‘നീതി കിട്ടാതെ വീട്ടിലേക്കില്ല എന്ന്
ഒരു സ്ത്രീ തീരുമാനിച്ചതിന്റെ റിസൽട്ടാണ്
ആ പൊലീസ് കുറ്റപത്രം’

പ്രസവശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് ഗവ. മെഡിക്കൽകോളജ് ആശുപത്രിയിൽ നിന്നു തന്നെയെന്നു വ്യക്തമാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരുമാണ് പ്രതികൾ. ഈ സാഹചര്യത്തിൽ ഹർഷിന ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുന്നു.

കേരളത്തിന്റെ ആരോഗ്യമേഖലക്കും അതിന്റെ ഔദ്യോഗിക നിയന്ത്രണം കൈയാളുന്ന സർക്കാർ സംവിധാനത്തിനും നേരെ ഒരു സ്ത്രീ നടത്തിയ സമാനതകളില്ലാത്ത മനുഷ്യാവകാശപോരാട്ടം ഒടുവിൽ വിജയത്തിലേക്കടുക്കുന്നു.

പ്രസവശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു തന്നെയെന്നു വ്യക്തമാക്കി പൊലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരുമാണ് പ്രതികൾ. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം പ്രതി ചേർത്ത കേസിൽ ഐ പി സി 338 പ്രകാരം 2 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയത്. എണ്ണൂറോളം പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളുണ്ട്.

വയറ്റിൽ കുടുങ്ങിയ കത്രികയുമായി അഞ്ച് വർഷമാണ് ഹർഷീന വേദന സഹിച്ച് ജീവിച്ചത്. കാരണമറിയാത്ത വേദനയുമായി ഹർഷീനയും കുടുംബവും അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതമായിരുന്നു. ഒടുവിൽ കത്രിക (ആർട്ടറി ഫോർസെപ്‌സ്) വയറ്റിൽ നിന്ന് കണ്ടെടുത്തപ്പോൾ അവർ സർക്കാറിനോട് നഷ്ടപരിഹാരം ചോദിച്ചു. കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതിരുന്നപ്പോൾ അവർ സമരത്തിനിറങ്ങി. ആരോഗ്യവകുപ്പുമന്ത്രി വീണ ജോർജ് നേരിട്ടെത്തി ഹർഷീനയ്ക്ക് ചില ഉറപ്പുകൾ നൽകിയെങ്കിലും അവ പാലിക്കപ്പെട്ടില്ല. അന്വേഷണം എവിടെയും എത്തിയില്ല.

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്

അങ്ങനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിനുമുന്നിൽ ഹർഷീന പന്തൽ കെട്ടി സമരം ആരംഭിച്ചത്. സമരം 104 ദിവസം നീണ്ടു. രണ്ടു ദിവസം സെക്രട്ടറിയേറ്റിനുമുന്നിലും സമരം ചെയ്തു. കോഴിക്കോട് അടിവാരത്ത് ജനിച്ചുവളർന്ന് ഇപ്പോൾ പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ കഴിയുന്ന 32 കാരിയായ ഹർഷീന, ഭീഷണികളെയും ആക്ഷേപങ്ങളെയും മറ്റു പ്രതിസന്ധികളെയും അതിജീവിച്ച്, കേരളത്തിന്റെ മനുഷ്യാവകാശ പോരാട്ടചരിത്രത്തിൽ സ്വന്തം പേര് എഴുതിച്ചേർത്തു.

കഴിഞ്ഞ ഏതാനും വർഷത്തിനിടെ അനുഭവിച്ച സമാനതകളില്ലാത്ത ദുരനുഭവങ്ങൾക്ക് ഇപ്പോൾ ഒരുത്തരമായിരിക്കുന്നു. കത്രിക കുടുങ്ങിയതിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്ന ഹർഷീനയുടെ സമരാവശ്യമാണ് കുറ്റപത്രത്തിലൂടെ നിറവേറ്റപ്പെട്ടത്.

ജീവിതത്തിലെ വലിയ നഷ്ടങ്ങൾ
ആര് തിരിച്ചുതരും?

ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുക എന്നാതാണ് ഹർഷീനയ്ക്ക് മുന്നിലുള്ളത്. ഇതിനായി നിയമപോരാട്ടം തുടരുമെന്ന് അവർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘നിയമവും നീതിയുമൊക്കെയുള്ളൊരു നാട്ടിലാണെങ്കിലും സാധാരണക്കാരിയായ ഒരു സ്ത്രീയ്ക്ക് അതിനടുത്തെത്തണമെങ്കിൽ എത്രമാത്രം ദൂരമുണ്ടെന്ന് ഈ സമരത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞു. മൂന്ന് മക്കളെയും കൊണ്ട്, മഴയും വെയിലുമേറ്റ്, ആരോഗ്യത്തെ പോലും വകവെക്കാതെ 104 ദിവസം തെരുവിൽ കിടന്നിട്ടും ഇപ്പോഴും നീതി പൂർണമാകുന്നില്ല എന്നത് സങ്കടകരമാണ്. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കും. എങ്കിൽമാത്രമേ ഞാൻ നടത്തിയ സമരം പൂർണ്ണമാകൂ.’’

സമരകാലം കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേതുകൂടിയായിരുന്നുവെന്ന് ഹർഷീന പറയുന്നു: ‘‘ഒരാളുടെ കൈപ്പിഴ കൊണ്ട് ആരും ദുരിതമനുഭവിക്കരുത്. അത് വിവരിക്കാനാവാത്തത്രയും വേദനയും സങ്കടവും നിറഞ്ഞ അനുഭവമാണ്. ആരോ ചെയ്‌തൊരു തെറ്റിന്റെ പേരിൽ എന്റെ ആറരവർഷമാണ് നഷ്ടപ്പെട്ടത്. ആ വർഷങ്ങൾ, എന്റെ ആരോഗ്യം, മക്കളോടൊപ്പം കഴിയേണ്ട നല്ല നിമിഷങ്ങൾ എനിക്ക് ആര് തിരിച്ചുതരും. സമരം ചെയ്യുക എന്നത് എന്തുമാത്രം ബുദ്ധിമുട്ടാണ് എന്ന് ഞാൻ നേരിട്ടനുഭവിച്ച നിമിഷങ്ങളായിരുന്നു അത്. കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയായിരുന്നു ഈ കാലമത്രയും കടന്നുപോയത്. ഇനിയുള്ള കാലമെങ്കിലും അന്തസോടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെന്നുണ്ട്. അതെനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. കാരണം ഞാൻ പോരാടിയത് വലിയൊരു സംവിധാനത്തിനെതിരെയാണ്. ഈ സമര വിജയം എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.’’

കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിലെ സമരത്തിനിടെ ഹർഷീനയും കുടുംബവും
കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിലെ സമരത്തിനിടെ ഹർഷീനയും കുടുംബവും

ചികിത്സാ പിഴവിനിരയാക്കപ്പെടുന്ന മനുഷ്യർക്ക് എത്രയും പെട്ടന്ന് നീതി ഉറപ്പാക്കാനുള്ള നിയമനിർമ്മാണം സർക്കാർ അടിയന്തരമായി നടത്തണമെന്നും ഹർഷീന ആവശ്യപ്പെടുന്നു: ‘‘നീതിക്കായി നടത്തിയ ഒരു സമരത്തോട് സർക്കാർ സംവിധാനം കാണിച്ച അവഗണനയും പരിഹാസവും നേരിടാനായത് എന്റെ ഇഛാശക്തികൊണ്ട് മാത്രമാണ്. ഇതു നേടാതെ തിരിച്ച് വീട്ടിലേക്ക് ഇല്ല എന്ന് ഒരു സ്ത്രീ തീരുമാനിച്ചതിന്റെ റിസൽട്ടാണ് ഇപ്പോഴത്തെ പോലീസിന്റെ കുറ്റപത്രം പോലും. അതു കൊണ്ടുതന്നെ ചികിത്സാപിഴവിനിരയാക്കപ്പെടുന്നവർക്ക് എത്രയും പെട്ടന്ന് നീതി ഉറപ്പാക്കാനുള്ള നിയമനിർമാണം സർക്കാർ അടിയന്തരമായി നടത്തണം’’.

മെഡിക്കൽ ബോർഡ് റിപ്പോർട്ടും
പൊലീസിന്റെ തെളിവും

കടുത്ത വയറുവേദനയെ തുടർന്ന് 2022 സെപ്റ്റംബർ 17ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ഹർഷിനയുടെ വയറ്റിൽനിന്ന് കത്രിക (ആർട്ടറി ഫോർസെപ്‌സ്) കണ്ടെടുത്തത്. 3 തവണ പ്രസവശസ്ത്രക്രിയയ്ക്കു വിധേയയായ ഹർഷിനയുടെ വയറ്റിൽ എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്നു കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു പരാതി അന്വേഷിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്.

എന്നാൽ, 2017 ജനുവരി 27ന് കൊല്ലത്തു നടത്തിയ എം ആർ ഐ സ്‌കാനിങ്ങിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കണ്ടെത്തിയിരുന്നില്ല എന്ന റിപ്പോർട്ട് പൊലീസ് അന്വേഷണത്തിൽ നിർണായക തെളിവായി. 2017 നവംബർ 30 നായിരുന്നു മെഡിക്കൽ കോളജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ. ശേഷം മാസങ്ങളോളം നിരവധി അസുഖങ്ങളുമായുള്ള അലച്ചിൽ. വിവിധ ആശുപത്രികളിലൂടെ കടന്നുപോയ ദിവസങ്ങൾ. അങ്ങനെയാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ യൂറിനറി ബ്ലാഡറിനോട് ചേർന്ന് 6.1 സെന്റീമീറ്റർ വലുപ്പമുള്ള ലോഹഭാഗം കണ്ടെത്തിയത്. തുടർന്ന് 2022 സെപ്തംബർ 17ന് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ ഹർഷീനയുടെ വയറ്റിൽ നിന്ന് കത്രിക (ആർട്ടറി ഫോർസെപ്സ്) പുറത്തെടുക്കുകയായിരുന്നു.

കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ നിഷേധാത്മക നിലപാടിനോടും ഡോക്ടർമാരുടെ സംഘടനകളുടെ അവഗണനകളോടും നേരെ നിന്ന് പൊരുതിയെടുത്തതാണ്, കുറ്റപത്രത്തിലൂടെ കൈവന്ന നീതി. സമാനതകളില്ലാത്ത ആ പോരാട്ടത്തിനെ സർക്കാർ വിലമതിക്കുകയാണ് വേണ്ടത്. നഷ്ടപരിഹാരത്തിന് അവർ കോടതിയിലെത്തുമ്പോഴെങ്കിലും സർക്കാർ അവരോടൊപ്പം നിൽക്കണം. ഹർഷീന ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും ഈ സർക്കാറിനുണ്ട്.

Comments