അഭിരാമി എസ്. ആർ.

കോവിഡുകാല പ്രതിസന്ധികൾ: ചില സ്വകാര്യാന്വേഷണങ്ങൾ

കോവിഡിന്റെ സാമ്പത്തികശാസ്ത്രം പ്രതികൂലമായി ബാധിച്ച മനുഷ്യരിൽ ഒരാൾ കൂടിയാണ് ഞാൻ. സ്വകാര്യസ്ഥാപനത്തിൽ തുച്ഛവേതനക്കാരനായ അച്ഛന്റെ ശമ്പളം ജോലിയില്ലാതെ വീട്ടിലിരുന്ന സമയത്ത് വെട്ടിക്കുറച്ചത് നന്നായി ബുദ്ധിമുട്ടിച്ചു

രിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ചില പ്രതിബന്ധങ്ങൾ ഉണ്ടാകാറുണ്ട്.
അഥവാ ഇത്തരം ചില പ്രതിസന്ധികളിലൂടെയും അതിൽ നിന്നുള്ള മുന്നേറ്റങ്ങളിലൂടെയുമാണ് സാംസ്‌കാരിക പരിണാമം കരുത്താർജ്ജിക്കുന്നത്.
ഈ പ്രതിസന്ധി യുദ്ധമാകാം, പകർച്ചവ്യാധിയാകാം, സുനാമിയോ കൊടുങ്കാറ്റോ പ്രളയമോ ആകാം.
1665ൽ ലണ്ടനിൽ പടർന്നു പിടിച്ച പ്ലേഗ് ഏകദേശം 75,000 ജീവനുകൾ കവർന്നു കൊണ്ടാണ് പിൻവാങ്ങിയത്. ചരിത്രത്തിലും സാഹിത്യത്തിലുമൊക്കെ ഇത് കറുത്ത അധ്യായമായി എഴുതപ്പെടുകയും ചെയ്തു. എന്നാൽ അതിൽ നിന്നും ലണ്ടൻ കരകയറി. പ്ലേഗിനെ അനുബന്ധിച്ച് പ്ലേഗ് സാഹിത്യമുണ്ടായി. 2004ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട സുനാമിയാണ് നാളിതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വിനാശകാരിയായ പ്രകൃതി ദുരന്തം എന്ന നിലയിൽ അറിയപ്പെടുന്നത്. പതിന്നാലു രാജ്യങ്ങളിൽ നിന്ന് ഏതാണ്ട് 2,30,000 ആളുകൾക്ക് ജീവൻ നഷ്ടമായി. നാശനഷ്ടങ്ങൾ ഏറെയുണ്ടായെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെല്ലാം സാവധാനം അതിൽ നിന്നും കരകയറി. എന്നാൽ ഇതിൽ നിന്നെല്ലാം വ്യതിരിക്തമായ, അതിഭീകരമായ ഒരു അവസ്ഥയിലൂടെയാണ് ലോകം ഇന്നു കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.

കോവിഡിനെ ദൈനംദിനജീവിതത്തിൽ ചരിത്രവൽക്കരിക്കേണ്ടതുണ്ട്, അതിനെ ഒരു ചരിത്ര പ്രതിസന്ധിയായി തന്നെ കാണേണ്ടതുമുണ്ട്.

കൊറോണ എന്നത് കേവലമായ ഒരു പകർച്ചവ്യാധി എന്നതിൽ നിന്നുപരി മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്ന, ഒരു പുതിയ സ്വത്വപ്രതിസന്ധിയ്ക്കു തന്നെ വഴി വയ്ക്കുന്ന ആഗോള പ്രതിഭാസമായി മാറിയിരിക്കുന്നു. ആരോഗ്യം, സാമ്പത്തികം, ഉല്പാദനം തുടങ്ങി ഒരു രാഷ്ട്രത്തിന്റെ ഉഭയകക്ഷി ബന്ധങ്ങളിൽ പോലും അത് കൈകടത്തിയിരിക്കുന്നു. ഈ ചരിത്രസന്ധിയിൽ കോവിഡിനെ സംബന്ധിച്ച വിപുലമായ പഠനങ്ങൾ - പ്രത്യേകിച്ചും മനശാസ്ത്രസംബന്ധിയായവ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. കോവിഡിനെ ദൈനംദിനജീവിതത്തിൽ ചരിത്രവൽക്കരിക്കേണ്ടതുണ്ട്, അതിനെ ഒരു ചരിത്ര പ്രതിസന്ധിയായി തന്നെ കാണേണ്ടതുമുണ്ട്. വ്യക്ത്യനുഭവങ്ങൾക്കും ഈ സാഹചര്യത്തിൽ പ്രാധാന്യണ്ടെന്നും വ്യക്തിഗത അനുഭവങ്ങളെ നിസ്സാരവൽക്കരിച്ച്​ സാമൂഹികാഘാതത്തെ പഠിക്കുക പ്രയാസമാണെന്നും മനസ്സിലാക്കിക്കൊണ്ടു തന്നെ ഈ അന്വേഷണ പഠനത്തിൽ ഞാനും പങ്കാളിയാകുകയാണ്. എന്റെ കോവിഡ് കാല ജീവിതത്തെ വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിൽ.

മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്ന, ഒരു പുതിയ സ്വത്വപ്രതിസന്ധിയ്ക്കു തന്നെ വഴി വയ്ക്കുന്ന ആഗോള പ്രതിഭാസമായി കൊറോണ മാറിയിരിക്കുന്നു /Photo : unsplash
മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്ന, ഒരു പുതിയ സ്വത്വപ്രതിസന്ധിയ്ക്കു തന്നെ വഴി വയ്ക്കുന്ന ആഗോള പ്രതിഭാസമായി കൊറോണ മാറിയിരിക്കുന്നു /Photo : unsplash

കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്ന സമയത്ത് ഞാൻ തിരുവനന്തപുരത്ത് ഹോസ്റ്റലിൽ നിന്ന്​ പഠിക്കുകയാണ്. അന്ന് ഞങ്ങൾ സുഹൃത്തുക്കളെല്ലാവരും ചേർന്ന് കൂട്ടം കൂടിയിരുന്ന് ചർച്ച ചെയ്തതും ആറ്റുകാൽ പൊങ്കാല നടത്തിപ്പിനെച്ചൊല്ലി ഉത്ക്കണ്ഠാകുലരായതുമെല്ലാം ഇന്നലെക്കഴിഞ്ഞതു പോലെ ഓർക്കുന്നു. പൊങ്കാല കഴിഞ്ഞ് രണ്ടാം നാൾ കേരളത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുകയും ഞാൻ വീട്ടിലേക്കു പോരുകയും ചെയ്തു. പെട്ടെന്ന്​ ലഭിച്ച അവധിദിനങ്ങളുടെ രസം ആഴ്ചകൾ കഴിഞ്ഞതോടുകൂടി ചോർന്നുപോയി. അതായത് കോവിഡ് മൂലം എനിക്ക് സംഭവിച്ച ആദ്യത്തെ നഷ്ടം അക്കാദമികമാണ്. ഓൺലൈനായി ക്ലാസുകളും സെമിനാറുകളും നടത്തിയെങ്കിലും പരീക്ഷ നടത്തിപ്പും പ്രോജക്ടും വൈകിയതു കാരണം ഒരു വർഷത്തെ എം. ഫിൽ കോഴ്‌സ് രണ്ട് വർഷം കൊണ്ടാണ് പൂർത്തിയായത്. എല്ലാ അധ്യാപനരംഗത്തും ഈ കാലതാമസം ഉണ്ടായല്ലോയെന്ന് സമാശ്വസിക്കാമെങ്കിലും നേരിട്ട് ഒരേ ക്ലാസുമുറിയിൽ കൂട്ടുകാരോടൊപ്പമിരുന്ന് പഠിക്കുന്ന സുഖമൊന്നും വെർച്ച്വൽ ക്ലാസുകൾക്കില്ലല്ലോ. കാന്റീനിലെ ചായകുടിയും കൂട്ടുകാരോടൊത്തുള്ള നല്ല സമയങ്ങളും ലൈബ്രറിയിൽ പോക്കും വൈകുന്നേരത്തെ തിരക്കുപിടിച്ച നഗരത്തിലൂടെയുള്ള നടത്തവുമെല്ലാം വ്യക്തിപരമായ നഷ്ടങ്ങൾ തന്നെയാണ്. പഠനം എന്നത് ഓൺലൈൻ കാലത്ത് പുസ്തകം പഠിക്കലും പരീക്ഷയെഴുതലും മാർക്കു വാങ്ങലും മാത്രമാണ്. എന്നാൽ പഠനത്തിന് അഭൗതികമായ മറ്റു ചില രസതന്ത്രങ്ങൾ കൂടിയുണ്ട്.

എന്നെ സംബന്ധിച്ച്​ ക്യാമറയിൽ കാണുന്ന സ്വന്തം മുഖത്തേക്കു നോക്കി സംസാരിക്കേണ്ടി വരുന്നത് അത്യന്തം വിഷമം പിടിച്ചൊരു സംഗതിയാണ്. പുറമേയ്ക്ക് നിസ്സാരമെന്നു തോന്നുമെങ്കിലും ഇതുമൂലം എനിക്കുണ്ടായിട്ടുള്ള മാനസിക ബുദ്ധിമുട്ടുകൾ കുറച്ചൊന്നുമല്ല

ഒന്നിച്ചിരിക്കലിന്റെ, പങ്കുവയ്ക്കലിന്റെ, തൊടലിന്റെ, കേൾക്കലിന്റെയൊക്കെ വികാരാർദ്രമായ അനുഭവങ്ങൾ കൂടി കൊണ്ടു മാത്രമേ പഠനം പൂർണമാകുന്നുള്ളൂ. ഇതിന്റെ എറ്റവും ലളിതമായ വ്യാഖ്യാനത്തിനു വേണമെങ്കിൽ ഒരു അനുഭവം കൂടി പങ്കുവയ്ക്കാം. ഞങ്ങൾക്ക് കോഴ്‌സിനോടനുബന്ധിച്ച് ഓരോ പേപ്പറിനും സെമിനാറുകൾ എടുക്കേണ്ടതായിട്ടുണ്ട്. സെമിനാർ അവതരണത്തിനും തുടർന്നുള്ള ചോദ്യോത്തരവേളയിലെ പ്രതികരണത്തിനും പ്രത്യേകമായി മാർക്കുള്ളതാണ്. സ്റ്റേജ് ഫ്രൈറ്റുള്ളവർ, തന്നിരിക്കുന്ന വിഷയത്തിൽ ആത്മവിശ്വാസമില്ലാത്തവർ, നന്നായി വിഷയത്തെ പഠിക്കുവാൻ കഴിയാത്തവർ അങ്ങനെ പലരും പല വിധത്തിലാണ് ഇതിനെ സമീപിക്കാറുള്ളത്. എങ്കിലും ഞങ്ങളെല്ലാവരും പരസ്പരം സഹായിക്കാറുണ്ട്, താങ്ങാകാറും തണലാകാറുമുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായി എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് പ്രസന്റേഷനു തൊട്ടു മുൻപ് നമ്മുടെ സുഹൃത്ത് കയ്യിലൊന്ന് അമർത്തിപ്പിടിച്ച് ""പോയി പൊളിക്ക് മുത്തേ'' എന്നു പറയുന്നതാണ്. പലപ്പോഴും ആ ഒരു ഊർജ്ജത്തിനു പുറത്തു മാത്രം നന്നായി സെമിനാറെടുത്തിട്ടുള്ള അനുഭവങ്ങളും എനിക്കുണ്ട്. എന്നാൽ ഓൺലൈൻ സെമിനാറുകളിൽ ഇതുണ്ടാകുന്നില്ലെന്നു മാത്രമല്ല, എല്ലാവരും മറ്റാരൊക്കെയോ ആയി അകന്നു പോകുന്നതായും പ്രസന്റേഷൻ സമയത്ത് നാം ഒറ്റപ്പെടുന്നതായുമൊക്കെയാണ് തോന്നിയിട്ടുള്ളത്. കൂട്ടുകാരുടെയോ അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു ഓഡിയൻസിന്റെയോ മുഖത്തു നോക്കി സംസാരിക്കുന്നതും ഒരു സ്‌ക്രീനിൽ നോക്കി സംസാരിക്കേണ്ടി വരുന്നതും രണ്ട് അനുഭവങ്ങൾ തന്നെയാണല്ലോ. എന്നെ സംബന്ധിച്ച്​ ക്യാമറയിൽ കാണുന്ന സ്വന്തം മുഖത്തേക്കു നോക്കി സംസാരിക്കേണ്ടി വരുന്നത് അത്യന്തം വിഷമം പിടിച്ചൊരു സംഗതിയാണ്. പുറമേയ്ക്ക് നിസ്സാരമെന്നു തോന്നുമെങ്കിലും ഇതുമൂലം എനിക്കുണ്ടായിട്ടുള്ള മാനസിക ബുദ്ധിമുട്ടുകൾ കുറച്ചൊന്നുമല്ല. സെമിനാറിലേക്കു ചുരുക്കിപ്പറഞ്ഞുവെങ്കിലും ഇതിൽ പല തലങ്ങളുണ്ട്. സ്വാർത്ഥമായ ഒരു പ്രതിപ്രവർത്തനമായി ഇക്കാലത്ത് പഠനാനുഭവം ചുരുങ്ങിപ്പോകുന്നുണ്ടോയെന്ന്, പഠനത്തിന്റെ വൈകാരികവും ഭാവാത്മകവുമായ തലം വിദ്യാർത്ഥികൾക്ക് നഷ്ടമാകുന്നുണ്ടോയെന്ന്, സമപ്രായക്കാരായ കുട്ടികളെ കണ്ടിട്ടു കൂടിയില്ലാത്ത നഴ്‌സറി ക്ലാസുകളിലെ കുഞ്ഞുങ്ങളുടെ മാനസിക വളർച്ച എപ്രകാരമായിരിക്കുമെന്ന ഭയം എനിക്കു നന്നായുണ്ട്.

ഒറ്റപ്പെടലാണ് മറ്റൊരു സംഗതി. ഫോൺ കോളുകളോ ചാറ്റ് ഹെഡ്ഡുകളോ മീഡിയേറ്റു ചെയ്യുന്ന സൗഹൃദഭാഷണങ്ങളോട് താല്പര്യമില്ലാത്ത, ആളുകളെ നേരിൽ കണ്ടു സംസാരിക്കാൻ മാത്രം ഇഷ്ടപ്പെടുന്ന എന്നെ പോലെയുള്ള ഓൾഡ് സ്‌കൂളുകാർക്ക് നല്ലൊരു തിരിച്ചടി തന്നെയായിരുന്നു കോവിഡ്. ഇക്കാരണത്താൽ എനിക്കു നഷ്ടമായ സുഹൃദ്ബന്ധങ്ങളും നിരവധിയാണ് (അഥവാ നഷ്ടമായെന്നു ഞാൻ വിചാരിക്കുന്നവ). ഒരൊറ്റ ഫോൺ കോൾ കൊണ്ടു പോലും പുതുക്കപ്പെടാവുന്ന ബന്ധങ്ങളോട് ഞാൻ അലോസരത കാട്ടുന്നത് ഒരുപക്ഷേ കോവിഡ് കാലം എനിക്കു വിശിഷ്യാ സമ്മാനിച്ച ടെലിഫോൺ ഫോബിയ കൊണ്ടുമാകാം. ഒട്ടും നിസ്സാരവൽക്കരിച്ചുകൂടാത്ത ഒരു വിഷയം തന്നെയാണിത്. പലപ്പോഴും ആരുമത് അഡ്രസ്സ് ചെയ്യാറുമില്ല. ഫോണും ഇന്റർനെറ്റും കൊണ്ടുമാത്രം വ്യക്തിബന്ധങ്ങൾ സാധ്യമാവുന്ന ഒരു കാലത്ത് അതിനു കഴിയാത്ത ആളുകൾ എന്തു ചെയ്യും?!

എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, ലോക്ക്‌ഡൗൺ കാലത്ത് വ്യക്തിബന്ധങ്ങൾ നന്നായി ഉലഞ്ഞുവെങ്കിലും സാമൂഹിക ജീവിതം അല്പാല്പമായി പുഷ്ടിപ്പെടുകയാണുണ്ടായത്. മലയാള ഐക്യവേദിയിൽ സജീവമായതും കേരളപ്പെൺകവികളുടെ കൂട്ടായ്മയിലേക്കു കടന്നുവരുന്നതും ഇക്കാലയളവിലാണ്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രതിനിധികളെ സംഘടിപ്പിച്ച് ഐക്യവേദിയ്ക്ക് സംസ്ഥാന സമ്മേളനം നടത്താനായതും കേരളപ്പെൺകവികളുടെ ആഭിമുഖ്യത്തിൽ ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള പെൺകവികളെ ക്ഷണിച്ച് വമ്പിച്ച പോയട്രി ഫെസ്റ്റ് നടത്താനായതും എനിക്ക് ഇതിലൊക്കെ പങ്കെടുക്കുവാനായതും കോവിഡിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിയതുകൊണ്ടു മാത്രമാണ്.

അഭിരാമി എസ്. ആർ.
അഭിരാമി എസ്. ആർ.

കോവിഡ് സമ്മാനിച്ച ഒറ്റപ്പെടലിന്റെ മറ്റൊരു പ്രത്യുൽപ്പന്നമാണ് എനിക്കുണ്ടാക്കുവാൻ കഴിഞ്ഞ എന്റെ സർഗ്ഗാത്മക രചനകൾ. മാധ്യമത്തിലുൾപ്പെടെയുള്ള ആഴ്ചപ്പതിപ്പുകളിലും വെബ് മാഗസിനുകളിലും പ്രസിദ്ധീകരിച്ച സാഹിത്യസാംസ്‌കാരിക ലേഖനങ്ങൾ, കവിതകൾ, കഥകൾ ഇതൊക്കെ ലോക്ക്‌ഡൗൺ കാലത്തു ഞാൻ പൊടിതട്ടിയെടുത്ത പഴയ ചില ശീലങ്ങളാണ്. ഇക്കാലയളവിൽ മാത്രം അഞ്ചു പുസ്തകങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. സ്വന്തമായി പുസ്തകമിറക്കുന്നതിന്റെ പ്രാരംഭ ജോലികളും തുടങ്ങി വച്ചു. ഒരുപക്ഷേ എന്റെ സർഗ്ഗാത്മകശേഷിയെ നല്ലവണ്ണം ഉടച്ചുവാർക്കുവാനും പുതുക്കിപ്പണിയുവാനും കോവിഡിനു കഴിഞ്ഞു എന്നു തന്നെ പറയാം.

സർക്കാരിന്റെ കിറ്റിനെ കളിയാക്കുന്നവരോട് ഞങ്ങളൊക്കെ എന്തു പറയുവാനാണ്!

കോവിഡിന്റെ സാമ്പത്തികശാസ്ത്രം പ്രതികൂലമായി ബാധിച്ച മനുഷ്യരിൽ ഒരാൾ കൂടിയാണ് ഞാൻ. സ്വകാര്യസ്ഥാപനത്തിൽ തുച്ഛവേതനക്കാരനായ അച്ഛന്റെ ശമ്പളം ജോലിയില്ലാതെ വീട്ടിലിരുന്ന സമയത്ത് വെട്ടിക്കുറച്ചത് നന്നായി ബുദ്ധിമുട്ടിച്ചു. (സർക്കാരിന്റെ കിറ്റിനെ കളിയാക്കുന്നവരോട് ഞങ്ങളൊക്കെ എന്തു പറയുവാനാണ്!) അത്യാവശ്യമായി ഒരു ആശുപത്രിയിൽ പോയിട്ട് മൂന്നു മണിക്കൂർ നടുറോഡിൽ നിൽക്കേണ്ടി വന്നത് മറ്റൊരനുഭവം. ഇടക്കാലത്ത് കെ. എസ്. ആർ. ടി. സി. ബസിൽ ഇരുന്നു മാത്രം പോകാനാകുന്ന യാത്രക്കാരെ മാത്രമേ അനുവദിക്കുമായിരുന്നുള്ളൂ. കൂടാതെ എന്റെ നാട്ടിലേക്കടക്കമുള്ള പല സർവ്വീസുകളും വെട്ടിക്കുറക്കുകയും ചെയ്തു. പബ്ലിക് ട്രാൻസ്‌പോർട്ടിനെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാർക്ക് കോവിഡൊരു തിരിച്ചടിയാകുന്നത് ഇങ്ങനെ കൂടിയാണ്.

ഇത്തരത്തിൽ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടായിട്ടുള്ള കോവിഡ് പ്രത്യാഖ്യാതങ്ങൾ നിരവധിയാണ്. ചിലവ അനുകൂലമാണ്, ചിലവ പ്രതികൂലവും. കോവിഡിനെ ജൈവിക പരിണാമത്തിന്റെയും സാംസ്‌കാരിക പരിണാമത്തിന്റെയും ദശാസന്ധിയായി കണ്ടുകൊണ്ടു തന്നെ പ്രതികൂലമായതുകളെ എങ്ങനെ പരിഹരിക്കാം എന്നാണ് ഇനി അന്വേഷിക്കേണ്ടത്. ​▮

Comments