പുണ്യ സി.ആർ.

ഞങ്ങൾ എല്ലാവരും പോസിറ്റീവ് ആണ്

ഒരു മഹാമാരിയെ അതിജീവിച്ച് മുന്നോട്ടുപോകുക എന്നത് അത്രയൊന്നും ചെറുതല്ലാത്ത കാര്യമാണെന്ന് എനിക്കറിയാം. കോവിഡിനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന, ചില നേരങ്ങളിൽ തോറ്റു കൊടുക്കാനാവതില്ലാത്ത ഓരോരുത്തർക്കുമറിയാം!

സോപ്പിട്ട് മാസ്‌കിട്ട് ഗ്യാപ്പിട്ട് നമ്മൾ വരവേൽക്കുന്ന രണ്ടാമത്തെ ഓണമാണിത്. കോവിഡ് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് തുടങ്ങിയ നമ്മൾ ഈ ഓണക്കാലത്തെ സകലമാന പരിമിതികൾക്കുമുള്ളിൽ നിന്നുകൊണ്ടു തന്നെ ഭംഗിയാക്കാൻ ഒരുങ്ങിയിട്ടുണ്ട്. മാസ്‌കുകളിൽ കസവു തയ്​പിച്ചും ഓൺലൈനായി ഓണപരിപാടികൾ സംഘടിപ്പിച്ചും ‘കോവിഡ്- ഓണ’ത്തെ ഉൾക്കൊള്ളാനും പ്രതികൂല സാഹചര്യങ്ങളെയെല്ലാം മെരുക്കിയെടുക്കാനും നാം പഠിച്ചു കഴിഞ്ഞു. എന്നിരുന്നാലും കോവിഡ് മഹാമാരി താളം തെറ്റിച്ച ജീവിത പരിസരങ്ങളിൽ നിന്നു കൊണ്ട് കഴിഞ്ഞ ഓണക്കാലങ്ങളെ ഓർത്തെടുക്കുന്നത് നിരാശയും ദുഃഖവും ഉണ്ടാക്കുന്നുണ്ട്.

ഓർമ വച്ച കാലം തൊട്ടേ ‘അത്തം' ദിവസത്തിനായി കാത്തിരിക്കുമായിരുന്നു. പാടവരമ്പിലൂടെ നടന്നുചെന്ന് വേലിയരുകുകളിൽ നിന്ന് ‘കൃഷ്ണകിരീടം' പറിച്ചു കൊണ്ടുവരാനും മുക്കുറ്റി നുളളാനും മുറ്റത്ത് ചാണകം മെഴുകി പൂക്കളമിടാനും ഞങ്ങൾക്ക് (എനിക്കും രണ്ട് അനിയത്തിമാർക്കും ) ഉത്സാഹമായിരുന്നു. പൂക്കളമെങ്ങനെ കൂടുതൽ കൂടുതൽ ചന്തമാക്കാമെന്നതിനെ പറ്റി ഞങ്ങൾ ദിനന്തോറും ചർച്ച ചെയ്യും. നിറയെ പൂക്കൾ ശേഖരിക്കാൻ പരസ്പരം മത്സരിക്കും.
പരീക്ഷ കഴിഞ്ഞ്, പത്തുദിവസത്തെ അവധിക്കുമുമ്പ് സ്‌കൂളിലും വിപുലമായ ഓണപ്പരിപാടികളുണ്ടാകും.

ലോകം മുഴുവൻ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ എന്തോണം! നാടും വീടും, ആഘോഷനാളുകളെല്ലാം ഗംഭീരമായി കൊണ്ടാടാറുള്ള കാമ്പസും, കോവിഡ് ആശങ്കകളിൽ നിശ്ചലമായി പോയിരുന്നു.

കുട്ടികളും അധ്യാപകരും അനധ്യാപകരുമൊക്കെ ചേർന്നുള്ള ഓണപരിപാടികൾ രസകരമായിരുന്നു. ഓരോ ക്ലാസുകളും തമ്മിൽ പൂക്കളമത്സരമുണ്ടാകും. അതിനായി ഓരോ കുട്ടിയും അവരവരുടെ വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും പരമാവധി പൂക്കൾ ശേഖരിച്ച് കൊണ്ടുവന്നിട്ടുണ്ടാകും. പല നിറങ്ങളിലുള്ള ചെമ്പരത്തി, ചുവന്ന കൃഷ്ണകിരീടം, മന്ദാരം, മുക്കുറ്റി, വാടാമല്ലി, ജമന്തി എന്നിവയൊക്കെയാണ് പൂക്കളങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. എല്ലാവരും അവരവർക്ക് കഴിയുന്ന എന്തെങ്കിലുമൊരു വിഭവം വീട്ടിൽനിന്ന് പാചകം ചെയ്ത് കൊണ്ടുവന്നിരിക്കും. കൊണ്ടുവന്ന വിഭവങ്ങളോരോന്നും ഇലകളിൽ വിളമ്പുമ്പോൾ അതൊരു ഗംഭീര ഓണസദ്യയായി മാറും. വ്യത്യസ്ത വീടുകളിൽ നിന്നുള്ള വ്യത്യസ്ത വിഭവങ്ങൾ, രുചികൾ, സ്‌നേഹങ്ങൾ...

അമ്മമ്മ ഓണവും ആഘോഷങ്ങളും മറക്കുന്നത്.. പേരുകളും മുഖങ്ങളും മറക്കുന്നത്... വിരുന്നു വിളിക്കാൻ മറക്കുന്നത്... എല്ലാം നിരാശയോടെയും വേദനയോടെയും ഞാനനുഭവിച്ചറിഞ്ഞു.

ഓണമടുക്കാറാകുമ്പോൾ അമ്മമ്മയുടെ വിരുന്നുവിളിക്ക് വേണ്ടിയായിരിക്കും പിന്നെ ഞങ്ങളുടെ കാത്തിരിപ്പ്. വീടിനടുത്ത് സമപ്രായക്കാരായ കൂട്ടുകാരൊന്നുമില്ലായിരുന്നതിനാൽ അമ്മയുടെ വീട്ടിലെ ഒത്തുചേരലുകളും വർത്തമാനങ്ങളും കളികളും ആരവങ്ങളുമായിരുന്നു ഞങ്ങളുടെ ഓണക്കാലത്തെ മിഴിവുറ്റതാക്കിയിരുന്നത്. മായന്നൂർ പാലം വരുന്നതിനുമുൻപേ ഭാരതപ്പുഴയിലൂടെ നനഞ്ഞ് നടന്നും തോണിയിലിരുന്ന് യാത്ര ചെയ്തും ഞങ്ങൾ, ഞങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമ്മമ്മക്കരുകിലെത്തിച്ചേരുമായിരുന്നു. ഗേറ്റുകടന്ന് മുറ്റത്തേക്ക് കടക്കുന്നതും അമ്മമ്മ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വക്കും. പിന്നെ അവിടെയെത്തിച്ചേരുന്ന വിരുന്നുകാർ ... ആഘോഷങ്ങൾ... പൊട്ടിച്ചിരികൾ... ഓണസദ്യ... യാത്ര പറഞ്ഞിറങ്ങുമ്പോഴുള്ള സങ്കടം..
എന്റെ സ്‌കൂൾ കാലഘട്ടം അവസാനിച്ചതോടെയാണ് അമ്മമ്മയുടെ ഓർമ്മക്കുറവ് കലശലാകുന്നത്. അമ്മമ്മ ഓണവും ആഘോഷങ്ങളും മറക്കുന്നത്.. പേരുകളും മുഖങ്ങളും മറക്കുന്നത്... വിരുന്നു വിളിക്കാൻ മറക്കുന്നത്... എല്ലാം നിരാശയോടെയും വേദനയോടെയും ഞാനനുഭവിച്ചറിഞ്ഞു.
അമ്മമ്മയുടെ വിരുന്നുവിളികളിലുണർന്നിരുന്ന ഓണക്കാലം പിന്നീട് വലിയ പൊലിവൊന്നുമില്ലാതെ കടന്നുപോയി.

കോവിഡിൻറെ ഒന്നാം തരംഗത്തിൽ ലോക്ഡൗണിനെ തുടർന്ന്‌ നിശ്ചലമായ കോഴിക്കോട് മിഠായിത്തെരുവ്

എന്നിരുന്നാലും ഓണനാളുകൾ കൂടിച്ചേരലുകളില്ലാതെ ആഘോഷ തിമർപ്പുകളില്ലാതെ കാര്യമായ പ്രത്യേകതകളൊന്നുമില്ലാതെ കഴിഞ്ഞുപോയത് കഴിഞ്ഞ കൊല്ലമായിരുന്നു. ലോകം മുഴുവൻ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ എന്തോണം! നാടും വീടും, ആഘോഷനാളുകളെല്ലാം ഗംഭീരമായി കൊണ്ടാടാറുള്ള കാമ്പസും, കോവിഡ് ആശങ്കകളിൽ നിശ്ചലമായി പോയിരുന്നു. കോവിഡ് ബാധിച്ച് ഒറ്റപ്പെട്ടുപോയ വീടുകളിലേക്ക് ഓണക്കിറ്റും പലചരക്കുമെത്തിച്ച് നാട്ടിലെ സംഘടനകളും ക്ലബ്ബുകളും മാതൃകയായപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികളുടെ വീടുകളിലേക്കും കോവിഡ് പിടിപെട്ട് കിടപ്പിലായ മനുഷ്യരിലേക്കും സ്‌നേഹത്തോടെ കടന്നുചെന്നും സഹായമെത്തിച്ചും വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾ ഓണം ഒരുമയുടേതാക്കി.

കോവിഡ് രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടുവെങ്കിലും ജാഗ്രത പുലർത്തിയും വാക്‌സിനെടുത്തും മഹാമാരിയെ തുരത്താൻ ശ്രമിച്ച നമ്മൾ പൊതുനിരത്തുകളിലും മറ്റും വീണ്ടും സജീവമായി തുടങ്ങിയ നാളുകൾ കൂടിയാണിത്. ഓണച്ചന്തകളിലും വിപണികളിലും കഴിഞ്ഞവർഷത്തിലുപരി ആൾത്തിരക്കുണ്ടാകുകയും മനുഷ്യർ വലിയ ആശങ്കകളൊന്നുമില്ലാതെ നാടിന്റെ നാനാഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നുണ്ടിപ്പോൾ.

ലോകം മുഴുവൻ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ എന്തോണം! നാടും വീടും, ആഘോഷനാളുകളെല്ലാം ഗംഭീരമായി കൊണ്ടാടാറുള്ള കാമ്പസും, കോവിഡ് ആശങ്കകളിൽ നിശ്ചലമായി പോയിരുന്നു.

ഇക്കുറി ഓണത്തെ ഓർമകളിലൊതുക്കാതെ അത്തം തൊട്ട് തന്നെ പൂക്കളമിടാനും തിരുവോണ നാളിൽ അമ്മമ്മയെ കാണാൻ പോകാനും തീരുമാനിച്ചിരിക്കവെയാണ് വീട്ടിൽ പലർക്കും പനിയും ശരീരവേദനയുമുണ്ടാകുന്നത്. ഉടനെ ആശുപത്രിയിൽ പോയി കോവിഡ് പരിശോധന നടത്തി. എല്ലാവരും കോവിഡ് പോസിറ്റീവ്!
പനിയും കടുത്ത തലവേദനയും ദേഹാസ്വസ്ഥതകളും കാരണം കിടപ്പിലായ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. ഒന്നെഴുന്നേറ്റിരിക്കാൻ പോലുമാകാതെ ഏറ്റവും അവശയായത് അമ്മയായിരുന്നു. പ്ലസ് വൺ പരീക്ഷയെഴുതാൻ പോകുന്ന അനിയത്തി ശാരീരികമായും, പരീക്ഷാ ടെൻഷൻ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കത്താലും തളർന്ന മട്ടായി. ഉറക്കമില്ലാതെയും ഉണർന്നിരിക്കാനാവാതെയും ഞങ്ങളുടെ ദിവസങ്ങൾ ഇഴഞ്ഞുനീങ്ങി.

കോവിഡ് രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടുവെങ്കിലും ജാഗ്രത പുലർത്തിയും വാക്സിനെടുത്തും പൊതുനിരത്തുകളിലും മറ്റും വീണ്ടും സജീവമായി തുടങ്ങിയ നാളുകൾ കൂടിയാണിത്. / Photo: Muhammad Hanan

വീട്ടിലേക്കുള്ള പലചരക്കും മരുന്നുകളും കൃത്യമായി എത്തിച്ചുതരുന്ന പൊതുപ്രവർത്തകരും ആശാവർക്കർമാരും ദിവസവും ഫോൺ വിളിച്ച് രോഗവിവരം തിരക്കുന്ന ആരോഗ്യപ്രവർത്തകരും ‘കൂടെയുണ്ടെന്ന് ' ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഏറ്റവും അടുത്ത ചില സുഹൃത്തുക്കളുമാണ് ഞങ്ങളുടെ ദിവസങ്ങളെ ജീവനുറ്റതാക്കുന്നത്. എന്നെയും കുടുംബത്തെയും സംബന്ധിച്ച് ഈ ഓണം ഐശ്വര്യത്തിന്റേതോ സമ്പൽസമൃദ്ധിയുടേതോ അല്ല, ആശങ്കകളും ഭീതിയുമാണ് ചുറ്റിലും. എങ്കിലും അതിജീവിക്കാനായി ഞങ്ങളെല്ലാം നിരന്തരം പരിശ്രമിക്കുന്നു. സമാനസാഹചര്യത്തിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് മനുഷ്യരെ ഉള്ളുകൊണ്ട് ചേർത്തു പിടിക്കാതെ എനിക്ക് ഈ ഓണമില്ല. ടി.വിയും മൊബൈൽ ഫോണും പത്രങ്ങളും തുറന്നാൽ പൂവിളികളുയരുന്നതും ഓണപ്പാട്ടുകളലതല്ലുന്നതും കേൾക്കാം. അതിലുമുച്ചത്തിൽ, ജീവിക്കാനുള്ള അവകാശം ഹനിക്കപ്പെട്ട് അഫ്ഗാൻ തെരുവുകളിൽ മരണംകാത്തു കിടക്കുന്നവരുടെ നിലവിളികൾ കേൾക്കാം.

ഒരു മഹാമാരിയെ അതിജീവിച്ച് മുന്നോട്ടുപോകുക എന്നത് അത്രയൊന്നും ചെറുതല്ലാത്ത കാര്യമാണെന്ന് എനിക്കറിയാം. കോവിഡിനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന, ചില നേരങ്ങളിൽ തോറ്റു കൊടുക്കാനാവതില്ലാത്ത ഓരോരുത്തർക്കുമറിയാം!

നിലവിൽ, കൊറോണയുണ്ടാക്കിവച്ച ശാരീരികവും മാനസികവും സാമ്പത്തികവുമായ വലിയ തളർച്ചകളിൽ നിന്ന് കരകയറാൻ പരിശ്രമിക്കുക എന്നതിലുമപ്പുറം ഈ ദിവസങ്ങളിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ല. പൂക്കളമില്ലാത്ത, ഓണസദ്യയൊരുക്കാത്ത, മാവേലിയെ / വിരുന്നുകാരെ കാത്തിരിക്കാത്ത, യാത്രകളില്ലാത്ത ഓണമാണ് ഞങ്ങൾക്കിത്. എനിക്കതിൽ നഷ്ടബോധമോ നിരാശയോയില്ല. ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത, എത്രയോ മനുഷ്യരെ ഒറ്റപ്പെടുത്തുകയും തകർത്ത് തരിപ്പണമാക്കുകയും ചെയ്ത, ഭരണകൂടവും ആരോഗ്യപ്രവർത്തകരും അനുനിമിഷം പൊരുതിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ അതിജീവിച്ച് മുന്നോട്ടുപോകുക എന്നത് അത്രയൊന്നും ചെറുതല്ലാത്ത കാര്യമാണെന്ന് എനിക്കറിയാം. കോവിഡിനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന, ചില നേരങ്ങളിൽ തോറ്റു കൊടുക്കാനാവതില്ലാത്ത ഓരോരുത്തർക്കുമറിയാം! ▮


പുണ്യ സി.ആർ.

കഥാകൃത്ത്​. പാലക്കാട്​ വിക്​ടോറിയ കോളേജ്​ യൂണിയൻ ലോക്ക്​ഡൗൺ കാലത്ത്​ പുറത്തിറക്കിയ ‘മണ്ണ്​ മുല മനുഷ്യൻ’ എന്ന ഓൺലൈൻ മാഗസിന്റെ എഡിറ്റർ.

Comments