ആരും മറുപടി പറയേണ്ടതില്ലാതെ കുഞ്ഞുങ്ങളും ഫയലുകളും മോഷ്ടിക്കപ്പെടുന്ന ആശുപത്രികൾ

രോഗ്യ വകുപ്പിൽ നിന്നും അഞ്ഞൂറ് ഫയലുകൾ കാണാതായിരിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഒരു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോവുകയും ഭാഗ്യവശാൽ തിരികെ കിട്ടുകയും ചെയ്തു.കേരളത്തിലെ സുപ്രധാനമായ ഒരു വകുപ്പിന്റെ പ്രവർത്തന മാതൃകയാണിത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മെഡിക്കൽ കോളേജ്/സർക്കാർ ആശുപത്രികളിൽ പോയ ഒരാൾക്കും അമ്പരപ്പുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സർവ്വകലാശാലകളെ പോലെയാണ് മിക്ക സർക്കാർ ആശുപത്രികളും. ആദ്യത്തേതിൽ വിദ്യാർത്ഥിയാണ് ഏറ്റവും വില കുറഞ്ഞ വാക്കെങ്കിൽ രണ്ടാമത്തേതിൽ രോഗിയാണ്. ഔദാര്യത്തിന്റെ ഉപഭോക്താക്കൾ അപമാനം സഹിക്കാൻ വിധിക്കപ്പെട്ടവരാണ് എന്നതാണ് നമ്മുടെ നാട്ടിലെ സർക്കാർ സേവനങ്ങളുടെ ആപ്തവാക്യം.

തൃശൂർ മെഡിക്കൽ കോളേജിലെ അർബുദ രോഗ ചികിത്സാ കേന്ദ്രത്തിൽ-അതിനനുബന്ധ കെട്ടിടത്തിൽ- രോഗികൾക്കുള്ള മുറികളിൽ അടർന്നു വീഴുന്ന അലമാരകൾ, പൊട്ടിയ ജനാല ചില്ലുകൾ, അതിലൂടെ രക്തം പരിശോധിക്കാൻ നിയുക്തരായ സന്നദ്ധ സേവകരായ കൊതുകുകൾ, ദിവസം മുഴുവനും കഴിഞ്ഞാലും വൃത്തിയാക്കാത്ത കുപ്പത്തൊട്ടിയിൽ ഓടി നടക്കുന്ന പൂച്ചകൾ, പൂച്ചകൾ പോകുന്നത് കാത്തൊളിച്ചിരിക്കുന്ന എലികൾ, വണ്ടി നിർത്തിയിടുന്നിടത്ത് പൊന്തക്കാട്, അതിനടുത്ത് നായക്കൂട്ടം, രോഗികളുടെ കൂട്ടിരിപ്പുകാർ താത്ക്കാലികമായി തലങ്ങും വിലങ്ങും തുണി കഴുകി ഉണക്കാനിട്ടിരിക്കുന്ന അയകൾ, അങ്ങനെയങ്ങനെ.

ഇത്രയും വൃത്തിഹീനമായ ഒരിടത്ത് അർബുദ രോഗികൾക്ക് മാത്രമല്ല അവിടെ വെറുതെ പോകുന്നവർക്കും രോഗം വരാനുള്ള സാധ്യതയാണ് കൂടുതൽ. ഒരു ചെറിയ പെട്ടിക്കട പോലെ അതിനുള്ളിലെ ഒരു കടയിൽ ഏറ്റവുമധികം ചെലവാകുന്നത് കൊതുകുതിരിയാണ്. അതും ധാരാളം വേണം. കാരണം ജനാല ചില്ലുകൾ പൊട്ടിയതുകൊണ്ട് എപ്പോഴും കൊതുകാണ്. ജനറൽ വാർഡിലെ ശുചിമുറികളൊക്കെ ഉപയോഗിക്കുന്നവർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കണം.

യാതൊരു വിധ മേൽനോട്ടവുമില്ലാതെ അനാഥമാണ് നമ്മുടെ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ. സൗജന്യ ചികിത്സയ്ക്ക് വരുന്നവർക്ക് ഇതൊക്കെ മതിയെന്നാണ്. എന്തുകൊണ്ടാണ് ഇതൊക്കെ വൃത്തിയാക്കാത്തത് എന്ന് അവിടെ ആരോടെങ്കിലും ചോദിക്കാൻ കഴിയുമോ, ചോദിച്ചാൽ മറുപടി കിട്ടുമോ? ഇല്ല. തൃശൂർ മെഡിക്കൽ കോളേജിലെ എല്ലുരോഗ വിഭാഗം മേധാവിയെ കൈക്കൂലി വാങ്ങിയതിന് ഈയിടെയാണ് പിടികൂടിയത്. മറ്റ് മിക്കവർക്കുമെതിരെ പരാതി പോകാത്തതുകൊണ്ടാണ്.
പശ്ചാത്തല സൗകര്യങ്ങൾ നന്നാക്കാൻ ഇവിടെയൊക്കെ ഇപ്പോഴുള്ള ജീവനക്കാരും അതിനനുവദിച്ചിട്ടുള്ള തുകയും കൊണ്ടുതന്നെ വലിയ അളവോളം സാധിക്കും. എന്നാലത് ചെയ്യാത്തത് സർവ്വാണി സദ്യക്ക് ഇത്ര മതി വിഭവങ്ങൾ എന്നതുകൊണ്ടാണ്. കിട്ടിയത് തിന്നിട്ട് പോടാ എന്ന മട്ടിലാണ്.

പുനലൂരുള്ള സർക്കാർ ആശുപത്രി മാതൃകയായി കാണിക്കാറുണ്ട്. കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളും ഏറ്റവും വൃത്തിയുള്ള, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മനുഷ്യാന്തസ്സോടെ ചികിത്സ തേടിപ്പോയി വരാവുന്ന ഒന്നാകാൻ ഒട്ടും ബുദ്ധിമുട്ടില്ല. പക്ഷെ അതിന് രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിന് താത്പര്യമില്ല. രാഷ്ട്രീയ നേതൃത്വത്തിന് കിട്ടുന്നത് മെഡിക്കൽ കോളേജിലെ കൊതുക്‌സേവയുള്ള പരിഗണനയല്ല. അവരുടെ ചികിത്സ മിക്കവാറും നടക്കുന്നത് വൻകിട സ്വകാര്യ ആശുപത്രികളിലാണ് എന്നതുകൊണ്ടാണ്. അതിനവർക്ക് കയ്യിൽനിന്നും കാശ് ചെലവാകുന്നില്ല എന്നതുകൊണ്ടുമാണ്.

ഇത് മാത്രമല്ല പ്രശ്നം, സർക്കാർ സേവനങ്ങളിൽ മികവ് ആവശ്യപ്പെടുന്നത് അപ്രായോഗികമാണെന്നും അത് അനാവശ്യം പോലുമാണെന്നുമുള്ള ഒരു പൊതുധാരണ നാം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അത് പോലീസുകാരന് ജനങ്ങളെ ചീത്ത വിളിക്കാനുള്ള അവകാശമുണ്ടെന്ന ധാരണ പോലെയാണ്.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നഷ്ടപ്പെട്ട നവജാത ശിശുവിനെ തിരികെ കിട്ടിയപ്പോൾ അതൊരു Photo op ആക്കി പ്രചരിപ്പിക്കുകയാണ് മന്ത്രിയും കൂട്ടരും. ആസനത്തിൽ ആലു മുളച്ചാൽ അതും തണലെന്നു മാത്രമല്ല, പിന്നെയും നാണമില്ലാത്തവൻ അതിൽ ഊഞ്ഞാലിട്ടാടും എന്നാണ്. സാധാരണ ഘട്ടത്തിൽത്തന്നെ നവജാത ശിശുക്കൾക്കുള്ള ആശുപത്രി വാർഡിൽ ആളുകളുടെ പ്രവേശനം വളരെ പരിമിതമാക്കണമെന്നിരിക്കെ ഈ മഹാമാരിയുടെ സമയത്ത് എത്ര അലക്ഷ്യമായാണ് അവിടെ ശിശുക്കളെ കൈകാര്യം ചെയ്യുന്നത് എന്ന് നോക്കൂ. തിരിച്ചുകിട്ടിയ, ജനിച്ച് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെയാകട്ടെ ഒരാൾക്കൂട്ടത്തിനിടയിലൂടെയാണ് കൊണ്ടുവരുന്നത്. ഒരു മെഡിക്കൽ കോളേജിലാണ് എന്നോർക്കണം!

ഒരു സർക്കാർ വകുപ്പിൽ നിന്നും നൂറുകണക്കിന് രേഖകൾ നഷ്ടപ്പെടുന്നു. അതിൽ പലതും പല കാലങ്ങളിലായി ( ഇരു മുന്നണികളുടെയും ഭരണകാലത്ത് ഉദ്യോഗസ്ഥർ നടത്തിയ) നടന്ന വാങ്ങൽ ഇടപാടുകളുടേതടക്കമുള്ള രേഖകളാണ്. നൂറുകണക്കിന് ഡിജിറ്റൽ രേഖകൾ മായ്ച്ചു കളഞ്ഞിരിക്കുന്നു. ഇതൊക്കെയായിട്ടും നമ്മുടെ സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ പ്രധാന സേവനം വൈകീട്ട് കോവിഡ് രോഗികളുടെ എണ്ണം വാർത്താ കുറിപ്പായി നൽകുന്നതും മെഡിക്കൽ കോളേജിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനൊപ്പം ചിത്രമെടുത്തിടുന്നതുമൊക്കെയാണ്.

നൂറു കണക്കിന് രേഖകൾ ഇത്തരത്തിൽ അപ്രത്യക്ഷമാക്കാൻ കഴിയുന്ന ഒരു ഉദ്യോഗസ്ഥ സംവിധാനത്തിനാണ്, പൊതുസമൂഹമാകെ പ്രളയത്തിലും മഹാമാരിയിലും പെട്ട് വലയുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക നില അതീവ ദുർബലമാകുമ്പോഴും കടം വാങ്ങിയും ശമ്പളം കൂട്ടിക്കൊടുത്ത് പോറ്റുന്നത് എന്നോർക്കണം. കാര്യക്ഷമമായ സിവിൽ സർവ്വീസ് എന്നത് ഇപ്പോഴുമൊരു മരീചികയാണ്.

ഇതാണ് കേരളത്തിലെ സർക്കാർ കാര്യാലയങ്ങളുടെയും വകുപ്പുകളുടേയും പൊതു സ്ഥിതി. തിരുവനന്തപുരം കോർപ്പറേഷനിൽ ജനങ്ങളടയ്ക്കുന്ന നികുതി ഉദ്യോഗസ്ഥർ തട്ടിയെടുക്കുന്ന വാർത്ത വന്നിരുന്നു. വളരെ സംയമനത്തോടെ ജനം പിന്നെയും നികുതിയടക്കുക എന്നല്ലാതെ ഒരു വഴിയുമില്ല.
സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലേയും അക്ഷന്തവ്യമായ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും ആരും മറുപടി പറയില്ല. ചോദ്യങ്ങളെ ദയാവധത്തിന് വിടുക എന്നതാണ് കേരളത്തിലെ രീതി. സ്വന്തം വകുപ്പിൽ നിന്നും അഞ്ഞൂറ് ഫയലുകൾ കാണാതെ പോയാലും നൂറുകണക്കിന് രേഖകൾ മായ്ച്ചു കളഞ്ഞാലും ആശുപത്രികളിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയാലുമൊക്കെ ഒരു തരത്തിലും ആശങ്കപ്പെടേണ്ട കാര്യം മന്ത്രിക്കോ ഉദ്യോഗസ്ഥ മേധാവികൾക്കോ ഇല്ല. നാനാവിധ മാർഗങ്ങളുപയോഗിച്ചുകൊണ്ട് ഈ പുത്തൻ വർഗത്തിന്റെ അധികാര വൃത്തത്തിലേക്ക് കയറുക എന്നതാണ് മിടുക്ക്. ശേഷം നിങ്ങളെ തൊടാൻ ജനത്തിനാവില്ല.

Comments