സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘‘ഒ. പിയിൽ വർധിച്ചുവരുന്ന രോഗികളുടെ തിരക്ക്, ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ കുറവ്, രോഗിക്ക് ഡോക്ടറുടെയടുത്ത് ലഭിക്കുന്ന സമയത്തിന്റെ കുറവ്; ഇതെല്ലാം ഡോക്ടർ- രോഗി ആശയവിനിമയം തകരാറാക്കുകയാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. റഊഫ് എ. കെ. എഴുതിയ ലേഖനം.

ആമുഖം

സ്വകാര്യ മേഖലയേക്കാൾ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കെതിരായ ആക്രമണവും ചികിത്സയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അടുത്ത കാലത്ത് വർധിച്ചു വരുകയാണ്. കൊല്ലത്ത് ഡോ. വന്ദനാദാസിന്റെ മരണവും കോഴിക്കോട് ഡോ. വിപിന് തലയ്ക്ക് വെട്ടേറ്റതും ഏറ്റവും അവസാനം വയനാട്ടിൽ ഡോ. ജിതിന് മർദ്ദനമേറ്റതുമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ആരോപണങ്ങളും ചെറിയ ആശുപത്രി അക്രമങ്ങളും ദിനേനയെന്നോണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

ഒ. പി., ഐ.പി ചികിത്സകളിൽ 36- 37% മാത്രമാണ് കേരളത്തിലെ സർക്കാർ ആശുപത്രികൾ നടത്തുന്നത്. ബാക്കി 61- 63 % ചികിത്സയും സ്വകാര്യ മേഖലയിലാണ്. പ്രസവത്തിന്റെ കണക്കുകൾ പരിശോധിച്ചാലും 30.3% മാത്രമാണ് സർക്കാർ ആശുപത്രികളിൽ നടക്കുന്നത്. ബാക്കി 68.3% പ്രസവവും സ്വകാര്യ ആശുപത്രികളിൽ നടക്കുന്നു. എന്നിട്ടും, വെറും 36 -37% ചികിത്സ കൈകാര്യം ചെയ്യുന്ന സർക്കാർ ആശുപത്രികളെയും ഡോക്ടർമാരെയും ലക്ഷ്യമിട്ട് അടിക്കടി അക്രമങ്ങൾ ഉണ്ടാവുന്നതെന്തുകൊണ്ടാണ്?

ഒ. പി., ഐ.പി ചികിത്സകളിൽ 36- 37% മാത്രമാണ് കേരളത്തിലെ സർക്കാർ ആശുപത്രികൾ നടത്തുന്നത്. ബാക്കി 61- 63 % ചികിത്സയും സ്വകാര്യ മേഖലയിലാണ്.
ഒ. പി., ഐ.പി ചികിത്സകളിൽ 36- 37% മാത്രമാണ് കേരളത്തിലെ സർക്കാർ ആശുപത്രികൾ നടത്തുന്നത്. ബാക്കി 61- 63 % ചികിത്സയും സ്വകാര്യ മേഖലയിലാണ്.

ഭൂരിഭാഗം സർക്കാർ ഡോക്ടർമാരും സുരക്ഷയില്ലാതെയാണ് ജോലി ചെയ്യുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അതിലപ്പുറവും കാര്യങ്ങളുണ്ട്.

1. സംഘർഷത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ

ഒ. പിയിലെ വർധിച്ചുവരുന്ന രോഗികളുടെ തിരക്ക്, ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ കുറവ്, ഡോക്ടറെ കാണാൻ, ലാബ് പരിശോധനക്ക്, മരുന്നു വാങ്ങാൻ എല്ലാം രോഗികളുടെ നീണ്ട ക്യൂ, രോഗിക്ക് ഡോക്ടറുടെയടുത്ത് ലഭിക്കുന്ന സമയത്തിന്റെ കുറവ്; ഇതെല്ലാം ഡോക്ടർ- രോഗി ആശയവിനിമയം തകരാറാക്കുകയാണ്.

രോഗിക്കും ബന്ധുക്കൾക്കും വിശ്വാസം നഷ്ടപ്പെടുന്നു. രോഗിയുടെ നിരാശയ്ക്കും, പിന്നീട് സംഘർഷത്തിനും ഇത് കാരണമാവുകയാണ്. അതുകൊണ്ടുതന്നെ ഇത് വ്യക്തിപരമായ പ്രശ്‌നമല്ല, മറിച്ച് ഡോക്ടർമാർ ഉൾക്കൊള്ളുന്ന സിസ്റ്റത്തിന്റെ പരാജയമായേ കാണാൻ സാധിക്കൂ. എന്താണ് അതിന് കാരണം?

സിസ്റ്റത്തിലെ തകരാറുകൾ പരിശോധിക്കുകയും അവക്ക് പരിഹാരം കാണാൻ ചർച്ചകൾ തുടങ്ങി വെക്കുകയുമാണ് ഇവിടെ.

2. കൺസൾട്ടേഷൻ സമയം:
രോഗികളുടെ സുരക്ഷാസൂചകം

രോഗി- ഡോക്ടർ കൺസൾട്ടേഷൻ ടൈം ഏറ്റവും പ്രധാന രോഗീസുരക്ഷാസൂചകമാണ് എന്നാണ് അന്താരാഷ്ട്ര പഠനങ്ങൾ തെളിയിക്കുന്നത്.

കൺസൾട്ടേഷൻ സമയം കുറയുന്നത് രോഗനിർണ്ണയം, തീരുമാന ഗുണനിലവാരം, രോഗിയുടെ സുരക്ഷ എന്നിവയെ നേരിട്ട് ബാധിക്കുന്നു. വിവിധ സ്‌പെഷ്യാലിറ്റികളിൽ കൺസൾട്ടേഷൻ ടൈമിൽ വ്യതിയാനങ്ങളുണ്ട്.

സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് വരുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ്  മൂലം  ഡോക്ടർക്ക് ഒരു ദിവസം 150- 300 ലധികം രോഗികളെ വരെയാണ് ചുരുങ്ങിയ സമയം കൊണ്ട്  പരിശോധിക്കേണ്ടിവരുന്നത്.
സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് വരുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് മൂലം ഡോക്ടർക്ക് ഒരു ദിവസം 150- 300 ലധികം രോഗികളെ വരെയാണ് ചുരുങ്ങിയ സമയം കൊണ്ട് പരിശോധിക്കേണ്ടിവരുന്നത്.

1989- ൽ ലോകാരോഗ്യ സംഘടനയുമായി (WHO) സഹകരിച്ച് ആരംഭിച്ച അന്താരാഷ്ട്ര ശൃംഖലയാണ് INRUD (International Network for Rational Use of Drugs). INRUD, WHO- യോടൊപ്പം, ഔട്ട്‌പേഷ്യന്റ് ചികിത്സയുടെ നിലവാരം വിലയിരുത്താൻ ചില പ്രധാന സൂചികകൾ (indicators) വികസിപ്പിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശരാശരി ഡോക്ടർ– രോഗി ആശയവിനിമയ സമയം. ഇത് ചികിത്സയുടെ സുരക്ഷയും ഗുണനിലവാരവും സൂചിപ്പിക്കുന്ന ഒരു പ്രധാന ഘടകമായാണ് പരിഗണിക്കപ്പെടുന്നത്.

തിരഞ്ഞെടുത്ത ചില രാജ്യങ്ങളിലെ ഡോക്ടർ- രോഗി കൺസൾട്ടേഷൻ ടൈം ബാർ ഗ്രാഫിൽ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക.

കുറഞ്ഞത് 10 മിനിറ്റ് എന്ന മാനദണ്ഡത്തേക്കാൾ താഴെയുള്ള കൺസൾട്ടേഷൻ സമയം രോഗികളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നു എന്നാണ് പഠനം. ഇവിടെ ഇപ്പോഴും Quantiy based performance ആണ് വിലയിരുത്തപ്പെടുന്നത്. 'എത്ര കേസുകൾ കണ്ടു' എന്നതാണ്, രോഗികളെ 'എങ്ങനെ കണ്ടു' എന്നല്ല വിലയിരുത്തപ്പെടുന്നത്.

ഒ.പി കൺസൾട്ടേഷൻ സമയക്കുറവ് ആശയവിനിമയ പിഴവിലേക്കും സംഘർഷത്തിലേക്കും ആക്രമണത്തിലേക്ക് തന്നെയും നയിക്കുന്നുവെങ്കിലും, നയരൂപീകരണം നടത്തുന്നവർ കൺസൾട്ടേഷൻ സമയത്തെ, അക്രമം കുറയ്ക്കാനുള്ള ഒരുപാധിയായിപോലും കാണുന്നില്ല.

3. രോഗികളുടെ എണ്ണത്തിൽ വർധനവ്

സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് വരുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് മൂലം ഡോക്ടർക്ക് ഒരു ദിവസം 150- 300 ലധികം രോഗികളെ വരെയാണ് ചുരുങ്ങിയ സമയം കൊണ്ട് പരിശോധിക്കേണ്ടിവരുന്നത്. ഹെൽത്ത് സെന്ററിലെ ജനറൽ വിഭാഗം ഡോക്ടറായാലും മേജർ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ഡോക്ടറായാലും ഒ.പി പരിശോധനാസമയത്ത് ശരാശരി ഒരു രോഗിക്ക് പരമാവധി ലഭിക്കുന്ന സമയം ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ്. രോഗിയോട് വിവരങ്ങൾ ചോദിച്ചറിയുകയും, ശാരീരിക പരിശോധന നടത്തി രോഗനിർണ്ണയം നടത്തുകയും അത് രോഗിയോട് പറയുകയും ടെസ്റ്റുകൾ ചെയ്യാനുണ്ടെങ്കിൽ അത് അറിയിക്കുകയും മരുന്നിനെ പറ്റിയും പാർശ്വഫലങ്ങളെ പറ്റിയും രോഗാവസ്ഥയിൽ കഴിക്കേണ്ട ഭക്ഷണത്തെ പറ്റിയും ആവശ്യമായ വിശ്രമത്തെ പറ്റിയും രോഗിയോടും കൂടെ വന്ന ബന്ധുവിനോടും പറഞ്ഞു മനസ്സിലാക്കണം.

ആവശ്യത്തിന് സമയം ലഭിച്ചില്ലെങ്കിൽ
എന്താണ് സംഭവിക്കുക?

ശരിയായ രോഗവിവരം ലഭ്യമാവില്ല, പരിശോധന പരിമിതമാവും, രോഗനിർണ്ണയത്തിൽ പരിമിതികളുണ്ടാകും. ഇത് തെറ്റായ രോഗനിർണ്ണയത്തിനിടയാക്കും. ആശയവിനിമയം സാധ്യമാവാതെ വരും. രോഗിക്ക് ഡോക്ടറിൽ വിശ്വാസം നഷ്ടപ്പെടുത്തുകയും അക്രമങ്ങളിലേക്ക് വഴി തുറക്കുകയും ചെയ്യും.

4. രോഗീപ്രതീക്ഷയും സിസ്റ്റം കപ്പാസിറ്റിയും

സർക്കാർ ആശുപത്രിയിൽ വരുന്ന സാധാരണ രോഗികൾ എന്താണ് പ്രതീക്ഷിക്കുന്നത്? ഡോക്ടർ, താൻ അസുഖത്തെ പറ്റി പറയുന്നത് കേൾക്കണം, പെട്ടെന്ന് രോഗനിർണ്ണയം നടത്തുകയും അസുഖം പെട്ടെന്ന് മാറുകയും വേണം. സൗജന്യ ചികിത്സയും ലഭ്യമാകണം. രോഗിയെ കേൾക്കണമെന്ന ന്യായമായ പ്രതീക്ഷയും അസുഖം പെട്ടെന്ന് മാറണമെന്ന അമിതപ്രതീക്ഷയിലുമാണ് രോഗികൾ എത്തുന്നത്.

പക്ഷേ, യാഥാർത്ഥ്യം എന്താണ്?

ഒ.പി. ടിക്കറ്റെടുക്കാൻ ടോക്കണെടുത്ത് രണ്ടുമൂന്ന് മണിക്കൂർ ക്യൂ നിൽക്കണം. എന്നാൽ ഡോക്ടറുടെ കൺസൾട്ടേഷന് കിട്ടുന്നത് സെക്കന്റുകൾ മാത്രമാണ്.
ലാബ് ടെസ്റ്റുകൾ നടത്താൻ മറ്റൊരു ക്യൂ.
റിസൾട്ട് ലഭിച്ച ശേഷം ലാബ് പരിശോധനക്ക് കുറിച്ചു കൊടുത്ത ഡോക്ടറെ കാണാൻ സാധിക്കാതെ ഡ്യൂട്ടിയിലുള്ള ഡോക്ടറെ കാണിക്കുന്നു.
കുറിച്ച മരുന്നുകൾ വാങ്ങാൻ മറ്റൊരു ക്യൂ.
ഇതാണ് നമ്മുടെ സിസ്റ്റം.

ഒ.പി. ടിക്കറ്റെടുക്കാൻ ടോക്കണെടുത്ത് രണ്ടുമൂന്ന് മണിക്കൂർ ക്യൂ നിൽക്കണം. എന്നാൽ ഡോക്ടറുടെ കൺസൾട്ടേഷന് കിട്ടുന്നത് സെക്കന്റുകൾ മാത്രമാണ്. Representative image
ഒ.പി. ടിക്കറ്റെടുക്കാൻ ടോക്കണെടുത്ത് രണ്ടുമൂന്ന് മണിക്കൂർ ക്യൂ നിൽക്കണം. എന്നാൽ ഡോക്ടറുടെ കൺസൾട്ടേഷന് കിട്ടുന്നത് സെക്കന്റുകൾ മാത്രമാണ്. Representative image

എൻ. ക്യു. എ. എസ്, കായകല്പ തുടങ്ങി ഗുണനിലവാരമളക്കുന്ന അസസ്‌മെന്റുകളും നമ്മുടെ ആശുപത്രികളിൽ നടക്കുന്നതുകൊണ്ടുതന്നെ പല ഗുണനിലവാര സൂചികകളും മെച്ചപ്പെട്ടിട്ടുണ്ട്. ആശുപത്രികളുടെ ഇൻഫ്രാസ്ട്രക്ചറും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ആശുപത്രികൾക്ക് അവാർഡുകൾ ലഭ്യമാവുകയും ആ ഖ്യാതിക്ക് പ്രചാരണം കൂടി നൽകുകയും ചെയ്തതോടെ അവാർഡ് ലഭിച്ച സർക്കാർ ആശുപത്രിയിലേക്ക് അമിതപ്രതീക്ഷയിലാണ് രോഗികൾ എത്തുന്നത്. പ്രതീക്ഷയും അമിതപ്രതീക്ഷയും സിസ്റ്റം കപ്പാസിറ്റിയിലും അധികമാണെന്നുള്ളതാണ് വസ്തുത.

5. സൗജന്യ ചികിത്സയിലെ ദുരിതം

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആർ.എസ്. ബി.വൈ, ജെ എസ്.കെ, കാസ്പ് തുടങ്ങിയ പദ്ധതികൾ (ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ) രോഗികൾക്ക് നൽകുന്നുണ്ട്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രോജക്ടുകൾ വെച്ച് മരുന്നും മറ്റു സാമഗ്രികളും ആശുപത്രികൾക്കായി വാങ്ങുന്നുമുണ്ട്. അതിനായി കേരള മെഡിക്കൽ സർവ്വീസ് കോർപറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാലും പലപ്പോഴും ഒരു മരുന്നും ലഭ്യമല്ലാത്ത സാഹചര്യവും ഒരു കുറിപ്പടിയിലെ കുറച്ച് മരുന്നുകൾക്കെങ്കിലും സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ട സാഹചര്യവും ഉണ്ട്. ചില ലാബ് പരിശോധനകൾക്ക് സ്വകാര്യ ലാബുകളെയും ആശ്രയിക്കേണ്ടിവരുന്നു.

എല്ലാ രോഗങ്ങൾക്കും ഇൻഷൂറൻസ് കവറേജ് ലഭിക്കാത്തതാണ് മറ്റൊരു പ്രശ്‌നം. ജനനി ശിശു സുരക്ഷ കാര്യ (JSSK) ക്രമിന്റെ ഭാഗമായി പ്രസവം കഴിഞ്ഞ അമ്മമാരെ സൗജന്യമായി വീട്ടിലെത്തിക്കുന്ന പദ്ധതിയിൽ പലപ്പോഴും വണ്ടികൾക്ക് വാടക ലഭ്യമാക്കാത്തതിനാൽ പദ്ധതി മുടങ്ങുന്ന സാഹചര്യവുമുണ്ട്.

മേജർ ആശുപത്രികളിൽ പോലും 24 മണിക്കൂർ സ്‌പെഷ്യാലിറ്റി സർവ്വീസ് ഇല്ലാത്ത സാഹചര്യത്തിൽ പലപ്പോഴും റഫറൻസ് നൽകേണ്ട അവസ്ഥയാണ് മറ്റൊന്ന്. ഇതൊക്കെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കു പോലും സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യങ്ങളാണ്.

6. മെഡിക്കോ ലീഗൽ ഉത്തരവാദിത്വം

ഡോക്ടർമാർക്ക് ഒ.പിയിലെ മുഴുവൻ രോഗികളെ പരിശോധിക്കുന്ന സമയത്തുതന്നെ വാർഡിൽ കിടക്കുന്ന രോഗികളെയും പരിശോധിക്കേണ്ടിവരും. അതിനിടയിൽ കാഷ്വാലിറ്റിയിൽ നിന്നുള്ള എമർജൻസി കോളുകൾ.

ഇതിന്റെയെല്ലാം ഡോക്യുമെന്റേഷൻ ഡോക്ടർ തന്നെ ചെയ്യണം. മെഡിക്കോ ലീഗൽ കേസുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ കൈകാര്യം ചെയ്യുമ്പോഴുള്ള മാനസിക സമ്മർദ്ദം ചെറുതല്ല. ഈ ഭാരിച്ച ഉത്തരവാദിത്വം മാനസികമായും ശാരീരികമായും തളർത്തും. സ്വാഭാവികമായും തീരുമാനങ്ങളിൽ പിശകുകൾ സംഭവിക്കും. ഇത് ചികിത്സാപിഴവ് ആരോപണമായി മാറും. കോടതികളിലെത്തുമ്പോൾ ഒരിക്കലും ഒരു ഡോക്ടർ എത്രയധികം രോഗികളെ നോക്കി എന്നല്ല നോക്കുന്നത്, മറിച്ച് പരിശോധിച്ച രോഗിക്ക് കൃത്യമായ ചികിത്സ നൽകിയോ എന്നാണ്. ഇത് തെളിയിക്കുന്ന നിരവധി കോടതി വിധികൾ നമ്മുടെ മുമ്പിലുണ്ട്.

7. ആശുപത്രി സുരക്ഷാ സംവിധാനങ്ങൾ

കേരള ആശുപത്രി സംരക്ഷണനിയമം (Kerala Hospital Protection Act എന്നറിയപ്പെടുന്ന Kerala Healthcare Service Persons and Healthcare Service Institutions- Prevention of Violence and Damage to Propetry- Act, 2012) ആശുപത്രി അക്രമങ്ങളെ തടയണമെന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണ്. നിയമപാലകർ ഇപ്പോൾ ഏറെക്കുറെ ബോധവാന്മാരാണെങ്കിലും നിയമത്തെക്കുറിച്ചുള്ള അജ്ഞത ഇപ്പോഴും ജനങ്ങൾക്കിടയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് സീറോ ടോളറൻസ് പോളിസി ഉണ്ടാവുന്നുമില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള വിമുഖതയും രാഷ്ട്രീയ ഇടപെടലുമെല്ലാം അക്രമങ്ങൾ തടയാൻ പര്യാപ്തമാവാത്തതിന് കാരണങ്ങളാണ്. അതുകൊണ്ടുതന്നെ

2023- ലെ ഡോ. വന്ദനദാസ് സംഭവത്തിനുശേഷം ആക്രമണങ്ങൾ കുറഞ്ഞില്ല, മറിച്ച് കൂടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആശുപത്രി സംരക്ഷണനിയമം (Hospital Protection Act) സംബന്ധിച്ച അവബോധപോസ്റ്ററുകൾ ഒ.പി / കാഷ്വാലിറ്റി / ഐ. സി. യു / ലേബർ റൂം / ഓപറേഷൻ തീയറ്റർ / വാർഡ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കണം. ഈ സ്ഥലങ്ങളിലെല്ലാം സി സി ടി വി നിരീക്ഷണവും വേണം.

2023- ലെ ഡോ. വന്ദനദാസ് സംഭവത്തിനുശേഷം ആക്രമണങ്ങൾ കുറഞ്ഞില്ല, മറിച്ച് കൂടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
2023- ലെ ഡോ. വന്ദനദാസ് സംഭവത്തിനുശേഷം ആക്രമണങ്ങൾ കുറഞ്ഞില്ല, മറിച്ച് കൂടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഹോസ്പിറ്റൽ വയലൻസ് ഗ്രേ പ്രോട്ടോക്കോൾ (Hospital Violence Grey Protocol - അക്രമം ഉണ്ടായാൽ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന SOP) നിർബന്ധമായും നടപ്പാക്കണം. ആവശ്യാനുസരണം ആരോഗ്യമുള്ള സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കണം.

ആശുപത്രികളെ സേഫ് സോണുകളാക്കി പ്രഖ്യാപിച്ച് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുകയാണ് ഏറ്റവും അഭികാമ്യം.

8. ഡോക്ടർ തസ്തിക വർധിപ്പിക്കുകയല്ലാതെ കുറുക്കുവഴികളില്ല

വിദ്യാഭ്യാസ മേഖലയിൽ അധ്യാപക– വിദ്യാർത്ഥി അനുപാതം നിയമപരമായി നിശ്ചയിക്കുകയും അത് കർശനമായി പാലിക്കുകയും ചെയ്യുമ്പോൾ, ആരോഗ്യമേഖലയിലെ ഏറ്റവും നിർണായകമായ ഡോക്ടർ– രോഗി അനുപാതം ഇന്നും വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ഒരു ക്ലർക്കിന് 25 ഫയലുകൾ, ഒരു സ്റ്റാഫ് നഴ്‌സിന് നാല് ബെഡുകൾ എന്നിങ്ങനെ സേവനനിലവാരം ഉറപ്പാക്കാൻ സർക്കാർ തന്നെ അനുപാതങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും, ഡോക്ടർമാരുടെ കാര്യത്തിൽ ഇത് അവഗണിക്കപ്പെടുന്നത് രോഗീസുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ആരോഗ്യവകുപ്പിൽ വർഷങ്ങളായി പിന്തുടരുന്ന സ്റ്റാഫിങ് മോഡൽ 1960-കളിലെ അടിസ്ഥാന മാതൃകയാണ്. ഇത് ജനസംഖ്യാവർധനവിന് ആനുപാതികമായും നൂതന ചികിത്സാ സംവിധാനങ്ങളെ അടിസ്ഥാനമാക്കിയും പുതുക്കി നിശ്ചയിക്കണം.

24 മണിക്കൂർ സ്‌പെഷ്യാലിറ്റി സേവനത്തിന് പര്യാപ്തമല്ലെങ്കിൽ കൂടി, ഗവ. ഓഫ് ഇന്ത്യ നിശ്ചയിച്ച IPHS (ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്) മാർഗ്ഗനിർദ്ദേശമനുസരിച്ചുള്ള ഡോക്ടർമാരുടെയും മറ്റു പാരാമെഡിക്കൽ ജീവനക്കാരുടെയും എണ്ണം പോലും കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല.

ഒരു ആശുപത്രിയിൽ ഏറ്റവും കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അത്യാഹിത വിഭാഗമാണ്. അത്യാഹിത വിഭാഗത്തിൽ ഓരോ ഷിഫ്റ്റിലും കുറഞ്ഞത് രണ്ട് ഡോക്ടർമാരുടെയെങ്കിലും സേവനം നിർബന്ധമായും ഉണ്ടാവണം. അതനുസരിച്ച് തസ്തികകൾ സൃഷ്ടിക്കപ്പെടണം.

സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടർമാരുടെ കുറവ് ഗുരുതരമായ യാഥാർഥ്യമാണ്. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ഓഫ് ഇന്ത്യ 2024-ൽ പ്രസിദ്ധീകരിച്ച് 2025 ജനുവരി 21ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് ഈ കാര്യത്തിൽ വ്യക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ എണ്ണം തന്നെയാണ് ഈ ആരോഗ്യ സേവന മേഖലയെ താങ്ങിനിർത്തുന്നതും അതിന്റെ ഗുണമേന്മ നിശ്ചയിക്കുന്നതും. പ്രശസ്തി നേടിയ ഈ ആരോഗ്യ മോഡൽ നിലനിൽക്കണമെങ്കിൽ ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും എണ്ണം വർധിപ്പിക്കുകയല്ലാതെ മറ്റു കുറുക്കുവഴികളില്ല.

വിവിധ സ്‌പെഷാലിറ്റികളിൽ പരിശോധനക്ക് വരുന്ന

രോഗികൾക്ക് ചുരുങ്ങിയത് 10 മിനിട്ട് പരിശോധനക്കായി ലഭിക്കേണ്ടത് രോഗിയുടെ അവകാശമാണ്. അതിനനുസൃതമായിവേണം ഡോക്ടർമാരുടെ എണ്ണം നിശ്ചയിക്കാനും ജോലി സമയം ക്രമീകരിക്കാനും.

ലഭിക്കുന്ന സേവനത്തിൽ അസംതൃപ്തരായ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി അക്രമങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ ബലിയാടാവുന്നത് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരാണ്.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടും പബ്ലിക് ഹെൽത്ത് ആക്ടും നിലവിൽ വന്നെങ്കിലും ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണം കൂട്ടാതെ ഒരു നിയന്ത്രണവും പ്രാബല്യത്തിൽ വരുത്താൻ സാധ്യമല്ല എന്ന് നയരൂപീകരണം നടത്തുന്നവർ തിരിച്ചറിയണം. കൃത്യമായ കാഴ്ചപ്പാടോ ആസൂത്രണമോ അധികാര കേന്ദ്രങ്ങളിൽ നിന്നുണ്ടാവാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.

ഡോക്ടർമാരുടെ തസ്തികകൾ കൃത്യസമയത്ത് നടത്താനും പ്രൊമോഷൻ സമയബന്ധിതമായി നടത്താനും ആരോഗ്യ വകുപ്പിന് പ്രത്യേകം മെഡിക്കൽ റിക്രൂട്ട്‌മെന്റ് ബോർഡ് സ്ഥാപിക്കാവുന്നതാണ്. ജനസാന്ദ്രതയും ജനസംഖ്യാനുപാതികവുമായി ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും തസ്തികകൾ നിർണ്ണയിക്കാൻ ഈ ബോർഡിനെ തന്നെ ഉത്തരവാദപ്പെടുത്താവുന്നതാണ്.

ജനസംഖ്യാനുപാതികമായി ആരോഗ്യ പ്രവർത്തകരെ വിന്യസിക്കാത്തത് രോഗചികിത്സയെ മാത്രമല്ല രോഗപ്രതിരോധപ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.

9. ഒ.പി തിരക്ക് നിയന്ത്രണസാധ്യതകൾ
(OP Crowd Management)

രോഗികളുടെ തിരക്ക് നിയന്ത്രിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന വിധത്തിൽ അപ്പോയിന്റ്‌മെന്റ് സിസ്റ്റം നടപ്പാക്കണം. ഇത് ഇ- ഹെൽത്ത് (E Health) ഉപയോഗിച്ച് വളരെ എളുപ്പം ചെയ്യാനാവും. അതുമായി ജനങ്ങൾ താദാത്മ്യപ്പെടാൻ കുറച്ചു സമയമെടുക്കുമെങ്കിലും തിരക്ക് നിയന്ത്രണം ഫലപ്രദമാവും. ബുക്ക് ചെയ്ത് മാത്രമേ ഒ.പി. പരിശോധന സാധ്യമാവൂ എന്നുവരണം. ഒരു ദിവസം ഓരോ ഡോക്ടർക്കും കൊടുക്കുന്ന ബുക്കിംഗ് നമ്പർ സ്‌പെഷ്യാലിറ്റി അനുസരിച്ച് നിജപ്പെടുത്തണം.

 രോഗിക്ക് കൂടുതൽ സമയം നൽകിയാൽ, ആശയവിനിമയം മെച്ചപ്പെടും. ഒപ്പം സുരക്ഷയും. സുരക്ഷ ഡോക്ടറുടെ മാത്രമല്ല രോഗികളുടെയും. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് (കെ.ജി.എം.ഒ.എ ) നിലവിൽ  നടത്തുന്ന  ജീവൻ രക്ഷാ സമരം  ഉയർത്തുന്ന സന്ദേശവും അതാണ്.
രോഗിക്ക് കൂടുതൽ സമയം നൽകിയാൽ, ആശയവിനിമയം മെച്ചപ്പെടും. ഒപ്പം സുരക്ഷയും. സുരക്ഷ ഡോക്ടറുടെ മാത്രമല്ല രോഗികളുടെയും. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് (കെ.ജി.എം.ഒ.എ ) നിലവിൽ നടത്തുന്ന ജീവൻ രക്ഷാ സമരം ഉയർത്തുന്ന സന്ദേശവും അതാണ്.

നിലവിലുള്ള ടോക്കൺ സിസ്റ്റവും നടക്കട്ടെ. രോഗികൾ തിരക്കിൽ തള്ളിക്കയറാതെ ക്രമമായി ഡോക്ടറെ കാണാൻ കഴിയുന്നത് ഡോക്ടർക്ക് മാത്രമല്ല രോഗികൾക്കും ആശ്വാസമാകും. ഈ രീതിയിൽ ഒ.പി. ക്രമീകരണം നടത്തണം.

രോഗികളുടെ എണ്ണം കുറയുമ്പോൾ രോഗിക്ക് ആവശ്യത്തിന് പരിശോധനാസമയം ലഭിക്കും. ആശയവിനിമയം ഫലപ്രദമാവും. രോഗി കൺസൾട്ടേഷൻ ഗുണനിലവാരമുള്ളതാവും. രോഗികൾക്ക് വിശ്വാസം വർധിക്കുകയും ചെയ്യും. അക്രമം ഉണ്ടാകാനുള്ള സാധ്യത പോലും ഇല്ലാതാവും.

ആശുപത്രികളിൽ OP എണ്ണം പരിമിതപ്പെടുത്താൻ നിയമതടസ്സമില്ല എന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും ചികിത്സാനിഷേധം എന്ന ആരോപണം വരുമോ എന്നതാണ് ആശുപത്രി അധികൃതരുടെ ഭയം. എന്നാൽ ഈ ഭയത്തിന് യാതൊരു അടിസ്ഥാനവുമില്ല. ഒ. പി. പരിശോധനയിൽ എണ്ണം നിജപ്പെടുത്തുന്നതിനോ സമയം നിശ്ചയിക്കുന്നതിനോ ബുക്കിംഗ് നടത്തുന്നതിനോ നിയമപരമായ യാതൊരു തടസവുമില്ല. മാത്രമല്ല, നിരവധി കോടതിവിധികൾ ചികിത്സാനിഷേധം എന്താണെന്ന് വ്യക്തമാക്കുന്നുമുണ്ട്. 'Doctors cannot be expected to perform beyond reasonable human capactiy’ എന്ന Jacob Mathew Vs Punjab (2005) സുപ്രീംകോടതി കേസിലെ പരാമർശം ആശ്വാസകരവും ധൈര്യം പകരുന്നതുമാണ്.

Indian Public Health Standards( IPHS) അനുസരിച്ച് ചുരുങ്ങിയത് 75 രോഗികളെ ഒരു ദിവസം ഒരു ജനറൽ ഡോക്ടർക്കും 40 രോഗികളെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർക്കും പരിശോധിക്കാവുന്നതാണ് എന്ന മാർഗ്ഗനിർദ്ദേശം മാത്രമാണ് നിലവിലുള്ളത്.

10. സ്റ്റാഫ് കമ്യൂണിക്കേറ്ററും
സർട്ടിഫിക്കറ്റ് കൗണ്ടറും

ഓരോ ഒ പിമുറികളുടെ മുന്നിലും ഒരു സ്റ്റാഫ് നഴ്‌സ് / നഴ്‌സിംഗ് അസിസ്റ്റന്റ് 'സ്റ്റാഫ് കമ്യൂണിക്കേറ്റർ' എന്ന നിലയിൽ ഉണ്ടാകണം. ഇവർ രോഗികളെ ക്രമപ്പെടുത്തുകയും, 'ഡോക്ടർ വാർഡ് റൗണ്ടിലാണ് / കാഷ്വാലിറ്റിയിലാണ് /കുറച്ച് സമയം കാത്തിരിക്കുക' തുടങ്ങിയ വിവരങ്ങൾ നൽകുകയും ചെയ്യണം. ഇതോടെ രോഗികളുടെ ഉത്കണ്ഠയും കോപവും കുറയും. ഒപ്പം, ഒ.പി മുറികളുടെ മുന്നിൽ ഡിസ്‌പ്ലേ ബോർഡും വേണം. 'വാർഡ് റൗണ്ട് – ഡോക്ടർ കുറച്ച് സമയം കഴിഞ്ഞ് മടങ്ങിയെത്തും'- ഇങ്ങനെ പ്രദർശിപ്പിക്കുന്നതിലൂടെ രോഗികൾക്ക് വ്യക്തതയും വരും.

ഡോക്ടർ ചെയ്യേണ്ടതല്ലാത്ത ജോലികൾ (ഡോക്യുമെന്റേഷൻ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ മെഡിക്കൽ ഇതര ജോലികൾ) നഴ്‌സിംഗ് / പാരാമെഡിക്കൽ / ഓഫീസ് ക്ലറിക്കൽ സ്റ്റാഫ് എന്നിവർ ചെയ്യണം. അങ്ങനെ ടാസ്‌ക് ഷിഫ്റ്റിംഗും നടത്തണം.

ഒ.പി. ചികിത്സ ആവശ്യമില്ലാത്തവർ- അതായത് ഏത് സർട്ടിഫിക്കറ്റും (Age / Medical / Fitness / MedicoLegal etc) ആവശ്യപ്പെട്ടുവരുന്നവർക്ക് മാത്രമായി ഒരു കൗണ്ടർ വേണം. ഇതോടെ ഡോക്ടറുടെ കൺസൾട്ടേഷൻ സമയം ചുരുക്കാം. സർട്ടിഫിക്കറ്റിനായി അപേക്ഷ സ്വീകരിക്കലും രേഖകളുടെ വെരിഫിക്കേഷനും ഒരു ഓഫീസ് ക്ലാർക്ക് നടത്തട്ടെ. ആവശ്യമെങ്കിൽ അപേക്ഷകരെ പ്രീ ചെക്ക് റൂമിൽ അയച്ച് ഉയരം, തൂക്കം (Height / Weight) എന്നിവ രേഖപ്പെടുത്തട്ടെ. വിഷൻ ടെസ്റ്റ് നടത്താൻ ബുക്കിംഗ് നടത്തിപോകട്ടെ. എല്ലാ രേഖകളും ശരിയായശേഷം സർട്ടിഫിക്കറ്റ് കൗണ്ടറിൽ നിശ്ചിതസമയത്ത് ഡോക്ടറെ കണ്ട് സർട്ടിഫിക്കറ്റ് നൽകുന്ന രീതി ഉണ്ടാക്കിയെടുക്കണം.

11. പ്രീകൺസൾട്ടേഷൻ ഏരിയയും ട്രയാജ് സംവിധാനവും

പ്രീ കൺസൾട്ടേഷൻ ഏരിയ എല്ലാ ഒ പികളുടെ മുന്നിലും കാഷ്വാലിറ്റി ഗ്രീൻ ഏരിയയിലും സെറ്റ് ചെയ്യണം. ഇവർക്കുതന്നെ സ്റ്റാഫ് കമ്യൂണിക്കേറ്റർ ആയി പ്രവർത്തിക്കുകയും ചെയ്യാം. ഇവിടെ രോഗിയുടെ BP, Pulse, Temperature, SpO2, Weight, Height, BMI എന്നിവ രേഖപ്പെടുത്തി, ഡോക്ടറെ കാണുന്നതിനുമുമ്പ് പ്രാഥമിക വിലയിരുത്തൽ (Preliminary Assessment) പൂർത്തിയാക്കണം. പ്രീ കൺസൾട്ടേഷൻ നടത്തിയവരെ മാത്രമേ ഡോക്ടറുടെ കാബിനിലേക്ക് കടത്തിവിടാൻ പാടുള്ളൂ.

അത്യാഹിത വിഭാഗത്തിൽ (Casuatly) – ട്രയാജിംഗ് നടപ്പാക്കേണ്ടത് അനിവാര്യമാണ്.

രോഗികളെ Red / Yellow / Green എന്നീ വിഭാഗങ്ങളായി Triage ചെയ്യണമെന്നത് നിർബന്ധമാക്കണം.Triaging- ന് പ്രത്യേകം സ്റ്റാഫും വേണം. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ ഉത്തരവ് നടപ്പാക്കട്ടെ.

Red: ജീവന് നേരിട്ട് ഭീഷണി ഉണ്ടാക്കുന്ന, ഉടൻ ചികിത്സ ആവശ്യമുള്ള രോഗാവസ്ഥ.

Yellow: വേഗത്തിൽ ചികിത്സ വേണ്ടവർ, ഗുരുതരമെങ്കിലും ജീവന് നേരിട്ട് അപകടമില്ലാത്ത അവസ്ഥ, ഉടൻ ജീവന് ഭീഷണിയില്ല.

Green: അത്യാവശ്യമല്ലാത്ത / കാത്തിരിക്കാനാവുന്ന രോഗാവസ്ഥ.

സാധാരണയോ ചെറിയതോ ആയ പ്രശ്‌നങ്ങൾ; കുറച്ചുസമയം കാത്തിരിക്കാവുന്ന അവസ്ഥ.

ഇത് പ്രയോഗത്തിലാവുന്നതോടെ എല്ലാ രോഗികളും 'എനിക്ക് ആദ്യം' എന്ന മനോഭാവം ഒഴിവാക്കി സിസ്റ്റത്തിൽ വിശ്വാസം അർപ്പിക്കാൻ തുടങ്ങും.

12. ആശയവിനിമയം എങ്ങനെ?

രോഗിയെ ചികിത്സിക്കുന്ന ആശുപത്രിയിലെ തന്നെ മറ്റു ഡോക്ടർമാർ അല്ലെങ്കിൽ ജീവനക്കാർ, അല്ലെങ്കിൽ റഫർ ചെയ്ത് എത്തുന്ന ആശുപത്രിയിലെ ഡോക്ടർമാർ അല്ലെങ്കിൽ ജീവനക്കാർ ഇവരുടെ അഭിപ്രായപ്രകടനം ചിലപ്പോഴെങ്കിലും സംഘർഷത്തിലേക്ക് നയിക്കാറുണ്ട്. ചികിത്സയെപ്പറ്റി അറിവില്ലാത്ത കാര്യങ്ങളെ പറ്റി ആരും അഭിപ്രായം പറയാതിരിക്കുക. രോഗികൾക്കും ബന്ധുക്കൾക്കും പ്രകോപനത്തിന് കാരണമാവാവുന്ന ഒരുവിധ കുറ്റപ്പെടുത്തലുകളോ വാക്കുകളോ മുമ്പ് നടത്തിയ ചികിത്സയെപ്പറ്റിയോ പറയാതിരിക്കുകയാണ് അഭികാമ്യം. ഉത്തരവാദപ്പെട്ടവർ ചികിത്സയെപ്പറ്റി പറയട്ടെ.

കാഷ്വാലിറ്റി, ഐ.സി.യു, ഓപ്പറേഷൻ തിയറ്റർ, ലേബർ റൂം, വാർഡുകൾ എന്നീ സ്ഥലങ്ങളിൽ പ്രത്യേകം കൗൺസിലിംഗ് ഏരിയകൾ സജ്ജീകരിക്കണം. രോഗിയോടും ബന്ധുക്കളോടും കൃത്യമായി ചികിത്സാകാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കൗൺസിലിംഗ് ഏരിയകൾ അത്യാവശ്യമാണ്. പ്രൊസീജറുകളുടെ സമ്മത പത്രവും ഇവിടുന്ന് തന്നെ വാങ്ങാം. കൗൺസിലിംഗ് റൂമിൽ രോഗിയെയും ബന്ധുക്കളെയും അറിയിച്ചു കൊണ്ടു തന്നെ വീഡിയോ റെക്കോർഡിംഗ് സംവിധാനവും ഏർപ്പെടുത്തണം. ഇത് ചികിത്സയെ സംബന്ധിച്ച ആരോപണങ്ങൾ കുറയ്ക്കും.

13. ജീവൻ രക്ഷാസമരം

ഒരു സർക്കാർ ആശുപത്രിയിൽ രോഗിക്ക് ഡോക്ടറുടെയടുത്ത് ലഭിക്കുന്നത് ചിലപ്പോഴൊക്കെ വെറും സെക്കൻഡുകൾ മാത്രമാണ്. ആ സമയത്ത് വിവരങ്ങൾ പൂർണ്ണമായും കേൾക്കാനോ പരിശോധന നടത്താനോ ചികിത്സാവിവരം പറയാനോ സാധ്യമാവില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു സാഹചര്യത്തിൽ ഗുണനിലവാരം പ്രതീക്ഷിക്കാവുന്നതല്ല. ആശയവിനിമയം തകരാറിലാകും. അക്രമസാധ്യതകളും വർധിക്കും. രോഗിക്ക് കൂടുതൽ സമയം നൽകിയാൽ, ആശയവിനിമയം മെച്ചപ്പെടും. ഒപ്പം സുരക്ഷയും. സുരക്ഷ ഡോക്ടറുടെ മാത്രമല്ല രോഗികളുടെയും. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് (കെ.ജി.എം.ഒ.എ ) നിലവിൽ നടത്തുന്ന ജീവൻ രക്ഷാ സമരം ഉയർത്തുന്ന സന്ദേശവും അതാണ്.

Comments