ചെവിയി​ലെ മുഴക്കം

ഒരാളുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കുകയും ഗണ്യമായ ദുരിതത്തിന് കാരണമാവുകയും ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന തകരാറാണ്​ ചെവിയിലെ മുഴക്കം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സാവിത്രി ഹരിപ്രസാദ് എഴുതിയ ലേഖനം.

ബാഹ്യസ്രോതസ്സില്ലാതെ തലയിലോ ചെവിയിലോ ശരീരത്തിനുള്ളിൽ നിന്നുവരുന്ന ഒരു ശബ്ദമാണ് ടിനിറ്റസ്​. ടിനിറ്റസ്​ എന്ന പദം ലാറ്റിൻ ഭാഷയിലെ Ring, tinkle എന്നർത്ഥം വരുന്ന Tinnier എന്ന വാക്കിൽ നിന്നാണ് വന്നത്. ചെവികളിൽ മുഴങ്ങുന്നു എന്നാണ് ഇതിനർത്ഥം.

ആഗോള ജനസംഖ്യയുടെ 15- 20 ശതമാനം പേർ ബാധിതരായതിനാൽ, ഇതിന്റെ പ്രാധാന്യം ഏറെയാണ്. ബാധിതരിൽ 25 ശതമാനം പേരിലും ഈ അവസ്​ഥ അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു.

ഈ രോഗം രണ്ടു തരമാണ്:

(1) രോഗികൾക്കു മാത്രം കേൾക്കാൻ കഴിയുന്ന, ഏറ്റവും സാധാരണ തരം ശബ്ദങ്ങളാണിവ. (സബ്ജക്ടീവ് ടിനിറ്റസ്​).

(2) രോഗിയെ പരിശോധിക്കുമ്പോൾ ഡോക്ടർക്കും ഈ ശബ്ദങ്ങൾ കേൾക്കാൻ കഴിയും. (ഒബ്ജക്ടീവ് ടിനിറ്റസ്​).

സബ്ജക്ടീവ് ടിനിറ്റസ്: കാരണങ്ങൾ

ചെവിക്കായം, ചെവിയിലെ പഴുപ്പ്, മധ്യകർണ്ണത്തിൽ ദ്രാവകം, വാർദ്ധക്യം മൂലമുള്ള കേൾവിക്കുറവ്, തീവ്രമായ ശബ്ദ മലിനീകരണം, ട്യൂമറുകൾ, പൊണ്ണത്തടി, തൈറോയ്ഡ് രോഗങ്ങൾ, കൊഴുപ്പ്, പ്രമേഹം മുതലായ ജീവിതശൈലി രോഗങ്ങൾ, തലച്ചോറിലെ ക്ഷതങ്ങൾ, ചെവിക്കുള്ളിലെ അസ്​ഥികളുടെ പ്രശ്നങ്ങൾ, തലച്ചോറിലെ രകതസ്രാവം, രക്തം കട്ടപിടിക്കൽ, രോഗാണുബാധ, മൾട്ടിപ്പിൾ സ്​ക്ളീറോസിസ്​, ഹൈപ്പർടെൻഷൻ, അനീമിയ, ഹൃദയസംബന്ധമായ രോഗങ്ങൾ, കൂടിയ കൊളസ്റ്റ റോൾ, രോഗി കഴിക്കുന്ന ചില മരുന്നുകൾ, വിഷാദരോഗം, കൂടിയ ആകാംക്ഷ മുതലായവ.

READ RELATED CONTENTS

ഒബ്ജക്ടീവ് ടിനിറ്റസ്​

തലയിലോ കഴുത്തിലോ ഉള്ള രക്തക്കുഴലിൽനിന്നോ ടെംപറോ മാൻഡിബുലാർ സന്ധിയിൽ നിന്നോ (താടിയെല്ലിനെ തലയോട്ടിയുമായി ബന്ധിപ്പിക്കുന്ന സന്ധി) വരുന്ന ശബ്ദം.

ചെവിയിലെ അണുബാധയിൽനിന്നുള്ള ദ്രാവകം, ചെവിയിലെ കായം എന്നിവ മൂലം ചെവിയിലെ ദ്വാരം തടസ്സപ്പെടുന്നത് ടിനിറ്റസിന് കാരണമാകും.

കേൾവിക്കുറവ്, വാർദ്ധക്യം, ഉച്ചത്തിലുള്ള ശബ്ദങ്ങൾ, ടിന്നിറ്റസ്സുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കേൾവിക്കുറവുള്ള ചില രോഗികൾക്ക് ഒരിക്കലും ടിന്നിറ്റസ് ഉണ്ടാകണമെന്നില്ല.

ശബ്ദമലിനീകരണം

ഒരു കായിക പരിപാടിയിലോ ജോലിസ്​ഥലത്തോ സംഗീതപരിപാടിയിലോ വെടിയൊച്ചയോ ഉച്ചത്തിലുള്ള ശബ്ദമോ കേട്ടതിനുശേഷം പലർക്കും ടിന്നിറ്റസ്​ അനുഭവപ്പെടുന്നു. ഇത് സാധാരണയായി മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കപ്പെടും. കൂടുതൽ സമയമുള്ള യന്ത്രങ്ങളുടെ പ്രവർത്തനങ്ങളും ഇതിന് കാരണമാകാം.

തലയ്ക്കോ കഴുത്തിനോ ഉണ്ടാകുന്ന പരിക്കുകളും ചെവിയുടെ ഘടനയുടെ പ്രത്യേകതകളും ശബ്ദ സിഗ്നലുകൾ കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗങ്ങൾ, തലച്ചോറിലേക്ക് ശബ്ദ സിഗ്നലുകൾ കൊണ്ടുപോകുന്ന നാഡി എന്നിവയുടെ തകരാറുകളും ടിനിറ്റസിന് കാരണമാവും.

ചില മരുന്നുകളും ടിനിറ്റസിന് കാരണമായേക്കാം, ഉയർന്ന അളവിൽ കഴിക്കുകയാണെങ്കിൽ ചില ആൻ്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, മാനസിക രോഗമരുന്നുകൾ, കാൻസർ ചികിത്സാ മരുന്നുകൾ, മലേറിയ മരുന്നുകൾ മുതലായവ ഈ രംഗത്ത് കുപ്രസിദ്ധിയാർജ്ജിച്ചവയാണ്.

ലക്ഷണങ്ങൾ

വ്യക്തികളിൽ ഇത് വ്യത്യസ്​തമായ രീതിയിലാണ് അനുഭവപ്പെടുന്നത്. ശബ്ദങ്ങൾ ഒരു ചെവിയിലോ രു ചെവികളിലോ തലയിൽ നിന്നോ ദൂരെനിന്നോ വരുന്നതായി തോന്നാം. ശബ്ദങ്ങളുടെ തരം, ഗുണനിലവാരം, തീവ്രത, ദൈർഘ്യം മുതലായവ വ്യത്യാസപ്പെട്ടിരിക്കാം. മിക്ക ആളുകളും ringing ശബ്ദമാണ് കേൾക്കുക. ചിലർക്ക് അത് വായു പുറത്തേക്ക് പോകുന്നതും കടൽ കരയുന്നതുമായ ശബ്ദം, മുഴക്കം, ഹമ്മിങ്ങ്, ചൂളമടിക്കൽ, വീശുന്ന അലറുന്ന ശബ്ദവുമാവാം. ചില സന്ദർഭങ്ങളിൽ ടിനിറ്റസ്​ മാനസികവും ആവാം. കേൾവിക്കുറവും തലകറക്കവും ഉണ്ടാവുകയും ചെയ്യാം.

ടിന്നിറ്റസ്​, സങ്കീർണതകൾ

ഇത് ഒരാളുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കുകയും ഗണ്യമായ ദുരിതത്തിന് കാരണമാവുകയും ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. അസ്വസ്​ഥതകൾ, ഉറക്കക്കുറവ്, മാനസിക പ്രശ്നങ്ങളായ വിഷാദം, പിരിമുറുക്കം, ക്ഷോഭം, നിരാശ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ക്ഷീണം, തലവേദന മുതലായവ അനുഭവപ്പെടാം.

മുകളിൽ പറഞ്ഞ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും വിദഗ്ദ്ധ ഇ എൻ ടി ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തേതാണ്. ശാരീരിക പരിശോധന, ഓഡിയോ, MRI, CT മുതലായവ ആവശ്യമായി വന്നേക്കാം.

ഇ എൻ ടി ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ, ശ്രവണസഹായികൾ, ശസ്​ത്രക്രിയ, Sound therapy, tinnitus maskers, ജീവിതശൈലി മാറ്റങ്ങൾ മുതലായവ ആവശ്യമായി വന്നേക്കാം. കൗൺസി ലിങ്, ബോധവൽക്കരണം, മൃദുലമായ സംഗീതം ശ്രവിക്കൽ, റേഡിയോ, ടെലിവിഷൻ മുതലായവ ഉപയോഗിച്ച് നിശ്ശബ്ദ അന്തരീക്ഷം ഒഴിവാക്കൽ മുതലായവയും മറ്റ് ചില ചികിത്സാമാർഗ്ഗങ്ങളാണ്.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments