മാനസികാരോഗ്യമേഖലയെ ജനകീയവൽക്കരിക്കാനും നിലനിൽക്കുന്ന തെറ്റിധാരണകളെയും സ്റ്റിഗ്മകളെയും പൊളിച്ച് മുന്നോട്ടു നീങ്ങുവാനും പലവിധ ഇടപെടലുകളും കാലാകാലങ്ങളായി നടത്തിവരികയാണ്. ഇന്നും മാനസികരോഗങ്ങളെയും മാനസികരോഗികളെയും അവസ്ഥകളെയും സംബന്ധിച്ച തെറ്റിദ്ധാരണകളും കളിയാക്കലുകളും അവസാനിക്കുന്നില്ല എന്നതാണ് വാസ്തവം. ശാരീരിക രോഗങ്ങളെ പോലെ തന്നെ നോർമലൈസ് ചെയ്യപ്പെടേണ്ടത് തന്നെയാണ് മാനസിക രോഗങ്ങളും അതുപോലെ ആ മേഖലയും.
മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയാണ് സെഹർ ഹാഷ്മിയുടെ മോട്ടോർസൈക്കിൾ യാത്ര. സെഹർ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം പ്രശംസനീയമാണ്.
ആരാണ് സെഹർ ഹാഷ്മി?
താൻ അനുഭവിച്ച മാനസിക രോഗങ്ങളെയും ബുദ്ധിമുട്ടുകളെയും അവ മറികടക്കുന്നതിന് സ്വീകരിച്ച മാർഗങ്ങളെയും കുറിച്ച് തുറന്നു സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് സെഹർ ഹാഷ്മി. മെൻ്റൽ ഹെൽത്ത് ആക്റ്റിവിസ്റ്റും ഫാഷൻ സ്റ്റൈലിസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമാണ്. നാടകപ്രതിഭ സഫ്‌തർ ഹാഷ്മിയുടെ മരുമകൾ കൂടിയാണ് സെഹർ.
ദത്തെടുക്കപ്പെട്ട കുട്ടിയായിരുന്നു താനെന്നും കുട്ടിക്കാലത്തുതന്നെ മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും സഹർ പറയുന്നുണ്ട്. ഉപേക്ഷിക്കപ്പെടുമോ എന്ന ഭയവും വൈകാരിക ബുദ്ധിമുട്ടുകളും ദേഷ്യവുമെല്ലാം ചെറിയ പ്രായത്തിൽ തന്നെ സെഹർ കാണിക്കുന്നുണ്ടായിരുന്നു. കുട്ടിയായിരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളായിരിക്കും എന്ന് രക്ഷിതാക്കൾ വിശ്വസിച്ചുപോന്നു.
എന്നാൽ കൗമാരപ്രായത്തിലെത്തുമ്പോൾ ഈ പ്രശ്നങ്ങളെല്ലാം കൂടുതലായി പ്രകടമാകാൻ തുടങ്ങി. സ്കൂളിൽനിന്ന് വലിയ രീതിയിൽ ഒറ്റപ്പെടൽ അനുഭവിച്ചിരുന്നുവെന്നും കളിയാക്കലുകൾ നേരിട്ടിരുന്നുവെന്നും സെഹർ വ്യക്തമാക്കുന്നുണ്ട്. തനിക്ക് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോഡർ (Borderline Personality Disorder) എന്ന രോഗത്തിനോടൊപ്പം ഡിപ്രഷൻ (Depression) കൂടി നേരിട്ടിരുന്നു എന്ന് അവർ സമൂഹത്തിനോട് തുറന്നുപറയുന്നുണ്ട്. താൻ അനുഭവിച്ച ഒറ്റപ്പെടലും കളിയാക്കലുകളും മറ്റാരും അനുഭവിക്കരുത് എന്ന ചിന്തയാണ് മാനസികാരോഗ്യ അവബോധ പ്രവർത്തനങ്ങളിലേക്ക് അവരെ നയിക്കുന്നത്.

2025- ൽ ദൽഹി മുതൽ കാശ്മീർ വരെ മോട്ടോർസൈക്കിളിൽ സഞ്ചരിച്ച് ‘ബ്രേക്കിംഗ് ദ സ്റ്റിഗ്മ: വൺ മൈൽ അറ്റ് എ ടൈം’ (Breaking the stigma: one mile at a time) എന്ന ക്യാമ്പയിനുമായി വിവിധ കമ്മ്യൂണിറ്റികളിലേക്കും യുവാക്കളിലേക്കും വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും മെന്റൽ ഹെൽത്ത് ബോധവൽക്കരണവുമായി സെഹർ കടന്നുചെന്നു. 20 ദിവസത്തിനിടെ മുപ്പധിലധികം ഇൻറർറാക്റ്റീവ് സെഷനുകളുമായി 21 നഗരങ്ങൾ, 3600 യുവാക്കൾ തുടങ്ങി പൊതുജനങ്ങളിലേക്ക് അവബോധമെത്തിക്കാൻ സാധിച്ചു.
2026-ൽ ദൽഹി മുതൽ കന്യാകുമാരി വരെ മോട്ടോർസൈക്കിളിൽ ‘ബിയോണ്ട് ദ ഹൊറിസൺ: എ റൈഡ് ഫോർ റെസിലിയിൻസ്’ (Beyond the horizon:Aride for resilience) എന്ന ക്യാമ്പയിനുമായി അൻപതിലധികം നഗരങ്ങളും നൂറിലധികം സ്കൂളുകളും കോളേജുകളും കമ്മ്യൂണിറ്റികളും സന്ദർശിച്ച് മാനസികാരോഗ്യത്തെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ദൗത്യത്തിലാണ് സെഹർ.
മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ നേരിടുന്നവരോട് 'നിങ്ങൾ ഒറ്റയ്ക്കല്ല' എന്ന സന്ദേശം കൈമാറുക എന്നതും സമൂഹത്തിൽ ഇതിനെ സംബന്ധിച്ച് കൃത്യമായ ഒരു അവബോധം സൃഷ്ടിക്കുക എന്നതുമാണ് ഇത്തരത്തിലുള്ള ക്യാമ്പയിനുകളുടെ ലക്ഷ്യം. കേരളത്തിൽ ഈ യാത്രയുടെ സംഘാടനം കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തും യുവസമിതിയുമാണ്.
സെഹറിൻ്റെ അതിജീവനയാത്ര
യാത്രയിൽ ഓരോയിടത്തും തന്റെ ജീവിതയാത്ര സെഹർ വ്യക്തമാക്കുന്നുണ്ട്. ഒരു മെന്റൽ ഹെൽത്ത് സർവൈവറെ സംബന്ധിച്ച് ഇതത്ര എളുപ്പമുള്ളതല്ല. വീണ്ടും വീണ്ടും താൻ അനുഭവിച്ച മാനസികാരോഗ്യ പ്രശ്നങ്ങളെയും കുട്ടിക്കാലത്തെ മാനസികാഘാതങ്ങളെയും സംബന്ധിച്ച് ഓരോ വേദികളിലും സംസാരിക്കുമ്പോൾ സെഹർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല. ചിലപ്പോൾ ഈ പ്രക്രിയ തെറാപ്പിയും ആകുന്നുണ്ടാകാം.
രക്ഷിതാക്കളുടെ തിരക്കിനിടയിൽ തന്റെ കുഞ്ഞു പ്രശ്നങ്ങൾ പരിഗണിക്കപ്പെടാതെ പോയപ്പോൾ വലിയ രീതിയിലുള്ള മാനസികാഘാതം സഹർ നേരിട്ടുകൊണ്ടിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ പല രീതിയിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും താൻ പ്രകടിപ്പിച്ചിരുന്നുവെന്ന് അവർ പറയുന്നുണ്ട്.
മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ച സെഹറിനെ ഒമ്പതു മാസം പ്രായമായിരിക്കെ രക്ഷിതാക്കൾ ഉപേക്ഷിക്കുന്നു. അവളെ എടുത്തു വളർത്തിയ രക്ഷിതാക്കൾ തിരക്കേറിയ പൊതുപ്രവർത്തകരായിരുന്നു. ഒരു കുട്ടിയെ സംബന്ധിച്ച് അവരുടെ ചെറിയ ആവശ്യങ്ങൾ അല്ലെങ്കിൽ പ്രശ്നങ്ങൾ കൃത്യമായി അഡ്രസ്സ് ചെയ്യപ്പെട്ടില്ലെങ്കിൽ അതിനാവശ്യമായ പിന്തുണ പ്രൈമറി കെയർടേക്കറിൽ നിന്ന് ലഭിക്കുന്നില്ലെങ്കിൽ അത് വലിയ രീതിയിലുള്ള മാനസികാഘാതങ്ങൾക്ക് കാരണമാകുന്നു എന്ന് പല സൈക്കോളജിക്കൽ തിയറികളും പറഞ്ഞുവെക്കുന്നുണ്ട്. ഇതുതന്നെയായിരുന്നു സെഹറിൻ്റെ കാര്യത്തിലും സംഭവിച്ചത്.
രക്ഷിതാക്കളുടെ തിരക്കിനിടയിൽ തന്റെ കുഞ്ഞു പ്രശ്നങ്ങൾ പരിഗണിക്കപ്പെടാതെ പോയപ്പോൾ വലിയ രീതിയിലുള്ള മാനസികാഘാതം സഹർ നേരിട്ടുകൊണ്ടിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ പല രീതിയിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും താൻ പ്രകടിപ്പിച്ചിരുന്നുവെന്ന് അവർ പറയുന്നുണ്ട്. ദേഷ്യവും വാശിയും തുടങ്ങി പല രീതിയിൽ അതു മുന്നോട്ടു പോയിക്കൊണ്ടിരുന്നു. എന്നാൽ സ്കൂളിൽ ചേർന്നതുമുതൽ ഇത് കുറച്ചുകൂടി പ്രകടമാകാൻ തുടങ്ങി. സ്കൂളിൽ നിന്നുണ്ടായ അവഗണന, കളിയാക്കൽ, ഒറ്റപ്പെടൽ തുടങ്ങിയവ തനിക്ക് വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ടെന്ന് സെഹർ പറയുന്നുണ്ട്. ഇനി സെഹറിനെ പഠിപ്പിക്കാനാകില്ലെന്ന് പറഞ്ഞ അധ്യാപകരോടും സെഹറിനെ ഇത്തരത്തിലുള്ള സ്കൂളുകളിലല്ല പഠിപ്പിക്കേണ്ടതെന്ന് പറഞ്ഞ അധ്യാപകരോടും, ഈ സ്കൂളിൽ തന്നെ അവളെ ഇരുത്തണമെന്നും അവൾക്ക് അതിനുള്ള അവകാശമുണ്ടെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ സഹറിനോടൊപ്പം ചേർന്നുനിന്നു.

പരീക്ഷകളിലെ വലിയ മാർക്കുകളിൽ തന്റെ രക്ഷിതാക്കൾക്ക് താല്പര്യമൊന്നുമില്ലായിരുന്നു, തനിക്ക് പറ്റുന്ന പോലെ പഠിക്കുക എന്നും സ്കൂളിൽ ചെലവഴിക്കുക എന്നും മാത്രമേ രക്ഷിതാക്കൾ കരുതിയിരുന്നുള്ളൂ.
"ഞാൻ പ്ലസ് ടു പാസായപ്പോൾ അവരെല്ലാം വലിയ സന്തോഷത്തിലായിരുന്നു" എന്ന് പറയുന്നതിനോടൊപ്പം രക്ഷിതാക്കൾ തന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെ മനസ്സിലാക്കി അതിനാവശ്യമായ പിന്തുണ നൽകിയിരുന്നു എന്നും സഹർ വ്യക്തമാക്കുന്നുണ്ട്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ ഇത്തരം വിഷയങ്ങളിൽ എത്രത്തോളം പ്രാധാന്യമാണെന്ന് സഹറിന്റെ ജീവിതാനുഭവം തെളിയിക്കുന്നുണ്ട്.
കൗമാരപ്രായത്തിൽ എത്തുമ്പോൾ സഹറിന്റെ മാനസികാരോഗ്യ പ്രശ്നങ്ങൾ വലിയ രീതിയിൽ പ്രകടമാകാൻ തുടങ്ങി. വൈകാരികമായ ബുദ്ധിമുട്ടുകളും ആത്മഹത്യാ പ്രവണതകളും വലിയ രീതിയിൽ തന്നെ സെഹറിനെ തളർത്തുന്നുണ്ടായിരുന്നു. ഇരുപത്തഞ്ചോളം തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നതായി അവർ തുറന്ന് പറയുന്നുണ്ട്: "അന്ന് ജീവൻ ബാക്കിയായത് എന്തിനായിരുന്നുവെന്ന് ഇപ്പോഴത്തെ എന്റെ അവബോധ പ്രവർത്തനം എനിക്ക് മനസ്സിലാക്കി തരുന്നുണ്ടെന്ന്" കുട്ടികളോട് സംസാരിക്കുന്നതിനിടെ സഹർ വ്യക്തമാക്കി.
ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോഡറും ഡിപ്രഷനും അനുഭവിക്കുന്ന താൻ, രക്ഷിതാക്കളുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സഹായത്തോടെയും പിന്തുണയോടെയും ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്ന് അഭിമാനത്തോടെ തന്നെയാണ് സമൂഹത്തോട് തുറന്നുപറയുന്നത്.
ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോഡറും ഡിപ്രഷനും അനുഭവിക്കുന്ന താൻ, രക്ഷിതാക്കളുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സഹായത്തോടെയും പിന്തുണയോടെയും ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്ന് അഭിമാനത്തോടെ തന്നെയാണ് സമൂഹത്തോട് തുറന്നുപറയുന്നത്. ഇപ്പോഴും താൻ ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും പൂർണ്ണമായും ഭേദപ്പെടുന്നു എന്ന ചിന്ത തന്നിലുണ്ടാക്കുക എന്നതാണ് ലക്ഷ്യം എന്നും ഇതോടൊപ്പം സഹർ ചേർത്തുവെക്കുന്നു.
90% ത്തോളം താൻ മാനസികാരോഗ്യം കൈവരിച്ചിട്ടുണ്ടെന്നും ബാക്കി 10% കൂടി നേടിയെടുക്കുക എന്നതിലേക്കുകൂടിയാണ് തന്റെ യാത്ര എന്നും ഇപ്പോഴും ഇതിനാവശ്യമായ സൈക്യാട്രിക് മെഡിക്കേഷനും തെറാപ്പിയും സ്വീകരിച്ചുപോരുന്നുണ്ടെന്നും അവർ മറയൊന്നുമില്ലാതെ സമൂഹത്തിൽ എത്തിക്കുന്നു.
"എന്റെ കുട്ടിക്കാലവും കൗമാരവുമെല്ലാം ഇത്തരത്തിലുള്ള മാനസിക രോഗങ്ങളുമായുള്ള യുദ്ധത്തിലായിരുന്നു. ഇപ്പോൾ 32 വയസ്സായി. 30 വയസ്സിലെത്തുന്നതോടുകൂടിയാണ് ഞാൻ അല്പം കൂടി പോസിറ്റീവായ രീതിയിൽ ജീവിക്കാനാരംഭിച്ചത്"- അതുകൊണ്ടുതന്നെ മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ ജീവിതത്തിന്റെ അവസാനമല്ലെന്നും കൃത്യമായ ചികിത്സയിലൂടെയും സമൂഹത്തിന്റെ പിന്തുണയിലൂടെയും മെച്ചപ്പെടാൻ സാധിക്കും എന്നും സെഹറിന്റെ യാത്ര ഓർമ്മപ്പെടുത്തുന്നു.
ഇതുപോലെ എത്രയോ മനുഷ്യർ മാനസികാരോഗ്യത്തെ സംബന്ധിച്ച സ്റ്റിഗ്മ കാരണവും കൃത്യമായ ചികിത്സ ലഭിക്കാത്തതു മൂലവും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന ബോധ്യപ്പെടലിന്റെ ഭാഗമായാണ് തന്റെ ബുദ്ധിമുട്ടുകൾ എന്തായിരുന്നുവെന്നും എങ്ങനെയാണ് ഇതിനെ മറികടന്നത് എന്നും വീഡിയോകളിലൂടെയും വർക്ക് ഷോപ്പുകളിലൂടെയും ക്ലാസുകളിലൂടെയും എല്ലാം സഹർ തുറന്നു പറയാൻ തീരുമാനിക്കുന്നത്. ഇതുവഴി സമൂഹത്തിൽ നിലനിൽക്കുന്ന മാനസികരോഗങ്ങളെ സംബന്ധിച്ച സ്റ്റിഗ്മ കുറയുമെന്നും മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് പിന്തുണ നൽകാനാകുമെന്നും അവർ വിശ്വസിക്കുന്നു.

ഈ യാത്രയിൽ സെഹറിനോടൊപ്പം യാത്ര ചെയ്യുന്നവരെയും പരിചയപ്പെടേണ്ടതുണ്ട്. സഹറിനോടൊപ്പം യാത്ര ചെയ്യുന്ന സാമൂഹ്യപ്രവർത്തക ഷമീറ അഷ്റഫ് സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകയാണ്. ദ്വാരക കളക്ടീവ് എന്ന ഉദ്യമത്തിന്റെ കോ- ഫൗണ്ടർ കൂടിയാണിവർ.
വിദ്യാഭ്യാസ പ്രവർത്തകയായ ഫർഹത് ഖാനുമുണ്ട് ഈ യാത്രയിൽ. സ്കൂളുകളിൽനിന്ന് പരീക്ഷാ മാർക്കുകളുടെ അടിസ്ഥാനത്തിൽ തോറ്റുപോയ പെൺകുട്ടികളെ പഠിപ്പിക്കുകയും അവരെ അക്കാദമിക് ആയി മുന്നോട്ടു കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്നവരാണിവർ. ഫർഹത്തിന്റെ ശിക്ഷണത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി വലിയ അക്കാദമിക് ഉയരങ്ങളിലെത്തിയ ഒരുപാട് വിദ്യാർത്ഥികളുണ്ട്.
"എന്റെ കുട്ടിക്കാലവും കൗമാരവുമെല്ലാം മാനസിക രോഗങ്ങളുമായുള്ള യുദ്ധത്തിലായിരുന്നു. ഇപ്പോൾ 32 വയസ്സായി. 30 വയസ്സിലെത്തുന്നതോടുകൂടിയാണ് ഞാൻ അല്പം കൂടി പോസിറ്റീവായ രീതിയിൽ ജീവിക്കാനാരംഭിച്ചത്"- സെഹർ ഹാഷ്മി പറയുന്നു.
തിയേറ്റർ പ്രാക്ടീഷണറായ സണ്ണി ലോച്ചാവണ് ഈ യാത്രയിലെ എടുത്തുപറയേണ്ട മറ്റൊരാൾ. കഥകൾക്ക് / നാടകങ്ങൾക്ക് ജീവിതങ്ങളെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന സണ്ണി ജാമിയ മിലിയ ഇസ്ലാമിയയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. സഹറിനോടൊപ്പം മറ്റൊരു മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്ന വ്യക്തി സണ്ണിയാണ്. കമ്മ്യൂണിറ്റി വർക്കറായ അമിത യാദവ് നിരവധി എൻ ജി ഒകളുടെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. അമിത് ഈ യാത്രയിലെ മറ്റൊരാളാണ്. കൂടാതെ യാത്രയെ നയിക്കുന്ന ഡ്രൈവറായ റാകേഷ് സൈനിയും ജേർണലിസ്റ്റായ പ്രീതി പ്രഭയും തുടങ്ങി ഒരുപാട് സാമൂഹിക പ്രവർത്തകർ ഈ യാത്രയിൽ ഭാഗമാകുന്നുണ്ട്.
ഇവരോടൊപ്പം ഓരോ ഇടങ്ങളിൽ നിന്നും സാമൂഹ്യപ്രവർത്തകരും പൊതുപ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും അടങ്ങുന്ന വലിയൊരു വിഭാഗം ആളുകൾ യാത്രയിൽ പങ്കാളികളാകുന്നു. യാത്ര വിജയകരമാകുന്നത് ഓരോ ഇടങ്ങളിലെയും ഇത്തരത്തിലുള്ള സാമൂഹ്യപ്രവർത്തകരുടെയും പൊതുപ്രവർത്തകരുടെയും ജനങ്ങളുടെയുമെല്ലാം പങ്കാളിത്തം കൊണ്ടാണ്.
കോഴിക്കോട് ജില്ലയിൽ നടന്ന യാത്രയിൽ മുഴുവൻ സമയവും സെഹറിനോടൊപ്പം ചെലവഴിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. സഹറിന്റെ ജീവിതാനുഭവങ്ങൾ കേൾക്കാനും തങ്ങളുടെ സംശയങ്ങൾ പങ്കുവയ്ക്കാനും തങ്ങളുടെ മാനസികാരോഗ്യ യാത്രയിലെ അനുഭവങ്ങൾ പങ്കുവയ്ക്കാനുമായി നിരവധി ആളുകളാണ് ഒത്തുചേരുന്നത്. സ്കൂളുകളിലും കോളേജുകളിലും മറ്റിടങ്ങളിലുമെല്ലാം ആളുകൾക്ക് മാനസികാരോഗ്യത്തെ സംബന്ധിച്ച അവബോധം എത്തിക്കുന്നതിൽ ഈ യാത്രയും അതോടൊപ്പം സഹറിന്റെ സംഭാഷണവും വലിയ പങ്കുവഹിക്കുന്നുണ്ട്

"കുട്ടിയായിരുന്നപ്പോൾ തന്നെ തന്റെ ആഗ്രഹമായിരുന്നു ബൈക്കിൽ ചുറ്റി സഞ്ചരിക്കണമെന്ന്"- വലുതായപ്പോൾ ഇത്തരമൊരു പ്രവർത്തനത്തെ തന്റെ സ്വപ്നം കൊണ്ടുതന്നെ പിന്തുടരാം എന്ന് സഹർ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് യാത്രയ്ക്കായി ബൈക്ക് എന്ന തീരുമാനത്തിലേക്ക് എത്തുന്നത്.
യാത്രയിൽ, ഇന്ത്യയിലുടനീളം മാനസികാരോഗ്യ സേവനങ്ങൾ നൽകിവരുന്ന സംഘടനകളെ പരിചയപ്പെടുത്തുകയും ഇതിൻ്റെ പ്രാധാന്യം വിളിച്ചുപറയുന്ന ബുക്ക് ലെറ്റുകൾ നൽകുകയും ചെയ്യുന്നുണ്ട്. ഹെൽപ്പ്ലൈനുകളെയും ഓൺലൈൻ സേവനങ്ങളെയും സംബന്ധിച്ച് കൃത്യമായ ധാരണ നൽകാൻ ഇത് സഹായകരമാകുന്നു. മാനസികരോഗത്തെ അതിജീവിച്ച സഹറിന്റെ ഇടപെടലുകൾ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളെ ഒരു പരിധിവരെ തിരുത്തുന്നതിന് സഹായകമാണ്. മാത്രമല്ല, ഈ വ്യക്തികൾ സാമൂഹികമായി നേരിടുന്ന അപമാനത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കാനും മാനസികാരോഗ്യമേഖലയെക്കുറിച്ച് വിശദീകരിക്കാനും മാനസികാരോഗ്യ മേഖലയെ നോർമലൈസ് ചെയ്യാനും ആളുകൾക്കിടയിൽ എംപതി വളർത്താനും കൂടി അവരുടെ ഇടപെടലുകൾ ലക്ഷ്യമിടുന്നു.
എന്താണ് മാനസികാരോഗ്യം?
വൈകാരികവും മാനസികവും സാമൂഹികമായതുമായ ക്ഷേമത്തെയാണ് മാനസികാരോഗ്യം കൊണ്ടർത്ഥമാക്കുന്നത്. ലോകാരോഗ്യസംഘടനയുടെ (WHO) നിർവചനമനുസരിച്ച് മാനസിക രോഗങ്ങൾ ഇല്ലാതിരിക്കുന്ന അവസ്ഥ മാത്രമല്ല മാനസികാരോഗ്യം. ഒരു വ്യക്തിക്ക് തൻ്റെ കഴിവുകൾ തിരിച്ചറിയാനും ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങൾ കൈകാര്യം ചെയ്യാനും സമൂഹത്തിലേക്ക് എന്തെങ്കിലും സംഭാവന ചെയ്യാനും സാധിക്കുന്ന അവസ്ഥയെ മാനസികാരോഗ്യം എന്ന് പറയാം.
ജീവിതത്തിൽ ഒരു തീരുമാനമെടുക്കാൻ സാധിക്കാതെ കുഴങ്ങുമ്പോഴും ചെറിയ സമ്മർദ്ദങ്ങളിൽ ബുദ്ധിമുട്ടുമ്പോഴോ ചെറിയ അസ്വസ്ഥതകൾ നേരിടുമ്പോഴോ എല്ലാം, മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടാവുന്നതാണ്.
ഒരു സൈക്കോളജിസ്റ്റിൻ്റെയോ മാനസികാരോഗ്യ വിദഗ്ധരുടെയോ സഹായം തേടേണ്ടത് എപ്പോഴാണ് എന്നതിൽ കൂടി വ്യക്തത ആവശ്യമാണ്. മാനസിക രോഗങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഇത്തരം സഹായം തേടേണ്ടത് എന്നൊരു തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്.
എന്നാൽ, ജീവിതത്തിൽ ഒരു തീരുമാനമെടുക്കാൻ സാധിക്കാതെ കുഴങ്ങുമ്പോഴും ചെറിയ സമ്മർദ്ദങ്ങളിൽ ബുദ്ധിമുട്ടുമ്പോഴോ ചെറിയ അസ്വസ്ഥതകൾ നേരിടുമ്പോഴോ എല്ലാം, ജീവിതത്തെ കുറച്ചുകൂടി ഉൽപാദനക്ഷമമായും പോസിറ്റീവായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനും മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടാവുന്നതാണ്. ഇതോടൊപ്പം, എപ്പോഴാണ് ഒരു മാനസികാരോഗ്യ പ്രശ്നമായി ഈ ബുദ്ധിമുട്ടുകൾ മാറുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്. ദൈന്യംദിന ജീവിതത്തിൽ നാം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കാതിരിക്കുമ്പോഴും അല്ലെങ്കിൽ ഇപ്പോഴുള്ള നമ്മുടെ അസ്വസ്ഥതകൾ അത്തരത്തിലുള്ള നമ്മുടെ ദിനചര്യകളെ തടസ്സപ്പെടുത്തുമ്പോഴും നമുക്ക് ചുറ്റുമുള്ള ആളുകളെ ഇതെല്ലാം ബാധിക്കാൻ തുടങ്ങുമ്പോഴും കൃത്യമായ ഒരു പ്രൊഫഷണൽ സഹായം തേടേണ്ടത് അനിവാര്യമാണ്.
പലപ്പോഴും ഇത്തരത്തിലുള്ള അസ്വാസ്ഥ്യങ്ങളെ മനസ്സിലാക്കുന്നതിനായി സമയമെടുത്തേക്കാം. പക്ഷേ കൃത്യമായ രോഗനിർണയവും ആവശ്യമായ തെറാപ്പിയും കൗൺസിലിങ്ങും മെഡിക്കേഷനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം, ഓർക്കേണ്ടതാണ് ഇത്തരം തെറാപ്പിയും കൗൺസിലിംഗും സൈക്യാട്രിക് മെഡിക്കേഷനുമെല്ലാം പെട്ടെന്ന് ഒരു വ്യക്തിയിൽ മാറ്റങ്ങളുണ്ടാക്കുന്നുണ്ടാവില്ല. ശാസ്ത്രീയരീതിയാണ് ഇവിടെ അവലംബിക്കുന്നത്. മാത്രവുമല്ല, ഇത് സമയമെടുക്കുന്ന പ്രക്രിയ കൂടിയാണ്. നേരത്തെയുള്ള രോഗനിർണയവും കൃത്യമായുള്ള ഫോളോഅപ്പുകളും വ്യക്തിയുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുന്നു.

മാനസികാരോഗ്യമേഖലയിലുണ്ടായ ജനപക്ഷപരമായ വിപ്ലവം, ഇന്ന് ആളുകൾ അതിനെ നോക്കിക്കാണുന്ന രീതി വ്യത്യസ്തമായിട്ടുണ്ട് എന്നതാണ്. കുറച്ചുകൂടി പോസിറ്റീവായ രീതിയിൽ മാനസികാരോഗ്യമേഖലയെ കാണുന്നതിനും ആവശ്യമായ തെറാപ്പിയും കൗൺസിലിംഗുകളും സ്വീകരിക്കുന്നതിനും ആളുകൾ ഇന്ന് തയ്യാറാകുന്നുണ്ട്.
ക്ലീഷേ ഡയലോഗാണ്, ശാരീരികാരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം എന്നത്. പക്ഷേ ആളുകളിലേക്ക് ഇത് എത്രത്തോളം കൃത്യമായി എത്തുന്നുണ്ട് എന്നിടത്താണ് വീണ്ടും വീണ്ടും ഇവയെ സംബന്ധിച്ച് സംസാരിക്കേണ്ടതിന്റെ പ്രാധാന്യം ഉയർന്നുവരുന്നത്. ഒരു പനി വരുമ്പോൾ അതിനാവശ്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതു പോലെത്തന്നെയാണ് മനസിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനാവശ്യമായി സ്വീകരിക്കുന്ന മാർഗങ്ങളും. മാനസികാരോഗ്യ മേഖലയിൽ നിലനിൽക്കുന്ന മുൻധാരണകളും തെറ്റിദ്ധാരണകളും പലപ്പോഴും ആളുകളെ കൃത്യമായ കൗൺസിലിംഗും തെറാപ്പിയും സ്വീകരിക്കുന്നതിൽ നിന്നും പുറകോട്ട് വലിക്കുന്നുണ്ട്
സമൂഹത്തിന് എന്തു ചെയ്യാം?
മാനസിക രോഗങ്ങൾ അല്ലെങ്കിൽ അസ്വസ്ഥതകൾ വ്യക്തിഗതപ്രശ്നം മാത്രമല്ല. ഇത് സാമൂഹികവും സാമ്പത്തികവും വൈകാരികവും അതോടൊപ്പം ജൈവീകവുമായ കാരണങ്ങളാലും ഉണ്ടാകുന്നതാണ്. ഒരാളുടെ മാനസികാരോഗ്യം തകരാറിലാവുന്നതിലൂടെ അവരുടെ വിദ്യാഭ്യാസം, ജോലി, സാമൂഹികാവസ്ഥ, പങ്കാളിത്തം എന്നിവയെ കൂടി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്നാൽ ചികിത്സ എന്നതിനോടൊപ്പം ഒരാളുടെ സൗഖ്യാവസ്ഥ രൂപപ്പെടുത്തുന്ന സാഹചര്യങ്ങളെ കൂടി വിലയിരുത്തുക എന്നതാണ്. ഇവയെ പറ്റി സമൂഹം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
രണ്ടു ദിവസങ്ങൾ കൊണ്ട് ഉത്കണ്ഠരോഗവും വിഷാദരോഗവുമെല്ലാം മാറ്റിത്തരുന്ന ‘മിടുക്കർ’ ഇന്ന് കൂണുപോലെ പൊന്തി വരുന്നുണ്ട്. ഇത്തരം ആളുകളുടെ അടുത്തുപോയി മാനസികാരോഗ്യത്തെ വീണ്ടും വഷളാക്കുകയാണ് പലരും ചെയ്യുന്നത്.
പലപ്പോഴും സൈക്കോളജിസ്റ്റിനെയോ കൗൺസിലറെയോ കാണാൻ ആളുകൾ മടിക്കുന്നത് മറ്റുള്ളവർ തങ്ങളെ എങ്ങനെ വിലയിരുത്തും എന്ന മുൻധാരണ കൊണ്ടുതന്നെയാണ്. സിനിമകളിലൂടെയാണ് പലപ്പോഴും മാനസികാരോഗ്യത്തെ സംബന്ധിച്ച ധാരണകൾ ലഭിക്കുന്നത്. ഇവ പലപ്പോഴും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലുമായിരിക്കും. മാനസികാരോഗ്യ പ്രശ്നങ്ങളെ ‘ഭ്രാന്താ’യാണ് ചിത്രീകരിക്കുക. ഇത്തരം തെറ്റിധാരണകളും കൃത്യമായ അവബോധമില്ലായ്മയുമാണ് ചികിത്സ വൈകുന്നതിലേക്ക് നയിക്കുന്നത്.
സമൂഹത്തിന്റെയും കുടുംബത്തിന്റെയും പിന്തുണ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. മാനസികാസ്വാസ്ഥ്യം നേരിടുന്ന ഒരു വ്യക്തിയെ ചേർത്തുപിടിക്കേണ്ടതുണ്ട്. ഒറ്റപ്പെടുത്തലും കളിയാക്കലുകളും അവരെ കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് നയിക്കുകയേയുള്ളൂ. ഇതുതന്നെയാണ്, തന്റെ ജീവിതത്തിലൂടെയും യാത്രകളിലൂടെയും സെഹർ മുന്നോട്ടുവെക്കുന്ന സന്ദേശവും.
കൃത്യമായ അവബോധമില്ലായ്മയാണ് മാനസികാരോഗ്യമേഖലയിൽ ഇന്ന് നടക്കുന്ന അനാരോഗ്യകരമായ പ്രവർത്തനങ്ങളുടെ പ്രധാന കാരണം. ആറുമാസത്തെയും മൂന്നുമാസത്തെയും ഡിപ്ലോമകൾ യോഗ്യതയായെടുത്ത് കൗൺസിലിംഗ് നടത്തിയും മതപരമായി നേരിട്ടും മന്ത്രവാദങ്ങളിലൂടെയും കുടുംബത്തിലെ മുതിർന്ന ആളുകളെ ഇടപെടുവിച്ചുമെല്ലാമാണ് ഇന്ന് പലരും മുന്നോട്ടുപോകുന്നത്. രണ്ടു ദിവസങ്ങൾ കൊണ്ട് ഉത്കണ്ഠരോഗവും വിഷാദരോഗവുമെല്ലാം മാറ്റിത്തരുന്ന ‘മിടുക്കർ’ ഇന്ന് കൂണുപോലെ പൊന്തി വരുന്നുണ്ട്. ഇത്തരം ആളുകളുടെ അടുത്തുപോയി മാനസികാരോഗ്യത്തെ വീണ്ടും വഷളാക്കുകയാണ് പലരും ചെയ്യുന്നത്. കൃത്യമായ മാനസികാരോഗ്യ സേവനങ്ങൾ നൽകിവരുന്ന സ്ഥാപനങ്ങളും വ്യക്തികളും ഇന്ന് ഒരുപാടുണ്ട്. കൃത്യമായ അവബോധം ഉണ്ടാവുക എന്നതുതന്നെയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് നമ്മളെ സഹായിക്കുന്നത്.

മാനസികാരോഗ്യ
വിദഗ്ധരാകുന്ന
സോഷ്യൽ മീഡിയയും
AI-യും
സോഷ്യൽ മീഡിയ ഒരുപരിധിവരെ മാനസികാരോഗ്യ അവബോധത്തിന് സഹായകരമാണ്. തങ്ങൾ അനുഭവിക്കുന്ന മാനസികാരോഗ്യ ബുദ്ധിമുട്ടുകളെ സംബന്ധിച്ച് തുറന്നുപറയുന്ന വീഡിയോകളും എഴുത്തുകളും മാനസികാരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങളുമെല്ലാം ഒരു പരിധിവരെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്നു. എന്നാൽ മാനസികാരോഗ്യ വിദഗ്ധർ എന്ന് സ്വയം അവകാശപ്പെടുന്ന ചിലർ നൽകുന്ന തെറ്റിദ്ധാരണകളും ടോക്സിക് പോസിറ്റിവിറ്റിയും ആളുകളെ തെറ്റായ രീതിയിലാണ് ബാധിക്കുക. ഇത് അപ്പടി വിശ്വസിച്ച്, പ്രൊഫണൽ സഹായം തേടാതെ മുന്നോട്ടു പോകുമ്പോൾ അവരുടെ മാനസികാരോഗ്യം വീണ്ടും തകരാറിലാകുന്നു.
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ തെറാപ്പിസ്റ്റായി മാറ്റുന്ന പ്രവണതയും ഇന്നേറിവരുന്നുണ്ട്. കൃത്യമായ ചികിത്സ ലഭിക്കേണ്ട രോഗങ്ങൾക്ക് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് രോഗതീവ്രത വർദ്ധിപ്പിക്കുകയേയുള്ളൂ. ദൈനംദിനജീവിതത്തിലെ ചെറിയ സമ്മർദ്ദങ്ങളെ മറികടക്കുന്നതിനും വൈകാരികമായ പിന്തുണയ്ക്കും തീരുമാനങ്ങളെടുക്കുന്നതിനും ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ വലിയ രീതിയിൽ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തലച്ചോറിന്റെ പ്രവർത്തനത്തെയും ചിന്താശേഷിയെയും ക്രിയേറ്റിവിറ്റിയെയുമെല്ലാം ഇത് നെഗറ്റീവായി ബാധിക്കുന്നുമുണ്ട്. മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ കൃത്യമായി പ്രൊഫഷണൽ സഹായം തേടുക എന്നതു തന്നെയാണ് ഉചിതമായ തീരുമാനം.
ആൻസൈറ്റി, ഡിപ്രഷൻ, ഒ.സി.ഡി, നാർക്സിസിറ്റ്ക് തുടങ്ങിയ പദങ്ങളെല്ലാം പലപ്പോഴും ഈ രോഗങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ ലളിതവൽക്കരിക്കുന്നതിന് കാരണമാകുന്നുണ്ട്.
മാനസികാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ വലിയ രീതിയിൽ നോർമലൈസ് ചെയ്യപ്പെടുകയും നിസ്സാരവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ചില രോഗങ്ങളെയും പദങ്ങളെയും സംബന്ധിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്. രോഗങ്ങളെ പറ്റിയുള്ള കൃത്യമായ ധാരണക്കുറവ് ഇത്തരം പദങ്ങൾ തമാശരൂപത്തിൽ ഉപയോഗിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടോ എന്ന് ചിലപ്പോൾ തോന്നിയേക്കാം. പക്ഷേ, യഥാർത്ഥത്തിൽ ഈ രോഗമുള്ള വ്യക്തിയുടെ സംഘർഷങ്ങളെ നിസ്സാരവൽക്കരിക്കുന്നതിലേക്ക് ഇത് ക്രമേണ നയിച്ചേക്കാം.
ആൻസൈറ്റി (anxiety), ഡിപ്രഷൻ (depression), ഒ.സി.ഡി (OCD), അടുത്ത് പ്രചാരത്തിൽ വന്ന നാർക്സിസിറ്റ്ക് (Narcissistic) തുടങ്ങിയ പദങ്ങളെല്ലാം പലപ്പോഴും ഈ രോഗങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ ലളിതവൽക്കരിക്കുന്നതിന് കാരണമാകുന്നുണ്ട്. സമൂഹത്തിൽ ഇത്തരം മാനസികരോഗങ്ങളെ സംബന്ധിച്ച ധാരണ തീർച്ചയായും ഉണ്ടാകേണ്ടതുണ്ട്. പക്ഷേ ഇത് അനുഭവിക്കുന്നവരെ ഉൾച്ചേർക്കാനുള്ള മാനസികാവസ്ഥ കൂടി ഇതോടൊപ്പം കൈവരിക്കേണ്ടതുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റി ഹാപ്പിനസ് ആൻഡ് വെൽനസ് കേന്ദ്രങ്ങൾ എന്നാക്കാൻ തീരുമാനമായിട്ടുണ്ട്. പേരിൽ വന്ന മാറ്റം കൊണ്ടുമാത്രം മാനസികാരോഗ്യമേഖലയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും സ്റ്റിഗ്മയും ഇല്ലാതാകുമോ എന്നത് ചർച്ച ചെയ്യണം. ഭാഷയിലുണ്ടാകുന്ന മാറ്റം സമൂഹത്തിന്റെ മുൻധാരണകളെ പൊളിച്ചെഴുതുമെന്ന് തോന്നുന്നില്ല.

കൃത്യമായ അവബോധ പ്രവർത്തനങ്ങളും അതിനാവശ്യമായ ചർച്ചകളും സമൂഹത്തിൽ നിരന്തരമായി നടക്കണം. തുറന്ന സംഭാഷണങ്ങൾ മാനസികാരോഗ്യമേഖലയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മറികടക്കുന്നതിന് സഹായിക്കുന്നു. സെലിബ്രിറ്റികൾ തങ്ങൾ അനുഭവിക്കുന്ന മാനസികാരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് തുറന്നു സംസാരിക്കണം. ആവശ്യമായ കൗൺസിലിംഗും തെറാപ്പിയും സ്വീകരിച്ചതുവഴി തങ്ങൾക്കുണ്ടായ മാറ്റങ്ങൾ തുറന്നു പറയുന്നതുവഴി സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനാകും.
കൃത്യമായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണരീതി, വ്യായാമം, സാമൂഹിക ബന്ധങ്ങൾ, ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റൽ ഡയറ്റ് എന്നതെല്ലാം മാനസികാരോഗ്യത്തെ ആരോഗ്യപരമായി നിലനിർത്തുന്ന ചില ഘടകങ്ങളാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് കൃത്യമായ ദിനചര്യയുണ്ടാക്കാൻ സാധിച്ചാൽ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിനും സഹായകരമാകും.
മാനസികാരോഗ്യമേഖലയെയും രോഗങ്ങളെയും നോർമലൈസ് ചെയ്യാനും അവരെ ചേർത്തുപിടിക്കാനും അവർ ഒറ്റയ്ക്കല്ല എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. ഇത്തരമൊരു സാഹചര്യത്തിലാണ് സെഹർ ഹാഷ്മിയുടെ മോട്ടോർസൈക്കിൾ യാത്ര പ്രസക്തമാകുന്നത്.
