റഫീക്ക് തിരുവള്ളൂര്

അൽ ഹുസ്​ൻ ആപ്പിലെ പച്ചവെളിച്ചം

മാസ്‌ക് അഴിച്ച ശേഷം എല്ലാ വൈറസുകളെയും വെല്ലുവിളിച്ചുകൊണ്ട് ഞാൻ സൂപ്പിക്കയെ ആലിംഗനം ചെയ്തു, തെല്ലിട നിന്നു, കൂടെ ഇരുന്നു. മഹാമാരികൾ മനുഷ്യരെ ഇല്ലാതാക്കിയതുപോലെ മനുഷ്യരെ ഉണ്ടാക്കുകയും ചെയ്തതായാണ് ചരിത്രം.

"സ്പേസിൽ നിന്ന് വന്ന ഏലിയൻ ആണ് കൊറോണ. അവനു ഒന്നും അറിഞ്ഞൂടാ. നമ്മളെ നോസ് കാണുമ്പോ അവൻ ടണൽ ആണെന്ന് വിചാരിക്കുന്നു. ഇതു ടണലല്ല മൂക്ക് ആണെന്ന് അവനോട് പറയണം. അല്ലെങ്കിൽ മാസ്‌ക് വെക്കണം. അപ്പോ അവനു മനസ്സിലാകും..'

കോവിഡ്-19 ലോകത്തെ മുഴുക്കെ ബാധിച്ചുതുടങ്ങിയ ആദ്യത്തെ ദിവസമെപ്പോഴോ എന്നെ വിളിച്ച കൂട്ടുകാരി ആർദ്രയോട് മകൾ ആമി പറഞ്ഞു. അവൾക്കന്നപ്പോൾ നാലു വയസ്സായിട്ടേയുള്ളൂ. ആമിക്ക് ഇതൊക്കെ എങ്ങനെ അറിയാം എന്നു ചോദിച്ചപ്പോൾ മകൾ പറഞ്ഞു: എല്ലാം നമുക്ക് ബ്രയിൻ പറഞ്ഞു തരുന്നതല്ലേ...! പിന്നെയും ആഴ്ചകൾ കടന്നുപോയി. ദുബൈയിൽ, മനുഷ്യർ നിറഞ്ഞു പാർക്കുന്ന ദേരയിൽ നിന്ന് സുഹൃത്തുക്കളുടെ വാട്ട്സാപ്പ് സന്ദേശങ്ങൾ വരാൻ തുടങ്ങി. ആളുകൾ തുടരെത്തുടരെ പോസിറ്റീവ് ആകുന്നു, ആശുപത്രികൾ നിറയുന്നു, ബാച്ചിലർ മുറികളിൽ രോഗികൾ പെരുകുന്നു, കുടുംബങ്ങളിൽ ദമ്പതികളിലൊരാൾ രോഗിയാവുന്നു, കുട്ടികൾ ഒറ്റക്കാവുന്നു തുടങ്ങിയ പേടിപ്പിക്കുന്ന വർത്തമാനങ്ങൾ. ലേബർ കാമ്പുകളിൽ കൂട്ടത്തോടെ രോഗബാധ വന്നേക്കുമെന്ന നിഗമനങ്ങൾ, അറുപതു കഴിഞ്ഞവർക്ക് പൊതുവേ വിസ ലഭിക്കാറില്ല എന്നതുകൊണ്ട് തീരെ വയോധികരായവർ ഇവിടെ വളരെ കുറവായിരിക്കുമെന്നതു പോലെയുള്ള പ്രത്യാശക്കണക്കുകൾ. പെട്ടെന്ന് ജീവിതത്തിന്റെ ക്രമം മാറിമറിഞ്ഞു.

ആമി

ആളുകളുടെ മുഖം മറയിലായി, മാസ്‌ക് സാർവത്രികമായി, ഗ്ലൗസില്ലാതെ അകത്തു കയറ്റാതായി സൂപ്പർമാർക്കറ്റുകൾ. സുരക്ഷിത അകലം പാലിച്ചുള്ള വെയിലത്തെ ക്യൂകൾ ലുലു പോലുള്ള മാളുകൾക്ക് മുന്നിൽ രൂപപ്പെട്ടു. ലോക്ക്ഡൗൺ വന്നു. ഒഴിവേയില്ലാത്ത ഗൾഫിലെ ജീവിതം ഒഴിവുകൊണ്ടു നിറയാൻ തുടങ്ങി. സ്‌കൂളുകൾ പൂട്ടി. കൂടെയുള്ളവൾക്ക് ഡ്യൂട്ടി സമയം പന്ത്രണ്ടു മണിക്കൂറായി. ഒരു ദിവസം സജിന പറഞ്ഞു; ഡ്യൂട്ടി കഴിഞ്ഞാൽ ചിലപ്പോൾ പുറത്തേക്കു പോവാൻ പാടില്ലെന്ന നിയമം വന്നേക്കും, നിങ്ങളും കുട്ടികളും വീട്ടിലും ഞാൻ ക്ലിനിക്കിലും ആവുമപ്പോൾ, നമ്മളതിന് ഒരുങ്ങണം. ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ദിവസവും എച്ച്.എസ്.സി വിഭാഗത്തിൽ നിന്നുള്ള സന്ദേശങ്ങൾ വരും, ദിനേനെ പുതിയ പ്രതിരോധരീതികളും മുൻകരുതലുകളും പറയും. ജലദോഷം ഉള്ളവരോട് പോലും വീട്ടിലിരിക്കൂവെന്ന ശാസന വന്നു.

ആളനക്കമില്ലാത്ത ഒരിടനാഴിയിലെ സി.സി.ടി.വി പോലെ പുതുതായൊന്നും പതിയാത്ത നിരന്തരാവർത്തനത്തിന്റെ വിരസത മാറ്റാൻ പുരനാളുകളിൽ നാം പുതിയ നീക്കുപോക്കുകളും കണ്ടെത്തും. ജീവിതം അതുവരെയില്ലാത്ത തരങ്ങളിൽ പെരുമാറുന്നത് ഞങ്ങളുമറിഞ്ഞു.

ഒരു ജലദോഷപ്പനി മൂലം വീട്ടിലിരുന്ന ഞാൻ നാലാം നാൾ ഓഫീസിൽ ചെന്നപ്പോൾ തൊട്ടടുത്തു പ്രവർത്തിക്കുന്ന കമ്പനിയിലെ പതിവായി കാണുന്ന ബാബുവേട്ടനെ കണ്ടില്ല. രണ്ടു കമ്പനികളിലാണെങ്കിലും ഞങ്ങൾ ദിവസവും ഇടക്കു കാണും. അദ്ദേഹത്തിന്റെ ഓഫീസിൽ ഏറെയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മലയാളത്തിൽ എന്തെങ്കിലും ഒക്കെ പറയാൻ ഞങ്ങൾ തമ്മിൽ കാണും. വൈകീട്ട് ഇന്നു ബാബുവേട്ടനെ കണ്ടില്ലല്ലോ എന്നോർത്ത് അവിടത്തെ റിസപ്ഷനിൽ ചെന്നന്വേഷിച്ചു. റിസപ്ഷനിലെ പെൺകുട്ടി പറഞ്ഞു: ബാബു മരിച്ചുപോയി, കോവിഡ് പോസിറ്റീവായി, മൂന്നാം നാൾ മരിച്ചു. കോവിഡ് എന്നോട് ചെയ്യാൻ പോകുന്നത് എന്തെന്ന വിചാരമാണ് എനിക്കപ്പോഴുണ്ടായത്.

വരാനിരിക്കുന്ന ലോകജീവിതത്തിന്റെ മുൻകൂറായി ലഭിക്കുന്ന അനുഭവം പോലെയുണ്ടല്ലൊ കോവിഡ് കാലത്തെ നമ്മുടെ രൂപമാറ്റങ്ങൾ. ഭാവിയുടെ സാധ്യതകൾ, സാധുതകൾ എല്ലാം അൽപാൽപമായി വെളിപ്പെട്ടുവന്നു. ലോകാവസ്ഥ, കാലാവസ്ഥ, സാമൂഹിക ജീവിതം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ, ഉപജീവനം എന്നിവയെല്ലാം പുതിയ രീതികളിലേക്കും ശീലങ്ങളിലേക്കും നിർണയിക്കപ്പെടാം, ഇപ്പോൾ സാധ്യമായ വീട്ടിലിരുന്നു പണിയെടുക്കൽ (Work from Home) നാളത്തെ തൊഴിൽരീതിയായി നിജപ്പെടുത്തപ്പെട്ടേക്കാം എന്നതുപോലെ.

നിലാവിലേക്കു നോക്കി "വോവ്... ഗേൾസിനു മൂണിനെ കണ്ടാൽ സ്വപ്നം കിട്ടും' എന്നവൾ പറഞ്ഞു. എന്താണ് മോൾക്കു കിട്ടിയ സ്വപ്നം എന്നു ചോദിച്ച എന്നോടവൾ പറഞ്ഞു. "കൊറോണ നമ്മുടെ വീട്ടിൽ കേറില്ല'.

ആളനക്കമില്ലാത്ത ഒരിടനാഴിയിലെ സി.സി.ടി.വി പോലെ പുതുതായൊന്നും പതിയാത്ത നിരന്തരാവർത്തനത്തിന്റെ വിരസത മാറ്റാൻ പുരനാളുകളിൽ നാം പുതിയ നീക്കുപോക്കുകളും കണ്ടെത്തും. ജീവിതം അതുവരെയില്ലാത്ത തരങ്ങളിൽ പെരുമാറുന്നത് ഞങ്ങളുമറിഞ്ഞു. കുട്ടികൾ വീട്ടിനു പുറത്തിറങ്ങാതെ, ജോലിക്കു പോയി വന്നാൽ നേരെ കുളിമുറിയിലേക്കു പോകുന്ന ദിവസങ്ങൾ. ഒരു ദിവസം രാത്രി വെയ്​സ്​റ്റ്​ കളയാൻ പുറത്തേക്കിറങ്ങുന്ന എന്നെക്കണ്ട് മകളും വാതിൽക്കൽ വന്നു. പുറത്തിറങ്ങണ്ടെന്ന് ഞാൻ പറഞ്ഞു. പുറത്തു കൊറോണ ഉണ്ടാവുമോന്ന് അവളുടെ ചോദ്യം. ഒന്നു മൂൺ ഉണ്ടോന്ന് നോക്കിക്കോട്ടെ എന്ന അവളുടെ പിന്നത്തെ ചോദ്യം. പൂർണ ചന്ദ്രൻ അപ്പോൾ ഞങ്ങളുടെ വില്ലയുടെ ആകാശവിടവിൽ തന്നെ ഉണ്ടായിരുന്നു.
നിലാവിലേക്കു നോക്കി "വോവ്... ഗേൾസിനു മൂണിനെ കണ്ടാൽ സ്വപ്നം കിട്ടും' എന്നവൾ പറഞ്ഞു. എന്താണ് മോൾക്കു കിട്ടിയ സ്വപ്നം എന്നു ചോദിച്ച എന്നോടവൾ പറഞ്ഞു; "കൊറോണ നമ്മുടെ വീട്ടിൽ കേറില്ല'.

2020 സെപ്തംബർ മുതൽ ഈയാഴ്ച വരേക്കും നാൽപത്തിയഞ്ചോളം പി.സി.ആർ ടെസ്റ്റുകൾ ഞാനും സജിനയും എടുത്തിട്ടുണ്ട്. ഇതുവരേക്കും പോസിറ്റീവായിട്ടില്ല. കോറോണ ഞങ്ങളുടെ വീട്ടിൽ കയറിയില്ല. വീട്ടിൽ കയറാതെയും കൊറോണക്കു നമ്മെ ദ്രോഹിക്കാനാകും. ദേഹോപദ്രവം മാത്രമല്ല അതിന്റെ രീതി. കോവിഡ് ബാധ മൂലം വന്ന ഉലച്ചിലിൽ ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനം ഒട്ടേറെ പേരെ ഒഴിവാക്കി. പല ഘട്ടങ്ങളിലായുള്ള പിരിച്ചുവിടലുകളിൽ 2020 ഡിസംബറിൽ എന്റെയും നറുക്കുവീണു. കോവിഡിന്റെ നാനാതരം ഇരകളിൽ ഒരാളാവാത്ത ആരുമിന്ന് ഭൂമിയിലുണ്ടാവില്ല. രോഗം വന്നു മരിച്ചുപോയവരോളം നമ്മെയൊന്നും ഈ മഹാമാരി ബാധിച്ചില്ലല്ലോ എന്നതു തന്നെ സമാധാനം.

നാട്ടിൽ നിന്ന്​ പ്രിയപ്പെട്ടവർ ‘നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ’ എന്നുള്ള സ്നേഹാന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന ദിവസങ്ങൾ. യു.എ.ഇ. കൊറോണയെ പ്രതിരോധിക്കുന്ന കാര്യത്തിൽ അത്ര പോരെന്നൊരു വിചാരം ഇടക്കുണ്ടായിരുന്നു. കേരളത്തിലെ ലക്ഷോപലക്ഷം കുടുംബങ്ങൾക്ക്​ വിശപ്പു മാറ്റാനുള്ള വഴികാണിച്ച ദുബൈയിലെ ദേരയും നായിഫും വാട്ട്സാപ്പ് ഓഡിയോകളിൽ തെറ്റായ തരത്തിൽ പരാമർശിക്കപ്പെട്ടിരുന്നു. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവ് അതു പറഞ്ഞു വീഡിയോ ബോധനം നടത്തുക വരെയുണ്ടായി.

ഏതു കാര്യത്തിലും ഓരോ രാജ്യത്തിനും അവരുടേതായ ഒരു കാര്യപരിപാടി അവിടുത്തെ ഭൂമിശാസ്ത്രം, ജനസംഖ്യ, ജനസാന്ദ്രത, പ്രായപരിധികൾ, സമ്പദ്ഘടന, ധനശേഷി, ഭരണാധികാരികളുടെ മനുഷ്യത്വം, വീക്ഷണം, ദീർഘവീക്ഷണം, വ്യക്തത എന്നിവക്കനുസൃതമായി രൂപപ്പെട്ടുവരും. കോവിഡ് കാര്യത്തിൽ അതിനുള്ള സമയം തീരെ കുറവായിരുന്നതാവാം കാരണം. ഈ കാലതാമസം പക്ഷേ, ഇവിടെ മറികടക്കാനായത് ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധസേവകരുടെയും സഹവർത്തിത്തം കൊണ്ടാണ്. കോവിഡ് കോൾ സെന്ററുകൾ മുതൽ ക്വാറൻറയിൻ സെന്ററുകൾ വരെ നടത്തിയ മലയാളി കൂട്ടായ്മകൾ. കെ.എം.സി.സിയുടെ വളണ്ടിയർമാർ ദേരയിലെ പാർപ്പിടങ്ങളിൽ കയറിയിറങ്ങി രോഗികൾക്ക് നിർഭയമായി ഭക്ഷണവും മരുന്നുമെത്തിച്ചതും വളണ്ടിയർമാരിൽ ഓരോരുത്തർ രോഗികളാവുന്ന മുറക്ക് പുതിയ ആളുകൾ സേവകരായി വന്നതും ആ നാളുകളുടെ വീരഗാഥയാണ്. എല്ലാവരും ഭയന്നു നിൽക്കുന്ന സമയത്ത് അനേകം കൂട്ടായ്മകളിലെ മനുഷ്യസ്നേഹികൾ രോഗബാധിതരെ തേടി നടന്നു. ഇപ്പോഴാലോചിക്കുമ്പോൾ അവർക്കെവിടെ നിന്നാവും ആ ധീരത വന്നതെന്ന് അമ്പരക്കാനേ കഴിയൂ.

2020 ജനുവരി 29-നു വുഹാനിൽ നിന്നെത്തിയ ആറംഗ കുടുബത്തിൽ ആദ്യത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ യു.എ.ഇയിലുണ്ടായിരുന്നവരുടെ ജീവിതത്തിൽ കോവിഡ് ഏതെല്ലാം മാരണങ്ങൾ പ്രവർത്തിച്ചു എന്നാലോചിച്ചാൽ ഒരെത്തും പിടിയും കിട്ടില്ല. മരിച്ചവർ ഇവിടത്തെ മണ്ണിൽ അടക്കപ്പെട്ടു. ജോലി നഷ്ടപ്പെട്ടും ജീവിതോപാധികളുടെ വാതിലടഞ്ഞും പെട്ടുപോയവരെ നാട്ടിലെത്തിക്കുക എന്നതുൾപ്പടെ എത്രയോ വൻ സന്നാഹങ്ങൾ വേണ്ടിവന്നു. ആളുകളെ സുരക്ഷിതരാക്കാനും സമ്പദ്വ്യവസ്ഥയെ ഒരത്യാഹിതത്തൽ പെടാതെ നോക്കാനും ഇവിടത്തെ ഭരണകൂടം വെക്കുന്ന വിലക്കുകളും അയവുകളും വേറെ. ഓരോരുത്തർക്കും ഈ കാലക്കേട് മറികടക്കാനുള്ള പുതിയ വഴികളാവശ്യമായി.

കോവിഡ് കോൾ സെന്ററുകൾ മുതൽ ക്വാറൻറയിൻ സെന്ററുകൾ വരെ നടത്തി മലയാളി കൂട്ടായ്മകൾ. കെ.എം.സി.സി വളണ്ടിയർമാർ ദേരയിലെ പാർപ്പിടങ്ങളിൽ കയറിയിറങ്ങി രോഗികൾക്ക് നിർഭയമായി ഭക്ഷണവും മരുന്നുമെത്തിച്ചതും വളണ്ടിയർമാരിൽ ഓരോരുത്തർ രോഗികളാവുന്ന മുറക്ക് പുതിയ ആളുകൾ സേവകരായി വന്നതും ആ നാളുകളുടെ വീരഗാഥയാണ്.

ഹോട്ടലുകളിൽ മുതൽ പള്ളികളിൽ വരെ ഹാൻഡ് സാനിറ്റൈസർ വെച്ചുകൊണ്ടായുരുന്നു തുടക്കം. ജനുവരിയിൽ വെള്ളിയാഴ്ച ഖുത്തുബകളിലെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തി രോഗപ്രതിരോധവും Social Distancing ഉം മതപരമായ ബാധ്യതയാണെന്ന് ബോധിപ്പിച്ചു. ഇതേ ബോധവൽക്കരണം കമ്പനികളും സർക്കാർ ഏജൻസികളും നടത്തി. കമ്യൂണിറ്റി ട്രാൻസ്മിഷൻ തടയാൻ വേണ്ട കരുതൽ നടപടികൾ ആദ്യമേ കൈകൊണ്ടു. ആദ്യം സ്‌കൂളുകൾ പൂട്ടി. പിറ്റേ ആഴ്ച ആരാധനാലയങ്ങളിൽ പ്രാർത്ഥന ഒഴിവാക്കാൻ നിർദ്ദേശം നൽകി. ലേബർ ക്യാമ്പുകളിൽ രോഗലക്ഷണങ്ങളുള്ളവരെ മാറ്റിപ്പാർപ്പിക്കുന്ന സംവിധാനങ്ങൾ ഉണ്ടാക്കി. രോഗലക്ഷണമോ രോഗാവസ്ഥയോ ആരോഗ്യ വകുപ്പിൽ അറിയിക്കാതിരിക്കുന്നത് കടുത്ത പിഴയുള്ള കുറ്റമായി നിയമം കൊണ്ടുവന്നു. സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു ആരോഗ്യ ഇൻഷുറൻസ് ഐ.ഡിയും പേർസണൽ ഐഡന്റിഫിക്കേഷൻ നമ്പറും ആസ്പദമാക്കി രോഗികളുടെ ആരോഗ്യ ഹിസ്റ്ററി ട്രാക്ക് ചെയ്യാനുള്ള നെറ്റ്വർക്കിംഗ് സംവിധാനം കൊണ്ടുവന്നു.

രോഗലക്ഷണമുള്ളവരിലെ അപകട സാധ്യത ആരോഗ്യ വകുപ്പിന്​ ഇതുവഴി വിലയിരുത്താനായി. അബുദാബിയിൽ മുഴുവൻ താമസക്കാർക്കും അൽ ഹുസ്​ൻ എന്ന ആപ്പ് ഫോണുകളിൽ നിർബന്ധമാക്കി. ഇപ്പോൾ അതിലെ പച്ച നിറമാണ് ഞങ്ങളുടെ മെഡിക്കൽ ഫിറ്റ്നസ് തീരുമാനിക്കുന്നത്. ഇന്ത്യയുടെയോ കേരളത്തിന്റെയോ പ്രതിരോധനയവുമായി ഇവിടത്തെ കാര്യങ്ങൾ താരതമ്യം ചെയ്യുന്നതു ന്യായമല്ല. എന്നാലും കേരളത്തിൽ ലോ ആൻറ്​ ഓർഡറും ജനവും റോട്ടിൽ കള്ളനും പോലീസും കളിക്കുമ്പോൾ ഇവിടത്തെ പൊലീസ് മലയാളത്തിലും സംസാരിക്കുന്നുണ്ടായിരുന്നു.

സജിന പി.പി.ഇ. കിറ്റ്​ ധരിച്ച്​

അബുദബിയിലെ ഓയിൽ ആൻറ്​ ഗ്യാസ് കമ്പനികളിലൊന്നിൽ നഴ്സാണ് സജിന. ആറു മണിക്കൂർ, കൂടിയാൽ എട്ടു മണിക്കൂർ ജോലിയുണ്ടായിരുന്നൊരുത്തിയാണ്. കോവിഡ് കാരണം പന്ത്രണ്ടു മണിക്കൂർ പണിയായി അവൾക്ക്. അതിരാവിലെ രാത്രിനേരത്തെ ലോക്ക്ഡൗൺ തീരും മുമ്പേ അവൾ പോകും. പണിയില്ലാത്ത ദിവസം എനിക്കുറങ്ങണം, രാവിലെ വിളിക്കല്ലേ എന്നലാറം ഓഫാക്കിയിരുന്നവളാണ്. അവളുടെ ജീവിതരീതി മാറിവരുന്നതു ഞാൻ തെല്ലു കൗതുകത്തോടെ കണ്ടിട്ടുണ്ട്. വീട്ടിലടച്ചിരിക്കേണ്ടി വന്നാൽ പുസ്തകം തുറക്കാമെനിക്ക്. പന്ത്രണ്ടു മണിക്കൂർ നീളുന്ന ജോലി കഴിഞ്ഞു വന്നവൾ അതിരാവിലെ എണീക്കുന്നു, ചെടികൾ നനക്കുന്നു, ഇലയൊതുക്കുന്നു. പുതിയ ജീവിതരസങ്ങളുണ്ടാക്കുന്നു. ഒരിക്കലും ഉടുക്കാത്ത പലതുമെടുത്തു ചുറ്റുന്നു. വെറുതേ അണിഞ്ഞൊരുങ്ങുന്നു, സെൽഫികളെടുക്കുന്നു, സ്റ്റാറ്റസു മാറ്റിമാറ്റി വെക്കുന്നു. ആദ്യം ഞാൻ വിചാരിച്ചു ഇതെന്ത് വട്ടാണെന്ന്, പിന്നീട് മനസ്സിലാക്കി ഓരോരുത്തർക്കുമീ കാലക്കേട് കടക്കാൻ എന്തെന്തു സൂത്രങ്ങളുണ്ടൊപ്പിക്കാവുന്നവയായിട്ട്.

യാത്രാവിലക്കുകളയഞ്ഞ്​ അബുദാബിക്കു പുറത്തുകടന്നാൽ സൂപ്പിക്കയെയാവണം ആദ്യം ചെന്നു കാണുന്നതെന്നു കോവിഡിന്റെ ആപത്ശങ്ക നിറഞ്ഞ ആദ്യ മാസങ്ങളിലേ ഞാൻ മനസ്സിലുറപ്പിച്ചിരുന്നു.

വ്യാഴാഴ്ചയാകുന്നത് ദുബായിൽ പോകാനാണെന്ന് വിചാരിക്കുന്നവരാണ് എന്റെ മക്കൾ. ദുബായിലെ കൂട്ടുകാർക്കൊപ്പം കൂടാനായി ഞങ്ങൾ അബൂദബി വിടും മിക്ക വീക്കെൻഡുകളിലും. അല്ലെങ്കിൽ ദുബായ് സംഘം ഞങ്ങളുടെ വീട്ടിലേക്ക് വരും. എത്രയോ മാസങ്ങളായി ഞങ്ങൾ അങ്ങോട്ടോ അവരിങ്ങോട്ടോ പോയിട്ടും വന്നിട്ടുമില്ല. അവസാനം ദുബായിൽ പോയതെന്നായിരുന്നു എന്നോർമിക്കാനുള്ളവയാണ് കുട്ടികൾക്ക് ഇപ്പോഴത്തെ വ്യാഴാഴ്ചകൾ! അപ്പോഴാണ് മൂത്തമകൻ റബീഅ് പാചകം തുടങ്ങിയത്. വായിച്ചും സിനിമകൾ കണ്ടും മടുത്തപ്പോഴാണ് അവൻ ആദ്യമാദ്യം കേക്കുകളുടെ നിർമാണത്തിലേക്കും പിന്നെപ്പിന്നെ കുക്കിംഗിലേക്കും തിരിഞ്ഞത്. കഴിഞ്ഞ ആഴ്ച അവനുണ്ടാക്കിയ നെയ്ച്ചോറു തിന്നു ഞങ്ങളെല്ലാവരും.

റബീഇൻറെ പാചകം

യാത്രാവിലക്കുകളയഞ്ഞ്​ അബുദാബിക്കു പുറത്തുകടന്നാൽ സൂപ്പിക്കയെയാവണം ആദ്യം ചെന്നു കാണുന്നതെന്നു കോവിഡിന്റെ ആപത്ശങ്ക നിറഞ്ഞ ആദ്യ മാസങ്ങളിലേ ഞാൻ മനസ്സിലുറപ്പിച്ചിരുന്നു. അബുദാബി വിട്ടു പുറത്തു പോവാനുള്ള തഞ്ചം കിട്ടിയപ്പോൾ ഞാനദ്ദേഹക്കെ പോയിക്കണ്ടു. അജ്മാനാണ്​സൂപ്പിക്കയുടെ പ്രവാസമേഖല. കുറ്റ്യാടി പാതിരിപ്പറ്റ സ്വദേശിയാണ്. അജ്മാനിലെ സൂപ്പി എന്നാണ് പൊതുവേ ആളുകളദ്ദേഹത്തെ മനസ്സിലാക്കുക. അജ്മാൻ കെ.എം.സി.സിയുടെ നേതാവാണ്. കോവിഡ് ബാധയുടെ ഭയവും വിഹ്വലതകളും നിറഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ ചോദിച്ച എന്നോട് അദ്ദേഹം അതൊക്കെ ഇപ്പോഴിതാ കഥകളായിത്തുടങ്ങി എന്നാണ് സംസാരം തുടങ്ങിയത്. ഞാൻ അദ്ദേഹത്തെ കേട്ടുകൊണ്ട് ഒരു വൈകുന്നേരം കൂടെയിരുന്നു. കോവിഡ് കാലം ഗൾഫിൽ ഇങ്ങനെ ഒട്ടേറെ അൽഭുതമനുഷ്യർക്ക്​ പ്രത്യക്ഷരാകാനുള്ള നിമിത്തമായിട്ടുണ്ട്.

അവിശ്വസനീയമെന്നു അദ്ദേഹത്തിന് തന്നെ തോന്നിത്തുടങ്ങിയ കാര്യങ്ങളായി അന്നത്തെ പലതുമെന്നും സൂപ്പിക്ക ഇടക്കു പറഞ്ഞു. കൊറോണ വരും പോകും, പ്രായവും രോഗവുമൊക്കെയുള്ള ആളുകളെ അതു ചിലപ്പോൾ ബാധിച്ചേക്കും എന്നൊക്കെ ആളുകൾ സമാധാനം പൂണ്ടിരിക്കുന്ന സമയത്താണ് അജ്മാനിൽ നിന്ന് ആദ്യത്തെ മരണവാർത്ത വന്നത്. മരിച്ച മനുഷ്യന്​ എന്റെ പ്രായം പോലുമില്ല, പൂർണ ആരോഗ്യവാനുമായിരുന്നു അദ്ദേഹം എന്നു കൂടി അറിഞ്ഞ ദിവസത്തെ എന്റെ ഭയം എനിക്കോർമ്മയുണ്ട്.

അരനൂറ്റാണ്ടിലേറെ ജീവിച്ചതിൽ ഏറ്റവും നല്ല ദിവസങ്ങൾ ആയിരുന്നു രണ്ടായിരത്തി ഇരുപതാമാണ്ടിലേതെന്ന് സൂപ്പിക്ക പറഞ്ഞിരുന്നു. ആ സമയത്ത് ഇവിടെ ഉണ്ടായിരുന്നില്ലെങ്കിൽ "നഷ്ടമായിപ്പോയേനെ' എന്നാണദ്ദേഹം പറഞ്ഞ വാക്ക്.

കോവിഡിന്റെ നമുക്കറിയാത്ത ലോജിസ്റ്റിക് വെളിപ്പെട്ടുകിട്ടിയ ഓരോരോ മരണ വിവരങ്ങൾ വന്നുകൊണ്ടിരുന്നു. "നട്ടെല്ലിൻ ഭയം അതിന്റെ തീനാവുകൊണ്ട് നക്കി' എന്നു പറഞ്ഞപോലൊരു അനുഭവമായിരുന്നു മരണവിവരങ്ങൾ. അജ്മാനിൽ നിന്നു തന്നെ രോഗബാധിതരോ ബന്ധുക്കളോ ആയവർ വിട്ടൊരു വീഡിയോയും വൈറലാവുകയുണ്ടായി. "ദുബായിലും അബുദാബിയിലും സന്നദ്ധസേവകരും ചികിൽസാകേന്ദ്രങ്ങളും ഉണ്ട്, ഞങ്ങളെ സഹായിക്കാൻ സന്നാഹങ്ങളോ സംവിധാനങ്ങളോ ഇല്ലെ'ന്ന നിലവിളി ആയിരുന്നു അതിന്റെ ഉള്ളടക്കം. അജ്മാനിൽ നിന്നും അപായത്തിന്റെ സൈറൺ മുഴങ്ങുന്നു എന്നു എല്ലാവരും ഖേദിച്ചിരുന്ന മുഹൂർത്തത്തിലായിരുന്നു സൂപ്പിക്കയുടെ നേതൃത്വത്തിൽ കെ.എം.സി.സി പ്രവർത്തകർ സന്നദ്ധസേവകരായിറങ്ങിയത്.

അജ്മാനിലെ കെ.എം.സി.സി, യു.എ.യിലെ കമ്മിറ്റികളിൽ പൊതുവേ പാവങ്ങളുടെ സംഘമാണ്. ഏതു പരിപാടി നടത്തിയാലും മുവ്വായിരമോ നാലായിരമോ ദിർഹം കടം വരുന്ന കമ്മിറ്റി. കോവിഡ് ആ കണക്കും തെറ്റിച്ചു കളഞ്ഞു, ചിരിച്ചുകൊണ്ട് സൂപ്പിക്ക പറഞ്ഞു. കെ.എം.സി.സി ചെയ്യുന്ന സേവനങ്ങൾ കണ്ട് എത്രയോ ആളുകൾ ധനസഹായം ചെയ്തു. അഞ്ചു ലക്ഷത്തിലേറെ ദിർഹമാണ്​ ഇങ്ങനെ വന്നുചേർന്നത്. ഐസൊലേഷൻ സംവിധാനം കൂടാതെ മരുന്നുകൾ, ഭക്ഷണം തുടങ്ങി അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവുമെല്ലാം നടന്നു. ഞങ്ങളുടെ കമ്മിറ്റിക്കൊരു അഡ്രസ്സ് കിട്ടി. അദ്ദേഹം പറഞ്ഞതിൽ അന്നത്തെ നിസ്സഹായാവസ്ഥകളും അതിനെ മറികടന്ന മനുഷ്യപ്പറ്റുമുണ്ട്: ""വേദനിപ്പിക്കുന്ന വാർത്തകൾ തുടരെ വന്നുകൊണ്ടിരുന്ന സമയത്ത് എന്താണ് ചെയ്യാനാവുക എന്നൊരു പിടുത്തവുമില്ലാതെ പതറിപ്പോയിരുന്നു. അപ്പോഴാണ് ഒരു സൂപ്പർ മാർക്കറ്റ് ശൃംഖലകളുടെ മേധാവി നമ്മൾ എന്തെങ്കിലും ചെയ്തേ പറ്റൂ, അജ്മാനിൽ ഐസൊലേഷൻ സെന്ററുകൾ നമുക്കാരംഭിക്കാം എന്നൊരു പ്രേരണയുമായി എന്നെ ബന്ധപ്പെട്ടത്. ഓരോ മണിക്കൂറും പുതുതായി രോഗം ബാധിക്കുന്നവരുടെ വിളിയും നിസ്സഹായത മുറ്റിയ വിവരണങ്ങളും വന്നുകൊണ്ടിരിക്കുന്നു. അധികൃതരും ആ സമയത്ത് പകച്ചു നിൽക്കുകയാണ്.

അജ്മാനിലെ സൂപ്പിക്കയും ലേഖകനും

ദുബായിൽ ഷംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ സാഹിബും അബുദാബിയിൽ യൂസുഫലി സാഹിബുമൊക്കെ വിചാരിച്ചാൽ നടക്കുന്ന കാര്യമാണത്, നമ്മളെക്കൊണ്ട് സാധിക്കില്ലെന്നാണ്​ ഞാൻ ആദ്യം വിചാരിച്ചത്. സൂപ്പിക്ക മുന്നിട്ടിറങ്ങിയാൽ, എന്താണോ വേണ്ടത് അത്​ തന്റെ ഗ്രൂപ്പ് ചെയ്യാമെന്ന സൂപ്പർ മാർക്കറ്റ് മേധാവിയുടെ വാക്കുകളിൽ ധൈര്യപ്പെട്ടാണു അവരിരുവരും കൂടി അജ്മാൻ എമിറേറ്റിലെ ആരോഗ്യ വകുപ്പു മേധാവിയെ ചെന്നുകണ്ടത്. ഐസൊലേഷൻ സെന്ററുകൾ ഒരുക്കാൻ കെട്ടിടങ്ങൾ അനുവദിച്ചു തന്നാൽ ബാക്കി കാര്യങ്ങൾ കെ.എം.സി.സി ചെയ്യും എന്നായിരുന്നു അവർ അദ്ദേഹത്തെ അറിയിച്ചത്. അദ്ദേഹത്തെ വിശ്വസിപ്പിക്കാനായിരുന്നു പാട്. ക്വാറൻറയിൻ മുറികൾ ഒരുക്കാനുള്ള ഫർണീച്ചർ നിങ്ങൾ സംഘടിപ്പിച്ചാലും ആവശ്യമായ നഴ്സിങ് സ്റ്റാഫിനെ എവിടെ നിന്നെത്തിക്കും, ഐസൊലേഷൻ ചെയ്യപ്പെടുന്ന ആളുകൾക്കുള്ള മൂന്ന് നേരത്തെ ഭക്ഷണം ആര്/എങ്ങനെ തയ്യാറാക്കും എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേഹങ്ങൾ.

എല്ലാത്തിനും കെ.എം.സി.സി വഴി കാണും എന്നാണ് അപ്പോൾ ഞങ്ങൾ പറഞ്ഞത്. എങ്ങനെ എന്നൊന്നും കൂടുതൽ ആലോചിച്ചില്ല. ആശുപത്രികളിൽ തന്നെ വേണ്ടത്ര നഴ്സിങ് സ്റ്റാഫില്ലല്ലോ എന്നു സംശയിച്ച ആ മേധാവിയോട് സ്‌കൂളുകളിലെ നഴ്സിങ് ജീവനക്കാരെ ഐസൊലേഷൻ കേന്ദ്രത്തിൽ നിയമിക്കും എന്നാണ് ഞങ്ങൾ പറഞ്ഞത്. ഗവണ്മെൻറ്​ അനുവദിച്ച കെട്ടിടങ്ങളിൽ മൂന്നു ദിവസം കൊണ്ട് സന്നദ്ധസേവകർ ഐസൊലേഷൻ മുറികൾ ഒരുക്കി. 500 രോഗബാധിതരെ പാർപ്പിക്കാനുള്ള സന്നാഹം വരെ അതു പിന്നീട് വിപുലമായി. ആദ്യ ദിവസങ്ങളിലെ അനിശ്ചിതത്വവും ആശങ്കകളും പതുക്കെ മാറി. അജ്മാനിലെ ക്ലിനിക്കുകൾ ആരോഗ്യ പ്രവർത്തകരെ വിട്ടു തന്നു. അവർക്കു ഞങ്ങൾ വേതനം നൽകി. നമ്മൾ വിചാരിക്കാത്ത വിധത്തിൽ പടച്ചവൻ സഹായിച്ചു''.

അരനൂറ്റാണ്ടിലേറെ ജീവിച്ചതിൽ ഏറ്റവും നല്ല ദിവസങ്ങൾ ആയിരുന്നു 2020ാമാണ്ടിലേതെന്ന് സൂപ്പിക്ക പറഞ്ഞിരുന്നു. ആ സമയത്ത് ഇവിടെ ഉണ്ടായിരുന്നില്ലെങ്കിൽ "നഷ്ടമായിപ്പോയേനെ' എന്നാണദ്ദേഹം പറഞ്ഞ വാക്ക്. സൂപ്പിക്ക ആരോഗ്യ പ്രശ്നങ്ങൾ ഉള്ളയാണ്. വൈറസ് ബാധയേറ്റാൽ ജീവൻ നഷ്ടം വരെ സംഭവിക്കാനിടയുള്ള ഒരാളായിരിക്കേ എന്തു ധൈര്യത്തിലാണ്​ നിങ്ങളീ പണിക്കിറങ്ങിയതെന്ന് ചോദിച്ച എന്നോട് അദ്ദേഹം പറഞ്ഞത്; "ആ സമയത്ത് എനിക്കുതന്നെ അറിഞ്ഞൂടാത്ത ഒരു ധൈര്യം എവിടന്നോ വന്നു' എന്നാണ്.

മഹാമാരികൾ മനുഷ്യരെ ഇല്ലാതാക്കിയതുപോലെ മനുഷ്യരെ ഉണ്ടാക്കുകയും ചെയ്തതായാണ് ചരിത്രം. ചിലപ്പോൾ അൽഭുതങ്ങൾ, ചിലപ്പോൾ അൽഭുതമനുഷ്യർ, ഒന്നുമല്ലെങ്കിൽ അവനവനെ തിരഞ്ഞുകണ്ടുപിടിക്കാൻ ഉതകുന്നൊരു ഒറ്റക്കാവൽ.

ആദ്യമൊക്കെ ഭാര്യയും ബന്ധുക്കളും തടയാൻ ശ്രമിച്ചു. ഭാര്യ കാറിന്റെ താക്കോൽ ഒളിപ്പിച്ചു വെച്ചുനോക്കി. പിന്നെപ്പിന്നെ അവൾക്കും ധൈര്യം കിട്ടി. ഒരു കിഡ്നി ഇല്ലാത്ത സൂപ്പിക്ക ഇങ്ങനെ മെനക്കെടുമ്പോൾ നമ്മൾ വീട്ടിലിരുന്നാൽ അതു ശരിയല്ലെന്നു പറഞ്ഞാണ്​ പിന്നീട് പലരും രോഗികളെ സേവിക്കാനിറങ്ങിയത് എന്നു ഞാൻ കേട്ടിട്ടുണ്ടായിരുന്നു. ബേജാറും വെപ്രാളവുമായി നൂറുകണക്കിനു പേർ സൂപ്പിക്കയെയും കൂട്ടാളികളെയും ഇടതടവില്ലാതെ വിളിച്ചുകൊണ്ടിരുന്ന ദിവസങ്ങളിലൊന്നിൽ ഒരു മനുഷ്യൻ സൂപ്പിക്കയെ വിളിച്ചു ഒരു കാര്യം പറയാൻ നേരിലൊന്നു കാണണമെന്നു പറഞ്ഞു. അദ്ദേഹത്തോട് ഇതു അതിനു പറ്റിയ സമയം അല്ലെന്നാണ്​ സൂപ്പിക്ക ആദ്യം പറഞ്ഞത്. നിങ്ങൾ പ്രശ്നം പറയൂ എന്നു പറഞ്ഞ സൂപ്പിക്കയോട് നിങ്ങൾ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് അദ്ദേഹം വരാമെന്നായിരുന്നു പ്രതികരണം. അദ്ദേഹത്തെ സൂപ്പിക്ക ഐസൊലേഷൻ കാമ്പിന്റെ പരിസരത്തേക്ക് ക്ഷണിച്ചു. സൂപ്പിക്കയും മറ്റൊരു ഭാരവാഹിയും അദ്ദേഹത്തെ കണ്ടു. ആ മനുഷ്യൻ അജ്മാനിലെ ഒരു വ്യവസായിയാണ്. അദ്ദേഹത്തിന്റെ നാലു തൊഴിലാളികൾ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടായിരുന്നു.

അവരെ എവിടെ പാർപ്പിക്കും എങ്ങനെ ചികിൽസിക്കും എന്നൊന്നുമറിയാതെ പരിഭ്രമിച്ച സമയത്താണ് അദ്ദേഹം കെ.എം.സി.സിയെപ്പറ്റി കേൾക്കുന്നത്. കിട്ടിയ നമ്പറിൽ അദ്ദേഹം വിളിച്ച്​ നാലുപേരുടെയും വിവരം നൽകി. ഉടനെ വളണ്ടിയേർസ് വന്നു രോഗബാധിതരെ ഐസൊലേഷൻ കാമ്പിലേക്ക് കൊണ്ടുപോയി. ഇക്കഥയെല്ലാം പറഞ്ഞിട്ട് ആ വന്ന മനുഷ്യൻ പറഞ്ഞത്, "ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിൽക്കുന്ന സമയത്താണ് നിങ്ങൾ അതു ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ പ്രവർത്തനങ്ങളിലേക്ക് ഞാനൊരു വിഹിതം ഏല്പിക്കുകയാണ്'.
​ഒരിക്കലും പ്രതീക്ഷിക്കാത്തൊരു തുക സൂപ്പിക്കയെ തന്നെ ഏല്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ വരവ്. സഹായം കൈപ്പറ്റിയതിനു തരാൻ രശീതൊന്നും ഇല്ല, നമുക്കൊരു ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ സൂപ്പിക്കയോട് അദ്ദേഹം പറഞ്ഞത്, എനിക്കതിന്റെ യാതൊരു ആവശ്യവുമില്ലെന്ന്. ഈ ജാതി മനുഷ്യന്മാർ ഈ ഭൂമിയിൽ ഉള്ളപ്പോൾ ഒരു വൈറസിനും വലിയ ആയുസ്സൊന്നും ഉണ്ടാവുല്ലെന്ന് സൂപ്പിക്ക എന്നോട് പറഞ്ഞു. മാസ്‌ക് അഴിച്ച ശേഷം എല്ലാ വൈറസുകളെയും വെല്ലുവിളിച്ചുകൊണ്ട് ഞാൻ സൂപ്പിക്കയെ ആലിംഗനം ചെയ്തു തെല്ലിട നിന്നു, കൂടെ ഇരുന്നു.

മഹാമാരികൾ മനുഷ്യരെ ഇല്ലാതാക്കിയതുപോലെ മനുഷ്യരെ ഉണ്ടാക്കുകയും ചെയ്തതായാണ് ചരിത്രം. ചിലപ്പോൾ അൽഭുതങ്ങൾ, ചിലപ്പോൾ അൽഭുത മനുഷ്യർ, ഒന്നുമല്ലെങ്കിൽ അവനവനെ തിരഞ്ഞുകണ്ടുപിടിക്കാൻ ഉതകുന്നൊരു ഒറ്റക്കാവൽ. 1665 -ൽ, ബ്യൂബോണിക് പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് യുവാവായ ഐസക് ന്യൂട്ടൻ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് തന്റെ കുടുംബം വകയായ കൃഷിയിടത്തിലുള്ള ഫാം ഹൗസിൽ വന്നു താമസിച്ചത്. ആ ഫാമിലെ താമസത്തിനിടെയാണ് അദ്ദേഹത്തിന്റ തലയിൽ ആ ആപ്പിൾ വീഴുന്നത്..! ▮


റഫീക്ക് തിരുവള്ളൂര്

അബൂദബിയിൽ പ്രവാസി. ഉമ്പാച്ചി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ. തിരുവള്ളൂര്, ഉപ്പിലിട്ടത്, ഉറുദി, വലിയ അശുദ്ധികളെ നാമുയർത്തുന്നു എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments