കഴിഞ്ഞ ഒരു നൂറ്റാണ്ടിനിപ്പുറത്ത് ഒരു ശാരീരികാസുഖത്തിന് പ്രാപഞ്ചിക മനുഷ്യജീവിതം പൂർണമായും തിരിച്ചിടാമെന്ന സാദ്ധ്യത ഒരു വർഷം മുമ്പ് അചിന്ത്യമായിരുന്നു. അവന്റെ സാമൂഹിക അസ്തിത്വവും വ്യക്തി സ്വത്വവും കോവിഡിന്റെ പ്രഹരശേഷിയിൽ മുമ്പൊരിക്കലുമല്ലാത്ത രീതിയിൽ അടിമുടി ഉലഞ്ഞുപോയി. നൂറ്റാണ്ടുകൾ കൊണ്ട് മനുഷ്യൻ രൂപം നൽകിയ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന പ്രയോഗങ്ങളും വ്യക്തിസത്ത കൊണ്ട് അവൻ അഭിസംബോധന ചെയ്ത വൈയക്തിക ജീവിതയുക്തികളും കാമനകളും ഒറ്റയടിക്ക് ധൂളിയായി. അഭിവാദന രീതികൾ മുതൽ പ്രണയ പ്രകടനങ്ങൾ വരെ മനഷ്യന് പുനഃസൃഷ്ടിക്കേണ്ടി വന്നു. തികച്ചും അസാധാരണവും അമ്പരപ്പിക്കുന്നതുമായ ഇത്തരം ചടുലമായ ഒടിമാറലുകൾ സാധാരണ മനുഷ്യനേയും അവന്റെ ജീവിതത്തേയും അക്ഷരാർത്ഥത്തിൽ തകർത്തെറിഞ്ഞു കളഞ്ഞു. ഒരു സമൂഹ ജീവി എന്ന നിലയിലും കണ്ണുതുറന്ന് പിടിച്ച് കഴിയുന്നതെല്ലാം കാണാൻ ശ്രമിക്കുന്ന ഒരു സാധാരണ വ്യക്തി എന്ന നിലയിലും എനിക്കെന്തായിരുന്നു കോവിഡ് എന്ന് അന്വേഷിക്കുവാനുള്ള ശ്രമമാണിത്.
പിടികിട്ടാത്ത തുടക്കം
നാന്മുഖനെ പോലെ നാലു വ്യത്യസ്ത ടോണുകളിലെങ്കിലും ഒരു ശരാശരി / മധ്യവർഗ മലയാളിക്ക് ഇന്ന് ജീവിക്കുവാൻ സാധ്യമാണ്.
2019 ഡിസംബർ മൂന്നാമത്തെ ആഴ്ചയിൽ എന്റെ ഒരു സുഹൃത്ത് ചൈനയിൽ നിന്ന് ഒരു നട്ടുച്ചക്ക് വിളിച്ച് എന്തോ ഒരു അസുഖം പല സ്ഥലങ്ങളിലുമുണ്ടെന്നും ധാരാളം പേർ മരിച്ചു പോകുന്നുണ്ടെന്ന് തോന്നുന്നുവെന്നും വിളിച്ചു പറഞ്ഞതാണ് വ്യക്തിപരമായി കൊറോണയെക്കുറിച്ച് എനിക്ക് ലഭിച്ച ആദ്യത്തെ വാർത്ത.
അവന്റെ സാമൂഹിക ജീവിതം, വ്യക്തി ജീവിതം, കലാ ജീവിതം, തൊഴിലിടങ്ങളിലെ അയാൾ, മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത സംഘടനയിലെ വ്യക്തി... ഇവയിലൂടെയൊക്കെ അക്കിത്തത്തിന്റെ നായകനെ പോലെ വജ്‌റം തുളച്ചിരിക്കുന്ന രത്‌നങ്ങൾക്കുള്ളിലൂടെ എങ്ങനെ "കടന്നുപോന്നു ഭാഗ്യത്താൽ വെറും നൂലായിരുന്ന ഞാൻ' എന്നൊരു അന്വേഷണം.
2019 ഡിസംബർ മൂന്നാമത്തെ ആഴ്ചയിൽ എന്റെ ഒരു സുഹൃത്ത് ചൈനയിൽ നിന്ന് ഒരു നട്ടുച്ചക്ക് വിളിച്ച് എന്തോ ഒരു അസുഖം പല സ്ഥലങ്ങളിലുമുണ്ടെന്നും ധാരാളം പേർ മരിച്ചു പോകുന്നുണ്ടെന്ന് തോന്നുന്നുവെന്നും വിളിച്ചു പറഞ്ഞതാണ് വ്യക്തിപരമായി കൊറോണയെക്കുറിച്ച് എനിക്ക് ലഭിച്ച ആദ്യത്തെ വാർത്ത. പത്രങ്ങളിലൊക്കെ പിന്നേയും ഒന്നുണ്ടാഴ്ചകൾ കഴിഞ്ഞാണ് റിപ്പോർട്ടുകൾ വരുന്നത്. ഡോക്ടർ അല്ലാത്തതിനാൽ മറ്റു വിവരങ്ങളൊന്നും അവന് അറിയുമായിരുന്നില്ല. പത്രകട്ടിങ്ങുകളും ചില സയൻസ് റിപ്പോർട്ടുകളും അവൻ കഴിയുന്നത്ര അയക്കുകയും ഞാൻ ഗൂഗ്ൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് അവ വായിക്കുകയും ചെയ്തു. അങ്ങിനെയാണ് ജനുവരി മൂന്നാമത്തെ ആഴ്ച മലയാളത്തിലെ കൊറോണയെ കുറിച്ചുള്ള ആദ്യ ലേഖനം, മനോരമ പത്രത്തിൽ, ജനവരി 23ന് എഴുതാൻ എനിക്ക് കഴിഞ്ഞത്. ദൃശ്യ-ശ്രാവ്യ- പ്രിന്റ് മീഡിയകളിലെല്ലാം കൊറോണയെ കുറിച്ച് വളരെ ചെറിയ റിപ്പോർട്ടുകൾ മാത്രം വന്നിരുന്ന ആ സമയത്ത് സോക്ടർമാർ അടക്കമുള്ള പല സുഹൃത്തുക്കളും ഇത്ര വിശദമായ വിവരം എങ്ങനെ കിട്ടി എന്ന് അത്ഭുതം കൂറിയിരുന്നു. തുടർന്ന് ചാനലുകളിൽ കൊറോണ ചർച്ചകളിൽ പങ്കെടുത്തപ്പോഴും വരാൻ പോവുന്ന ഗുരുതരാവസ്ഥ ഞങ്ങൾക്ക് ആർക്കും കൃത്യമായി അറിയുമായിരുന്നില്ല.
ഒരു വൈകുന്നേരം രാമാനുജൻ ചന്ദ്രൻ വന്നു...
ആദ്യമരണം കേരളത്തിൽ നടക്കുന്നത് മാർച്ച് അവസാനത്തെ ആഴ്ചയിലാണ്. അതിനുമുമ്പ് ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ചിത്രം വളരെ വേഗം മാറിക്കൊണ്ടിരുന്നു. മുഖാവരണങ്ങൾ നിയമമായി. സ്‌കൂളുകളും കോളജുകളും അടച്ചു. യാത്ര കർശനമായി വിലക്കപ്പെട്ടു. വീട്ടിൽ നിന്ന് ആശുപതിയിലേക്കുള്ള പതിനാറ് കിലോമീറ്ററർ യാത്രയിൽ കാണുന്നത് ഒന്നോ രണ്ടോ വാഹനങ്ങൾ മാത്രമായി.
ഞാൻ പ്രവർത്തിക്കുന്ന ആശുപത്രി കൊറോണ ആശുപത്രിയായി സർക്കാർ പ്രഖ്യാപിച്ചപ്പോൾ ഉള്ളിൽ ചെറിയ ആന്തൽ ഉണ്ടാവാതിരുന്നില്ല. അവിടെയുമിവിടെയുമായി ഡോക്ടർമാരും രോഗബാധിതരാവാൻ തുടങ്ങിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആശുപതികളിൽ ഡോക്ടർമാരുടെ കുറവുണ്ടാവാതിരിക്കാൻ വീടുകളിലെ സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കാൻ ഐ.എം.എ നിർദ്ദേശിച്ചത് അഭിനന്ദിക്കപ്പെട്ട നടപടിയായിരുന്നു. ചെറിയ ജോലിക്ക് വീട്ടിൽ വന്നു കൊണ്ടിരുന്ന സഹായികളാണ് യഥാർത്ഥത്തിൽ സമൂഹത്തിൽ എന്താണ് നടക്കുന്നത് എന്ന് എന്നെ ഞെട്ടിച്ച് ഓർമിപ്പിച്ചത്.
രാമാനുജന്റെ കഥ ഭാസ്‌കരൻ മാഷ് പറഞ്ഞുതന്ന ദിവസമാണ് അവനെ ഞങ്ങൾ രാമാനുജൻ ചന്ദ്രൻ എന്ന് വിളിക്കാൻ തുടങ്ങിയതെന്ന് ഞാൻ കണ്ണീരോടെ ഓർത്തു. കണക്കിൽ അത്രമാത്രം അതിശയകരമായ ധിഷണയായിരുന്നു അവന്.
ചെറിയ മത്സ്യ വിതരണക്കാർ, വളരെ ചെറിയ കടകൾ നടത്തുന്നവർ, വീടുകളിൽ അടുക്കള ജോലി ചെയ്യുന്നവർ, ചുമട്ടുതൊഴിലാളികൾ, ബസ് ജീവനക്കാർ, ടാക്‌സി - ഓട്ടോ തൊഴിലാളികൾ, മാളുകളിലും, റസ്റ്റോറന്റുകളിലും തുണിക്കടകളിലുമൊക്കെ ജോലി ചെയ്യുന്നവർ ... നാട്ടുകാരനെന്ന നിലക്കും ഡോക്ടർ എന്ന നിലക്കുമൊക്കെ അവരോട് സംസാരിക്കുമ്പോഴാണ് സമൂഹം കടന്നുപോവുന്ന സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച് വല്ലാത്തൊരു ഭീതിയോടെ തിരിച്ചറിയുന്നത്. പഴയ ഒരു സ്‌കൂൾ ക്ലാസ്‌മേറ്റ് ജോലി ഇല്ലാതെ ഒരു മാസമായപ്പോൾ എന്തെങ്കിലും സഹായിക്കണം എന്നു വന്നു പറഞ്ഞ ഒരു വൈകുന്നേരം ഞാൻ ശരിക്കും കരഞ്ഞു പോയി.
രാമാനുജന്റെ കഥ ഭാസ്‌കരൻ മാഷ് പറഞ്ഞുതന്ന ദിവസമാണ് അവനെ ഞങ്ങൾ രാമാനുജൻ ചന്ദ്രൻ എന്ന് വിളിക്കാൻ തുടങ്ങിയതെന്ന് ഞാൻ കണ്ണീരോടെ ഓർത്തു. കണക്കിൽ അത്രമാത്രം അതിശയകരമായ ധിഷണയായിരുന്നു അവന്. കാലത്തിന്റെ കുഴമറിച്ചിലിൽ ഒരു ടയർ കമ്പനി തൊഴിലാളിയായി, ചെറിയ വരുമാനത്തിൽ അവൻ കണ്ണീർ ജീവിതം കുടിച്ചു തീർത്തു... എങ്ങനെയെങ്കിലും ജീവിതം തള്ളി മുന്നോട്ടുപോകാൻ ശ്രമിക്കുമ്പോൾ, അസുഖവും ആശുപതി വാസവും വരുമ്പോഴാണ് സാധാരണക്കാർ സത്യത്തിൽ തളർന്നുപോവുന്നത്. ഒരു ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ സോഷ്യലൈസ്ഡ് മെഡിസിൻ ഒരു സാമൂഹിക നിയമമായി പ്രഖ്യാപിക്കുവാൻ ഭരണ കൂടങ്ങൾ തയാറാവേണ്ടതിന്റെ ആവശ്യം വീണ്ടും വീണ്ടും അത്തരം അനുഭവങ്ങൾ കോവിഡ് കാലം എന്നെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.. അപരന്റെ വാക്കുകൾ മനഷ്യൻ സംഗീതം പോലെ ആസ്വദിക്കുന്നത് ആ കാലത്തായിരിക്കാം.
സർഗ്ഗാത്മകതയുടെ യൗവനം
വ്യക്തിപരമായി ധാരാളം ഒഴിവു സമയം കിട്ടിത്തുടങ്ങിയതിനാൽ പഴയ കോളേജ് കാലഘട്ടത്തിലെ ജീവിത മോഹങ്ങൾ ഒരിക്കൽ കൂടി തളിർത്തത് ആഹ്ലാദവും അത്ഭുതവുമായി. ആശുപതിയിലെ നാലു ഡോക്ടർമാർക്ക് കൊറോണ വന്നതിന്റെ പശ്ചാത്തലത്തിൽ, ആശുപതിയിലെ തിരക്കും തീരെ കുറഞ്ഞു, ഡോക്ടർമാർക്ക് റൊട്ടേഷൻ ഡ്യൂട്ടി ഇട്ടപ്പോൾ ധാരാളം ഒഴിവുസമയം കിട്ടിത്തുടങ്ങി. വീട്ടിൽ സ്വകാര്യ പ്രാക്ടീസുമില്ല. വായനയും വിട്ടുപോയ പ്രധാന സിനിമകൾ വിശദമായി കാണുകയും വഴി എന്നും കടുത്ത ഗൃഹാതുരതയോടെ ഓർക്കുന്ന മടപ്പള്ളി കോളേജ് കാലവും, കോഴിക്കോട് മെഡിക്കൽ കോളജ് കാലവും ആർത്തിയോടെ തിരിച്ചു പിടിക്കാൻ ഞാൻ വെമ്പി. കോവിഡിനെ കുറിച്ച് പൊതുജനാരോഗ്യ കാഴ്ചപ്പാടിൽ മാതൃഭൂമിയിലും മനോരമയിലും മാധ്യമത്തിലും ട്രൂ കോപ്പി തിങ്കിലുമൊക്കെ ലേഖനങ്ങൾ എഴുതി.
ചാനൽ ചർച്ചകളിൽ പങ്കെടുത്തു. ചെറുപ്പകാലം മുതൽ മനസ്സിൽ കുടിയേറിയ, ഡ്രിബ്ലിങ്ങ് എന്ന കലയെക്കുറിച്ച് മുടന്തിക്കൊണ്ട് അത്ഭുതകരമായി ലോകത്തെ പഠിപ്പിച്ച ഗാരിഞ്ചയെക്കുറിച്ചും, ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെക്കുറിച്ചും എഴുതി. സുഗതകുമാരിയുടെയും സി.പി. വത്സന്റെയും കവിതകളെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തി, അവയെ കുറിച്ച് എഴുതി. ശ്രീകുമാരൻ തമ്പിസാർ, എൻ.എസ്. മാധവൻ, കെ.സി. നാരായണൻ സാർ എന്നിവരുമായി പരിചയം പുതുക്കി. മുകുന്ദേട്ടനോടും (എം.മുകുന്ദൻ ), പപ്പേട്ടനോടും (ടി. പത്മനാഭൻ ) ഇടക്കിടെ ഫോണിൽ സംസാരിക്കാനും ധാരാളം സമയം കിട്ടി. മെഡിക്കൽ കോളേജ് പഠനകാലത്ത് ഒരോണത്തിന് ജോയ് മാത്യു വീട്ടിൽ വന്നു താമസിച്ചതിന്റെ ഓർമകൾ കൊറോണ ഓണക്കാലത്ത് മാതൃഭുമി ഓൺലൈനിൽ എഴുതിയപ്പോൾ എത്രയോ കാലത്തിനുശേഷം ജോയിയുമായി വളരെ നേരം ഫോണിൽ സംസാരിച്ചു... സർഗാത്മകതയുടെ യൗവനം എത്രമേൽ ആഹ്‌ളാദകരമാണ്.
ഞെട്ടലോടെ ഓർക്കുന്നത് കിം കി ഡുക്കിന്റെ മരണമാണ്. കൊറോണ കാലത്ത് ഞാൻ അഞ്ചോ ആറോ തവണ കണ്ട സിനിമയാണ് Spring, Summer, Fall, Winter... and Spring ആ ദിവസം, എന്റെ മറ്റൊരു പ്രിയ സിനിമയായ 3 Iron കണ്ടതിനുശേഷം ടി.വി ഓൺ ചെയ്തപ്പോഴേക്കും കിം മരിച്ചു കഴിഞ്ഞിരുന്നു... മരിച്ചതിനു ശേഷം മാത്രം പരിചയപ്പെട്ട ഒരു ഡോക്ടറുടെ ആത്മാഹുതിയാണ് എന്നെ ഗാഢമായി ഉലച്ച മറ്റൊരു കോവിഡ് കാല മരണം.
കഴിഞ്ഞ അഞ്ചെട്ടു മാസങ്ങൾക്കിടയിൽ ഞാൻ കണ്ട കോവിഡ് ബാധിതരായ 150ഓളം കുട്ടികളിൽ ഒരാൾക്കുപോലും രണ്ടോ മൂന്നോ ദിവസത്തെ ചെറിയ പനിയും ജലദോഷവുമോ മറ്റോ ഒഴിച്ചു നിർത്തിയാൽ കാര്യമായ ഒരു പ്രശ്‌നവുമുണ്ടായില്ല എന്ന കാര്യം എന്നെ അങ്ങേയറ്റം ആഹ്ലാദവാനാക്കുന്നു.
കൊല്ലം കടപ്പാക്കടയിലെ അസ്ഥിരോഗ വിദഗ്ധൻ അനൂപിന്റെ ആത്മഹത്യയുടെ ആഘാതം ഒരു ലേഖനത്തിൽ തറച്ച് ട്രൂ കോപ്പിക്ക് നൽകി ആവാഹിച്ചു കളയാൻ ഞാൻ വ്യർത്ഥമായി ശ്രമിച്ചു ... ഒരിക്കലും സ്വയം ഉത്തരവാദിയല്ലാത്ത ഒരു മരണത്തിന് സമൂഹം അനൂപിനെക്കൊണ്ട് ചുമരിൽ എഴുതിച്ച് നിർബന്ധപൂർവം ആഹുതി ചോദിച്ചു വാങ്ങി എന്നെന്നേക്കുമായി ആ വാതിൽ ചേർത്തടച്ചു.
കുട്ടികൾ ആഹ്ലാദിപ്പിച്ചു
ശിശു ചികിത്സാവിദഗ്ധൻ എന്ന നിലയിൽ കോവിഡ് കാലം എനിക്ക്, മറ്റു സ്‌പെഷ്യാലിറ്റികളിലെ ഡോക്ടർമാരെ അപേക്ഷിച്ച്, വലിയ ആശ്വാസമാണ് നൽകിയത്. കഴിഞ്ഞ അഞ്ചെട്ടു മാസങ്ങൾക്കിടയിൽ ഞാൻ കണ്ട കോവിഡ് ബാധിതരായ 150ഓളം കുട്ടികളിൽ- അവരിൽ രണ്ടു മാസക്കാരനായ ഒരു കുഞ്ഞു പൈതലും-ഒരാൾക്കുപോലും രണ്ടോ മൂന്നോ ദിവസത്തെ ചെറിയ പനിയും ജലദോഷവുമോ മറ്റോ ഒഴിച്ചു നിർത്തിയാൽ കാര്യമായ ഒരു പ്രശ്‌നവുമുണ്ടായില്ല എന്ന കാര്യം എന്നെ അങ്ങേയറ്റം ആഹ്ലാദവാനാക്കുന്നു.
കൊറോണ വൈറസ് ശരീരത്തിൽ കയറിക്കൂടാൻ ഉപയോഗിക്കുന്ന ACE 2 receptors - മുതിർന്നവരിൽ നിന്ന് പാടെ വത്യസ്തമായി കുട്ടികളുടെ ശ്വാസകോശത്തിലും ഹൃദയത്തിലും വളരെ കുറവാണെന്നതാവാം കാരണമെന്ന് ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കോവിഡിനെക്കുറിച്ച് ധാരാളം ബോധവൽക്കരണ ക്ലാസുകൾ നിരവധി കോളേജുകളിലും പൊതുജനങ്ങൾക്കായും സംഘടിപ്പിക്കാനും സംസാരിക്കുവാനും കഴിഞ്ഞതും സന്തോഷകരമായ അനുഭവമായിരുന്നു. ആയുർവേദ കോളജിൽ ക്ലാസെടുത്തു കൊണ്ടിരുന്നപ്പോഴായിരുന്നു എനിക്ക് ഹൃദയാഘാതം വന്നത്. എന്താണ് Cardiac pain എന്ന് ജീവനിൽ തൊട്ടറിഞ്ഞ ആംബുലൻസിലെ ആ നിമിഷങ്ങളാണ് വ്യക്തിപരമായി കോവിഡ് കാലം എനിക്ക് കാത്തുവെച്ച വലിയ ഒരു ഓർമ.
ഒരു ഐ.എം.എ പ്രവർത്തകൻ എന്ന നിലയിൽ
ഒരു ഐ.എം.എ പ്രവർത്തകൻ എന്ന നിലയിൽ കോവിഡ് കാലത്ത് ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നും സന്തോഷത്തോടെ ഓർക്കുന്നു. മുൻ മാതൃകളില്ലാത്ത ഒരു പ്രവർത്തന പദ്ധതി തയാറാക്കുവാനും മഹാമാരിയെ മികച്ച രീതിയിൽ പ്രതിരോധിക്കുവാനും ഐ.എം.എ ക്ക് കഴിഞ്ഞത് സംസ്ഥാന പ്രസിഡണ്ട് ഡോ. എബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ കാഴ്ചവെച്ച കൃത്യമായ ആസൂത്രണം കൊണ്ടും ആത്മാർത്ഥ ഇടപെടലുകൾ കൊണ്ടുമായിരുന്നു. സാമൂഹിക
ബോധവൽക്കരണത്തിന് ഐ.എം.എ പുറത്തിറക്കിയ നിരവധി രേഖകൾ, (പൊലീസുകാരുടെ കോവിഡ് കാല പ്രവർത്തനം, ആശാസ്യമായ സാമൂഹിക പെരുമാറ്റങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം തുടങ്ങിയവ ) സമൂഹത്തിനും സർക്കാറിനും വളരെ ഉപയുക്തമായി. പൊതുജന പെരുമാറ്റച്ചട്ടം നിർദ്ദേശിക്കാനള്ള കമ്മിറ്റി മെംബർ എന്ന നിലയിൽ വളരെ സന്തോഷകരമായ അനുഭവങ്ങൾ ഓർമയിലുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ കോവിഡ് കാല പ്രവർത്തനങ്ങൾ, കമ്യൂണിറ്റി കിച്ചൻ നടത്താൻ ആഴ്ചകളോളം നൽകിയ പല വ്യഞ്ജന സംഭാവനകൾ, റിവേഴ്‌സ് ക്വാറന്റയിൻ രോഗികൾക്ക് ഫോണിലൂടെ നിർദ്ദേശം നൽകാൻ തയാറാക്കിയ പദ്ധതികൾ ... നിർണായക ഘട്ടത്തിൽ സർക്കാരുമായി ഇടയാൻ പോലും തയാറായ, പിന്നീട് വ്യാപകമായി അംഗീകരിക്കപ്പെട്ട, ശാസ്ത്രീയ നിലപാടുകൾ ... ഐ.എം.എയുടെ മുഖ പ്രസിദ്ധീകരണമായ നമ്മുടെ ആരോഗ്യത്തിന്റെ സെക്രട്ടറി എന്ന നിലയിൽ ഡോ. സുരേഷിനോടൊത്ത് ഫലപ്രദമായ പൊതുജന ബോധവൽകരണം നടത്തിയ രീതികൾ ... ഇവയോടൊക്കെ ചേർന്നു പ്രവർത്തിച്ച് കോവിഡ് കാലം പ്രവർത്തനനിരതമാക്കാൻ കഴിഞ്ഞു എന്നത് അങ്ങേയറ്റം ചാരിതാർത്ഥ്യം പകരുന്നുണ്ട്. ഐ.എം.എയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതും ഈ കോവിഡ് കാലത്തായിരുന്നു. വായനാദിനവും സംഗീതദിനവും ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്നത് ശ്രദ്ധിച്ച് അതിന്റെ മദ്ധ്യ ദിനത്തിൽ വായനയുടെ സംഗീതം എന്ന പരിപാടി സംഘടിപ്പിക്കാനായതും അതിൽ കാരശ്ശേരി മാസ്റ്റർ നടത്തിയ അത്യുഗ്രൻ പ്രഭാഷണവും കോവിഡ് കാല സാംസ്‌കാരിക പ്രവർത്തനങ്ങളിൽ വേറിട്ട് നിൽക്കുന്നു. കല്യാണിയുടേയും ദാക്ഷായണിയുടെയും ആർ.രാജശ്രീ മറ്റൊരിക്കൽ ഐ.എം.എ മെമ്പർമാർക്കുവേണ്ടി നടത്തിയ പ്രഭാഷണത്തിന്റെ ഉച്ഛംഘൃലതയായിരുന്നു ഓർത്തു വെക്കുന്ന മറ്റൊരു കോവിഡ് കാല സ്മരണ.
പൈശാചികമായ ഒരു ചൂണ്ടുപലക
മാർച്ച് മുതൽ ദിനംപ്രതി പതുക്കെ പതുക്കെ പിടി മുറുക്കി മെയ് ആദ്യവാരങ്ങളിൽ അയഞ്ഞ്, വീണ്ടും വളരെ ഭീകരമായി പൊട്ടിപ്പരന്ന് സെപ്തംബറിൽ ദിനംപ്രതി പതിനായിരത്തിലേറെ കേസുകളായി, പിന്നെ വീണ്ടും കുറഞ്ഞ് ... കോവിഡ് നമ്മെ അമ്പരപ്പിച്ചു കൊണ്ടേ ഇരുന്നു. മാസ്‌ക് ഉപയോഗിക്കുന്നതിൽ നമ്മൾ കാണിക്കുന്ന തികഞ്ഞ അലംഭാവമാണ് ഒരു ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ എന്നെ ഉൽക്കണ്ഠാകുലനാക്കുന്നത്. താടിയിലും കഴുത്തിലും അണിഞ്ഞ് നടക്കാനല്ല ഈ വസ്തു എന്ന് എത്ര ബോധവൽകരിച്ചിട്ടം നമ്മൾ തിരിച്ചറിയുന്നതേയില്ല.
ഏത് ശ്വാസകോശ രോഗകൾക്കുള്ള ഏറ്റവും മികച്ച ശാസ്തീയ പ്രതിരോധ പദ്ധതിയാണ് മുഖാവരണങ്ങൾ എന്ന് എപ്പോഴാണ് നാം മനസ്സിലാക്കുക? കൃത്യമായി ശാസ്ത്രീയരീതിയിൽ മാസ്‌ക് ഉപയോഗിച്ചാൽ 95% ലേറെ നമ്മൾ സുരക്ഷിതരാണെന്നിരിക്കേ. കഴിഞ്ഞ ഒരു വർഷത്തെ അനുഭവങ്ങളിൽ നിന്ന് പ്രായോഗികമായി തിരിച്ചറിഞ്ഞ മറ്റൊരുകാര്യം പ്രതലങ്ങളിൽ നിന്നും വസ്തുക്കളിൽ നിന്നും കോവിഡ് പകരുന്നതിന് വളരെ വളരെ വിദൂര സാധ്യതയേ ഉള്ളൂ എന്ന വസ്തുതയാണ്. മുഖാവരണവും സോപ്പും സാമൂഹിക അകലപാലനവും നമ്മുടെ പുതിയ ലോകക്രമമായി നിശ്ചയമായും മാറിത്തീരേണ്ടതുണ്ട്.
കോവിഡ് പൈശാചികമായ ഒരു ചൂണ്ടുപലകയാണ്. പ്രാപഞ്ചിക നിയമങ്ങൾക്കെതിരെ മനുഷ്യൻ നീങ്ങുമ്പോൾ അവനെ ഞെട്ടിച്ചുണർത്തുന്ന ജാഗ്രതയുടെ കടും വെളിച്ചം. മുമ്പ് മറ്റൊരു ലേഖനത്തിൽ ഞാൻ സൂചിപ്പിച്ചതു പോലെ, തിരിച്ചറിവിന്റെ കണ്ണുകൾ തുറക്കാൻ മടിക്കുന്ന മനുഷ്യന് പ്രകൃതി ചെയ്യുന്ന വേദനാജനകമായ നേത്രശസ്ത്രക്രിയ.▮