ഡോ. നവ്യ തൈക്കാട്ടിൽ

രേഖകളിൽ ഇല്ലാത്ത കൊളാറ്ററൽ ഡാമേജുകൾ

ഉപജീവനമാർഗങ്ങൾ പൂർണമായും അടഞ്ഞു പോയവർ, നിരാശയുടെ പടു കുഴികളിൽ വീണവർ, വാടകയും തവണകളും അടക്കാനാവാതെ വഴി മുട്ടിയവർ- ശരീരത്തെക്കാൾ മനസ്സിന്റെ ആരോഗ്യം അപകടത്തിലായവരായിരുന്നു പല രോഗികളും

രോഗ്യ പ്രവർത്തകരുടെ ജീവിതത്തിൽ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു വർഷമായിരിക്കണം ഇപ്പോൾ കഴിഞ്ഞു പോയത്. ഒരു ഡോക്ടർ എന്ന നിലയിൽ, സങ്കൽപ്പിക്കാനാവാത്ത മാറ്റങ്ങളിലൂടെയാണ് പ്രൊഫഷണൽ ജീവിതവും, വ്യക്തി ജീവിതവും കടന്നുപോയത്.

ഇന്നിപ്പോൾ, പ്രൊഫഷണൽ ജീവിതത്തിന്റെ "ന്യൂ നോർമലു'മായി പൂർണ്ണമായും പൊരുത്തപ്പെട്ടിരിക്കുന്നു. ആശങ്കയോ, ഭീതിയോ ഇല്ലാതെ, മുൻപ് ഒരു രോഗിയെ സമീപിച്ചതും സ്പർശിച്ചതും, എന്നായിരുന്നു എന്ന് ഓർത്തെടുക്കാൻ പോലും ബുദ്ധിമുട്ടായിരിക്കുന്നു. തിരക്കുള്ള ഒ.പിയിൽ, വാക്കുകൾ കൊണ്ടല്ലെങ്കിലും, മുഖഭാവങ്ങളിലൂടെയെങ്കിലും മുൻപ് കൈമാറിയിരുന്ന ആശയവിനിമയവും, സമാശ്വാസങ്ങളും, ഇന്ന് മറകൾക്കുള്ളിൽ പെട്ടു പോകുന്നു.

എത്ര കാലം ഉറ്റവരിൽ നിന്ന് മാറി നിൽക്കേണ്ടി വരും എന്നറിയാത്ത അവസാനമില്ലാത്ത മാറ്റി നിർത്തലുകൾ. മാറ്റി നിർത്തലുകളിൽ നിന്നുണ്ടാവുന്ന, കുഞ്ഞുങ്ങളുടെ ഒരിക്കലും തീർക്കാനാവാത്ത, പരിഭവങ്ങളും വിഷമങ്ങളുമാണ് വലിയ വെല്ലുവിളിയായി തോന്നിയത്.

കോവിഡിന്റെ ആദ്യകാലങ്ങളിൽ ഉറക്കം കെടുത്തിയിരുന്നത് മരണഭയമായിരുന്നു. വിദേശ രാജ്യങ്ങളിലുള്ള ഡോക്ടർ സുഹൃത്തുക്കളും, സഹപാഠികളും കോവിഡിന് അടിപ്പെട്ട മുൻനിര ഡോക്ടർമാരുടെ കഥകളും, ഫോട്ടോകളും ഗ്രൂപ്പുകളിൽ പങ്കുവെക്കുമ്പോൾ, യുദ്ധമുഖത്തേക്ക് മനസ്സില്ലാമനസ്സോടെ പോകേണ്ടിവരുന്ന പട്ടാളക്കാരന്റെ നെഞ്ചിടിപ്പ് എന്തെന്ന് അനുഭവിക്കാനായി.. ഇവിടെയും കോവിഡ് വന്നെത്തിയത്തോടെ, ഇനി വീട്ടിലുള്ളവരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടി സ്വയം അകന്നു നിൽക്കാം എന്ന തീരുമാനത്തിലെത്തേണ്ടി വന്നു.

ആരോഗ്യപ്രവർത്തകർ ഈ കാലഘട്ടത്തിൽ അനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധി ഇതായിരിക്കണം. തങ്ങൾ വഴി, രോഗം ഉറ്റവരിൽ എത്തുമോ എന്ന ഭയം. എത്ര കാലം ഉറ്റവരിൽ നിന്ന് മാറി നിൽക്കേണ്ടി വരും എന്നറിയാത്ത അവസാനമില്ലാത്ത മാറ്റി നിർത്തലുകൾ. മാറ്റി നിർത്തലുകളിൽ നിന്നുണ്ടാവുന്ന, കുഞ്ഞുങ്ങളുടെ ഒരിക്കലും തീർക്കാനാവാത്ത, പരിഭവങ്ങളും വിഷമങ്ങളുമാണ് വലിയ വെല്ലുവിളിയായി തോന്നിയത്.

"വെർച്വൽ' ചികിത്സകളുടെ കാലമായിരുന്നു കോവിഡ് കാലഘട്ടം. ഒരിക്കലും നേരിട്ടല്ലാതെ ചികിത്സിക്കാൻ മുതിരാത്ത പലതും തന്നെ, ഫോട്ടോ കണ്ടും, ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചും ചികിത്സിക്കേണ്ടി വന്ന കാലം. ചികിത്സക്കായി രോഗികൾ ആശുപത്രിയിലെത്താൻ ഭയപ്പെട്ടിരുന്ന സമയം. രോഗിയെ നേരിട്ടു കാണാത്തതിനാൽ, കാതലായ പലതും കണ്ടെത്താതെ പോകുമോ എന്ന് ആശങ്കപ്പെടുന്ന സമയം. എല്ലാ ലക്ഷണങ്ങളും പരിശോധനകളും കോവിഡിലേക്ക് ചുരുക്കുമ്പോൾ, മറ്റു പല ഗുരുതര രോഗങ്ങളും കണ്ടെത്തുവാനുള്ള ശ്രമങ്ങൾ ഇല്ലാതെയാവുമോ എന്ന ആശങ്കയും തോന്നിയിരുന്നു.

രോഗി ഡോക്ടറുടെ അടുത്ത് നേരിട്ടെത്താതെ 'വെർച്വൽ ചികിത്സ' സ്വീകരിക്കുന്നത്​ കോവിഡ് കാലത്ത്​ പതിവായി / Photo: Wikimedia Commons

മറ്റ് പ്രധാന രോഗങ്ങൾ പലതിനും കൃത്യസമയത്ത് എടുക്കേണ്ട ചികിത്സ, കോവിഡ് ഭീതി കൊണ്ട് കുറെ കാലം രോഗികൾ സ്വയം നീട്ടിവെച്ചിരുന്നു. യഥാസമയം ചികിത്സ എടുക്കാതെ, രോഗം വഷളായതിന് ശേഷം മാത്രം ചികിത്സക്കെത്തുന്നത് കാണുമ്പോൾ ഒരു ഡോക്ട്ടർ എന്ന നിലയിൽ വല്ലാത്ത നിസ്സഹായത അനുഭവപ്പെട്ടിരുന്നു. കോവിഡ് നെഗറ്റീവ് പരിശോധനഫലത്തിന് ശേഷം മാത്രം മറ്റു രോഗങ്ങൾക്കും ചികിത്സ എന്ന നയം പല ആരോഗ്യസ്ഥാപനങ്ങളിലും കണിശമായി തന്നെ ഒരു സമയത്ത് പാലിച്ചിരുന്നു. ഇത് മറ്റ് രോഗികളുടെയും, കൂട്ടിരിപ്പുകാരുടെയും, ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ആയിരുന്നെങ്കിലും, പലപ്പോഴും വൈകുന്ന ചികിത്സയും, ചിലയിടത്തെങ്കിലും ഉണ്ടായ ചികിത്സ നിഷേധവും നിരാശയോടെയാണ് കാണേണ്ടി വന്നത്. ലോക്ക് ഡൗണുകളും, പൊതു ഗതാഗതമില്ലാത്തതും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് സ്ഥിരംചികിത്സകൾ പലതും അപ്രാപ്യമാക്കി.

പൊതുസമൂഹത്തിന്റെ ഒരു പരിച്ഛേദം, ഓരോ കാലത്തും അതിന്റെ മിടിപ്പ്, എന്നിവ നേരിട്ടറിയാം എന്നതാണ് ഈ പ്രഫഷനിൽ നിൽക്കുന്നതിന്റെ ഒരു നേട്ടമായി എപ്പോഴും അനുഭവപ്പെടാറുള്ളത്. ഉപജീവനമാർഗങ്ങൾ പൂർണമായും അടഞ്ഞു പോയവർ, നിരാശയുടെ പടു കുഴികളിൽ വീണു പോയവർ, വാടകയും തവണകളും അടക്കാനാവാതെ വഴി മുട്ടിയവർ- ശരീരത്തെക്കാൾ മനസ്സിന്റെ ആരോഗ്യം അപകടത്തിലായവരായിരുന്നു പല രോഗികളും. ഇങ്ങനെ, ഈ പാൻഡമിക്ക് ഉണ്ടാക്കിയ, എവിടെയും രേഖപ്പെടുത്താതെ പോകുന്ന, "കോലാറ്ററൽ ഡാമേജുകളുടെ' വ്യാപ്തി, ഒരു കാലത്തും അറിയപ്പെടാതെ, അളക്കപ്പെടാതെ പോകും.

ജോലിയും വ്യക്തി ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ ഈ പാൻഡമിക് കാലഘട്ടത്തിൽ എവിടെയോ നഷ്ടപ്പെട്ടു പോയി. മുൻനിര പ്രവർത്തകരിൽ കോവിഡ് ഉണ്ടാക്കിയ സമ്മർദ്ദം, അവരുടെ വൈകാരികവും മാനസികവുമായ ആരോഗ്യത്തെ കാര്യമായി ബാധിക്കാം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

അവശ്യ ചികിത്സ പോലും തേടാൻ രോഗികൾ മടിച്ചത് കൊണ്ടും, ചിലവേറിയ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചു കൊണ്ട് മുന്നോട്ട് പോവാൻ സാധിക്കാത്തത് കൊണ്ടും, പല സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെയും നിലനിൽപ്പ് തന്നെ ബുദ്ധിമുട്ടിലായിരുന്നു. സുഹൃത്തുക്കളായ പല ആരോഗ്യ പ്രവർത്തകരുടെയും ജോലിയും ശമ്പളവും ഇല്ലാതാവുമെന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. രോഗഭീതിയെക്കാൾ ജോലി നഷ്ടപ്പെടാനുള്ള സാധ്യത, ആരോഗ്യപ്രവർത്തകർക്കിടയിൽ വല്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരുന്നു.

സുരക്ഷാമാർഗങ്ങൾ എടുത്തുകൊണ്ടുള്ള ചികിത്സയുമായി മിക്ക ഡോക്ടർമാരും സമരസപ്പെട്ടുകഴിഞ്ഞു. ഭീതിയില്ലാത്ത, മുഖമറയില്ലാതെ രോഗിയുമായി സംവദിക്കാനാവുന്ന ഒരു കാലം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണവർ / Photo: Pariyaram Medical Collage News, facebook

ഓഗസ്റ്റ് മാസം മുതൽ ആരോഗ്യസ്ഥാപനങ്ങളിലെ സഹപ്രവർത്തകർക്കിടയിൽ കോവിഡ് "ക്ലസ്റ്ററുകൾ' സാധാരണമായി. രോഗികളെ ചികിത്സിക്കുമ്പോഴും, പുറത്തു പോകുമ്പോഴും ശ്വാസമെടുക്കാൻ പോലും ആവാത്ത വിധം അതീവ സുരക്ഷ സ്വീകരിച്ചിരുന്ന ഡോക്റ്റർമാർക്ക്, പ്രതീക്ഷിക്കാതെ സഹപ്രവർത്തകരിൽ നിന്ന് കോവിഡ് ബാധിക്കുന്നതും സാധാരണമായി. വിശ്രമവേളയിൽ ഒരൽപ്പനേരം കൂടിയിരുന്ന് സംസാരിക്കുമ്പോഴും, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിൽ നിന്നുമായിരുന്നു പല രോഗ ബാധകളും. എല്ലാ സമ്മർദ്ദങ്ങൾക്കും ഇടയിൽ ചെറിയൊരു ആശ്വാസമായിരുന്നത് സഹപ്രവർത്തകരോട് ഒരുമിച്ചുള്ള ഇടവേളകളായിരുന്നു. അതും വൈകാതെ നഷ്ടപ്പെടുകയായിരുന്നു..

ജോലിയും വ്യക്തി ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ ഈ പാൻഡമിക് കാലഘട്ടത്തിൽ എവിടെയോ നഷ്ടപ്പെട്ടു പോയി. മുൻനിര പ്രവർത്തകരിൽ കോവിഡ് ഉണ്ടാക്കിയ സമ്മർദ്ദം, അവരുടെ വൈകാരികവും മാനസികവുമായ ആരോഗ്യത്തെ കാര്യമായി ബാധിക്കാം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഏത് സമയത്തുമുള്ള നിരന്തര ഫോൺ കോളുകളും, സമയ പരിമിതികളില്ലാതെ വേണ്ടിയിരുന്ന ജോലി സന്നദ്ധതയും, മറ്റേതു ആരോഗ്യപ്രവർത്തകരെയും എന്ന പോലെ വല്ലാതെ സമ്മർദ്ദത്തിലാക്കിയിരുന്നു.

ഇന്നിപ്പോൾ, പുതിയ സാഹചര്യങ്ങളുമായി സമരസപ്പെട്ടിരിക്കുന്നു. സുരക്ഷാ മാർഗങ്ങൾ എടുത്തു കൊണ്ട്, ഏതു രോഗിക്കും പരിചരണം നൽകാം എന്ന പ്രായോഗികതയിൽ എത്തിയിരിക്കുന്നു. മുഖമറകളില്ലാതെ പരസ്പരം സംവദിക്കാനാവുന്ന, ഒരു കൈയ്യകലത്തിനുള്ളിൽ വന്നാലും ഭീതി തോന്നാത്ത, ഒരു രോഗി-ഡോക്ടർ ബന്ധത്തിന്റെ കാലത്തെക്കുള്ള തിരിച്ചു പോക്കിന് ഇനി അധികമില്ല എന്നു പ്രത്യാശിക്കുന്നു...▮

Comments