ഇന്ത്യൻ നഴ്​സുമാരുടെ കൂട്ടപ്പലായനം നാം കൈയും കെട്ടി നോക്കിനിൽക്കുകയാണ്​…

കോവിഡിനുശേഷം വികസിത രാജ്യങ്ങൾ അവർക്ക് അത്യാവശ്യം വേണ്ട ‘മെഡിക്കൽ ഫോഴ്സ് / ഹെൽത്ത്‌ റിലേറ്റഡ് സ്കിൽഡ് വർക്ക്‌ ഫോഴ്സ്’ അഥവാ ആരോഗ്യരംഗത്തിന്റെ ദൃഢതക്കുവേണ്ട ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം ജാഗ്രത പുലർത്തുന്നുണ്ട്. അപ്പോഴാണ് നമ്മുടെ ഇത്രയും വലിയൊരു മാനവവിഭവശേഷി മറ്റു വികസിത രാജ്യങ്ങളിലേയ്ക്ക് കുതിച്ചൊഴുകുന്നത് നാം കൈയും കെട്ടി നോക്കിനിൽക്കുന്നത്. ലോക നഴ്​സസ്​ ദിനത്തിൽ, ഇന്ത്യൻ നഴ്​സിംഗ്​ മേഖലയെക്കുറിച്ച്​ ഒരു വിചാരം.

ണക്കുകൾ പ്രകാരം ഏകദേശം ഏഴു മില്യൺ മനുഷ്യരുടെ പ്രാണനെടുത്ത കോവിഡ് മഹാമാരിക്ക് ശേഷം 2023- ലെ നഴ്സസ് ദിനത്തിൽ ‘Nurses our future’ എന്ന വലിയ സന്ദേശം ലോകാരോഗ്യസംഘടന മുന്നോട്ടുവെക്കുമ്പോൾ അതിനെ നഴ്സിംഗ് സമൂഹത്തിന്റെ ചരിത്രവിജയമായി തന്നെയാണ് പരിഗണിക്കേണ്ടത്. കോവിഡ് എന്ന മഹാവിപത്തിന്റെ അതിജീവനത്തിൽ നഴ്സിംഗ് സമൂഹം വഹിച്ച പങ്ക് ചരിത്രപരമായി രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. പക്ഷേ, ഇന്ത്യൻ ആരോഗ്യമേഖലയിൽ ഒട്ടും ആശാവഹമായ അന്തരീക്ഷമല്ല നിലവിലുള്ളത്.

പടക്കോപ്പുകളും യുദ്ധവിമാനങ്ങളും വാങ്ങിക്കൂട്ടാൻ മത്സരിച്ചിരുന്ന രാജ്യങ്ങൾ കോവിഡാനന്തരലോകത്ത്​ തങ്ങളുടെ ആരോഗ്യസംവിധാനങ്ങളുടെ ദൃഢതയ്ക്ക് കൂടുതൽ പണവും മാനവവിഭവശേഷിയും ചെലവഴിക്കാൻ തുടങ്ങി. അതോടൊപ്പം, കോവിഡ് ലോക സാമ്പത്തികരംഗത്തിനേൽപ്പിച്ച ആഘാതത്താൽ വർധിച്ച ദാരിദ്ര്യവും തൊഴിൽരാഹിത്യവും സാമ്പത്തിക അസന്തുലിതാവസ്ഥയും കൂടിയായപ്പോൾ ആരോഗ്യപ്രവർത്തകരുടെ ഇന്നു വരെ കാണാത്ത പലായനമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. വികസിത രാജ്യങ്ങളിലേയ്ക്ക് വികസ്വര രാജ്യങ്ങളിൽ നിന്നുള്ള കൂട്ടപലായനം വിരൽ ചൂണ്ടുന്നത് കോവിഡിനുശേഷം നിലവിൽ വന്ന ജീവിത നിലവാരത്തിലെ കടുത്ത അസന്തുലിതാവസ്ഥയാണ്. ഈ പ്രത്യേക സാഹചര്യത്തിൽ നിന്നുവേണം ഇന്ത്യൻ നഴ്സിംഗ് രംഗത്തിന്റെ നിലവിലെ അവസ്ഥ വിലയിരുത്താൻ. ഇന്ത്യൻ നഴ്സിംഗ് മേഖലയിൽ നിന്ന് കൂട്ടപലായനം നടക്കുന്ന ഈ ഗുരുതരാവസ്ഥയിലെങ്കിലും നിലവിലെ രാജ്യത്തെ തൊഴിൽ സാഹചര്യങ്ങളെ കൃത്യമായി ഓഡിറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

നഴ്സിംഗ് എന്ന കലയുടെ ചരിത്രപരമായ വസ്തുതകൾ പരിശോധിച്ചാൽ നഴ്സിംഗിന്റെ പ്രഭവകേന്ദ്രമായ ഇംഗ്ലണ്ടിന്റെ അന്നുണ്ടായിരുന്ന സാമൂഹിക- സാംസ്ക്കാരിക പരിസരങ്ങളുടെ സ്വാധീനം നമുക്ക് ബോധ്യപ്പെടും. ഇംഗ്ലണ്ടിന്റെ ബോധമണ്ഡലത്തെ ഏറെ സ്വാധീനിച്ച തത്വചിന്തകരായ അരിസ്റ്റോട്ടിൽ, സോക്രട്ടീസ്, പ്ലേറ്റോ തുടങ്ങിയവർ സിംപതി, എംമ്പതി എന്നിവയെ പറ്റിയും അവയ്ക്ക് മനുഷ്യദുരിതങ്ങളുമായുള്ള തീവ്രബന്ധത്തെപ്പറ്റിയും തങ്ങളുടെ തത്വചിന്താസിദ്ധാന്തങ്ങളിൽ നൽകിയ അപാരമായ മഹത്വവത്കരണം വലിയ തോതിൽ നഴ്സിംഗിന്റെ ഉത്ഭവകാലത്തെ സ്വാധീനിച്ചിട്ടുണ്ട്. പ്ലേറ്റൊ എമ്പതിയെ വിശേഷിപ്പിച്ചത് ഒരു മനുഷ്യന്റെ അറിവിന്റെ പരമോന്നതമായ അവസ്ഥ എന്നാണ്. കാരണം, അന്നുവരെ അയാൾ ആർജ്ജിച്ച മുഴുവൻ അറിവും, ഞാൻ എന്ന സ്വത്വബോധവും അപ്പാടെ ഉപേക്ഷിച്ച് ദുരിതം പേറുന്ന മറ്റൊരാളുടെ വേദനകൾ അനുഭവിക്കുക. വലിയ മനുഷ്യർക്ക് മാത്രം സാധ്യമുള്ള ഒന്നാണിത്. ഇത്തരം സിദ്ധാന്തങ്ങൾ രോഗീപരിചരണത്തെ ഒരു ദൈവവേല എന്ന നിലയിൽ മഹത്വവത്കരിക്കയും അതോടെ നഴ്സിംഗ് ആ കാലഘട്ടത്തിലെ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളുടെ കാതലായി മാറുകയും ചെയ്തു.

ഈ ഒരു കാലഘട്ടത്തിൽ തന്നെ ഇംഗ്ലണ്ടിനെ ഏറെ സ്വാധീനിച്ച എഴുത്തുകാരൻ ചാൾസ് ഡിക്കൻസിന്റെ മാർട്ടിൻ ചുസിൽവിറ്റ് എന്ന നോവലിലെ സൈറ ഗാമ്പി എന്ന അഴിഞ്ഞാട്ടക്കാരിയായ നഴ്സ് കഥാപാത്രം സൃഷ്ടിച്ച മോശം പ്രതിഛായ അന്ന് നഴ്സിംഗിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന ഫ്ലോറൻസ് നൈറ്റിംഗേളിനെ പോലെയുള്ള മഹാപ്രതിഭകളെ അബോധതലത്തിൽ ബാധിച്ചു. ഈ പ്രതിച്ഛായ മറികടക്കാനെന്നൊണം ബോധപൂർവ്വമോ അല്ലാതെയോ ഇതൊരു ദൈവിക കർമ്മമാണ് എന്ന നിലയിൽ അങ്ങേയറ്റം കരുണയോടും ത്യാഗത്തോടും ഈ കലയെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമം നടന്നു. ഫ്ലോറൻസ് നൈറ്റിംഗേളിന്റെ ജീവചരിത്രം പരിശോധിച്ചാൽ കൗമാരത്തിൽ ഒരു പൂന്തോട്ടത്തിൽ വച്ച് ദൈവവിളി കിട്ടി വൈവാഹികജീവിതം ഉപേക്ഷിച്ചതുമുതൽ രണ്ടാം ലോകമഹായുദ്ധകാലത്ത് അവർ നടത്തിയ ത്യാഗനിർഭരമായ പ്രവർത്തികൾ വരെയുള്ളവ അങ്ങേയറ്റം ദിവ്യത്വം നിറഞ്ഞ നിലയിലാണ് ലോകം സ്വീകരിച്ചത്. ഇംഗ്ലണ്ടിലെ മ്യൂസിയത്തിൽ സൂക്ഷിക്കുന്ന ഫ്ലോറൻസ് നൈറ്റിംഗേളിന്റെയും വിക്ടോറിയ രാജ്ഞിയുടെയും ചിത്രങ്ങളിൽ വിശുദ്ധമായ രത്നം സമ്മാനിച്ച് ഫ്ലോറൻസ് നൈറ്റിംഗേളിനടുത്ത് ഒരു മാലാഖക്കു മുന്നിലെന്നോണം ആദരവോടെ നിൽക്കുന്ന രാജ്ഞിയെ നമുക്ക് കാണാം. തുടക്കകാലത്ത് നഴ്സിംഗ് മേഖലയിൽ ട്രെയിനിങ് നൽകപ്പെട്ടതും രോഗിപരിചരണത്തിന് യുദ്ധമുഖങ്ങളിൽ വരെ അയക്കപ്പെട്ടതും കന്യാസ്ത്രീകളെയായിരുന്നു. പ്രേക്ഷിത പ്രവർത്തനത്തിന്റെ അവിഭാജ്യ ഘടകങ്ങളായ കാരുണ്യം, ത്യാഗം, വിധേയത്വം, സഹാനുഭൂതി എന്നിവ നഴ്സിംഗിന്റെ ആത്മാവിൽ അതിന്റെ തുടക്കകാലത്തുതന്നെ അലിഞ്ഞു ചേർന്നിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിന്റെ തീവ്ര സദാചാരബോധത്തിന്റെയും ക്രൈസ്തവ മിഷനറി വിശ്വാസങ്ങളുടെയും പശ്ചാത്തലത്തിൽ ഉരുവം കൊണ്ട ഈ അപൂർവ കല അങ്ങനെ ചരിത്രപരമായി ഒരു ഹോളി പ്രൊഫഷൻ എന്ന് മുദ്ര കുത്തപ്പെട്ടു. അന്നുമുതൽ തുടർന്നുവന്ന തീവ്ര അച്ചടക്കവും വിധേയത്വവും പിൽക്കാലത്ത് ഒരു തൊഴിലാളി സമൂഹം എന്ന നിലയിൽ ഇതിനെ പലവിധ ചൂഷണങ്ങൾക്ക് തീർത്തും വൾനറബിളാക്കി.

ഫ്ലോറൻസ് നൈറ്റിംഗേൾ

പിന്നെ വന്ന വ്യവസായിക വിപ്ലവകാലം മുതൽ ഇന്നത്തെ ആഗോളവൽക്കരണകാലം വരെയുള്ള എല്ലാ കാലഘട്ടങ്ങളിലും ഒരു തൊഴിലാളി സമൂഹം എന്ന നിലയിൽ നഴ്സിംഗ് സമൂഹം പലവിധ ചൂഷണങ്ങൾ നേരിട്ടുകൊണ്ടിരിക്കയാണ്. കോടികളുടെ ആസ്തി വരുന്ന വമ്പൻ കോർപ്പറേറ്റ് ആശുപത്രിവ്യവസായികൾക്ക് നഴ്സിംഗ് സേവനം എണ്ണം പറഞ്ഞു വിൽക്കപ്പെടുന്ന ഉൽപ്പന്നമായി മാറി. കൺസ്യൂമറൈസേഷൻ പുതിയ കാലത്തിന്റെ ഹാർഡ് കോർ ആകുന്നതിനാൽ അനുകമ്പ എന്ന പഴയ ഘടകം വിട്ട് ഇതൊരു ബിസിനസ്സിന്റെ ഭാഗമായി. രോഗീപരിചരണം വെറും കച്ചവടമുതലാകുന്ന ഒരിടത്ത് ഒരു നേഴ്സ് തന്റെ സാനുകമ്പ ശുശ്രൂഷയിലൂടെ എങ്ങനെയാണ് തൊഴിൽസംതൃപ്തി നേടുക? ആത്യന്തികമായി ഇതൊരു കലയും അപാരമായ മാനുഷിക മൂല്യങ്ങൾ നിറഞ്ഞൊരു കർമ്മവുമെന്നിരിക്കെ, ഒരു നേഴ്സ് തന്റെ തൊഴിൽപരമായ സ്വത്വബോധം കണ്ടെത്തുകയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുമ്പോഴാണ് അവർക്ക് തൊഴിൽസംതൃപ്തി ലഭിക്കുക. അതിനുള്ള അവസരങ്ങളോ സാഹചര്യങ്ങളോ നമ്മുടെ ആശുപത്രികളിലുണ്ടോ എന്ന ആത്മപരിശോധനയാണ് നാം നടത്തേണ്ടത്. സ്വകാര്യ ആശുപത്രികളിൽ തൊഴിൽ ചൂഷണവും കുറഞ്ഞ വേതനവ്യവസ്ഥയും സുരക്ഷിതത്വമില്ലായ്മയും മുതൽ ലൈംഗിക ചൂഷണം വരെ നടക്കുമ്പോൾ സർക്കാർ ആശുപത്രികളിൽ പരിമിത സാഹചര്യങ്ങളുടെയും തകർന്ന പൊതുജനാരോഗ്യവ്യവസ്ഥിതിയുടെയും സമ്മർദം മുഴുവൻ നഴ്സുമാർ അനുഭവിക്കുന്നു. സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തതക്കും കെടുകാര്യസ്ഥതക്കും കാഷ്വാലിറ്റികളിൽ ആൾക്കൂട്ട ആക്രമണങ്ങൾക്കിരയാക്കപ്പെടുന്ന ഡോക്ടർമാരും നഴ്സുമാരും അനുഭവിക്കുന്ന വേദന യുദ്ധത്തിൽ മൊണ്ടികുതിരയെ ചുമക്കുന്ന പോരാളിയുടേതാണ്.

ഐശ്വര്യ കമല

കടുത്ത സമ്മർദം സഹിക്കവയ്യാതെ ഇന്ത്യൻ സാഹചര്യങ്ങൾ ഉപേക്ഷിച്ചുപോകുന്ന നഴ്​സുമാരുടെ എണ്ണം കുതിച്ചുയരുന്ന ഈ സാഹചര്യം തുടർന്നാൽ ഇന്ത്യൻ ആരോഗ്യമേഖലയുടെ നട്ടെല്ല് തന്നെ വൈകാതെ തകരും. കോവിഡിനുശേഷം വികസിത രാജ്യങ്ങൾ അവർക്ക് അത്യാവശ്യം വേണ്ട ‘മെഡിക്കൽ ഫോഴ്സ് / ഹെൽത്ത്‌ റിലേറ്റഡ് സ്കിൽഡ് വർക്ക്‌ ഫോഴ്സ്’ അഥവാ ആരോഗ്യരംഗത്തിന്റെ ദൃഢതക്കുവേണ്ട ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം ജാഗ്രത പുലർത്തുന്നുണ്ട്. അപ്പോഴാണ് നമ്മുടെ ഇത്രയും വലിയൊരു മാനവവിഭവശേഷി മറ്റു വികസിത രാജ്യങ്ങളിലേയ്ക്ക് കുതിച്ചൊഴുകുന്നത് നാം കൈയും കെട്ടി നോക്കിനിൽക്കുന്നത്. വേണ്ട സംവിധാനങ്ങളില്ലാതെ, ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാതെ ആത്യന്തികമായി ദുരിതത്തിലാകുന്നത് സാധാരണ ജനങ്ങളാണ്. അത്യാധുനിക സംവിധാനങ്ങൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ തോൽക്കുന്ന സുഖസൗകര്യങ്ങൾ വരെയുള്ള കോർപ്പറേറ്റ് ആശുപത്രികൾക്കും നെടുനീണ്ട ക്യൂവും ദുരിതങ്ങളും പേറുന്ന സർക്കാർ ആശുപത്രികൾക്കും ഇടയിൽ കുമിഞ്ഞു കൂടുന്ന ഈ കൊടിയ അസന്തുലിതാവസ്ഥയ്ക്കിടയിൽ നഴ്സിംഗ് സമൂഹം എവിടെയാണ് തങ്ങളുടെ ധാർമികതയും മൂല്യബോധവും തിരയേണ്ടത്?. ‘നഴ്‌സ്‌ഈസ്‌ എ പേഷ്യൻറ്​ അഡ്വക്കേറ്റ്’ എന്നു പഠിച്ച നമുക്ക് എവിടെയാണ് സ്വന്തമായി ഒരു ശബ്ദമുള്ളത്?

ലക്ഷക്കണക്കിന് നഴ്സുമാരാണ്​ കഴിഞ്ഞ വർഷം മാത്രം യു.കെയിലേക്കും ഓസ്ട്രേലിയയിലേക്കും അമേരിക്കയിലേക്കും മൈഗ്രേറ്റ് ചെയ്തത്. തിരിച്ചൊരിക്കലും വരാത്ത നിലയ്ക്ക് അവർ രാജ്യം വിടുമ്പോൾ ഇവിടെ കടുത്ത പ്രതിസന്ധിയാണ് വളർന്നുവരുന്നത്. ഇതിന് വ്യക്തിമായ പഠനം നടത്തുകയും പരിഹാരം കാണുകയും വേണം. അനുകമ്പയോടെയും പൂർണ തൊഴിൽ സംതൃപ്തിയോടെയും ഒരു നഴ്സിന്​ തൊഴിൽ ചെയ്യാൻ വേണ്ട സാഹചര്യമാണ് ഒരുങ്ങേണ്ടത്. കാരണം, മനുഷ്യജീവിതത്തിന്റെ ഏറ്റവും ഇരുണ്ടതും സങ്കീർണവുമായ ഇടങ്ങളിൽ രാപകലുകൾ ചെലവിടുക മാനസികമായി ഉള്ളുലക്കുന്ന ഒന്നാണ്. ദുർഘടമായ ആ യാത്രയിലുടനീളം കാരുണ്യത്തിന്റെ ചെറുമെഴുകുതിരി വെട്ടം അണയാതെ കാക്കേണ്ടതുണ്ട്. ഭീമൻ ആശുപത്രി കെട്ടിടങ്ങൾക്കും നിർജീവമായ കട്ടിൽകാലുകൾക്കും കിടക്കവിരികൾക്കുമൊക്കെ അപ്പുറം അനുകമ്പയുടെ മഹത്തായ ചൈതന്യത്തിനു മാത്രമേ മനുഷ്യജീവനെ പരമകാരുണ്യമൂറുന്ന ജീവിതാസക്തിയിലേയ്ക്ക് തിരിച്ചു കൈ പിടിച്ചു കൂട്ടി​ക്കൊണ്ടുവരാനാകൂ. ആ കർമ്മം നിർവഹിക്കുന്ന കൈകളെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്​.

Comments