അതിശക്തമായ തരംഗം ഇനിയും ഉണ്ടായേക്കാം
മനില സി. മോഹൻ: കേരളത്തിൽ ഇപ്പോൾ ഏതാണ്ടെല്ലാ സാമൂഹ്യ സാഹചര്യങ്ങളും കോവിഡിനുമുൻപുള്ള അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണല്ലോ? മാസ്‌ക് തുടരുന്നു, സാനിറ്റൈസേഷൻ തുടരുന്നു എന്നാണ് തത്ത്വത്തിലുള്ളത്. എന്താണ് ഇപ്പോഴത്തെ കേരളത്തിലെ യഥാർഥ മെഡിക്കൽ സിറ്റുവേഷൻ? നമ്മൾ നോർമലായോ?
ഡോ. എം. മുരളീധരൻ: കോവിഡ്- 19 എന്ന വൈറസിനെ നാം ഇനിയും ശരിയായി മനസ്സിലാക്കിയില്ല എന്നു മാത്രമേ ഈ വിഷ്ഫുൾ തിങ്കിന് അർഥമുള്ളൂ. മനഷ്യകുലം ഇന്നുവരെ അഭിമുഖീകരിക്കാത്ത തരത്തിൻ അത്രയേറെ അതിജീവനമിടുക്കും ഉൽപരിവർത്തന ശേഷിയുമുള്ള ജീവകണമാണ് കോവിഡ്-19. ഉൽപരിവർത്തനങ്ങൾക്ക് തന്റെ ഏറ്റവും പ്രധാന ജീനുകളിലൊന്നായ S -gene അത്ര സഹായകരമായ സാന്നിധ്യമല്ല എന്ന് ബോധ്യപ്പെട്ട നിമിഷം മിഖായേൽ താലിനെ പോലും നാണിപ്പിച്ച് ആ ജീൻ നിഷ്‌കരുണം ബലി കൊടുത്ത് ഉൽപരിവർത്തനങ്ങളുടെ കരുനീക്കങ്ങൾ അടിസ്ഥാനമാക്കി കടുത്ത ആക്രമണം അഴിച്ചുവിടാൻ തയാറായ വൈറസാണ് B 1.1.529.
ക്വീനിനെ ഒരു മനസ്താപവുമില്ലാതെ ബലികൊടുത്ത് ബിഷപ്പിനെയും നൈറ്റിനെയും നിർണായകമായ മധ്യ സ്‌ക്വയറുകളിൽ വിന്യസിച്ച് ആ ചെസ് മാന്ത്രികൻ നടത്തിയ അമ്പരപ്പിക്കുന്ന മിഡിൽ ഗെയിമുകളെയാണ് കോവിഡ്- 19 ന്റെ നീക്കങ്ങൾ കൃത്യമായി ഓർമിപ്പിക്കുന്നത്. അൻപതിലേറെ മ്യൂട്ടേഷനുകൾ ഒറ്റയടിക്ക് സാക്ഷാത്കരിച്ച മറ്റൊരു വൈറസിനെയും ലോകം ഇതേവരെ സങ്കല്പിച്ചിട്ടില്ല. മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറാൻ ഉപയോഗിക്കുന്ന കള്ളത്താക്കോലായ സ്‌പൈക്ക് പ്രോട്ടീനിൽ മാത്രം വരുത്തിയ ഈ ഉൽപരിവർത്തനങ്ങളിൽ പത്തെണ്ണമെങ്കിലും പ്രതിരോധ വ്യവസ്ഥയെ കബളിപ്പിക്കാൻ (immune evading) വേണ്ടി മാത്രം ഡിസൈൻ ചെയ്യപ്പെട്ടതായിരുന്നു. ഈ വൈറസിനെയാണ് നാം, പാവപ്പെട്ട മനഷ്യർ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നത്. ജാഗ്രത കൈവിടുന്ന നിമിഷം അത് വീണ്ടും വന്നേക്കും. ഡെൽറ്റാക്രോൺ ബ്രിട്ടനിൽ തയാറെടുക്കുകയാണെന്ന് പെസിമിസ്റ്റുകൾ പറയുന്നത് ശരിയാവാതെ പോവട്ടെ. ഒമിക്രോണിന്റെ വ്യാപനശേഷിയും ഡെൽറ്റാ വൈറസിന്റെ ആഘാതശേഷിയും ഒന്നിച്ചാൽ ടെഡ്രോസ് അഥാനം ഗബ്രിയേസസ് ഭയക്കുന്നതുപോലെ ഇതുവരെ കാണാത്ത തരത്തിലുള്ള അതിശക്തമായ ഒരു തരംഗം ഉണ്ടാവാം, കോവിഡ്- 19ന് മനുഷ്യനോട് കരുണ തോന്നിയില്ലെങ്കിൽ.
ജൂണിൽ ഇന്ത്യയിൽ നാലാം തരംഗം ഉണ്ടാവും എന്നാണ് വാർത്തകൾ. വാക്‌സിൻ ബൂസ്റ്റർ ഡോഡിനെക്കുറിച്ചും ചർച്ചകളുണ്ട്. ഇനിയൊരു തരംഗം ഉണ്ടാവുമോ? കോവിഡിന്റെ കാര്യത്തിൽ വാക്‌സിൻ ഫലപ്രാപ്തി എത്രത്തോളമുണ്ട് ഇന്ത്യൻ സാഹചര്യത്തിൽ?
വാക്‌സിൻ ബൂസ്റ്റർ ഡോസ് (ഇന്ത്യയിൽ, സുരക്ഷാ ഡോസ്) ശാസ്ത്രലോകത്തിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. മൂന്നാം ഡോസ് കഷ്ടിച്ച് രണ്ടുമാസങ്ങൾ മാത്രമേ കൂടുതലായി സുരക്ഷ തരുന്നുള്ളൂ എന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചതിന്റെ പശ്ചാത്തലത്തിലും, മൂന്നാം ഡോസിനുശേഷവും ജാഗ്രത കൈവിടുമ്പോൾ ആരോഗ്യപ്രവർത്തകർക്കടക്കം കോവിഡ് വരുന്നതിന്റെ സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിസ്ഥാനത്തിലും ലോകത്തെമ്പാടുമായി മൂന്നാം ഡോസിനെതിരെ ശക്തമായ നിലപാടുകളുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ ചിലതിലെങ്കിലും ഇപ്പോഴും 25 ശതമാനത്തിനു മാത്രമാണ് ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത് എന്ന ലജ്ജിപ്പിക്കുന്ന അവസ്ഥ നിലനിൽക്കെ മൂന്നാം ഡോസിന്റെ സാംഗത്യവും ധാർമികതയും മാർപാപ്പയും ഗ്രേറ്റാ തുൻബെർഗുമൊക്കെ ആശങ്കിക്കുന്ന വാക്‌സിൻ അപ്പാർത്തീഡിന്റെ പശ്ചാത്തലത്തിൽ ചോദ്യംചെയ്യപ്പെടുന്നുമുണ്ട്.
എത്ര ഡോസ് വാക്‌സിനാണ് ശാസ്ത്രീയയമായി ശരിയായ ഡോസ് എന്ന നിലയിൽ ലണ്ടൻ ഇംപീരിയൽ കോളേജിലെ വൈദ്യശാസ്ത്ര വിദഗ്ദനായ ഡാനി ആൾട്ട്മാനെ പോലുള്ളവർ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളും ശ്രദ്ധേയമാണ്. വാക്‌സിൻ ഡോസുകൾ നിതാന്തമായി തുടരുന്നതിനെ അവർ ചോദ്യംചെയ്യുന്നു. കോവിഡ് കാലത്ത് ശതകോടീശ്വരരായതിൽ മിക്കവാറും പേർ വാക്‌സിൻ നിർമാതാക്കളാണ് എന്ന വസ്തുതയുടെ പശ്ചാത്തലത്തിൽ വാക്‌സിൻ നിർമാണ കമ്പനികളുടെ പ്രവർത്തനങ്ങളെ കൺകോണുകൾ കൊണ്ടങ്കിലും നാം കൺവെട്ടത്ത് നിറുത്തേണ്ടതുമുണ്ട്. സ്വന്തം നാട്ടിലെ ജനങ്ങൾക്ക് മൂന്നും നാലും ഡോഡ് വാക്‌സിൻ നൽകി പ്രതിരോധം വർദ്ധിപ്പിക്കാനാവും എന്ന് തെറ്റിദ്ധരിക്കുന്ന ഭരണ കൂടങ്ങൾക്കുള്ള ജപ്തി നോട്ടീസായിരുന്നു മിക്കവാറും വാക്‌സിൻ അപ്പാർത്തീഡ് രാജ്യങ്ങളിൽ നിന്ന് പൊട്ടിപ്പരന്ന ഒമിക്രോൺ. രണ്ടുഡോസ് വാക്‌സിൻ ലോകത്തിൽ / ഇന്ത്യയിൽ കോവിഡിനെതിരെ വളരെ ഫലപ്രദമായ പ്രതിരോധം ചമച്ചുവെങ്കിലും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.