ശരിയായ പോഷണം: ആരോഗ്യവും ബുദ്ധിശക്തിയും സൗന്ദര്യവും തമ്മിലെന്ത്?

ഒന്നാമതായി Green Salad with Fruits ആദ്യം കഴിക്കുക. രണ്ടാമതായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക. മൂന്നാമതായി ഊർജ്ജം അടങ്ങിയവ മിതമായി കഴിക്കുക. ദിവസവും 8-10 ഗ്ലാസ്​ ശുദ്ധജലവും കൂടിയായാൽ സമീകൃതാഹാരമായി- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. എലിസബത്ത് കെ.ഇ. എഴുതിയ ലേഖനം.

വർഷത്തെ അന്തർ ദേശീയ വനിതാദിനത്തിന്റെ പ്രമേയം, ‘സ്​ത്രീകൾക്കും പെൺകുട്ടികൾക്കും: അവകാശങ്ങൾ, സമത്വം, ശാക്തീകരണം പ്രവർത്തനം ത്വരിതപ്പെടുത്താം’ (Accelerate Action: For all Women and Girls: Rights, Equaltiy, Empowerment) എന്നതായിരുന്നു. മാർച്ച് 8, ഇതിനായി തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ട്. 1910 മാർച്ച് 8ന് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ സ്​ത്രീജീവനക്കാർ അവരുടെ അവകാശങ്ങൾ, ബാലവേല നിരോധനം എന്നീ ആവശ്യങ്ങൾക്കായി ഒത്തുകൂടി. അതായിരുന്നു തുടക്കം. അമ്മമാരുടെയും കൗമാരക്കാരായ പെൺകുട്ടികളുടെയും ആരോഗ്യവും ശാക്തീകരണവും നമ്മുടെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഉന്നമനത്തിന് നിശ്ചയമായും മുതൽക്കൂട്ടാണെന്ന് പറയുന്നതിൽ തെറ്റില്ല. കാരണം പുതിയ തലമുറയുടെ രൂപീകരണത്തിൽ ഇവ വലിയ പങ്കുവഹിക്കുന്നുണ്ട്.

പോഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സാമ്പത്തിക ഭദ്രത, തൊഴിൽ, ഗതാഗതം, സുരക്ഷിതത്വം, വിനോദം, മാനസികോല്ലാസം, സന്തോഷം പകരുന്ന കൂട്ടായ്മകൾ, മാനസികാരോഗ്യം, സാമൂഹികമൂല്യങ്ങൾ ഇവയെല്ലാം പ്രധാനമാണ്.

ചെറിയ കാലയളവിൽ നമുക്ക് താരതമ്യേന എളുപ്പ ത്തിൽ വരുത്താവുന്ന മാറ്റം പോഷണം, ആരോഗ്യം ഇവയിലാണ്. ശരിയല്ലാത്ത ആഹാരരീതികൾ, ഭാരക്കുറവ്, ഭാരക്കൂടുതൽ, വിളർച്ച, പോഷണക്കുറവുകൾ എന്നിവ ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങളും ജീവിതശൈലീരോഗങ്ങളും വരുത്താം. ഇരുമ്പ് അടങ്ങിയ ഹീമോഗ്ലോബിൻ രക്തയോട്ടത്തിനും ഓക്സിജൻ ലഭ്യതയ്ക്കും തലച്ചോറിന്റെ പ്രവർത്തനത്തിനും മയോഗ്ലോബിൻ മസിലിന്റെ ശക്തിക്കും അത്യന്താപേക്ഷിതമാണ്.

ഈ കാര്യങ്ങളിൽ പലരുടെയും അത്താണി, നിർഭാഗ്യവശാൽ സോഷ്യൽ മീഡിയയിൽ വരുന്ന ക്ലിപ്പുകൾ ആണ്.

ആമി എന്നൊരു കൗമാരക്കാരിയുടെ
വാക്കുകൾ ശ്രദ്ധിക്കൂ:
10 വയസ്സുവരെ ഞാൻ കാര്യമായി ഒന്നും ശ്രദ്ധിക്കാറില്ലായിരുന്നു. എന്നാൽ അതിനുശേഷം ഞാൻ വളരെ മെലിഞ്ഞിരിക്കുന്ന കുട്ടികളെ ശ്രദ്ധിക്കാൻ തുടങ്ങി. എനിക്കും അതുപോലെ ആകണമെന്ന് ഞാൻ ആഗ്രഹിച്ചു. വളരുന്തോറും എനിക്ക് വണ്ണം കൂടുതലാണെന്ന തോന്നൽ എന്നെ ഭ്രാന്ത് പിടിപ്പിച്ചു. ഞാൻ ഭക്ഷണം കുറച്ചു, ക്രമേണ ഒന്നും കഴിക്കാതെയായി. കണ്ണാടിയിൽ കാണുമ്പോൾ എനിക്ക് എന്നെ ഇഷ്ടപ്പെടാറില്ല. ഞാൻ വല്ലാതെ തടിച്ചുവീർത്തിരിക്കുന്നു എന്ന് എനിക്കു തോന്നും. പല കണ്ണാടികളും ഞാൻ എറിഞ്ഞുടച്ചു. ക്രമേണ സ്​കൂളിൽത്തന്നെ പോകാ തായി. മറ്റുള്ളവർ എനിക്ക് വണ്ണക്കൂടുതലാണെന്ന് പറയുന്നു എന്ന് ഞാൻ ഭയപ്പെട്ടു. ഞാനെപ്പോഴും വിഷാദിച്ചിരുന്നു. എന്റെ വീട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. ഞാൻ വഴങ്ങിയില്ല. Zero size ഉള്ള ‘ഭംഗിയുള്ള’ വലിയ ബാർബിഡോളുകളെ വാങ്ങി അവയെ നോക്കിയിരിക്കുന്നതായി എന്റെ ഏക ഹോബി. കൂട്ടുകാരിൽ നിന്നും വീട്ടുകാരിൽനിന്നും ഞാൻ ഒഴിഞ്ഞുമാറി. സോഷ്യൽമീഡിയയിൽ സമചിത്തരായ കുറെ കൂട്ടുകാരെ ഞാൻ ​കണ്ടെത്തി. ഞാൻ രാപ്പകൽ അതിൽ ലയിച്ചു. അങ്ങനെ ഒരുദിവസം ഞാൻ ബോധംകെട്ടു വീണു. എന്നെ ആശുപത്രിയിൽ എത്തിച്ചു. എനിക്ക് Anorexia Nervosa എന്ന Eating Disorder ആണെന്ന് സ്​ഥിരീകരിച്ചു.

READ RELATED CONTENTS

3 മാസമായി നിന്നുപോയ ആർത്തവവും അതിന്റെ ലക്ഷണമാണ​ത്രേ. ഡോക്ടർമാർ, ഡയറ്റീഷ്യൻ, ഗൈനക്കോളജിസ്റ്റ് തുടങ്ങിയ വലിയൊരു സംഘം എന്നെ പരിശോധിച്ചു. ധാരാളം ടെസ്റ്റുകൾ നടത്തി. ഞാൻ പിന്തുടരുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ Pro-an (Anorexia Nervosa), Pro-Mia (Bulimia Nervosa) വളരെ അപകടകരമാണെന്ന് അവർ എന്നെയും വീട്ടുകാരെയും അറിയിച്ചു. എന്റെ ഹീമോഗ്ലോബിൻ വെറും 7g/dl മാത്രമായിരുന്നു. എന്റെ ഈ അവസ്​ഥയുടെ കാരണം വികലമായ ഒരു കാഴ്ചപ്പാടിന്റെ അനന്തരഫലമാണെന്ന് ഞാൻ മനസ്സിലാക്കി. Wrong Body Image Perception എന്ന എന്റെ മാനസികാവസ്​ഥ ഞാൻ തിരിച്ചറിഞ്ഞു. സമാനമായ മറ്റ് രോഗാവസ്​ഥകളും ഞാൻ മനസ്സിലാക്കി. കുറെയേറെ ഭക്ഷണം കഴിച്ചിട്ട് ഛർദ്ദിച്ചോ വയറിളക്കിയോ ശരീരഭാരം നിലനിർത്തുന്ന Bulimia Nervosa- യും വാരിവലിച്ച് കഴിക്കുന്ന Binge Eating -ഉം തുടങ്ങിയ അവസ്​ഥകളും ഉണ്ടത്രേ.

ക്രമേണ മഴവിൽ പോഷണം ((Rainbow Food) എന്നൊരു പുതിയ ഭക്ഷണക്രമം ഞാൻ മനസ്സിലാക്കി. 7 നിറങ്ങളുള്ള 7 തരം ഭക്ഷണപദാർത്ഥങ്ങൾ അടങ്ങിയ സമീകൃതാഹാരം ഞാൻ കഴിച്ചുതുടങ്ങി. ക്രമേണ ശരീരഭാരവും ആരോഗ്യവും പ്രസരിപ്പും കായികബലവും വീടെുത്തു.

മഴവിൽ പോഷണം

  1. ധാന്യങ്ങൾ, മില്ലറ്റുകൾ, കിഴങ്ങുവർഗ്ഗങ്ങൾ (ഊർജ്ജം, സൂക്ഷ്മപോഷണങ്ങൾ).

  1. പയറുവർഗ്ഗങ്ങൾ, നട്സ്.

  2. മുട്ട.

  3. മീൻ, ഇറച്ചി.

  4. പാൽ, പാലുല്പന്നങ്ങൾ (പ്രോട്ടീൻ, സൂക്ഷ്മ പോഷണങ്ങൾ).

  5. Green, Yellow, Orange, Red - GYOR, പച്ചക്കറികളും പഴവർഗ്ഗങ്ങളും.

  6. കടുംനിറത്തിലുള്ള ഇലക്കറികളും മറ്റുള്ളവയും (ഫൈബർ, സൂക്ഷ്മപോഷണങ്ങൾ).

ഇത് എങ്ങനെ പ്രാവർത്തികമാക്കാം?

ഒന്നാമതായി Green Salad with Fruits ആദ്യം കഴിക്കുക. രണ്ടാമതായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക. മൂന്നാമതായി ഊർജ്ജം അടങ്ങിയവ മിതമായി കഴിക്കുക. ദിവസവും 810 ഗ്ലാസ്​ ശുദ്ധജലവും കൂടിയായാൽ സമീകൃതാഹാരമായി. ഇതിനോടൊപ്പം ആരോഗ്യ കരമായ ജീവിതശൈലിയിലേക്കു മാറുക കൂടിയായാൽ വിജയം സുനിശ്ചിതം.

ദിവസേന 20- 30 മിനിറ്റ് വ്യായാമം, ആവശ്യത്തിന് ഉറക്കം, മൊബൈൽ, ടാബ് തുടങ്ങിയവ Screen Time കുറച്ച് പ്രകൃതിയിലേക്ക് നോക്കി Green Time ഉറപ്പാക്കുക. ഓർഡർ ചെയ്ത് വരുത്തുന്ന Junk Food ആഴ്ചയിൽ ഒരു ദിവസമായി നിജപ്പെടുത്തി, മറ്റു ദിവസങ്ങളിൽ വീട്ടിലുള്ള മഴവിൽ പോഷണം ഉറപ്പാക്കുക.

കുടുംബബന്ധങ്ങൾ, നല്ല സുഹൃദ്ബന്ധങ്ങൾ, കൂട്ടായ്മകൾ എന്നിവ സന്തോഷകരമാക്കുക. ഇഷ്ടപ്പെട്ട ഒരു ഹോബിയോ വിനോദമോ പുനരാരംഭിക്കുക.

മാതാപിതാക്കളുടെയും അധ്യാപകരുടെയും ക്രിയാത്മക ഇടപെടൽ കൗമാരപ്രായത്തിൽ ആവശ്യമാണെന്ന് തിരിച്ചറിയുക. അവരെ ശത്രു ക്കളായി കാണുന്ന പ്രവണത നിരുത്സാഹപ്പെടുത്തി പരസ്​പരവിശ്വാസം നേടിയെടുക്കുക.

‘Setting Limits’ എന്നത് ഒരു വിജയമന്ത്രമാക്കിയാൽ ഇതൊക്കെ സാധ്യമാകും. ഇതിലൂടെ വലിയൊരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:


Summary: Balanced diet Nutrition and health, Dr Elizabeth KE writes for Indian Medical Association (IMA) magazine Nammude Arogyam.


ഡോ. എലിസബത്ത് കെ.ഇ.

സീനിയർ കൺസൾട്ടന്റ് ഇൻ പീഡിയാട്രിക്സ്. UNICEF-ന്റെ കേരള ഘടകം കൺസൾട്ടന്റ്. തിരുവനന്തപുരം ​മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊഫസറും വകുപ്പു മേധാവിയുമായിരുന്നു.

Comments