ബി. ഇക്ബാൽ

കോവിഡ്​: സർക്കാർ നടപടികൾക്ക്​
​ശാസ്​ത്രീയ നീതീകരണം വേണം

പൊതുതെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാൻ പോകുന്ന ഒരു സർക്കാറിനെ സംബന്ധിച്ച് മഹാമാരി വ്യാപിക്കുന്നത് ഒരു അനുകൂല സാഹചര്യമായിരിക്കുകയില്ലല്ലോ. അതുകൊണ്ടുകൂടി സർക്കാർ മുൻകരുതലെടുക്കുന്നതാകാം. കോവിഡ് വ്യാപനം തടയാൻ ഒന്നും ചെയ്തില്ല എന്ന ആരോപണം വീണ്ടും വരുന്നതിനെ സർക്കാർ ഭയക്കുന്നുണ്ടായിരിക്കാം. എങ്കിലും സർക്കാർ സ്വീകരിക്കുന്ന ഏത് നടപടിക്കും ശാസ്​ത്രീയ നീതീകരണമുണ്ടോ എന്ന് നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കണം.

കെ. കണ്ണൻ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ആശുപത്രികളിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്​. രാജ്യത്തെങ്ങും ജാഗ്രത പുലർത്തേണ്ട വിധത്തിലുള്ള ആശങ്കാജനകമായ സാഹചര്യം നിലവിലുണ്ടോ?

ഡോ. ബി. ഇക്​ബാൽ: ഇപ്പോൾ ഇന്ത്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന കോവിഡ് വ്യാപനം തീരെ അപ്രതീക്ഷിതമല്ല. മഹാമാരികളെയും പകർച്ചവ്യാധികളെയും പല രീതിയിലാണ് നമ്മൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. ഒന്നുകിൽ മഹാമാരി സമൂഹത്തിൽ മൊത്തത്തിൽ വ്യാപിച്ച് സാമൂഹിക പ്രതിരോധശേഷിയാർജിച്ച് നിയന്ത്രണവിധേയമാവാം. അല്ലെങ്കിൽ ഈ അവസ്ഥ, വാക്‌സിനേഷനിലൂടെ കൃത്രിമമായി ഉണ്ടാക്കാം. അല്ലെങ്കിൽ; മാസ്‌ക് ധരിക്കുക, ശരീരദൂരം പാലിക്കുക തുടങ്ങി ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ കൊണ്ടും ഒരു പരിധിവരെ പ്രതിരോധിക്കാം.

കേരളത്തിന് മുന്നോട്ടുപോകണമെങ്കിൽ രോഗാതുരത കുറച്ചേ പറ്റൂ. രോഗങ്ങൾ പൂർണമായി ഇല്ലാതാക്കണം എന്നല്ല പറയുന്നത്. എന്നാൽ ഉചിതമായ ചികിത്സയിലൂടെ അവ ഗുരുതരമാവുന്നത് തടയാൻ കഴിയും.

മനുഷ്യശരീരത്തിൽ മാത്രം നിലനിൽക്കുന്ന രോഗാണുവിനെ മാത്രമേ വാക്സിൻ വഴി പൂർണമായും നിർമാർജനം ചെയ്യാനാകൂ. മനുഷ്യർ മാത്രം സ്ഥിര ആതിഥേയരായിട്ടുള്ള (Definitive Hosts) വൈറസുകളാണ് വസൂരി, പോളിയോ വൈറസുകൾ. അതുകൊണ്ടാണ് 1980-ഓടെ വസൂരി പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞത്. പോളിയോ ഇപ്പോൾ അഫ്ഗാനിസ്ഥാൻ, പാക്കിസ്താൻ അതിർത്തിയിൽ മാത്രമേയുള്ളൂ, അത് ഉടൻ നിർമാർജനം ചെയ്യപ്പെടും. പക്ഷെ, മറ്റുള്ള മഹാമാരികളുടെ കാര്യത്തിൽ, അവ ലോകമാകെ ഒന്നിച്ച് വ്യാപിക്കുന്ന പാൻഡമിക് സ്വഭാവം വിട്ടാലും സമൂഹത്തിൽ എൻഡമിക് ആയി, അതായത്, പ്രദേശിക രോഗമായി നിലനിൽക്കും. അതുകൊണ്ടുതന്നെ, മഹാമാരികളുടെ രൂപത്തിൽ വന്ന മറ്റ് രോഗാണുക്കളെല്ലാം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അവ ഇടക്കിടക്ക് പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കും.

1918 -ൽ ഫ്ലൂ വൈറസ് ബാധിച്ച് ഹൂസ്​റ്റണിലുള്ള കൻസാസിലെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയവർ / Photo : Wikimedia Commons

ഉദാഹരണത്തിന് ഫ്ലൂ രണ്ടാം ലോകമഹായുദ്ധകാലത്ത് വ്യാപിച്ച്​, 2009-ൽ വീണ്ടും വന്നു. ഫ്ലൂ വൈറസിന്റെ പലതരം വകഭേദങ്ങൾ- എച്ച് വൺ എൻ വൺ, എച്ച്-3 എൻ- 2- എന്നിവ കേരളത്തിൽ പോലും നിലനിൽക്കുന്നുണ്ട്. ഇവക്ക് വാക്സിനുണ്ട്. രോഗാണുവിന്റെ ജനിതകമാറ്റം കണക്കിലെടുത്ത് ഓരോ വർഷവും പുതിയ വാക്‌സിൻ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ചികിത്സിക്കാനുള്ള ആന്റി വൈറലുമുണ്ട്. പ്ലേഗ് പോലുള്ള രോഗങ്ങൾ പോലും അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇപ്പോഴും ഇടക്ക് പ്രത്യക്ഷപ്പെടാറുണ്ട്. കോളറ മൂലം കേരളത്തിൽ ആളുകൾ മരിക്കാറുണ്ട്. മഹാമാരികൾ പോയാലും പ്രാദേശികമായ അനുകൂല സാഹചര്യങ്ങളിൽ അവ തലപൊക്കാം.

ആദ്യമായി പ്രത്യക്ഷപ്പെട്ട വൈറസിനുവേണ്ടി നിർമിച്ച വാക്സിനാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പിന്നീടുണ്ടായ വകഭേദങ്ങളെ ഉൾക്കൊള്ളിച്ച് പുതിയ വാക്സിനുണ്ടാക്കിയിട്ടില്ല.

കോവിഡിനെ കാര്യത്തിലുള്ള ഒരു പ്രശ്നം, പുതിയ വകഭേദങ്ങൾ ആവിർഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. ആർ.എൻ.എ വൈറസ് ആയതുകൊണ്ട് അതിന്റെ ജനിതകഘടനയിൽ മാറ്റം വന്നുകൊണ്ടിരിക്കും. അതുതന്നെയും വൈറസിന്റെ ജീവശാസ്ത്രപരമായ പരിണാമത്തിന്റെ ഭാഗമായി വരുന്നതാണ്. കാരണം, വൈറസിനെ സംബന്ധിച്ച് അതിന്റെ ആതിഥേയരെ പൂർണമായും നശിപ്പിക്കുന്നത് അവയുടെ നിലനിൽപ്പിന് നല്ലതല്ല. അങ്ങനെ വന്നാൽ വൈറസിന്റെ നിലനില്പും അപകടത്തിലാവും. നിരന്തരം, മറ്റു ജീവജാലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുക എന്നതാണ് വൈറസുകളുടെ നിലനിൽപ്പിനാവശ്യം. ഇതാണ് അവയുടെ ജീവശാസ്ത്രപരമായ ആവശ്യം. അതനുസരിച്ച് കോവിഡ് വൈറസിന്റെ വകഭേദങ്ങൾ നോക്കിയാൽ, അവയുടെ വ്യാപനനിരക്ക് (Infectivity) കൂടുന്നതും രോഗതീവ്രത (Virulence) കുറയുന്നതും കാണാൻ കഴിയും. വ്യാപനനിരക്ക് ഏറെയുള്ള വൈറസാണ് ഒമിക്രോൺ വകഭേദം. അതിന്റെ ഉപവിഭാഗങ്ങൾ (Lineages) ഉണ്ടായിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് കോവിഡ് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യമായി പ്രത്യക്ഷപ്പെട്ട വൈറസിനുവേണ്ടി നിർമിച്ച വാക്സിനാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പിന്നീടുണ്ടായ വകഭേദങ്ങളെ ഉൾക്കൊള്ളിച്ച് പുതിയ വാക്സിനുണ്ടാക്കിയിട്ടില്ല. ഫ്ലൂവിന്റെ കാര്യത്തിൽ തന്നെ ഓരോ വർഷവും പുതിയ വാക്സിനാണ് മാർക്കറ്റ് ചെയ്യുന്നത്. ഒരു വർഷത്തിനിടയിലുണ്ടായ ജനികത വകഭേദങ്ങൾ കണക്കിലെടുത്ത് പുതിയ വാക്സിനുണ്ടാക്കുകയാണ് ചെയ്യുന്നത്. വടക്കൻ ഭൂഖണ്ഡത്തിനും തെക്കൻ ഭൂഖണ്ഡത്തിനും രണ്ടുതരം ഫ്ലൂ വാക്സിനാണ് മാർക്കറ്റ് ചെയ്യുന്നത്. കോവിഡിന്റെ കാര്യത്തിലും എല്ലാ വകഭേദങ്ങളും ഉൾകൊള്ളുന്ന വാക്‌സിൻ നിർമിക്കാൻ ശ്രമിച്ച് വരികയാണ്. അത്തരത്തിലുള്ള വാക്‌സിൻ വന്നാൽ രോഗവ്യാപനം തടയാൻ കഴിയും. ചിലപ്പോൾ വർഷംതോറും ജനിതക മാറ്റം കണക്കിലെടുത്ത് പുതിയ വാക്‌സിൻ നിർമിക്കേണ്ടിവന്നേക്കാം.

കോവിഡ് ബാധിച്ച് മരിക്കുന്നവർ ആയുർദൈർഘ്യം കൂടിയവരും ഗുരുതര രോഗങ്ങളുള്ളവരുമായതിനാൽ, മരണം സമൂഹത്തിൽ ഒരു പ്രശ്‌നമായി കണക്കാക്കപ്പെടുന്നില്ല. ഇതെല്ലാം മൂലം രോഗത്തെക്കുറിച്ച് ആളുകൾക്കിടയിലുണ്ടായിരുന്ന ഗൗരവ സമീപനം ഇല്ലാതായി.

ഇപ്പോൾ കോവിഡ് വ്യാപിക്കുന്നതിന് മറ്റു ചില കാരണങ്ങളുണ്ട്. വ്യാപനനിരക്ക് കൂടുതലുള്ള വകഭേദങ്ങൾ നിലനിൽക്കുമ്പോൾ ജീവിതരീതിയിലെ ക്രമീകരണങ്ങളിൽ നിന്ന്​ സമൂഹം പുറകോട്ടുപോയികൊണ്ടിരിക്കയാണ്. മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മൂന്നാമത്തെ ഡോസ് വാക്‌സിൻ പലരും എടുത്തിട്ടില്ല. മൂന്നാമത്തെ ഡോസ് എടുത്താലും രോഗം വരുമെങ്കിലും തീവ്രത വളരെ കുറവായിരിക്കും. കോവിഡ് ബാധിച്ച് മരിക്കുന്നവർ ആയുർദൈർഘ്യം കൂടിയവരും ഗുരുതര രോഗങ്ങളുള്ളവരുമായതിനാൽ, മരണം സമൂഹത്തിൽ ഒരു പ്രശ്‌നമായി കണക്കാക്കപ്പെടുന്നില്ല. ഇതെല്ലാം മൂലം രോഗത്തെക്കുറിച്ച് ആളുകൾക്കിടയിലുണ്ടായിരുന്ന ഗൗരവ സമീപനം ഇല്ലാതായി. ഇന്ത്യയിൽ ധാരാളം ആൾക്കൂട്ട സന്ദർഭങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രോഗം വ്യാപിക്കാനുള്ള സാധ്യതകളാണിവയെല്ലാം.

Photo : Ritayan Mukherjee, PARI

എന്നാൽ, ഇന്ത്യയുടെ മൊത്തം ജനസംഖ്യ എടുത്താൽ, ഇപ്പോഴുണ്ടായ വ്യാപനം മഹാമാരി എന്ന നിലയിൽ നിന്ന്​ കോവിഡ് ഒരു എൻഡമിക്ക് രോഗമായി മാറുന്ന സാഹചര്യം പരിഗണിക്കുമ്പോൾ അമിതമായി ഭയപ്പെടേണ്ട ഒന്നല്ല. എങ്കിലും, സർക്കാറിന്റെ ഭാഗത്തുനിന്ന് സുരക്ഷക്കായി പ്രതിരോധ നടപടികളെടുക്കുന്നതിൽ തെറ്റില്ല. പക്ഷെ, അമിതമായി ഭയപ്പെടേണ്ട തരത്തിൽ വ്യാപനത്തിലേക്ക് ഇപ്പോൾ എത്തിയിട്ടില്ല. പ്രതീക്ഷിക്കാവുന്നവർധനയേ ഉണ്ടായിട്ടുള്ളൂ.

കേരളത്തെ സംബന്ധിച്ച്, മറ്റ് സംസ്ഥാനങ്ങളേക്കാൾ നേട്ടവുമുണ്ട്, ഒപ്പം, വെല്ലുവിളികളുമുണ്ട്. ഒന്ന്, മരണമടയാൻ സാധ്യതയുള്ള രോഗാതുരത കൂടുതലുള്ള ജനവിഭാഗള്ളവരും ആയുർദൈർഘ്യം ഉയർന്നവരുംകേരളത്തിൽ കൂടുതലാണ്. 60 വയസ്സിനുമുകളിലുള്ളവരുടെ എണ്ണം ഏതാണ്ട് 20 ശതമാനത്തിനടുത്ത് എത്താറായി. പ്രമേഹം, കാൻസർ, ശ്വാസകോശ രോഗങ്ങൾ, രക്താതിമർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങൾ വളരെ കൂടുതലാണ് കേരളത്തിൽ.

കേരളം കോവിഡ് നിയന്ത്രണത്തിൽ വിജയിച്ച ഒരു സംസ്ഥാനമാണല്ലോ. എന്നാൽ, കേരളത്തിൽ കേസുകൾ കൂടുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. അത് കുറെയൊക്കെ ശരിയുമാണ്. എന്നാൽ, അമിത വർധനയുണ്ടായിട്ടില്ല.

കേരളത്തിലെ ജനസാന്ദ്രത ഇന്ത്യയിലേതിനേക്കാൾ നാലിരട്ടിയാണ്. സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള ആളുകളുടെ നീക്കങ്ങൾ (Mobility) വളരെ കൂടുതലാണ്. പുറത്തേക്കും അകത്തേക്കും പോകുന്നവരുടെയും ജില്ലകൾക്കിടക്ക് സഞ്ചരിക്കുന്നവരുടെയും എണ്ണം കൂടുതലാണ്. രാഷ്ടീയ യോഗങ്ങൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയ ആൾക്കൂട്ട സന്ദർഭങ്ങൾ ഏറ്റവും കുടുതലുള്ളത് കേരളത്തിലാണ്. (കുറെയെല്ലാം നമ്മുടെ സാംസ്‌കാരിക-രാഷ്ടീയ വളർച്ചയുടെ കൂടി സൂചനകളുമാണ്​). ഇത്തരം സാഹചര്യങ്ങളുള്ള ഒരു സംസ്ഥാനത്ത് എൻഡമിക് രൂപത്തിലാണെങ്കിലും രോഗം നിലനിൽക്കുമ്പോൾ അതിന്റെ പ്രത്യാഘാതം വളരെ കൂടുതലായിരിക്കും. കോവിഡ് മാത്രമല്ല, ഫ്ലൂ അടക്കം ഏത് രോഗത്തിന്റെ കാര്യത്തിലും ഇത് സംഭവിക്കും.

കേരളം കോവിഡ് നിയന്ത്രണത്തിൽ വിജയിച്ച ഒരു സംസ്ഥാനമാണല്ലോ. എന്നാൽ, കേരളത്തിൽ കേസുകൾ കൂടുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. അത് കുറെയൊക്കെ ശരിയുമാണ്. എന്നാൽ, അമിത വർധനയുണ്ടായിട്ടില്ല എന്നാണ് കോവിഡ് ചികിത്സാരംഗത്തുള്ള വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഏതുതരം പൊതുജനാരോഗ്യ പ്രശ്നങ്ങളുണ്ടാകുമ്പോഴും ചില പെരുമാറ്റ രീതികൾ നമ്മൾ ഉൾക്കൊള്ളുകയും നിലനിർത്തുകയും ചെയ്യണം. കൈ വൃത്തിയായി എങ്ങനെ കഴുകണം എന്ന് കോവിഡ് കാലത്താണല്ലോ പഠിച്ചത്. കോവിഡ് തടയാൻ മാത്രമല്ല, വയറിളക്ക രോഗങ്ങൾ തടയാനും ഇത് സഹായിക്കും. യഥാർഥത്തിൽ കേരളീയരുടെ സ്വഭാവത്തിന്റെ ഭാഗമാകേണ്ട ഒന്നാണ്, മാസ്‌ക് ധരിക്കുക എന്നത്. പല കാരണങ്ങൾ കൊണ്ടാണ് ഇത് പറയുന്നത്. കോവിഡിനെതിരെ മാത്രമല്ല, വായുവിലൂടെ പകരുന്ന, ഫ്ലൂ പോലുള്ള രോഗങ്ങൾ കേരളത്തിൽ കൂടുതലാണ്. അത് തടയാൻ കഴിയും. പൊടിപടലങ്ങളും അന്തരീക്ഷ മലിനീകരണവും ഏറെയുള്ള സംസ്ഥാനം കൂടിയാണ് കേരളം. നമ്മുടെ ആളുകൾക്ക് ധാരാളം ശ്വാസകോശ രോഗങ്ങളുണ്ട്. ഇവയിൽനിന്ന് രക്ഷപ്പെടാൻ കഴിയും. എന്റെ കാര്യം പറയാം. ആസ്തമയുള്ളതുകൊണ്ട്, റോഡിലേക്കിറങ്ങിയാൽ ഞാൻ മാസ്‌കിടും. അതുകൊണ്ട് എനിക്ക് വലിയ ആശ്വാസമുണ്ടായിട്ടുണ്ട്. നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാക്കണം മാസ്‌ക്.

ചികിത്സാസൗകര്യങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും പലരോഗങ്ങളും കേരളത്തിൽ വേണ്ടത്ര നിയന്ത്രിക്കപ്പെടുന്നില്ല. ഒരു പഠനം സൂചിപ്പിക്കുന്നത്, 20 ശതമാനം പേർക്കേ കേരളത്തിൽ പ്രമേഹം നിയന്ത്രിതമായിട്ടുള്ളൂ എന്നാണ്. ഇക്കാര്യത്തിൽ, നമുക്ക് തികഞ്ഞ അശ്രദ്ധയുണ്ട്.

മറ്റൊന്ന്, കേരളത്തിന് മുന്നോട്ടുപോകണമെങ്കിൽ രോഗാതുരത കുറച്ചേ പറ്റൂ. രോഗങ്ങൾ പൂർണമായി ഇല്ലാതാക്കണം എന്നല്ല പറയുന്നത്. എന്നാൽ ഉചിതമായ ചികിത്സയിലൂടെ അവ ഗുരുതരമാവുന്നത് തടയാൻ കഴിയും. പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശരോഗങ്ങൾ എന്നിവ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ വളരെയേറെ വർധിച്ചിട്ടുണ്ട് കേരളത്തിൽ. മുമ്പ് സർക്കാർ ആശുപത്രികളിൽനിന്ന് ജീവിതശൈലീ രോഗങ്ങൾക്ക് ഒരാഴ്ചത്തെ മരുന്നേ കൊടുക്കാറുള്ളൂ. ഇപ്പോൾ, ഒരു മാസത്തെ മരുന്ന് നൽകിവരുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ജീവിതശൈലി രോഗത്തിനും ശ്വാസകോശ രോഗങ്ങൾക്കും പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചിട്ടൂണ്ട്.

Photo : Binu Sekhar

2000-ൽ ആസ്ത്മക്ക് സ്വകാര്യ ആശുപത്രിയിൽനിന്നാണ് ഞാൻ നെബുലൈസേഷൻ എടുത്തത്. ഇപ്പോൾ പി.എച്ച്.സി തലത്തിൽ നെബുലൈസേഷൻ നൽകുന്നുണ്ട്. എന്നാൽ ഇത്രയൊക്കെ ചികിത്സാസൗകര്യങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും പലരോഗങ്ങളും കേരളത്തിൽ വേണ്ടത്ര നിയന്ത്രിക്കപ്പെടുന്നില്ല. ഒരു പഠനം സൂചിപ്പിക്കുന്നത്, 20 ശതമാനം പേർക്കേ കേരളത്തിൽ പ്രമേഹം നിയന്ത്രിതമായിട്ടുള്ളൂ എന്നാണ്. ഇക്കാര്യത്തിൽ, നമുക്ക് തികഞ്ഞ അശ്രദ്ധയുണ്ട്. ദീർഘസ്ഥായിയായ രോഗങ്ങളുടെ കാര്യത്തിൽ അവശ്യനുസരണം മരുന്നുകഴിക്കുക, സ്ഥിരമായി ഡോക്ടർമാരെ കണ്ടുകൊണ്ടിരിക്കുക തുടങ്ങിയ ശീലങ്ങൾ മലയാളിക്കൾക്കില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. കേരളത്തിന് ഇനി മുന്നോട്ടുപോകണമെന്നുണ്ടെങ്കിൽ രോഗാതുരത കുറയ്ക്കുകയും നിയന്ത്രിക്കുകയും വേണം. അല്ലെങ്കിൽ കോവിഡ്, ഫ്ലൂ തുടങ്ങി ഏത് പകർച്ചവ്യാധികൾ വ്യാപിക്കുമ്പോഴും മരണസാധ്യത വർധിച്ചിരിക്കും.

​കോവിഡ്​ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ സർക്കാറിനെതിരായ പ്രതിഷേധങ്ങളെ നേരിടാൻ പോലും കോവിഡ് നിയന്ത്രണ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തിയിരുന്നു. ഈയിടെ, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമയത്ത്​, കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തപക്ഷം യാത്ര നിർത്തിവക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി തന്നെയാണ്​ ആവശ്യപ്പെട്ടത്​. സർക്കാറിന്റെ അമിതാധികാരപ്രയോഗത്തിന് യോജിക്കുന്നവിധത്തിലുള്ള പ്രോട്ടോക്കോളുകൾ നടപ്പാക്കാൻ ശ്രമമുണ്ടെന്നാണ്​ ഇത്​ സൂചിപ്പിക്കുന്നത്​. ഇത്തരമൊരു സാഹചര്യത്തിൽ, ആദ്യ രണ്ടു ഘട്ടങ്ങളിലെ പ്രതിരോധ സംവിധാനങ്ങൾ അതേപടി ഇന്ത്യയിൽ പ്രയോഗിക്കാൻ കഴിയുമോ? പ്രത്യേകിച്ച് അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ, കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധ- നിയന്ത്രണ സംവിധാനങ്ങൾ എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങൾക്കനുസൃതമായി നവീകരിക്കാനാകുക?

ഏതു രോഗവും, സങ്കുചിതമായ രാഷ്ട്രീയ- സാമ്പത്തിക താൽപര്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യപ്പെടാം എന്നതിൽ സംശയമില്ല. എന്നാൽ വസ്തുനിഷ്ഠമായ സ്ഥിതിഗതികൾ പരിശോധിച്ച് ശാസ്​ത്രീയ നിലപാട് സ്വീകരിക്കുകയാണ്​ വേണ്ടത്. അപകടകാരികളായ, എന്നാൽ മറ്റ് രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾക്കെതിരായി പ്രതികരിച്ചപ്പോൾ അത് മരുന്നുകൾക്ക് മൊത്തം എതിരാവാതെ, അവശ്യ മരുന്നുകൾ ലഭ്യമാക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു എന്ന കാര്യം ഓർക്കുക. ഏതു മഹാമാരിയും പുതിയ ജീവിതരീതികൾ മനുഷ്യരിലേക്ക് കൊണ്ടുവരും. അതിനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്നാണ് നമ്മൾ സർക്കാരിനോട് ആവശ്യപ്പെടേണ്ടത്.

കോവിഡ് നിയന്ത്രിക്കുന്നതിൽ താരതമ്യേന വിജയിച്ച രാജ്യമായി ഇന്ത്യ കരുതപ്പെടുന്നുണ്ട്. പൊതുവേ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡിന്റെ വ്യാപന നിരക്ക് പൊതുവേ കുറവായിരുന്നു.

മലിനജലത്തിലൂടെ പോലും കോവിഡ് പകരാം എന്ന് പറയുന്നുണ്ട്. അപ്പോൾ, ശുദ്ധജലവിതരണ സംവിധാനം മെച്ചപ്പെടുത്തുക എന്ന ഉത്തരവാദിത്തം സർക്കാറിനുണ്ട്. മാസ്‌ക് തന്നെ കുറഞ്ഞ വിലയ്ക്ക് സാമൂഹികാരോഗ്യകേന്ദ്രങ്ങൾ വഴി നൽകണമെന്നആവശ്യം മുന്നോട്ടുവക്കാം. ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കണം. രോഗനിഷേധത്തിലൂടെയല്ല ഇത്തരം സാഹചരം സർക്കാർ നേരിടേണ്ടത്, രോഗത്തെ നേരിടാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടായിരിക്കണം.

കോവിഡ് നിയന്ത്രിക്കുന്നതിൽ താരതമ്യേന വിജയിച്ച രാജ്യമായി ഇന്ത്യ കരുതപ്പെടുന്നുണ്ട്. പൊതുവേ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡിന്റെ വ്യാപന നിരക്ക് പൊതുവേ കുറവായിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാൻഎന്നിവിടങ്ങളിൽ കോവിഡ് മരണനിരക്ക് താരതമ്യേന കുറവായിരുന്നു. അത് ജനിതകപരമായ കാരണം കൊണ്ടാണോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

പൊതുതെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാൻ പോകുന്ന ഒരു സർക്കാറിനെ സംബന്ധിച്ച് മഹാമാരി വ്യാപിക്കുന്നത് ഒരു അനുകൂല സാഹചര്യമായിരിക്കുകയില്ലല്ലോ. അതുകൊണ്ടുകൂടി സർക്കാർ മുൻ കരുതലെടുക്കുന്നതാകാം. കോവിഡ് വ്യാപനം തടയാൻ ഒന്നും ചെയ്തില്ല എന്ന ആരോപണം വീണ്ടും വരുന്നതിനെ സർക്കാർ ഭയക്കുന്നുണ്ടായിരിക്കാം. എങ്കിലും സർക്കാർ സ്വീകരിക്കുന്ന ഏത് നടപടിക്കും ശാസ്​ത്രീയ നീതീകരണമുണ്ടോ എന്ന് നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കണം. ▮


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments