ഡോ. പ്രസന്നൻ പി.എ.

കോവിഡ്​: വലിയ നഷ്​ടങ്ങൾ, അതിലും വലിയ ലാഭങ്ങൾ

ഒമിക്രോൺ വകഭേദം ഉണ്ടായശേഷമുള്ള ഒരാഴ്ചയിൽ അമേരിക്കൻ വാക്‌സിൻ ഉത്പാദകരായ ഫൈസറിലും, മഡേർനയിലും വൻ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ സമ്പത്ത് ഏതാണ്ട് 10 ബില്യൺ വർദ്ധിച്ചു എന്നാണ്. 2020 വരെ നഷ്ടത്തിലായിരുന്ന മഡേർന ഒരു കൊല്ലം കൊണ്ടുണ്ടാക്കിയ ലാഭം ഏഴു ബില്യൺ ഡോളറാണ്. ഫൈസർ 2021 ൽ മാത്രം ഉണ്ടാക്കിയ ലാഭം 19 ബില്യൺ ഡോളറാണെന്ന് പറയപ്പെടുന്നു.

കെ. കണ്ണൻ: ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ കോവിഡ്- 19 നിരവധി പുതിയ പാഠങ്ങൾ പഠിപ്പിക്കുകയും മുമ്പില്ലാതിരുന്ന പുതിയ സ്‌പെയ്‌സുകളും തിരിച്ചറിവുകളും സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. അവ മാനവരാശിയുടെ മൊത്തത്തിലുള്ള ക്ഷേമത്തിനുതകുംവിധം പരിവർത്തിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ച് ആലോചിച്ചാൽ, അത്ര ശുഭകരമല്ലാത്ത സാഹചര്യമാണ് മുന്നിലുള്ളതെന്ന്​ പറയേണ്ടിവരും. അതായത്, വാക്‌സിൻ ദേശീയത- വാക്‌സിൻ വംശീയത എന്നിവ പോലെ, ശാസ്ത്രത്തിനും മനുഷ്യർക്കും വിരുദ്ധമായ പ്രവണതകൾ, ലോകം മരണമുഖത്ത് നിൽക്കുമ്പോൾ പോലും പ്രകടമായി. ഏറ്റവുമൊടുവിൽ, ഒമിക്രോൺ എന്ന പുതിയ വകഭേദം പോലും വംശീയതയുടെ വൈറസുകളെ പെരുപ്പിക്കുന്നത് നാം കണ്ടു. ഇത്തരം സന്ദിഗ്ധാവസ്ഥകൾ പരിഗണിച്ചാൽ, രണ്ടുവർഷം ഒരു ചെറിയ കാലയളവാണെങ്കിൽ കൂടി, ആധുനിക മെഡിക്കൽ സയൻസിന്റെ ഭാവിയെ, കൂടുതൽ ജനകീയമായ ഒരു ജനാധിപത്യവൽക്കരണ പ്രക്രിയയിലേക്ക് നയിച്ചേക്കാവുന്ന പ്രവണതകൾ വർത്തമാനകാല ‘Long Covid' ഘട്ടത്തിൽ ദൃശ്യമാണോ?

ഡോ. പ്രസന്നൻ പി.എ: 1721 ജൂണിൽ അമേരിക്കയിലെ ബോസ്റ്റൺ നഗരത്തിലേക്ക് കരീബിയൻ ദ്വീപുകളിൽ നിന്ന് കുറെ ആഫ്രിക്കക്കാരെ അടിമകളായി കൊണ്ടുവന്നു. അവരിൽ ചിലർക്ക് വസൂരി രോഗം പിടിപെട്ടിരുന്നു. അത് ബോസ്റ്റണിൽ പടർന്നുപിടിക്കുകയും എണ്ണൂറോളം പേർ മരിക്കുകയും ചെയ്തു. കോട്ടൺ മാത്തർ അക്കാലത്ത് ബോസ്റ്റണിലെ ഒരു പള്ളി വികാരിയായിരുന്നു. വസൂരി ദൈവത്തിന്റെ ശിക്ഷയാണെന്നുതന്നെയാണ് മാത്തർ വിശ്വസിച്ചിരുന്നത്. വസൂരി വന്ന ഒരാളുടെ ശരീരത്തിലെ പോളങ്ങളിൽ നിന്നെടുക്കുന്ന ദ്രവം തൊലിക്കടിയിൽ കുത്തിവച്ച് രോഗം വരാതെ തടയുന്ന രീതി ആഫ്രിക്കയിലുണ്ടെന്ന് മാത്തർ താൻ അടിമയാക്കി വെച്ചിരുന്ന ഒരു ആഫ്രിക്കക്കാരനിൽ നിന്ന് മനസ്സിലാക്കി. അയാൾക്ക് പിന്നീട് മാത്തർ നൽകിയ പേരാണ് ഒനിസ്മസ് (Onesimus). ഒനിസ്​മസിന്റെ വിശദീകരണത്തിൽ മാത്തർ കണ്ടത് തന്റെ ചില ഉദ്ദേശ്യങ്ങളുടെ സാഫല്യമാണ്. രോഗത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ ഇടപെടലായി (divine intervention) ചിത്രീകരിക്കുക വഴി ജനങ്ങൾക്കിടയിൽ മതത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാമെന്നായിരുന്നു മാത്തർ കരുതിയത്. മാത്തർ രോഗം പടരുന്നത് തടയാനായി ഈ ആഫ്രിക്കൻ രീതി ഉപയോഗിക്കുന്നതിന് ബോസ്റ്റൺ അധികാരികളെ സമീപിച്ചു.

കോവിഡ് സമയത്ത് ഗുണപരമായ ഒരു കാര്യവും സംഭാവന ചെയ്യാതിരുന്ന സ്ഥാപനങ്ങളായിരുന്നു അമ്പലങ്ങളും, പള്ളികളും. ഞാൻ വിചാരിച്ചിരുന്നത് ജനങ്ങൾക്ക് അവയുടെ ഉപയോഗശൂന്യത ബോദ്ധ്യപ്പെടുമെന്നായിരുന്നു. പിന്നീട് അവയൊക്കെ തുറന്നപ്പോൾ കണ്ട കാഴ്ചകൾ നിരാശാജനകമായിരുന്നു.

എന്നാൽ മെഡിക്കൽ ഡിഗ്രിയുണ്ടായിരുന്ന അപൂർവം ചിലരിൽ പ്രധാനിയായിരുന്ന ഡോ. വില്യം ഡഗ്ലസ് ആഫ്രിക്കൻ ചികിത്സാരീതി അമേരിക്ക പോലുള്ള ഉന്നതകുലജാതരുടെ നാട്ടിൽ പരീക്ഷിക്കുന്നതിനെ തീവ്രമായി എതിർത്തു. ഡഗ്ലസിന് ബോസ്റ്റൺ ഭരണകർത്താക്കളുടെയും സമൂഹത്തിൽ സ്വാധീനമുണ്ടായിരുന്ന ഒട്ടേറെ പ്രമുഖരുടെയും പിന്തുണയുണ്ടായിരുന്നു. ശാസ്ത്രീയമായി സ്വീകാര്യമല്ല എന്നതാണ് എതിർപ്പിന് കാരണമായി ഔദ്യോഗികമായി രേഖപ്പെടുത്തിയത് എങ്കിലും ഇതൊന്നും കണ്ടുപിടിക്കാനുള്ള ബുദ്ധി ആഫ്രിക്കക്കാർക്കില്ല എന്ന പ്രചാരണമാണ് ഡഗ്ലസ് നടത്തിയത്. മാത്രമല്ല ആഫ്രിക്കൻ പ്രതിരോധ ചികിത്സ ഫലവത്താകുകയാണെങ്കിൽ അടിമകളായ ആഫ്രിക്കക്കാർ അമേരിക്കക്കാർക്കുമേൽ ആധിപത്യം നേടിയെടുക്കാൻ സാദ്ധ്യതയുണ്ടെന്ന ഭീഷണിയും എതിർപ്പ് രൂക്ഷമാക്കി.

1796 ൽ Onesimus നൽകിയ മാർഗം പിന്തുടർന്നുതന്നെയാണ് ബ്രിട്ടീഷ് ഡോക്ടർ എഡ്വേർഡ് ജെന്നർ ആദ്യത്തെ സ്‌മോൾപോക്‌സ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ആഫ്രിക്കയിലേതിനു സമാനമായ രീതി തുർക്കിയിലും ഉണ്ടായിരുന്നു. തുർക്കിയിലെ ബ്രിട്ടീഷ് അംബാസഡറിന്റെ ഭാര്യയായിരുന്ന Wortley Montagu യാണ് ഈ ആശയം ബ്രിട്ടനിലെത്തിച്ചത്. എഡ്വേർഡ് ജെന്നറിന്റെ കണ്ടുപിടുത്തത്തിനു ശേഷം സ്മോൾ പോക്‌സ് വാക്സിനേഷൻ ഇംഗ്ലണ്ടിൽ നിർബന്ധമാക്കി. ജെന്നറിന്റെ വാക്സിൻ, കാലക്രമത്തിൽ ഒട്ടേറെ പരിഷ്കാ​രങ്ങൾക്ക് വിധേയമായിട്ടാണ് ആധുനിക സ്‌മോൾപോക്‌സ് വാക്സിനുണ്ടായത്. ആഫ്രിക്കൻ രീതികൾക്ക് ഒരുപാട് ന്യൂനതകളുണ്ടായിരുന്നെങ്കിലും വാക്‌സിന്റെ അടിസ്ഥാന തത്വത്തിലേക്കുള്ള ആദ്യ ചുവടുവെപ്പുകളിലൊന്ന് എന്ന നിലയിൽ അവ പ്രാധാന്യമർഹിക്കുന്നു.

ദേശീയതയും വംശീയതയും മനുഷ്യൻ ഒരു വിപത്തിന്റെ നടുവിൽ നിൽക്കുമ്പോൾ പോലും ചരിത്രത്തിലുടനീളം നിലനിന്നിരുന്നു എന്നതിന് ഒരു ഉദാഹരണം എന്ന നിലയിലാണ് ഈ സംഭവം പറഞ്ഞത്.

ആഞ്ചല സെയ്‌നി / Photo : wikimedia commons

സയൻസ് ജേർണലിസ്റ്റ് ആയ ആഞ്ചല സെയ്‌നി (Angela Saini) ഈയടുത്ത കാലത്ത് എഴുതിയ സുപ്പീരിയർ (Superior) എന്ന പുസ്തകത്തിൽ സയൻറിഫിക് റേസിസത്തെ അഥവാ വംശീയതക്ക് സയൻസിനെ ഉപയോഗിച്ച്​ ന്യായീകരണം കൊണ്ടുവരാൻ മുഖ്യധാരാ ശാസ്ത്രജ്ഞർ തന്നെ നടത്തിയ ശ്രമങ്ങളെ കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്​. സകല ജീവജാലങ്ങളെയും സ്പീഷീസ് ആയി തിരിച്ച് നാമകരണം ചെയ്യുന്ന രീതിയുടെ ഉപജ്ഞാതാവായ കാൾ ലീനിയസ് മുതൽ ഡി.എൻ.എ യുടെ കണ്ടുപിടുത്തം വഴി ജനതിക ശാസ്ത്രത്തിന് പകരം വെക്കാനാവാത്ത സംഭാവനകൾ നൽകിയ ജെയിംസ് വാട്‌സൺ അടക്കമുള്ളവർ വംശീയതക്ക് നീതീകരണം നൽകാൻ അശാസ്ത്രീയവും വസ്തുതാവിരുദ്ധവുമായ ആശയങ്ങൾ പ്രചരിപ്പിച്ചവരാണ്. കാൾ ലീനിയസ്, അമേരിക്കൻ ആദിവാസികളെ മനുഷ്യരിലെ മൃഗതുല്യവും വികൃതസ്വരൂപവുമുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് വാദിച്ചിരുന്നത്. വംശീയ വിദ്വേഷം കലർന്ന, ശാസ്ത്രീയമായ യാതൊരു തെളിവുകളുമില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ തുടർച്ചയായി നടത്തിയപ്പോഴാണ് പല ബഹുമതികളും ജെയിംസ് വാട്‌സണിൽ നിന്ന് എടുത്തുമാറ്റിയത്. ഇങ്ങനെ ആഴത്തിൽ വേരൂന്നി നിൽക്കുന്ന വംശീയതക്ക്, കോവിഡ് മനുഷ്യരാശിക്ക് നൽകിയ അനുഭവങ്ങൾ കൊണ്ട് കാര്യമായ മാറ്റം വരും എന്ന് നമുക്ക് ആഗ്രഹിക്കാം എന്നേ പറയാൻ പറ്റൂ. പക്ഷേ എത്രമാത്രം അത് യാഥാർഥ്യമാകുമെന്നതിനെക്കുറിച്ച് അശുഭപ്രതീക്ഷയോടെയുള്ള ഒരു പ്രവചനം (pessimistic prediction) തല്ക്കാലം ഒഴിവാക്കുന്നു.

കോവിഡ് സമയത്ത് ഗുണപരമായ ഒരു കാര്യവും സംഭാവന ചെയ്യാതിരുന്ന സ്ഥാപനങ്ങളായിരുന്നു അമ്പലങ്ങളും, പള്ളികളും. ഞാൻ വിചാരിച്ചിരുന്നത് ജനങ്ങൾക്ക് അവയുടെ ഉപയോഗശൂന്യത ബോദ്ധ്യപ്പെടുമെന്നായിരുന്നു. പിന്നീട് അവയൊക്കെ തുറന്നപ്പോൾ കണ്ട കാഴ്ചകൾ നിരാശാജനകമായിരുന്നു.

വംശീയത പോലെ തന്നെ ആശങ്കയുണ്ടാക്കുന്നവയാണ് കോവിഡ് കാലത്ത് നടന്നിട്ടുണ്ടെന്ന് കരുതപ്പെടുന്ന ചൂഷണങ്ങൾ. അതിൽ വാക്സിനുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഏറ്റവും ഭീകരമായി തോന്നിയിട്ടുള്ളത്.

മനുഷ്യനിർമിതമോ, അല്ലാത്തതോ ആയ ഒരു പ്രത്യേക സംഭവവും നീണ്ടുനിൽക്കുന്ന മാറ്റങ്ങൾക്ക് കാരണമായിട്ടുള്ള സന്ദർഭങ്ങൾ വളരെ കുറവാണ്. ഒരു ബിഗ്- ബാങ്ങോ മറ്റോ കാണുമായിരിക്കും. ക്രമാനുഗതമായി മാത്രമേ അത്തരം മാറ്റങ്ങൾ നടന്നിട്ടുള്ളൂ. പരിണമിച്ചുണ്ടാകണം, it should be evolved. എന്നാൽ പരിണാമം ഒരു നിഷ്‌ക്രിയ (passive) പ്രതിഭാസവുമല്ല. അതിന് ബോധപൂർവ ഇടപെടലുകൾ ആവശ്യമാണ്. അതുകൊണ്ടാണ് നമ്മൾ ഈ വിഷയം ചർച്ച ചെയ്യുന്നത്. വംശീയത പോലെ തന്നെ ആശങ്കയുണ്ടാക്കുന്നവയാണ് കോവിഡ് കാലത്ത് നടന്നിട്ടുണ്ടെന്ന് കരുതപ്പെടുന്ന ചൂഷണങ്ങൾ. അതിൽ വാക്സിനുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഏറ്റവും ഭീകരമായി തോന്നിയിട്ടുള്ളത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അമേരിക്കൻ പ്രസിഡൻറ്​ സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ട ബേണി സാൻഡേഴ്‌സിന്റെ ഒരു ട്വീറ്റ് ഉണ്ടായിരുന്നു. അതിൽ പറഞ്ഞിരിക്കുന്നത്, ഒമിക്രോൺ വകഭേദം ഉണ്ടായശേഷമുള്ള ഒരാഴ്ചയിൽ അമേരിക്കൻ വാക്‌സിൻ ഉത്പാദകരായ ഫൈസറിലും, മഡേർനയിലും വൻ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ സമ്പത്ത് ഏതാണ്ട് 10 ബില്യൺ വർദ്ധിച്ചു എന്നാണ്. 2020 വരെ നഷ്ടത്തിലായിരുന്ന മഡേർന ഒരു കൊല്ലം കൊണ്ടുണ്ടാക്കിയ ലാഭം ഏഴു ബില്യൺ ഡോളറാണ്. ഫൈസർ 2021 ൽ മാത്രം ഉണ്ടാക്കിയ ലാഭം 19 ബില്യൺ ഡോളറാണെന്ന് പറയപ്പെടുന്നു. ഒരു ബ്രിട്ടീഷ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത് ശരിയാണെങ്കിൽ, ഒരു തവണ ഉപയോഗിക്കാൻ വേണ്ട വാക്‌സിൻ ഉണ്ടാക്കാൻ ഫൈസർ കമ്പനിക്ക് വരുന്ന ഉത്പാദനച്ചെലവിനേക്കാൾ പല മടങ്ങ് വരുന്ന തുകക്കാണ് വാക്‌സിൻ വിൽക്കുന്നത്. മഡേർന സൗത്ത് ആഫ്രിക്കയോട് ആവശ്യപ്പെട്ടത് വാക്‌സിൻ ഒന്നിന് 40 ഡോളർ വെച്ചാണ്. വാക്‌സിൻ റിസർച്ചിനും, അതിന്റെ ഡെവലപ്മെ​ൻറിനും തങ്ങൾക്ക് ഭീമമായ തുക ചെലവു വന്നിട്ടുണ്ടെന്നാണ് ഈ കമ്പനികൾ വാദിക്കുന്നത്. എന്നാൽ അമേരിക്കൻ സർക്കാർ ഈ രണ്ട് കമ്പനികൾക്ക് ഏകദേശം മൂന്ന് ബില്യൺ ഡോളർ വീതമാണ് വാക്‌സിൻ സംബന്ധമായ ഗവേഷണങ്ങൾക്കും ചെലവുകൾക്കുമായി നൽകിയിട്ടുള്ളത്. യുറോപ്യൻ സർക്കാരുകൾ നൽകിയ സാമ്പത്തിക സഹായം ഇതിനുപുറമെയാണ്. ഈ രണ്ട് കമ്പനികളും വാക്സിൻ ഉണ്ടാക്കാനുള്ള അവകാശം (patent) അവർക്കായി മാത്രം കൈവശപ്പെടുത്തിയിരിക്കുന്നു. മഡേർന വാക്‌സിൻ വികസിപ്പിച്ചത്​ അമേരിക്കൻ സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്നാണ്. ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് ശാസ്ത്രജ്ഞർ വാക്സിൻ സംരംഭത്തിൽ പങ്കാളികളാണ്. പക്ഷെ പേറ്റൻറിനുള്ള നിയമപ്രക്രിയയിൽ മഡേർന ഈ ശാസ്ത്രജ്ഞരെ ഒഴിവാക്കി. കമ്പനിക്ക് മാത്രമായി വാക്‌സിന്റെ ഓണർഷിപ്പ് കിട്ടുന്നതിനുള്ള തന്ത്രമായിരുന്നു അത്. ഇതിനെതിരായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തുന്ന നിയമ നടപടികൾ എവിടെയും എത്തിയിട്ടില്ല. ഫൈസറാണെങ്കിൽ ബ്രിട്ടൻ അടക്കമുള്ള പല സർക്കാറുകളുമായും രഹസ്യകരാറിലാണ് ഏർപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് വിലയിലുണ്ടാകുന്ന മാറ്റങ്ങളും, തർക്കങ്ങളും പൊതുജനങ്ങളോ മാധ്യമങ്ങളോ അറിയാതെയായിരിക്കും കൈകാര്യം ചെയുന്നത്.

ആവർത്തിക്കപ്പെടുന്ന അനുഭവങ്ങൾ നിമിത്തം വാക്‌സിൻ പോലെയുള്ള പുതിയ ചികിത്സാ സമ്പ്രദായങ്ങളെ സംശയത്തോടെയാണ് ഒരു വലിയ വിഭാഗം ജനങ്ങൾ വീക്ഷിക്കുന്നത് .

ഈ ചൂഷണത്തിന് ഒരു മാറ്റമുണ്ടാകുമോ? അറിയില്ല എന്നുതന്നെ പറയേണ്ടി വരും. കാരണം, കോവിഡ് സമയത്ത് ഏറ്റവും ലാഭമുണ്ടാക്കിയ കമ്പനികൾ ഗൂഗിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്​റ്റ്​, ആമസോൺ, ടെസ്​ല എന്നിവയാണ്. ഈ കമ്പനികൾ തുടങ്ങിയവരൊക്കെ സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് വന്നവരാണ്. അവരാരും പരമ്പാഗതമായി ചൂഷകരായിരുന്നില്ല. പക്ഷെ, ലാഭമുണ്ടാക്കാൻ തുടങ്ങിയപ്പോൾ അവർ പഴയ ഫ്യൂഡൽ പ്രഭുക്കളെക്കാൾ ചൂഷണസ്വഭാവം കാണിക്കാൻ തുടങ്ങി. ഇന്ന് പല നാഷണൽ ഗവൺമെന്റുകളെക്കാളും ശക്തമായ നിലയിലാണവർ. സങ്കീർണമായ ഈ സാചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ നേരത്തെ പറഞ്ഞതുപോലെ, കോവിഡ് മൂലം മാറ്റങ്ങൾ ഉണ്ടാകുമോ എന്നത് കാത്തിരുന്നുമാത്രം കാണേണ്ട കാര്യമാണ്.

മെഡിക്കൽ പ്രൊഫഷനലിസം വലിയ മാറ്റങ്ങൾക്കുവിധേയമായ ഒരു കാലം കൂടിയാണ് കോവിഡ്- 19. എപ്പിഡെമിയോളജി, വൈറോളജി, പൊതുജനാരോഗ്യം, ഗവേഷണം എന്നീ മേഖലകളിൽ നടക്കുന്ന നവീകരണങ്ങളും ആരോഗ്യമേഖലയിലേക്കുള്ള ഫണ്ടിംഗും ഭരണകൂട ഇടപെടലുകളുമെല്ലാം, സിവിൽ സൊസൈറ്റിയുടെ കൂടി പ്രധാന അജണ്ടയായി മാറുകയാണ്. ആസ്‌ത്രേലിയയെപ്പോലൊരു രാജ്യത്ത് ദീർഘകാലമായി മെഡിക്കൽ പ്രൊഫഷനിൽ ഏർപ്പെടുന്ന വ്യക്തിയെന്ന നിലയ്ക്ക്, അവിടുത്തെ അനുഭവത്തിന്റെ കൂടി വെളിച്ചത്തിൽ, കോവിഡിനെപ്പോലുള്ള മഹാമാരി ഭീഷണി, ഭാവിയിലും നിലനിൽക്കുന്ന അവസ്ഥയിൽ, ഇന്ത്യയെപ്പോലെ, വ്യത്യസ്തവും വൈവിധ്യവുമാർന്ന പോപ്പുലേഷനുള്ള ഒരു ജനതക്കുവേണ്ടിയുള്ള മെഡിക്കൽ പ്രൊഫഷനലിസത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്?

കോവിഡിനെ അടിസ്ഥാനമാക്കി നൽകുന്ന ഏത് ഉത്തരവും പിന്നീട് തിരുത്തേണ്ടി വന്നേക്കാം. കാരണം സയൻസ് ഇപ്പോഴും കോവിഡിനെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്. ഇവിടെ പറയുന്ന കാര്യങ്ങൾക്കും ഈ സാദ്ധ്യത ബാധകമാണ്.

കോവിഡ് വന്നതിനുശേഷം ഏറെ പ്രചാരം കിട്ടിയ വാക്കുകളാണ് എപ്പിഡെമിക്കും, പാൻഡെമിക്കും. ഒരു രോഗത്തെ എപിഡെമിക് എന്നുപറയുന്നത്, അത് ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവനായി ബാധിക്കുമ്പോഴാണ്. ഒരു രോഗം ദേശങ്ങൾ കടന്ന് രാജ്യങ്ങളിലേക്കും വൻകരകളിലേക്കും പടരുമ്പോഴാണ് അത് പാൻഡെമിക് ആകുന്നത്.

ലോകത്ത് പാൻഡെമിക് ഉണ്ടാകുന്നത് ആദ്യമായിട്ടല്ല. 1918 ലുണ്ടായ ഇൻഫ്ളൂവൻസ പാൻഡെമിക് രണ്ട് വർഷത്തോളം നീണ്ടുനിന്നു. 50 കോടി ആളുകളെയാണ് രോഗം ബാധിച്ചത്. അഞ്ചു കോടിയിലധികം ആളുകളാണ് മരിച്ചത്. അമേരിക്കയിലെ കൻസാസ് നഗരത്തിലാണ് ഫ്‌ളൂ ആദ്യമുണ്ടായത്. സ്‌പെയിനാണ് രോഗത്തെ കുറിച്ചുള്ള വിവരങ്ങൾ ലോകത്തെ അറിയിച്ചത്. അന്ന് സ്‌പെയിൻ അമേരിക്കൻ സഖ്യരാജ്യമായിരുന്നില്ല. രോഗത്തിന്റെ ഉത്ഭവം സ്‌പെയിനിലാണെന്ന് പ്രചരിപ്പിച്ച അമേരിക്കൻ മാധ്യമങ്ങളാണ് അതിന് സ്പാനിഷ് ഫ്‌ളൂ എന്ന പേരിട്ടത്.

Photo: Nelson Antoine, shutterstock

1920 ഏപ്രിലോടെ രോഗം അപ്രത്യക്ഷമായി. രോഗത്തിന് കാരണമായ ഇൻഫ്ളൂവൻസ വൈറസ് ശക്തി കുറഞ്ഞ് സാധാരണ ഫ്‌ളൂ വൈറസായി രൂപാന്തരപ്പെടുകയാണുണ്ടായത്. ഈ സമയത്ത് വൈറസിനെ കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു. എന്നിരുന്നാലും ഇന്ന് സ്വീകരിച്ചിരിക്കുന്ന സാമൂഹിക അകലം, മാസ്‌ക്, ഹാൻഡ് വാഷിംഗ്, ലോക്ക്ഡൗൺ മുതലായ രോഗപ്രതിരോധ നടപടികൾ അന്നും സ്വീകരിച്ചിരുന്നു. വാക്‌സിനുവേണ്ടിയുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. ഇത്തരം നടപടികളോട് ഇന്നുള്ളതുപോലുള്ള സഹകരണവും, പ്രതിഷേധവും അന്നുമുണ്ടായിരുന്നു. ഡോക്ടർമാരും മറ്റു പ്രൊഫണൽസുമടക്കം 2000 ത്തോളം അംഗങ്ങളുണ്ടായിരുന്ന ആന്റി- മാസ്‌ക് ലീഗ് ആണ് നിയന്ത്രണങ്ങൾക്കെതിരെ സാൻഫ്രാൻസിസ്​കോയിൽ പ്രകടനവും സമരങ്ങളും നടത്തിയിരുന്നത്.

1951 ൽ പി എച്ച് ഡി സ്റ്റുഡൻറായിരുന്ന ജൊഹാൻ ഹക്‌സലിയാണ് അമേരിക്കയിലെ അലാസ്‌ക സംസ്ഥാനത്തെ ഒരു വില്ലേജിലെ കല്ലറ തുറന്ന് പാൻഡെമികിൽ മരിച്ച ഒരു കുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് 1918 ലെ വൈറസിനെ വീണ്ടെടുക്കാനുള്ള ശ്രമം ആദ്യമായി നടത്തിയത്. എന്നാൽ വൈറസിന്റെ ജനതികഘടന കണ്ടുപിടിക്കാൻ പിന്നെയും 46 വർഷങ്ങളെടുത്തു. 1997 ൽ ജെഫ്റി ടാബേൻബെർഗറിന്റെ പഠനങ്ങളിലാണ് ഇന്ന് കാണപ്പെടുന്ന ഇൻഫ്ളൂവൻസ വൈറസ് തന്നെയായിരുന്നു അന്നത്തെ പാൻഡെമിക്കിന് കാരണമെന്ന് തിരിച്ചറിഞ്ഞത്.

ഇൻഫ്ളൂവൻസ വൈറസും, ഇന്നത്തെ കോവിഡിന് കാരണമായ സാർസ് (SARS) വൈറസും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ ഉപരിതലത്തിൽ കാണുന്ന പ്രോട്ടീനുകളിലാണ്. ഇൻഫ്ളൂവൻസ വൈറസിൽ കാണുന്ന പ്രധാന പ്രോട്ടീനുകൾ ഹീമാഗ്ഗ്‌ലൂട്ടിനിനും (Hemagglutinin-H) ന്യൂറാമിനിഡെയ്‌സും (Neuraminidase N) ആണ്. സാർസ് വൈറസിൽ ഇത് പ്രോട്ടീൻ S ആണ്. രോഗതീവ്രതയും, സംക്രമണസ്വഭാവവും ഇത്തരം പ്രോട്ടീനുകളെ ആശ്രയിച്ചിരിക്കുന്നു.

വാക്‌സിനുകളടക്കമുള്ള പ്രതിരോധമാർഗ്ഗങ്ങളോട് ഉയർന്നു വന്ന എതിർപ്പുകളുടെ കാരണങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അതിലൊന്ന് തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് അടുത്ത കാലത്തുണ്ടായ കുതിപ്പാണ്.

ഇൻഫ്ളൂവൻസ വൈറസ് തന്നെ എ, ബി, സി, ഡി എന്നീ നാല് തരമുണ്ട്. അതിൽ ഇൻഫ്ളൂവൻസ- എ ആണ് മനുഷ്യരിൽ കൂടുതലും രോഗകാരണമാകുന്നത്. ഇൻഫ്ളൂവൻസ- എ വൈറസുകളിൽ തന്നെ ഉപരിതല പ്രോട്ടീനുകളുടെ ഘടനയനുസരിച്ച് ഉപവിഭാഗങ്ങളുണ്ട്. 18 തരം H പ്രോട്ടീനുകളും (H1-18), 11 തരം N പ്രോട്ടീനുകളുമാണ് (N1-11) ഇതുവരെ കണ്ടത്തിയിട്ടുള്ളത്. 1918 ലെ പാൻഡെമിക്കിന് കാരണമായത് H1N1 വിഭാഗത്തിൽ പെട്ട ഇൻഫ്ളൂവൻസ- എ ആണ്.

1920 നു ശേഷം ഈ വൈറസുകൾ ജലദോഷവും, പനിയും മാത്രമേ സാധാരണ ഉണ്ടാക്കാറുളളൂ. അപൂർവമായി മാത്രമാണ് മരണകാരണമാകുന്ന നിലയിൽ രോഗതീവ്രത സംഭവിക്കുന്നത്. എന്നാൽ ഈ വൈറസുകൾ എപ്പോഴെങ്കിലും മറ്റു ജീവികളിൽ രോഗകാരണമാകാതെ നിശബ്ദമായി കഴിയുന്ന വൈറസുകളുമായി സമ്പർക്കത്തിൽ വന്നാൽ ജനിതക കൈമാറ്റം നടക്കുകയും പുതിയ വകഭേദങ്ങൾ ഉണ്ടാവുകയും ചെയുന്നു.

പിന്നീടുണ്ടായ പാൻഡെമിക്കുകളിൽ പ്രധാനപ്പെട്ടവ, 1957ലെ പക്ഷികളിൽ നിന്നുണ്ടായ H2N2 പാൻഡെമിക് അഥവാ ഏഷ്യൻ ഫ്‌ളൂ (0.4-1.5 മില്യൺ മരണങ്ങൾ) 1968ലെ H3N2 പാൻഡെമിക് അഥവാ ഹോങ്കോങ് ഫ്‌ളൂ (1- 4 മില്യൺ മരണങ്ങൾ), 2009ലെ പുതിയ തരം H1N1 പാൻഡെമിക് അഥവാ പന്നിപ്പനി (Swine flu 0.2-0.4 മില്യൺ മരണങ്ങൾ ) എന്നിവയാണ്. ഇവയെല്ലാം 1918 വൈറസിന്റെ വകഭേദങ്ങളിൽ നിന്നുണ്ടായതാണ്.

സാർസ് വൈറസ് മൂലം ആദ്യമായി രോഗമുണ്ടാകുന്നത് 2002ൽ ചൈനയിലാണ്. പിന്നീട് ഇതിന്റെ മദ്ധ്യപൂർവേഷ്യൻ വകഭേദം സൗദി അറേബ്യയിൽ 2012ൽ രോഗകാരണമായി. ചൈനയിലേത് വവ്വാലിൽ നിന്നും, സൗദിയിലേത് ഒട്ടകങ്ങളിൽ നിന്നുമാണ് മനുഷ്യനിലേക്ക് വന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സാർസിന്റെ 2019 എഡീഷൻ ആണ് ഇപ്പോഴുണ്ടായ പാൻഡെമിക്കിന് കാരണം.

മേൽപ്പറഞ്ഞവയിൽ നിന്ന് നിന്ന് തീർത്തും വ്യത്യസ്തമായ വൈറസുകളാണ് വവ്വാലിൽ നിന്ന് വരുന്ന നിപ്പയും കുതിരകളിൽ നിന്ന് വരുന്ന ഹേന്ദ്ര വൈറസും. ഇവ മാരകമായ രോഗത്തിന് കാരണമാകുമെങ്കിലും വ്യാപനശേഷി മറ്റുള്ളവയെ അപേക്ഷിച്ച് കുറവാണ്.

Photo : pexels.com

1920 നു ശേഷം 10 മുതൽ 20 വർഷം വരെയുള്ള ഇടവേളകളിൽ തീവ്രത കൂടിയതും കുറഞ്ഞതുമായ വൈറസുകൾ മൂലമുള്ള പാൻഡെമിക്കുകൾ ഉണ്ടായിട്ടുണ്ട്. ഈ വൈറസുകളുടെയെല്ലാം ഉത്ഭവം പക്ഷികളോ മൃഗങ്ങളോ ആണ്. മറ്റു ജീവികളിൽ നിന്ന് മനുഷ്യനിലേക്കെത്തുന്ന രോഗങ്ങളെ ജന്തുജന്യരോഗങ്ങൾ (Zoonoses) എന്നാണ് പറയുന്നത്. ഇത്തരം രോഗങ്ങൾ വർദ്ധിക്കുന്നതിന് കണ്ടെത്തിയിട്ടുള്ള കാരണങ്ങൾ കാലാവസ്ഥ വ്യതിയാനം, മറ്റ് ജീവികളുടെ ആവാസ്ഥ കേന്ദ്രങ്ങളിലോട്ടുള്ള മനുഷ്യന്റെ കടന്നുകയറ്റം, പാരിസ്ഥിതികാഘാതം, മലിനീകരണം, ജൈവവൈവിധ്യം കണക്കിലെടുക്കാതെയുള്ള കൃഷിരീതികൾ എന്നിവയാണ്. പാൻഡെമിക്കുകളുടെ പ്രതിരോധത്തിന് ഇത്തരം കാര്യങ്ങൾ കൂടി ഡോക്ടർമാരുടെ വരുകാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടിവരും. ആരോഗ്യം ഇന്ന് ബയോളജിക്കൽ തലത്തിലാണ് പ്രധാനമായും കണക്കാക്കപ്പെടുന്നത്. ആരോഗ്യത്തിന്റെ സാമൂഹിക- രാഷ്ട്രീയ തലങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു.

പാൻഡെമിക്ക് ഉണ്ടായിക്കഴിഞ്ഞാൽ സ്വീകരിക്കാൻ പറ്റുന്ന പ്രതിരോധ മാർഗ്ഗങ്ങളിലൊന്നാണ് വാക്‌സിനുകൾ. വാക്‌സിനുകളടക്കമുള്ള പ്രതിരോധമാർഗ്ഗങ്ങളോട് ഉയർന്നു വന്ന എതിർപ്പുകളുടെ കാരണങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അതിലൊന്ന് തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് അടുത്ത കാലത്തുണ്ടായ കുതിപ്പാണ്. സമൂഹത്തിനോടുള്ള ഉത്തരവാദിത്തത്തിനപ്പുറം തീർത്തും സ്വാർത്ഥമായ അജണ്ടകൾ വെച്ചുള്ള രാഷ്ട്രീയത്തിന് വീറും വിഷവും ഏറിയത് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായശേഷമാണ്. ഈ രാഷ്ട്രീയത്തെ മെഡിക്കൽ രംഗത്തുള്ളവർ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ആശയവിനിമയത്തിൽ സർക്കാരുകളുടെയും, ആരോഗ്യപ്രവർത്തകരുടെയും ഭാഗത്ത് നിന്നുണ്ടായ പിഴവുകൾ 1918 ലെ പാൻഡെമിക് കാലത്തേതുപോലെ തന്നെ ഈ ആധുനിക കാലഘട്ടത്തിലും ആവർത്തിക്കപ്പെടുന്നു.

കഴിഞ്ഞ ഏപ്രിലിലിലെ കണക്കനുസരിച്ച് ബ്രിട്ടനിലെ ആഫ്രിക്കൻ വംശജരിൽ 64 ശതമാനം മാത്രമേ വാക്‌സിൻ എടുത്തിട്ടുള്ളൂ. ഇതിന് കാരണമായി പറയുന്നത് അവർക്ക് സിസ്റ്റത്തിലുള്ള വിശ്വാസക്കുറവാണ്. മുൻകാലത്ത് യാതൊരു നൈതികതയും ഇല്ലാതെ നടത്തിയ മരുന്ന് പരീക്ഷണങ്ങളും (unethical medical experiments), മെഡിക്കൽ രംഗത്ത് നടക്കുന്ന വിവേചനങ്ങളും അവരിൽ ഭയപ്പെടുത്തുന്ന ഓർമകളായി നിലകൊള്ളുന്നു. 1996 ൽ നൈജീരിയയിൽ നടന്ന ഡ്രഗ് ട്രയലിൽ ഏതാണ്ട് പതിനൊന്ന് കുട്ടികളാണ് മരിച്ചത്​. 1990 കളിൽ സിംബാംവെയിൽ എയ്ഡ്‌സിനെതിരായുള്ള മരുന്ന് പരീക്ഷിച്ചതിലുണ്ടായ ക്രമക്കേടുകൾ മൂലം ആയിരത്തോളം നവജാതശിശുക്കളിൽ എയ്ഡ്സ് രോഗമുണ്ടായി. ഹാരിയറ്റ് വാഷിങ്ടൺ തന്റെ ‘മെഡിക്കൽ അപ്പാർത്തിഡ്’ എന്ന പുസ്തകത്തിൽ കോളോണിയൽ കാലഘട്ടം മുതലിങ്ങോട്ട് ആഫ്രിക്കൻ ജനങ്ങളിൽ നടത്തിയ മെഡിക്കൽ പരീക്ഷണങ്ങളുടെ ഇരുണ്ട ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഗവൺമെന്റുകളും, മൾട്ടി നാഷണൽ കമ്പനികളും പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിലും, സാമ്പത്തിക- രാഷ്ട്രീയകാര്യങ്ങളിലും നടത്തുന്ന ജനവിരുദ്ധമായ ഇടപെടലുകൾ അധികാര കേന്ദ്രങ്ങളുടെ വിശാസ്യത നഷ്ടപ്പെടാൻ കാരണമാക്കിയിട്ടുണ്ട്. ഇത്തരം ആവർത്തിക്കപ്പെടുന്ന അനുഭവങ്ങൾ നിമിത്തം വാക്‌സിൻ പോലെയുള്ള പുതിയ ചികിത്സാ സമ്പ്രദായങ്ങളെ സംശയത്തോടെയാണ് ഒരു വലിയ വിഭാഗം ജനങ്ങൾ വീക്ഷിക്കുന്നത് .

മറ്റൊന്ന് ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും, രോഗപ്രതിരോധ നടപടികളെ കുറിച്ചും വിവിധ ജനവിഭാഗങ്ങളിൽ നിലനിൽക്കുന്ന അറിവില്ലായ്മയാണ്. ആശയവിനിമയത്തിൽ സർക്കാരുകളുടെയും, ആരോഗ്യപ്രവർത്തകരുടെയും ഭാഗത്ത് നിന്നുണ്ടായ പിഴവുകൾ 1918 ലെ പാൻഡെമിക് കാലത്തേതുപോലെ തന്നെ ഈ ആധുനിക കാലഘട്ടത്തിലും ആവർത്തിക്കപ്പെടുന്നു. ഇത്തരം പ്രശ്‌നങ്ങളെ ഏറ്റെടുക്കാനും പരിഹാരം കാണാനും മെഡിക്കൽ പ്രൊഫഷൻ തയ്യാറാകേണ്ടതുണ്ട്.

ആസ്ട്രേലിയൻ അനുഭവം കൂടി പരാമർശിക്കാം. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ആസ്ട്രേലിയയെ സഹായിച്ചിട്ടുള്ള രണ്ട് കാര്യങ്ങൾ, പ്രാഥമികാരോഗ്യസംരക്ഷണത്തിൽ (Primary health care) കൈവരിച്ച ഗണ്യമായ പുരോഗതിയും, സാർവത്രികമായ സൗജന്യ ആരോഗ്യ പരിരക്ഷയും (Universal free health coverage) ആണ്. ദേശം ഏതുമാകട്ടെ അത്തരമൊരു ആരോഗ്യനയം പാൻഡെമിക്കുകൾ പോലുള്ള പ്രതിസന്ധികളെ മറികടക്കാൻ അത്യന്താപേക്ഷിതമാണ്. ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments