ആസന്നമരണത്തിന്റെ വക്കിൽ നിന്ന്​, ആഞ്ഞുവലിക്കുകയാണ്​ ഓർമകളെ...

നഗരങ്ങളിൽ ആശുപത്രികളിൽ ജീവവായു സിലിണ്ടറുകൾക്ക് ക്ഷാമം എന്ന് ഈ ദിവസങ്ങളിൽ വായിക്കുന്നു. ജീവിക്കാനുള്ള ആഗ്രഹമാണ് ഒരു സിലിണ്ടറിലേക്ക് അവസാനത്തെ പ്രത്യാശയെ നയിക്കുന്നത്. അടച്ചിടപ്പെട്ട ഓർമകളാണ് കോവിഡ് മനുഷ്യരാശിക്ക് നൽകുന്ന ഏറ്റവും വലിയ ഭീഷണി

ലോകപൈതൃകദിനമായിരുന്നു ഏപ്രിൽ 18.
പ്രശസ്ത ജനപ്രിയചരിത്രകാരനായ വില്യം ഡാർലിംപ്ൾ ഒരു ചിത്രം ട്വീറ്റ് ചെയ്തു. ഒന്നാം നൂറ്റാണ്ടിലെ ഒരു ബുദ്ധപ്രതിമ. അതിമനോഹരമായി വളർന്നുപന്തലിച്ച ഒരാൽ. അവിടേക്കു നടക്കുന്ന ശ്രീബുദ്ധൻ. ഞൊറികളാൽ സുന്ദരമായ വസ്ത്രം. അദ്ദേഹത്തെ ആരാധനയോടെ നോക്കിനിൽക്കുന്ന നാട്ടുകാർ. ലോകപൈതൃകദിനത്തിൽ ഞാൻ ആ ബുദ്ധനിലേക്ക് തന്നെ നോക്കിനിന്നു കുറേനേരം.

എനിക്കോർമയാണ് ബുദ്ധൻ.
എന്റെ ഓർമകൾ അല്ല നിങ്ങൾക്ക് ബുദ്ധനെ പ്രതിയുള്ളത്.
വ്യത്യസ്ത ഓർമകൾ നിരവധി ബുദ്ധന്മാരെ തീർക്കുന്നു.
ചില ഓർമകൾ ബുദ്ധന്മാരെ നശിപ്പിക്കുന്നു, ബാമിയാനിൽ ചെയ്തതുപോലെ. ചിലർക്ക് ബുദ്ധൻ കാരുണ്യമൂർത്തിയുടെ പൈതൃകം.
ചിലർക്ക് ബുദ്ധൻ പ്രച്ഛന്നബുദ്ധനായിരുന്ന ശങ്കരന്റെ നവബ്രാഹ്മണതർക്കത്തിന്റെ ഇര.

ചിലർക്ക് ബുദ്ധൻ അംബേദ്‌കർ.
ചിലർക്ക് ബുദ്ധൻ ഏഷ്യയുടെ പ്രകാശം.
ചിലർക്ക് ബുദ്ധൻ നാരായണഗുരുവിലെ വിവിധപ്രകാശങ്ങളിൽ ഒന്ന്.
ചിലർക്ക് ബുദ്ധൻ ഭാര്യയെയും മകനേയും ഉപേക്ഷിച്ചുപോയ മറ്റൊരാൾ... ചിലർക്ക് ബുദ്ധൻ ആശാന്റെ കരുണയിൽ അവസാനം ചിതറിയ ശരീരവുമായി കിടക്കുന്ന വാസവദത്തയെ കാണാൻ കയ്യിലൊരോടുമായി എത്തിയ സുന്ദരയോഗി.
ചിലർക്ക് ബുദ്ധൻ പാടലീപുത്രം, ചിലർക്ക് വാരാണസി, ചിലർക്ക് നേപ്പാൾ , ചിലർക്ക് ചൈന, ചിലർക്ക് അഫ്‌ഗാനിസ്ഥാൻ.
ചിലർക്ക് ബുദ്ധൻ ടിബറ്റൻസംഗീതം.. അങ്ങനെ കുറേ ചിന്തകളുമായി ലോക പൈതൃകദിനത്തിൽ ഞാൻ ഒന്നാം നൂറ്റാണ്ടിലെ മോഹനബുദ്ധനെ നോക്കി നിന്നു...

ജനപ്രിയചരിത്രകാരനായ വില്യം ഡാർലിംപ്ൾ ലോക പൈതൃക ദിനത്തിൽ ട്വീറ്റ് ചെയ്ത ഒന്നാം നൂറ്റാണ്ടിലെ ബുദ്ധപ്രതിമ.
ജനപ്രിയചരിത്രകാരനായ വില്യം ഡാർലിംപ്ൾ ലോക പൈതൃക ദിനത്തിൽ ട്വീറ്റ് ചെയ്ത ഒന്നാം നൂറ്റാണ്ടിലെ ബുദ്ധപ്രതിമ.

ചരിത്രം ഓർമയാണ്.
ചരിത്രസ്മാരകം ഓർമയുടെ ഇടമാണ്.
സ്ഥാപനം എന്നുഞാൻ വിളിക്കില്ല. സ്ഥാപനം സ്ഥിരമാണ്, സ്ഥാപിക്കപ്പെട്ടത് സ്മാരകം സ്മരണയുടെ ഇടമാണ്. സ്മരണ ചരമാണ്, അചരമല്ല.
ഇത് കോവിഡ് കാലം. എല്ലാചരിത്രസ്മാരകങ്ങളും ലോകത്തിൽ അടഞ്ഞുകിടക്കുകയാണ്.

ഇതിന് രണ്ടു വശങ്ങളുണ്ട്.
ഒന്ന് താജ്മഹൽ തുറന്നിരുന്നാൽ അതുകൊണ്ടു മാത്രം ഉപജീവനം തേടുന്ന ആയിരങ്ങൾ. സജീവമായ ഒരു ചരിത്രസ്മാരകം അന്നദാതാവാണ്‌.
മറ്റൊരുവശം ചരിത്രസ്മാരകം അടഞ്ഞുകിടന്നാൽ നാം അടച്ചുകളയുന്ന ഓർമകളാണ്. കാഴ്ചബംഗ്ളാവിൽ അടക്കപ്പെട്ട ഒരു വന്യമൃഗമാണ് കോവിഡ് കാലത്തെ വീട്ടിനുള്ളിൽ അടക്കപ്പെട്ട മനുഷ്യൻ. മൃഗശാലയിലെ പുലിയുടെ ഓർമയുടെ പടലങ്ങളിൽ ഒരു മങ്ങിയ നദി... ഒരു മങ്ങിയ വനം... മായുന്ന ഇരകൾ... സൂക്ഷിപ്പുകാരൻ ആ ദിവസത്തെ അഞ്ചുകിലോ ഇറച്ചി എറിഞ്ഞുകൊടുക്കുമ്പോൾ ആ പുലി ഓർമയുടെ വാതിൽ അടക്കുന്നു. അതുപോലെ കോവിഡ് കാലത്ത് ഓർമയുടെ എത്രയെത്ര മന്ദിരങ്ങളാണ് അടഞ്ഞുകിടക്കുന്നത്... മുറിക്കകത്തിരുന്ന്, ഇന്റർനെറ്റും പുസ്തകാലമാരകളും നീട്ടുന്ന അനന്തയാത്രകൾ നാം ചെയ്യുമ്പോൾ ഒരു ചരിത്രസ്മാരകത്തിലേക്കുള്ള യാത്ര നൽകുന്ന രക്തവും മാംസവുമുള്ള ഓർമ നമുക്ക് ഈ ഉൾമുറി ടൂറിസം നൽകുന്നില്ല.

കോവിഡ് കാലം ചെയ്ത ഏറ്റവും വലിയ ഉന്മൂലനം ഓർമകളുടെ ഉന്മൂലനമാണ്. Zoom എന്ന് ഇന്റർനെറ്റ് കൂട്ടായ്മാ സാങ്കേതികതയ്ക്ക് പേരിട്ടതുതന്നെ കൗതുകകരമാണ്... നാം ഈ മുറിക്കുള്ളിൽ ഇരുന്ന് സൂം ചെയ്യുകയാണ്... അകലത്തെ അടുപ്പിക്കാൻ ശ്രമിക്കുകയാണ്.
കണിമുറിയിൽ വിഷുപ്പുലർച്ചയിൽ ഭക്ത കൃഷ്ണനെ സൂം ചെയ്യുന്നതുപോലെ. പക്ഷേ. മൂന്നുകൊല്ലം മുൻപേ ഗ്രീസിൽ സോക്രട്ടീസ് വിഷം കുടിച്ചുമരിച്ച ജയിലിന്റെ മുന്നിലെ ഉടഞ്ഞ മാർബിളിൽ കൈതൊട്ടപ്പോൾ എന്റെ ഓർമകളുടെ നട്ടെല്ലിലൂടെ പാഞ്ഞ വൈദ്യുതിയുണ്ടല്ലോ, അതുതരാൻ ഒരു ചരിത്രപുസ്തകത്തിനും കഴിഞ്ഞില്ല. ആ തൊടൽ എന്റെ ഓർമകളെ എങ്ങനെയൊക്കെ ഉദ്ദീപിപ്പിച്ചു !
പരാജിതാന്വേഷണങ്ങളെ ഓർമിപ്പിച്ചു ...

പീലാത്തോസ്, എന്താണ് സത്യം എന്ന് മുൾക്കിരീടം ചൂടിയ മനുഷ്യപുത്രനോട് ചോദിച്ചത് ഓർമിപ്പിച്ചു. ഒരൊറ്റവെടിയിൽ പിന്നോട്ടു മലർന്ന ഗാന്ധിയെ ഓർമിപ്പിച്ചു... തലശ്ശേരിക്കാരി ജാനകിയമ്മാൾ ജീവിതം മുഴുവൻ ജീവശാസ്ത്രം പഠിച്ച് ആണധികാരങ്ങളെ ചോദ്യം ചെയ്ത് പ്രസവിക്കേണ്ട എന്നുതീരുമാനിച്ച കഴിഞ്ഞ നൂറ്റാണ്ടിനെ ഓർമിപ്പിച്ചു ...
ഒരു ചരിത്രസ്മാരകത്തിലെ ഒരു ചെറിയ വെള്ളാരങ്കല്ലിന് നിങ്ങളെ അനന്തമായ ഓർമകളിലേക്ക് വിക്ഷേപിക്കുവാനുള്ള കഴിവുണ്ട്.

ഓക്‌സിജൻ കിടക്ക ലഭ്യമാകാതെ ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയ്ക്ക് പുറത്ത് കിടന്നു മരിച്ച കോവിഡ് രോഗി
ഓക്‌സിജൻ കിടക്ക ലഭ്യമാകാതെ ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയ്ക്ക് പുറത്ത് കിടന്നു മരിച്ച കോവിഡ് രോഗി

കോവിഡ് കാലത്ത് ലോക പൈതൃകദിനത്തിൽ, സെൽഫ് ക്വാറൻറയിനിൽ, ഈ മുറിയിൽ ഇരിക്കുമ്പോൾ ഓർമകൾ മുറിക്കു പുറത്താണ്.
ഒരു വീട്ടിനുള്ളിൽ അടച്ചിരുന്ന് ഓർമിക്കുന്നതിന് പരിമിതിയുണ്ട്... വനത്തിലെ പുലിയല്ല കാഴ്ചബംഗ്ളാവിലെ പുലി. കോവിഡ് മൂലം ലോകപൈതൃകയിടങ്ങൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ഞാൻ വായിക്കുകയായിരുന്നു. മുഖ്യമായും സാമ്പത്തികമാണ് ഈ ചർച്ചകളെ നയിക്കുന്നത്. നമുക്കറിയാം നൂറ്റാണ്ടുകൾ മണ്ണിനടിയിൽ കിടന്നതാണ് അജന്തയും എല്ലോറയും എന്ന്.
ഇപ്പോൾ മനുഷ്യൻ വഴിനടക്കുന്ന, രാപാർക്കുന്ന, വണ്ടിയോടിക്കുന്ന, രാഷ്ട്രീയം പറയുന്ന കൊടുങ്ങല്ലൂർ പ്രദേശത്തെ മണ്ണിനടിയിൽ എത്രതന്നെ സ്മാരകങ്ങൾ കണ്ടേക്കാം, ആളറിയാതെ ചരിത്രത്തിന്റെ അവശേഷിപ്പുകൾക്ക് കിടക്കാം, എത്രകാലം വേണമെങ്കിലും... പക്ഷേ, നമുക്കാവതില്ല ബാമിയാനിലെ ഇല്ലാതായ ബുദ്ധനെ വീണ്ടും കാണാതെ... പാടലീപുത്രത്തിൽ നിന്ന്​ വാരാണസി വരെ നടന്ന സിദ്ധാർത്ഥ ഗൗതമനെ പിന്തുടരാതെ... കാരണം ഓർമകൾ ഓക്സിജൻ ആണ്.

നഗരങ്ങളിൽ ആശുപത്രികളിൽ ജീവവായു സിലിണ്ടറുകൾക്ക് ക്ഷാമം എന്ന് ഈ ദിവസങ്ങളിൽ വായിക്കുന്നു. ആസന്നമരണത്തിന്റെ വക്കിൽ നിൽക്കുന്നയാൾ വായുവിനായി ആഞ്ഞുവലിക്കുമ്പോൾ അയാളിൽ ഓർമകൾ സജീവമാണ്. ജീവിക്കാനുള്ള ആഗ്രഹമാണ് ഒരു സിലിണ്ടറിലേക്ക് അവസാനത്തെ പ്രത്യാശയെ നയിക്കുന്നത്. അടച്ചിടപ്പെട്ട ഓർമകളാണ് കോവിഡ് മനുഷ്യരാശിക്ക് നൽകുന്ന ഏറ്റവും വലിയ ഭീഷണി... ഓർമകൾ സ്ഥാപനമല്ല, അവ സദാചരിക്കേണ്ടവയാണ്.


Summary: നഗരങ്ങളിൽ ആശുപത്രികളിൽ ജീവവായു സിലിണ്ടറുകൾക്ക് ക്ഷാമം എന്ന് ഈ ദിവസങ്ങളിൽ വായിക്കുന്നു. ജീവിക്കാനുള്ള ആഗ്രഹമാണ് ഒരു സിലിണ്ടറിലേക്ക് അവസാനത്തെ പ്രത്യാശയെ നയിക്കുന്നത്. അടച്ചിടപ്പെട്ട ഓർമകളാണ് കോവിഡ് മനുഷ്യരാശിക്ക് നൽകുന്ന ഏറ്റവും വലിയ ഭീഷണി


Comments