‘എയിംസി’ലെ നഴ്​സ്​ സമരം: ഞങ്ങൾ എത്ര കാലം ഈ വിവേചനം സഹിക്കണം?

സമരം ചെയ്യാൻ നിർബന്ധിതരായതിന്റെ സാഹചര്യം വിവരിക്കുകയാണ് ഡൽഹി ‘എയിംസി'ലെ നഴ്‌സുമാർ. കാലാകാലങ്ങളായി നഴ്‌സുമാരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയും അതേസമയം ഫാക്കൽറ്റി അംഗങ്ങളായ ഡോക്ടർമാർ പൂവിറുക്കുന്ന ലാഘവത്തിൽ കാര്യങ്ങൾ നേടിയെടുക്കുകയും ചെയ്യുന്ന രീതിയാണ് നിലനിൽക്കുന്നതെന്ന് എയിംസ് നഴ്‌സസ് യൂണിയൻ എക്‌സിക്യൂട്ടീവ് മെമ്പർ കൂടിയായ ലേഖകൻ പറയുന്നു

കേന്ദ്ര ആരോഗ്യമന്ത്രാലയം വർഷങ്ങളായി തുടരുന്ന വിവേചനവും അവഗണനയും ഇനിയും സഹിക്കാൻ പറ്റില്ല എന്ന ബോധ്യത്തിലാണ് ഡൽഹി ‘എയിംസി'ലെ നഴ്‌സുമാരായ ഞങ്ങൾ അനിശ്ചിതകാല സമരം എന്ന കടുത്ത തീരുമാനത്തിലെത്താൻ നിർബന്ധിതരായത്. കാലാകാലങ്ങളായി നഴ്‌സുമാരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയും അതേസമയം ഫാക്കൽറ്റി അംഗങ്ങളായ ഡോക്ടർമാർ പൂവിറുക്കുന്ന ലാഘവത്തിൽ കാര്യങ്ങൾ നേടിയെടുക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നിലനിൽക്കുന്നത്.

എന്നാൽ, സമരം തുടർന്നുപോകുന്ന സാഹചര്യത്തിൽ എയിംസ് ഡയറക്ടർ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും കോടതി സമരം നിർത്താൻ യൂണിയനോട് നിർദ്ദേശിക്കുകയും ചെയ്തു. യൂണിയന്റെ ആവശ്യങ്ങൾ കോടതി പരിഗണിക്കാമെന്നും ഒരാഴ്ചക്കുള്ളിൽ യൂണിയന്റെ പരാതികൾ കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഹൈക്കോടതി ഉത്തരവിന്മേൽ എയിംസ് നഴ്സസ് യൂണിയൻ നടത്തിവന്ന അനിശ്ചിതകാല സമരം നിർത്തുകയും ചെയ്തു. കാര്യങ്ങൾ ഹൈക്കോടതി പരിഗണനയിൽ എത്തിയതോടെ തങ്ങളുടെ ആവശ്യങ്ങൾ നീതിപൂർവം നടപ്പിലാക്കുമെന്ന പ്രത്യാശയിലാണ് നഴ്‌സുമാർ.

എയിംസ് നഴ്‌സസ് യൂണിയൻ ഉയർത്തിയ ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കരാറടിസ്ഥാനത്തിൽ നഴ്‌സുമാരെ നിയമിക്കരുത് എന്നത്. എന്നിട്ടും സമരം പൊളിക്കുക, നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങളെ അവഗണിക്കുക എന്ന ലക്ഷ്യത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ കരാറടിസ്ഥാനത്തിൽ നഴ്‌സുമാരെ നിയമിക്കാനാണ് എയിംസ് അധികൃതർ ശ്രമിച്ചത്. ഇത് സമരം തകർക്കാനുള്ള പദ്ധതിയാണെന്ന് മനസിലാക്കിയ നഴ്‌സുമാർ സമരത്തിന് നിശ്ചയിച്ചിരുന്ന 14ന് ഡയറക്ടർ ഓഫീസിന്റെ മുന്നിൽ തടിച്ചുകൂടുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. അവിടെക്കൂടിയ ആയിരത്തോളം നഴ്‌സുമാർ യൂണിയനോട് എത്രയും പെട്ടെന്ന് സമരം തുടങ്ങാൻ ആഹ്വാനം ചെയ്യുകയുമാണ് ഉണ്ടായത്.

വർഷങ്ങളോളം അവഗണിക്കപ്പെട്ട നഴ്‌സുമാർ പ്രത്യക്ഷ സമരത്തിനിറങ്ങിയിട്ടും അവരെ കേൾക്കാനോ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള നടപടി സ്വീകരിക്കാതെ തയാറാകാതെ, വസ്തുതകൾ വളച്ചൊടിച്ച് നഴ്‌സുമാരെ കുറ്റപ്പെടുത്താനാണ് എയിംസ് ഡയറക്ടർ തുനിഞ്ഞത്.

പിറ്റേദിവസം ഐയിംസ് സുരക്ഷാ ഉദ്യോഗസ്ഥരും സമരക്കാരും തമ്മിൽ ഉന്തും തല്ലും ഉണ്ടാവുകയും പത്തോളം നഴ്‌സുമാർക്ക് പരിക്കേൽക്കുകയും ചെയ്തു.
സമരം എന്തിനുവേണ്ടിയാണ്?, ഇതാ കാരണങ്ങൾ:

1) ആറാം ശമ്പളകമീഷൻ ക്രമക്കേട് തീർക്കൽ: 2006 ലാണ് ആറാം ശമ്പള കമീഷൻ നിലവിൽ വന്നത്. അന്ന് നഴ്‌സുമാർ വരുന്ന ഗ്രേഡ് പേ ആയ 4600 ൽ ചില വിഭാഗങ്ങൾക്ക് 18,460 രൂപ ബേസിക് പേ ആയി നിശ്ചയിക്കണമെന്ന് അന്നത്തെ കേന്ദ്ര സർക്കാർ തീരുമാനിച്ചെങ്കിലും എല്ലായിടത്തും അത് നടപ്പിലായില്ല. ഇതേതുടർന്ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ചില നഴ്‌സുമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. അന്നുമുതൽ പല രീതിയിൽ എയിംസ് അഡ്മിനിസ്ട്രേഷനെ ഈ വിഷയം ധരിപ്പിച്ചിട്ടും ഒരു തീരുമാനവും ഉണ്ടായില്ല, എന്നുമാത്രമല്ല 2016 ൽ ഏഴാം ശമ്പളക്കമീഷൻ നിലവിൽ വരികയും നഴ്‌സുമാർക്ക് അങ്ങേയറ്റം മോശമായ രീതിയിൽ ശമ്പളം പരിഷ്‌ക്കരിക്കുകയും ചെയ്തു. രാജ്യമൊട്ടാകെ അതിനെതിരെ പ്രതിഷേധമുയർന്നു. 2019 സെപ്റ്റംബറിൽ എയിംസ് നഴ്‌സസ് യൂണിയൻ മൂന്ന് ദിവസത്തെ നിരാഹാര സമരവും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ചും നടത്താൻ തീരുമാനിച്ചപ്പോൾ, മാർച്ച് തീരുമാനിച്ച ദിവസം ആരോഗ്യമന്ത്രി യൂണിയൻ പ്രതിനിധികളെ ചർച്ചക്ക് വിളിക്കുകയും വിഷയം പരിഹരിക്കും എന്നുറപ്പ് തരികയും ചെയ്തിരുന്നു. അതിന്റെ ഫലമായി എയിംസ് ഡെന്റൽ വിഭാഗത്തിലെ ഏതാനും നഴ്‌സുമാർക്ക് പരിഷകരിച്ച ശമ്പളം കിട്ടി, മറ്റ് വിഭാഗങ്ങളിലെ നൂറോളം പേർക്ക് സാലറി പരിഷ്‌കരണം നടന്നുകൊണ്ടിരിക്കുന്നു എന്ന ഔദ്യോഗിക മെമ്മോയും ലഭിച്ചു. പക്ഷേ, ഒരു കാരണവുമില്ലാതെ ധനമന്ത്രാലയത്തിന്റെ എക്‌സ്പെൻഡിക്ചർ വിഭാഗം അത് നിർത്തിവെക്കാൻ പറഞ്ഞു എന്ന വിവരമാണ് യൂണിയന് ലഭിച്ചത്. ഇതിനുശേഷം ആരോഗ്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരോഗ്യമന്ത്രിയോ മറ്റ് ഉദ്യോഗസ്ഥരോ ഒരു ചർച്ചയ്ക്കും ശ്രമിച്ചിട്ടില്ല.

പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള പ്രശ്‌നമായതിനാൽ, ഈ അപാകതയുടെ ഇരകളായി ഉള്ളത് ഇന്ന് മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് സ്ഥാനങ്ങളിൽ ഇരിക്കുന്ന നഴ്സിംഗ് സൂപ്രണ്ടുമാർ കൂടിയാണ്. ഇതേ അപാകത പരിഹരിച്ച് ഡൽഹി സർക്കാരിന്റെ കീഴിലുള്ള എല്ലാ ഹോസ്പിറ്റലുകളിലും കേന്ദ്ര സർക്കാരിന്റെ പി.ജി.ഐ ചണ്ടീഗണ്ഡിലെ ഇരുനൂറോളം പേർക്കും പരിഷ്‌കരിച്ച ബേസിക് പേ ആയ 18460 ആണ് അടുത്തകാലം വരെ കൊടുത്തുകൊണ്ടിരുന്നത്. അതായത്, ഐഐഎംസിലെ നഴ്സുമാർ കേന്ദ്ര സർക്കാരിന്റെ മറ്റ് പല ആശുപത്രികളിലെ നഴ്സുമാരേക്കാൾ കുറഞ്ഞ വേതനത്തിൽ വർഷങ്ങളായി ജോലി ചെയ്യുകയാണ് എന്നതാണ് വാസ്തവം. പ്രതിഷേധിക്കുന്ന ഓരോ വട്ടവും ഒരിക്കലും പാലിക്കാത്ത ഉറപ്പും തന്ന് സർക്കാർ കബളിപ്പിക്കുകയാണ്.

ഇതിൽ ഗതികെട്ട് സമരത്തിന് നോട്ടിസ് നൽകിയപ്പോൾ ഒരു പുതിയ സർക്കുലറും വിചിത്ര വിശദീകരണവുമായി വന്നിരിക്കുകയാണ് സർക്കാർ. നഴ്‌സുമാർ ഉന്നയിക്കുന്ന ആവശ്യം ന്യായമല്ല എന്നും ആറാം ശമ്പളക്കമീഷനിൽ അത്തരമൊരു വ്യാഖ്യാനമില്ല എന്നും ഇതൊരു പുതിയ ആവശ്യമായി അനുഭാവപൂർവം പരിഗണിക്കാമെന്നുമുള്ള നിലപാടാണ് സർക്കാറിന്റേത്. അങ്ങേയറ്റം മനുഷ്യത്വരഹിതവും തൊഴിലാവിരുദ്ധവും വസ്തുതാവിരുദ്ധവുമായ ഈ വാദം യൂണിയൻ തള്ളിക്കളയുകയാണ്.
2) എംപ്ലോയീസ് ഹെൽത്ത് സ്‌കീം (EHS) പരിഷ്‌കരണം: 40,000ലധികം വരുന്ന എയിംസിലെ തൊഴിലാളികൾക്ക് വേണ്ടി EHS പ്രവർത്തിക്കുന്നത് ദിവസം ആറു മണിക്കൂർ മാത്രമാണ്. ഇതിൽ ബുക്ക് എൻട്രി ചെയ്യാൻ അനുമതി വെറും രണ്ടു മണിക്കൂർ. എയിംസ് ഫാർമസിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ ലോക്കൽ പർച്ചേസ് നടത്തി ലഭിക്കാൻ മൂന്ന് ദിവസം വരെ കാത്തിരിക്കണം. അതേസമയം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് CGHS ലൂടെ കൂടുതൽ മികച്ച ചികിത്സയും സൗകര്യങ്ങളും ലഭിക്കുമ്പോൾ എയിംസിലെ ആരോഗ്യ പ്രവർത്തകർക്ക് മറ്റ് ആശുപത്രികളിൽ പോയി ചികിത്സ നേടാനോ പരിശോധനകൾ നടത്താനോ സൗകര്യമില്ല.

CGHS ന് കീഴിലെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് CGHS എംപാനൽ ചെയ്ത ആശുപത്രികളിൽ രാജ്യത്തെവിടെയും ചികിത്സ തേടാൻ സാധിക്കുമ്പോൾ എയിംസിലെ തൊഴിലാളിക്ക് വേറെ എവിടെയും ഈ സൗകര്യമില്ല. റിട്ടയർമെന്റിന് ശേഷവും ചികിത്സ തേടാൻ ഡൽഹി എയിംസിലേക്ക് വരേണ്ടിവരുന്ന സ്ഥിതിവിശേഷമാണ്.

കൂടാതെ, പ്രസവചികിൽസിക്കോ എമർജൻസി സർജറികൾക്കോ നാട്ടിലെ ആശുപത്രിയിൽ അഡ്മിറ്റായാൽ കിട്ടുന്ന റീഇമ്പേഴ്‌സ്‌മെന്റ് തുക തുലോം തുച്ഛമാണ്. യഥാർത്ഥ ചികിത്സാചെലവിന്റെ നാലിലൊന്ന് പോലും കിട്ടുന്നില്ല. ചില പരിശോധനകൾക്ക് സ്വന്തം ആശുപത്രിയിൽ ഒരാഴ്ച കഴിഞ്ഞാണ് ഡേറ്റ് കിട്ടുന്നത്. പക്ഷെ ഇതിനായി വേറെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള സംവിധാനമോ EHS എംപാനൽ ചെയ്ത ആശുപത്രികളോ ഇല്ല എന്നതാണ് ദുഃഖകരമായ അവസ്ഥ.

3) ഡോ. കുസുംകുമാരി കമ്മിറ്റി റിപ്പോർട്ട്: ഇവിടുത്തെ തൊഴിലാളികളുടെ തൊഴിൽ സാഹചര്യം പഠിക്കാൻ എയിംസ് തന്നെ നിയോഗിച്ച കമ്മിറ്റിയാണ് ഡോ. കുസും കുമാരി കമ്മിറ്റി. ഇരുപത് വർഷത്തെ പഴക്കമുണ്ടെങ്കിലും കമ്മിറ്റി ശുപാർശ സർക്കാർ പൂഴ്ത്തിവെച്ചത് ആ റിപ്പോർട്ടിൽ
നഴ്‌സുമാർക്ക് ശുപാർശ ചെയ്ത അലവൻസുകളും മറ്റാനുകൂല്യങ്ങളുമാണ് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. യൂണിയൻ വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും ഈ റിപ്പോർട്ടിൻമേൽ അടയിരിക്കുകയാണ് അധികാരികൾ.

4 ) ഹോസ്പിറ്റൽ അക്കാമഡേഷൻ: 5000ത്തിൽപ്പരം നഴ്‌സുമാർക്ക് താമസിക്കാൻ സർക്കാർ നൽകുന്നത് വെറും 300 ക്വാർട്ടേഴ്സ് മാത്രം. അതായത്, പത്ത് ശതമാനം പോലുമില്ല എന്ന ദയനീയ വസ്തുത. അതിൽ പകുതിയും പൊളിഞ്ഞു വീഴാനായതാണ്. കാലാവധി കഴിഞ്ഞതിനാൽ കെട്ടിടങ്ങളുടെ മേൽക്കൂരയും കോൺക്രീറ്റും പൊളിഞ്ഞു വീഴുന്നത് സ്ഥിരം കാഴ്ചയാണ്. എയിംസസിലെ നഴ്‌സുമാരിൽ 95 ശതമാനം പേരും ഡൽഹി സംസ്ഥാനത്തിന് പുറത്തുള്ളവരാണ്. അവർക്ക് ഒരു ക്വാർട്ടർ കിട്ടുന്നത് അവരുടെ തൊഴിൽ ജീവിതത്തിന്റെ പത്ത് വർഷങ്ങൾക്ക് ശേഷമാണ്.

കഴിഞ്ഞ വർഷം എയിംസിലെ നഴ്‌സുമാർ സമരം ചെയ്തപ്പോൾ എത്രയും പെട്ടെന്ന് നോയിഡ ഭാഗത്ത് ലീസ് അടിസ്ഥാനത്തിൽ ഫളാറ്റുകൾ നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി രേഖാമൂലം ഉറപ്പ് തന്നിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

5) കേഡർ റീസ്ട്രക്ചർ: പുതുതായി ജോയിൻ ചെയ്യുന്ന നഴ്‌സിംഗ് ഓഫീസരുടെ എണ്ണത്തിന് ആനുപാതികമായി സീനിയർ നഴ്‌സിങ് ഓഫീസർ (SNO) , അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട് (ANS), ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് (DNS), നഴ്സിംഗ് സൂപ്രണ്ട് (NS), ചീഫ് നഴ്സിംഗ് ഓഫീസർ (CNO) എന്നിവരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് പലതവണ അധികാരികളെയെ സമീപിച്ചെങ്കിലും പ്രതീക്ഷ നൽകുന്ന ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. അതിന്റെ ഫലമായി 20- 25 വർഷങ്ങളോളം ബെഡ്‌സൈഡ് നഴ്‌സിങ് ജോലി ചെയ്യുന്ന ആരോഗ്യം ക്ഷയിച്ച സീനിയർ നഴ്‌സിംഗ് ഓഫീസർമാർ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ജോയിൻ ചെയ്ത അന്നുമുതൽ 25 വർഷത്തോളം അതേ ജോലി ചെയ്യുന്ന ദുരവസ്ഥ മറ്റേതെങ്കിലും പ്രൊഫഷണലുകൾക്കുണ്ടോ?

6) സ്‌പെഷ്യൽ ഏരിയ അലവൻസ്: അസാധാരണ ഒക്യുപ്പേഷണൽ ഹസാർഡ്‌സ് ഉള്ള ജോലിസ്ഥലങ്ങളായ ഐ.സി.യു / എമർജൻസി/ റേഡിയേഷൻ ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് ഈ അലവൻസ് കിട്ടാൻ ദശക വർഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. എന്നാലോ, ഏഴാം ശമ്പളക്കമ്മീഷനിൽ ഡോക്ടർമാരുടെ അലവൻസ് വർധിപ്പിക്കാൻ കാണിച്ച മനസ്സ് നഴ്‌സുമാരുടെ കാര്യം വന്നപ്പോൾ പഴയതുപോലെ.

7) 6th cell increment : ഏഴാം ശമ്പളക്കമീഷനിലെ മോശമായ ശുപാർശകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയർന്നുവന്നപ്പോൾ അതിൽ എയിംസ് നഴ്‌സസ് യൂണിയൻ പങ്കുചേരുമെന്നായപ്പോൾ ഇപ്പോഴുള്ള ശമ്പളത്തിൽ നിന്ന് ആറ് സെൽ വർധിപ്പിച്ച ശമ്പളം ഇൻസ്റ്റിറ്റ്യൂട്ട് ലെവലിൽ ശുപാർശ ചെയ്ത് ആരോഗ്യ മന്ത്രാലയത്തിന് അയക്കാമെന്ന ഉറപ്പ് തന്നിരുന്നു. ഈ വിഷയത്തിൽ എയിംസ് അഡ്മിനിസ്ട്രേഷൻ ഉറപ്പ് തന്നെപ്പോലെ ശുപാർശകൾ മന്ത്രാലയത്തിന് അയച്ചെങ്കിലും പതിവുപോലെ അതും ചവട്ടുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുകയാണ് ഉണ്ടായത്.

8) റിസ്‌ക് അലവൻസ്: കൊറോണ വാരിയർ എന്ന് വിളിച്ച് കാൽപനികത ഉണർത്തലല്ലാതെ രോഗിയുടെ കൂടെ 24 മണിക്കൂർ ഇടപെടുന്ന നഴ്‌സുമാർക്ക് റിസ്‌ക് അലവൻസ് തരുന്നില്ല എന്നതാണ് സത്യം.
അതേസമയം ഇവിടുത്തെ അധികാരിവർഗ്ഗത്തിന്റെ മുഖ്യ ഭാഗമായ ഡോക്ടർമാർക്ക് റിസ്‌ക് അലവൻസ് വാങ്ങി നടക്കുബോൾ അതിലേറെ സമയം രോഗിയുടെ കൂടെ ചെലവഴിക്കുന്ന നഴ്‌സുമാർക്ക് എന്തു കിട്ടുന്നു എന്നത് ചിന്തനീയമാണ്.

9) ജോബ് ഡിസ്‌ക്രിപ്ഷൻ: നഴ്‌സിങ് മേഖലയിൽ തുടരുന്ന ജോബ് ഡിസ്‌ക്രിപ്ഷൻ അഥവാ ചെയ്യേണ്ടുന്ന ജോലികൾ പലതും കാലഹരണപ്പെട്ടതാണ്. നഴ്സിങ് ഒരു പ്രൊഫഷൻ എന്ന നിലയിലും ശാസ്ത്ര സാങ്കേതികവിദ്യ എന്ന നിലക്കും ഒരുപാട് മുന്നോട്ട് പോയിട്ടും ഏതാണ്ട് ഒരു എം.ബി.ബി.എസ് വിദ്യാർത്ഥിയുടെ സിലബസ് തന്നെ പഠിച്ച് പുറത്തുവരുന്ന നഴ്‌സിന് ഇപ്പോഴും ചെയ്യേണ്ടി വരുന്നത് സാങ്കേതിക സ്‌കിൽ ആവശ്യമില്ലാത്ത അടിസ്ഥാന ജോലികളാണ്. കാലത്തിനനുസൃതമായ മാറ്റം എന്നത് സ്വഭാവിക നീതിയാണ്.

10) ക്വാളിഫിക്കേഷൻ പേ: നഴ്‌സിങ് ബിരുദം നേടിയതിന് നൽകുന്ന അലവൻസ് പ്രതിമാസം 3000 രൂപയാണെങ്കിൽ ഇവിടെയത് കേവലം 1000 രൂപയാണ്.

11) NPS: മറ്റ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സർക്കാർ കോൺട്രിബൂഷൻ 14% ആകുമ്പോൾ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന എയിംസിലെ ജീവനക്കാർക്ക് കിട്ടുന്നത് 10% എന്നത് അങ്ങേയറ്റം വിരോധഭാസമാണ്. ഈ തൊഴിലാളിദ്രോഹപരമായ നയത്തിലൂടെ ഒരു തൊഴിലാളിക്ക് നഷ്ടം ഭീമമായ ഒന്നാണ്. മറ്റെല്ലാ പരീക്ഷകളിലും മുൻപിൽ വന്നിട്ടും പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാവുക എന്ന തീരുമാനമെടുത്ത നഴ്‌സുമാരെ ശിക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

12) ബോണസ്: ഓട്ടോണമസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സാങ്കേതികത പറഞ്ഞ് എല്ലാ വർഷവും ദീപാവലി ബോണസ് കിട്ടാൻ യൂണിയന് ഡയറക്ടർ ഓഫീസ് മുന്നിൽ പോയി ഓച്ഛാനിച്ച് നിൽക്കണം എന്നാണ് അധികാരികൾ ആഗ്രഹിക്കുന്നത്. പക്ഷേ, നഴ്‌സുമാരെ ദ്രോഹിക്കുന്ന ഒരു നയമോ തീരുമാനമോ സർക്കാർ ഇറക്കുമ്പോൾ കേന്ദ്ര സർക്കാർ സ്ഥാപനമാണോ ഓട്ടോണമസ് സ്ഥാപനമാണോ എന്ന വ്യത്യാസമില്ലാതെ നൊടിയിടയിൽ നടപ്പിലാക്കാറുണ്ട് എന്നതാണ് നോവിപ്പിക്കുന്ന തമാശ.

13) അഡ്‌ഹോക് കാലാവധി: 2014 ൽ രൂപീകരിച്ച ഡോ. എം.സി മിശ്ര അധ്യക്ഷനായ കമ്മിറ്റിയുടെ തീരുമാനമായിരുന്നു ജീവനക്കാരുടെ പെൻഷൻ ബെനിഫിറ്റ്, അക്കമഡേഷൻ എന്നിവ പരിഗണിക്കുമ്പോൾ അവരുടെ ആഡ്‌ഹോക് കാലയളവ് കൂടെ പരിഗണിക്കണം എന്നത്. പക്ഷേ, പതിവുപോലെ ഇതിന്റെ ഫയലും പൂപ്പൽ പിടിച്ച് കിടക്കുന്നതല്ലാതെ യാതൊരു പുരോഗതിയുമില്ല.

14) ട്രാൻസ്ഫർ പോളിസി: ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ എയിംസ് ആരംഭിക്കുകയും അതിലേക്കുള്ള പരീക്ഷ കോമൺ ആക്കുകയും ചെയ്ത് ഭരണപരമായ അവരുടെ ജോലി കുറച്ചെങ്കിലും വിവിധ എയിംസ് ആശുപത്രികളിലേക്ക് ട്രാൻസ്ഫർ വാങ്ങി പോകാനുള്ള ഒരു ട്രാൻഫർ പോളിസി ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.

ഇവ മാത്രമല്ല, മൊത്തം 23 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതിൽ നിരന്തരം കത്തുകൾ എഴുതി മഷി തീർന്നതല്ലാതെ, നടന്നു ചെരുപ്പ് തേഞ്ഞതല്ലാതെ, കാത്തിരുന്നു മുഷിഞ്ഞതല്ലാതെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇനി പറയൂ, ഇതൊക്കെ സഹിച്ചു ഞങ്ങൾ വെറുതെ ഇരിക്കണോ വേണ്ടയോ എന്ന്. ഇരിക്കണം എന്നാണെങ്കിൽ എത്രകാലം ഇരിക്കേണ്ടി വരും എന്നും. അധികാര വർഗത്തിന്റെ എല്ലാ തുറകളിലും പ്രാതിനിധ്യമുള്ള ഡോക്ടർമാർ എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും അനുഭവിക്കുമ്പോൾ നമ്മൾ എത്രകാലം ഈ വിവേചനം സഹിക്കണം എന്നതാണ് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടത്.


Summary: സമരം ചെയ്യാൻ നിർബന്ധിതരായതിന്റെ സാഹചര്യം വിവരിക്കുകയാണ് ഡൽഹി ‘എയിംസി'ലെ നഴ്‌സുമാർ. കാലാകാലങ്ങളായി നഴ്‌സുമാരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയും അതേസമയം ഫാക്കൽറ്റി അംഗങ്ങളായ ഡോക്ടർമാർ പൂവിറുക്കുന്ന ലാഘവത്തിൽ കാര്യങ്ങൾ നേടിയെടുക്കുകയും ചെയ്യുന്ന രീതിയാണ് നിലനിൽക്കുന്നതെന്ന് എയിംസ് നഴ്‌സസ് യൂണിയൻ എക്‌സിക്യൂട്ടീവ് മെമ്പർ കൂടിയായ ലേഖകൻ പറയുന്നു


Comments