ലോകപ്രസിദ്ധിയാർജ്ജിച്ചതാണ് കേരളത്തിലെ ആരോഗ്യമേഖലയിലെ സിദ്ധികൾ. ഇന്ത്യയിൽ ഏറ്റവും മെച്ചമായി ആരോഗ്യപരിപാലനം സാധിച്ചെടുക്കുന്ന ഇടം എന്ന് ഖ്യാതി. കോവിഡ് വ്യാപനത്തെ ചെറുത്തത് മറ്റ് സംസ്ഥനങ്ങൾക്ക് സാധിക്കാത്ത രീതിയിലാണ്. ഗവണ്മെൻ്റിന്റെ കാര്യകുശലതയും തീരുമാനങ്ങളെടുക്കുന്നതിലും നടപ്പാക്കുന്നതിലുമുള്ള നിപുണതയും തെളിയിച്ചെടുത്ത വേള. പാശ്ചാത്യരാജ്യങ്ങലെ കർമ്മകുശലതയ്ക്കൊപ്പം സമശീർഷരായി നിൽക്കാം എന്ന അഭിമാനപൂരിത അന്തരംഗം സൃഷിട്ക്കപ്പെട്ട സമയം.
ഈ വിജയങ്ങൾക്കു പിന്നിൽ ഉറപ്പുള്ളതും പ്രായോഗികക്ഷമതയുള്ളതുമായ ഒരു മൂലഭൂതവ്യവസ്ഥ (infrastructure) നേരത്തെ ആരോഗ്യരംഗത്ത് ഉറപ്പിച്ചെടുത്തിരുന്നു എന്ന ചരിത്രസത്യം ഓർമ്മിക്കേണ്ടതുമാണ്. ചരിത്രപശ്ചാത്തലം ആരോഗ്യമേഖലയിലെ പുരോഗതിയിൽ സംഗതമാണെന്നർത്ഥം.

ആധുനിക വൈദ്യശാസ്ത്രം പാശ്ചാത്യസംഭാവനയാണ്. യൂറോപ്പിലെ അന്വേഷണ / ഗവേഷണകുതുകികളുടെ ആവേശങ്ങളാണ് അതിനടിസ്ഥാനം. പാശ്ചാത്യ ചിന്താഗതികളിലാണ് അതിന്റെ ഘടനയും പ്രായോഗികതയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. മനോഭാവങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ഇന്ത്യയിൽ തനത് ചികിൽസാരീതികളെ വെല്ലുവിളിച്ചുതന്നെ ആധുനിക വൈദ്യശാസ്ത്രം മുന്നേറിയത് അതിന്റെ കൃത്യതയാർന്ന ഫലപ്രാപ്തികൾ പഴഞ്ചൻ മനസ്സുകളേയും ബോധവൽക്കരിച്ചതുകൊണ്ടാണ്. ഇതിന്റെ ഇന്നത്തെ പ്രത്യക്ഷോദാഹരണങ്ങളാണ് കെട്ടിലും മട്ടിലും പ്രായോഗികതാക്ഷമതയിലും പാശ്ചാത്യ രാജ്യങ്ങളിലെ ആശുപത്രികളോട് കിടപിടിയ്ക്കുന്ന കുറച്ചെങ്കിലും ആശുപത്രികൾ നമുക്കുണ്ട് എന്നത്. അവ എത്രമാത്രം പ്രാപ്യമാണെന്നത് സുപ്രധാനമാണെങ്കിലും.
ഒരു കാര്യം സമ്മതിച്ചേ തീരൂ: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരുന്നുവില വളരെ വളരെ തുച്ഛമാണ്. ഒരു ഇഡ്ഡലിക്ക് 12 രൂപ വിലയുള്ള കേരളത്തിൽ അഞ്ചു രൂപയ്ക്ക് അത്യാവശ്യമരുന്ന് കിട്ടും.
കുതിച്ചുപാഞ്ഞ ആരോഗ്യരംഗം കേരളത്തിനു കൈമുതലായിട്ടുണ്ടെങ്കിലും അതിലെ പാകപ്പിഴകളെപ്പറ്റി ധാരാളം ചർച്ചകളുണ്ടായിട്ടുണ്ട്. 2007-ൽ പ്രഗൽഭരായ ഡോക്ടർമാർ ഒന്നിച്ചുകൂടി തങ്ങളുടെ ആശങ്കൾ പങ്കുവെച്ചിട്ടുണ്ട്, നിർദ്ദേശങ്ങളോടൊപ്പം ‘Kerala- Fifty Years and Beyond’ എന്ന, ഡോ. സി. സി. കർത്ത എഡിറ്റ് ചെയ്ത പുസ്ത്കത്തിൽ. കേരളത്തിന്റെ സാമൂഹ്യ-ചരിത്ര പശ്ചാത്തലങ്ങളെപ്പറ്റി തികച്ചും ബോധമുള്ള ഈ ഡോക്ടർമാർ പാകപ്പിഴകൾ ചൂണ്ടിക്കാണിക്കാൻ അവകാശമുള്ളവരാണ്. പ്രശസ്ത ഭിഷഗ്വരൻ ഡോ. സി. ആർ. സോമന് ഉപഹാരം എന്ന നിലയ്ക്കാണ് പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഡോ. ബി. ഇക്ബാൽ, ഡോ. വി. രാമൻകുട്ടി, ഡോ. കെ. പി. അരവിന്ദൻ, ഡോ. കുരുവിള ജോൺ, ഡോ. പി. കെ. ആർ. വാര്യർ, ഡോ. സി. സി. കർത്ത, ഡോ. ഈശ്വർ കൃഷ്ണൻ എന്നിങ്ങനെ വൻനിര വിചക്ഷണർ കേരളത്തിലെ ആരോഗ്യമേഖലയിലെ പുരോഗതിയെ നിഷ്പക്ഷമായി വിചാരണ ചെയ്യുന്നുണ്ട്.
വൈദ്യശാസ്ത്ര വിദ്യാഭ്യാസരംഗത്ത് പണത്തിന്റെ സ്വാധീനത്താൽ അപചയം സംഭവിക്കുന്നത്, സ്വകാര്യ ആശുപത്രികളുടെ ദുഃസ്വാധീനങ്ങൾ (അവർ നല്ല ഡോക്ടർമാരെ പിടിയിലാക്കുന്നതിന്റെ സാമൂഹ്യ- സാമ്പത്തിക ചുറ്റുപാടുകൾ ഉദാഹരണം,), വിജയത്തിൽ നിന്ന് ദുർഘട ഘട്ടത്തിലേക്ക് നിപതിക്കുന്ന ആരോഗ്യരംഗം, പോളിസികളിലും സമീപനങ്ങളിലും അവശ്യം വരുത്തേണ്ട പുതുക്കലുകൾ, വികേന്ദ്രീകരണത്തിന്റെ നന്മതിന്മകൾ, സമതാനീതിയുടെ (equity) പ്രായോഗിക പ്രയോഗങ്ങൾ- ഇങ്ങനെ നീട്ടിയെറിയപ്പെട്ട പുരോഗമനാകാംക്ഷക്കല്ലുകളാണിവ. കുടുംബശ്രീ പ്രവർത്തനങ്ങൾ ശ്ളാഘിക്കപ്പെടുന്നുമുണ്ട്, ഈ പുസ്തകത്തിൽ.

18 വർഷം മുൻപ് എഴുതപ്പെട്ട ഈ ആശങ്കകളിലും പ്രതീക്ഷകളിലും പലതും ഇന്നും നിവൃത്തികേടിൽത്തന്നെയാണ്. MBBS പാസ്സായശേഷം multiple choice ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ പഠിയ്ക്കുകയാണ് (എം.ഡി അഡ്മിഷന്) കൊച്ചു ഡോക്ടർമാർ എന്ന് ഡോ. കുരുവിള ജോൺ സൂചിപ്പിച്ചത് ദയനീയ സത്യമായി ഇന്നും നിലകൊള്ളുന്നു. പഠിച്ചിറങ്ങുന്ന ഡോക്ടർമാരെ ചികിൽസാവ്യവസ്ഥയിലേക്ക് ഉൾക്കൊള്ളാനുള്ള പദ്ധതികളില്ലായ്മയെപ്പറ്റി അദ്ദേഹം വ്യാകുലനാകുന്നത് ഇന്നും സംഗതമാണ്. അമേരിക്കൻ വിദ്യാർത്ഥികളുമായി താരതമ്യം ചെയ്താൽ നമ്മുടെ വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ പരിചയം തീരെക്കുറവാണെന്ന് അദ്ദേഹം ആകുലപ്പെടുന്നുണ്ട്.
അസാംക്രമിക രോഗങ്ങൾ-
കേരളത്തിന്റെ പ്രത്യേകത
മൂന്നാം ലോകരാജ്യങ്ങൾ സാംക്രമികരോഗങ്ങളാൽ ഗ്രസിതമാണെങ്കിൽ കേരളത്തിലെ സ്ഥിതി വേറേയാണ്. മറ്റ് അസുഖങ്ങൾ- പലപ്പോഴും ജീവിതശൈലിയുടെ പ്രത്യേകതകളാൽ വരുന്നത്- ആക്രമണസ്വഭാവത്തോടെ അതിവ്യാപകമാകുന്നു. ഹൃദ്രോഗവും അതിരക്തസമ്മർദ്ദവും പ്രമേഹവുമൊക്കെ മലയാളിയോടൊപ്പം കൂടിയിട്ടുണ്ട്. ക്യാൻസർ ചെറുപ്പക്കാരിലും കൂടുതലായി കാണപ്പെടുന്നു, ഇത് ഒരു ആഗോളപ്രതിഭാസമായി നിരീക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും. വിട്ടുപോകാത്ത രോഗാവസ്ഥ (morbidity) വളരെ കൂടുതലാണ് കേരളത്തിൽ. പ്രമേഹത്തിന്റെ തലസ്ഥാനമാണത്രേ കേരളം. ഒപ്പം, ഹൃദ്രോഗികളുടേയും മസ്തിഷ്ക്കാഘാതം സംഭവിക്കുന്നവരുടെയും. മറ്റൊരു രാജ്യത്തിനും നേരിടേണ്ട രൂക്ഷപ്രതിസന്ധി അല്ല ഇത്.
തക്ക സമയത്ത് ആശുപത്രിയിൽ എത്താത്തത് മരണത്തിന്റെ തോത് കൂട്ടുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധമുള്ള സമൂഹമാണുള്ളത്. ഇത് വിദ്യാഭ്യാസനിലവാരവുമായി ബന്ധപ്പെട്ടും ഇരിക്കുന്നു.
ആരോഗ്യ ഇൻഷ്വറൻസ്-
ഇനിയും അകലെ
വികസിതരാജ്യങ്ങളിൽ സുരക്ഷയും ആശ്വാസവും പ്രദാനം ചെയ്യുന്ന ആരോഗ്യ ഇൻഷ്വറൻസ് കേരളത്തിൽ ഇനിയും പച്ചപിടിയ്ക്കാനുണ്ട് എന്നതിന്, വിധിയിൽ വിശ്വസിക്കുന്ന ഭാരതീയ മനോനില ഒരു കാരണമായേക്കാം. സങ്കീർണ്ണമായ സർജറികൾ വിശ്വാസയോഗ്യത നേടിയിരിക്കുന്നത് സ്വകാര്യമേഖലയിലെ ആശുപത്രികളാണ്. എന്നാൽ ഇതിനുള്ള ധനസ്ഥിതി ശരാശരി മലയാളിക്കില്ല. മറ്റ് സംസ്ഥാനങ്ങളേക്കാൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നുണ്ട് മലയാളികൾ. ഇന്ത്യയിൽ 40 ശതമാനത്തിൽ താഴെ മാത്രമേ ഇൻഷ്വറൻസിൽ താൽപ്പര്യം കാണിക്കുന്നവരുള്ളൂ എന്നു പറയുന്നു. പാശ്ചാത്യരാജ്യങ്ങളിൽ ജോലിയോടൊപ്പം മിക്കവാറും ആരോഗ്യ ഇൻഷ്വറൻസും എത്തുകയാണ്. ചികിൽസയ്ക്കോ ശസ്ത്രക്രിയക്കോ വേണ്ടി ചില്ലിക്കാശ് ചെലവഴിച്ച് തീരെ ദരിദ്രരായവരുടെ കഥ കേരളത്തിൻ്റേതാണ്, അന്യരാജ്യക്കാരുടേതല്ല.

12ാം പഞ്ചവൽസരപദ്ധതി ഇക്കാര്യത്തിൽ മുൻകൈയെടുത്തിട്ടുണ്ട് എങ്കിലും കേരളം ഇനിയും ഇക്കാര്യത്തിൽ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. പിന്നാക്കക്കാരുടേയോ ദരിദ്രരുടെയോ അടുക്കൽ ഈ ആശയങ്ങൾ എത്തിയിട്ടുമില്ല. കേരള ഗവൺമെന്റിന്റെ Comprehensive Health Insurance Agency, Kerala (CHIAK) ഇക്കാര്യത്തിൽ പുരോഗതിയുണ്ടാക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. 41 ലക്ഷം കുടുംബങ്ങൾ ഇതിൽ പങ്കുചേർന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. അക്ഷയകേന്ദ്രങ്ങൾ വഴി പൊതുസമൂഹത്തിൽ ഇത് എത്തപ്പെടുകയും ചെയ്യുന്നു. ‘കാരുണ്യ’ സുരക്ഷാപദ്ധതിയും അനുബന്ധ സർക്കാർ പദ്ധതികളും സുരക്ഷയുമായി എത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്. എങ്കിലും പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ പൂർണ്ണമായും വിശ്വസിക്കാവുന്ന സ്വകാര്യ ഇൻഷ്വറൻസ് ഏജൻസികൾ നമുക്ക് കുറവാണ് എന്ന സത്യം ഭീതിദമാണ്.
ചാതുർവർണ്യത്തിന്റെ തിരുശേഷിപ്പുകൾ
ഇന്ത്യയ്ക്ക് പൊതുവേ ഒരു സർവ്വസാധാരണ പദ്ധതി ആവിഷ്ക്കരിക്കുന്നതിൽ പ്രതിബന്ധമാകുന്നത് ശ്രേണീബദ്ധമായ സമൂഹവും താഴെത്തട്ടിലുള്ളവരോടുള്ള അവഗണനയും പുച്ഛവുമാണ്. പല സൗകര്യങ്ങളും അവരിലേക്ക് എത്താറില്ല. കൂടാതെ നാഗരിക- ഗ്രാമാന്തരീക്ഷ വ്യത്യാസങ്ങളുമുണ്ട്. പരിചരണങ്ങളിലെ വ്യത്യാസം ക്രൂരതയോളം എത്താറുമുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ വാതാവരണമാണിത് സൃഷ്ടിക്കുന്നത്. കേരളത്തിൽ തെക്ക്- വടക്ക് വ്യത്യാസങ്ങളുമുണ്ട്. മലബാർ പ്രദേശത്തെ ആരോഗ്യപരിചരണ വ്യവസ്ഥകളല്ല തിരുവനന്തപുരത്തേത്.
‘ആർദ്രം മിഷൻ’ പ്രഖ്യാപിക്കുന്നത് ഇതാണ്: ‘ആരോഗ്യ മേഖലയിൽ അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വനപരിചരണം എന്നിവ അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുക, പകർച്ചവ്യാധി രോഗനിയന്ത്രണ- നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുക, മാതൃ- ശിശു സേവനങ്ങളുടെ ശാക്തീകരണം’.
ബൈസ്റ്റാൻ്റർ എന്ന അന്യഗ്രഹജീവി
വലിയ ആൾക്കൂട്ടത്തെ നേരിടേണ്ടിവരുന്ന ഇടങ്ങളാണ് പൊതുവേ ഇന്ത്യൻ ആശുപത്രികൾ. കേരളത്തിൽത്തന്നെ ഒരു ആശുപത്രിക്കിടക്കയിൽ രണ്ട് രോഗികളെ കിടത്തേണ്ടിവരുന്ന സന്നിഗ്ദ്ധാവസ്ഥ നിരീക്ഷിക്കപ്പെടുന്നുണ്ട്. രോഗിക്ക് ഉചിത സൗകര്യമുറപ്പാക്കാൻ ആശുപത്രി സംവിധാനങ്ങൾക്ക് പരിമിതികളുണ്ട്; പ്രായോഗികമായും സാമ്പത്തികമായും. ഈ ദുർഘട സന്നിഗ്ദ്ധാവസ്ഥ സൃഷ്ടിച്ച ജീവിയാണ് ‘ബൈസ്റ്റാൻ്റർ’ അല്ലെങ്കിൽ കൂട്ടിരിപ്പുകാരൻ / കാരി. മറ്റ് രാജ്യങ്ങളിൽ കേട്ടുകേൾവിയില്ലാത്ത സ്വരൂപമാണിത്. ബൈസ്റ്റാൻ്റർ ചെയ്യുന്ന ജോലി ആശുപത്രിയുടെ ഉത്തരവാദിത്തമാണ് എന്നതാണ് അവിടത്തെ പൊതുരീതി. ഇന്ന് ബൈസ്റ്റാന്റർമാർ അവശ്യഘടകമായി മാറിക്കഴിഞ്ഞു. കേരളത്തിൽ പ്രത്യേകിച്ച്, ഇവരുടെ ആവശ്യങ്ങളെക്കുറിച്ച് രോദനങ്ങൾ ഉയരുന്നുമുണ്ട്.

ചില ആശുപത്രികളിൽ രോഗിയുടെ കട്ടിലിനു കീഴെ കിടന്നുറങ്ങേണ്ടി വരുന്നുണ്ട് ഇവർക്ക്. പരിശീലനം ലഭിച്ച ഇക്കൂട്ടരെ വാടകയ്ക്ക് എടുക്കാം എന്ന പരസ്യങ്ങൾ വന്നു കഴിഞ്ഞു. ഇവരുടെ യൂണിയൻ രൂപീകൃതമായാൽ അദ്ഭുതപ്പെടാനില്ല. ഡോക്ടർമാരുൾപ്പടെ ആശുപത്രിജോലിക്കാർ ഇവരാൽ ആക്രമിക്കപ്പെടുന്ന കഥകളുമുണ്ട്. രോഗിയോടൊപ്പം ബന്ധുക്കാർ എന്ന വൈകാരികപശ്ചാത്തലവും ഇത് സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഇത് ജീവനക്ഷമമോ അർത്ഥക്ഷമമോ ആയ ഉപായമോ ഉത്തരമോ അല്ല. വിപുലമായ പ്ലാനിങ്ങും സാമ്പത്തികസ്രോതസ് കണ്ടുപിടിക്കലുമൊക്കെ ഈ നിഷ്ക്കാമകർമ്മികൾക്ക് മോക്ഷം നേടാൻ പര്യാപ്തമായേക്കും. ആശുപത്രികൾ വലുതാകേണ്ടിയിരിക്കുന്നു, ഉചിത ജോലിയില്ലാത്ത വൻപറ്റം ഡോക്റ്റർമാർ പുറത്തുണ്ട്, പരിശീലനം നേടിയ രോഗസേവകരും ടെക്നീഷ്യന്മാരുമുണ്ട്, ഇവരെ ഉൾപ്പെടുത്തി ബൃഹത്തായ പദ്ധതിരൂപീകരണത്തിന് സമയം കഴിഞ്ഞു എന്ന സൂചനയാണ് ബൈസ്റ്റാന്റർമാർ സമ്മാനിക്കുന്നത്.
▮
Reference
1. Sankar D. H., Surendran A. T., Gaitonde R. and Nambiar D. Health in Kerala: exploring achievements and remaining challenges of health systems reform using equity lens. Int. J. Equity in Health. 24: 89, 2025.
2.Muraleedharan M. and Chandak A. O. Emerging challenges in the health systems of Kerala , India: qualitative analysis of literature reviews. J Health Res. 36:242-254, 2022
3. Kartha C. C. (Ed) Kerala: Fifty years and Beyond. Gautha Books Thiruvananthapuram pp 544, 2007.
