കേരളത്തിന്റെ
ആരോഗ്യമേഖലയെ
വെല്ലുവിളിക്കുന്ന
ഷിഗെല്ല

ഷിഗെല്ല കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയുടെ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ഈ വർഷം ഇതുവരെ 170-ഓളം കേസുകൾ റിപ്പോർട്ട് ചെയ്തു, ആറു മരണങ്ങളുണ്ടായി. എന്താണ് രോഗബാധ ഗുരുതരമാകാൻ കാരണം, എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്?- ഡോ. എം. മുരളീധരൻ എഴുതുന്നു.

19-ാം നൂറ്റാണ്ടിൻ്റെ അവസാനവർഷങ്ങളിൽ ഒരു ലക്ഷത്തോളം ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ, ജപ്പാനിൽ സെക്കിരി (sekiri) എന്ന പ്രത്യേകതരം രക്താതിസാരം ബാധിച്ചു. അഞ്ചിലൊന്നായിരുന്നു മരണനിരക്ക്. തൻ്റെ ഗുരു ഷിബുസാബുറോ കിറ്റാസോട്ടയുടെ നിർദ്ദേശപ്രകാരം ആ ഭീകര രോഗത്തിനെതിരായ പോരാട്ടം ഒരു ജാപ്പനീസ് യുവ ശാസ്‌ത്രജ്ഞൻ ഏറ്റെടുത്തു.

1897-98 ൽ റോബർട്ട് കോക്കിൻ്റെ (Robert koch-1843-1910) തിയറികളുടെ ചുവടുപിടിച്ചു നടത്തിയ നിരന്തര അന്വേഷണങ്ങൾക്കൊടുവിൽ അദ്ദേഹം ആ രോഗാണുവിനെ കണ്ടെത്തി. രോഗം ബാധിച്ചു മരിച്ച 36 പേരുടെ മലം ഗാഢമായ പരീക്ഷണങ്ങൾക്കു വിധേയമാക്കിയ ആ യുവാവ് അതിലെല്ലാറ്റിലും വളരെ കരുത്തുകുടിയ ഒരു Gram Negative Bacteria - യെ കണ്ടെത്തി. രോഗനിർണ്ണയ രംഗത്തെ നിർണ്ണായക ചുവടുവെപ്പായിരുന്നു അത്. ബാസിലസ് ഡിസൻ റിയേ എന്ന് അദ്ദേഹം രോഗാണുവിന് പേരിട്ടെങ്കിലും ശാസ്ത്രലോകം പിന്നീട് അർഹിക്കുന്ന പേരു തന്നെ നൽകി ആ ശാസ്ത്രജ്ഞനെ ആദരിച്ചു: ‘ഷിഗെല്ല’. ഡോ. കിയോഷി ഷിഗ (1871-1957) ആയിരുന്നു ആ നിർണ്ണായക കണ്ടെത്തൽ നടത്തിയ യുവ ശാസ്‌ത്രജ്ഞൻ.

ഷിഗെല്ല (Shigella) പ്രധാനമായും മനുഷ്യരുടെ കുടലിനെ ബാധിക്കുന്ന രോഗാണുവാണ്. ആ രോഗമാണ് ഷിഗല്ലോസിസ് (Shigellosis) എന്നറിയപ്പെടുന്നത്. ലോകമെമ്പാടും കാണപ്പെടുന്ന പ്രധാന പൊതുജനാരോഗ്യപ്രശ്നമായി ഈ രോഗം കണക്കാക്കപ്പെടുന്നു. വർഷംതോറും ഏകദേശം 800 - 1650 ലക്ഷം വരെ ഷിഗല്ലോസിസ് കേസുകൾ ലോകത്തുണ്ടാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളാണ്, ഈ രോഗത്തിൻ്റെ പ്രധാന ഇര. വികസ്വര രാജ്യങ്ങളിലാണ് രോഗബാധ കൂടുതലായി കാണുന്നത്. സുരക്ഷിതമായ കുടിവെള്ളവും മലിനജല സംസ്കരണ സംവിധാനങ്ങളുമുള്ള സമ്പന്ന വികസിത രാജ്യങ്ങളിൽ രോഗബാധ താരതമ്യേന കുറവാണ്.

രോഗാണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ നേടുന്ന പ്രതിരോധം, അനിയന്ത്രിതമായ നഗരവൽക്കരണം, കടുത്ത ജനസാന്ദ്രത, പ്രകൃതിദുരന്തങ്ങൾക്കും അഭയാർത്ഥി പ്രവാഹങ്ങൾക്കും പിന്നാലെയുള്ള രോഗവ്യാപനം എന്നിവയൊക്കെയാണ് ആഗോള രംഗത്ത് ഷിഗെല്ലോസിസ് വ്യാപകമാകാനുള്ള കാരണങ്ങൾ.

ഷിഗെല്ല (Shigella) പ്രധാനമായും മനുഷ്യരുടെ കുടലിനെ ബാധിക്കുന്ന രോഗാണുവാണ്. ആ  രോഗമാണ് ഷിഗല്ലോസിസ് (Shigellosis) എന്നറിയപ്പെടുന്നത്. ലോകമെമ്പാടും കാണപ്പെടുന്ന  പ്രധാന പൊതുജനാരോഗ്യപ്രശ്നമായി ഈ രോഗം കണക്കാക്കപ്പെടുന്നു.
ഷിഗെല്ല (Shigella) പ്രധാനമായും മനുഷ്യരുടെ കുടലിനെ ബാധിക്കുന്ന രോഗാണുവാണ്. ആ രോഗമാണ് ഷിഗല്ലോസിസ് (Shigellosis) എന്നറിയപ്പെടുന്നത്. ലോകമെമ്പാടും കാണപ്പെടുന്ന പ്രധാന പൊതുജനാരോഗ്യപ്രശ്നമായി ഈ രോഗം കണക്കാക്കപ്പെടുന്നു.

ഷിഗെല്ല ഇന്ത്യയിൽ

ഇന്ത്യയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന രോഗമാണ് ഷിഗെല്ല. എന്നാൽ, ആദ്യ ഷിഗെല്ല ബാധ എന്നാണെന്ന് വ്യക്തമാക്കുന്ന ഒരു ദേശീയരേഖയും നിലവിലില്ല. രക്താതിസാരം (bacillary dysentery) ഇന്ത്യയിൽ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന രോഗമാണ്; എന്നാൽ രോഗാണുവായ ഷിഗെല്ലയെ തിരിച്ചറിയാനുള്ള ലബോറട്ടറി സംവിധാനങ്ങൾ ആദ്യ കാലങ്ങളിൽ ലഭ്യമായിരുന്നില്ല.

1897-ൽ ജപ്പാനിൽ ഷിഗെല്ലാ ബാക്ടീരിയയെ കണ്ടെത്തിയശേഷം ഇന്ത്യയിലും അതിന്റെ സാന്നിധ്യം തിരിച്ചറിയപ്പെട്ടു. 1920-കളിലും 1930-കളിലും, അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ ബാംഗ്ളൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബ്രിട്ടീഷ് സൈനിക ഡോക്ടറായ ജെ. എസ്. കെ. ബോയ്ഡ് (J. S. K. Boyd) ഷിഗെല്ലയുടെ വകഭേദങ്ങളെക്കുറിച്ച് സുപ്രധാന പഠനങ്ങൾ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് പിന്നീട് ഷിഗെല്ല ബോയ്‌ഡൈ (Shigella boydii) എന്ന് ഒരു സ്പീഷീസിന് പേരിട്ടത്.

1984-ൽ, കിഴക്കൻ ഇന്ത്യയിൽ മൾട്ടി- ഡ്രഗ് റെസിസ്റ്റന്റ് ഷിഗെല്ല (Shigella dysenteriae type 1) മൂലമുള്ള വലിയ രക്താതിസാര മഹാമാരിയുണ്ടായി. ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഷിഗെല്ലാ രോഗബാധകളിലൊന്നായി കണക്കാക്കപ്പെടുന്നു.

1988-ൽ ത്രിപുരയിലാണ് മറ്റൊരു വലിയ രോഗാണു സംക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഷിഗെല്ല ബാക്ടീരിയയ്ക്ക് ആന്റിബയോട്ടിക് പ്രതിരോധശേഷിയുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യ സംഭവമായിരുന്നു അത്. 2002–2003-ലാണ് കൊൽക്കത്തയിൽ മരുന്നുകളെ പ്രതിരോധിക്കുന്ന ഷിഗെല്ല ( Shigella dysenteriae type 1 ) വീണ്ടും അവവതരിക്കുന്നത്.

ഡോ. കിയോഷി ഷിഗ
ഡോ. കിയോഷി ഷിഗ

കേരളം മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമാണെങ്കിലും ഷിഗെല്ലാ രോഗബാധ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട് എന്നതാണ് ഖേദകരമായ വസ്തുത.

പുരാതനകാലത്ത്, രക്തവും ശ്ലേഷ്മവും കലർന്ന വയറിളക്കം (ബാസില്ലറി ഡിസന്ററി) മനുഷ്യരെ ബാധിച്ചിരുന്നതായി പല പ്രാചീനരേഖകളും സൂചിപ്പിക്കുന്നുണ്ട്. പുരാതന ഈജിപ്ത്, ഗ്രീക്ക്, റോമൻ രേഖകളിൽ ഇത്തരം രോഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ രോഗകാരണം അറിയില്ലായിരുന്നുവെന്നു മാത്രം.

ഇന്ത്യയിൽ ഷിഗല്ലോസിസ് ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന ജലജന്യരോഗമായിട്ടാണ് പൊതുജനാരോഗ്യവിദഗ്‌ധർ വിലയിരുത്തുന്നത്. മഴക്കാലത്തും വെള്ളപ്പൊക്കത്തിനുശേഷവും രോഗബാധ വർധിക്കുന്ന പ്രവണത കാണാറുണ്ട്. ഹോസ്റ്റലുകൾ, അങ്കണവാടികൾ, മറ്റു കൂട്ടായ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യത കൂടുതലാണ്.

പശ്ചിമ ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം, ദൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഷിഗെല്ല ഫ്ലെക്സ്നേരി (Shigella flexneri) ആണ് ഏറ്റവും സാധാരണയായി കണ്ടെത്താറുള്ള രോഗാണു. നഗരപ്രദേശങ്ങളിൽ ഷിനെല്ല സോണിയുടെ (Shigella sonnei) സാന്നിധ്യവും വർധിച്ചുവരുന്നതായി പഠനങ്ങൾ കാണിക്കുന്നു.

സുരക്ഷിതമല്ലാത്ത കുടിവെള്ളം, അനിയന്ത്രിതമായ ആന്റിബയോട്ടിക് ഉപയോഗം, മരുന്നുകൾക്കെതിരെ പ്രതിരോധശേഷിയുള്ള പുതിയ വകഭേദങ്ങളുടെ ഉദയം എന്നിവയൊക്കെയാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയുടെ കാതൽ.

1984-ൽ, കിഴക്കൻ ഇന്ത്യയിൽ മൾട്ടി- ഡ്രഗ് റെസിസ്റ്റന്റ് ഷിഗെല്ല (Shigella dysenteriae type 1) മൂലമുള്ള വലിയ രക്താതിസാര മഹാമാരിയുണ്ടായി. ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഷിഗെല്ലാ രോഗബാധകളിലൊന്നായി കണക്കാക്കപ്പെടുന്നു.
1984-ൽ, കിഴക്കൻ ഇന്ത്യയിൽ മൾട്ടി- ഡ്രഗ് റെസിസ്റ്റന്റ് ഷിഗെല്ല (Shigella dysenteriae type 1) മൂലമുള്ള വലിയ രക്താതിസാര മഹാമാരിയുണ്ടായി. ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഷിഗെല്ലാ രോഗബാധകളിലൊന്നായി കണക്കാക്കപ്പെടുന്നു.

ഷിഗെല്ല കേരളത്തിൽ

കേരളം മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമാണെങ്കിലും ഷിഗെല്ലാ രോഗബാധ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട് എന്നതാണ് ഖേദകരമായ വസ്തുത. കോഴിക്കോട്, വയനാട്, മലപ്പുറം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിൽ വിവിധ വർഷങ്ങളിൽ രോഗബാധ രേഖപ്പെടുത്തിയിട്ടുണ്ട്.

വിവിധ ആശുപത്രികളിൽ 1980-കളിലും 1990-കളിലും രക്താതിസാരരോഗികളിൽ ഷിഗെല്ലാ ബാക്ടീരിയയെ കണ്ടെത്തിയതായി മെഡിക്കൽ പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ വലിയ പൊതുജനശ്രദ്ധ നേടിയ ഷിഗെല്ലാ സംക്രമണങ്ങളിൽ പ്രധാനം 2020-ൽ കോഴിക്കോട് ജില്ലയിലുണ്ടായ ഷിഗെല്ലാ ബാധയായിരുന്നു.

2026-ൽ ജനുവരി മുതൽ കേസുകൾ ഗണ്യമായി വർധിക്കുകയും വിവിധ ജില്ലകളിലേക്ക് വ്യാപിക്കുകയും ചെയ്തു. വർഷങ്ങളായി ഇടയ്ക്കിടെ കാണപ്പെടുന്ന രോഗത്തിന്റെ വലിയൊരു പുനരുയർച്ചയായാണ് (resurgence) ആരോഗ്യവിദഗ്ധർ ഈ പ്രതിഭാസത്തെ വിലയിരുത്തുന്നത്.

കേരളത്തിൽ രോഗം പെട്ടെന്ന് കണ്ടെത്താനും നിയന്ത്രണനടപടികൾ സ്വീകരിക്കാനുമുള്ള ശക്തമായ രോഗനിരീക്ഷണ സംവിധാനം രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെങ്കിലും, മലിനമായ കുടിവെള്ളം, ശുചിത്വമില്ലാത്ത ഭക്ഷണം, രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം, കൈകളുടെ ശുചിത്വത്തിൽ കാണിക്കുന്ന അലംഭാവം, ഈച്ചകളുടെ വ്യാപനം എന്നിവയൊക്കെ സംസ്ഥാനത്ത് രോഗസംക്രമണത്തെ സഹായിക്കുന്ന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.

മഴക്കാലത്ത് ജലസ്രോതസ്സുകൾ മലിനമാകുന്നതോടെ രോഗസാധ്യത വർധിക്കും. കൂട്ടായ താമസസ്ഥലങ്ങളിലാണ് രോഗബാധയ്ക്ക് കൂടുതൽ സാധ്യത. രക്തം കലർന്ന വയറിളക്കം, പനി, കടുത്ത വയറുവേദന, വിസർജ്ജനത്വര, ഛർദ്ദി, നിർജലീകരണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്.

പ്രതിരോധ മാർഗങ്ങൾ

  • ശുദ്ധീകരിച്ച / തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.

  • സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.

  • ഭക്ഷണം നന്നായി പാകം ചെയ്ത് കഴിയുന്നതും ചൂടോടെ കഴിക്കുക.

  • പഴങ്ങളും പച്ചക്കറികളും സമയമെടുത്ത് വൃത്തിയായി കഴുകുക.

  • വയറിളക്കം ഉണ്ടായാൽ സ്വയം ചികിത്സിക്കാതെ നിർബന്ധമായും ഡോക്ടറെ സമീപിക്കുക.

  • പൊതുസ്ഥലങ്ങളിലെ ശുചിത്വം ഉറപ്പാക്കുക.

ഷിഗെല്ല ഒരു വൈദ്യശാസ്ത്രപ്രശ്നം മാത്രമല്ല, ശുചിത്വത്തിന്റെയും സുരക്ഷിതമായ കുടിവെള്ളത്തിന്റെയും പൊതുജനാരോഗ്യ സംവിധാനത്തിന്റെയും ഗുണനിലവാരത്തിന്റെയും സൂചകവുമാണ്.

ഷിഗെല്ല ഒരു വൈദ്യശാസ്ത്രപ്രശ്നം മാത്രമല്ല, ശുചിത്വത്തിന്റെയും സുരക്ഷിതമായ കുടിവെള്ളത്തിന്റെയും പൊതുജനാരോഗ്യ സംവിധാനത്തിന്റെയും ഗുണനിലവാരത്തിന്റെയും സൂചകവുമാണ്.  / Representative image
ഷിഗെല്ല ഒരു വൈദ്യശാസ്ത്രപ്രശ്നം മാത്രമല്ല, ശുചിത്വത്തിന്റെയും സുരക്ഷിതമായ കുടിവെള്ളത്തിന്റെയും പൊതുജനാരോഗ്യ സംവിധാനത്തിന്റെയും ഗുണനിലവാരത്തിന്റെയും സൂചകവുമാണ്. / Representative image

ഷിഗാ ടോക്സിൻ

ഷിഗെല്ല രോഗാണു ശക്തമായ വിഷവസ്തു (ടോക്സിൻ) ഉൽപാദിപ്പിക്കുന്നതായി 1897-ൽ തന്നെ ഡോ. ഷിഗ കണ്ടെത്തുകയുണ്ടായി. ഷിഗെല്ലാ ബാക്ടീരിയ, (പ്രത്യേകിച്ച് Shigella dysenteriae type 1) ഉൽപാദിപ്പിക്കുന്ന അതിശക്തമായ പ്രോട്ടീനായ എക്സോടോക്സിൻ (protein exotoxin) ആണ് ഷിഗാ ടോക്സിൻ. ശരീരത്തിലെത്തിയാൽ, ബാക്ടീരിയ ഈ വിഷപദാർത്ഥം പുറത്തുവിടുകയും അത് കുടലിലെ കോശങ്ങളെ ഗുരുതരമായി നശിപ്പിക്കുകയും ചെയ്യുന്നു.

ഈ വിഷപദാർത്ഥം രണ്ട് പ്രധാന ഭാഗങ്ങളുള്ള AB5 toxin ആണ്.

B (Binding) എന്ന ഭാഗം മനുഷ്യകോശങ്ങളുടെ ഉപരിതലത്തിലുള്ള Gb3 receptor എന്ന സ്വീകരണിയിൽ ഒട്ടിച്ചേരും.

A (Active) എന്ന ഭാഗം, കോശത്തിനുള്ളിൽ കടന്ന് പ്രോട്ടീൻ നിർമ്മാണം തടയുന്നു. ഇതിന്റെ ഫലമായി കോശങ്ങൾ നശിക്കുവാൻ ആരംഭിക്കുന്നു.

ശരീരത്തിൽ ഷിഗാ ടോക്സിൻ സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങൾ:

1. വൻകുടലിന് ക്ഷതം:

  • കുടലിന്റെ ആവരണകോശങ്ങൾ നശിക്കുന്നു.

  • അൾസറുകളും നീർവീക്കവും ഉണ്ടാകുന്നു. അതുവഴി

  • രക്തസ്രാവം ഉണ്ടാവുന്നു. ഇതാണ് രക്തം കലർന്ന വയറിളക്കത്തിന്റെ പ്രധാന കാരണം.

2. ഗുരുതര നീർവീക്കം:

  • കുടലിൽ ശക്തമായ നീർക്കെട്ടും വേദനയും ഉണ്ടാകുന്നു.

3. രക്തക്കുഴലുകൾക്ക് സംഭവിക്കുന്ന തകരാറുകൾ:

  • ടോക്സിൻ ചെറിയ രക്തക്കുഴലുകളുടെ ആന്തരിക പാളിയെ നശിപ്പിക്കും. അതുവഴി ചുവന്ന രക്താണുക്കൾ നശിക്കുകയും പ്ലേറ്റ്ലെറ്റുകൾ കുറയുകയും രക്തം കട്ടപിടിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.

4. വൃക്കയുടെ പ്രവർത്തന വൈകല്യം:

  • ടോക്സിൻ രക്തത്തിലൂടെ വൃക്കയിലെത്തിയാൽ ഗുരുതരമായ വൃക്കരോഗമായ എച്ച്. യു. എസ് (Hemolytic uremic syndrome) ഉണ്ടാകാം.

നാല് സ്പീഷിസുകൾ

ഷിഗെല്ലയ്ക്ക് നാല് വ്യത്യസ്ത സ്പീഷീസുകളാ ണുള്ളത്:

  • Shigella dysenteriae: ഏറ്റവും ഗുരുതരമായ രോഗബാധ ഉണ്ടാക്കുന്നത് ഈ രോഗാണുവാണ്.

  • Shigella flexneri: വികസനോന്മുഖ രാജ്യങ്ങളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന രോഗാണു ഇതാണ്.

  • Shigella boydii: പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്.

  • Shigella sonnei: വികസിത രാജ്യങ്ങളിലാണ് ഇവയുടെ സാന്നിദ്ധ്യം.

സമീപകാല രോഗവർധനയുടെ കാരണങ്ങൾ

സാമൂഹികവും പാരിസ്ഥിതികവും ആരോഗ്യപരവുമായ ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിനാലാണ് കേരളത്തിൽ സമീപകാലത്ത് ഷിഗെല്ലാ രോഗബാധ വർധിച്ചത്.

1. മഴയും ജലമലിനീകരണവും

തെക്കുപടിഞ്ഞാറൻ മൺസൂണിൽ വെള്ളക്കെട്ടും കിണറുകളുടെയും കുടിവെള്ള സ്രോതസ്സുകളുടെയും മലിനീകരണവും വർധിക്കുന്നു. മലിനജലം കുടിവെള്ളവുമായി കലരുമ്പോൾ ഷിഗെല്ലാ ബാക്ടീരിയ എളുപ്പം പടരാൻ സാധ്യതയുണ്ട്.

2. ശുചിത്വക്കുറവ്:

ഭക്ഷണം കഴിക്കുന്നതിനുമുമ്പും ശൗചാലയം ഉപയോഗിച്ചശേഷവും കൈകൾ നന്നായി വൃത്തിയാക്കാത്തത് രോഗവ്യാപനത്തിന്റെ പ്രധാന കാരണമാണ്. ഷിഗെല്ല feco–oral വഴിയാണ് പകരുന്നത്.

3. മലിനമായ ഭക്ഷണം:

ശുചിത്വമില്ലാത്ത ഹോട്ടലുകൾ, തെരുവുഭക്ഷണശാലകൾ, ശരിയായ രീതിയിൽ സൂക്ഷിക്കാത്ത ഭക്ഷണം എന്നിവ രോഗവ്യാപനത്തിന് കാരണമാകാം.

4. സ്കൂളുകളും താമസസ്ഥലങ്ങളും:

സ്കൂളുകൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾ അടുത്തിടപഴകുന്നതിനാൽ രോഗം വേഗത്തിൽ പകരാൻ സാധ്യതയുണ്ട്.

5. ചെറിയ അളവിൽ രോഗാണു മതി:

ഷിഗെല്ലയുടെ പ്രത്യേകത, വളരെ ചെറിയ എണ്ണം ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാലും രോഗം ഉണ്ടാകുമെന്നതാണ്. അതിനാൽ ഇത് അത്യന്തം സാംക്രമികമാണ്.

6. കുട്ടികളിലെ അപകടസാധ്യത:

അഞ്ച് വയസ്സിൽ താഴെയുള്ളവർക്ക് കൈകൾ വായിലിടുന്ന ശീലവും ശുചിത്വം പാലിക്കുന്നതിലെ ബുദ്ധിമുട്ടും കാരണം രോഗബാധ എളുപ്പമുണ്ടാകാം. സമീപകാലത്ത് കേരളത്തിൽ കുട്ടികളെയാണ് രോഗം കൂടുതലായി ബാധിച്ചത്. അഞ്ച് വയസ്സിൽ താഴെയുള്ളവരുടെ വൃക്കയിലും രക്തക്കുഴലുകളിലും ഷിഗാ ടോക്സിന്റെ പ്രഭാവം കൂടുതലാണ് എന്നതുകൊണ്ട് കുട്ടികളിൽ ഗുരുതരാവസ്ഥയുമുണ്ടാകും.

7. ആന്റിബയോട്ടിക് പ്രതിരോധം:

ഷിഗെല്ല ബാക്ടീരിയക്ക് മരുന്നുകളോടുള്ള പ്രതിരോധശേഷി വർധിച്ചുവരുന്നത് രോഗനിയന്ത്രണം സങ്കീർണമാക്കുന്നു.

8. നഗരവൽക്കരണവും ജനസാന്ദ്രതയും:

ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ സുരക്ഷിതമായ കുടിവെള്ള ലഭ്യത, മലിനജല നിർമാർജനം എന്നിവ എല്ലാ സമയത്തും ഫലപ്രദമല്ലെങ്കിൽ രോഗവ്യാപനത്തിന് അനുകൂല സാഹചര്യം ഉണ്ടാകാം.

ഷിഗെല്ലയുടെ
സങ്കീർണതകൾ

ഷിഗെല്ലയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നാണ് വളരെ ചെറിയ അളവിലുള്ള ബാക്ടീരിയ പോലും രോഗം ഉണ്ടാക്കാൻ മതിയാകുന്നു എന്ന വസ്തുത. ഈ രോഗാണുവിന് ആമാശയത്തിലെ അമ്ലത്തെ (stomach acid) ഭാഗികമായി അതിജീവിക്കാൻ കഴിയുമെന്നതാണ് പ്രധാന കാരണം. കുടലിലെത്തിയാൽ അവ അതിവേഗം കോശങ്ങളിൽ പ്രവേശിച്ച് പെരുകുന്നു. ഇൻഫെക്ഷ്യസ് ഡോസ് വളരെ കുറവായതിനാൽ രോഗബാധിതരിൽനിന്ന് മറ്റൊരാളിലേക്ക് എളുപ്പം രോഗം പകരാം. അതുകൊണ്ടാണ് കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുന്നതും സുരക്ഷിതമായ കുടിവെള്ളം ഉപയോഗിക്കുന്നതും രോഗപ്രതിരോധത്തിൽ നിർണായകമാകുന്നത്. രോഗബാധ ഉണ്ടാക്കാൻ സാൽമൊണെല്ലക്ക് (Salmonella) 10⁵–10⁶ ബാക്ടീരിയകളും വിബ്രിയോ കോളറക്ക് (Vibrio cholerae) 10⁶–10⁸ ബാക്ടീരിയകളും വേണമെന്നിരിക്കേ, വെറും 10 -100 ബാക്ടീരിയകളുടെ സാന്നിദ്ധ്യം തന്നെ ഗുരുതരമായ ഷിഗെല്ല അസുഖത്തിന് തുടക്കമിട്ടേക്കാം.

വളരെ ചെറിയ അളവിലുള്ള ബാക്ടീരിയയ്ക്കുപോലും ഷിഗെല്ല രോഗമുണ്ടാക്കാൻ കഴിയും. ഇത് രോഗത്തിന്റെ ഗുരുതരാവസ്ഥ വർധിപ്പിക്കുന്നു.
വളരെ ചെറിയ അളവിലുള്ള ബാക്ടീരിയയ്ക്കുപോലും ഷിഗെല്ല രോഗമുണ്ടാക്കാൻ കഴിയും. ഇത് രോഗത്തിന്റെ ഗുരുതരാവസ്ഥ വർധിപ്പിക്കുന്നു.

ഈ രോഗം യഥാർത്ഥത്തിൽ ബാധിക്കുന്നത് വൻകുടലിനെയാണ് (Large intestine/Colon). ബാക്ടീരിയ വായിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നുവെങ്കിലും പ്രധാനമായും ആക്രമിക്കുന്നത് വൻകുടലിന്റെ ആവരണകോശങ്ങളെയാണ്. മലിനമായ വെള്ളമോ ഭക്ഷണമോ വഴിയാണ് ഷിഗെല്ല ശരീരത്തിൽ പ്രവേശിക്കുന്നത്. ആമാശയത്തിലെ അമ്ലത്തെ അതിജീവിച്ച് ചെറുകുടലിലൂടെ വൻകുടലിൽ എത്തുന്ന രോഗാണു വൻകുടലിലെ ആവരണകോശങ്ങളിൽ (mucosal cells) കയറി പെരുകുന്നു. കോശങ്ങളിൽനിന്ന് കോശങ്ങളിലേക്ക് വ്യാപിച്ച് അണുബാധ ഉണ്ടാക്കുന്നു. നീർവീക്കവും അൾസറും ഉണ്ടാക്കുന്നു. ഇതാണ് രക്തം കലർന്ന വയറിളക്കത്തിന്റെയും കടുത്ത വയറുവേദനയുടെയും കാരണം.

ഷിഗല്ലോസിസ് മിക്ക രോഗികളിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭേദമാകുമെങ്കിലും, ചിലരിൽ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം. അഞ്ച് വയസ്സിൽ താഴെയുള്ളവർ, പ്രായമായവർ, പോഷകാഹാരക്കുറവുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കാണ് അപകടസാധ്യത കൂടുതൽ.

  • 1. നിർജലീകരണം (Dehydration):

ഇതാണ് ഏറ്റവും സാധാരണമായ ഗുരുതരാവസ്ഥ. അമിതമായ വയറിളക്കവും ഛർദ്ദിയും മൂലം ശരീരത്തിൽ ജലവും ലവണങ്ങളും കുറയുന്നു. കടുത്ത ദാഹം, വായ വരളുക, മൂത്രം കുറയുക, കണ്ണുകൾ കുഴിഞ്ഞുപോകുക, ക്ഷീണം ബോധക്ഷയം എന്നിവ ഉണ്ടാവാം.

  • 2. രക്താതിസാരം:

വൻകുടലിലെ അൾസറുകളും വീക്കവും മൂലം രക്തവും കഫവും കലർന്ന മലം, കടുത്ത വയറുവേദന, വിസർജ്ജനത്തിനായുള്ള ആവർത്തിച്ചുള്ള തോന്നൽ (Tenesmus) എന്നിവ ഉണ്ടാകുന്നു.

  • 3. അപസ്മാരം:

പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഉയർന്ന പനി, ശരീരത്തിലെ ലവണങ്ങളുടെ അസന്തുലിതാവസ്ഥ എന്നിവ കാരണം അപസ്മാരത്തിന് സാദ്ധ്യത വർദ്ധിക്കുന്നു.

  • 4. എച്ച് .യു.എസ് (Hemolytic uremic syndrome):

ചില രോഗികളിൽ കാണപ്പെടുന്ന വൃക്കയുമായി ബന്ധപ്പെട്ട ഗുരുതര സങ്കീർണതയാണിത്. അടിയന്തരചികിത്സ ആവശ്യമായ അവസ്ഥയാണ് എച്ച് യു എസ്.

  • 5. രക്തത്തിലെ അണുബാധ (Septicemia):

വളരെ അപൂർവമായി ബാക്ടീരിയ, രക്തത്തിലേക്ക് കടന്ന് ശരീരമാകെ അണുബാധ ഉണ്ടാക്കാം. ഇത് പ്രധാനമായും പ്രതിരോധശേഷി കുറഞ്ഞവർ, പോഷകാഹാരക്കുറവുള്ള കുട്ടികൾ എന്നിവരിലാണ് കാണുന്നത്.

  • 6. റിയാക്ടീവ് ആർത്രൈറ്റിസ് (Reactive Arthritis):

ചില രോഗികളിൽ രോഗം മാറി ആഴ്ചകൾക്കുശേഷം മുട്ടുവേദന, കണ്ണ് രോഗം (Conjunctivitis) എന്നിവ ഉണ്ടാകാം.

  • 7. കുടൽസംബന്ധമായ പ്രശ്‌നങ്ങൾ:

അപൂർവമായി കുടലിലുണ്ടാവുന്ന അൾസർ, കുടൽ അനിയന്ത്രിതമായി വലുതായി പോകുന്ന രോഗം (Toxic megacolon), കുടലിന് ദ്വാരം വീഴുക (Perforation) പോലുള്ള ഗുരുതര പ്രശ്നങ്ങൾ.

  • 8. പോഷകാഹാരക്കുറവും വളർച്ചാ പ്രശ്നങ്ങളും:

കുട്ടികളിൽ ആവർത്തിച്ചുള്ള ഷിഗെല്ലാ രോഗബാധ ശരീരഭാരം കുറയുക, പോഷകാഹാരക്കുറവ്, വളർച്ച മന്ദഗതിയിലാകുക എന്നിവയ്ക്ക് കാരണമാകാം.

  • 9. ആന്റിബയോട്ടിക് പ്രതിരോധം:

ഷിഗെല്ലാ ബാക്ടീരിയ പല ആന്റിബയോട്ടിക്കുകൾക്കെതിരേയും പ്രതിരോധശേഷി വികസിപ്പിച്ചുവരുന്നതിനാൽ ചികിത്സ കൂടുതൽ ബുദ്ധിമുട്ടാകുന്നു. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ മാത്രം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

ചികിത്സ

തുടർച്ചയായ രക്തം കലർന്ന വയറിളക്കം, ഉയർന്ന പനി, അമിതമായ ക്ഷീണം, ബോധക്ഷയം, മൂത്രത്തിൻ്റെ അളവ് വളരെ കുറയുക, അപസ്മാരം, കടുത്ത വയറുവേദനയും വയർ വീർക്കലും എന്നിവ ഉടൻ ആശുപത്രിചികിത്സ ആവശ്യമായ ഗുരുതരാവസ്ഥകളാണ്.

  • 1. ദ്രാവകനഷ്ടം പരിഹരിക്കൽ:

ഷിഗല്ലോസിസിൽ ഏറ്റവും പ്രധാന ചികിത്സ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നത് നികത്തുക എന്നതാണ്.
ചെറിയ രോഗാവസ്ഥയിൽ ഒ.ആർ.എസ്. (ORS) ലായനി നൽകണം.
രോഗി ധാരാളം വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കണം.
ഗുരുതര നിർജലീകരണം ഉണ്ടായാൽ സിരാ ദ്രാവകങ്ങൾ (IV fluids) ആവശ്യമായിവരാം.

  • 2. പോഷകാഹാരം:

എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുക.
കുട്ടികളിൽ മുലയൂട്ടൽ തുടരുക.
രോഗം മാറുമ്പോൾ പോഷകസമൃദ്ധമായ ഭക്ഷണം നൽകണം.

  • 3. ആന്റിബയോട്ടിക് ചികിത്സ:

എല്ലാ രോഗികൾക്കും ആന്റിബയോട്ടിക് ആവശ്യമില്ല. ചില സാഹചര്യങ്ങളിൽ ഡോക്ടർ ആന്റിബയോട്ടിക് നിർദേശിച്ചേക്കാം (ഉദാ:രക്തം കലർന്ന ഗുരുതര വയറിളക്കം, ഉയർന്ന പനി, പ്രായമായവർ, ചെറിയ കുട്ടികൾ, പ്രതിരോധശേഷി കുറഞ്ഞ രോഗികൾ). ഏത് ആന്റിബയോട്ടിക് നൽകണമെന്നത് രോഗിയുടെ ആരോഗ്യനിലയും മറ്റു സാമൂഹിക- രോഗ ചികിത്സാഘടകങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കും.

  • 4. ഒഴിവാക്കേണ്ട കാര്യങ്ങൾ:

ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക് കഴിക്കരുത്. വയറിളക്കം നിർത്താൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ (ആന്റി-മോട്ടിലിറ്റി മരുന്നുകൾ) ഷിഗല്ലോസിസിൽ ദോഷകരമാകാം; നിർജലീകരണ ലക്ഷണങ്ങൾ അവഗണിക്കരുത്.

വാക്സിൻ

ഷിഗല്ലോസിസിനെതിരായി പൊതുജനങ്ങൾക്ക് വ്യാപകമായി ലഭ്യമാവുന്ന അംഗീകൃത വാക്സിൻ ലഭ്യമല്ല. അതുകൊണ്ടുതന്നെ ശുദ്ധമായ കുടിവെള്ളം, നല്ല ശുചിത്വശീലങ്ങൾ, സുരക്ഷിതമായ ഭക്ഷണം, കൈകഴുകൽ എന്നിവയാണ് രോഗപ്രതിരോധത്തിന്റെ ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ.

താരതമ്യേന അപൂർവമായ ചില രോഗങ്ങളുടെ വാസസ്ഥലമായി കേരളം മാറിയതുപോലെ ഷിഗല്ലോസിസിൻ്റേയും സ്ഥിരകേന്ദ്രമായി മാറാതിരിക്കാൻ വ്യക്തമായ കർമ്മപദ്ധതികളും, നയപരിപാടികളും ആവശ്യമാണ്.

കുറച്ച് വർഷങ്ങളായി വാക്സിൻ വികസനത്തിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന വസ്തുത ആശാവഹമാണ്. നിരവധി വാക്സിൻ സ്ഥാനാർഥികൾ (vaccine candidates) മനുഷ്യരിൽ പരീക്ഷണഘട്ടത്തിലാണ്. ചിലത് Phase I (സുരക്ഷാ പരിശോധന) പൂർത്തിയാക്കിക്കഴിഞ്ഞു. ചിലതാവട്ടെ Phase II (പ്രതിരോധശേഷി ഉണ്ടാക്കുന്നുണ്ടോ എന്ന പരിശോധന) ഘട്ടത്തിലാണ്. ചില മുൻനിര വാക്സിനുകൾ Phase IIb അല്ലെങ്കിൽ Phase III പരീക്ഷണങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

Valneva–LimmaTech വികസിപ്പിക്കുന്ന S4V2 എന്ന നാലു പ്രധാന ഷിഗെല്ലാ വകഭേദങ്ങളെ ലക്ഷ്യമിടുന്ന വാക്സിൻ, Phase II പഠനങ്ങളിലാണ്. യു.എസ്. FDA ഇതിന് ഫാസ്റ്റ് ട്രാക്ക് പദവി നൽകിയിട്ടുണ്ട്.

GSK വികസിപ്പിച്ച altSonflex1-2-3, എന്ന കാൻഡിഡേറ്റ് വാക്സിൻ വികസനവും Phase III പരീക്ഷണങ്ങളും ഇപ്പോൾ Bharat Biotech ഏറ്റെടുത്തിരിക്കുകയാണ്. ആദ്യഘട്ട പഠനങ്ങളിൽ സുരക്ഷയും നല്ല പ്രതിരോധപ്രതികരണവും കണ്ടെത്തിയിട്ടുണ്ട്.

ഷിഗെല്ലയ്ക്ക് ഒരു രൂപമല്ല, നിരവധി വകഭേദങ്ങളുണ്ട് എന്നതുകൊണ്ടാണ് വാക്സിൻ വികസനത്തിൽ ബുദ്ധിമുട്ട് നേരിടുന്നത്. ഒന്നിലധികം വകഭേദങ്ങളിൽനിന്ന് സംരക്ഷണം നൽകുന്ന multivalent vaccine വികസിപ്പിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.

ഭാവി സാധ്യത

ആന്റിബയോട്ടിക് പ്രതിരോധം വർധിക്കുന്ന സാഹചര്യത്തിൽ ഷിഗെല്ല വാക്സിൻ വികസനം ലോകാരോഗ്യരംഗത്തിന്റെ പ്രധാന മുൻഗണനകളിലൊന്നാണ്. നിലവിലുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായാൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഫലപ്രദമായ വാക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയാണ് ലോകമെമ്പാടുമുള്ള ഗവേഷകർ പങ്കുവെക്കുന്നത്.

ഷിഗെല്ലയ്ക്ക് ഒരു രൂപമല്ല, നിരവധി വകഭേദങ്ങളുണ്ട് എന്നതുകൊണ്ടാണ് വാക്സിൻ വികസനത്തിൽ ബുദ്ധിമുട്ട് നേരിടുന്നത്.
ഷിഗെല്ലയ്ക്ക് ഒരു രൂപമല്ല, നിരവധി വകഭേദങ്ങളുണ്ട് എന്നതുകൊണ്ടാണ് വാക്സിൻ വികസനത്തിൽ ബുദ്ധിമുട്ട് നേരിടുന്നത്.

താരതമ്യേന അപൂർവമായ ചില രോഗങ്ങളുടെ (അമീബിക് മസ്തിഷ്‌ക ജ്വരം, നിപ, ചിക്കുൻഗുനിയ) വാസസ്ഥലമായി കേരളം മാറിയതുപോലെ ഷിഗല്ലോസിസിൻ്റേയും സ്ഥിരകേന്ദ്രമായി മാറാതിരിക്കാൻ വ്യക്തമായ കർമ്മപദ്ധതികളും, നയപരിപാടികളും ആവശ്യമാണ്. ജലമലിനീകരണം തടയുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, വ്യക്തിശുചിത്വം, സമൂഹശുചിത്വം എന്നിവ കർശനമായി പാലിക്കുക, ഹോട്ടലുകളിലെ ഭക്ഷണം ആരോഗ്യ പ്രവർത്തകരുടെ നിരന്തരമായ പരിശോധനകൾക്ക് വിധേയമാക്കുക, പാചകക്കാരുടെ സമഗ്ര ആരോഗ്യം ഉറപ്പുവരുത്തുക, കൂട്ടായ താമസസ്ഥലങ്ങളിലെ ശുചിത്വവും പാചകവും കർശനമായി നിരീക്ഷിക്കുക, കുട്ടികളിലെ അണുബാധ യുദ്ധകാലാടിസ്ഥാനത്തിൽ വിലയിരുത്തുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക, സാമൂഹിക ബോധവൽക്കരണം ശക്തമാക്കുക, മാലിന്യ നിർമ്മാർജ്ജനം മികവുററതാക്കുക, ആശുപത്രിയിലെ കിടത്തിചികിത്സ കുററമറ്റതാക്കുക, അവശ്യ മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ അടിസ്ഥാന പ്രതിരോധ പ്രവർത്തനങ്ങൾ അനിവാര്യമാണ്.

ഒപ്പം, ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ്, ഷിഗെല്ലയുടെ ചെറിയ ഇൻഫെക്ഷ്യസ് ഡോസ് എന്നിവ കൂടി ഉൾപ്പെട്ട സമഗ്ര ആരോഗ്യ- പ്രതിരോധ കാഴ്ചപ്പാടുകൾ വികസിപ്പിക്കുന്ന മികച്ച നടപടികളും വേണം. പഴയ നിലപാടുകളും പദ്ധതികളുമല്ല, പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ പുത്തൻ സ്ട്രാറ്റജികൾ ആവശ്യമാണെന്ന ശാസ്ത്രീയബോധം ഭരണാധികാരികൾക്ക് ഉണ്ടാകേണ്ടതുണ്ട്.

Comments