോവിഡ് എങ്ങനെയാണ് മനുഷ്യനിലെത്തിയത് എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃഗമാർക്കറ്റിലെ വവാലുകളിൽ നിന്നും ഈനാപീച്ചിവഴിയും എത്തിയിരിക്കാമെന്ന് (Pangolin) കരുതപ്പെടുന്നു എന്നുമാത്രം.

നിപ പോലുള്ള രോഗങ്ങൾ കേരളത്തിലെ ലാബുകളിൽ സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടില്ല, ടെസ്റ്റ് ഫലം പ്രഖ്യാപിക്കാനും നമുക്ക് കഴിയണം.

നിപ വീണ്ടും കണ്ടെത്തിയ സ്ഥിതിക്ക്, കേരളത്തിൽ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശാസ്ത്രീയ അന്വേഷണങ്ങൾ തുടരണം. ഇവിടെ അതിനുള്ള സംവിധാനമുണ്ട്. വെറ്ററിനറി, ആരോഗ്യ സർവകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സഹായത്തോടെ പഠനം നടത്തണം.

കേരളത്തിൽ ലാബുകൾ
സുസജ്ജം, പക്ഷെ…

ഇപ്പോൾ ഏതു വൈറസ് രോഗവും ലബോറട്ടറി പരിശോധനകളിലൂടെ കണ്ടെത്താനുള്ള സംവിധാനം കേരളത്തിലെ മൂന്ന് ലാബുകളിലുമുണ്ട്. ഐ.സി.എം.ആറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ലബോറട്ടറി, കേന്ദ്രസർക്കാർ സ്ഥാപനമായ ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സംസ്ഥാന സർക്കാറിനുകീഴിൽ തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി എന്നിവയാണ് ഈ ലാബുകൾ. ഇതിനെല്ലാം വേണ്ടിവരുന്ന അടിസ്ഥാനപരമായ സാങ്കേതികവിദയായ RTPC (Real-time Polymerase Chain Reaction) ഈ സ്ഥാപനങ്ങളിലെല്ലാം ഉണ്ട്. പിന്നീട്, അതാത് വൈറസ് രോഗത്തിന് ആവശ്യമായ പ്രോബുകളുടെ ആവശ്യം മാത്രമേയുള്ളൂ. അതുണ്ടെങ്കിൽ ഏത് വൈറസ് രോഗവും നിർണയിക്കാൻ കഴിയും. അതിനുള്ള സൗകര്യവും ഇവിടെയുണ്ട്.

എന്നാൽ, നിപ പോലുള്ള സാംക്രമികരോഗങ്ങൾ കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യകൾ ഇത്ര വളരാതിരുന്ന കാലത്തുണ്ടാക്കിയ, കാലഹരണപ്പെട്ട പൊതുജനാരോഗ്യനിയമമാണ് ഇപ്പോഴുള്ളത്. അതനുസരിച്ച്, നിപ പോലുള്ള രോഗങ്ങൾ കണ്ടെത്താനും അത് പ്രഖ്യാപിക്കാനുമുള്ള അവകാശം പുനെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്കു മാത്രമേയുള്ളൂ.

ബയോളജിക്കൽ സേഫ്റ്റി ലെവൽ (BSL) രണ്ടോ അതിൽ കൂടുതലോ ഉള്ള ലാബുകളിൽ രോഗം നിർണയിക്കുന്നതാണ് ഉചിതം. കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ BSL 2+ ആണ്. മറ്റ് രണ്ട് ലാബറട്ടറികളും BSL 2 നിലവാരത്തിലുള്ളവയാണ്. ഇത്തരം രോഗങ്ങൾ കേരളത്തിലെ ലാബുകളിൽ സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടില്ല, ടെസ്റ്റ് ഫലം പ്രഖ്യാപിക്കാനും നമുക്ക് കഴിയണം. കേരളത്തിലുള്ള ലാബുകളുടെ നിലവാരം പരിഗണിച്ച് ഈ നിബന്ധന മാറ്റാൻ കേരള സർക്കാറിന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടാവുന്നതാണ്. നിരവധി ലോകരാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികളുടെ (പാൻഡമിക്ക്, എപ്പിഡമിക്) കാര്യത്തിൽ രോഗം സ്ഥിരീകരിച്ച് സാർവദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്യുന്നത് ലോകാരോഗ്യസംഘടനയാണ്. അപ്പോഴും അതത് രാജ്യങ്ങൾക്ക് രോഗം കണ്ടെത്തി പ്രഖ്യാപനം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ അവകാശമുണ്ട്. ഈ മാതൃക കേന്ദ്രസർക്കാരിനും പിന്തുടരാവുന്നതാണ്.

കേന്ദ്ര സർക്കാരിൻ്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാതെ, രോഗലക്ഷണങ്ങളിൽനിന്ന് രോഗം സംശയിക്കുന്ന ഘട്ടത്തിൽ തന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചുതുടങ്ങാവുന്നതാണ്. പ്രത്യേകിച്ച്, സമ്പർക്കാന്വേഷണം (കോൺടാക്റ്റ് ട്രെയ്‌സിങ്), കൂടുതൽ രോഗികളുണ്ടായാൽ അവരെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കൽ, ജനങ്ങൾക്ക് കരുതൽ സന്ദേശം നൽകൽ എന്നിവയൊക്കെ രോഗം സംശയിച്ചാൽ തന്നെ ചെയ്യാവുന്നതാണ്. ഇത്തവണ അതെല്ലാം തക്കസമയത്ത് ചെയ്തിട്ടുണ്ട്. എങ്കിലും കേന്ദ്രസർക്കാർ പിന്തുടർന്നുവരുന്ന നിബന്ധന ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തി ഈ നിയമം മാറ്റേണ്ടതാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി

കോവിഡിന്റെയോ നിപയുടെയോ കാര്യത്തിൽ മാത്രമല്ല, ഏത് ദുരന്തമുണ്ടായാലും ദുരിതാശ്വാസവും സുരക്ഷയും ഒരുക്കുന്നതിൽ കേരളത്തിലെ നല്ലവരായ നാട്ടുകാരെല്ലാം സഹകരിക്കുകയും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. പക്ഷേ പ്രശ്നം, നിയന്ത്രണവിധേയമായാൽ കേരളത്തിൽ പൊതുവേ എല്ലാതലത്തിലും ഒരു ആലസ്യമുണ്ടാകാറുണ്ട് എന്നതാണ്. ഏറ്റവും നല്ല ഉദാഹരണം, ബോട്ട് അപകടങ്ങളാണ്. അപകടത്തിൽ പെട്ടവരെ സഹായിക്കാൻ എല്ലാവരും ഊർജ്ജിതമായി പ്രവർത്തിക്കും. തുടർന്ന് അപകടകാരണ കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാൻ സർക്കാർ ഒരു കമീഷനെ നിയമിക്കും, കമ്മീഷൻ റിപ്പോർട്ട് വന്നാൽ അത്, പിന്നീട് ആരും ശ്രദ്ധിക്കില്ല. പിന്നെ അടുത്ത ബോട്ടപകടമുണ്ടാകുന്നതുവരെ കാത്തിരിക്കും. എല്ലാം വീണ്ടും ആവർത്തിക്കും. ഇത്തരമൊരു പ്രവണത നമ്മുടെ നാട്ടിലുണ്ട്. ഇക്കാര്യത്തിൽ കുറെ ഭേദം ആരോഗ്യമേഖലയാണ് എന്നാണ് എന്റെ വിലയിരുത്തൽ. എങ്കിലും, ഇപ്പോഴത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ കുറെക്കൂടി ഊർജിതമായ തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്.

കേരളത്തിൽ ഒരു പൊതുജനാരോഗ്യവകുപ്പ് ഇല്ല എന്നത് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രധാനമായും ചികിത്സയെ കേന്ദ്രീകരിച്ചുള്ള സംവിധാനമാണ് നമുക്കുള്ളത്, രോഗപ്രതിരോധത്തിന് അർഹമായ ഊന്നൽ നൽകാറില്ല. നിയമസഭ പാസാക്കിയ പബ്ലിക് ഹെൽത്ത് ആക്ട് ഗവർണറുടെ പരിഗണനയിലാണ്. ഇതിനുപുറമേ, ഇതിനകം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സർക്കാർ പരിശോധനയിലുള്ള പബ്ലിക് ഹെൽത്ത് കേഡർ ഉടനെ നടപ്പിലാക്കാൻ നടപടി സ്വീകരിക്കണം.

നിപ സ്ഥിതീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തുന്നു

മിക്ക രോഗങ്ങൾക്കും ആരോഗ്യവകുപ്പ് രോഗചികിത്സാ- രോഗ നിർണയ മാനദണ്ഡങ്ങൾ- (Standard Treatment guidelines) - ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാൽ ഇത് വേണ്ടത്ര ഗൗരവത്തോടെ പിന്തുടരുന്നില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോഴിക്കോട് ഇത്തവണ ആദ്യത്തെ രോഗിയിൽ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ നിപ സംശയിക്കേണ്ടതായിരുന്നു. പക്ഷെ, രോഗി മരിച്ചശേഷം, അടുത്ത രോഗി വന്നപ്പോഴാണ് സംശയമുണ്ടായത്. പകർച്ചവ്യാധികളുടെ സാന്നിധ്യം കേരളത്തിൽ കൂടുതലായതിനാൽ, പ്രത്യേകിച്ച്, പനിരോഗങ്ങളുടെ കാര്യത്തിൽ, ചികിത്സാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിരിക്കേണ്ടതാണ്. ചികിത്സാമാനദണ്ഡങ്ങൾ സർക്കാർ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളിലും നടപ്പാക്കേണ്ടതാണ്.

നിപ രോഗികൾ ആദ്യം സ്വകാര്യ ആശുപത്രികളിലാണ് ചികിത്സിക്കായി എത്തിയത്. അതുകൊണ്ട് ചികിത്സാമാനദണ്ഡങ്ങൾ ആവിഷ്‌കരിക്കുകയും അത് സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ഒരേപോലെ നടപ്പാക്കുകയും വേണം. എന്തുകാരണം കൊണ്ടും ആശുപത്രിയിൽ ഒരു മരണം സംഭവിച്ചാൽ മരണപരിശോധന (ഡെത്ത് ഓഡിറ്റിംഗ്) നടപ്പിലാക്കാനുള്ള ശ്രമം കൂടി വേണം.

ചുരുക്കിപ്പറഞ്ഞാൽ, കോഴിക്കോട്ടെ നിപ അനുഭവത്തിന്റെ വെളിച്ചത്തിൽ അടിയന്തിരമായി ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

  • പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ടിനുമാത്രമേ രോഗം പ്രഖ്യാപിക്കാനാവൂ എന്ന, നിലവിലെ നിബന്ധന മാറ്റണമെന്ന് കേന്ദ്രത്തോട് കേരളസർക്കാർ ആവശ്യപ്പെടേണ്ടതാണ്

  • പബ്ലിക് ഹെൽത്ത് കേഡർ രൂപീകരിക്കുക.

  • നിപ വൈറസ് മനുഷ്യരിലേക്ക് എത്തിയത് എങ്ങനെ എന്നതിനെക്കുറിച്ച് ശാസ്ത്രീയപഠനം തുടരുക.

  • ചികിത്സ- രോഗനിർണയ മാനദണ്ഡങ്ങൾ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ നിർബന്ധമാക്കുക

  • ആശുപത്രിയിൽ മരിക്കുന്ന രോഗികളുടെ ഡെത്ത് ഓഡിറ്റിംഗ് നടത്തുക


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments