ഓണം പല കാലങ്ങളിലും പലതായാണ് അനുഭവിച്ചിട്ടുള്ളത്.
ഓണാവധിക്കാലത്ത് വീടിനടുത്തുള്ള മാവിലോ മറ്റേതെങ്കിലും വലിയ മരങ്ങളുടെ കൊമ്പുകളിലോ പപ്പ കെട്ടിത്തരാറുള്ള ഊഞ്ഞാൽ, ഓണദിവസം രാവിലെ വീടിനുചുറ്റും നിന്ന് പറിച്ചെടുത്ത പാർവതിപ്പൂ, കോളാമ്പിപ്പൂ, കോഴിവാലൻ പൂ, ആദം, ഹവ്വ പൂക്കൾ, പല നിറങ്ങളിലുള്ള ഇലകൾ ഇവയൊക്കെ കരിക്കട്ട കൊണ്ടു വരച്ച, വൃത്തത്തിന്റെയോ നക്ഷത്ര രൂപത്തിന്റെയോ ഉള്ളിലടുക്കി നടുക്കൊരു റോസപ്പൂവെച്ച് ഞാൻ തന്നെ ഉണ്ടാക്കുന്ന പൂക്കളം, പയറ് വറുത്തുകുത്തി തേങ്ങാപ്പാൽ പിഴിഞ്ഞ് നീണ്ട സമയമെടുത്ത് മമ്മി വെക്കുന്ന പായസം, ഇത്രയുമായിരുന്നു ബാല്യകാലത്തെ ഓണം. ചെറിയ ചില സന്തോഷങ്ങളായി അവ ഓർമ്മയിൽ അടയാളപ്പെട്ടുകിടക്കുന്നു. കൗമാരകാലങ്ങളിലും പിന്നീടുമുള്ള ഓണം ഓണാനുബന്ധ മത്സരങ്ങളും കലാപരിപാടികളുമായാണ് ഓർമയിൽ നിൽക്കുന്നത്.
ഗൃഹനാഥകളായ സ്ത്രീകളെ സംബന്ധിച്ച് ഓണം സാമർത്ഥ്യമോ താൽപര്യമോ ആരോഗ്യമോ ഇല്ലെങ്കിലും സദ്യയൊരുക്കിയും വിളമ്പിയും പാത്രം കഴുകിയും തീർക്കേണ്ടുന്ന ഒരു ദിവസം മാത്രമാണെന്ന് അറിയാൻ തുടങ്ങിയതോടെ തിരുവോണ ദിവസം സമം അടുക്കള ജോലികളുടെ മടുപ്പ് എന്ന് അനുഭവപ്പെടാൻ തുടങ്ങി.
പുതിയ സിനിമകളും രസകരമായ പരിപാടികളൂം സെലിബ്രിറ്റികളുടെ ഓണവിശേഷങ്ങളുമൊക്കെയായി ടി.വി അനുഭവിപ്പിക്കുന്ന ഓണമോ, ക്ലബ്ബുകളോ സംഘടനകളോ നടത്തുന്ന ഓണമത്സരങ്ങളോ ഓണാഘോഷങ്ങളോ ആയി പുറംലോകം അനുഭവിപ്പിക്കുന്ന ഓണമോ, മുതിർന്ന സ്ത്രീജനങ്ങൾക്കുള്ളതല്ലെന്ന് മനസ്സിലായത് മുതിർന്നപ്പോഴാണ്. ഗൃഹനാഥകളായ സ്ത്രീകളെ സംബന്ധിച്ച് ഓണം സാമർത്ഥ്യമോ താൽപര്യമോ ആരോഗ്യമോ ഇല്ലെങ്കിലും സദ്യയൊരുക്കിയും വിളമ്പിയും പാത്രം കഴുകിയും തീർക്കേണ്ടുന്ന ഒരു ദിവസം മാത്രമാണെന്ന് അറിയാൻ തുടങ്ങിയതോടെ തിരുവോണ ദിവസം സമം അടുക്കള ജോലികളുടെ മടുപ്പ് എന്ന് അനുഭവപ്പെടാൻ തുടങ്ങി. അതിനാൽതന്നെ ജോലിസ്ഥലത്തെ ഓണമാണ് പിൽക്കാലങ്ങളിൽ കൂടുതലായി ആസ്വദിച്ചിട്ടുള്ളത്. കലാപരിപാടികൾ, പൂക്കള മത്സരങ്ങൾ, സദ്യ, പുതുവസ്ത്രമണിയുന്ന സന്തോഷങ്ങൾ ഇവയെല്ലാം ചേർന്ന ഓണക്കാലങ്ങൾ വിദ്യാർത്ഥികൾക്കെന്ന പോലെ അധ്യാപകർക്കും കലാലയ ജീവിതകാലത്തെ ഏറ്റവും സുന്ദരമായ ദിവസങ്ങളിൽ ചിലതാണ്.
ഓണാവധിയ്ക്ക് സ്‌കൂളുകളും കോളേജുകളും അടയ്ക്കുന്ന ദിവസമോ അതിനുതൊട്ടുമുമ്പുള്ള ദിവസങ്ങളിലോ ആണ് കലാലയങ്ങളിലെ ഓണാഘോഷം. തിരുവോണ ദിവസത്തെക്കാൾ ഓണത്തെ അനുഭവിക്കുന്നത് ഈ ദിവസങ്ങളിലാണ്. വിദ്യാർത്ഥികൾക്കു പുറമേ ടീച്ചിംഗ് സ്റ്റാഫും നോൺ ടീച്ചിംഗ് സ്റ്റാഫും എല്ലാം ഒന്നിച്ചുചേർന്നു നടത്തുന്ന ഓണസദ്യയും കലാപരിപാടികളും മത്സരങ്ങളുമെല്ലാം ചേർന്ന് മറ്റുദിവസങ്ങളിൽ നിന്ന് ഭിന്നമായ തുല്യതയുടെയും സന്തോഷത്തിന്റെയും അനുഭവം ഈ ദിവസങ്ങളിൽ കലാലയങ്ങളിൽ ഉണ്ടാകാറുണ്ട്. വടംവലിയും കസേരകളിയും കുപ്പിയിൽ വെള്ളം നിറയ്ക്കലുമൊക്കെ അധ്യാപകർക്കുമുണ്ടാകാറുള്ള മത്സര ഇനങ്ങളാണ്. അധ്യാപകർക്കിടയിൽ പരസ്പരവും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമിടയിലും കൂടുതൽ അടുപ്പം ഉണ്ടാകുന്ന സമയങ്ങൾ കൂടിയാണ് ഇത്തരം ആഘോഷദിനങ്ങൾ. വലിയ സിലബസുകളുടെയും പരീക്ഷകളുടെയും ക്രമങ്ങൾക്കുള്ളിൽ ചലിക്കുകയും ശ്രേണീബദ്ധമായ അധികാര ബന്ധങ്ങൾ മറ്റൊരു രൂപത്തിൽ നിലനിൽക്കുകയും ചെയ്യുന്ന കലാലയാന്തരീക്ഷം ക്രമങ്ങളെയും ഗൗരവങ്ങളെയും വിട്ട് അയയുന്ന സന്ദർഭങ്ങൾ കൂടിയാണ് ഓണാഘോഷ ദിവസങ്ങൾ. രാഷ്ട്രീയവും വ്യക്തിപരവുമായ അഭിപ്രായ ഭിന്നതകളെയും സംഘർഷങ്ങളെയും മറച്ചുപിടിച്ച് കലാലയങ്ങൾ പൂക്കളമണിഞ്ഞ് ചിരിച്ചു നിൽക്കുന്ന ദിവസങ്ങൾ.
ബസ് സ്റ്റാന്റിലും ബസിലും വഴിനിറയേയും കാണാം ഓണാഘോഷം നടക്കുന്ന ദിവസങ്ങളിൽ സെറ്റുസാരിയുടുത്ത പെണ്ണുങ്ങളെയും മുണ്ടുടുത്ത ആണുങ്ങളെയും. പൂക്കളായും പുതുവസ്ത്രങ്ങളായുമാണ് ഓണം ഏറ്റവുമധികം സാന്നിധ്യമറിയിക്കുന്നത്. ആഘോഷങ്ങളൂം വിശേഷാവസരങ്ങളും സ്വശരീരത്തിലൂടെ പ്രത്യക്ഷമാക്കുന്നത് പലപ്പോഴും സ്ത്രീകളാണല്ലോ. സെറ്റും മുണ്ടും പോലുള്ള കേരളീയ വസ്ത്രങ്ങൾ ഏത് വിഭാഗത്തിൽ പെട്ട മനുഷ്യരുടെതായിരുന്നു എന്ന ചരിത്രവും കുലസ്ത്രീ ചിഹ്നമായി ഇത്തരം വസ്ത്രങ്ങൾ മാറുന്ന വർത്തമാനകാല യാഥാർത്ഥ്യവും ചേർന്ന് സെറ്റുസാരി ഉടുക്കണോ വേണ്ടയോ എന്നൊരു സംശയത്തിലേക്ക് എന്നെ എത്തിക്കാറുണ്ടായിരുന്നെങ്കിലും മാനുഷരെല്ലാരും ഒന്നുപോലെ എന്ന തുല്യതയുടെ താൽക്കാലിക വിഭ്രമത്തോട് ചേർന്നുനിൽക്കാനുള്ള താൽപര്യമാണ് ഒടുവിൽ ജയിക്കാറ്. ഒരേ ക്ലാസിലെ കുട്ടികൾ ഒരേ ഡ്രസ്സ് കോഡിൽ പ്രത്യക്ഷപ്പെട്ട് ഓണത്തെ പുതു നിറങ്ങളായി അനുഭവപ്പെടുത്തുന്നതും മുൻകാല ഓണാഘോഷങ്ങളിൽ കാണാറുണ്ടായിരുന്നു.
ഇതൊക്കെ കൊറോണയ്ക്ക് മുമ്പുള്ള അനുഭവങ്ങളാണ്. പ്രളയവും കൊറോണയും മൂന്നു വർഷമായി നമ്മുടെ ഓണക്കാലങ്ങളെ അനിശ്ചിതത്വത്തിലാക്കിയിട്ട്. ഏറെക്കാലമായി ഓൺലൈൻ ക്ലാസുകളിൽ മാത്രമാണ് കുട്ടികളെ കാണുന്നത്. വിദ്യാർത്ഥികൾക്കിടയിൽ പരസ്പരമോ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിലോ വലിയ അടുപ്പങ്ങളുടെ സാധ്യതകളില്ല.
ആഘോഷങ്ങൾ ആരുടേതാണെന്നും ആഘോഷങ്ങളിലേക്ക് ആർക്കൊക്കെ എത്തിച്ചേരാൻ കഴിയുന്നുണ്ടെന്നുമുള്ള ചോദ്യം നിലനിൽക്കുമ്പോഴും പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടതിന്റെ തിരിച്ചുവരവിൽ ആഹ്‌ളാദിക്കാതിരിക്കുന്നതെങ്ങനെ? തുല്യതയോടെയും ആമോദത്തോടെയും ആയിരിക്കുക എന്ന തോന്നൽ എത്ര താൽക്കാലികമാണെങ്കിലും എത്ര പ്രിയങ്കരമാണ്!
കൊറോണക്കാലത്ത് കലാലയങ്ങളിൽ അഡ്മിഷൻ നേടിയ കുട്ടികളെ സംബന്ധിച്ച് ഒരേ ക്ലാസിലുള്ള കുട്ടികൾക്കുതന്നെ പരസ്പരം അടുക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടില്ല. കുട്ടികളുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥയോ മാനസികാവസ്ഥയോ വീട്ടിലെ സാമ്പത്തികാവസ്ഥയോ എന്താണെന്നത് കൃത്യമായി അറിയില്ല. ഓണം ആഘോഷിക്കാവുന്ന അവസ്ഥ അവരിൽ പലർക്കും ഉണ്ടാവണമെന്നുമില്ല. ഈ സാഹചര്യത്തിലും നമുക്ക് അതിജീവിക്കേണ്ടതുണ്ട് എന്നതിനാൽ ഓൺലൈനായ മത്സരങ്ങളും കൂട്ടങ്ങളും സംഘടിപ്പിച്ച് ഓണത്തിന്റെ അനുഭവമുണ്ടാക്കാൻ വിദ്യാർത്ഥി സംഘടനകൾ ശ്രദ്ധിക്കുന്നുണ്ട്.
വീടുകളിൽ നിന്ന് കുട്ടികൾ എഴുതിയതും പറഞ്ഞതും വരച്ചതും വിലയിരുത്തി സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നുണ്ട്. ഓണദിവസം വീട്ടിലിട്ട പൂക്കളത്തോടൊപ്പമുള്ള ഫോട്ടോ മത്സരത്തിനായി അയച്ചുകൊടുത്ത് പൂക്കള മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാക്കുന്നുണ്ട്. അങ്ങനെ ക്യാമ്പസിലെ ഓണമെന്ന ഒരു തോന്നൽ വിദ്യാർത്ഥികളിലുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ വ്യക്തികളുടെ പങ്കാളിത്തങ്ങളായല്ലാതെ കൂട്ടങ്ങളുടെ പങ്കാളിത്തമായി ഓണത്തെ അനുഭവിപ്പിക്കാൻ ഓൺലൈൻ ആഘോഷങ്ങൾക്ക് പരിമിതികളുണ്ട്. ഓൺലൈൻ ക്ലാസുകളെന്ന പോലെ ഓൺലൈനായ ഓണവും തൊടാൻ കഴിയാത്ത, ആരവങ്ങളില്ലാത്ത ഒന്നാണ്. ഓൺലൈൻ ക്ലാസുകളെന്ന പോലെ ഓൺലൈൻ ഓണവും എല്ലാവർക്കും എത്തിച്ചേരാൻ പറ്റാത്ത ഒന്നാണ്. മറ്റൊന്നും സാധ്യമല്ലാത്ത ഇക്കാലത്ത് അത് പഴയ ഓണഓർമകളെ ഉണർത്താനെങ്കിലും ഉപകരിച്ചേക്കാം. ആഘോഷങ്ങൾ ആരുടേതാണെന്നും ആഘോഷങ്ങളിലേക്ക് ആർക്കൊക്കെ എത്തിച്ചേരാൻ കഴിയുന്നുണ്ടെന്നുമുള്ള ചോദ്യം നിലനിൽക്കുമ്പോഴും പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടതിന്റെ തിരിച്ചുവരവിൽ ആഹ്‌ളാദിക്കാതിരിക്കുന്നതെങ്ങനെ? തുല്യതയോടെയും ആമോദത്തോടെയും ആയിരിക്കുക എന്ന തോന്നൽ എത്ര താൽക്കാലികമാണെങ്കിലും എത്ര പ്രിയങ്കരമാണ്! ▮