ഊളമ്പാറയും കുതിരവട്ടവും ചിരിക്കാനുള്ള തമാശയല്ല, പുതുക്കണം മാനസികാരോഗ്യ നയം

“പൊട്ടൻ, വട്ടൻ, മണ്ടി, ഭ്രാന്തൻ, ഭ്രാന്തി, അരപ്പിരി ലൂസ്, കിളിപോയവൻ, സൈക്കോ… തുടങ്ങീ താത്കാലിക മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് മുതൽ ഗുരുതരമായ അവസ്ഥകളിലൂടെ കടന്നുപോയവർക്ക് വരെ സമൂഹം ഇന്നും ഒരേപോലെ ഇങ്ങനെ പല പേരുകളും ചാർത്തിക്കൊടുക്കുന്നുണ്ട്. വിളിക്കുന്നവർക്ക് മാത്രം നിരുപദ്രവകരമെന്ന് തോന്നുന്ന ഈ പേരുകൾ, അവ കേൾക്കേണ്ടി വരുന്നവരുടെ ജീവിതത്തിൽ വരുത്തുന്ന ആഘാതം വളരെ വലുതാണ്.” ലോക മാനസികാരോഗ്യ ദിനത്തിൽ നിതിൻ ലാലച്ചൻ എഴുതുന്നു.

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.”

മനുഷ്യ ജീവിതത്തിലെ വിശ്വാസത്തിന്റെയും ചതിയുടെയും ജീവിതസംഘർഷങ്ങളുടെയും അതിജീവനത്തിന്റെയും പ്രത്യാശയുടെയും കഥ പറഞ്ഞ്, മലയാളികളുടെ പ്രിയപ്പെട്ട നോവലായി മാറിയ ‘ആടുജീവിത’ത്തിൽ ബെന്യാമിൻ കുറിച്ച വരികളാണിവ. മരുഭൂമിയിൽ നജീബ് അനുഭവിച്ചതൊന്നും പുറത്തുനിന്നു നോക്കുന്നവർക്ക് എളുപ്പം വിശ്വസിക്കാനാവുന്നതായിരുന്നില്ല. മനസ്സിന്റെ മരുഭൂമികളിലൂടെ കടന്നുപോയ നമ്മളിൽ പലരുടെയും ജീവിതങ്ങളും അങ്ങനെയാണ്. അനുഭവിക്കാത്തവർക്ക് അത് പലപ്പോഴും വെറുമൊരു കഥയോ, അതിശയോക്തിയോ, ‘മനസ്സുവെച്ചാൽ മാറാവുന്ന’ ഒന്നോ മാത്രമാകുന്നു. അനുഭവിക്കാത്തവർക്ക് കെട്ടുകഥ മാത്രമായിപ്പോകുന്ന ചില ജീവിതങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. ഞങ്ങൾ ജീവിച്ച, ഇന്നും ജീവിക്കുന്ന ജീവിതങ്ങളെക്കുറിച്ച്. ജീവിച്ചറിഞ്ഞ ചില യാഥാർത്ഥ്യങ്ങളെക്കുറിച്ച്…

എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുമ്പോൾ മാത്രമാണ് പലപ്പോഴും പൊതുസമൂഹവും മാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളുമൊക്കെ മാനസികാരോഗ്യത്തെക്കുറിച്ച് വാചാലരാകുന്നത്. ആ ചർച്ചകളിൽ പോലും മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചവരും, അനുഭവിക്കുന്നവരും അവരെ പരിചരിക്കുന്നവരും ഉൾപ്പെടുന്നത് വളരെ വിരളമായാണ്. ഉൾപ്പെട്ടാൽ തന്നെ, ചർച്ചയുടെ ദിശ നിർണ്ണയിക്കുന്ന ശബ്ദമോ നിലപാടോ ആയി മാറാതെ, അവർ ചർച്ചയുടെ വിഷയം മാത്രമായി ഒതുങ്ങിപ്പോകുന്നു.

എന്നാൽ ഈ വർഷം ചിത്രം അല്പം വ്യത്യസ്തമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളിൽ അനുഭവജ്ഞാനമുള്ളവരെ (Experts by Experience/Lived Experience) മാനസികാരോഗ്യ സേവനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും വിലയിരുത്തലിലും പങ്കാളികളാക്കുന്ന ‘പങ്കാളിത്ത’ സമീപനങ്ങൾക്ക് ലോകമെമ്പാടും ലഭിക്കുന്ന സ്വീകാര്യതയോ, അവയുടെ മെച്ചപ്പെട്ട ഫലപ്രാപ്തിയോ തിരിച്ചറിഞ്ഞിട്ടാകാം, ദിനാചരണത്തിന് നേതൃത്വം നൽകുന്ന വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് “Lived experiences heard: real voices, real change” എന്ന വിഷയം ഇത്തവണത്തെ ഔദ്യോഗിക പ്രമേയമായി തിരഞ്ഞെടുത്തത്. അനുഭവിച്ചവരുടെ ശബ്ദം കേൾക്കപ്പെടട്ടെ; യഥാർത്ഥ ശബ്ദങ്ങളിലൂടെ യഥാർത്ഥ മാറ്റം ഉണ്ടാകട്ടെ എന്നതാണത്. കാരണം എന്തുതന്നെയായാലും, ഈ തിരഞ്ഞെടുപ്പ് വലിയ പ്രതീക്ഷ നൽകുന്നതാണ്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചറിഞ്ഞവരുടെ ശബ്ദത്തിനും ഇടം വേണമെന്ന ആവശ്യം ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെടുന്നു എന്നതാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം. പക്ഷേ ആ ശബ്ദങ്ങൾ കൂടുതൽ വ്യക്തമാകണമെങ്കിൽ, ഇതുവരെ ഞങ്ങൾ കേട്ടുകൊണ്ടിരുന്നത് എന്തൊക്കെയായിരുന്നു എന്നുകൂടി അറിയേണ്ടതുണ്ട്.

പൊട്ടൻ, വട്ടൻ, മണ്ടി, ഭ്രാന്തൻ, ഭ്രാന്തി, അരപ്പിരി ലൂസ്, കിളിപോയവൻ, സൈക്കോ… തുടങ്ങീ താത്കാലിക മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് മുതൽ ഗുരുതരമായ അവസ്ഥകളിലൂടെ കടന്നുപോയവർക്ക് വരെ സമൂഹം ഇന്നും ഒരേപോലെ ഇങ്ങനെ പല പേരുകളും ചാർത്തിക്കൊടുക്കുന്നുണ്ട്. സ്ത്രീകളും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളും ഇതിലേറെ അധിക്ഷേപങ്ങൾക്ക് പാത്രമാകാറുണ്ട്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരെയും കേൾവിയോ സംസാരശേഷിയോ ഇല്ലാത്തവരെയും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയുമെല്ലാം സമൂഹം ഇത്തരത്തിൽ അപഹാസ്യപരമായ വാക്കുകളാൽ മുദ്ര കുത്തുന്നു. ഇത് ഇക്കാര്യത്തിലുള്ള നമ്മുടെ അറിവില്ലായ്മയും അവധാനത കുറവും വെളിവാക്കുന്നു. സിനിമകളിലെ തമാശരംഗങ്ങളും സൗഹൃദസദസ്സുകളിലെ കളിയാക്കലുകളും ഈ വാക്കുകളെ തലമുറകളിലേക്ക് കൈമാറുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചറിഞ്ഞവരുടെ ശബ്ദത്തിനും ഇടം വേണമെന്ന ആവശ്യം ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെടുന്നു.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചറിഞ്ഞവരുടെ ശബ്ദത്തിനും ഇടം വേണമെന്ന ആവശ്യം ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെടുന്നു.

മറ്റു ചിലപ്പോൾ നാം നൽകുന്ന പേരുകൾക്ക് പ്രശംസയുടെ മുഖമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും ഊണും ഉറക്കവും ഉപേക്ഷിച്ച് പണിയെടുക്കുന്നവരെ ‘കഠിനാധ്വാനികൾ’ എന്നും ‘അർപ്പണബോധമുള്ളവർ’ എന്നും പറഞ്ഞ് നാം പുകഴ്ത്താറുണ്ട്. എന്നാൽ ആ വാക്കുകൾക്കു പിന്നിലെ തളർച്ചയും ഉത്കണ്ഠയും ബുദ്ധിമുട്ടുകളും പലപ്പോഴും ആരും കാണുന്നതുപോലുമില്ല; മിക്കപ്പോഴും അവർതന്നെ അത് തിരിച്ചറിയാൻ വളരെ വൈകിപ്പോകുന്നു.

വിളിക്കുന്നവർക്ക് മാത്രം നിരുപദ്രവകരമെന്ന് തോന്നുന്ന ഈ പേരുകൾ, അവ കേൾക്കേണ്ടി വരുന്നവരുടെ ജീവിതത്തിൽ വരുത്തുന്ന ആഘാതം വളരെ വലുതാണ്. പലപ്പോഴും, അവ ആദ്യം കവർന്നെടുക്കുന്നത് സഹായം തേടാനുള്ള ധൈര്യത്തെയാണ്. നാട്ടുകാർ കാണുമോ എന്ന ഭയത്താൽ പരിചയക്കാരില്ലാത്ത ദൂരസ്ഥലങ്ങളിൽ, അധികപണം മുടക്കി ചികിത്സ തേടേണ്ടി വരുന്നവർ ഏറെയാണ്. അവിടെ എത്തിയാലും ആശങ്കകൾ തീരുന്നില്ല. ‘എനിക്ക് ഭ്രാന്താണെന്ന് പറയുമോ?’, ‘ആശുപത്രിയിൽ അഡ്മിറ്റ് ആക്കുമോ ?’, ‘ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമോ?’, ‘ഇതൊക്കെ വെറും തോന്നലാണെന്ന് പറഞ്ഞ് തള്ളിക്കളയുമോ?’ എന്നിങ്ങനെ നീളുന്നു ചിന്തകൾ. മുന്നിലിരിക്കുന്നയാൾക്ക് മതിയായ യോഗ്യതയും പരിശീലനവുമുണ്ടോ എന്നതു മുതൽ, കിട്ടിയ നാൽപ്പത്തിയഞ്ച് മിനിറ്റ് ഇപ്പോൾ തീർന്നുപോകുമോ എന്ന് ചിന്തിക്കുന്നവരുമുണ്ട് അക്കൂട്ടത്തിൽ.

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരിൽ ആറിൽ അഞ്ചിലധികം പേർക്കും ചികിത്സ ലഭിച്ചിരുന്നില്ല എന്ന് 2015–16-ലെ ദേശീയ മാനസികാരോഗ്യ സർവേ കണ്ടെത്തിയിരുന്നു. ഈ അവസ്ഥക്ക് പിന്നിൽ ഭയത്തിന് വലിയ പങ്കുണ്ട്. മരുന്ന് ആശ്വാസമാകുമെന്നറിഞ്ഞിട്ടും വീട്ടുകാരോട് പറയാൻ മടിച്ച്, കൂട്ടുകാർക്കു മുന്നിൽ നാണക്കേടാകുമോ എന്ന് ഭയന്ന്, ഭാവിയിലെ ജോലിയെയും വിവാഹാലോചനകളെയും ഓർത്ത് ‘ഇങ്ങനെയൊക്കെ തന്നെ ജീവിക്കാം’ എന്ന് മനസ്സില്ലാമനസ്സോടെ തീരുമാനിക്കേണ്ടി വന്നവരും എണ്ണത്തിൽ കുറവല്ല. ഈ ഭയങ്ങൾ അടിസ്ഥാനരഹിതമല്ല, കുടുംബത്തിൽ ഒരാൾക്ക് മാനസികാരോഗ്യ പ്രശ്നമുണ്ടെന്നറിഞ്ഞാൽ ആ കുടുംബത്തെ മുഴുവൻ സംശയത്തോടെ കാണുന്നവരുണ്ട്. പാരമ്പര്യം പല കാരണങ്ങളിൽ ഒന്നു മാത്രമാണെന്നിരിക്കെ, അതൊരു ഉറപ്പായ വിധിയാണെന്ന തെറ്റിദ്ധാരണയിൽ വിവാഹാലോചനകൾ മുടങ്ങുന്നു. ജോലി ചെയ്യാൻ കഴിവില്ലാത്തവർ, ഉത്തരവാദിത്തം ഏൽപ്പിക്കാൻ കൊള്ളാത്തവർ, അക്രമസ്വഭാവമുള്ളവർ എന്നിങ്ങനെയുള്ള മുൻവിധികൾ തൊഴിലിടങ്ങളിലും ബന്ധങ്ങളിലും നിഴൽ പോലെ പിന്തുടരുന്നു. ഇതെല്ലാം പലരും അനുഭവിക്കുന്ന സാമൂഹികയാഥാർത്ഥ്യങ്ങളാണ്.

ഏറ്റവും വേദനാജനകമായ കാഴ്ച നമ്മുടെ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ്. രോഗം ഭേദമായെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടും, കൂട്ടിക്കൊണ്ടുപോകാൻ ആരും വരാത്തതിനാൽ ആശുപത്രി മതിലുകൾക്കുള്ളിൽ വർഷങ്ങൾ കഴിച്ചുകൂട്ടേണ്ടി വരുന്നവർ അവിടെയുണ്ട്. എന്നാൽ ഇത് കുടുംബങ്ങളുടെ മാത്രം കുറ്റമല്ല, പരാജയപ്പെട്ടുപോകുന്ന ഒരു സാമൂഹിക സംവിധാനത്തിന്റെ അടയാളമായിട്ടു വേണം ഇതിനെക്കാണുവാൻ. പരിചരണത്തിന്റെ ഭാരം ഏറെയും ചുമക്കേണ്ടി വരുന്ന കുടുംബങ്ങൾക്ക്, മറ്റ് കുടുംബാംഗങ്ങളുടെ ഭാവി ഓർത്ത്, സാമ്പത്തികമായി ഉണ്ടാകാൻ സാധ്യതയുള്ള ബാധ്യതകൾ ഓർത്ത്, സമൂഹത്തിന് മുമ്പിലെ അപമാനങ്ങൾ ഓർത്ത് പലപ്പോഴും മനസ്സില്ലാമനസ്സോടെ കൈയൊഴിയുന്നതായിട്ട് വേണം കരുതുവാൻ. അവരും ഇതേ സാമൂഹികമുൻവിധികളുടെ ഇരകളാണ്.

കാലക്രമേണ ഒരു വ്യക്തി കടന്നുപോകുന്ന അപമാനകരമായ ഈ സാഹചര്യങ്ങൾ പതുക്കെ സ്വന്തം വിശ്വാസങ്ങളായി മാറുന്നു. ‘എനിക്കിതൊന്നും പറ്റില്ല’, ‘ഞാനൊരു ഭാരമാണ്’, ‘ആരോടും പറയാതിരിക്കുന്നതാണ് നല്ലത്’ എന്നിങ്ങനെ സ്വയം ചുരുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നടന്ന ഒരു പഠനം, ചികിത്സയിലുള്ള മൂന്നിലൊന്നിലധികം പേരിലും സ്വയം രൂപീകൃതമാകുന്ന അപമാനം (self-stigma) ഉയർന്ന തോതിൽ കണ്ടെത്തിയിരുന്നു. ചെറുപ്പക്കാരിലും തൊഴിലില്ലാത്തവരിലും ദീർഘകാല സൗഹൃദങ്ങളില്ലാത്തവരിലുമാണ് ഇത് കൂടുതൽ കാണപ്പെട്ടത്. രോഗലക്ഷണങ്ങളേക്കാൾ കൂടുതൽകാലം ചിലപ്പോൾ ഒരാളോടൊപ്പം ഉണ്ടാകുന്നത് ഈ അപമാനബോധമാണ്. കേവലം ഒരു രോഗത്തിന്റെ പിന്നിൽ, ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത, ആരും മനസ്സിലാക്കാൻ ശ്രമിക്കാത്ത ഇത്തരം ജീവിതങ്ങൾ കൂടിയുണ്ട് എന്ന് തിരിച്ചറിയാൻ തുടങ്ങുന്നിടത്താണ് ഈ ലോക മാനസികാരോഗ്യ ദിനം അർത്ഥപൂർണ്ണമായി ആരംഭിക്കപ്പെടുന്നത്.

കേൾക്കപ്പെടുക എന്നാൽ സഹതാപത്തോടെ തങ്ങളുടെ കഥകൾ കേട്ടിരിക്കുക എന്ന് മാത്രമല്ല അർത്ഥം. അനുഭവകഥകൾ പറയാൻ വേണ്ടി മാത്രം വേദികളിലേക്ക് ക്ഷണിക്കപ്പെടുകയും തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യത്തിൽ യാതൊരു പങ്കാളിത്തവും ഇല്ലാതെ പോവുകയും ചെയ്യുന്ന കാപട്യം നിറഞ്ഞ വെറുമൊരു ചടങ്ങ് മാത്രമാകരുത് എന്ന് കൂടിയാണ്. ‘ആവശ്യക്കാർ ഇങ്ങോട്ട് വരട്ടെ’, ‘രോഗാനുഭവമുള്ളവർക്കും അവരെ പരിചരിക്കുന്നവർക്കും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ സധൈര്യം വന്നോളൂ’, ‘ഞങ്ങളുടെ വാതിലുകൾ മലർക്കെ തുറന്നുകിടക്കുകയാണ്’ എന്നിങ്ങനെ ആചരണവേദികളിൽ ഉയരുന്ന പ്രഖ്യാപനങ്ങൾ പലപ്പോഴും പുറംപൂച്ചായി ഒതുങ്ങിപ്പോകാറുണ്ട്. കാരണം, മുൻവിധികളെ ഭയന്നു കഴിയുന്ന ഒരാൾക്ക് തുറന്നിട്ട വാതിലിലൂടെ കടന്നുവരുക അത്ര എളുപ്പമല്ല. അവർ കടന്നുപോകുന്ന സാമൂഹിക സാഹചര്യം മനസ്സിലാക്കി, അവരെ തേടിച്ചെന്ന്, ചേർത്ത് നിർത്തുന്നതാകണം ആത്മാർത്ഥമായ പ്രവർത്തനങ്ങൾ.

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരിൽ ആറിൽ അഞ്ചിലധികം പേർക്കും ചികിത്സ ലഭിച്ചിരുന്നില്ല എന്ന് 2015–16-ലെ ദേശീയ മാനസികാരോഗ്യ സർവേ കണ്ടെത്തിയിരുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരിൽ ആറിൽ അഞ്ചിലധികം പേർക്കും ചികിത്സ ലഭിച്ചിരുന്നില്ല എന്ന് 2015–16-ലെ ദേശീയ മാനസികാരോഗ്യ സർവേ കണ്ടെത്തിയിരുന്നു.

അനുഭവിച്ചവരോട് പേരിന് മാത്രം അഭിപ്രായം ചോദിക്കുന്നതും അവരോടൊപ്പം ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ചികിത്സയെക്കുറിച്ചുള്ള അറിവ് പഠനത്തിലൂടെയും പരിശീലനത്തിലൂടെയും നേടുന്നതാണെങ്കിൽ, ഒരു അവസ്ഥയോടൊപ്പം ജീവിക്കുന്നത് എങ്ങനെയാണെന്ന അറിവ് അനുഭവത്തിലൂടെ മാത്രം ലഭിക്കുന്നതാണ്. ഈ രണ്ട് അറിവുകളും പരസ്പരം മത്സരിക്കുന്നവയല്ല പകരം പരസ്പരപൂരകങ്ങളാണ്. അനുഭവജ്ഞാനം കൊണ്ടു മാത്രം ചികിത്സ പൂർണ്ണമാകാത്തതുപോലെ, ഒരാളുടെ ജീവിതാനുഭവവും സാഹചര്യവും മനസ്സിലാക്കാതെയുള്ള ചികിത്സയും അപൂർണ്ണമായിപ്പോകുന്നു. ചികിത്സാമുറിയിൽ നിന്നിറങ്ങിയശേഷമുള്ള ജീവിതം, പഠിപ്പിക്കുന്ന പുസ്തകങ്ങളിലില്ല. ഒരു മരുന്ന് ഒരാളുടെ ജോലിയെയും ബന്ധങ്ങളെയും എങ്ങനെ ബാധിക്കുന്നു, കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത ഒരു ദിവസം എങ്ങനെയാണ് അനുഭവപ്പെടുന്നത്, ജോലിസ്ഥലത്തോ ക്ലാസ്സിലോ നിന്ന് വിട്ടുനിന്ന ദിവസങ്ങളെക്കുറിച്ച് മറ്റുള്ളവരോട് എങ്ങനെ വിശദീകരിക്കും, ഡിസ്ചാർജിനു ശേഷം വീട്ടിലും നാട്ടിലും എന്തെല്ലാം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു എന്നതൊന്നും പാഠപുസ്തകങ്ങളിൽ നിന്ന് മാത്രം പഠിക്കാനാവുന്നവയല്ല.

ഈ തിരിച്ചറിവ് നമ്മുടെ നിയമത്തിലും ചെറിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 2017-ലെ മാനസികാരോഗ്യ പരിരക്ഷാ നിയമം (Mental Healthcare Act, 2017) സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയിൽ, മാനസികരോഗം അനുഭവിക്കുന്നവരെയോ അനുഭവിച്ചിട്ടുള്ളവരെയോ പ്രതിനിധീകരിക്കുന്ന രണ്ടുപേരും, പരിചരിക്കുന്നവരെ പ്രതിനിധീകരിക്കുന്ന രണ്ടുപേരും അംഗങ്ങളായിരിക്കണം എന്ന് നിഷ്കർഷിക്കുന്നുണ്ട്. മാനസികാരോഗ്യ പുനരവലോകന ബോർഡുകളിലും സമാനമായ പ്രാതിനിധ്യമുണ്ട്. എന്നാൽ നിയമം നൽകുന്ന ഈ ഇടം യഥാർത്ഥത്തിൽ തുല്യപങ്കാളിത്തമായി മാറുന്നുണ്ടോ എന്ന് ചോദിച്ചാൽ, മാനസികരോഗം അനുഭവിക്കുന്നവരെ പ്രതിനിധീകരിക്കുന്ന അംഗമെന്ന നിലയിൽ ‘ഇനിയും മാറ്റങ്ങൾ വേണ്ടതുണ്ട്’ എന്ന് തന്നെ തുറന്ന് പറയേണ്ടിവരും. വിദ്യാഭ്യാസത്തിലും സാമൂഹിക പദവിയിലും വ്യത്യസ്ത തട്ടുകളിലുള്ളവർ ഒരേ മേശയ്ക്കു ചുറ്റും ഇരുന്നാലും, മനസ്സ് കൊണ്ട് പൂർണ്ണമായി എല്ലാവരെയും തുല്യമായി കാണാൻ ശ്രമിച്ചാലും, ആരും അത്രമേൽ ശ്രദ്ധിക്കാത്ത ഒരു അസന്തുലിതമായ സാഹചര്യം നിലനിൽക്കുന്നു എന്ന് പറയാതെ വയ്യ. വഹിക്കുന്ന പദവിയിലും അധികാരസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളിലും പ്രൊഫഷണൽ കടപ്പാടുകളിലും ഉള്ള വ്യത്യാസങ്ങൾ തുടങ്ങിയവ ചേർന്നുണ്ടാക്കുന്ന ഒരു അധികാരശ്രേണി (power hierarchy) യാവാം ഇക്കാര്യത്തിൽ മൂലകാരണം. അത്തരം സാഹചര്യം ഒഴിവാക്കാനുള്ള ബോധപൂർവമായ കൂട്ടായ ശ്രമം മാത്രമാണ് പരിഹാരം.

സാമൂഹിക പങ്കാളിത്തത്തോടെ അനുഭവജ്ഞാനമുള്ളവരെ മാനസികാരോഗ്യ സേവനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും വിലയിരുത്തലിലും പ്രധാന ഭാഗഭാക്കാക്കുന്ന നവസേവന മാതൃകകളാണ് നമുക്കാവശ്യം. അത്തരം ബോധപൂർവമായ ശ്രമങ്ങൾക്ക് ലോകത്ത് പലയിടത്തും മൂർത്തമായ ഉദാഹരണങ്ങളുണ്ട്. ദി ബന്യന്റെ സമൂഹാധിഷ്ഠിത മാനസികാരോഗ്യ പരിചരണ പദ്ധതിയായ നളം (NALAM), ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഗതിന്റെ (Sangath) പ്രവർത്തനങ്ങൾ തുടങ്ങിയവയാണതിൽ ചിലത്. സ്വന്തം അനുഭവങ്ങളിലൂടെ കടന്നുപോയി പരിശീലനം നേടിയവർ ‘പിയർ സപ്പോർട്ട് വർക്കർമാരായി’ (പിന്തുണ നൽകുന്ന സമാനാനുഭവമുള്ളവർ) മാനസികാരോഗ്യ സേവനങ്ങളുടെ ഭാഗമാകുന്നുണ്ട്. ഈ പിന്തുണ ലഭിക്കുന്നവരിൽ പ്രത്യാശയും ആത്മാഭിമാനവും സ്വന്തം ജീവിതത്തിന്മേലുള്ള നിയന്ത്രണബോധവും സാമൂഹിക ഉൾച്ചേർക്കലും മെച്ചപ്പെടുന്നതായി വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഒപ്പം, അവരോടൊപ്പം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ മനോഭാവത്തിലും മാറ്റം വരുന്നതായി കാണാം. തൊഴിൽ ചെയ്യാൻ കഴിവില്ലാത്തവരെന്ന് മുദ്രകുത്തപ്പെട്ടവർക്ക് പിയർ സപ്പോർട്ട് വർക്കർ എന്ന ചുമതല അർത്ഥപൂർണ്ണമായ തൊഴിലും ആത്മവിശ്വാസവും കൂടി നൽകുന്നു. ‘ഞാനും ഇതിലൂടെ കടന്നുപോയതാണ്’ എന്ന് പറയാൻ കഴിയുന്ന ഒരാളുടെ സാന്നിധ്യം മറ്റൊന്നിനും നൽകാനാവാത്തവിധം ഒരു പ്രത്യാശ പകരുന്നു. നമ്മുടെ നാട്ടിലും സമാനമായ മാതൃകാപരമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളത്തിന്റെ പാലിയേറ്റീവ് കെയർ മാതൃകയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെ മാനസികാരോഗ്യ പരിചരണം വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും എത്തിക്കുന്ന മെഹക് ഫൗണ്ടേഷൻ, മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് (MHAT), അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ പോലുള്ള സംഘടനകൾ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം ഇടപെടലുകളാണ് നമ്മുടെ സാഹചര്യത്തിന് കൂടുതൽ അഭികാമ്യം എന്ന് സമകാലിക പഠനങ്ങളും തെളിയിക്കുന്നുണ്ട്.

സ്വന്തം അനുഭവങ്ങളിലൂടെ കടന്നുപോയി പരിശീലനം നേടിയവർ ‘പിയർ സപ്പോർട്ട് വർക്കർമാരായി’ (പിന്തുണ നൽകുന്ന സമാനാനുഭവമുള്ളവർ) മാനസികാരോഗ്യ സേവനങ്ങളുടെ ഭാഗമാകുന്നുണ്ട്.
സ്വന്തം അനുഭവങ്ങളിലൂടെ കടന്നുപോയി പരിശീലനം നേടിയവർ ‘പിയർ സപ്പോർട്ട് വർക്കർമാരായി’ (പിന്തുണ നൽകുന്ന സമാനാനുഭവമുള്ളവർ) മാനസികാരോഗ്യ സേവനങ്ങളുടെ ഭാഗമാകുന്നുണ്ട്.

സേവനരംഗത്തു മാത്രമല്ല, നയരൂപീകരണരംഗത്തും ഇതുപോലുള്ള കൂട്ടായ ശബ്ദങ്ങൾ ഉയർന്നുവരുന്നുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചറിഞ്ഞവർ, പരിചരിക്കുന്നവർ, മാനസികാരോഗ്യ പ്രൊഫഷണലുകൾ, സന്നദ്ധസംഘടനകൾ, സാമൂഹികാരോഗ്യ പ്രവർത്തകർ, പൊതുസമൂഹം എന്നിങ്ങനെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാവരെയും ഒരു കുടക്കീഴിൽ ഒന്നിപ്പിച്ച്, മനുഷ്യാവകാശങ്ങളിലും സമൂഹാധിഷ്ഠിത പരിചരണത്തിലും വീണ്ടെടുക്കലിലും ഊന്നിയ നയപരിഷ്കരണത്തിനായി പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മയാണ് കേരള അലയൻസ് ഫോർ മെന്റൽ ഹെൽത്ത് (മാനസികാരോഗ്യ കൂട്ടായ്മ). ഈ കൂട്ടായ്മ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് സംസ്ഥാന മാനസികാരോഗ്യ നയത്തിന്റെ സമഗ്രമായ പരിഷ്കരണമാണ്. രാജ്യത്ത് ആദ്യമായി മാനസികാരോഗ്യ നയം രൂപീകരിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ നിലവിലുള്ള നയം 2013-ലാണ് അവസാനമായി പുതുക്കിയത്. 2014-ലെ ദേശീയ മാനസികാരോഗ്യ നയവും, മാനസികരോഗമുള്ളവരുടെ അവകാശങ്ങളെ കേന്ദ്രീകരിക്കുന്ന 2017-ലെ മാനസികാരോഗ്യ പരിരക്ഷാ നിയമവും, അതിനു കീഴിലുള്ള 2018-ലെ അവകാശ ചട്ടങ്ങളും നിലവിൽ വരുന്നതിനു മുമ്പ് തയ്യാറാക്കിയതായതിനാൽത്തന്നെ, പുതിയവ മുന്നോട്ടുവെച്ച അവകാശാധിഷ്ഠിത സമീപനങ്ങൾ (ചികിത്സയെക്കുറിച്ച് മുൻകൂട്ടി നിർദ്ദേശം നൽകാനുള്ള അവകാശം, സ്വന്തം പ്രതിനിധിയെ നിർദ്ദേശിക്കാനുള്ള അവകാശം, സമൂഹത്തിൽ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം തുടങ്ങിയവ) ഈ നയത്തിൽ പ്രതിഫലിക്കുന്നില്ല. ഇതിനിടയിൽ ലോകവും ഏറെ മുന്നോട്ടുപോയി. പിയർ സപ്പോർട്ട് സേവനങ്ങൾ ഉൾപ്പെടെ, വ്യക്തിയെ കേന്ദ്രീകരിച്ചുള്ള, അവകാശാധിഷ്ഠിതവും സമൂഹാധിഷ്ഠിതവുമായ മാനസികാരോഗ്യ സേവനങ്ങൾക്കായി ലോകാരോഗ്യ സംഘടന 2021-ൽ സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. മാനസികാരോഗ്യ നിയമങ്ങളും നയങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കാനുള്ള മാർഗ്ഗരേഖ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗവുമായി ചേർന്ന് 2023-ലും പുറത്തിറക്കി. പല രാജ്യങ്ങളും ഈ ദിശയിൽ തങ്ങളുടെ സംവിധാനങ്ങൾ പുനഃക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു നയം കൊണ്ട് ഇന്നത്തെ മാറ്റങ്ങളെ ഉൾക്കൊള്ളാനാവില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ മാനസികാരോഗ്യ നയം പുതുക്കലാണ് ഈ മാറ്റങ്ങളുടെ ആദ്യ പടി.

ഈ മാറ്റം തുടരേണ്ടത് പല തലങ്ങളിലാണ്. തീരുമാനങ്ങളെടുക്കുന്ന ഓരോ വേദിയിലും അനുഭവജ്ഞാനമുള്ളവർക്കും പരിചരിക്കുന്നവർക്കും വ്യക്തമായ ഇടമുണ്ടാകണം. പേരിനൊരു സ്ഥാനമോ അംഗത്വമോ അല്ല മറിച്ച്, അർഹമായ പിന്തുണയും അവസരവും ഉറപ്പാക്കിക്കൊണ്ടുള്ള യഥാർത്ഥ പങ്കാളിത്തമാകണമത്. പരിശീലനവും മേൽനോട്ടവും അർഹമായ വേതനവും ഉറപ്പാക്കി പിയർ സപ്പോർട്ട് വർക്കർമാരെ നമ്മുടെ പൊതുമാനസികാരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കണം. രോഗം ഭേദമായിട്ടും ആശുപത്രികളിൽ കഴിയേണ്ടി വരുന്നവർക്കായി സമൂഹാധിഷ്ഠിത പുനരധിവാസവും, ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങൾക്ക് മതിയായ പിന്തുണയും ഉണ്ടാകണം. മാനസികാരോഗ്യ പ്രവർത്തകരുടെ പരിശീലനത്തിന് അനുഭവജ്ഞാനമുള്ളവരുടെ അറിവുകളും ഉൾച്ചേർക്കണം. മാധ്യമങ്ങളും സിനിമയും, ഉപയോഗിക്കുന്ന ഭാഷയിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. വിദ്യാലയങ്ങളും തൊഴിലിടങ്ങളും മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിന്റെ പേരിൽ ആരെയും മാറ്റിനിർത്താത്ത ഇടങ്ങളാകണം. ഏറ്റവും ചെറുതെന്നു തോന്നുമെങ്കിലും ഏറ്റവും പ്രധാനപ്പെട്ട മാറ്റം തുടങ്ങേണ്ടത് നമ്മുടെ ഓരോരുത്തരുടെയും മനോഭാവത്തിൽ നിന്നാണ്. ഊളമ്പാറയും കുതിരവട്ടവും പോലുള്ള സ്ഥലപ്പേരുകളും മാനസികാരോഗ്യ പ്രശ്നങ്ങളും നമ്മുടെ സംഭാഷണങ്ങളിൽ വെറും തമാശയായി കടന്നുവരാതിരിക്കണം.

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമായി തോന്നുക തികച്ചും സ്വാഭാവികമാണ്. എന്നാൽ ഇത്തരം ജീവിതകഥകൾ വെറും കഥകളല്ലാതാകാൻ അത് സ്വയം അനുഭവിക്കണമെന്ന് നിർബന്ധമില്ല, അത് അനുഭവിച്ചവരെ പൂർണ്ണമായ ശ്രദ്ധയോടെ കേൾക്കുകയും അവരുടെ അനുഭവങ്ങളെ അതേ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വഴി ഈ ജീവിതങ്ങളുടെ മാനുഷിക മാനം മനസ്സിലാക്കാൻ നമുക്ക് സാധിക്കും. ആ മനസ്സിലാക്കലുകൾ പ്രവർത്തികളിലേക്ക് കൊണ്ടുവരുവാനും കഴിയും. ഇതുവരെ പറഞ്ഞതൊന്നും അതിശയോക്തികളല്ല; ഞങ്ങൾ ജീവിച്ച, ഇന്നും അനേകം പേർ ജീവിക്കുന്ന ജീവിതങ്ങളാണ്. ഈ ജീവിതങ്ങൾ കേൾക്കപ്പെടണം. കേൾക്കുന്നിടത്തുനിന്ന് മാറ്റം തുടങ്ങണം. അങ്ങനെ അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള ഓരോ മനുഷ്യന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.


Summary: On World Mental Health Day, Nithin Lalachan explores how stigmatizing labels hurt people experiencing mental health challenges and reinforce social prejudice.


നിതിൻ ലാലച്ചൻ

മാനസികാരോഗ്യ പ്രശ്നങ്ങളുടെ അനുഭവജ്ഞാനമുള്ള വ്യക്തിയും മനഃശാസ്ത്രജ്ഞനുമാണ്. കൊല്ലം മെഡിക്കൽ കോളേജിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യാ പ്രതിരോധ, മാനസികാരോഗ്യ ഉന്നമന പദ്ധതിയിൽ റിസർച്ച് സയന്റിസ്റ്റ്. കേരള അലയൻസ് ഫോർ മെന്റൽ ഹെൽത്തിന്റെ സംഘാടകൻ.

Comments