നോവൽ കൊറോണ വൈറസ് പകർത്തുന്ന കോവിഡ്- 19 എന്ന പകർച്ചവ്യാധി ലോകരാഷ്ട്രങ്ങളെ ഒന്നൊഴിയാതെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്ന് രോഗകാരികളായ വൈറസുകളുടെ പ്രസരണകേന്ദ്രം ഇറ്റലിയിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കും മാറിയിരിക്കുന്നു.
ഈ അഭിമുഖം തയ്യാറാക്കുന്ന സമയം രോഗബാധിതരുടെ എണ്ണം ലോകമൊട്ടാകെ 13 ലക്ഷത്തിലേറെയും മരിച്ചവരുടെ എണ്ണം 75,000നു മുകളിലും ആയിക്കഴിഞ്ഞിരിക്കുന്നു.
ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 4000ഓളമാണ്, മരണം 120 കവിയുന്നു. ഇന്ത്യയിലെ രോഗവ്യാപനത്തെ സംബന്ധിച്ച് വിവിധ അഭിപ്രായങ്ങൾ വിദഗ്ദ്ധർക്കിടയിലുണ്ടെങ്കിലും ഒരുകാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്; ഇന്ത്യയിൽ രോഗനിർണ്ണയത്തിന് ആവശ്യമായ പരിശോധന നടക്കുന്നില്ല എന്നതുകൊണ്ടുതന്നെ രോഗബാധിതരുടെ എണ്ണം സംബന്ധിച്ച് ശരിയായ നിഗമനത്തിൽ എത്തുക പ്രയാസമാണ്.
സെന്റർ ഫോർ ഡിസീസ് ഡൈനമിക്സ്, ഇക്കണോമിക്സ് ആന്റ് പോളിസി (CDDEP)യുടെ 'ഡിസീസ് മോഡലിംഗ് ഇന്ത്യ'യിൽ 48 ലക്ഷം ആളുകളിൽ രോഗബാധയുണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. അടുത്ത ആറ് മാസത്തിലാണ് ഇത്തരത്തിൽ രോഗവ്യാപന സാദ്ധ്യത സി.ഡി.ഡി.പി പ്രവചിച്ചിരിക്കുന്നത്.
ഇന്ത്യയിലെ രോഗവ്യാപന സാധ്യത സംബന്ധിച്ച് ഫെബ്രുവരി രണ്ടാം വാരത്തിൽ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പാത പിന്തുടർന്ന് മുന്നറിയിപ്പുകളെ ഗൗരവമായി പരിഗണിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യഘട്ടത്തിൽ തയ്യാറായില്ല.
പിന്നീട്, ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാർച്ച് 22ന് ജനതാ കർഫ്യൂ പ്രഖ്യാപിക്കുകയും 25 മുതൽ 21 ദിവസത്തേക്ക് രാജ്യം അടച്ചിടാൻ തീരുമാനിക്കുകയും ചെയ്തു.
സാമൂഹിക അകലപാലനത്തിനുള്ള സാധ്യതകളെ സംബന്ധിച്ച അന്വേഷണങ്ങളോ, മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ കൂടാതെയുള്ള ഈ തീരുമാനം കോടിക്കണക്കായ ദരിദ്ര ജനവിഭാഗങ്ങളെ അക്ഷരാർത്ഥത്തിൽ ദുരിതക്കയത്തിലാഴ്ത്തി.
ചേരികളിലും തെരുവുകളിലും അന്തിയുറങ്ങുന്ന ലക്ഷങ്ങൾ എന്തുചെയ്യണമെന്നറിയാതെ തെരുവുകളിലിറങ്ങി. ഈയൊരവസ്ഥയെ എങ്ങിനെ നേരിടണമെന്നറിയാതെ സർക്കാരും ഔദ്യോഗിക സംവിധാനങ്ങളും ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന കാഴ്ചയ്ക്കാണ് തുടർന്നുള്ള ദിവസങ്ങളിൽ രാജ്യം സാക്ഷ്യം വഹിച്ചത്.
പ്രധാനമന്ത്രിയുടെ നിരുത്തരവാദപരമായ പെരുമാറ്റം രാജ്യത്തെ രോഗവ്യാപനം ശക്തമാക്കുകയാണോ ചെയ്തത്? വരുംനാളുകളിൽ ഇതിന്റെ പരിണതഫലം എങ്ങിനെയാണ് ഇന്ത്യൻ ജനത നേരിടേണ്ടി വരിക? ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഇതെങ്ങിനെയാണ് ബാധിക്കാൻ പോകുന്നത്? ലോക്ഡൗൺ കാലയളവ് കഴിഞ്ഞാൽ എങ്ങിനെയാണ് സാമൂഹിക അകലപാലനം സാധ്യമാക്കാൻ പോകുന്നത്? കൊറോണാനന്തര ലോകസമൂഹം എങ്ങിനെയായിരിക്കും? തുടങ്ങിയ നിരവധി ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയരുന്നുണ്ട്.
പ്രമുഖ റിസ്‌ക് അനാലിസിസ് വിദഗ്ദ്ധൻ സാഗർധാര ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പ്രോഗ്രാം റിസ്‌ക് അനാലിസിസ് വിഭാഗം മുൻ കൺസൾട്ടന്റ് ആയിരുന്ന സാഗർധാര ഈ വിഷയത്തിൽ നിരവധി പഠനം നടത്തിയ വ്യക്തിയാണ്. ഹൈദരാബാദ് ആസ്ഥാനമായ സാഗർ സൗത്ത് ഏഷ്യൻ പീപ്പ്ൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ് എന്ന സംഘടനയുടെ സ്ഥാപകാംഗങ്ങളിൽ ഒരാൾ കൂടിയാണ്.
കോവിഡ് രോഗബാധയെക്കുറിച്ചും വ്യാപനത്തെ സംബന്ധിച്ചും താങ്കളുടെ നിരീക്ഷണം എന്താണ്?
സാഗർധാര: ഞാനൊരു വൈറോളജിസ്റ്റോ, എപിഡമിയോളജിസ്റ്റോ അല്ലാത്തതുകൊണ്ടുതന്നെ വൈറസ് ബാധയെക്കുറിച്ചോ അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ വിശദീകരിക്കുവാൻ പ്രയാസമുണ്ട്. എന്നാൽ, ഇത്തരം പൊതുദുരന്തം സംഭവിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടസാധ്യത വിശകലനം (risk analysis) നടത്തിയതിന്റെയും പാലിക്കേണ്ട ദുരന്തനിവാരണരീതികളെക്കുറിച്ച് വിശദ പഠനം നടത്തിയതിന്റെയും അനുഭവ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ തുറന്ന് പറയേണ്ടതുണ്ടെന്ന് കരുതുന്നു.
കൊറോണ വൈറസിന്റെ വ്യാപനം ലോകത്ത് പ്രധാനമായും നടന്നത് വിദേശസഞ്ചാരം ഏറ്റവും കൂടുതൽ നടന്ന പ്രദേശങ്ങളിലാണ് എന്നത് വ്യക്തമാണ്. ഇന്ത്യയിൽ ഡൽഹി, മുംബൈ, കേരളം എന്നിവ ഉദാഹരണം. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ന്യൂയോർക്കിലാണ്.
ഇന്ത്യയിലെ ആരോഗ്യമേഖലയിലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഐ.സി.എം.ആർ പോലുള്ള സ്ഥാപനത്തിന്റെ നിരുത്തരവാദപരമായ സമീപനം രോഗബാധ സാമൂഹിക വ്യാപനത്തിന്റെ തലത്തിലേക്ക് എത്തിച്ചിരിക്കുന്നുവെന്ന് ആരോപിച്ചാൽ അതിശയോക്തിയായിരിക്കില്ല.
അതിനുശേഷം വരുന്ന നഗരങ്ങൾ സിയാറ്റിൽ, കാലിഫോർണിയ തുടങ്ങിയവയാണ്. ദക്ഷിണ-പൂർവ, ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പ്രധാന റൂട്ടാണിത്. ഇവയൊക്കെയും സൂചിപ്പിക്കുന്നത് രോഗവ്യാപനത്തിന് മനുഷ്യരുടെ സഞ്ചാരഗതിയുമായുള്ള ബന്ധത്തെയാണ്.
യൂറോപ്പിൽ ഇറ്റലി, സ്വീഡൻ, സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ ലാറ്റിനമേരിക്ക, കംബോഡിയ, ലാവോസ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കൊറോണ വ്യാപനം കാര്യമായി നടന്നിട്ടില്ലെന്നു കാണാം. കാർബൺ കൂടുതൽ പുറന്തള്ളുന്ന പ്രദേശങ്ങളുമായുള്ള രോഗവ്യാപനത്തിന്റെ ബന്ധം ഇതിൽനിന്ന് വ്യക്തമാണ്.
കൊറണ വൈറസ് ഒരു നോൺ പോയിന്റ് ഹസാർഡസ് (non point hazardous) ആണ്. അതായത്, അതിന്റെ വ്യാപകത്വം ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ഒതുങ്ങിനിൽക്കുന്ന ഒന്നല്ല എന്നർത്ഥം. മറ്റൊരു പ്രശ്നം, വൈറസ് ആക്രമണത്തിന് വിധേയമാകുന്ന മനുഷ്യനും ലോകമൊട്ടാകെ വ്യാപിച്ചു കിടക്കുന്നു എന്നതാണ്. ഈ രണ്ട് സവിശേഷതകളും ചേർന്ന് കോവിഡിന്റെ നിയന്ത്രണം വിഷമകരമാക്കുന്നുണ്ട്.
കോവിഡിന്റെ അപായ ഘടകങ്ങൾ (risk factors) പലതാണ്. ഒന്ന്, വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ കാലപരിധി 6.5 ദിവസമാണ് എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. രോഗബാധയേറ്റ, അതേസമയം രോഗലക്ഷണം പ്രകടിപ്പിക്കാത്ത(asymptomatic), ഒരാൾ രോഗലക്ഷണം പ്രകടിപ്പിക്കും മുമ്പേ നാലുപേരിലേക്ക് രോഗം പകർത്തിയേക്കാം.
ഉയർന്ന സഞ്ചാരം, ഉയർന്ന ജനസാന്ദ്രത, രോഗവ്യാപനം ഇരട്ടിയാകുന്നതിലെ കുറഞ്ഞ സമയം എന്നിവയെല്ലാം ചേർന്ന് ഇന്ത്യയിൽ സാമൂഹിക വ്യാപനസാധ്യത വർദ്ധിപ്പിക്കുന്നു എന്നത് വസ്തുതയാണ്.
രണ്ടാമത്, വയോജനങ്ങളുടെ സംഖ്യ കൂടുതലുള്ള രാജ്യങ്ങളിൽ കൂടുതൽ ഉയർന്ന മരണനിരക്ക് ഇതുമൂലം സംഭവിക്കുന്നു. മൂന്നാമത്തേത്, ആദ്യം സൂചിപ്പിച്ച മൊബിലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. കൂടുതൽ സഞ്ചാരമുള്ള പ്രദേശങ്ങൾ കൂടുതൽ രോഗബാധയ്ക്ക് കാരണമാകുന്നു.
ഉയർന്ന സഞ്ചാരം, ഉയർന്ന ജനസാന്ദ്രത, രോഗവ്യാപനം ഇരട്ടിയാകുന്നതിലെ കുറഞ്ഞ സമയം എന്നിവയെല്ലാം ചേർന്ന് ഇന്ത്യയിൽ സാമൂഹിക വ്യാപനസാധ്യത വർദ്ധിപ്പിക്കുന്നു എന്നത് വസ്തുതയാണ്.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം സംബന്ധിച്ച കണക്ക് വിശ്വാസ്യയോഗ്യമാണോ? ഉദാഹരണത്തിന് ഡൽഹിയിലെയും കേരളത്തിലെയും രോഗബാധിതരുടെ എണ്ണം ശ്രദ്ധിക്കുക. കേരളത്തിൽ 314 കൊറോണ ബാധിതരുണ്ടെന്ന് കണക്കാക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ യാത്രനടത്തുന്ന ഡൽഹിയിലെ എണ്ണം 219 (ഏപ്രിൽ 5വരെയുള്ള കണക്ക്) ആണ്. ഇത് എത്രമാത്രം വസ്തുതാപരമാണ്?
രോഗനിർണയം നടത്തുന്നതിന് ആവശ്യമായ പരിശോധന ഇന്ത്യയിൽ നടക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. പരിശോധനകളുടെ കാര്യത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ എത്രയോ മുന്നിലാണ് എന്നതുകൊണ്ടാണ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് കാണാൻ സാധിക്കുന്നത്. 'പ്രോആക്ടീവ് ടെസ്റ്റു'കൾ നടത്തുന്നതിൽ കേരളം സ്വീകരിച്ച നടപടികൾ മറ്റ് സംസ്ഥാനങ്ങൾ പിന്തുടരുന്നില്ല എന്നത് ദുഃഖകരമായ സംഗതിയാണ്.
മാർച്ച് 20 മുതൽ 25 വരെയുള്ള ഇന്ത്യയിലെ മൊത്തം രോഗപരിശോധനയിൽ 17ശതമാനവും കേരളത്തിൽ നിന്നുള്ളതാണ്. ഐ.സി.എം.ആർ (Indian Council of Medical Research-ICMR) ആദ്യഘട്ടത്തിൽ സ്വീകരിച്ച പരിശോധന രീതികൾ സാമൂഹിക വ്യാപനം തടയുന്നതിനും രോഗവ്യാപനതോത് തിരിച്ചറിയുന്നതിനും സഹായകമായിരുന്നില്ല എന്ന് പറയേണ്ടതുണ്ട്. അന്താരാഷ്ട്ര യാത്രകൾ നടത്തുന്നവരിൽ രോഗലക്ഷണം പ്രകടിപ്പിച്ചവരിൽ (symptomatic tests) മാത്രമായിരുന്നു ആദ്യഘട്ടത്തിൽ രോഗനിർണയ പരിശോധന നടത്തിയിരുന്നത്.
ശ്രദ്ധേയമായ സംഗതി, മാർച്ച് 16 വരെയുള്ള ദിവസങ്ങളിൽ പുറത്ത് നിന്നെത്തിയ രോഗബാധയുള്ളവരെ മാത്രമേ ഐ.സി.എം.ആർ പരിശോധനക്ക് അനുവദിച്ചുള്ളൂ എന്നതാണ്. മാത്രമല്ല, മാധ്യമറിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഡൽഹിയിലെ പല ആശുപത്രികളും കോവിഡ് ലക്ഷണം പ്രകടിപ്പിച്ച പലരെയും അവർ വിദേശയാത്ര നടത്തിയിട്ടില്ലാത്തവരോ വിദേശത്തുനിന്ന് വന്ന രോഗബാധയേറ്റവരുമായി പ്രത്യക്ഷബന്ധം ഇല്ലാത്തവരോ ആണെന്ന കാരണത്താൽ പരിശോധന നടത്താൻ വിസമ്മതിക്കുകപോലുമുണ്ടായി!
മാർച്ച് 20വരെയുള്ള തീയ്യതികളിൽ ഘട്ടം -1, ഘട്ടം-2 (വിദേശത്ത് നിന്നെത്തിയവരും അവരുമായി ബന്ധപ്പെട്ടവരും) ഗ്രൂപ്പിൽ പെട്ടവരിൽ മാത്രമേ പരിശോധന നടത്താൻ ഐ.സി.എം.ആർ അനുവദിക്കുകയുണ്ടായുള്ളൂ.
കഴിഞ്ഞ നൂറ്റാണ്ടിനിടയിൽത്തന്നെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിൽ പിഴവ് സംഭവിക്കുന്നതിനുള്ള കാരണം, സർക്കാറും സിവിൽ സമൂഹവും അപകടസാധ്യത ലഘൂകരിച്ച് കാണുന്നതാണ്.
ഇന്ത്യയിലെ ആരോഗ്യമേഖലയിലെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്ന ഐ.സി.എം.ആർ പോലുള്ള സ്ഥാപനത്തിന്റെ നിരുത്തരവാദപരമായ സമീപനം രോഗബാധ സാമൂഹിക വ്യാപനത്തിന്റെ (community transmission) തലത്തിലേക്ക് എത്തിച്ചിരിക്കുന്നുവെന്ന് ആരോപിച്ചാൽ അത് അതിശയോക്തിയായിരിക്കില്ല. ഡോ.അരവിന്ദ് കുമാർ (സർ ഗംഗാറാം ഹോസ്പിറ്റൽ, ഡൽഹി), ഡോ.രമൺ ലക്ഷ്മീനാരായൺ (CDDEP) തുടങ്ങി ഈ രംഗത്തെ പ്രമുഖന്മാർ സാമൂഹിക വ്യാപനം ഒരു മാസം മുമ്പേ ഇന്ത്യയിൽ സംഭവിച്ചതായി പ്രസ്താവിക്കുകയുണ്ടായിട്ടുണ്ട്.
കൊറോണ വൈറസ് ബാധ ഒരു 'ബ്ലാക് സ്വാൻ ഇവന്റ്' ആയി കണക്കാക്കാൻ സാധിക്കുമോ?
കോവിഡിനെ 'ബ്ലാക് സ്വാൻ ഇവന്റ്' (Black Swan Event) ആയി കണക്കാക്കാൻ കഴിയില്ല. കാരണം, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽത്തന്നെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിൽ വലിയ പിഴവ് സംഭവിക്കുന്നതിനുള്ള കാരണം, സർക്കാറും സിവിൽ സമൂഹവും ഇതിന്റെ അപകടസാധ്യത ലഘൂകരിച്ച് കാണുന്നതാണ്.
രണ്ടാമത്തെ കാരണം, സർക്കാറും സമൂഹവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് 'എല്ലാവർക്കും കുറഞ്ഞ അപകടസാധ്യത' (risk minimization for all) 'എന്നതിനേക്കാൾ, കുറച്ചാളുകൾക്ക് കൂടുതൽ നേട്ടം' (gain maximization for few) എന്നതിനാണ്. യഥാർത്ഥത്തിൽ, ഒരു സർക്കാർ ഒന്നാമത്തെ കാര്യത്തിനാണ് ഉയർന്ന പ്രാധാന്യം നൽകേണ്ടത്.
നിലവിൽ ആഗോള സർക്കാറുകളെ സ്വാധീനിക്കുന്ന എല്ലാ സ്ഥാപനങ്ങളും- ലോകബാങ്ക്, ആഗോള സാമ്പത്തിക ഫോറം, ഐ.എം.എഫ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ തുടങ്ങിയവ- 'കുറച്ചാളുകൾക്ക് കൂടുതൽ നേട്ടം' എന്ന നയം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. 'റിസ്‌ക് മിനിമൈസേഷൻ' എന്ന നയം സ്വീകരിക്കാൻ, സർക്കാർ തലത്തിലോ സ്വകാര്യതലത്തിലോ, ആളുകളില്ല എന്നതാണ് യാഥാർത്ഥ്യം. അതേസമയം, ഇത്തരത്തിലുള്ള പകർച്ചവ്യാധികളുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ 'റിസ്‌ക് മിനിമൈസേഷൻ ഫോർ ഓൾ' എന്നത് പൊതുനയമായി സ്വീകരിക്കാൻ ഔദ്യോഗിക സംവിധാനത്തെ നിർബന്ധിക്കുവാനുള്ള ഇടപെടൽ സജീവമാകേണ്ടതുണ്ട്.
ഇത്തരത്തിലുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള തന്ത്രങ്ങളെന്തായിരിക്കണമെന്ന് ഒരു റിസ്‌ക് അനാലിസിസ് വിദഗ്ദ്ധനെന്ന നിലയിൽ വിശദീകരിക്കാമോ?
ഒരു പകർച്ചവ്യാധിക്ക് പ്രത്യേക വാക്സിനുകളോ മറ്റ് ഔഷധങ്ങളോ കണ്ടെത്തിയിട്ടില്ലാത്ത ഇത്തരം ഘട്ടത്തിൽ രണ്ടുതരത്തിലുള്ള നടപടികളാണ് പൊതുവിൽ സ്വീകരിക്കാറ്. ഒന്നാമത്തേത്, ലഘൂകരണ തന്ത്രം (Mitigation Strategy), രണ്ടാമത്തേത് അമർച്ചാതന്ത്രം (Suppression Strategy).
ലഘൂകരണ നടപടികളിൽ രോഗബാധയേറ്റവരെന്ന് സംശയമുള്ളവരെ വീടുകളിൽ ഏകാന്തവാസത്തിലാക്കുക, അത്തരത്തിലുള്ള കുടുംബങ്ങളെ മൊത്തത്തിൽ ക്വാറന്റയിനിൽ നിർത്തുക, അപകടസാധ്യത കൂടിയ ജനതയെ / സമൂഹത്തെ മൊത്തത്തിൽ സാമൂഹിക അകല പാലനത്തിന് നിർബന്ധിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സ്വേച്ഛയാ) അടച്ചുപൂട്ടുക, രാജ്യാതിർത്തികൾ ഭാഗികമായി അടച്ചിടുക എന്നിവയാണ് സ്വീകരിക്കപ്പെടുക.
അമർച്ചാ (suppression) നടപടികളിൽ, രോഗബാധയേറ്റവരെ ഏകാന്തവാസത്തിൽ പ്രവേശിപ്പിക്കുക, അവരുടെ കുടുംബങ്ങളെ ക്വാറന്റയിനിലാക്കുക, ജനതയെ മൊത്തമായി സാമൂഹിക അകലപാലനത്തിന് നിർബന്ധിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുക, രാജ്യാതിർത്തികൾ സമ്പൂർണമായി അടക്കുക, രാജ്യം മൊത്തമായി സമ്പൂർണ അടച്ചിടലിന് വിധേയമാക്കുക എന്നിവയാണ് പൊതുവിൽ സ്വീകരിച്ചുവരുന്നത്. ഔഷധേതര ഇടപെടൽ (Non Pharmaceutical Intervention-NPI) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇതിൽ ലഘുകരണ രീതികൾ അവലംബിക്കുമ്പോൾ രോഗബാധയേൽക്കുന്നവരുടെ എണ്ണത്തിൽ കുറവുവരുമെങ്കിലും സമ്പൂർണ്ണമായി ഇല്ലാതാക്കാൻ സാധ്യമല്ല. എന്നാൽ, ആരോഗ്യശുശ്രൂഷാ സംവിധാനങ്ങളുടെ ആവശ്യകതയെ കുറച്ചുകൊണ്ടുവരുന്നു എന്നതും മരണസംഖ്യ പാതിയായി കുറയ്ക്കാൻ സാധിക്കുന്നു എന്നതും ഇതിന്റെ നേട്ടമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
അമർച്ചാനടപടികൾ ലക്ഷ്യം വെക്കുന്നത് പകർച്ചവ്യാധികളുടെ വളർച്ചയെ തിരിച്ചിടുക എന്നതാണ്. അതായത്, രോഗബാധിതനായ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗത്തിന്റെ പ്രത്യുൽപാദന നിരക്കിൽ കുറവ് വരുത്തുകയാണ് ഈയൊരു തന്ത്രത്തിന്റെ ലക്ഷ്യം. രോഗവ്യാപനം വളരെ പെട്ടെന്ന് കുറച്ചുകൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെങ്കിലും ഒന്നുകിൽ രോഗവ്യാപനം നിലയ്ക്കും വരെ അല്ലെങ്കിൽ പ്രതിരോധ വാക്സിൻ കണ്ടെത്തുംവരെ ഈയൊരു തന്ത്രം ഇടക്കിടെ പ്രയോഗിക്കേണ്ടിവരും എന്നത് പ്രധാന വെല്ലുവിളിയാണ്.
അതായത്, അനിശ്ചിതത്വം അനന്തമായി തുടരും എന്നർത്ഥം.
'സപ്രഷൻ സ്ട്രാറ്റജി' അനുസരിച്ച് സമ്പൂർണ അടച്ചുപൂട്ടൽ നിശ്ചിത കാലയളവിലേക്ക് പ്രഖ്യാപിക്കുകയും പിന്നീട് ഇളവുവരുത്തുകയും ചെയ്യുമ്പോൾ താൽക്കാലികമായി മറഞ്ഞുനിൽക്കുന്ന രോഗാണുക്കൾ തിരിച്ചടിക്കാനുള്ള സാധ്യതയും അത്രതന്നെ വലുതാണ്.
ലണ്ടൻ ഇംപീരിയൽ കോളേജ് മാർച്ച് 16ന് പുറത്തുവിട്ട പഠനത്തിൽ ഇക്കാര്യം വിശദമായി പരിശോധിക്കുന്നുണ്ട്. രോഗവ്യാപനത്തിന് തടയിടാൻ 'സപ്രഷൻ സ്ട്രാറ്റജി' സ്വീകരിക്കുമ്പോൾ സംഭവിക്കുന്ന പ്രധാന പ്രതിസന്ധി ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ്.
ഐ.സി.യു കിടക്കകളുടെയും മറ്റ് വൈദ്യശാസ്ത്ര ഉപകരണങ്ങളുടെയും ആവശ്യം ഇതിൽ വളരെ കൂടുതലാണ്. ഇത് പ്രതിസന്ധികളുടെ ആഴം വർദ്ധിപ്പിക്കും എന്നതിൽ തർക്കമില്ല. പ്രത്യേകിച്ചും, ആളോഹരി ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ വലിയ കുറവ് അനുഭവിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ.
'സപ്രഷൻ സ്ട്രാറ്റജി' അനുസരിച്ച് സമ്പൂർണ അടച്ചുപൂട്ടൽ നിശ്ചിത കാലയളവിലേക്ക് പ്രഖ്യാപിക്കുകയും പിന്നീട് അതിൽ ഇളവുവരുത്തുകയും ചെയ്യുമ്പോൾ താൽക്കാലികമായി മറഞ്ഞുനിൽക്കുന്ന രോഗാണുക്കൾ തിരിച്ചടിക്കാനുള്ള സാധ്യതയും അത്രതന്നെ വലുതാണ്.
കൊറോണയെ നേരിടുന്നതിൽ ലഘൂകരണതന്ത്ര (mitigation strategy)ത്തിൽ നിന്ന് അമർച്ചാതന്ത്ര (suppression strategy) യിലേക്ക് ഇന്ത്യ സർക്കാർ വഴിമാറിയത് വ്യാപനം തടയുന്നതിൽ എത്രമാത്രം ഗുണകരമായിരിക്കും?
തികച്ചും ആലോചനയില്ലാതെ സ്വീകരിച്ച നടപടിയാണ് ഇതെന്ന് പറയാതെ നിർവാഹമില്ല. രാജ്യത്തെ പെട്ടെന്നൊരു ദിവസം സമ്പൂർണ അടച്ചുപൂട്ടലിന് വിധേയമാക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്ത് മനസ്സിലാക്കുന്ന ഒരാളും ഭരണതലപ്പത്തില്ല എന്നതാണ് വസ്തുത. തികഞ്ഞ കെടുകാര്യസ്ഥതയുടെ ഫലമാണ് രാജ്യമിപ്പോൾ അനുഭവിക്കുന്നത്.
യോഗ്യതയുള്ള ഒരൊറ്റ 'റിസ്‌ക് മാനേജർ' പോലും ഡൽഹിയിൽ ഇല്ല എന്ന് ഈ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകൾ ഡൽഹിയിലും മുംബൈയിലും മറ്റുമായി തെരുവിലേക്ക് ഇറങ്ങേണ്ടിവന്നത് നാം കണ്ടു.
തികച്ചും ആലോചനയില്ലാതെ സ്വീകരിച്ച നടപടിയാണ് ഇതെന്ന് പറയാതെ നിർവാഹമില്ല. രാജ്യത്തെ പെട്ടെന്നൊരു ദിവസം സമ്പൂർണ അടച്ചുപൂട്ടലിന് വിധേയമാക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്ത് മനസ്സിലാക്കുന്ന ഒരാളും ഭരണതലപ്പത്തില്ല എന്നതാണ് വസ്തുത.
ഡൽഹിയിലെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ മാത്രമായി പതിനായിരക്കണക്കിന് ആളുകൾ ബസുകൾക്ക് ദിവസങ്ങളോളം കാത്തുനിന്നു. ആയിരക്കണക്കിനാളുകൾ 700 മുതൽ 1200 കിലോമീറ്റർ വരെ നടന്നു. 33(ഔദ്യോഗിക കണക്ക്)ലധികം ആളുകൾ ഈ യാത്രക്കിടയിൽ മരിച്ചു. ഉത്തരേന്ത്യയിൽ തണുപ്പുകാലം അവസാനിച്ചിട്ടില്ല എന്നത് ഭാഗ്യമായി കരുതിയാൽ മതി. മറിച്ചായിരുന്നെങ്കിൽ നിർജലീകരണം (dehydration) മൂലം മരിക്കുന്നവരുടെ സംഖ്യ എത്രയോ കൂടുതലാകുമായിരുന്നു.
ഗ്രാമങ്ങളിലേക്ക് തിരികെപ്പോയ ഈ കുടിയേറ്റ തൊഴിലാളികൾ യഥാർത്ഥത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങളിലെമ്പാടും രോഗവ്യാപനം ശക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. രാജ്യത്ത് രോഗനിർണയ സംവിധാനമില്ല എന്നതുകൊണ്ട് വ്യാപനതോത് എത്രയാണെന്ന് മനസ്സിലാക്കാൻ സാധ്യമല്ല. പ്രധാനമന്ത്രിയുടെ ഈയൊരൊറ്റ തീരുമാനത്തിലൂടെ വൈറസിനെ രാജ്യമൊട്ടാകെ വ്യാപിക്കാൻ അനുവദിക്കുകയാണ് ചെയ്തത്.
രണ്ടാമത്തെ പ്രശ്നം, സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിതരണ ശൃംഖല (supply chain) താറുമാറായി എന്നതാണ്. ഇത് ചെറിയകാലം കൊണ്ടുതന്നെ, രാജ്യത്ത് ഭക്ഷ്യക്ഷാമത്തിന് കാരണമാകും എന്നത് നിസ്തർക്കമാണ്. പ്രമുഖ സാമ്പത്തിക വിദഗ്ദ്ധ ജയതിഘോഷ് ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിതരണ ശൃംഖല താറുമാറായി . ഇത് ചെറിയകാലം കൊണ്ടുതന്നെ, രാജ്യത്ത് ഭക്ഷ്യക്ഷാമത്തിന് കാരണമാകും എന്നത് നിസ്തർക്കമാണ്
യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത്, രോഗബാധ കൂടുതലുള്ള പ്രദേശങ്ങളെ പ്രത്യേകം പ്രത്യേകമായി അടച്ചുപൂട്ടലിന് വിധേയമാക്കുകയായിരുന്നു. ഏറ്റവും കൂടുതൽ സഞ്ചാരങ്ങൾ നടക്കുന്ന പ്രദേശങ്ങൾ, ഉദാഹരണത്തിന് ഡൽഹി ആദ്യം അടച്ചുപൂട്ടുക. പിന്നീട് മുംബൈ, കേരളം തുടങ്ങിയ പ്രദേശങ്ങൾ സവിശേഷമായി അടച്ചുപൂട്ടി രോഗവ്യാപനം തടയുന്ന സമീപനമായിരുന്നു വേണ്ടത്.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളെയൊക്കെ സമ്പൂർണ അടച്ചുപൂട്ടലിന് വിധേയമാക്കേണ്ട ആവശ്യമെന്തായിരുന്നു? ഇന്ത്യൻ ജനത തന്റെ ആധിപത്യത്തിന് കീഴിലാണെന്ന് തെളിയിക്കാനുള്ള വ്യഗ്രത മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ ചെയ്തിക്ക് പിന്നിൽ. വസ്തുതകളെ ഗൗരവത്തിലെടുക്കാതെ നടത്തുന്ന നാടകം മാത്രമാണിത്.
രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്, 'we will squash the bloody viruse in no time' എന്നായിരുന്നു. എന്നാൽ വൈറസുകൾ അമേരിക്കയെ തകർത്തുകൊണ്ടിരിക്കുകയാണെന്ന് നാമിപ്പോൾ കാണുന്നു.
രാജ്യത്തിന്റെ വിതരണ ശൃംഖല തകരാറിലായത് ഈയൊരവസരത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നതുറപ്പാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ റാബി സീസൺ ആരംഭിക്കുന്ന ഘട്ടത്തിൽ.
സാഗർധാര: പഞ്ചാബ്, ഹരിയാന, യു.പി., മധ്യപ്രദേശ് തുടങ്ങി ഒമ്പതോളം സംസ്ഥാനങ്ങളിലാണ് ഇന്ത്യയുടെ ഗോതമ്പുൽപാദനത്തിന്റെ വലിയൊരു ഭാഗം. കടുകും പയറുൽപന്നങ്ങളും റാബി വിളകളിൽ പെടുന്നവയാണ്. സമ്പൂർണ അടച്ചുപൂട്ടൽ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല. മണ്ഡികൾ (ചന്തകൾ) പ്രവർത്തിക്കാത്തതും സംഭരണ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത സംവിധാനങ്ങളുടെ അഭാവവും ഭക്ഷ്യമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കും. കർഷകർക്ക് വിള കൊയ്യാനായില്ലെങ്കിൽ അത് ഇപ്പോൾത്തന്നെ തകർന്നുകഴിഞ്ഞ കാർഷികമേഖലയുടെ സമ്പൂർണ തകർച്ചയ്ക്ക് വഴിയൊരുക്കും എന്നുമാത്രമല്ല രാജ്യത്തെ ഭക്ഷ്യപ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും. ജനസംഖ്യയിലെ 20ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെക്കഴിയുന്ന ഒരു രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ അവരുടെ നിത്യജീവിതത്തെ എങ്ങിനെ ബാധിക്കും എന്ന് ചിന്തിക്കേണ്ടിയിരുന്നത് സർക്കാരാണ്.
ജനസംഖ്യയിലെ 20ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെക്കഴിയുന്ന ഒരു രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ അവരുടെ നിത്യജീവിതത്തെ എങ്ങിനെ ബാധിക്കും എന്ന് ചിന്തിക്കേണ്ടിയിരുന്നത് സർക്കാരാണ്.
സാമൂഹിക അകലപാലനം പോലും സാധ്യമല്ലാത്ത രീതിയിലാണ് ഇന്ത്യയിലെ ചേരികൾ എന്ന് നമുക്കറിയാം. രണ്ട് തരത്തിലുള്ള പ്രതിസന്ധികളാണ് ഇത് മുന്നോട്ടുവെക്കുന്നത്. ഒന്ന്, ആരോഗ്യപ്രതിസന്ധി. മറ്റൊന്ന് സാമ്പത്തിക പ്രതിസന്ധി. ജനങ്ങൾ നേരിടുന്ന ഭക്ഷ്യപ്രതിസന്ധി മറികടക്കാനുള്ള ഇടപെടൽ പ്രധാനമാണ്.
കേരള സർക്കാർ ഈ ദിശയിൽ പ്രവർത്തനം നടത്തുന്നുവെന്നത് സ്വാഗതാർഹമാണ്. വീടുകളിൽ ഇരിക്കാൻ നിർബന്ധിതരായ ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള നടപടി കേരള സർക്കാർ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. കേരളത്തിലെ സിവിൽ സമൂഹ ജാഗ്രത ഇക്കാര്യത്തിൽ പ്രശംസനീയമാണ്.
ഇന്ത്യയുടെ ദുരന്ത കൈകാര്യകർതൃ(disaster management) നടപടികളുടെ ചരിത്രം പരിശോധിച്ചാൽ, വലിയ പരാജയങ്ങളാണ് കാണാൻ കഴിയുക. 1999ൽ ഒഡീഷയിൽ സംഭവിച്ച സൂപ്പർ സൈക്ലോണിൽ മാത്രം 50,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. എന്താണ് വർത്തമാന അവസ്ഥ?
തികച്ചും ശരിയാണ്. ഒഡീഷ സൂപ്പർ സൈക്ലോൺ കരയിലേക്ക് അടുക്കുന്നത് സംബന്ധിച്ച വിവരം നാല് ദിവസം മുേമ്പ സർക്കാരിന് ഐ.എസ്.ആർ.ഒയുടെ സാറ്റലൈറ്റ് ഇമേജിലൂടെ ലഭിച്ചതാണ്. എന്നാൽ ഈ വിവരം അവഗണിച്ചതിന്റെ ഫലമാണ് 50,000ഓളം ആളുകളുടെ കൂട്ടക്കൊലയിലേക്ക് നയിച്ചത്. അപകടം ഒഴിവാക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല.
വിവരം (Information) ഉത്പാദിപ്പിക്കുന്നതിലും (generation) കൈമാറുന്നതിലും (transmission) വ്യാഖ്യാനിക്കുന്നതിലും (interpretation) പ്രാപ്യമാക്കുന്നതിലും (access) ഉപയോഗിക്കുന്നതിലും (use) സംഭവിക്കുന്ന പിഴവുകളാണ് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നത്.
ഇന്ത്യയിൽ മുൻകാലങ്ങളിൽ നടന്ന പല അപകടങ്ങളിലും ഇത്തരത്തിലുള്ള വിവര കൈകാര്യകർതൃത്വത്തിലെ പിഴവുമൂലം മരണനിരക്ക് ഉയർന്നതായി കാണാം. മറ്റൊരുദാഹരണം, ഭോപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ടാണ്. അപകടം നടന്നശേഷം ജനങ്ങൾ കാറ്റിന്റെ ദിശയിലേക്ക് വായും മൂക്കും നനഞ്ഞ തുണികൊണ്ട് മറയ്ക്കാതെ ഓടിയതിന്റെ ദുരന്തഫലമാണ് മരണസംഖ്യ 25,000ത്തിന് മുകളിലെത്താനും പതിനായിരക്കണക്കിന് ആളുകൾ ജീവിതകാലം മുഴുവൻ തിക്തഫലം അനുഭവിക്കാനും ഇടയായത്.
അതേസമയം, അവിടുത്തെ തൊഴിലാളികൾക്ക് ഏത് ദിശയിലേക്ക് ഓടണം, എന്ത് മുൻകരുതലെടുക്കണം എന്ന് അറിവുള്ളതുകൊണ്ടുതന്നെ തൊഴിലാളികൾക്കിടയിലെ മരണസംഖ്യ തുലോം തുച്ഛമാണെന്ന് കാണാം. ലഭ്യമായ വിവരം കൃത്യമായി ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിലും, അവ ആവശ്യമായ രീതിയിൽ വിനിയോഗം ചെയ്യുന്നതിലും സംഭവിക്കുന്ന വീഴ്ചകളാണ് ഇന്ത്യയിൽ ഇത്തരം പ്രതിഭാസങ്ങളിൽ മരണനിരക്ക് ഉയരുന്നതിന് കാരണം.
ലഭ്യമായ അറിവ് ഫലപ്രദമായി വിനിയോഗിക്കുന്നതിലും നിയമം മൂലം നിർബന്ധിതമാക്കുന്നതിലും കാണിക്കുന്ന അലംഭാവം വൻതോതിൽ ജീവഹാനിക്കിടയാക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 2001ലെ ഭുജ് ഭൂകമ്പം.
പതിനായിരത്തോളം ആളുകൾ കൊല്ലപ്പെട്ട കച്ച്-ഭുജ് ഭൂകമ്പത്തിൽ ആൾനാശം കുറയ്ക്കുന്നതിനാവശ്യമായ ഇടപെടൽ മുമ്പെ നടത്താമായിരുന്നു. ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്സ് (Bureau of Indian Standards-BIS) മാനദണ്ഡം അനുസരിച്ച് ദുർബല പ്രദേശങ്ങളിൽ (Fault Line) അതിനനുസൃതമായ കെട്ടിട നിർമാണ രീതി അവലംബിച്ചിരുന്നുവെങ്കിൽ വിലപ്പെട്ട എത്രയോ ജീവൻ രക്ഷപ്പെടുത്താമായിരുന്നു.
എന്നാൽ, ഈയൊരു വിവരം അധികാരികൾ ഉപയോഗപ്പെടുത്തിയില്ല എന്നതിന് നൽകേണ്ടിവന്ന വിലയായിരുന്നു പതിനായിരക്കണക്കിന് വരുന്ന മനുഷ്യജീവൻ. വർത്തമാന കാലത്തും ദുരന്തനിവാരണ രംഗത്ത് തികഞ്ഞ കെടുകാര്യസ്ഥത തന്നെയാണ് അരങ്ങ് ഭരിക്കുന്നത്.
ഇന്ത്യൻ ജനത തന്റെ ആധിപത്യത്തിന് കീഴിലാണെന്ന് തെളിയിക്കാനുള്ള വ്യഗ്രത മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ ചെയ്തിക്ക് പിന്നിൽ. വസ്തുതകളെ ഗൗരവത്തിലെടുക്കാതെ നടത്തുന്ന നാടകം മാത്രമാണിത്.
കോവിഡ് വ്യാപനം തടയാൻ താങ്കൾക്ക് എന്ത് നിർദ്ദേശമാണ് നൽകാൻ കഴിയുക?
ഏതൊരു സർക്കാറും ചെയ്യേണ്ട പ്രാഥമിക കർത്തവ്യം, ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നതാണ്. അപകട സാധ്യതയടക്കമുള്ള വിഷയങ്ങളെക്കുറിച്ചും അതിനെതിരായി സ്വീകരിക്കാൻ പോകുന്ന നടപടികളെക്കുറിച്ചും ജനങ്ങൾക്ക് പൂർണ വിവരം കൈമാറുക എന്നത് പ്രധാനമാണ്.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, എല്ലാ കാര്യങ്ങളിലും സമ്പൂർണ സുതാര്യത നിലനിൽക്കണം എന്നർത്ഥം. അപകട സ്വഭാവ (risk behaviour)ത്തിൽ മാറ്റം വരുത്തുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം അപകടസാധ്യത പേറുന്നവരെ അതേക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ്.
തങ്ങളുടെ പ്രവൃത്തികൾ അപകടത്തിന്റെ പരിണതഫലങ്ങളെ സ്വാധീനിക്കുമെന്ന ബോധ്യം ജനങ്ങളിൽ ഉണ്ടാക്കേണ്ടതുണ്ട്.
ഏതൊരു സർക്കാറും ചെയ്യേണ്ട പ്രാഥമിക കർത്തവ്യം, ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നതാണ്. അപകട സാധ്യതയടക്കമുള്ള വിഷയങ്ങളെക്കുറിച്ചും സ്വീകരിക്കാൻ പോകുന്ന നടപടികളെക്കുറിച്ചും ജനങ്ങൾക്ക് പൂർണ വിവരം കൈമാറുക എന്നത് പ്രധാനമാണ്.
മറ്റൊരു കാര്യം, സാമൂഹികവ്യാപനം (community transmission) തടയുന്നതിന് കൂടുതൽ ചടുലമായ ചുവടുവെപ്പ് സർക്കാരുകൾ സ്വീകരിക്കേണ്ടതുണ്ടെന്നതാണ്. അതിനർത്ഥം, കൂടുതൽ പരിശോധന നടത്തുക; അതിന്റെ അടിസ്ഥാനത്തിൽ സെലക്ടീവ് ലോക്ഡൗൺ നടത്തുക എന്നതാണ്.
രോഗബാധ മൂന്നാം ഘട്ടത്തിലെത്തിക്കഴിഞ്ഞാൽ, അതായത് സാമൂഹിക വ്യാപന ഘട്ടത്തിൽ, അവയ്ക്ക് തടയിടുക പ്രയാസകരമായിരിക്കും. ചടുല രോഗപരിശോധന നടത്തിയ തായ്വാൻ, സിങ്കപ്പൂർ, ഹോേങ്കാംഗ് തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും മരണസംഖ്യ കുറവാണെന്ന് കാണാൻ കഴിയും. അതുപോലെ, ഏറ്റവും നേരത്തെ പരിശോധന നടത്തിയിരുന്ന രാജ്യങ്ങളിലും മരണസംഖ്യ കുറഞ്ഞതായി തെളിയുന്നു. ജനസംഖ്യാനുപാതികമായി ഉയർന്ന ആശുപത്രി കിടക്കകളുള്ള ജർമ്മനി, സ്വിറ്റ്സർലാന്റ്, നോർവേ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും കുറഞ്ഞ മരണനിരക്ക് മാത്രമാണുണ്ടായിട്ടുള്ളത്. ഇവയൊക്കെ സൂചിപ്പിക്കുന്നത് കർശനവും അതേസമയം ആലോചനാപൂർവവുമായ നടപടികൾ മാത്രമേ ഈ രോഗത്തെ മെരുക്കുന്നതിന് സഹായകമാകുകയുള്ളൂ എന്നതാണ്.