ചെങ്കണ്ണ്

കുട്ടികളിലാണ് ചെങ്കണ്ണ് കൂടുതലായും കണ്ടുവരുന്നത്. സ്​കൂളിൽനിന്ന് കുട്ടികൾക്ക് പെട്ടെന്ന് രോഗം പകരുന്നു. തുടർന്ന് അത് വീട്ടിലെ മുതിർന്നവരിലേക്കും എത്തും- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അശോക വത്സല ടി.എ. എഴുതിയ ലേഖനം.

ണ്ണിലെ വെളുത്ത പാടയെ (Conjunctiva) ബാധിക്കുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. ഇത് ഒരു പകർച്ചവ്യാധിയാണ്. അസുഖം ബാധിച്ച ആളുടെ കണ്ണുനീർ വഴിയാണ് ഇത് മറ്റൊരാളിലേക്ക് പകരുന്നത്.

ചെങ്കണ്ണ് ഏതെല്ലാം കാരണങ്ങൾ മൂലം?

1. അലർജി.
2.സൂക്ഷ്മാണുക്കളായ വൈറസ്​, ബാക്ടീരിയ ബാധ.
3. രാസപദാർത്ഥങ്ങൾ കണ്ണിലേക്ക് തെറിക്കുക.
4. നവജാത ശിശുക്കളിലെ കണ്ണുനീർ ഒഴുകാനുള്ള തടസ്സം.
5. കണ്ണിൽ കരട് വീണാൽ.
6. കോൺടാക്ട് ലെൻസ്​ ഉപയോഗിക്കുന്നവരിൽ.

ലക്ഷണങ്ങൾ

കണ്ണു ചുവപ്പ്, ചൊറിച്ചിൽ, വെള്ളം വരിക, പീളകെട്ടുക, കൺപോള വീക്കം, കൺപീലി ഒട്ടിപ്പിടിക്കുക, കരട് ഉള്ള പോലെ തോന്നുക, പ്രകാശ ത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്, കാഴ്ച മങ്ങൽ, തുടങ്ങിയവയാണ് അനുഭവപ്പെടുക. ചിലപ്പോൾ ജലദോഷം, തൊവേദന, പനി മുതലായ ലക്ഷണങ്ങളും കണ്ടേക്കാം.

  • വ്യക്തിശുചിത്വം വളരെ പ്രധാനമാണ്.
    കണ്ണിൽ കൈകൊണ്ട് തൊടരുത്.
    കൈ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക.
    ടവൽ, തോർത്ത് മുതലായവ സ്വന്തമായി മാത്രം ഉപയോഗിക്കുക.
    തലയിണകവർ ഇടക്ക് മാറ്റുക.
    വൃത്തിയുള്ള ടവൽ ഉപയോഗിക്കുക.

കുട്ടികളിലാണ് ചെങ്കണ്ണ് കൂടുതലായും കണ്ടുവരുന്നത്. സ്​കൂളിൽനിന്ന് കുട്ടികൾക്ക് പെട്ടെന്ന് രോഗം പകരുന്നു. തുടർന്ന് അത് വീട്ടിലെ മുതിർന്നവരിലേക്കും എത്തും. അങ്ങനെ ഇത് പകർന്നു പകർന്നു പോകുന്നു.

രോഗലക്ഷണങ്ങൾ കണ്ടാൽ കുട്ടികളെ സ്​കൂളിൽ വിടാതിരിക്കുന്നതാണ് ഉത്തമം. മുതിർന്നവർ ജോലിസ്​ഥലത്തോ ആൾക്കൂട്ടങ്ങളിൽനിന്നോ പൊതുചടങ്ങുകളിൽനിന്നോ വിട്ടുനിൽക്കുന്നത് നല്ലതാണ്. നമുക്ക് സാമൂഹിക പ്രതിബദ്ധത കൂടിയുണ്ടെന്ന് ഓർക്കുക. ഒരു പകർച്ചവ്യാധി ഒരു പ്രദേശം മുഴുവൻ പരക്കാതിരിക്കാൻ (epidemic) നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അണുക്കൾക്ക് ജനിതകമാറ്റം വരാനും അതുവഴി മരുന്നുകൾ ഫലപ്രദമാകാതിരിക്കാനും (Resistance) സാധ്യതയുണ്ട്.

READ RELATED CONTENTS

ചികിത്സാരീതികൾ

സാധാരണ ചെങ്കണ്ണ് 4- 7 ദിവസം കൊണ്ട് തനിയെ മാറുന്നതായി കാണാം. തണുത്തവെള്ളം പഞ്ഞിയിലോ തുണിയിലോ മുക്കി കൺപോളകളിൽ വെക്കാം. കൃത്രിമ കണ്ണുനീരടങ്ങിയ തുള്ളിമരുന്നുകൾ കണ്ണിന് കുളിർമ നൽകുകയും ചെയ്യും. കോൺടാക്ട് ലെൻസ്​ ഉപയോഗിക്കുന്നവർ താല്ക്കാലികമായി ലെൻസ്​ ഉപയാഗിക്കരുത്. ആൻ്റി ബയോട്ടിക് തുള്ളിമരുന്നുകൾ ബാക്ടീരിയ കൊണ്ടുണ്ടാകുന്ന ചെങ്കണ്ണിന് ഫലപ്രദമാണ്. അവ രോഗദൈർഘ്യം കുറയ്ക്കുകയും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

വൈറസ്​ ചെങ്കണ്ണിന് ആൻ്റിബയോട്ടിക്കുകൾ ഫലപ്രദമല്ല. അഡിനോ വൈറസാണ് ചെങ്കണ്ണിന് കാരണമായ വൈറസ്​. അലർജിമൂലമുണ്ടാകുന്ന ചെങ്കണ്ണ് മറ്റുള്ളവരിലേക്ക് പകരുന്നതല്ല. അലർജിക്കു കാരണമായ വസ്​തുക്കളുമായുള്ള (പൂമ്പൊടി, മൃഗങ്ങളുടെ രോമം മുതലായവ) സമ്പർക്കം ഒഴിവാക്കുക. ഇതിന്റെ ചികിത്സക്ക് ആൻ്റി ഹിസ്റ്റമിൻ എന്ന മരുന്നും തുള്ളിമരുന്നുകളും ഉപയോഗിക്കാവുന്നതാണ്.

രാസവസ്​തുക്കൾ കണ്ണിലേക്ക് തെറിച്ചാൽ ശുദ്ധജലം കൊണ്ട് കഴുകുക. ആൻ്റിബയോട്ടിക്, സ്റ്റീറോയ്ഡ് മുതലായ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കുക.

നവജാത ശിശുക്കളിലെ ചെങ്കണ്ണ്, കണ്ണീർ മൂക്കിലേക്കുപോകുന്ന ഉൾപാതയിൽ തടസ്സമുണ്ടാകുന്നതിനാലും ജനനസമയത്ത് മാതാവിന്റെ യോനിയിലെ ദ്രാവകം കണ്ണിൽ വീഴുന്നതുകൊണ്ടും സംഭവിക്കുന്നതാണ്.

നാം സ്വയം ചികിത്സിക്കാതെ മരുന്നുകൾ ഉപയോഗിക്കുന്നത് നേത്രരോഗ വിദഗ്ധരുടെ ഉപദേശപ്രകാരം ആയിരിക്കണം. അല്ലെങ്കിൽ ഒരുപക്ഷേ കാഴ്ചയ്ക്ക് കുറവു വരെ വന്നേക്കാം. കണ്ണിന്റെ കോർണിയയെ ബാധിക്കുന്ന അവസ്​ഥയും ഉണ്ടാകാറുണ്ട്. ശുചിത്വമാണ് രോഗപ്രതി രോധത്തിന്റെ ആണിക്കല്ല്.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments