നായകളിൽ ഒരുതരം ഭ്രാന്തൻ രോഗമുണ്ടെന്നും രോഗിയായ നായ കടിച്ചാൽ മറ്റു നായകൾക്കും അത് പകരുമെന്നും ബി.സി. 400ൽ തന്നെ മഹാനായ അരിസ്റ്റോട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം പേവിഷബാധ പടർന്നു പിടിച്ചതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. രോഗം തടയുന്നതിനുള്ള ചികിത്സാവിധികൾക്കായി ഗവേഷണം ആരംഭിക്കുന്നത് 1881ൽ ആണ്. ഇതിന് നേതൃത്വം നൽകിയത് മഹാനായ ഫ്രഞ്ച് ജീവശാസ്ത്രജ്ഞൻ ലൂയി പാസ്റ്ററും (Louis Pasteur) അദ്ദേഹത്തിന്റെ സഹായി എമിൽ റൂസും (Emil Rousse) ആണ്.
1885 ൽ വാക്‌സിൻ രൂപപ്പെടുത്തിയെടുത്തു. 1885 ജൂലൈമാസം 6ാം തിയതിയാണ് ജോസഫ് മീസ്റ്റർ (Joseph Meister) എന്ന ബാലനിൽ ലൂയി പാസ്റ്റർ പേവിഷബാധക്കെതിരായ വാക്‌സിൻ ആദ്യമായി പ്രയോഗിച്ച് വിജയിച്ചത്. തുടർന്ന് ഫ്രാൻസിൽ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണ ശാലകൾ നിലവിൽ വരികയും ചെയ്തു. 1911 ൽ ഇന്ത്യയിൽ ചെമ്മരിയാടിന്റെ തലച്ചോറിൽ നിന്നും വാക്സിൻ വികസിപ്പിച്ചെടുത്തു. (NTV - Neural Tissue Vaccine). പാർശ്വഫലങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾക്ക് അക്കാലത്ത് ഉപയോഗിച്ചിരുന്നത് ഈ വാക്‌സിനായിരുന്നു. പാർശ്വഫലങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് 2005 മുതൽ ഈ വാക്‌സിന്റെ ഉപയോഗം ഇന്ത്യയിൽ നിർത്തലാക്കി. 1960ൽ BPL Inactivated വാക്‌സിനും 1985ൽ chick embryo cell വാക്‌സിനും 1988ൽ cell culture വാക്‌സിനും നിലവിൽ വന്നു. ചെമ്മരിയാടിന്റെ തലച്ചോറിൽ നിന്നും തുടങ്ങിയ വാക്‌സിൻ ഉത്പാദനം വിവിധ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിൽ പാർശ്വഫലങ്ങൾ ഇല്ലാത്തതും വളരെ സുരക്ഷിതവുമായ പ്രതിരോധ കുത്തിവയ്ക്കുകളിൽ എത്തിനിൽക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.
തൊലിക്കടിയിൽ പൊക്കിളിനുചുറ്റും നൽകിയിരുന്ന ഏറ്റവും വേദനാജ നകമായ കുത്തിവയ്പ് രീതി ഇന്ന് ചരിത്രമാണ്. മാംസപേശികളിൽ കു ത്തിവയ്ക്കുന്ന രീതി മാറി ഇപ്പോൾ ചർമ്മത്തിന്റെ തൊട്ടുതാഴെ കുത്തിവെയ്ക്കുന്ന (IDARV - Intradermal Anti Rabies Vaccine) രീതി നിലവിൽ വന്നിരിക്കുന്നു. ഇതുമൂലം വേദന ഒട്ടും അനുഭവപ്പെടാതെ വളരെ കുറച്ചു മരുന്നുമാത്രം ഉപയോഗിക്കുന്ന പ്രതിരോധ പ്രവർത്തനരീതിയാണ് ഇന്ന് നിലനിൽക്കുന്നത്. ഈ രീതിയാണ് ലോകാരോഗ്യസംഘടന (WHO) ലോകത്താകമാനം നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നതും.
ലോകജന്തുജന്യ രോഗദിനം
മഹാനായ ലൂയി പാസ്റ്റർ കണ്ടുപിടിച്ച പേവിഷബാധയ്‌ക്കെതിരായ പ്ര തിരോധമരുന്ന് (Vaccine) ആദ്യമായി മനുഷ്യരിൽ പ്രയോഗിച്ച് വിജയിച്ചതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജൂലൈ 6ാം തീയതി ലോക ജന്തുജന്യ രോഗദിനമായി ആചരിക്കുന്നത്. Zoonoses എന്നാൽ ജന്തു ജന്യരോഗങ്ങൾ, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന അസുഖങ്ങൾക്ക് മൊത്തമായി പറയുന്ന പേരാണ്. ലൂയി പാസ്റ്റർ മരണമടഞ്ഞ സെപ്റ്റംബർ 28 ലോക പേവിഷബാധ ദിനമായും (World Rabies Day) ആചരിക്കുന്നു.
പേവിഷബാധ ലോകത്തും ഇന്ത്യയിലും
ലോകത്താകമാനം ഏകദേശം 300 കോടി ജനങ്ങൾ ജീവിക്കുന്നതുതന്നെ നായകളുടെ ആക്രമണത്തിന് ഇരയാകാവുന്ന സാഹചര്യങ്ങളിലാണ്. പേവിഷബാധ മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവർ ഏഷ്യയിലും ആഫ്രിക്കയിലുമാണ്. ഉദ്ദേശം 55,000 മുതൽ 60,000 പേർ വരെ ഓരോ വർഷവും പേവിഷബാധക്ക് ചികിത്സ തേടി മരണത്തിന് കീഴ്‌പ്പെടുന്നു. അതിൽ 16,000 മുതൽ 20,000 വരെ ആളുകൾ ഇന്ത്യയിലാണെന്നത് ഭീകരത വർദ്ധിപ്പിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതീവ അപകടം പിടിച്ച High risk മേഖലയിൽ പെടുന്നു.
പേവിഷബാധയ്ക്ക് പ്രധാനകാരണം (9798%) നായ്ക്കളിൽ നിന്നുള്ള കടിയേൽക്കുന്നതാണ്. ഇതിൽ തെരുവുനായ്ക്കൾ മാത്രമല്ല വളർത്തു നായ്ക്കളും ഒരുപോലെ കാരണക്കാരാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ രണ്ടു സെക്കന്റിലും ഒരാൾക്ക് നായയുടെ കടിയേൽക്കുകയും ഓരോ 30 മിനിറ്റിൽ ഒരാൾവീതം പേവിഷബാധയേറ്റ് മരിക്കുകയും ചെയ്യുന്നു. പകർച്ചവ്യാധികളിൽ ഏറ്റവും പഴക്കം ചെന്ന രോഗങ്ങളിൽ ഒന്നാണ് പേവിഷബാധ. ഇന്ന് പകർച്ചവ്യാധികളിൽ പേവിഷബാധയുടെ സ്ഥാനം പത്താമതാണ്. ഉദ്ദേശം പതിനഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ മനുഷ്യനും നായകളും തമ്മിലുള്ള പരസ്പര ബന്ധത്തിലൂന്നിയ ജീവിതരീതിയാണ് ഇതിനുള്ള കാരണമെന്ന് കണക്കാക്കാം.
കേരളത്തിൽ പേവിഷബാധക്കെതിരെ ചികിത്സ തേടുന്നവരുടെ എണ്ണം വർഷത്തിൽ 80,000ന് മുകളിലാണ്. ഇതുതന്നെ തെരുവുനായ പ്രശ്‌നത്തിന്റെ രൂക്ഷത വെളിവാക്കുന്നു. കുട്ടികളാണ് പലപ്പോഴും ഇരകളാകുന്നത്. പ്രസിദ്ധീകരിച്ചതും ലഭ്യമായതുമായ കണക്കുകൾ പ്രകാരം പേവിഷബാധമൂലം കേരളത്തിൽ മരണം സംഭവിച്ചത് 2007ൽ 13, 2008ൽ 16, 2009ൽ 6 എന്നിങ്ങനെയാണ്. മരണം നടന്നത് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കാസറഗോഡ് എന്നീ ജില്ലകളിലാണ്. 2012ൽ തൃശ്ശൂർ ജില്ലയിലും മരണം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും മനുഷ്യർക്കും കന്നുകാലികൾക്കും തെരുവുനായ്ക്കളുടെ അക്രമണത്തിൽ പരിക്കേറ്റ് ചികിത്സ തേടേണ്ടിവന്നിട്ടുണ്ട്. ആയിരങ്ങളാണ് കടിയേറ്റശേഷം ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നത്. ഇതിനുള്ള ചെലവുകൾ കോടികളാണ്. അസുഖം മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടം, വിദ്യാർത്ഥികളുടെ പഠന പ്രവൃത്തി ദിനങ്ങളുടെ നഷ്ടം, മാനസികവ്യഥകൾ എന്നിവകൂടി കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തികനഷ്ടം അനുമാനിക്കാവുന്നതാണ്.
നായ കടിച്ചാൽ വാക്‌സിൻ എടുത്താൽ മതി എന്ന് നിസ്സാരമായി പറ യാമെങ്കിലും അതുണ്ടാക്കുന്ന സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങൾ വളരെ വലുതാണ്. ഇത് ശരീരത്തിൽ ഏൽക്കുന്ന മുറിവിൽ മാത്രം ഒതുങ്ങുന്നതല്ല. ശാരീരികമായ അസ്വസ്ഥതകളും, ജോലി മുടക്കവും സാമ്പത്തിക നഷ്ടവുമൊക്കെ ഇതിന്റെ അനുബന്ധ പ്രശ്‌നങ്ങളാണ്. ചില മരുന്നുകൾ അപൂർവ്വമായി പാർശ്വഫലങ്ങൾ ഉണ്ടാക്കുമ്പോൾ വില കൂടിയ മരുന്നുകളുടെ ഉപയോഗം സാമ്പത്തിക ബാദ്ധ്യത വർദ്ധിപ്പിക്കുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ മാത്രം ശരാശരി 60 മുതൽ 70 വരെ രോഗികൾ ദിനംപ്രതി നായയുടെ കടിയേറ്റ് ചികിത്സക്കായി എത്തുന്നുണ്ട്. മറ്റു സർക്കാർ/ സ്വകാര്യ ആശുപത്രികളിലെ എണ്ണം ഇതു കൂടാതെയാണ്.
സങ്കടകരമായ അവസ്ഥ മറ്റൊന്നാണ്. ഏതെങ്കിലും പ്രദേശത്ത് തെരുവു നായ കടിയേറ്റാൽ ഉടൻ ചർച്ചകളും പ്രഖ്യാപനങ്ങളുമായി അധികാരികൾ മുന്നോട്ടുവരും. ഇത് പലപ്പോഴും പരസ്പരം പഴിചാരലിൽ അവസാനിക്കും, അല്ലെങ്കിൽ നിയമത്തിന്റെ നൂലാമാലകളിൽ ചർച്ച ഒതുങ്ങും. തെരു
വുനായ നിയന്ത്രണം ശാസ്ത്രീയമായി നടപ്പിലാക്കാത്തിടത്തോളം കാലം ഇത് ഈ രീതിയിൽ തുടരുകതന്നെ ചെയ്യും എന്നതിൽ സംശയമില്ല.
രോഗകാരണങ്ങൾ
പേവിഷബാധയുണ്ടാക്കുന്നത് വൈറസുകളാണ്. Lyssavirus എന്ന ഇനത്തിൽപെട്ട RNA വൈറസാണ് രോഗഹേതു. വിവിധ വകഭേദങ്ങൾ ഉള്ള ഇത്തരം വൈറസുകൾ അതതിനു യോജിച്ച തരം മൃഗങ്ങളിലാണ് പ്രകൃതിയിൽ നിലനിന്നുപോരുന്നത്. മറ്റു മൃഗങ്ങളിൽ അസുഖം ഉണ്ടാക്കാമെങ്കിലും ഈ രീതിയിലല്ലാതെ പ്രകൃതിയിൽ നിലനിൽക്കാൻ അവയ്ക്ക് സാധ്യമല്ല. അതായത് എല്ലാ ഇനം ജീവികളിലും എല്ലാതരം വൈറസ് ഇനങ്ങൾക്ക് നിലനിൽക്കാനാകില്ല. എങ്കിലും രോഗം പരത്തുന്നതിന് ഇവയ്ക്ക് സാധിക്കും. വൈറസുകളുടെ ഉപവിഭാഗങ്ങളും സാമ്യമുള്ള മറ്റു വൈറസുകൾ ഉണ്ടാക്കുന്ന പേവിഷബാധയോട് ലക്ഷണങ്ങളിൽ സമാനത തോന്നുന്ന രോഗങ്ങളും അവയുടെ ശാസ്ത്രീയ വിശകലനങ്ങളും ഈ സന്ദർഭത്തിൽ വിശദീകരണത്തിന് വിധേയമാക്കുന്നില്ല. പൊതുവിൽ നായകളിൽനിന്നും മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരുന്ന പേവിഷബാധ മാത്രമാണ് സാമാന്യരൂപത്തിൽ വിശ ദീകരിക്കുന്നത്.
ഉഷ്ണരക്തമുള്ള ജീവികളിൽ കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പേവിഷബാധ (റാബിസ്). രോഗകാരണം റാബ്‌ഡോ വൈറിഡേ (Rhabdoviridae) ഫാമിലിയിൽപ്പെട്ട RNA Virus ആയ ലിസ്സ വൈറസ്സാണ് (Lyssavirus).
വിവിധ ജീവികളിൽ കാണുന്ന വൈറസുകളുടെ ഇനം അനുസരിച്ച് റാബീസ് വൈറസുകൾ വിവിധ പേരുകളിൽ അറിയപ്പെടുന്നു. (ഉദാ: നായകളിൽ കാണുന്നവ Canine Virus) ഇത്തരം വൈറസുകൾ മറ്റു ജീവികളിലും രോഗകാരണമാകാറുണ്ടെങ്കിലും അതിന് പ്രകൃതിയിൽ നിലനിൽക്കുന്നതിന് പ്രധാനമായും അതതു രോഗാണുവാഹകരായ ജീവികൾ ആവശ്യമാണ്. അപൂർവ്വമായി വൈറസുകൾക്ക് മറ്റു ജീവികളിലും ജീവിക്കാൻ സാധിക്കും (ഉദാ. കുറുക്കൻ, കുരങ്ങുകൾ മുതലായവ).
രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ മരണം സംഭവിക്കുമെങ്കിലും പ്രതിരോധമാർഗ്ഗങ്ങളിലൂടെ ഈ രോഗം പൂർണ്ണമായും തടയാനാകും. മനുഷ്യരിലും മൃഗങ്ങളിലുമുള്ള പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും കടിയേറ്റാൽ, അതിനു ശേഷമുള്ള പ്രതിരോധ മാർഗ്ഗങ്ങളിലൂടെയും അസുഖം തടയാവുന്നതാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രത്യേകിച്ച് മൂന്നാംലോക രാജ്യങ്ങളിലെ മനുഷ്യർക്കും മൃഗങ്ങൾക്കും പ്രതിരോധ മാർഗ്ഗങ്ങളോടുള്ള അപ്രാപ്യത മൂലം ലോകത്താകമാനം മരണനിരക്ക് ശരാശരി 55,000 ഉം ഇന്ത്യയിൽ ഇത് പ്രതിവർഷം 20,000 ആണ്. രോഗവാഹകരുമായുള്ള ബന്ധം ശ്രദ്ധയിൽപെടാത്ത അപൂർവ്വം സന്ദർഭ ങ്ങളിൽ വികസിത രാജ്യങ്ങളിലും ഈ രോഗം മൂലം മരണം സംഭവിക്കാറുണ്ട്.
രോഗത്തിന്റെ വ്യാപനം
ഭൂമിശാസ്ത്രപരമായി ലോകത്തിലാകമാനമായി വ്യാപിച്ചുകിടക്കുന്ന രോഗമാണ് പേവിഷബാധയെങ്കിലും ചുരുക്കം ചില ദ്വീപുകളിലും രാജ്യങ്ങളിലും ഈ രോഗം തീർത്തും ഇല്ല എന്നുതന്നെ പറയാം. പേവിഷ ബാധ ഇല്ലാത്ത രാജ്യങ്ങളാണ് ബ്രിട്ടൻ, അയർലന്റ്, സ്വീഡൻ, നോർവേ, ജപ്പാൻ, ആസ്‌ത്രേലിയ, ന്യൂസിലാൻഡ്, സിങ്കപ്പൂർ, മലേഷ്യയിലെ ചില ഭാഗങ്ങൾ എന്നിവ. പാപ്പന്യൂഗിനിയും ശാന്തസമുദ്രത്തിലെ ചില ദ്വീപുകളും അടുത്ത കാലത്തായി മാലിയും ഈ കൂട്ടത്തിൽപെടുന്നു. ലോകാരോഗ്യസംഘടന (WHO) യുടെ നിയമമനുസരിച്ച് ഒരു രാജ്യം പേവിഷ വിമുക്തമായി പ്രഖ്യാപിക്കണമെങ്കിൽ ആ രാജ്യത്തെ രോഗനിരീക്ഷണ സംവിധാനങ്ങളും ഇറക്കുമതി നിയമങ്ങളും കൃത്യമായി പാലിച്ചതിനു ശേഷം തുടർച്ചയായി രണ്ടുവർഷം പേവിഷബാധ മനുഷ്യരിലോ മൃഗങ്ങളിലോ സ്ഥിരീകരിക്കാത്ത അവസ്ഥയുണ്ടായിരിക്കണം. ഇത്തരം സംവിധാനങ്ങൾ രൂപപ്പെടുത്തിയെടുക്കുവാൻ ഓരോ രാജ്യവും ഭാവിയിൽ മുൻകയ്യെടുക്കുക വഴി പരിപൂർണ്ണമായി രോഗവിമുക്തമാക്കാനായില്ലെങ്കിലും നിയന്ത്രണവിധേയമാക്കുവാൻ സാധിക്കും.
ഇന്ത്യയിലെ നമ്മുടെ പ്രയത്‌നങ്ങൾക്ക് ഈ ലക്ഷ്യം നേടാനാകട്ടെ എന്ന് ആഗ്രഹിക്കാം. അതോടൊപ്പം ലക്ഷ്യപ്രാപ്തിയിലേക്കുള്ള ഗവേഷണങ്ങൾ തുടരുകയും ചെയ്യണം. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വന്യമൃഗങ്ങളിലെ പേവിഷ ബാധ നിയന്ത്രണവും അയൽ രാജ്യങ്ങളിൽ നിന്നുള്ള രോഗ സംക്രമണവും തടയേണ്ടതാണ്. പേവിഷബാധ പരത്തുന്ന വൈറസുകൾക്ക് സമാനമായ വൈറസുകളുടെ സാന്നിദ്ധ്യം കൊണ്ടുമാത്രം ഒരു രാജ്യത്തിന് പേവിഷവിമുക്തമെന്ന പദവി നഷ്ടപ്പെടുകയില്ല. ഇങ്ങനെ വൈറസുകളുടെ സാന്നിധ്യം ഉള്ള രാജ്യങ്ങളാണ് ആസ്‌ട്രേലിയയും ബ്രിട്ടനും.
സാംക്രമിക ചക്രങ്ങൾ
റാബീസ് വൈറസുകൾ ഭൂമിയിൽ നിലനിൽക്കുന്നത് രണ്ടുതരത്തിലുള്ള സാംക്രമിക ചക്രങ്ങളിലാണ്. നാട്ടിലുള്ള നായവർഗ്ഗങ്ങളിലൂടെ നിലനിൽക്കുന്നവയെ Urban Cycle എന്നും വന്യജീവികൾ വഴി നിലനിൽ ക്കുന്നവയെ Sylvatic Cycle എന്നും പറയുന്നു. തെരുവുനായകളും ഉടമസ്ഥരില്ലാത്ത നായകളും സുലഭമായ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ രോഗബാധയുടെ കാഠിന്യം പറയേണ്ടതില്ലല്ലോ. പ്രതിരോധ മാർഗ്ഗങ്ങൾ കണിശമായി നടപ്പാക്കുന്ന യൂറോപ്പിലും വടക്കൻ അമേരിക്കൻ രാജ്യങ്ങളിലും രോഗബാധ നിയന്ത്രണവിധേയമാണ്. എങ്കിലും വന്യമൃഗങ്ങൾ വഴിയുള്ള രോഗബാധ നിയന്ത്രണ വിധേയമല്ല. ഇത്തരം സാംക്രമിക ചക്രങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ വളരെ സങ്കീർണ്ണവും പൊതുവിൽ രോഗബാധയെപ്പറ്റിയുള്ള വിവരണത്തിന് അതീതവുമാണ്.
രോഗം പകരുന്നവിധം
രോഗം പകരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പലരും ചോദിക്കാറുള്ളതാണ്. ഇതിൽ ഏറ്റവും കൂടുതൽ ഉയർന്നുവരുന്ന ചോദ്യം പേവിഷ ബാധയുള്ള പശുവിന്റെ പാൽ അറിയാതെ ഉപയോഗിച്ചാൽ പകരുമോ എന്നതാണ്. അസുഖം പകരാനുള്ള സാധ്യത പലവഴിയായതിനാൽ ഒന്നും തള്ളിക്കളയാനാവില്ല. എന്നാൽ തിളപ്പിച്ചാലും പാകം ചെയ്താലും വൈറസ് നശിച്ചുപോകും എന്നത് വാസ്തവവുമാണ്. വന്യമൃഗങ്ങളിലാണ് ഭക്ഷണത്തിലൂടെ പകരാനുള്ള സാധ്യതയുള്ളത്.
വിവിധതരത്തിലും ഇനത്തിലുമുള്ള സസ്തനികളിൽ പേവിഷബാധക്ക് കാരണക്കാരായ വൈറസ്സുകൾ യഥേഷ്ടം പകരുന്നു. സാധാരണയായി പേവിഷബാധയേറ്റ മൃഗങ്ങളുടെ കടിയേൽക്കുമ്പോൾ ഉമിനീർവഴിയാണ് രോഗം പകരുന്നത്. നേരിട്ടുള്ള സമ്പർക്കംമൂലവും ശരീരത്തിലെ തൊലിയിലുണ്ടാകുന്ന മുറിവുകളിലൂടെയും മറ്റും പകരുമെങ്കിലും നേരിട്ട് തൊലിയിലൂടെ പകരുകയില്ല. നേത്രദാനം, വൃക്കദാനം, കരൾദാനം മുതലായ അവയവദാനത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്. അപൂർവ്വ മായി ശ്വാസകോശത്തിലൂടെയും രോഗം പകരാറുണ്ട്.
ഇന്ത്യയിൽ രോഗം പകരുന്നതിന് 98 ശതമാനം കാരണവും രോഗബാധിതരായ നായകളിൽ നിന്നുള്ള കടിയേൽക്കുന്നതാണ്. ബാക്കിയുള്ളവ മറ്റു വളർത്തുമൃഗങ്ങളിൽ നിന്നും വന്യജീവികളിൽ നിന്നുമാണ്. അസുഖം ബാധിച്ച മൃഗങ്ങളിൽ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതിന് മൂന്ന്, നാല് ദിവസങ്ങൾ മുമ്പുമുതൽ തന്നെ ശരീര സ്രവങ്ങളിലൂടെ വൈറസുകൾ വിസർജ്ജിച്ചു തുടങ്ങും. വൈറസുകൾ ഏറ്റവും അധികം സാന്ദ്രതയിൽ കാണുന്നത് ഉമിനീരിലും കണ്ണുനീരിലുമാണ്. രോഗലക്ഷണങ്ങൾ മൂർച്ഛിക്കുന്ന മുറയ്ക്ക് അവ പാലിലും മൂത്രത്തിലും മലത്തിലും കാണപ്പെടുന്നു.
വൈറസുകൾ ശരീരത്തിൽ
റാബീസ് വൈറസുകൾ ശരീരത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന പ്രവർ ത്തനങ്ങൾ അറിഞ്ഞിരിക്കുന്നത് രോഗ നിയന്ത്രണത്തിന് അത്യന്താപേ ക്ഷിതമാണ്. ഇതുവഴി അനാവശ്യ സംശയങ്ങളും ഭയവും ഒഴിവാക്കാം.
സാധാരണയായി പേവിഷബാധയ്ക്ക് കാരണമായ റാബീസ് വൈറസുകൾ ശരീരത്തിൽ പ്രവേശിക്കുന്നത് രോഗബാധിതരായ മൃഗങ്ങളിൽ നിന്നുള്ള കടിയേറ്റാണ്. ഇതിൽ 98% ശതമാനം കാരണവും നായയിൽ നിന്നുള്ള കടിയാണ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ? കടിയേറ്റ ഭാഗത്ത് പ്രവേശിക്കുന്ന വൈറസുകൾ ശരീരത്തിലെ മുറിവിന്റെ ഭാഗത്തുള്ള നാഡീവ്യൂഹത്തിന് പുറത്തുള്ള കല (Tissues) കളിൽ പെരുകി എണ്ണം വർദ്ധിക്കുന്നു. ഈ വർദ്ധന പക്ഷെ സാധാരണയായി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറ്റു രോഗങ്ങളിലേതുപോലെ ഊർജ്ജസ്വലമാക്കുന്നില്ല. ശരീരത്തിൽ നിലവിലുള്ള പ്രതിരോധ സംവിധാനം ആവശ്യമായ രീതിയിൽ ഉണ്ടെങ്കിൽ വൈറസുകളെ നിർവ്വീര്യമാക്കാൻ സാധിക്കുകയും ചെയ്യും. ഈ പ്രക്രിയയാണ് പ്രതിരോധകുത്തിവയ്ക്കു വഴി സംജാതമാകുന്നത്. കടിയേറ്റ ഭാഗത്ത് പെരുകിയ വൈറസുകൾ ദിവസങ്ങൾക്കോ മാസങ്ങൾക്കോ ശേഷം പെരിഫറൽ (peripheral) നാഡീവ്യൂഹത്തിൽ പ്രവേശിക്കുകയും സുഷുമ്‌ന (Spinal code) വഴി കേന്ദ്രനാഡീ വ്യൂഹത്തിലെത്തുകയും ചെയ്യുന്നു. തലച്ചോറിലെ നാഡീകോശങ്ങളിലെ അവയുടെ പ്രവർത്തനഫലമായി രോഗബാധിതരായ മൃഗങ്ങൾ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയും വിവിധ തരം ശരീര സ്രവങ്ങളിലൂ ടെ വൈറസുകൾ വിസർജിക്കപ്പെടുകയും ചെയ്യുന്നു.
രോഗനിർണയം
പെട്ടെന്ന് രോഗനിർണയം നടത്തേണ്ടത് രോഗനിയന്ത്രണത്തിനും ചികിത്സക്കും അത്യാവശ്യമാണ്. രോഗനിർണയത്തിന് രോഗലക്ഷണങ്ങളും സാഹചര്യങ്ങളിൽ നിന്നുള്ള അറിവും പ്രധാനമാണ്. രോഗനിർണയത്തിന് ലക്ഷണങ്ങൾക്ക് പുറമെ ലാബറട്ടറി പരിശോധനകളും പോസ്റ്റ്‌മോർട്ടം പരിശോധനയും മറ്റു ചില ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുന്ന കിറ്റുകളും ലഭ്യമാണ്.
FAT(Flourascent Antibody Test): ലാബറട്ടറി പരിശോധനയിൽ ഏറ്റവും കൃത്യതയുള്ള ഒന്നാണിത്. രോഗമുണ്ടെന്ന് സംശയിക്കുന്ന മൃഗങ്ങളുടെ കണ്ണിലെ കോർണിയ പടലം, ഉമിനീർ മുതലായവയിൽ നിന്നെടുക്കുന്ന പരിശോധന സാമ്പിളുകൾ പ്രത്യേകം സജ്ജീകരണങ്ങളുള്ള മൈക്രോസ്‌കോപ്പുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
Post Mortem Examination: രോഗം വന്ന് ചത്ത മൃഗങ്ങളുടെ തലച്ചോറിലെ ഹിപ്പോകാമ്പസ് എന്ന ഭാഗത്തുനിന്നും എടുക്കുന്ന സാമ്പിളുകളിൽ സൂക്ഷ്മപരിശോധനയിൽ നിഗ്രിബോഡി (Negribody)യുടെ സാന്നിദ്ധ്യം റാബിസ് വൈറസുകൾ ഉണ്ടെന്ന് ഉറപ്പാക്കുന്നു. അപൂർവ്വം അവസരങ്ങളിൽ ഇവയുടെ അസാന്നിദ്ധ്യം മാത്രം രോഗമില്ല എന്ന അനുമാനത്തിലെത്താൻ സാധിക്കാതെ വരുമെന്നതിനാൽ മൊത്തത്തിലുള്ള പോസ്റ്റ്‌മോർട്ടം അത്യാവശ്യമാണ്.
Rapid Rabies Antigen Tests: വളരെ പെട്ടെന്ന് രോഗനിർണയം നടത്താൻ കമ്പോളത്തിൽ ലഭ്യമായ കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനയാണിത്. ഇത് മറ്റു രോഗ നിർണയമാർഗ്ഗങ്ങളുടെ കൂടെ ചെയ്യാവുന്ന ഒരു രീതി മാത്രമാണ്.
RT-PCR (Real Time Polymerized Chain Reaction): വൈറസുകളിലെ ന്യൂ ക്ലിക് ആസിഡ് ഉമിനീരിലെ ആന്റിജൻ, ബയോപ്‌സി സാമ്പിളുകൾ മുതലായവ ഉപയോഗിച്ച് രോഗനിർണയം നടത്താം.
സീറോളജിക്കൽ പരിശോധനകൾ വേറെയും നടത്തുക വഴി രോഗനിർണയം സാധ്യമാണ്. (Indirect Immunofluorescence ELISA) ഇത്തരം ടെസ്റ്റുകൾ നടത്തുന്നതിന് റഫറൽ ലബോറട്ടറികളിൽ മാത്രമാണ് സൗകര്യങ്ങൾ ഉള്ളത്. കേരളത്തിൽ മണ്ണുത്തിയും പൂക്കോടും ഉള്ള വെറ്ററിനറി കോളേജുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ തെരഞ്ഞെടുത്ത ലാബുകളിലും രോഗനിർണ്ണയ സൗകര്യങ്ങളുണ്ട്.
രോഗനിയന്ത്രണം
ഏകദേശം 150ൽ പരം രോഗങ്ങളാണ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നത്. നായകളിൽ നിന്നും പകരുന്ന രോഗങ്ങൾ പ്രധാനമായി വൈറസ് രോഗങ്ങൾ (മൂന്നെണ്ണം), ബാക്ടീരിയാ രോഗങ്ങൾ (12 എണ്ണം), റിക്കറ്റ്‌സിയ (നാലെണ്ണം), ഫംഗസ് (നാലെണ്ണം) പരാദരോഗങ്ങൾ (31 എണ്ണം) എന്നിവയാണ്. ഈ ഗണത്തിൽ ഏറ്റവും പ്രധാനവും മാരകവുമായ രോഗങ്ങളിലൊന്നാണ് പേവിഷബാധ. ലോകത്തിലെ നൂറു രാജ്യങ്ങളിലെ മൂന്നു ബില്യൺ ജനങ്ങൾ പേവിഷബാധ ഭീഷണിയിലാണ്. രോഗകാരണമായ വൈറസുകൾ മാംസഭുക്കുകളായ വിവിധ മൃഗങ്ങളിലും രക്തം കുടിക്കുന്ന വവ്വാലുകളിലുമായി പ്രകൃതിയിൽ കാണുന്നു. ഇന്ത്യയിൽ വളരെക്കാലമായി പേവിഷനിർമ്മാർജ്ജനത്തിനായി വിവിധ പരിപാടികൾ നടത്തുന്നുണ്ടെങ്കിലും പേവിഷബാധയും തെരുവുനായ ശല്യവും തുടർന്നുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ പേവിഷബാധ വളരെ കൂടിയതോതിലാണെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലും തെരുവുനായ സംബന്ധിച്ച കേസുകൾ നിലനിൽക്കുന്നു എന്നു മാത്രമല്ല ചില സംസ്ഥാന നിയമസഭകൾ ബില്ലുകൾ അവതരിപ്പിച്ച് ഈ പ്രശ്‌നത്ത കൈകാര്യം ചെയ്യാൻ ആലോചിക്കുന്നതായും വാർത്തകൾ വരുന്നുണ്ട്. തെരുവുനായകൾ ഇല്ലാത്ത സംസ്ഥാനങ്ങളാണ് മേഘാലയ, മണിപ്പൂർ, നാഗാലാന്റ് എന്നിവ. മറ്റു സംസ്ഥാനങ്ങളിൽ തെരുവുനായകളുടെ എണ്ണം വളരെ കൂടുതലാണ് എന്നത് വസ്തുതയാണ്. ദ്വീപുകളായ ആന്തമാൻ നികോബാർ, ലക്ഷദ്വീപ് എന്നിവ പേവിഷബാധയില്ലാത്ത സ്ഥലങ്ങളാണ്. ശാസ്ത്രത്തിന്റെ മഹത്തായ സംഭാവനകളിലൊന്നായ പേവിഷബാധയ്ക്കക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 1895ൽ മഹാനായ ലൂയി പാസ്റ്റർ വിജയകരമായി നടപ്പിലാക്കിയതു മുതൽ ഏറ്റവും ലളിതമായ കുത്തിവയ്പ്പു രീതിയായി ഇന്ന് നിലവിലുള്ള IDARV (Itnra Dermal Anti Rabbies Vaccine) വരെ ഉപയോഗപ്പെടുത്തിയാൽ നൂറു ശതമാനം രോഗനിയന്ത്രണം സാധ്യമാണെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഇത്തരം മരുന്നുകളുടെ ദൗർബല്യവും മരുന്നുകൾ ഫലപ്രദമായി ഉപയോഗിക്കാനാകാത്ത സാഹചര്യങ്ങളുമാണ് ഇന്ന് നാം നേരിടുന്ന വെല്ലുവിളി.
പേവിഷബാധ നിയന്ത്രണത്തിനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ പ്രധാനമായും മനുഷ്യരിലും മൃഗങ്ങളിലും കേന്ദ്രീകരിച്ചാണ് നടത്തേണ്ടത്. കടിയേറ്റാൽ പ്രഥമശുശ്രൂഷയും പ്രതിരോധ കുത്തിവയ്പ്പുകളുമാണ് പ്രധാനം. നായകളിലും പൂച്ചകളിലും പ്രതിരോധകുത്തിവയ്ക്ക് നിർബന്ധമാക്കി അവയുടെ ശരീരത്തിൽ നിന്നും വൈറസുകളെ ഒഴിവാക്കാനും അതുവഴി മനുഷ്യരിലേക്ക് പകരാതിരിക്കുവാനും ശ്രദ്ധിക്കണം. സാഹചര്യങ്ങളുടെ ആവശ്യകത അനുസരിച്ച് മറ്റു വളർത്തുമൃഗങ്ങളിലും പ്രതിരോധ കുത്തിവയ്പ്പ് നടത്താവുന്നതാണ്. ഈ പ്രവർത്തനങ്ങൾക്കൊപ്പം ഏറ്റവും പ്രധാനമാണ് തെരുവുനായ നിയന്ത്രണം. ഇന്ത്യയിൽ കാണുന്ന റാബീസ് വൈറസായ Canine rabies virus പ്രകൃതിയിൽ നിലനിർത്തുന്നത് നായകളാണ് എന്നതിനാൽ തന്നെ പേവിഷനിർമാർജ്ജനത്തിന് തെരുവുനായ നിയന്ത്രണം അത്യാവശ്യമായി നടപ്പാക്കേണ്ടതാണ്. വന്യ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുകയും പരമാവധി സന്ദർഭങ്ങളിൽ അവയെ പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കുകയും വേണം. രോഗമുള്ള മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം വരുന്ന വെറ്ററിനറി ഡോക്ടർമാർ, അനുബന്ധ ജീവനക്കാർ, മൃഗശാലജീവനക്കാർ, വനംവകുപ്പ് ജീവനക്കാർ മുതലായവർക്ക് പ്രത്യേക പരിഗണന നൽകുകയും പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ച് മാത്രമേ സംശയമുള്ള മൃഗങ്ങളെ കൈകാര്യം ചെയ്യാൻ പാടുള്ളു എന്ന് നിഷ്‌കർഷിക്കുകയും വേണം. കടിയേറ്റ മൃഗങ്ങളെയും മനുഷ്യരെയും വിദഗ്ധചികിത്സക്കു വിധേയരാക്കുകയും അറിയാതെ രോഗിയായ മൃഗങ്ങളെ പരിപാലിക്കുകയോ പരിശോധിക്കുകയോ ചെയ്തവർ പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കയും വേണം. സംശയമുള്ള മൃഗങ്ങളെ ചുരുങ്ങിയത് പത്തുദിവസമെങ്കിലും നിരീക്ഷണത്തിന് വിധേയമാക്കണം. സാഹചര്യതെളിവുകളും, പേവിഷ ബാധയേൽക്കാനുള്ള പ്രസ്തുത സ്ഥലത്തിന്റെ സാധ്യതകളും കടിച്ച മൃഗത്തിനെപ്പറ്റിയുള്ള വിവരണങ്ങളും ശരീരത്തിന്റെ അവസ്ഥ, പേവിഷ ബാധക്കുള്ള സാധ്യത മുതലായ വിവിധ കാര്യങ്ങൾ മനസ്സിലാക്കുകയും രോഗലക്ഷണങ്ങൾ കാണിക്കുന്ന മൃഗങ്ങളെ മരണശേഷം പോസ്റ്റ്‌മോർട്ടം നടത്തിയും രോഗവിവരം സ്ഥിരീകരിക്കുകയും വേണ്ട രീതിയിൽ പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കുകയും വേണം. കടിയേറ്റ ശേഷമുള്ള ചികിത്സയേക്കാൾ പ്രധാനമാണ് രോഗം വരാതിരിക്കുവാനുള്ള കുത്തി വയ്പ്പുകൾ എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതുകൊണ്ട് പ്രതിരോ ധമാർഗ്ഗങ്ങൾ മൃഗങ്ങളിലും മനുഷ്യരിലും ഏറെ പ്രധാനപ്പെട്ടതാണ്.
പ്രതിരോധമാർഗ്ഗങ്ങൾ മൃഗങ്ങളിൽ
പേവിഷബാധക്ക് 98 ശതമാനം കാരണക്കാർ നായകളായതിനാൽ അവയെ പ്രതിരോധകുത്തിവയ്പിന് വിധേയമാക്കുകയാണ് ഏറ്റവും പ്ര ധാനപ്പെട്ട നിയന്ത്രണമാർഗ്ഗം. ഉടമസ്ഥരുള്ള നായകളെ നിർബന്ധമായും കുത്തിവയ്പിന് വിധേയമാക്കി ലൈസൻസ് നൽകാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് കടമയും നിയമാനുസൃതമായ അധികാരവും ഉണ്ട്. അതുപോലെയുള്ള മറ്റൊരുതരം നായകളാണ് ഉടമസ്ഥരുണ്ടെങ്കിലും അയൽപക്ക വീടുകളിലെ പൊതു ഉടമസ്ഥത അവകാശപ്പെടുന്ന ഫാമിലി ഡോഗ് എന്ന വിഭാഗം. ഇവയെയും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കണം. പൊതുസ്ഥാപനങ്ങളിലും വെളിപ്രദേശങ്ങളിലും സ്ഥിരമായി കാണുന്ന, ഉടമസ്ഥാവകാശം ആർക്കുമില്ലാത്ത communtiy dogs എന്ന വിഭാഗവും മനുഷ്യരുമായി യാതൊരു തരത്തിലും ബന്ധം ഇല്ലാത്തതും അത്തരം ബന്ധങ്ങൾ ഇഷ്ടപ്പെടാത്തതുമായ Stray dogs അഥവാ തെരുവുനായകളും പ്രതിരോധ നടപടികളിൽ ഒന്നിനും വിധേയരാകാത്തവയാണ്. ഇവയുടെ പ്രജനനം തടയുക വഴി എണ്ണം കുറക്കുന്നതിലാണ് രോഗനിയന്ത്രണ സാധ്യതയുള്ളത്. പ്രതിരോധ കുത്തിവയ്ക്കുകൾ ക്കൊപ്പം ജനനനിയന്ത്രണവും പ്രധാനമാണ്.
പ്രതിരോധ കുത്തിവെപ്പ് (Vaccination) ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആരോഗ്യമുള്ള കുഞ്ഞുങ്ങളിലെ പ്രതിരോധകുത്തിവയ്ക്ക് ഫലപ്രദമാവുകയുള്ളു എന്നതിനാൽ വിരമരുന്ന് നൽകി ഒരാഴ്ചക്ക് ശേഷമേ വാക്‌സിനേഷൻ നൽകാവൂ. വാക്‌സിനുകൾ ശാസ്ത്രീയമായി നിർമ്മിക്കുക യും സൂക്ഷിക്കുകയും ചെയ്യുകയും അവ കൈകാര്യം ചെയ്യുന്നവരുടെ യോഗ്യത പരിശോധിച്ച് ഉറപ്പാക്കുകയും വേണം. ശാസ്ത്രീയമായി മാത്രം കുത്തിവയ്പിന് വിധേയമാക്കുക എന്നത് മരുന്ന് തെരഞ്ഞെടുക്കുന്നതു പോലെതന്നെ പ്രധാനമാണ്. ഇന്ത്യയിൽ വിവിധതരം മരുന്നുകൾ ലഭ്യമാ ണെങ്കിലും ഏറ്റവും കുറഞ്ഞത് 2.5 IU (International Unit) ശക്തിയുള്ള വാക്‌സിനുകളാണ് നിഷ്‌കർഷിച്ചിട്ടുള്ളത്.
സാധാരണ രീതിയിൽ പ്രതി രോധകുത്തിവയ്പിന് വിധേയമാക്കിയിട്ടുള്ള നായകളുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാലിലൂടെ പ്രതിരോധ ശേഷി ലഭിക്കുന്നതാണ്. ഇത് 2 മാസം വരെ മാത്രമേ കുഞ്ഞുങ്ങളുടെ ശരീരത്തിൽ നിലനിൽക്കുകയുള്ളു എന്നതുകൊണ്ട് ആദ്യത്തെ ആന്റി റാബീസ് വാക്‌സിനേഷൻ 6 മുതൽ 8 ആഴ്ചപ്രായത്തിൽ നൽകുന്നതാണ് ഫലപ്രദമായ മാർഗ്ഗം. ഇത്തരത്തിൽ ശരീരത്തിൽ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാവുകയും നാലാഴ്ചകൾക്ക് ശേഷം നൽകുന്ന ബൂസ്റ്റർ ഡോസുവഴി ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണരൂപത്തിലായി മുഴുവൻ സംരക്ഷണവും നൽകുന്നു. ഇതാണ് പ്രതിരോധ കുത്തിവയ്പിന്റെ കാതലായ വശം. കടിയേറ്റതിനുശേഷമുള്ള സിറം കുത്തിവയ്പുകൾ മൃഗങ്ങളിൽ പ്രായോഗികമല്ലാത്തതിനാൽ പ്രതിരോധകുത്തിവയ്പ്പുകൾ നിർബന്ധമാക്കുക യാണ് രോഗനിയന്ത്രണത്തിന് ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാർഗ്ഗം. തുടർന്ന് എല്ലാവർഷവും പേവിഷബാധക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ നിർബന്ധമായും നൽകുകയും വേണം.
പ്രതിരോധമാർഗ്ഗങ്ങൾ മനുഷ്യരിൽ
പേവിഷബാധക്ക് ചികിത്സയല്ല പ്രതിരോധമാർഗ്ഗങ്ങളാണ് ഫലപ്രദം. രോഗം പകരുന്നത് അസുഖം ബാധിച്ച മൃഗങ്ങളിൽനിന്നുള്ള കടിയേറ്റിട്ടോ ശരീരസ്രവങ്ങൾ വഴിയോ മാത്രമാണ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അസുഖം പകർന്ന റിപ്പോർട്ടുകൾ ഇല്ല എന്നു മാത്രമല്ല അതിനുള്ള അവസരങ്ങൾ ഒരിക്കലും ഉണ്ടാക്കിയിട്ടില്ല എന്നുതന്നെ പറയാം. സംശ യാസ്പദമായ സാഹചര്യത്തിലുള്ള മൃഗങ്ങളുമായും വന്യജീവികളുമായും ബന്ധപ്പെടാതിരിക്കുക. നിരന്തരം മൃഗങ്ങളുമായി ബന്ധപ്പെടുന്നവർ പ്രതിരോധമാർഗ്ഗമായ വാക്‌സിനേഷൻ കൃത്യമായി പൂർത്തിയാക്കേണ്ടതാണ്. അഥവാ, കടിയേറ്റാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം ചികിത്സ നടത്തേണ്ടതാണ്. സാധാരണഗതിയിൽ മുറിവിന്റെ സ്ഥാനം, ആഴം, കടിയേൽക്കാനുണ്ടായ സാഹചര്യം മുതലായവ കണക്കിലെടുത്ത് ലഭ്യമായ വാക്‌സിനുകൾ നൽകും. ശരീരത്തിലെ മാംസപേശികളിൽ നൽകുന്ന (intramascular) ചർമ്മത്തിന്റെ തൊട്ടുതാഴെ തൊലിക്ക് ഇടയിലൂടെയുള്ള (Intradermal) എന്നീ കുത്തിവയ്പ്പുകളാണ് നൽകുന്നത്.
പേവിഷബാധയുണ്ടെന്ന് ഉറപ്പായ നായകളിൽ നിന്നുള്ള കടിയാണ് ഏറ്റതെ ങ്കിൽ പേവിഷത്തിനെതിരായ ആന്റിബോഡികൾ അടങ്ങിയിട്ടുള്ള സിറം കുത്തിവയ്‌ക്കേണ്ടതാണ്. ഇത് അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സാ രീതിയാണ് Rabies Immunoglobin - RIG ഇത് രണ്ടു തരത്തിലുണ്ട്. Human Rabies Immunoglobin (HRIG)യും Equine Rabies Immunoglobin (ERIG) ചികിത്സക്രമങ്ങളുടെ വിശദാംശങ്ങൾ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് മാത്രം ചെയ്യേണ്ടതാണ്.
മൃഗങ്ങളുടെ കടിയേറ്റതിനുശേഷമുള്ള ചികിത്സ
കടിയേറ്റ മുറിവിനുചുറ്റും സോപ്പും വെള്ളവും ഉപയോഗിച്ച് 10-15 മിനിറ്റ് എങ്കിലും നല്ലവണ്ണം കഴുകണം. ഇതുമൂലം രോഗാണുക്കളെ പരമാവധി നശിപ്പിക്കാൻ സാധിക്കും. വളരെ നിസ്സാരമെന്നു തോന്നാമെങ്കിലും രോഗചികിത്സയുടെ പ്രധാനഘടകമാണ് ഈ പ്രവർത്തനം. അതിനുശേഷം ആന്റിസെപ്റ്റിക്കുകളായ അയോഡിനോ സ്പിരിറ്റോ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കണം. വൈറസുകളെ നശിപ്പിക്കുന്നതിൽ സോപ്പിനുള്ള പങ്ക് വളരെ വലുതാണ്. അതിനാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിന്റെ പ്രാധാന്യം ആന്റിസെപ്റ്റിക് ഉപയോഗിക്കുന്നതിന് പകരമല്ല എന്ന് ഓർക്കുക. ഇത്രയും ചെയ്തതിനുശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം വിദഗ്ദ്ധ ചികിത്സക്ക് വിധേയമാക്കണം. കടിയുടെയും മുറിവിന്റെയും സ്ഥാനവും ആഴവും കണക്കിലെടുത്ത് Class I, Class II, Class III എന്ന തരത്തിൽ തരം തിരിക്കാവുന്നതാണ്.
Class I: പേവിഷബാധയേറ്റ മൃഗത്തിന്റെ സാമീപ്യം, ഭക്ഷണം നൽകൽ മുതലായവയാണ്.
Class II: സംശയാസ്പദമായ സാഹചര്യത്തിൽ മൃഗങ്ങൾ മാന്തുക, നക്കുക തുടങ്ങിയവ.
ClassIII: കടിയേൽക്കുക, മാന്തുക തുടങ്ങിയവക്കു ശേഷം രക്തം വാർന്നൊലിക്കുന്ന മുറിവുകൾ.
റാബിസ് വൈറസുകളുടെ പ്രത്യേകത അവ രക്തത്തിലൂടെ ശരീരത്തിൽ വ്യാപിക്കുകയില്ലെന്നതാണ്. വൈറസുകളുടെ സഞ്ചാരം നാഡികളിലൂടെ മാത്രമാണ്. ഇതാണ് പ്രതിരോധകുത്തിവയ്പ്പുകൾ നൽകുന്നതിനുള്ള സൗകര്യവും സാവകാശവും.
രോഗലക്ഷണങ്ങൾ മനുഷ്യരിൽ
മനുഷ്യരിൽ പേവിഷബാധ ഉണ്ടായാൽ രോഗലക്ഷണങ്ങൾ രണ്ടുതരത്തിലാണ് പ്രകടിപ്പിക്കാറുള്ളത്. അപസ്മാര ലക്ഷണങ്ങളോടുകൂടി അക്രമാസക്ത സ്വഭാവമുള്ള Furious Type, താരതമ്യേന ശാന്തസ്വഭാവത്തോടുകൂടിയ, ബാഹ്യലക്ഷണമൊന്നും പ്രകടിപ്പിക്കാത്ത Dumb or Paralytic Type.
Furious Type: പനി, തലവേദന, കഠിനമായ ക്ഷീണം എന്നിവ ഉണ്ടാകും. സൂചികുത്തുന്നതുപോലെയുള്ള വേദനയോ മരവിപ്പോ അനുഭവപ്പെടും. പിന്നീട് ശരീരത്തിലെ പേശികൾ കോച്ചി വലിയുകയും വികൃതമായ ചേഷ്ടകൾ കാണിക്കുകയും വെള്ളം ഇറക്കുമ്പോഴും കാറ്റടിക്കുമ്പോഴും കഠിനമായ വെളിച്ചത്തിലേക്ക് നോക്കുമ്പോഴും ഈ ലക്ഷണങ്ങൾ കൂടുകയും ചെയ്യും. ഒടുവിൽ വെള്ളം കാണുമ്പോഴേക്കും രോഗിക്ക് ഭയവും വെപ്രാളവും ഉണ്ടാകും. (ഹൈഡ്രോഫോബിയ) തുടർന്ന് 34 ദിവസങ്ങൾക്കുള്ളിൽ തലച്ചോറിലെ ശ്വസനകേന്ദ്രമോ ഹൃദയകേന്ദ്രമോ സ്തംഭിച്ച് രോഗി മരണപ്പെടും.
Paralytict Type: ചില രോഗികൾ അപസ്മാര ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ പനിക്കും ക്ഷീണത്തിനും പുറമെ ശരീരമൊന്നായി തളരുകയും തുടർന്ന് ബോധക്ഷയമുണ്ടായി മരണപ്പെടുകയും ചെയ്യാം. മേൽവിവരിച്ച ലക്ഷണങ്ങൾ മനുഷ്യരിൽ ചികിത്സ നടത്തുന്ന ഡോക്ടറുടെ അഭിപ്രായങ്ങളിൽ നിന്നാണ്. രോഗലക്ഷണങ്ങളും രോഗം ബാധിക്കാനുണ്ടായ സാഹചര്യങ്ങളും നായയുടെ കടിയേൽക്കൽ പോലുള്ള രോഗിയുടെ അസുഖവുമായി ബന്ധപ്പെട്ട ചരിത്രവും ബന്ധപ്പെടുത്തിയാണ്. രോഗം ബാധിച്ച മനുഷ്യരുടെ ഉമിനീരിൽ നിന്നും പരിചാരകർക്ക് രോഗം പകരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ എടുക്കുന്നതിനാലാകാം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം ഇതുവരെ പകരാതിരിക്കുന്നത്.
രോഗലക്ഷണങ്ങൾ മൃഗങ്ങളിൽ
മൃഗങ്ങളിൽ പ്രധാനമായും രോഗലക്ഷണങ്ങൾ നേരത്തെ പറഞ്ഞ രണ്ടു വിധത്തിലാണ് ഉണ്ടാകാറ്. കടിയേറ്റ മൃഗങ്ങളെ കടിച്ച മൃഗങ്ങളെ നിരീക്ഷിച്ചാൽ ലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കാം. രോഗം ബാധിച്ച മൃഗമാണെങ്കിൽ 10 ദിവസത്തിനുള്ളിൽ മരണപ്പെടും.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മൂന്ന് നാല് ദിവസം മുമ്പുതന്നെ രോഗാണുക്കൾ രോഗബാധയേറ്റ മൃഗങ്ങളുടെ ഉമിനീരിൽ ഉണ്ടാകും എന്നത് പ്രത്യേകം ശ്രദ്ധിക്കണം. രോഗം ബാധിച്ച നായകൾ അക്രമാസക്തരാവുകയും അലക്ഷ്യമായി ഓടുകയും കാണുന്ന ജീവികളെ മുഴുവൻ കടിക്കാൻ ശ്രമിക്കുകയും ചെയ്യും. കൂടുകളിലോ ചങ്ങലയിലോ ആണെങ്കിൽ കമ്പിയിൽ, ചങ്ങലയിൽ, കൂടിന്റെ ഭാഗങ്ങളിൽ കടിക്കുകയും ആക്രമണ വാസന കാണിക്കുകയും ചെയ്യും. ചെറിയ പ്രകോപനങ്ങൾക്കു പോലും വളരെ ശക്തമായ രീതിയിൽ പ്രതികരിക്കും. തുടർച്ചയായി വായിൽനിന്ന് ഉമിനീർ വാർന്നൊഴുകുകയും കീഴ്താടി താഴോട്ടുതൂങ്ങുകയും വായ അടക്കാൻ സാധിക്കാതെ വരികയും ചെയ്യും. വെള്ളത്തോടുള്ള ഭയം മൃഗങ്ങളിൽ കാണാറില്ല. ചെറിയ ശബ്ദം കേട്ടാലോ വെളിച്ചം കണ്ണിൽ തട്ടിയാലോ ഞെട്ടിത്തെറിക്കുന്ന അവസ്ഥയും ഉണ്ടാകുന്നു.
തളർച്ചയോടു കൂടിയ രോഗമാണെങ്കിൽ നായകൾ പൊതുവെ ശാന്തരും ഒന്നിനോടും പ്രത്യേക താൽപര്യം പ്രകടിപ്പിക്കാതെയും ഉള്ള ലക്ഷണങ്ങളാണ് കാണിക്കുക. ചില മൃഗങ്ങൾ ഉടമസ്ഥനോട് അതിരു വിട്ട സ്‌നേഹമോ ചിലപ്പോൾ ദേഷ്യത്തോടെയുള്ള ആക്രമണ സ്വഭാവമോ കാണിക്കാറുണ്ട്. തുടർച്ചയായി ഓടി നടന്ന് കടിക്കുന്ന നായകൾ പിന്നീട് തളർന്നുവീണ് മരിക്കും.
രോഗം ബാധിച്ച ആടുകളും പശുക്കളും ആക്രമണസ്വഭാവം കാണിക്കും. ഇടയ്ക്കിടക്ക് പ്രത്യേക രീതിയിൽ കരയുകയും അലക്ഷ്യമായി ചുറ്റും നോക്കി നടക്കുകയും അക്രമാസക്തരായി കൂടിന്റെ മതിലിലും മരത്തിലും തലകൊണ്ട് ഇടിക്കുകയും ചെയ്യും. ഇടയ്ക്കിടക്ക് മൂത്രമൊഴിക്കുക, ചാണകമിടുക, കൈകാലുകൾകൊണ്ട് നിലത്ത് മാന്തുക, മരത്തിലും കയറിലും കടിക്കുക, വായിൽ നിന്നും പതയോടു കൂടിയ ഉമിനീർ ഒഴുകുക, വയർ എക്കി വലിഞ്ഞുള്ള കരച്ചിൽ മുതലായവ ചില ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ 3 ദിവസത്തിനുള്ളിൽ മരണപ്പെടുകയാണ് സാധാരണ സംഭവിക്കാറുള്ളത്. ലക്ഷണങ്ങളിൽ നിന്നും പേവിഷബാധയാണെന്ന് സംശയമുണ്ടെങ്കിൽ പ്രസ്തുത മൃഗത്തിനെ കൂടുതൽ പ്രകോപിപ്പിക്കാതെയും പരിചരിക്കാതെയും മാറി നിൽക്കണം. അതുപോലെ അടുത്ത് ഇടപഴകാറുള്ളവർ പ്രതിരോധ കു ത്തിവയ്പ് എടുക്കുന്നതുമാണ് സുരക്ഷിതം.
(ഡോ. എം.കെ. നാരായണൻ എഴുതി പത്തായം ബുക്ക്സ് പ്രസിദ്ധീകരിച്ച "നായ മനുഷ്യരോടൊപ്പം സഞ്ചരിക്കുന്ന ജീവി' എന്ന പുസ്തകത്തിലെ അധ്യായം)