നിപയുടെ സഞ്ചാരപഥങ്ങൾ,
കേരളീയ അലംഭാവങ്ങളും

ഇന്നത്തെ നമ്മുടെ സാമൂഹിക- രാഷ്ട്രീയ-പൊതുജനാരോഗ്യ കാഴ്ചപ്പാടുകളുടെ പാളിച്ചകളെ കുറിച്ചാണ് നിപ പോലുള്ള രോഗങ്ങളുടെ ഇടവിട്ടുള്ള സന്ദർശനങ്ങൾ നമ്മെ ഓർമ്മിപ്പിക്കേണ്ടത്.

മേരിക്കയിൽനിന്നു വന്ന ഹൈ സെക്യൂരിറ്റി വൈറൽ ലാബ് ഡയറക്ടറുടെ കത്ത് കൈയിലെടുക്കുമ്പോൾ ഡോ. ലാം സായ് കിറ്റിന്റെ ഹൃദയം അസാധാരണമാം വിധം മിടിക്കുന്നുണ്ടായിരുന്നു. 1998 മാർച്ച് മുതൽ അദ്ദേഹം സ്വയം സമർപ്പിച്ച പഠനത്തിന്റെയും ഗവേഷണത്തിന്റേയും അന്തിമഫലമായിരുന്നു ആ കവറിനുള്ളിൽ. വെള്ളക്കടലാസിലൂടെ കണ്ണുപായിച്ച അദ്ദേഹത്തിന്റ നട്ടെല്ലിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞുപോയി. ഭൂമുഖത്ത് മനുഷ്യൻ ഇന്നുവരെ അഭിമുഖീകരിച്ചിട്ടുള്ള ഏറ്റവും ഭീകരമായ P4 വൈറസുകളിലൊന്നിനെയാണ് താൻ തിരിച്ചറിഞ്ഞത്. ആ നിർണ്ണായക നിമിഷത്തിൽ ആ അൻപതുകാരൻ ലോകത്തിലെ മുൻനിര വൈറോളജിസ്റ്റുകളിലൊരാളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

1998 മാർച്ചിലാണ് മലേഷ്യൻ കമ്പൂങ് സുൻഗായ് നിപയിലെ പന്നിവളർത്തുകേന്ദ്രങ്ങളിൽ നിന്ന് പ്രവിശ്യാ ആശുപത്രിയിലേക്ക് നിരനിരയായി രോഗികൾ വന്നുതുടങ്ങിയത്. പനിയും തലവേദന യുമായി തുടങ്ങുന്ന രോഗം വളരെ പെട്ടെന്ന് കടുത്ത തളർച്ചയിലേക്കും വിഭ്രാന്തിയിലേക്കും നീങ്ങി. പോകെപ്പോകെ ബോധം മങ്ങിപ്പോവുന്ന രോഗി കോമയിലേക്കാണ് പിന്നെ എത്തുന്നത്. പന്നിവളർത്തൽ കേന്ദ്രങ്ങളിലെ ജോലിക്കാർ കൂട്ടത്തോടെ വളരെ പെട്ടെന്ന് മരണത്തോടടുക്കുന്നത് മലേഷ്യൻ ആരോഗ്യ രംഗത്തെ ഞെട്ടിച്ചു. എന്താണ് രോഗമെന്നോ എന്താണ് ചികിത്സയെന്നോ അറിയാതെ അധികൃതർ സ്തംഭിച്ചു നിന്നപ്പോഴാണ് ഡോ. ലാം സായ് കിറ്റ് ചിത്രത്തിലേക്ക് വരുന്നത്.

ഡോ. ലാം സായ് കിറ്റ്

1998-ൽ മലേഷ്യയെ നടുക്കിയ എൽ നിനോ പ്രതിഭാസത്തിൽ തകർന്നടിഞ്ഞ മലേഷ്യൻ വനാന്തരങ്ങളിൽ നിന്ന് വെള്ളമോ ഭക്ഷണമോ ലഭിക്കാതെ വലഞ്ഞ പഴം തീനി വവ്വാലുകൾ മലേഷ്യയിലെ വൻ ബിസിനസ് സംരംഭങ്ങളായ പന്നിവളർത്തുകേന്ദ്രങ്ങളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന വൃക്ഷങ്ങളിൽ അഭയം തേടി. ദുർബ്ബലരും ക്ഷീണിതരുമായ ആ സസ്തനികളുടെ ശരീരത്തിൽ നിരുപദ്രവകരമായി ആവസിച്ചുപോരുന്ന വൈറസുകൾ, വവ്വാലുകളുടെ രോഗ പ്രതിരോധശേഷി കുറഞ്ഞപ്പോൾ ക്രമാതീതമായി പെരുകുന്നത്, ഉഗ്രരൂപം പ്രാപിക്കുന്നത് ആരുമാരും അറിഞ്ഞില്ല. മരങ്ങളിൽനിന്ന് അവർ താഴേക്ക് വീഴ്ത്തിയ കാഷ്ടത്തിലും മൂത്രത്തിലും വൈറസുകൾ നുരഞ്ഞു. മരങ്ങളുടെ തണലിൽ അർമാദിച്ചു നടന്നിരുന്ന പന്നികളിൽ വൈറസുകൾ കയറിപ്പറ്റി. അവിടുത്തെ ജോലിക്കാരിലേക്കും കശാപ്പുകാരിലേക്കും വൈറസുകൾ നിശ്ശബ്ദമായി പ്രവേശിച്ചു.

നാഡീകേന്ദ്രങ്ങളിലേക്കും തലച്ചോറിലേക്കും പ്രവേശിച്ച ആ വൈറസുകൾ സൃഷ്ടിച്ച പുതിയ രോഗത്തിന് പ്രവിശ്യയിലൂടെ ഒഴുകുന്ന നദിയുടെ പേര് തന്നെയാണ് അവർ നൽകിയത്; നിപ

Representational Image

265 പേരെയാണ് രോഗം ബാധിച്ചത്. 40 % ആയിരുന്നു മരണം. മലേഷ്യക്കും സിംഗപ്പുരിനും പുറത്ത് മറ്റൊരു രാജ്യത്ത് നിപ വൈറസ് അവതരിക്കുന്നത് 2001- ൽ ബംഗ്ലാദേശിലാണ്. 2015 വരെ അവിടെ ഇടവിട്ടുണ്ടായ പതിമൂന്ന് രോഗപ്പകർച്ചകളുടെ കാരണം ഈന്തപ്പനയുടെ നീര് മരപ്പൊത്തുകളിലൊഴിച്ചുവെച്ച് പുളിപ്പിച്ചെടുക്കുന്ന തദ്ദേശീയ മദ്യ നിർമ്മാണരീതിയായിരുന്നു. വവ്വാലുകളുടെ ഇഷ്ടപാനീയമാണ് മദ്യം. അവയുടെ ശരീരത്തിൽനിന്ന് മരപ്പൊത്തിലെ പാനീയത്തിലേക്ക് വീണ വൈറസുകൾ തുടർച്ചയായ രോഗബാധക്ക് വഴിയൊരുക്കി.

ഇന്ത്യയിലും ആദ്യ നിപ രോഗബാധ ഉണ്ടാവുന്നത് 2001-ൽ തന്നെയാണ്, സിലിഗുരിയിൽ. അത്തവണ രോഗബാധിതരായ 66 പേരിൽ 45 പേരും മരിച്ചു. പനിബാധിതനായ ഒരാളെ ശരിയായ രോഗ നിർണയം നടത്താതെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുക വഴിയാണ് രോഗം മറ്റുള്ളവരിലേക്ക് പകർന്നതും രോഗബാധിതരായ 68% പേരും മരിച്ചു പോയതും. ഇന്ത്യയിലെ ആ ഒന്നാമത്തെ കേസ് എവിടെ നിന്ന് എങ്ങിനെ വന്നു എന്നതിനെ കുറിച്ച് ഒരു അന്വേഷണവും നടന്നില്ല. 2007-ലാണ് പശ്ചിമ ബംഗാളിൽ ഇന്ത്യയിൽ രണ്ടാമത്തെ നിപ ബാധ രേഖപ്പെടുത്തിയത്. നാദിയയിൽ രോഗം ബാധിച്ച അഞ്ചു പേരും മരിച്ചു.

പേരാമ്പ്രയിലെ സൂപ്പിക്കടയിലായിലായിരുന്നു 2018-ൽ മൂന്നാമതായി ഇന്ത്യയിൽ രോഗം പ്രത്യക്ഷപ്പെടുന്നത്. രോഗബാധിതരായ 19 -ൽ 18 പേരും മരിച്ചെങ്കിലും രണ്ടാമത്തെ കേസിൽ തന്നെ രോഗനിർണയം നടത്തുകയും മികച്ച രീതിയിൽ വളരെ പെട്ടെന്ന് പ്രതിരോധ സംവിധാനം പടുത്തുയർത്തുകയും ചെയ്ത കേരളം രോഗപ്രതിരോധ രംഗത്ത് ലോകരാഷ്ട്രങ്ങളുടേയും WHO- യുടെയും അഭിനന്ദനം പിടിച്ചുപറ്റി.

തുടർന്ന് 2019 -ൽ എറണാകുളത്തും 2021-ൽ വീണ്ടും കോഴിക്കോട്ടും വന്നപ്പോൾ മരണങ്ങൾ ഒന്നിലൊതുക്കാൻ സഹായിച്ചത് നമ്മുടെ രോഗ പ്രതിരോധ സംവിധാനങ്ങളുടെ മികവും ഭരണകൂടത്തിൻ്റെ ഉറച്ച പിന്തുണയും രോഗത്തെ ചെറുത്ത് പരിചയവുമുള്ള സമൂഹവുമായിരുന്നു. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി മംഗലാട്ടും തൊട്ടിൽപാലം മരുതോങ്കരയിലും രോഗം പ്രത്യക്ഷപ്പെട്ടപ്പോൾ രണ്ടു മരണങ്ങൾ നടന്നു കഴിഞ്ഞു.

ചരിത്രാതീതകാലം മുതൽക്കേ, വവ്വാലുകളുടെ ശരീരത്തിൽ ആവസിച്ചുപോരുന്ന നിരുപദ്രവകരമായ വൈറസാണ് നിപ. ചെറിയ അളവിൽ 3 % വവ്വാലുകളിൽ മാത്രം കാണുന്ന ഈ വൈറസുകൾ സാധാരണ ഗതിയിൽ ഒരു പ്രശ്നവുമുണ്ടാക്കാറില്ല. ഭക്ഷണദൗർലഭ്യം, കുടിവെള്ളത്തിൻ്റെ അഭാവം, കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ, ഭീതി എന്നിവയുണ്ടാവുമ്പോഴാണ് വവ്വാലുകളുടെ രോഗപ്രതിരോധ വ്യവസ്ഥ ദുർബലമാവുന്നതുംവൈറസുകൾ പെരുകി ഭീകരരൂപമാർജ്ജിക്കുന്നതും. നിപ വൈറസിന്റെ പ്രകൃതിദത്തമായ ആതിഥേയരാണ് (Natural host ) റ്റീറോപോഡിഡേ കുടുംബത്തിൽ പെട്ട റ്റീറോപസ് ജീനസിലെ പഴം തീനി വവ്വാലുകൾ.

ആർ.എൻ.എ വൈറസ് ഗ്രൂപ്പിലെ പാരാമിക്സോ വൈറിഡേ കുടുംബത്തിൽ പെട്ട ഹെനിപ വൈറസ് എന്ന ജീനസിലെ രണ്ട് അംഗങ്ങളിൽ ഒരംഗമാണ് നിപ. (ഹെൻഡ്ര വൈറസാണ് രണ്ടാമത്തെ അംഗം). ഡോ. ലാം സായ് കിറ്റ് സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് നടത്തിയ ഗവേഷണ പoനങ്ങളാണ് നിപ വൈറസിൻ്റെ നിർണായക കണ്ടുപിടുത്തത്തിലേക്ക് വഴി തുറന്നത്.

മലേഷ്യയിലെ കമ്പൂങ് ബാരു സുൻ ഗായ് നിപ (Kampung Baru Sungai Nipah) എന്ന സ്ഥലം. / Photo: Wikimedia Commons

കമ്പൂങ് ബാരു സുൻ ഗായ് നിപയിലെ പ്രവിശ്യാ ആശുപത്രിയിലേക്ക് അപസ്മാര ബാധിതരായും ബോധരഹിതരായും എത്തിക്കൊണ്ടിരുന്ന രോഗികളിൽ ജപ്പാനീസ് എൻകഫലൈറ്റിസ് രോഗബാധയായിരുന്നു ജപ്പാനീസ് വൈദ്യസമൂഹം സംശയിച്ചിരുന്നത്. പക്ഷേ മിക്കവാറും രോഗികളും ജപ്പാനീസ് എൻകഫലൈറ്റസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു എന്ന വസ്തതുയും മലേഷ്യൻ കുട്ടികളിൽ സാധാരണ ഗതിയിൽ ജപ്പാനീസ് എൻകഫലൈറ്റിസ് വ്യാപകമായിരുന്നെങ്കിലും ആ കൂട്ടത്തിൽ ഒരു കുട്ടി പോലും ഇല്ലാതിരുന്നതും ഡോ. ലാമിനെ ചിന്താധീനനാക്കി. രോഗികളുടെ സ്രവങ്ങൾ പരിശോധിച്ചപ്പോഴും ജപ്പാനീസ് എൻകഫലൈറ്ററിസ് വൈറസിൻ്റെ പെരുമാറ്റ രീതികൾ അദ്ദേഹത്തിന് കണ്ടെത്താനായില്ല. തുടർന്ന് അദ്ദേഹം മിക്കവാറും ഏകനായി നടത്തിയ നിരന്തരമായ ഗവേഷണ പ0നങ്ങളാണ് 1999 ഏപ്രിലിൽ നിപ എന്ന പുതിയ വൈറസിൻ്റെ അമ്പരപ്പിക്കുന്ന കണ്ടെത്തലിലേക്ക് നയിച്ചത്.

നിപ വൈറസിൻ്റെ ബീജഗർഭകാലം (incubation period) 4 മുതൽ 21 ദിവസം വരെയാണ്. പനി, തലവേദന, കടുത്ത ശരീരവേദന, ജലദോഷം തൊണ്ടവേദന, ചുമ എന്നിവയാണ് സാധാരണ കാണാറുള്ള രോഗലക്ഷണങ്ങൾ. വിഭ്രാന്തി, സ്ഥലകാലബോധമില്ലായ്മ, മന്ദത, ഉറക്കം തൂങ്ങൽ, ബോധക്ഷയം എന്നിവ രോഗം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ സൂചനകളാണ്. ഈ ഘട്ടത്തിൽ നിന്ന് അടുത്ത 48 മണിക്കൂറുകൾക്കുള്ളിൽ രോഗി ഗുരുതരമായ കോമ സ്റ്റേജിലേക്കെത്തും. അപസ്മാരവും ബോധക്ഷയവുമടക്കമുള്ള നാഡീ സംബന്ധമായ (Neurological ) കടുത്ത അസുഖങ്ങളായിരുന്നു മറ്റു പല സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും ഇന്ത്യയിൽ ശ്വാസകോശസംബന്ധമായ ഗുരുതരാവസ്ഥ വരുന്നത് വൈറസിൻ്റെ ജനിതക രൂപമാറ്റത്തിൻ്റെ ലക്ഷണങ്ങളായിട്ടാണ് വൈറോളജി വിദഗ്ദർ കരുതുന്നത്.

രോഗനിർണയത്തിന് അവലംബിക്കുന്നത് സൂക്ഷ്മങ്ങളായ ലാബറട്ടറി പരിശോധനകളാണ്. രോഗിയുടെ സ്രവങ്ങളിൽ നിന്നും (തൊണ്ട, മൂക്ക്, മൂത്രം, സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ്) രക്തത്തിൽ നിന്നും വൈറസിനെ തിരിച്ചറിയുകയും പോളിമറൈസ് ചെയിൻ റിയാക് ഷൻ ടെസ്റ്റ് വഴി രോഗനിർണയം സ്ഥിരീകരിക്കുകയും ചെയ്യുന്നതാണ് രോഗത്തിൻ്റെ പ്രാഥമിക ഘട്ടങ്ങളിൽ അവലംബിക്കുന്ന രീതികൾ. എലീസ ടെസ്റ്റ് വഴി രോഗിയുടെ രക്തത്തിലെ രോഗാണുവിൻ്റെ IgM, IgG ആൻ്റിബോഡികൾ തിരിച്ചറിയുകയാണ് രോഗത്തിൻ്റെ മൂർദ്ധന്യത്തിലും അവസാന ഘട്ടത്തിലും ഉപയോഗിക്കുന്ന രീതി. മരണാനന്തരം ശരീരത്തിലെ ടിഷ്യുകൾ (Tissue) എടുത്ത് ഹിസ്റ്റോ കെമിസ്ട്രി വഴിയും രോഗനിർണ്ണയം ചെയ്യാം.

രോഗവ്യാപനം തടയുന്നതിൻ്റെ മാർഗ്ഗരേഖകൾ ലോകാരോഗ്യ സംഘടനയും കേരള സർക്കാരും പുറത്തിറക്കിയിട്ടുണ്ട്. കൊറോണക്കാലത്ത് കേരളീയർ ഫലപ്രദമായി നടപ്പാക്കിയ 20 സെക്കൻ്റ് എടുത്തുള്ള ശാസ്ത്രീയമായ ഹസ്തപ്രക്ഷാളനം (Hand washing) വളരെ മികച്ച പ്രതിരോധ രീതിയാണ്. സാമൂഹിക കൂട്ടായ്മകൾ ഒഴിവാക്കുക, N - 95 മാസ്കുകൾ ഉപയോഗിക്കുക, യാത്രകൾ കഴിയുന്നതും കുറയ്ക്കുക, ഷേക്ക് ഹാൻഡിന് പകരം കൈകൂപ്പുക, ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കുക, ആരോഗ്യ പ്രവർത്തകർ PPE (personal, Protection equipment) ഉപയോഗിക്കുക, കൈകൾ കൊണ്ട് മുഖസ്പർശനം ഒഴിവാക്കുക എന്നിവയൊക്കെ രോഗപ്രതിരോധത്തിന് ശക്തി പകരുന്ന ഘടകങ്ങളാണ്. ആശുപത്രികളിൽ രോഗി പരിചരണ സുരക്ഷാമാനദണ്ഡങ്ങൾ (Barrier Nursing) പാലിക്കപ്പെടുണ്ടോ എന്ന വസ്തുതയും കർശനമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

Photo: Muhammad Hanan

നിപ ബാധിതമായ സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന ചതഞ്ഞതോ പൊട്ടിയതോ കടിയേറ്റതോ ആയ പാടുകളുള്ള പഴങ്ങൾ ഒഴിവാക്കണം. അജൈവ പദാർത്ഥങ്ങളിൽ നിപ വൈറസിന് 2 മണിക്കൂറിൽ കൂടുതൽ ജീവിച്ചിരിക്കാനാവില്ല. അതിനാൽ നല്ല പഴങ്ങൾ വൃത്തിയായി കഴുകി സമയകൃത്യത പാലിച്ച് ഉപയോഗിക്കാം. വവ്വാൽ വന്നിരിക്കാൻ സാദ്ധ്യതയേറിയ വാഴ (വാഴക്കൂമ്പിലെ തേൻ വവ്വാലുകൾക്ക് വളരെ പഥ്യമാണ്), തെങ്ങ് (കള്ള് വവ്വാലിൻ്റെ ഇഷ്ട പാനീയമാണ്) എന്നിവയിൽ നിന്നെടുക്കുന്ന വസ്തുക്കൾ നന്നായി കഴുകി സമയ കൃത്യത പാലിച്ച് മാത്രം ഉപയോഗിക്കുന്നതാണുത്തമം. തെങ്ങിലും വവ്വാൽ പാർക്കുന്ന മരങ്ങളിലും കയറുന്നവർ കൈകൾ കൊണ്ട് മുഖം തൊടാതിരിക്കുകയും സോപ്പുപയോഗിച്ച് വളരെ നന്നായി ശരീരം വൃത്തിയാക്കി കുളിക്കുകയും വേണം. ജാഗ്രതയാണ് നിപ്പ പ്രതിരോധത്തിൻ്റെ കാതൽ.

ആകസ്മികമായി നിപ ബാധയുണ്ടായാലും എല്ലാവർക്കും രോഗം ഉണ്ടായിക്കൊള്ളണമെന്നില്ല. രോഗിയുടെ ആരോഗ്യസ്ഥിതി, രോഗാണുവിൻ്റെ ശേഷി, അവയുടെ അളവ്, രോഗിയുടെ പ്രതിരോധ മികവ്, മനുഷ്യരെ രോഗാതുരരാക്കുന്ന പാരിസ്ഥിതിക അനുകൂല ഘടകങ്ങൾ എന്നിവയൊക്കെയാണ് നിർണായക വസ്തുതകൾ.

നിപ കോവിഡിനെ പോലെ വളരെ എളുപ്പം വായുവിലൂടെ പകരുന്ന അസുഖമല്ല. രോഗികളുമായോ വവ്വാലുകളുമായോ വൈറസിന്റെ ഇന്റർമീഡിയറ്റ് ഹോസ്റ്റ് ആയ (രോഗബാധിതരായ ) പന്നികളുമായോ ഉള്ള അടുത്ത സമ്പർക്കം കൊണ്ടു മാത്രമേ ഈ രോഗം പകരുകയുള്ളൂ. നിപയുടെ സംക്രമണ ശേഷി (Infectivity) വളരെ കുറവാണ് എന്നതാണ് ആശ്വാസകരമായ കാര്യം.

നിപ ബാധിതമായ സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന ചതഞ്ഞതോ പൊട്ടിയതോ കടിയേറ്റതോ ആയ പാടുകളുള്ള പഴങ്ങൾ ഒഴിവാക്കണം. / Photo: Wikimedia Commons

നിപ ചികിത്സയിൽ പ്രധാനമായും മൂന്ന് രീതികളാണ് അവലംബിക്കാറുള്ളത്.

  • ലാക്ഷണിക ചികിത്സ (Symptomatic treatment)

  • അനുബന്ധ ചികിത്സ, (Supportive therapy)

  • രോഗശമന ചികിത്സ (curative treatment)

പനിക്ക് ജ്വരബാധക്കുള്ള മരുന്നുകൾ, ശ്വാസകോശ രോഗങ്ങൾക്ക് ബ്രോങ്കോ ഡയലേറ്റർ, ഓക്സിജൻ, സ്റ്റീറോയ്ഡ്, വെൻ്റിലേറ്റർ, സി- പാപ്, ബൈ - പാപ് തുടങ്ങിയവ, അപസ്മാരത്തിന് Anti epileptic മരുന്നുകൾ എന്നിവയൊക്കെ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. രോഗിക്കാവശ്യമായ പോഷകങ്ങൾ നൽകുക, നിർജലീകരണം തടയുക, മാനസിക കരുത്ത് നൽകുക, കൗൺസിലിംഗ്- ഐസോലേഷൻ വാർഡുകൾ തയാറാക്കുക, കട്ടിലുകൾ തമ്മിലുളള ദൂരം മിനിമം ഒന്നര മീറ്ററാക്കി നിജപ്പെടുത്തുക എന്നിവയൊക്കെ അനുബന്ധ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

രോഗശമനത്തിന് ആൻറി വൈറൽ മരുന്നുകളാണ് ഉപയോഗിക്കുന്നത്. റിബാവെറിൻ, ഫാവിപിരാവിർ എന്നീ മരുന്നുകൾ പ്രതീക്ഷ നൽകുന്നുവെങ്കിലും രോഗശമന ഔഷധങ്ങളായി അവയെ പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടന തയാറായിട്ടില്ല. നിപയിലെ G - ഗ്ലൈക്കോ പ്രോട്ടീനെ അടിസ്ഥാനമാക്കിയുള്ള മോണോ ക്ലോണൽ ആൻ്റി ബോഡി 2018-ൽ ഓസ്ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നുവെങ്കിലും രോഗികളിൽ ഉപയോഗിച്ചിരുന്നില്ല. നിപക്കെതിരായ പരീക്ഷണ ഘട്ടത്തിലുള്ള ധാരാളം കാൻഡിഡേററ്റ് വാക്സിനുകൾ നിലവിലുണ്ടെങ്കിലും ഒരു വാക്സിനും രോഗപ്രതിരോധ മികവിൻ്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇരുവരെ നേടിയെടുക്കാനായിട്ടുമില്ല.

റിബവൈറിന്‍ കാപ്സ്യൂള്‍ / Photo: wellonapharma

നിപക്കു മുന്നിലെ കേരളം

ഇന്നത്തെ നമ്മുടെ സാമൂഹിക- രാഷ്ട്രീയ-പൊതുജനാരോഗ്യ കാഴ്ചപ്പാടുകളുടെ പാളിച്ചകളെ കുറിച്ചാണ് ഇത്തരം രോഗങ്ങളുടെ ഇടവിട്ടുള്ള സന്ദർശനങ്ങൾ നമ്മെ ഓർമ്മിപ്പിക്കേണ്ടത്. രോഗങ്ങൾ മൂക്കിൻ തുമ്പത്തെത്തുമ്പോൾ മാത്രം ഉണരുന്ന പുതിയ കാലത്തെ റിപ് വാൻ വിങ്കിൾമാരായി നാം മാറുകയാണോ? 90-100% വരെ മരണമുറപ്പിക്കുന്ന നിപ രോഗത്തിന്റെ ശാസ്ത്രീയ സർവീലൻസിന് ഇതുവരെ ഒരു പ്രോഗ്രാം പോലും തയാറാക്കാൻ കഴിയാത്തതിൻ്റെ ലജ്ജിപ്പിക്കുന്ന ഫലമാണ് നിപയുടെ നാലാം കേരള സന്ദർശനം.

നമ്മുടെ രോഗ ജാഗ്രതാസംവിധാനങ്ങൾ അടിമുടി മാറ്റിപ്പണിയേണ്ടതുണ്ട്. 2018- ൽ തന്നെ നാം ഗൗരവമായി പരിഗണിച്ചിരുന്ന Bat Surveilance survey കടലാസുകളിൽ മാത്രമൊതുങ്ങി. വവ്വാലിൽ നിന്നു തന്നെയാണ് രോഗവ്യാപനം ആരംഭിക്കുന്നതെന്ന് സംശയാതീതമായും ശാസ്ത്രീയമായും തെളിയിക്കാൻ പോലും നമുക്കായിട്ടില്ല. ഒന്നാം നിപ കാലത്ത് കോഴിക്കോട്ട് എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ നിപ ഐസൊലേഷൻ വാർഡിന് വകയിരുത്തിയ 25 കോടിയുടെ കഥ പിന്നീട് എല്ലാവരും സൗകര്യപൂർവം മറന്നു. പൂന ഇൻസ്റ്റിറ്റ്യൂട്ട് മാതൃകയിൽ ഒരു ഹൈ സെക്യൂരിറ്റി വൈറൽ ലാബിനെ കുറിച്ചുള്ള സ്വപ്നം തോന്നയ്ക്കൽ വൈറൽ ഇൻസ്റ്റിറ്റ്യൂട്ടിലെങ്കിലും സാക്ഷാത്കരിക്കുമോ ആവോ?

ആലപ്പുഴയിലെയും തിരുവനന്തപുരത്തേയും BSL 2 (Bio security level 2) വൈറൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ പൂന വൈറൽ ഇൻസ്റ്റിറ്റ്യൂട്ടിന് (BSL4) ഒപ്പം എത്താൻ ഇനിയും എത്ര കാലം വേണ്ടി വന്നേക്കുമെന്നറിയില്ല. കോഴിക്കോട്ട് വരുമെന്ന് അധികാരികൾ വർഷങ്ങളായി വാഗ്ദാനം ചെയ്യുന്ന BSL 3 ലാബ് എവിടെയെത്തിയെന്നും ആർക്കും തിട്ടമില്ല. 88 വൈറസുകളെ തിരിച്ചറിയാനുള്ള ശാസ്ത്രീയ സംവിധാനമുള്ള തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തിരിച്ചറിയുന്ന വൈറസ് ബാധകൾ സംസ്ഥാനാടിസ്ഥാനത്തിലെങ്കിലും പ്രഖ്യാപിക്കുവാനുള്ള ഔദ്യോഗിക സംവിധാനമുണ്ടാവുന്നത് നമ്മുടെ രോഗ പ്രതിരോധ പ്രവർത്തനങ്ങളേയും contact tracing നേയും ഒരു പാട് സഹായിക്കുമെന്നുറപ്പാണ്.

മൃഗങ്ങളേയും പരിസ്ഥിതിയേയും കൂട്ടിയിണക്കുന്ന ആധുനികവും ശാസ്ത്രീയവുമായ One health policy കേരളത്തിൽ നടപ്പാക്കാൻ ഇനിയെങ്കിലും അമാന്തിക്കരുത്. മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന ഗുരുതരരോഗങ്ങളുടെ വ്യാപ്തിയും കാർക്കശ്യവും കൂടിവരുന്ന സാഹചര്യത്തിൽ ഭോപ്പാൽ ആനിമൽ ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ട് മാതൃകയിൽ ഒരു സംവിധാനം കേരളത്തിലും അനിവാര്യമായിരിക്കുകയാണ് എന്ന് നാം അധികാരികളെ ഓർമ്മിപ്പിക്കണം. കാലഹരണപ്പെട്ട മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ടിനു പകരം സംസ്ഥാന നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബിൽ നിയമമാവാതെ ഇന്നും കടലാസു കൂനകളിൽ വിശ്രമിക്കുന്നതും ഇത്തരം അലംഭാവങ്ങളോട് ചേർത്തുവായിക്കേണ്ടതുണ്ട്.

പകർച്ചവ്യാധികളെക്കുറിച്ചും അവയുടെ പ്രഭവത്തെക്കുറിച്ചുമുള്ള ആഴമേറിയ തുടർപഠനങ്ങളും, രോഗജാഗ്രതാ സംവിധാനത്തിൻ്റെ നിഷ്കൃഷ്ടമായ പൊളിച്ചെഴുത്തും ആധുനിക രോഗ നിർണയ സംവിധാനങ്ങളുമാണ് ഭാവി കേരളത്തിൻ്റെ പൊതുജനാരോഗ്യത്തെ നിർണയിക്കാൻ പോവുന്ന സുപ്രധാന ഘടകങ്ങൾ.

Comments