പേവിഷബാധ: വാക്​സിൻ അല്ല വില്ലൻ, ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്​

തെരുവുനായകളുടെ എണ്ണത്തിൽ ക്രമാതീതമായുണ്ടായിട്ടുള്ള വർധനവിനെ എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്നത്​ സുപ്രധാന ചോദ്യമാണ്​. ആ ചോദ്യം അഡ്രസ്സ് ചെയ്യാതെ വാക്‌സിനെ ചുറ്റിപ്പറ്റി മാത്രം വർത്തമാനം പറഞ്ഞതുകൊണ്ട് കാര്യമില്ല.

പേവിഷബാധ അഥവാ ഹ്യൂമൻ റാബീസ് കേസുകൾ കേരളത്തിൽ പതിവിലധികമായി കൂടിയത് വലിയ ആശങ്കയുളവാക്കുന്നുണ്ട്. ഈ വർഷം എട്ട് മാസത്തിനുള്ളിൽ തന്നെ 21 മരണങ്ങളാണ് പേവിഷബാധയേറ്റ് റിപ്പോർട്ട് ചെയ്‌തത്. മുൻ വർഷങ്ങളിൽ സാധാരണ പത്തോ പന്ത്രണ്ടോ മരണങ്ങളുണ്ടാകുന്ന സ്ഥാനത്ത് 21 മരണം എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. ഇതിൽ 15 മരണങ്ങൾ സംഭവിച്ചത് വാക്‌സിൻ എടുക്കാത്തവരിലാണ്. വാക്‌സിൻ എടുക്കാത്തവരിൽ മരണം സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ എന്തുകൊണ്ട് 15 പേർ വാക്‌സിൻ എടുത്തില്ല എന്നത് പ്രധാന ചോദ്യം തന്നെയാണ്. കൂടുതൽ ബോധവൽക്കരണം നടത്തേണ്ട ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്ന കാര്യവുമാണിത്​.

പക്ഷേ, വാക്‌സിൻ എടുത്തവരിൽ ആറു പേർ മരിച്ചു എന്ന വാർത്തയുണ്ടാക്കിയ പ്രധാന ആശങ്ക, വാക്‌സിൻ ഫലിക്കുന്നില്ലേ എന്നതാണ്. ചില കേസിലെങ്കിലും വാക്‌സിൻ ഫലപ്രദമാകുന്നില്ലേ എന്ന ചോദ്യം ഉയർത്തപ്പെട്ടിട്ടുണ്ട്. അതൊരു പ്രധാന പ്രശ്‌നമാണ്.

വാക്‌സിന്റെ ഫലപ്രാപ്തി: അടിസ്​ഥാനമില്ലാത്ത ആശങ്കകൾ

ഒരു വശത്ത് എന്തുകൊണ്ട് ഇത്രയധികം റാബീസ് കേസുകളും മരണങ്ങളും ഉണ്ടാകുന്നു എന്ന ചോദ്യം, അതിൽ തന്നെ വാക്‌സിന്റെ ഫലപ്രാപ്തിയെപ്പറ്റിയുള്ള ചോദ്യവും. ഇത് രണ്ടുമാണ് ഉത്തരം കിട്ടേണ്ടതായ രണ്ട് പ്രധാന കാര്യങ്ങൾ. മരണങ്ങളെല്ലാം കടിയേറ്റ് എത്ര സമയത്തിനുള്ളിലാണ് എന്നതിന്റെ കണക്കുകൾ ഏറെക്കുറേ എല്ലാ കേസുകളിലും ലഭ്യമാണ്. അതിൽ ഒരു ഡാറ്റ ഏറെക്കുറെ അർത്ഥശങ്കയില്ലാത്തവിധം പറയുന്ന ഒരു കാര്യം, വാക്‌സിനെടുക്കാത്തവരിൽ മിക്കവാറും കടിയേറ്റ് രണ്ടുമാസമോ അതിലധികമോ കഴിഞ്ഞിട്ടാണ് മരണം സംഭവിക്കുന്നത്. അതായത് അവർ വാക്‌സിൻ എടുത്തിട്ടില്ല, അതിനാൽ ആ സ്വാഭാവികമായ സമയമെടുത്ത്​ മരണം സംഭവിക്കുന്നു.

നേരെ മറിച്ച് വാക്‌സിൻ എടുത്തവരിൽ മരണമുണ്ടായിട്ടുള്ളതെല്ലാം, ഏതാനും ആഴ്ചകൾക്കുള്ളിലാണ്. ഇതിന്റെ അർത്ഥം വാക്‌സിൻപരാജയമല്ല ഈ മരണത്തിന്​ കാരണം എന്നതാണ്. വാക്‌സിൻ പരാജയമാണെങ്കിൽ മിക്ക കേസുകളിലും മരണങ്ങൾ വൈകിയായിരിക്കും സംഭവിക്കുക.
ഇതിനുകാരണം, വാക്‌സിൻ ഫലിക്കുന്നതിനുമുൻപുള്ള സമയത്തുണ്ടായ പ്രശ്‌നങ്ങളായിരിക്കാം. വാക്‌സിൻ എടുത്തുകഴിഞ്ഞാൽ അതിൽ നിന്ന് ശരീരത്തിൽ പ്രതിരോധവസ്തുക്കൾ അഥവാ ആന്റിബോഡികൾ ഉൽപാദിപ്പിക്കാൻ മിനിമം ഒരു രണ്ടാഴ്ച സമയം വേണ്ടിവരുന്നു. രണ്ടോ മൂന്നോ ആഴ്ചകൾ കഴിയുമ്പോഴാണ് ആന്റിബോഡിയുടെ അളവ് ശരീരത്തിൽ കൂടുന്നത്.
എന്നാൽ അതിനുമുമ്പുതന്നെ ഈ വൈറസ് നാഡികളിൽ പറ്റിപ്പിടിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നീട് വാക്‌സിൻ കൊണ്ട് യാതൊരു ഗുണവുമില്ല. അതുകൊണ്ട് കടിയേറ്റ പ്രാരംഭഘട്ടത്തിൽ തന്നെയുള്ള പ്രശ്‌നങ്ങളായിരിക്കാം ഇതിനുള്ള കാരണം. അതുകൊണ്ട് വാക്‌സിൻ അല്ല കുറ്റക്കാരൻ എന്ന കാര്യം ഏറെക്കുറെ തീർച്ചയാക്കാം.

ഏറ്റവും അവസാനം മരണം നടന്ന അനുപമ എന്ന കുട്ടിയുടെ കേസിൽ, ശരീരത്തിലുള്ള ആന്റിബോഡികൾ അളന്നുനോക്കിയപ്പോൾ വാക്‌സിന്റെ ഫലപ്രാപ്തി മൂലമുള്ള ആന്റിബോഡികൾ സാധാരണഗതിയിൽ ശരീരത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് കാണാൻ കഴിഞ്ഞത്. അതേസമയം റാബീസ് വരികയും ചെയ്തു. അതിന്റെ അർത്ഥം, വാക്‌സിൻ സാധാരണ ഗതിയിൽ ഫലിക്കുന്നുണ്ട്, പക്ഷേ അതിനുമുൻപുതന്നെ ഈ വൈറസ് നാഡികളിൽ കയറിക്കൂടിയിരുന്നു എന്നതാണ്.

കടിയേറ്റാൽ ​ചെ​യ്യേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടോ?

ഇതോടൊപ്പമുള്ള മറ്റൊരു കണക്ക്, വാക്‌സിൻ എടുത്തവരുടെ മരണത്തിലെല്ലാം മിക്കവാറും കടിയേറ്റത് മുഖത്താണ്. മുഖത്തോ കൈപ്പത്തിയിലോ കടിയേറ്റാൽ അതിവേഗം ഇത് നാഡികളിൽ എത്തുകയും അവിടെനിന്ന് തലച്ചോറിലെത്തുകയും ചെയ്യും. ദ്രുതഗതിയിൽ എല്ലാം സംഭവിക്കും. അതിനാൽ വാക്‌സീൻ ഫലപ്രാപ്തി വരുന്നതിന് മുൻപുതന്നെ കാര്യമായ രീതിയിൽ ഇടപെട്ടില്ലെങ്കിൽ അത് ഫലപ്രദമാകാതിരിക്കാനും റാബീസ് വരാനും സാധ്യതയുണ്ട്.
അതുകൊണ്ട് സ്വാഭാവികമായും വാക്‌സിൻ ഫലപ്രാപ്തി ഉണ്ടാകുന്നതിന് മുൻപ് ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.

സോപ്പും വെള്ളവും ഉണ്ടെങ്കിൽതന്നെ വൈറസ് പരമാവധി നശിച്ചുപോകും. അതിനാൽ വൈറസിനെ നശിപ്പിക്കാൻ വേണ്ടിയുള്ള കഴുകൽ വളരെ പ്രധാനപ്പെട്ടതാണ്. / Photo: wikihow

ഇതിൽ രണ്ട് കാര്യങ്ങൾ പ്രധാനപ്പെട്ടവയാണ്. ഒന്ന്, കടിയേറ്റ ഭാഗത്ത് എത്രയും പെട്ടെന്ന് മിനുട്ടുകൾക്കകം സോപ്പും വെള്ളവും ഉപയോഗിച്ച് പതിനഞ്ച് മിനുട്ടെങ്കിലും കഴുകി വൃത്തിയാക്കണം. അങ്ങനെ പരമാവധി വൈറസിനെ മുറിവിൽ നിന്ന് നീക്കണം, അഥവാ കൊന്നൊടുക്കണം. സോപ്പും വെള്ളവും ഉണ്ടെങ്കിൽതന്നെ വൈറസ് പരമാവധി നശിച്ചുപോകും. അതിനാൽ വൈറസിനെ നശിപ്പിക്കാൻ വേണ്ടിയുള്ള കഴുകൽ വളരെ പ്രധാനപ്പെട്ടതാണ്. ഈ കേസുകളിലൊക്കെ ആ ഘട്ടത്തിൽ പിഴവ് പറ്റിയിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ്.

രണ്ടാമത്തെ കാര്യം, ഇങ്ങനെയുള്ള കേസുകളിൽ, പ്രത്യേകിച്ച്​ മുഖത്ത് കടിയേൽക്കുന്ന കേസുകളിൽ അല്ലെങ്കിൽ ചോര പൊടിയുന്ന കേസുകളിൽ, മുറിവിനകത്തേക്ക് ആന്റി സിറം അഥവാ നേരെത്തെ ഉൽപ്പാദിപ്പിച്ചിട്ടുള്ള ആന്റിബോഡികൾ, മുറിവിലേക്ക് നല്ല വണ്ണം ഇൻഫ്യൂസ് ചെയ്യണം. കുതിരകളിലും മറ്റും ഉണ്ടാക്കുന്ന ആന്റിബോഡികളാണ് ഇതിനുപയോഗിക്കുന്നത്. ആ മുറിവിൽ മുഴുവൻ ഈ ആന്റിബോഡി പൂർണമായും കുത്തിവെക്കണം. ഞരമ്പിൽ പറ്റിപ്പിടിക്കാതെ വൈറസിനെ തടയാൻ ഇത് സഹായിക്കും.

ഇവിടെ ആ കാര്യത്തിലും പിഴവ് വന്നിട്ടുണ്ടാകാം. ആ പിഴവ് രണ്ട് വിധത്തിലാകാം. ഒന്ന്, ആന്റിബോഡികളുടെ ഗുണനിലവാരത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നം . അല്ലെങ്കിൽ ആന്റിബോഡികൾ വേണ്ടസമയത്ത് കിട്ടാഞ്ഞതുമാകാം. ആന്റിബോഡികൾ ആറ് മണിക്കൂറിനുള്ളിലെങ്കിലും കിട്ടേണ്ടതുണ്ട്. കഴിയുന്നതും ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തന്നെ വേണം. സർക്കാർ ആശുപത്രികളിൽ ഇത് ലഭ്യമാണ്. ഏറ്റവും അടുത്ത് ഈ ആന്റിബോഡി/സിറം കിട്ടുന്ന സ്ഥലത്ത് പോയി, കുത്തിവെപ്പ് എടുക്കാൻ സാധിച്ചിട്ടുണ്ടോ, അതിന് നേരം വൈകിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഈ മേഖലകളിലാണ് അന്വേഷണം നടത്തേണ്ടത്. അല്ലാതെ വാക്‌സിൻ ഫലപ്രാപ്തിയെ പറ്റി ഒരു സംശയത്തിനും വകയില്ല. ആന്റി സിറത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നമുക്ക് സാധിക്കും. യഥാർത്ഥത്തിൽ വാക്‌സിന് ഫലപ്രാപ്തിയുണ്ട്. വാക്‌സിൻ അല്ല പ്രശ്‌നം എന്നത് വളരെ വ്യക്തമാക്കേണ്ടതായിട്ടുണ്ട്. കാരണം, പല രോഗങ്ങൾക്കും നൽകുന്ന വാക്‌സിൻ ഫലപ്രാപ്തിയില്ല എന്നു പറഞ്ഞ് ഒരു ആന്റി വാക്‌സിൻ കാമ്പയിൻ പലപ്പോഴും നടക്കാറുണ്ട്. കൊറോണ സമയത്തും മറ്റും ഇത് കണ്ടിട്ടുണ്ട്. അത്തരത്തിലൊരു ആന്റി വാക്‌സിൻ പ്രചാരണത്തിന് ഇവിടെ ഒരു പ്രസക്തിയുമില്ല.

യഥാർത്ഥത്തിൽ വാക്‌സിന് ഫലപ്രാപ്തിയുണ്ട്. വാക്‌സിൻ അല്ല പ്രശ്‌നം എന്നത് വളരെ വ്യക്തമാക്കേണ്ടതായിട്ടുണ്ട്. / Photo: Wikimedia Commons

അതേസമയം, കടിയേറ്റയുടനെ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അവിടെ പിഴവ് പറ്റിയോ എന്ന കാര്യത്തിൽ കാര്യമായി അന്വേഷണം നടക്കണം. സർക്കാർ ഒരു കമ്മിറ്റിയെ ഇതിനായി നിയമിച്ചിട്ടുണ്ട്. തീർച്ചയായും ഈ വിഷയത്തിൽ അന്വേഷണം നടക്കുകയും റിപ്പോർട്ട് വരികയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. അതനുസരിച്ച് പിഴവുണ്ടെങ്കിൽ തിരുത്താൻ കഴിയും.

തെരുവുനായകളെ നിലനിർത്തുന്ന ഇക്കോസിസ്റ്റം ഇല്ലാതാക്കണം

അവശേഷിക്കുന്ന ഒരു പ്രശ്‌നം, തെരുവുനായകൾ മൂലമുള്ള റാബീസിന്റെയും നായകളിൽ നിന്നേൽക്കുന്ന കടിയുടെയും എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു എന്നതാണ്. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിലെ കണക്ക് നോക്കിയാൽ, കടിയേൽക്കുന്നതിന്റെ എണ്ണം രണ്ടും മൂന്നും ഇരട്ടിയായി കൂടിയിട്ടുണ്ട്. ഇതോടൊപ്പം, നായകളുടെ എണ്ണവും ക്രമതീതമായി വർധിച്ചിരിക്കുന്നു. എണ്ണം വർധിച്ചാൽ സ്വഭാവികമായും കടിക്കുന്ന നായകളുടെ എണ്ണവും വർധിക്കും. ഇതാണ് സംഭവിക്കുന്നത്.

തെരുവുനായകളുടെ എണ്ണത്തിൽ ക്രമാതീതമായുണ്ടായിട്ടുള്ള വർധനവിനെ എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്നത്​ സുപ്രധാന ചോദ്യമാണ്​. ആ ചോദ്യം അഡ്രസ്സ് ചെയ്യാതെ വാക്‌സിനെ ചുറ്റിപ്പറ്റി മാത്രം വർത്തമാനം പറഞ്ഞതുകൊണ്ട് കാര്യമില്ല. എന്തുകൊണ്ട് ഇത്രയധികം തെരുവുനായകൾ തെരുവുകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നു?. ഇതിന് പല കാരണങ്ങളും ഉണ്ടാകും. നിലവിലുള്ള എണ്ണം തന്നെ പെറ്റുപെരുകി കൂടുന്നതായിരിക്കാം ഒരു കാരണം. അതോടൊപ്പം, പലരും വളർത്തുനായകളെ തുറന്നു വിടുന്നതുമായിരിക്കാം. വേണ്ടരീതിയുള്ള നായ അല്ല ബ്രീഡിംഗ് വഴി കിട്ടിയത് എങ്കിൽ അതിനെ തെരുവിലേക്ക് തുറന്നുവിടുന്നതായിരിക്കാം. ഇങ്ങനെ പല കാരണങ്ങളുണ്ട്. കാരണമെന്തായാലും ഇത്രയും വലിയൊരു സംഖ്യ നിലനിൽക്കാനുള്ള കാരണം, നമ്മുടെ തെരുവുകളിലെ ഭക്ഷണ ലഭ്യതയാണ്. തെരുവിലെ ഭക്ഷണ മാലിന്യങ്ങൾ, വീടുകളിൽ നിന്ന് വലിച്ചെറിയുന്ന ഭക്ഷണ മാലിന്യങ്ങൾ, ഇറച്ചിക്കടകളിൽ നിന്നും മറ്റും വലിച്ചെറിയുന്ന മാലിന്യങ്ങൾ, മീൻകച്ചവടക്കാരും മറ്റും എറിഞ്ഞുകൊടുക്കുന്നത്, ചാരിറ്റിയുടെ പേരിൽ തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കുന്ന രീതി തുടങ്ങിയവയുടെ എല്ലാം ഫലമായി വലിയ എണ്ണം തെരുവുനായകളെ നിലനിർത്തുന്ന ഒരു ഇക്കോസിസ്റ്റം ഇവിടെയുണ്ട്. തെരുവിലുള്ള ഭക്ഷണമാലിന്യത്തെ ചുറ്റിപ്പറ്റിയുള്ള ഈ ഇക്കോസിസ്റ്റത്തിന്റെ ഗുണം പറ്റുന്ന ജീവികൾ പ്രധാനമായും തെരുവ് നായകളാണ്. എലികളും മറ്റു ജീവികളുമുണ്ടാകാം. അതുകൊണ്ട് ഈ ഇക്കോസിസ്റ്റം ഇല്ലാതാക്കുക എന്നതാണ് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാന നടപടി. ഈ നടപടിയെടുക്കാതെ കൊന്നൊടുക്കുക മാത്രം ചെയ്തുകഴിഞ്ഞാൽ കുറച്ച് കഴിയുമ്പോൾ വീണ്ടും ഇതേ സാഹചര്യമുണ്ടാകും.

. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിലെ കണക്ക് നോക്കിയാൽ, തെരുവുനായയുടെ കടിയേൽക്കുന്നതിന്റെ എണ്ണം രണ്ടും മൂന്നും ഇരട്ടിയായി കൂടിയിട്ടുണ്ട്. / Photo: shutterstock

തദ്ദേശ സ്​ഥാപനങ്ങളുടെ പരിമിതികൾ

മാലിന്യ നിർമാർജനമാണ് ഏറ്റവും​ പ്രധാനമായി പരിഗണിക്കേണ്ട ഒരു പ്രശ്‌നം. അതോടൊപ്പം, ഇപ്പോഴുള്ള വലിയൊരു എണ്ണത്തെ ചുരുക്കി കൊണ്ടുവരിക എന്നതും അത്യാവശ്യമാണ്. അതിന് ദീർഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും ചെയ്യേണ്ട കാര്യങ്ങളുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ തെരുവുനായകളുടെ എണ്ണം കുറച്ച് കൊണ്ടുവരാനുള്ള ഒരു പദ്ധതിയാണ് എ.ബി.സി അഥവാ അനിമൽ ബർത്ത് കൺട്രോൾ. ഇതുവഴി തെരുവുനായകളെ വന്ധ്യകരണം

ചെയ്യുന്നു. വന്ധ്യകരണം നടപ്പാക്കാൻ അതിന് പരിശീലനം ലഭിച്ചവരെയും നായയെ പിടിച്ചുകൊണ്ടുവരാനുള്ള പരിശീലനവും വേണം. കൂടാതെ, സാങ്കേതികമായി ഇത് ചെയ്യാനുള്ളവർ എല്ലാ സ്ഥലങ്ങളിലും വേണം. ഇതിന്​ ഫണ്ടും മറ്റു സംഗതികളും വേണം. ഇങ്ങെനെ കുറേ കാര്യങ്ങൾ ഇതിനാവശ്യമായുണ്ട്.
എത്രയും പെട്ടെന്നുതന്നെ ഇത് നടത്തണം എന്ന് പറഞ്ഞതുകൊണ്ടുമാത്രം നടക്കില്ല. കാരണം, ഇന്നത്തെ അവസ്ഥയിൽ ഇപ്പോഴുള്ള വലിയ എണ്ണം വെച്ചുകൊണ്ട് പ്രയോഗികമായി എല്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഈ പദ്ധതി പൂർണമായും നടപ്പിലാക്കാൻ കഴിയില്ല. അത്രയധികം തെരുവുനായകൾ ഇവിടെയുണ്ട്.

അതുമാത്രമല്ല, വന്ധ്യകരണം ചെയ്തതുകൊണ്ട് ഉടനടി പരിഹാരവുമാവില്ല. കാരണം വന്ധ്യകരണം ചെയ്തശേഷം തെരുവുനായകളെ പിന്നെ മാറ്റി പാർപ്പിക്കുന്നില്ല. പ്രത്യേക ഷെൽട്ടർ ഉണ്ടാക്കി അവിടെ പാർപ്പിക്കുകയാണെങ്കിൽ പിന്നെ ആളുകൾക്ക് കടിയേൽക്കില്ല. ഇവിടെ അതല്ല നടക്കുന്നത്, വന്ധ്യകരണം ചെയ്ത് തെരുവിലേക്ക് തന്നെ വീണ്ടും വിട്ടുകഴിഞ്ഞാൽ അത് നിലവിലെ അവസ്ഥയിൽ താൽക്കാലികമായി ഒരു മാറ്റവും വരുത്തുന്നില്ല. ഇതേ നായ വീണ്ടും കടിക്കും. അതുകൊണ്ട്, ഇതൊരു താത്കാലികമല്ല, ദീർഘകാലത്തിൽ എണ്ണം കുറച്ചു കൊണ്ടുവരാൻ സഹായിക്കുന്ന സംഗതിയാണ്. ഇതിനു പുറമെ ചെയ്യാവുന്നത് ഷെൽട്ടറുകൾ കുറച്ചെങ്കിലും പണിയുക എന്നുള്ളതാണ്. പക്ഷെ, എത്ര പഞ്ചായത്തുകൾക്ക് ഇതിന്​ ചെലവാക്കാൻ കഴിയും? എത്ര പഞ്ചായത്തുകൾക്ക് അതിന്​ സ്ഥലം കിട്ടും? ഇത്തരം തടസ്സങ്ങളുണ്ട്. കൂടാതെ സാമ്പത്തിക തടസ്സങ്ങളുമുണ്ട്. എണ്ണം കുറച്ചായിരുന്നെങ്കിൽ ഷെൽട്ടറുകൾ കുറേയൊക്കെ നിർമിക്കാം. ഇത്രയും അധികം എണ്ണം വെച്ച്​ ഷെൽട്ടറുണ്ടാക്കാൻ കഴിയില്ല.

നിയന്ത്രിത കള്ളിംഗ്​ ഒരു പരിഹാരം

അതുകൊണ്ട് അന്തിമമായി വേറെയൊരു കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ഇന്ന് നിയമം മുഴുവനായി അനുവദിക്കാത്ത ഒരു കാര്യമാണ്​, പരിമിതമായ രീതിയിലെങ്കിലും തെരുവുനായകളുടെ എണ്ണം താൽക്കാലികമായി കുറച്ച് കൊണ്ടുവരാൻ, ലിമിറ്റഡ് ആയ കള്ളിങ്​, എന്നു പറഞ്ഞാൽ കൊല്ലുക, അല്ലെങ്കിൽ ദയാവധം നടത്തുക. ഇത് പണ്ട് ചെയ്തിരുന്ന പോലെ ക്രൂരമായ രീതിയിലുള്ള വധമല്ല, ഏറ്റവും കുറഞ്ഞ വേദനയിൽ അല്ലെങ്കിൽ വേദനയില്ലാത്ത രീതിയിൽ ലിമിറ്റഡായി ചെയ്യാം. ഇത്​ അനുവദിക്കാനുള്ള നിയമമാറ്റങ്ങൾ കൂടി അത്യാവശ്യമായി വരേണ്ടതുണ്ട്. അത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അതില്ലാതെ ഈ പ്രശ്‌നം ഫലപ്രാപ്തിയിലേക്ക് കൊണ്ടുവരിക എന്നത്​ ബുദ്ധിമുട്ടാണ്. അപ്പോൾ ചേർന്ന പദ്ധതിയാണ് മുന്നോട്ട് വെക്കേണ്ടത്.

Photo: Muhammad Hanan

ഇതോടൊപ്പം, ജനങ്ങൾക്ക് ഇതിനെ കുറിച്ച്​ വിദ്യാഭ്യാസം നൽകണം. ഒരു വശത്ത് ഒരു നായയുടെ കടിയേറ്റുകഴിഞ്ഞാൽ എന്തുചെയ്യണം, പ്രാഥമിക ശുശ്രൂഷയായ കഴുകലും ആന്റി സിറം മുതലായ കാര്യങ്ങളും തുടങ്ങി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എല്ലാവരെയും പഠിപ്പിക്കുന്ന രീതിയിലുള്ള ആരോഗ്യ വിദ്യാഭ്യാസ പദ്ധതി വേണം.

ആനിമൽ റൈറ്റ്​ വാദത്തിന്റെ പ്രശ്​നങ്ങൾ

തെരുവുനായ എന്നത് ഒരു അസ്വഭാവിക ജീവിയാണ്, സ്വാഭാവിക ജീവിയല്ല. ഒരു പതിനായിരം, പതിനയ്യായിരം വർഷങ്ങൾക്കുമുമ്പ് മനുഷ്യൻ വളർത്തി മെരുക്കിയെടുത്ത ജീവിയാണ് നായ. യഥാർത്ഥത്തിൽ ചെന്നായ ആണ് നായ. അത് വീടുകളിൽ മനുഷ്യർക്കൊപ്പം താമസിക്കുകയും മനുഷ്യന്റെ ആജ്ഞ അനുസരിച്ച്​ ജീവിക്കുകയും ചെയ്യുമ്പോഴാണ് സ്വാഭാവികമാകുന്നത്. അങ്ങനെ പതിനായിരം കൊല്ലം കൊണ്ട് അത് സ്വഭാവികമായി. പക്ഷേ തെരുവിൽ അതിനെ വീണ്ടും വിട്ടുകഴിഞ്ഞാൽ അത് ക്രമേണ പാക്ക് ബിഹേവിയർ അഥവാ ചെന്നായയെ പോലെയുള്ള ബിഹേവിയറും ലക്ഷണങ്ങളുമൊക്കെ വീണ്ടും കാണിക്കാൻ തുടങ്ങും. അത് സ്വാഭാവികമായ സ്ഥിതിവിശേഷമല്ല. അവിടെ ഈ ആനിമൽ റൈറ്റ്‌സ് പറഞ്ഞ്​ തെരുവുനായയെ മുഴുവൻ ജീവിക്കാൻ അനുവദിക്കണമെന്ന് പറയുന്നത് ഒരിക്കലും ശരിയായ കാര്യമല്ല, ശാസ്ത്രീയമായും സാങ്കേതികമായും ശരിയല്ല. മനുഷ്യജീവന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തെരുവുനായകൾ എന്നൊരു കാര്യം ഒട്ടും പാടില്ലാത്ത സംഗതിയാണ്.

നായകൾ നമ്മൾ സ്‌നേഹത്തോടെ വീടുകളിൽ വളർത്തേണ്ട ജീവിയാണ്. അല്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞ് ഭക്ഷണമെങ്ങെനെയെങ്കിലും കിട്ടിക്കോട്ടേ എന്ന് പറഞ്ഞു വിടേണ്ട ജീവിയല്ല. അത് ഒരു തരത്തിലുമുള്ള മൃഗസ്‌നേഹവുമല്ല. ഈ കാര്യങ്ങളെല്ലാം പരിഗണിച്ച്​ മൊത്തത്തിലുള്ള ഒരു നയം ഈ കാര്യത്തിൽ സർക്കാരിന്റെയും പൊതുജനങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാവണം. പൊതുവായ ഒരു കൺസെൻറ്​ ഉണ്ടാക്കണം. എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ച്​ സമൂഹം ഒത്തൊരുമയോടെ തീരുമാനത്തിലെത്തി, അത് നടപ്പാക്കുകയാണ് ആവശ്യം. മനുഷ്യജീവൻ വളരെ വിലപ്പെട്ടതാണ്. ചെറിയ കുട്ടികൾക്കൊക്കെ തെരുവുനായയുടെ ഉപദ്രവം ഏൽക്കുന്നുണ്ട്. റാബീസ് വന്നില്ലെങ്കിൽ പോലും, കടിയേറ്റുള്ള ഉപദ്രവങ്ങൾ വേറെക്കുറെയുണ്ട്. അത് ഒരിക്കലും അനുവദിക്കാൻ കഴിയില്ല.

Comments