ഫോ​​ട്ടോ: മുഹമ്മദ്​ ഫാസിൽ

‘ലോകത്തിന്റെ ഫാർമസി’യിൽ
മരുന്ന്​ ​ഇനി ചൂഷണ വസ്​തു

മരുന്നുവിലയിലുണ്ടായ കുതിച്ചുകയറ്റത്തിന്റെ പാശ്​ചാത്തലത്തിൽ, ശരാശരി മലയാളി ഒരുവർഷം ഔഷധങ്ങൾക്ക് മാത്രമായി ചെലവാക്കുന്ന 3500 രൂപ എത്ര ഗുണിതങ്ങളായി മാറുമെന്നാണ് കേരളത്തിലെ ജനകീയ ആരോഗ്യ പ്രവർത്തകർ ഉൽക്കണ്ഠപ്പെടുന്നത്.

ഹോമോ സാപിയൻ എന്ന ദുർബലജീവി യുഗങ്ങളിലൂടെ നേരിട്ട വലിയ വെല്ലുവിളികളിലൊന്നായിരുന്നു അന്തമറ്റ വേദനകൾ. ശാരീരികവും മാനസികവുമായ വേദനകളുടെ ഒട്ടനവധി പിശാചുരൂപികൾ അവരെ നിരന്തരം പീഡിപ്പിച്ചുപോന്നു. ആ മുൾക്കിരീടങ്ങളിൽ നിന്ന് എങ്ങനെ സ്വയം മോചിപ്പിക്കാം എന്ന സമസ്യയെ അനുഭവം കൊണ്ടും തീക്ഷ്ണമായ ബുദ്ധി ഉപയോഗിച്ചുമാണ് അവർ നേരിട്ടത്. ഔഷധങ്ങൾ എന്ന മഹത്തായ കണ്ടുപിടുത്തത്തിലേക്കാണ് ഗാഢമായ അത്തരം അന്വേഷണങ്ങൾ, പതുക്കെ പതുക്കെ നയിച്ചത്. ശാരീരിക വേദനകളെ ഒരുവിധം പിടിച്ചുകെട്ടിയാലും മനസ്സിന്റെ അവ്യാഖേയമായ കടുത്ത നൊമ്പരങ്ങൾ, ഒട്ടും പിടികൊടുക്കാതെ അവരെ വിഭ്രമിപ്പിച്ചു. ആ സമീക്ഷകളാണ് ദൈവത്തിലേക്കും മതത്തിലേക്കും കലയിലേക്കും ആത്യന്തികമായി അവരെ നയിച്ചത്. ‘നരജീവിതമായ വേദന- യ്​ക്കൊരുമട്ടർഭകരൗഷധങ്ങൾ താൻ’
എന്ന് ആശാൻ കുറിച്ചിട്ടത് ഈ രഹസ്യ കോഡ് തിരിച്ചറിഞ്ഞതിന്റെ വിസ്മയത്തിലാണ്.

ഒന്നരലക്ഷത്തിലധികം വിലയുണ്ടായിരുന്ന അർബുദവിരുദ്ധ ഔഷധം, Nexavar എന്ന ഇന്ത്യൻ മരുന്നായി പുനർജന്മമെടുത്തപ്പോൾ വില 8000 രൂപയായി കുറഞ്ഞ, ഇന്ത്യൻ പേറ്റൻറ്​ നിയമത്തിന്റെ മാനുഷിക ഗാഥകൾ ഇനി മറന്നുപോവാനാണിട.

പ്രാചീന സംസ്‌കൃതികളിൽ, വൈജ്ഞാനികമായും സാംസ്‌കാരികമായും മുൻപന്തിയിൽ നിന്നിരുന്ന ജനപഥങ്ങളിലൊക്കെ ഇത്തരം അന്വേഷണങ്ങൾ വേരുപിടിച്ചു. ചൈനീസ്, അറേബ്യൻ, റോമൻ, മാസിഡോണിയൻ, ഈജിപ്ഷ്യൻ, പേർഷ്യൻ, ഇന്ത്യൻ തുടങ്ങി ഒട്ടനവധി മെഡിക്കൽ സ്‌ക്കൂളുകൾ അങ്ങനെയാണ് പിറവിയെടുത്തത്. അവർ കണ്ടെത്തിയ ഔഷധങ്ങളാവട്ടെ അപാരമായ വേദനകളുടെ സാഗരങ്ങളിൽ യാനപാത്രങ്ങളായി രൂപാന്തരം കൊണ്ട് അവരെ അമൃതത്വത്തിലേക്കുയർത്താൻ മോഹിച്ചു. വലിയ ഒരളവോളം, ആന്റിബയോട്ടിക്കുകൾ കണ്ടെത്തിയതിനുശേഷം പ്രത്യേകിച്ചും, അവർ അതിൽ വിജയിക്കുകയും ചെയ്തു. മനുഷ്യൻ ആധുനിക കാലത്ത് അമരത്വം സ്വപ്നം കാണാൻ തുടങ്ങിയത് നിശ്ചയമായും അതിനുശേഷമായിരിക്കണം.

Photo: Wikimedia Commons

ഔഷധങ്ങളുടെ കഥ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ മാർച്ച് 25-ന് ഈ തിരക്കഥയ്ക്ക് ഒരു ദുരന്തഭാഷ്യം നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി എഴുതിച്ചേർത്തു. ഇന്ത്യൻ ഫാർമക്കോപ്പിയയിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തപ്പെട്ട 886 അത്യാവശ്യ മരുന്നുകൾക്കും (NLEM - National list of essential medicines), നാലു മെഡിക്കൽ ഉപകരണങ്ങൾക്കും 1817 പുതിയ മരുന്നുകൾക്കും 2022 ഏപ്രിൽ മുതൽ ചരിത്രത്തിലാദ്യമായി പത്തുശതമാനത്തിലധികം ഒറ്റയടിക്ക് വിലവർധിക്കുകയാണ്.

കോവിഡ് പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് വന്നുകൊണ്ടിരുന്ന ഔഷധഘടകങ്ങളുടെ ലഭ്യതക്കുറവും, പാക്കിങ് സാധനങ്ങൾ, പ്ലാസ്റ്റിക് എന്നിവ എളുപ്പം കിട്ടാനില്ലാതായതും മരുന്നു വില വർധനവ് അനിവാര്യമാക്കി എന്നാണ് ഔഷധക്കമ്പനികളുടെ അവകാശവാദം.

2013-ലെ സെൻട്രൽ പ്രൈസ് കൺട്രോൾ ഓർഡറിന്റെ 16-ാം അനുച്ഛേദപ്രകാരം ഹോൾസെയിൽ പ്രൈസ് ഇൻഡെക്‌സി (WPI) നനുസരിച്ച് ഓരോ വർഷവും ഏപ്രിൽ ഒന്നിനുമുമ്പായി നാഷണൽ പ്രൈസിങ് അതോറിറ്റിക്ക് മരുന്നുകളുടെ വില പുനർനിശ്ചയിക്കാമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കടുത്ത വില വർധനവ് പ്രാബല്യത്തിൽ വരുന്നത്. പാരസെറ്റമോൾ, അസിത്രോമൈസിൻ-സിപ്രോ ഫ്ലോക്‌സാസിൻ തുടങ്ങിയ ആൻറിബയോട്ടിക്കുകൾ, പൂപ്പൽ രോഗ മരുന്നുകൾ, രക്താതിമർദ മരുന്നുകൾ, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട മരുന്നുകൾ, ഹൃദയരോഗ മരുന്നുകൾ, വിളർച്ചാവിരുദ്ധ മരുന്നുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങി വളരെ വ്യാപകമായും സാധാരണമായും ഉപയോഗിക്കപ്പെടുന്ന ഒട്ടനവധി മരുന്നുകൾ വിലവർധനവിനിരയാകുന്നുണ്ട്.
നോൺ ഷെഡ്യൂൾ മരുന്നുകൾക്കനുവദിക്കപ്പെട്ട 10% വിലക്കൂടുതലിൽ അധികം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഷെഡ്യൂൾഡ് മരുന്നുകൾക്ക് (10.7%) വില വർധിക്കുന്നത്.

2017-ൽ 1.97%, 2018-ൽ 3.4 % , 2019-ൽ 4.26 % , 2020-ൽ 0.53% എന്നിങ്ങനെ മാത്രമായിരുന്നു കഴിഞ്ഞ വർഷങ്ങളിലെ വില വർധന. വർഷംതോറുമുണ്ടായിരുന്ന ഏകദേശം 2.5% വർധനവിൽ നിന്നാണ് 2022-ൽ, 10.7 % ലേക്ക് മരുന്നുവിലയിൽ വമ്പിച്ച കുതിച്ചുചാട്ടം സംഭവിക്കുന്നത്.

ഫോ​​ട്ടോ: മുഹമ്മദ്​ ഫാസിൽ

കോവിഡ് പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് വന്നുകൊണ്ടിരുന്ന ഔഷധഘടക
(APl- Active Pharmaceutical ingredients) ങ്ങളുടെ ലഭ്യതക്കുറവും, പാക്കിങ് സാധനങ്ങൾ, പ്ലാസ്റ്റിക് എന്നിവ എളുപ്പം കിട്ടാനില്ലാതായതും മരുന്നു വില വർധനവ് അനിവാര്യമാക്കി എന്നാണ് ഔഷധക്കമ്പനികളുടെ അവകാശവാദം. കഴിഞ്ഞ നവംബറിൽ വളരെ സ്വാധീനശേഷിയുള്ള ആയിരത്തിലധികം കമ്പനികൾ ഷെഡ്യൂൾഡ് മരുന്നുകളുടെ വില 10 % - എങ്കിലും വർധിപ്പിക്കണമെന്നും ഷെഡ്യൂൾ - ഇതര (Non-schedule) മരുന്നുകൾക്ക് 20 % വില വർധിപ്പിക്കണമെന്നും ആവശ്യമുന്നയിച്ച് ഭരണവൃത്തങ്ങളിലെ ഉന്നതന്മാരുമായി ചർച്ച നടത്തിയത് നിശ്ചയമായും ഇതിനോട് ചേർത്തുവായിക്കപ്പെടണം.
പത്തുശതമാനത്തിലധികം വില കൂട്ടാൻ അനുമതി ലഭിച്ചുവെങ്കിലും മാർക്കറ്റിലെ മത്സരംമൂലം എല്ലാവരും അത്രത്തോളം വില കൂട്ടാനിടയില്ലെന്ന് ആശ്വാസം കൊള്ളുന്നവർക്ക് ഔഷധ നിർമാണ സമിതി ജനറൽ സെകട്ടറി ദാരാ ബി. പട്ടേലിന്റെ വാക്കുകൾ കൃത്യമായി മറുപടി പറയുന്നുണ്ട്: Nobody will leave an opportunity like this.

പ്രചാരത്തിലുള്ള ചില മരുന്നുകളുടെ വിലയും പുതുക്കിയ വിലയും

ഒന്നരലക്ഷത്തിലധികം വിലയുണ്ടായിരുന്ന അർബുദവിരുദ്ധ ഔഷധം, Nexavar എന്ന ഇന്ത്യൻ മരുന്നായി പുനർജന്മമെടുത്തപ്പോൾ വില 8000 രൂപയായി കുറഞ്ഞ, ഇന്ത്യൻ പേറ്റൻറ്​ നിയമത്തിന്റെ മഹത്തായ മാനുഷിക ഗാഥകൾ ഇനി പുറമ്പോക്കുകളിലെവിടെയങ്കിലും പൊടിപിടിച്ച് മറന്നുപോവാനാണിട. മൂന്നാം ലോകത്തിന്റെ മരുന്നു നിർമാണശാല എന്ന പദവിയിൽ നിന്ന് കഴിഞ്ഞ നവംബർ 18-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടതുപോലെ ലോകത്തിന്റെ മുഴുവൻ ഫാർമസിയാവാൻ നമുക്ക് കഴിയുമെന്ന സ്വപ്നം നിശ്ചയമായും അകന്നുപോവുക തന്നെയാണ്. ഈ പശ്ചാത്തലത്തിൽ, ശരാശരി മലയാളി ഒരുവർഷം ഔഷധങ്ങൾക്ക് മാത്രമായി ചെലവാക്കുന്ന 3500 രൂപ എത്ര ഗുണിതങ്ങളായി മാറുമെന്നാണ് കേരളത്തിലെ ജനകീയ ആരോഗ്യ പ്രവർത്തകർ ഉൽക്കണ്ഠപ്പെടുന്നത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. എം. മുരളീധരൻ

എഴുത്തുകാരൻ, ചെയർമാൻ- പൊതുജനാരോഗ്യ ബോധവത്കരണ സമിതി, ഐ.എം.എ കേരള.

Comments