കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ നമ്മുടെ സമൂഹത്തിലുണ്ടായ, ക്രമേണയുണ്ടായ ഒരു മാറ്റത്തിന്റെ പ്രതിഫലനമാണ്, പുതിയ തലമുറയിൽ വർധിച്ചുവരുന്ന അക്രമാസക്തി. 2000-നുശേഷമുള്ള തലമുറ ഡിജിറ്റൽ ലോകത്തേക്ക് ജനിച്ചുവീണവരാണ്. ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത ജീവിതം അവർക്ക് പരിചയമില്ല. ഇത്, മുൻ തലമുറകളിൽനിന്ന് ചില വ്യത്യാസങ്ങൾ ഈ തലമുറയിലുണ്ടാക്കുന്നുണ്ട്.
മുൻ തലമുറയിലെ മനുഷ്യർക്ക് ഒരാഗ്രഹം തോന്നുകയും അത് നടപ്പിലാകുന്നതിനുമിടയിൽ ഒരു ഇടവേളയുണ്ടായിരുന്നു. ഈ ഇടവേളയ്ക്ക് രണ്ട് outcome സാധ്യമാണ്. ഒന്നുകിൽ ആഗ്രഹം നടക്കാം, അല്ലെങ്കിൽ നടക്കാതിരിക്കാം. ഈ രണ്ട് സാധ്യതകളുമായി പൊരുത്തപ്പെടാൻ തലച്ചോറിന് സമയം കിട്ടിയിരുന്നു. പരാജയപ്പെട്ട ഒരു പ്ലാനിനുപകരം മറ്റൊന്ന് ഉണ്ടാക്കിയെടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.

പുതിയ തലമുറ വിഷ്വൽ ജനറേഷനാണ്. ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കുക, കറന്റ് ബില്ലടയ്ക്കാൻ പോകുക, കടയിൽ പോയി സാധനം വാങ്ങുക- ഇങ്ങനെയുള്ള കാര്യങ്ങളൊന്നും അവർക്ക് പരിചയമില്ല. അവർ എന്താഗ്രഹിച്ചാലും ഡിജിറ്റൽ ഉപകരണങ്ങൾ വഴി പെട്ടെന്ന് നിറവേറ്റാനാകും. റീലുകളും ഷോർട്ടുകളുമായി ഹ്രസ്വനേരം കൊണ്ട് മാക്‌സിമം കാര്യങ്ങൾ അവർക്കു മുന്നിലെത്തുകയാണ്. അവർ കാണുന്ന ദൃശ്യങ്ങളുടെ സ്പീഡ് അവരുടെ ബിഹേവിയറിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.
ആഗ്രഹങ്ങൾക്കും അത് സഫലമാകുന്നതിനുമിടയിലുള്ള ഇടവേള ഇല്ലാതായപ്പോഴുണ്ടായ കുഴപ്പം, ആഗ്രഹം സഫലമാകാതെ വരാം എന്ന സാധ്യതയുമായി പൊരുത്തപ്പെടാൻ തലച്ചോറിന് സമയം കിട്ടുന്നില്ല എന്നതാണ്. ഡിജിറ്റൽ ഉപകരണങ്ങൾ വഴി ആഗ്രഹങ്ങൾ പെട്ടെന്ന് സാധിക്കുമ്പോൾ 'നോ' എന്നു പറയുന്നതിനോട് പാകപ്പെടാൻ തലച്ചോറിന് സമയം കിട്ടാതെ വരും. ഇത് മനുഷ്യസ്വഭാവത്തിൽ എടുത്തുചാട്ടവും അക്ഷമയും ഉണ്ടാക്കിയിരിക്കുന്നു. അപ്പോൾ, ആഗ്രഹം നടക്കില്ല എന്നു വരുമ്പോഴേക്കും അതിവൈകാരികമായി പ്രതികരിക്കുന്ന അവസ്ഥയുണ്ടാകും. അത് ഒന്നുകിൽ അവരവർക്കുനേരെയുള്ള അക്രമത്തിലേക്കോ മറ്റുള്ളവർക്കെതിരായ അക്രമത്തിലേക്കോ പോകും.
സാമൂഹിക വിച്‌ഛേദത്തിൽനിന്നുണ്ടാകുന്ന വൈകാരിക നിരാസം, ഒപ്പമുള്ളവരുടെ വൈകാരികത മനസ്സിലാക്കാനുള്ള കഴിവ് നഷ്ടമാക്കും. മറ്റൊരു വ്യക്തിക്ക് വേദനിക്കും എന്ന അവസ്ഥ വരുമ്പോൾ അഗ്രഷന്റെ തീവ്രത കൂടാനുള്ള സാഹചര്യമുണ്ടാകും.
സാമൂഹിക വിച്‌ഛേദത്തിൽനിന്നുണ്ടാകുന്ന വൈകാരിക നിരാസം, ഒപ്പമുള്ളവരുടെ വൈകാരികത മനസ്സിലാക്കാനുള്ള കഴിവ് നഷ്ടമാക്കും. മറ്റൊരു വ്യക്തിക്ക് വേദനിക്കും എന്ന അവസ്ഥ വരുമ്പോൾ അഗ്രഷന്റെ തീവ്രത കൂടാനുള്ള സാഹചര്യമുണ്ടാകും. ഇതോടൊപ്പം ഇവർക്കു മുന്നിലേക്ക് വരുന്ന ദൃശ്യങ്ങളിലുള്ളത്- ഓൺലൈൻ ഗെയിമുകൾ, വെബ് സീരീസുകൾ, സിനിമകൾ- തീവ്രമായ വയലൻസാണ്. വെടിവെച്ചിടുകയും ഓടിച്ചിട്ട് തല്ലുകയും ചെയ്യുന്ന ദൃശ്യങ്ങൾ നിരന്തരം കാണുമ്പോൾ, അത് ഉള്ളിൽ പതിയാനും ഇന്റേണലൈസ് ചെയ്യാനും സാധ്യതയുണ്ട്. പഴുതടച്ച് കുറ്റകൃത്യം ചെയ്യുന്ന, തീവ്രമായ അക്രമദൃശ്യങ്ങളുള്ള സമീപകാല സിനിമകൾ ഇതിന് നല്ല സംഭാവന ചെയ്യുന്നുണ്ട്. എന്തിനാണ് അക്രമം നടത്തുന്നത് എന്നതിന് വ്യക്തമായ വിശദീകരണം പോലുമില്ലാത്ത തരത്തിലാണ് ഇന്നത്തെ തലമുറയ്ക്കുമുന്നിലെത്തുന്ന വയലൻസിന്റെ ഡിസ്‌പ്ലേ.
പ്രണയം നിരസിക്കപ്പെടുമ്പോൾ കാമുകിയുടെ മുഖത്ത ആസിഡ് എറിയുന്നത് ഇതുകൊണ്ടാണ്. മൊബൈൽ കിട്ടാതെ വരുമ്പോൾ മാതാപിതാക്കളെ ആക്രമിക്കുന്നത്, ലഹരി വാങ്ങാനുള്ള പണം കിട്ടാൻഅമ്മയുടെ തലയ്ക്ക് അടിക്കുന്നത് തുടങ്ങിയ അവസ്ഥകളെ ഈ പാശ്ചാത്തലത്തിൽ വേണം കാണാൻ.

വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളുമാണ് മുൻ തലമുറയ്ക്ക് സന്തോഷം നൽകിയിരുന്നത് എങ്കിൽ പുതിയ തലമുറയ്ക്ക് ഒരു ഡിജിറ്റൽ ഉപകരണം മതി സന്തോഷത്തിന്. അത് കൈയിലുണ്ടെങ്കിൽ എത്ര സമയം വേണമെങ്കിലും അവർക്ക് ആഹ്ലാദകരമായി സർവൈവ് ചെയ്യാൻ കഴിയും. ഹ്യുമൻ കണക്ഷൻ കുറയുമ്പോൾ മറ്റുള്ളവരുടെ വൈകാരികാവസ്ഥ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനുമുള്ള കഴിവ് ഇല്ലാതാകും. അതുകൊണ്ട് അനുതാപം, കാരുണ്യം തുടങ്ങിയ മൂല്യങ്ങൾ ഈ തലമുറയിൽനിന്ന് ഇല്ലാതാകുകയാണ്.
ഉദാഹരണത്തിന്, ഇവരുടെ ഉറക്കത്തിന്റെ ഒരു രീതി നോക്കുക. മുമ്പ് ഉറങ്ങാനും ഉണരാനും നിശ്ചിത സമയമുണ്ടായിരുന്നു. പുതിയ തലമുറ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കഴിഞ്ഞ്, രാത്രി പത്തുമണി കഴിഞ്ഞാണ് ശരിക്കും ആക്റ്റീവാകുന്നത്. രണ്ടു മണിയാകും ഉറങ്ങാൻ. ഈയൊരു ട്രെന്റ് മാനസികാരോഗ്യത്തെയും വൈകാരിക പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകമാണ്. ഇത് ഒരുതരം സാമൂഹിക വിച്‌ഛേദത്തിലേക്ക് നമ്മുടെ കുട്ടികളെ എത്തിച്ചിട്ടുണ്ട്. Human Connection നഷ്ടമാകുന്ന സാഹചര്യം. കഴിഞ്ഞ തലമുറയിൽ പ്രശ്‌നക്കാരായ വ്യക്തികൾക്ക് പ്രകടമായ ചില ലക്ഷണങ്ങളുണ്ടായിരുന്നു. ചിലപ്പോൾ കുട്ടിക്കാലം തൊട്ടേ അക്രമവാസന കാണിക്കുന്നവരായിരിക്കും, പഠനത്തിൽ മോശമായിരിക്കും എന്നിങ്ങനെ. എന്നാൽ, ആധുനിക യുഗത്തിൽ ഒറ്റപ്പെട്ടുനിൽക്കുന്ന വ്യക്തിയാണ് അപകടത്തിൽ ചാടാൻ ഏറ്റവും സാധ്യത. ഒരു മനുഷ്യന്റെ ആയുർദൈർഘ്യം ഏറ്റവും കൂടുതൽ വർധിപ്പിക്കുന്നത് കുട്ടിക്കാലത്തും കൗമാരത്തിലും അവർ വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമാണ്. ഇതിന്റെ മറുവശമാണ് നാം ഇപ്പോൾ കാണുന്നത്. കൗമാരത്തിലും കുട്ടിക്കാലത്തും ഏകാന്തനായി കഴിയുന്ന കുട്ടി, അവർക്ക് സംഭവിക്കുന്ന സാമൂഹിക വിച്‌ഛേദനം.
ലഹരി ഉപയോഗിക്കുമ്പോൾ pre frontal cortex അടക്കമുള്ള മസ്തിഷ്ക ഭാഗങ്ങളുടെ പ്രവർത്തനം മന്ദീഭവിക്കും. അക്രമം കാണിച്ചാൽ അതിന്റെ പ്രത്യാഘാതം ഇന്നതൊക്കെയാണ് എന്ന വകതിരിവ് നഷ്ടമാകും. അപ്പോൾ മനസ്സിൽ തോന്നുന്ന എത്ര ക്രൂരമായ സംഗതിയും അതിന്റെ പരിപൂർണതയിലും ഏറ്റവും അക്രമാസക്തമായും അവതരിപ്പിക്കുന്ന രീതിയിലേക്ക് ചെറുപ്പക്കാർ പോകും.
ഇപ്പോഴത്തെ തലമുറ ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ഉണ്ടാക്കിയെടുക്കുന്ന, ഗ്ലോബലായി തന്നെയുള്ള റിലേഷൻഷിപ്പുകൾ വളരെ ഉപരിപ്ലവങ്ങളാണ്. നേർക്കുനേരെയുള്ള ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും സ്വഭാവം എന്താണ്? സുഹൃത്തിന് ഒരു പ്രശ്‌നം വന്നാൽ അയാളെ എങ്ങനെ പിന്തുണയ്ക്കാം, സഹായിക്കാം എന്നു തുടങ്ങിയ അനുഭവാത്മക പഠനമാണ് നേരിട്ടുള്ള ബന്ധങ്ങളിലൂടെ നമുക്ക് കിട്ടുക. എന്നാൽ, ഇപ്പോഴത്തെ തലമുറയ്ക്കോ? അവർക്ക് നിരവധി പേരെ അറിയാം. അത് ചിലപ്പോൾ ഓൺലൈൻ ഗെയിം കളിക്കാൻ മാത്രമുള്ള ബന്ധങ്ങളായിരിക്കും. അതായത്, അടിസ്ഥാനപരമായി വിനോദമൂല്യമുള്ള പ്രവർത്തനങ്ങളിൽ മാത്രം പരസ്പരം സഹകരിക്കാനുള്ളവ. അതാണ് ഓൺലൈൻ സൗഹൃദങ്ങളുടെ പൊതുസ്വഭാവം. അതിനുപകരം, ആഴത്തിലുള്ള സൗഹൃദങ്ങൾ അവർക്കില്ല. അതായത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ പരിസരങ്ങളും അവരുടെ വ്യക്തിത്വവും പൂർണമായും മനസ്സിലാക്കി അവർക്കൊരു പ്രതിസന്ധിയുണ്ടാകുമ്പോൾ പിന്തുണ നൽകുന്ന, ദീർഘനേരം ആ വ്യക്തിക്കൊപ്പമുണ്ടായിരിക്കുന്ന അവസ്ഥ. ഇത് പുതിയ തലമുറയെ സംബന്ധിച്ച് വളരെ കുറവാണ്.

സോഷ്യൽ മീഡിയ നോക്കുക. അതിൽ ജാതിയും മതവും വംശവും ഗോത്രവുമെല്ലാം കടന്നുവരുന്ന നിരവധി കമന്റുകൾ കാണാം. ഒരു പ്രത്യേക മതവിഭാഗവുമായി അടുത്തുനിൽക്കുന്ന ചാനലിൽ വരുന്ന പരിപാടികളുടെ താഴെ അവയെ രൂക്ഷമായി ആക്രമിക്കുന്ന കമന്റുകൾ കാണാം. രാഷ്ട്രീയപക്ഷപാതിത്വമുള്ള ചാനലിൽ അത്തരം പ്രതികരണങ്ങളായിരിക്കും. ഓൺലൈൻ ബിഹേവിയറിൽ വർഗീയതയും വംശീയതയുമെല്ലാം വളരെ ശക്തമായി പ്രകടമാകുന്നുണ്ട്. അതായത്, ജാതിയും മതവും പോലുള്ള സാമൂഹിക വിഭജനങ്ങൾ ഓരോ കാലത്തും ഓരോ തരത്തിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നുമാത്രം.
ആശയക്കുഴപ്പം നിറഞ്ഞവരാണ് ഇപ്പോഴത്തെ രക്ഷിതാക്കൾ. അവർ ജനിച്ച് രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ഡിജിറ്റൽ ഉപകരണങ്ങൾ വരുന്നത്. ഇത് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് അവർക്ക് ധാരണക്കുറവുണ്ട്.
ഇത്തരം സങ്കീർണമായ സാമൂഹിക സാഹചര്യങ്ങൾക്കൊപ്പം രാസലഹരി കൂടിയാകുമ്പോൾ സ്ഥിതി അതീവ ഗുരുതരമാകും. രാസലഹരികളുടെ സുലഭമായ ലഭ്യത അവയുടെ ഉപയോഗം വ്യാപകമാക്കുന്നു. ഇവ തലച്ചോറിന്റെ രാസഘടനയെ തന്നെ മാറ്റിമറിക്കുകയും പലതരം പെരുമാറ്റപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ലഹരി ഉപയോഗിക്കുമ്പോൾ pre frontal cortex അടക്കമുള്ള മസ്തിഷ്ക ഭാഗങ്ങളുടെ പ്രവർത്തനം മന്ദീഭവിക്കും. മനുഷ്യരെയും മൃഗങ്ങളെയും വ്യത്യസ്തരാക്കുന്ന ഒരു ഭാഗമാണ് pre frontal cortex. ആത്മനിയന്ത്രണത്തിന്റെ കേന്ദ്രം, ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യാൻ ഉപയോഗപ്പെടുന്ന ഭാഗം, ആളും തരവും നോക്കി പെരുമാറാൻ പറ്റുന്നത് pre frontal cortex മൂലമാണ്. ലഹരി ഉപയോഗിക്കുമ്പോൾ ഇതടക്കമുള്ള മസ്തിഷ്‌ക ഭാഗങ്ങൾ മന്ദീഭവിക്കുന്നതോടെ അക്രമം കാണിച്ചാൽ അതിന്റെ പ്രത്യാഘാതം ഇന്നതൊക്കെയാണ് എന്ന വകതിരിവ് നഷ്ടമാകും. അപ്പോൾ മനസ്സിൽ തോന്നുന്ന എത്ര ക്രൂരമായ സംഗതിയും അതിന്റെ പരിപൂർണതയിലും ഏറ്റവും അക്രമാസക്തമായും അവതരിപ്പിക്കുന്ന രീതിയിലേക്ക് ചെറുപ്പക്കാർ പോകും.

ഇത്തവണ കേന്ദ്ര ബജറ്റിനോടൊപ്പം അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രധാന സൂചനകളുണ്ട്. ഇന്ത്യയിലെ മൊത്തം ജനങ്ങളിൽ 10.69 ശതമാനം പേർ ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യപ്രശ്‌നങ്ങളുള്ളവരാണ് എന്ന് സർവേ പറയുന്നു. ഡിജിറ്റൽ അടിമത്തത്തിലേക്ക് പോകുന്ന കുട്ടികളിലെ പെരുമാറ്റ പ്രശ്‌നങ്ങളെയും സർവേ ചർച്ച ചെയ്യുന്നുണ്ട്.
പാരന്റിങ്
പുതിയ തലമുറയെ സംബന്ധിച്ച് മറ്റൊരു പ്രധാന വിഷയമാണ് പാരൻറിങ്. സോഷ്യൽ പാരന്റിങ് എന്നത് പതുക്കെപ്പതുക്കെ അസ്തമിക്കുകയാണ്. 30 വർഷം മുമ്പ് വീടിനടുത്തുള്ള കൗമാരപ്രായമുള്ള പെൺകുട്ടി മുതിർന്ന പുരുഷന്റെ കൂടെ നടക്കുന്നതു കണ്ടാൽ അത് ശ്രദ്ധിക്കുകയും ഒരുപക്ഷെ, അവിടെവച്ചുതന്നെ ഇടപെടുകയും മാതാപിതാക്കളെ അറിയിക്കുകയെങ്കിലും ചെയ്യുന്ന സാമൂഹിക നിരീക്ഷണ സംവിധാനം ഉണ്ടായിരുന്നു. ഇന്ന് ഇങ്ങനെ ആരും ചെയ്യില്ല. വ്യക്തികളുടെ അവകാശവും അതിലധിഷ്ഠിതമായ ചിന്തകളും നിയമങ്ങളും 21-ാം നൂറ്റാണ്ടിന്റെ സവിശേഷതയാണ്. പേഴ്‌സണൽ റൈറ്റിന്റെ പേഴ്‌സണൽ സ്‌പെയ്‌സിന് വലിയ പ്രാധാന്യമുണ്ടിന്ന്. ഇതിനൊരു മറുവശമുണ്ട്. അമിതമായ വ്യക്തിസ്വാതന്ത്ര്യം അരാജകത്വത്തിലേക്ക് വ്യക്തികളെ എത്തിക്കും. സോഷ്യൽ നിരീക്ഷണത്തിന്റെ അഭാവം പലതരം കുഴപ്പങ്ങളിലേക്കു നയിക്കും.
എന്നാൽ, ഏത് സാങ്കേതികവിദ്യ വന്നാലും അതിന്റെ എല്ലാ സ്വാധീനങ്ങളെയും മറികടക്കാൻ മനുഷ്യർക്ക് സാധിക്കുന്നത് ഒറ്റ സംഗതികൊണ്ടാണ്: അത് വൈകാരിക വിനിമയത്തിനുള്ള കഴിവാണ്.
പേഴ്‌സണൽ പാരന്റിങാണ് മറ്റൊരു ഘടകം. ആശയക്കുഴപ്പം നിറഞ്ഞവരാണ് ഇപ്പോഴത്തെ രക്ഷിതാക്കൾ. അവർ ജനിച്ച് രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ഡിജിറ്റൽ ഉപകരണങ്ങൾ വരുന്നത്. ഇത് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് അവർക്ക് ധാരണക്കുറവുണ്ട്. ഗ്ലോബൽ എക്‌സ്‌പ്ലോഷറുള്ള ഒരു യുവതലമുറയെ പഴയ രീതിയിൽ പാരന്റിങ്ങിന് വിധേയരാക്കാനാകില്ല. ഇന്നത്തെ രക്ഷിതാക്കളുടെ ബാല്യമോ കൗമാരമോ എടുത്താൽ, അവർക്ക് വിജ്ഞാനസ്രോതസ്സുകൾ കുറവായിരുന്നു. മുതിർന്ന വ്യക്തികളായിരുന്നു- മാതാപിതാക്കളും അധ്യാപകരും- വിവരങ്ങളുടെ സ്രോതസ്സ്. ഇപ്പോഴത്തെ തലമുറയ്ക്ക് വിവരസ്രോതസ്സായി രക്ഷിതാക്കളെയോ അധ്യാപകരെയോ കാണേണ്ട അവസ്ഥയില്ല. അത് മുതിർന്ന തലമുറയോടുള്ള ആറ്റിറ്റ്യൂഡിൽ വ്യത്യാസമുണ്ടാക്കും. ഇങ്ങനെയുള്ള സ്വതന്ത്രരായ യുവതലമുറയെ കൈകാര്യം ചെയ്യുന്നതിൽ ആശയക്കുഴപ്പമുള്ള പാരന്റ് ജനറേഷനാണിപ്പോഴുള്ളത്.

എന്നാൽ, ഏത് സാങ്കേതികവിദ്യ വന്നാലും അതിന്റെ എല്ലാ സ്വാധീനങ്ങളെയും മറികടക്കാൻ മനുഷ്യർക്ക് സാധിക്കുന്നത് ഒറ്റ സംഗതികൊണ്ടാണ്: അത് വൈകാരിക വിനിമയത്തിനുള്ള കഴിവാണ്. AI അടക്കമുള്ള സാങ്കേതികവിദ്യകളെ മറികടക്കാൻ മനുഷ്യനെ സഹായിക്കാൻ പോകുന്നത് അതാണ്. പാരന്റിംഗിന്റെ അടിസ്ഥാനം അതായിരിക്കണം. എന്നാൽ, ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? തീവ്രമായ മത്സരബുദ്ധിയും താരതമ്യവുമാണ് കുട്ടികളെ വളർത്താനുപയോഗിക്കുന്ന സ്ട്രാറ്റജി. താരതമ്യത്തിനും മത്സരത്തിനും ഈ ലോകത്ത് ഒരു പ്രസക്തിയുമില്ല. ഓരോ കുട്ടിക്കും അവരവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള സ്‌പെയ്‌സ് കൊടുത്ത് മാക്‌സിമം വളരാനനുവദിക്കുക. ഈ രീതിയിലാണിപ്പോൾ മാറേണ്ടത്. അല്ലാതെ തങ്ങളുടെ സ്വപ്നങ്ങൾ കുട്ടികളിലൂടെ സാക്ഷാൽക്കരിക്കേണ്ട കാലഘട്ടം കഴിഞ്ഞു. വീട്ടിൽ രക്ഷിതാക്കളും കുട്ടികളും തമ്മിൽ ഇമോഷനൽ കണക്റ്റ് ഇല്ലാത്ത അവസ്ഥ ഒരുതരം കോൺഫ്‌ളിക്റ്റിന്റെ സാഹചര്യത്തിലേക്ക് നയിക്കുന്നുണ്ട്.
അക്കാദമിക വിജയവും
ജീവിത വിജയവും തമ്മിൽ…
അക്കാദമിക മികവിനെ ഫോക്കസ് ചെയ്താണ് ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും മുന്നോട്ടുപോകുന്നത്. എല്ലാ വിദ്യാർത്ഥികളും പബ്ലിക് പരീക്ഷയിൽ ജയിച്ചാൽ സ്‌കൂളിന് മികവ്. എല്ലാവർക്കും എ പ്ലസ് കിട്ടിയാൽ കൂടുതൽ മികവ്. അത്തരമൊരു സ്‌കൂൾ രക്ഷിതാക്കൾ തെരഞ്ഞെടുക്കുന്നു. പഠനത്തിന് അമിതപ്രാധാന്യം നൽകുന്ന, എക്‌സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റികൾ കുറവുള്ള സ്‌കൂളുകളിൽ കുട്ടികൾ വഴിതെറ്റാൻ സാധ്യത കുറവാണ് എന്ന ബോധമുള്ളവരാണ് രക്ഷിതാക്കൾ. എന്നാൽ, ലോകവ്യാപകമായി തന്നെ കാലഹരണപ്പെട്ട ഒരു രീതിയാണിത്.

ഹാർവാർഡ് സർവകലാശാലയുടെ അഡൽറ്റ് ഡലവപ്‌മെന്റ് സ്റ്റഡിയിൽ (Harvard Study of Adult Development) ശ്രദ്ധേയമായ ഒരു കണ്ടെത്തലുണ്ട്: 140-നുമുകളിൽ IQ ഉള്ള അതിബുദ്ധിമാന്മാരുടെ ഒരു സ്‌കൂൾ. 100-110 IQ ഉള്ള ശരാശരി ബുദ്ധിയുള്ള കുട്ടികളുള്ള മറ്റൊരു സ്‌കൂൾ. ശരാശരി ബുദ്ധിയുള്ള കുട്ടികളാണ് അതിബുദ്ധിമാന്മാരേക്കാൾ കൂടുതൽ ഭാവിയിൽ സാമ്പത്തിക അഭിവൃദ്ധി നേടുന്നത്. ജീവിതവിജയം എന്നത് സാമ്പത്തികമായ നേട്ടമാണെന്ന് പരിമിതപ്പെടുത്തിയാൽ പോലും അക്കാദമിക മികവ് ജീവിതവിജയമായി മാറുന്നില്ല എന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.
അക്കാദമിക് ഇന്റലിജൻസിനേക്കാൾ കൂടുതൽ വൈകാരികബുദ്ധി, സാമൂഹിക ബുദ്ധി, പാരിസ്ഥിതിക ബുദ്ധി ഇവ വളരേണ്ടത് അത്യാവശ്യമാണ്. ഇത് വളർത്താനുള്ള സമ്പ്രദായങ്ങളൊന്നും പൊതുവേ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലില്ല.
വേണം, Life Skill Education
ജീവിത നിപുണതാ വിദ്യാഭ്യാസം- Life Skill Education- എല്ലാ സിലബസുകളിലും പാഠ്യപദ്ധതിയുടെ ഭാഗമായി വരണം. അതിന് സമാന്തരമായി, ഈ കുട്ടികളെ എങ്ങനെ പാരന്റിങ് ചെയ്യണം എന്നതിനെക്കുറിച്ച് വിദ്യാലയങ്ങളിൽ തന്നെ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകണം. ആശയക്കുഴപ്പത്തിൽ നിൽക്കുന്ന രക്ഷിതാക്കൾക്ക് ഇത് അനിവാര്യമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഒരുപാട് വിവരങ്ങളിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന ആശയക്കുഴപ്പം രക്ഷിതാക്കൾക്കുണ്ടാകും. ‘നിങ്ങളുടെ കുട്ടി രാത്രി ഉറങ്ങുന്നില്ലേ, എങ്കിൽ നിങ്ങൾ ദുരന്തത്തിലേക്ക് പോകുകയാണ്' എന്ന മട്ടിലുള്ള തമ്പ്‌ലൈനുകളിടുന്ന വീഡിയോകൾ കണ്ടാണ് രക്ഷിതാക്കളുടെ ഓരോ ദിവസവും കടന്നുപോകുന്നത്. അതിലൂടെ അവർക്കുണ്ടാകുന്ന ആശയക്കുഴപ്പം ഭീകരമാണ്. ഇതിൽ ക്ലാരിറ്റി വരുത്താൻ, വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരു പാരന്റിങ് മൊഡ്യൂൾ വിദ്യാഭ്യാസ വകുപ്പ് തന്നെ തയാറാക്കണം. ക്ലാസ് പി.ടി.എയെപ്പോലുള്ള സംവിധാനത്തിലൂടെ ഒരു ടേമിൽ ഒരിക്കലെങ്കിലും അച്ഛന്മാർ അടക്കമുള്ളവരെ വിളിച്ചുകൂട്ടി ഈ മൊഡ്യൂൾ ചർച്ച ചെയ്ത് അവബോധം വരുത്തണം. സ്‌കൂളിൽനിന്ന് Life Skill Education നേടുന്ന വിദ്യാർത്ഥി, വീട്ടിൽ പഴയ മട്ടിലുള്ള പാരന്റിംഗിലൂടെ കടന്നുപോയാൽ വീണ്ടും സംഘർഷം രൂക്ഷമാകുകയേയുള്ളൂ. അതുകൊണ്ട്, Life Skill Education-നും പാരന്റിങ് മൊഡ്യൂളും ഒരുമിച്ചുപോകണം.
ആർത്തവം തുടങ്ങുന്ന സമയത്ത് പെൺകുട്ടികൾക്ക് ലൈംഗികതയും പ്രജനന ആരോഗ്യവുമായും ബന്ധപ്പെട്ട കാര്യങ്ങൾ വീട്ടിലെ മുതിർന്നവർ ആരെങ്കിലും അവരോട് ചർച്ച ചെയ്യും. എന്നാൽ, ആൺകുട്ടികൾക്ക് അത്തരം എന്ത് അറിവാണ് വീട്ടിൽനിന്ന് കിട്ടുന്നത്?
ആൺകുട്ടികളെ
ഫോക്കസ് ചെയ്യണം
പാരന്റൽ ഗൈഡൻസിന്റെ മറ്റൊരു പ്രശ്നമാണ്, വീടുകളിൽ പെൺകുട്ടികളെ അമിതമായി ഫോക്കസ് ചെയ്യുന്ന രീതി. ആൺകുട്ടികൾക്ക് പരിധിവിട്ട സ്വാതന്ത്ര്യം നൽകുകയും അവർ പുറത്തുപോയി പ്രതിസന്ധികൾ നേരിട്ട് വന്ന്, പെൺകുട്ടികളെ സംരക്ഷിക്കണം എന്ന മനോഭാവം. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ പരിശോധിച്ചാൽ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെ തുല്യമായ നിലയ്ക്കാണ് അതിക്രമം നടക്കുന്നത്. മാത്രമല്ല, ഹോർമോണുകളുടെ അടിസ്ഥാനത്തിലുള്ളതും തലച്ചോറുമായി ബന്ധപ്പെട്ടതുമായ സവിശേഷതകൾ കൊണ്ട് കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിൽ കൂടുതൽ അഗ്രസ്സീവായ പ്രവണത ആൺകുട്ടികളിൽ കൂടുതൽ കാണാൻ സാധ്യതയുണ്ട്. അതുകൊണ്ട് എങ്ങനെവേണം ഇതര ലിംഗത്തിൽ പെട്ടവരെയും തന്റെ തന്നെ സുഹൃത്തുക്കളെയും സമീപിക്കാൻ എന്ന് ആൺകുട്ടികൾക്ക് വ്യക്തമായ ദിശാബോധമുണ്ടാക്കിക്കൊടുക്കേണ്ടതുണ്ട്.
ആർത്തവം തുടങ്ങുന്ന സമയത്ത് പെൺകുട്ടികൾക്ക് ലൈംഗികതയും പ്രജനന ആരോഗ്യവുമായും ബന്ധപ്പെട്ട കാര്യങ്ങൾ വീട്ടിലെ മുതിർന്നവർ ആരെങ്കിലും അവരോട് ചർച്ച ചെയ്യും. എന്നാൽ, ആൺകുട്ടികൾക്ക് അത്തരം എന്ത് അറിവാണ് വീട്ടിൽനിന്ന് കിട്ടുന്നത്? ഒന്നും കിട്ടുന്നില്ല എന്നു പറയാം. ഇതെല്ലാം അഡ്രസ് ചെയ്യപ്പെടേണ്ട വിഷയമാണ്. കാരണം, കുട്ടികൾക്ക് വികലവും വികൃതവുമായ നിരവധി അറിവുകൾ ഇന്ന് കിട്ടുന്നുണ്ട്. ഇവ വിവേചിച്ചറിയാനുള്ള ഗുണദോഷവ്യക്തിവിചാരം കുട്ടികളിലുണ്ടാകണമെന്നില്ല. ഈയൊരു പോയിന്റിലാണ് പാരന്റൽ ഗൈഡൻസ് വേണ്ടത്. അത് ആൺകുട്ടികൾക്ക് ഫോക്കസ്ഡ് ആയി നൽകേണ്ടത് ആവശ്യമാണ്.
പുതിയ തലമുറയെ വയലൻസിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ മുതിർന്ന തലമുറയ്ക്ക് കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. അതിന് കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.