കോവിഡ്- 19 ഒരു രോഗാവസ്ഥ മാത്രമാണോ?
അതിനെ നാം പ്രകൃതിയുടെ Shifting ആയി വായിക്കേണ്ടതല്ലേ?
അവനവനെത്തന്നെ, അതെ, സ്വന്തം കൈയിരിപ്പിനാൽ മനുഷ്യകുലം തോറ്റതിന്റെ കഥ കൂടിയാണിത്. അമേരിക്ക ഇക്കാര്യത്തിൽ ഒരു സ്‌പെസിമൻ തന്നെയാണ്. അവർ എങ്ങനെയാണ് ലോകത്ത് ഏറ്റവും കൂടുതൽ ജീവനാശത്തിന് കാരണമായതെന്ന് ഇഴപിരിച്ച് പഠിക്കുന്നവർക്കത് കാണാം.
സ്വന്തം യുദ്ധോപകരണങ്ങളാണ് അമേരിക്കയെ തോൽപിച്ചത്. ലോകത്തെ ആരെ വേണമെങ്കിലും വെടിവെച്ചിടുന്ന, ലോകത്ത് മുഴുവൻ തീവ്രവാദ നാടകക്കമ്പനി നടത്തുന്ന ഈ സാമ്രാജ്യത്തിന്റെ അളവിലും തൂക്കത്തിലും എത്രയോ കവിഞ്ഞ ആത്മവിശ്വാസമുള്ള അമേരിക്കയ്ക്ക് കൊറോണയെ വെടിവെച്ചിടാൻ കഴിഞ്ഞില്ല. പകരം വിനാശത്തിലേക്ക് നയിക്കുകയും ചെയ്തു. ലോകത്ത് തങ്ങളെക്കാൾ വലിയവരാരുമുണ്ടോ ഉണ്ടെങ്കിൽ വെച്ചേക്കില്ല എന്നാണവർ നോക്കിനടന്നത്. എന്നാൽ തോൽപിച്ചത് ഭൂമിയിലെ നന്നേ ചെറിയ ഇഹലോകവാസിയും! എന്തു ചെയ്യാം, നഗ്‌നനേത്രങ്ങൾക്ക്? കാണാൻ പോലും കഴിയാത്തത്ര ചെറുത് !
കൊറോണക്കാലം ഇങ്ങനെ ചെറുതിനെ വലുതാക്കുകയും വലുതിനെ ചെറുതാക്കുകയും ചെയ്തു. ഒരു കാലത്ത് അമേരിക്ക തങ്ങളുടെ ശക്തി പ്രകടനത്തിന്റെ ഭാഗമായി വിയറ്റ്‌നാമീസ് ജനതയയുടെ മൂർദ്ധാവിൽ വാരിയിട്ട ടൺ കണക്കിന് ബോംബുകളും നിരാലംബരായ മനുഷ്യനിലവിളികൾക്കും കൈയും കണക്കുമുണ്ടായിരുന്നില്ല. കോവിഡ് ബാധ നരകത്തിലാഴ്ത്തിയ അമേരിക്കയ്ക്ക് വിയറ്റ്‌നാം ജനത സഹായഹസ്തവുമായി പോയത് നാം കണ്ടു.
ഒന്നാം ലോകരാജ്യം മൂന്നാം ലോകരാജ്യമായും മൂന്നാം ലോകരാജ്യം ഒന്നാം ലോകരാജ്യമായും മാറുന്ന നാടകീയ മുഹൂർത്തവും അങ്ങനെ നാം കണ്ടു!
പെട്ടെന്ന് ഒന്നാം ലോകരാജ്യം മൂന്നാം ലോകരാജ്യമായും മൂന്നാം ലോകരാജ്യം ഒന്നാം ലോകരാജ്യമായും മാറുന്ന നാടകീയ മുഹൂർത്തവും അങ്ങനെ നാം കണ്ടു!
കേരളം പോലൊരു നന്നേ ചെറിയ സംസ്ഥാനം പോലും പേടിച്ചരണ്ട് വീടിനകത്ത് ഒളിച്ചിരുന്ന് വിറക്കുമ്പോഴും ന്യൂയോർക്കും അവിടത്തെ പടുകൂറ്റൻ എയർപോർട്ടും സജീവമായിരുന്നുവെന്ന് ഓർക്കുക. തങ്ങളെ തോൽപിക്കാനോ പരിക്കേൽപിക്കാനോ ഭുമുഖത്ത് ഒരു കൊറോണയും വളർന്നിട്ടില്ലെന്ന് വീമ്പിളക്കി നടന്ന അമേരിക്കയെ നാം മറന്നു കൂടാ. ലബ്ധ പ്രതിഷ്ഠരായ ശാസ്ത്രജ്ഞർ നൽകിയ മുന്നറിയിപ്പുകളൊക്കെ വിഡ്ഢിയും മണി/മസിൽ പവറിന്റെ പ്രവാചകനുമായ ട്രംപ് പരിഹസിച്ചു വിട്ടു. ന്യൂയോർക്കിലും തൊട്ടടുത്ത സ്റ്റേറ്റായ ന്യൂജഴ്‌സിയിലും പിന്നെ നാം കാണുന്നത് മൃതിയുടെ ഉത്സവമാണ്.
അതിസമ്പന്നരായ മനുഷ്യർ പോലും മരുന്നിനും വെന്റിലേറ്ററിനും തെരുവിലിറങ്ങി ഭിക്ഷ യാചിച്ച് നടക്കുന്ന ചിത്രം ഭയാനകമായിരുന്നു. അതിലും എത്രയോ ഭയാനകമായിരുന്നു, സമൂഹത്തിലെ അത്യുന്നതർ പോലും അജ്ഞാത മൃതദേഹമായി ന്യൂയോർക്കിനടുത്തുള്ള ഹാർട്ട് ദ്വീപിൽ (Hart Island) കൂട്ടത്തോടെ സംസ്‌ക്കരിക്കപ്പെട്ടത്. ഇതിന്റെ കണക്ക് ഒന്നോ രണ്ടോ അല്ല, ആയിരങ്ങളാണ്. 180 വർഷമായി ആരോരുമില്ലാത്തവരുടെ മാത്രമായ ആ ശ്മശാനം അങ്ങനെ എല്ലാവരുടെതുമായി.
ഉറ്റവരുടെ സാന്നിധ്യമില്ലാതെ വെറും ഒരു അക്കമായി അവരൊക്കെ മണ്ണിലേക്ക് തിരിച്ചുപോയി. ഒരു പടുകൂറ്റൻ രാഷ്ട്രത്തെ ഏതാനും മണിക്കൂറുകൾ കൊണ്ട് ദയനീയമാം വിധം ചെറുതാക്കി, കൊറോണ എന്ന സൂക്ഷ്മജീവി. ഇറ്റലിയെ രക്ഷിക്കാൻ ഓടിപ്പോയ ക്യൂബ എത്ര പെട്ടെന്നാണ് വലിയൊരു രാഷ്ട്രമായത്!
കൊറോണ മനുഷ്യരെ പഠിപ്പിച്ചത് പുതിയൊരു വലുപ്പച്ചെറുപ്പ സങ്കൽപമാണ്. അങ്ങനെ കൊറോണ ഒരു പൊളിറ്റിക്കൽ/മിസ്റ്റിക്ക് ഗുരുവായിത്തീർന്നു. അതിന്റെ പാഠങ്ങൾ അമേരിക്കക്കാർ എന്നിട്ടും ശ്രദ്ധിച്ചുവോ? സകല ലോക്ഡൗണും പൊട്ടിച്ചെറിയാൻ മാത്രം ഹുങ്കിന്റെയും അമിതമായ ആത്മവിശ്വാസത്തിന്റെയും പിടിയിലാണവരിപ്പോഴും!
ഒരു പടുകൂറ്റൻ രാഷ്ട്രത്തെ ഏതാനും മണിക്കൂറുകൾ കൊണ്ട് ദയനീയമാം വിധം ചെറുതാക്കി, കൊറോണ എന്ന സൂക്ഷ്മജീവി. ഇറ്റലിയെ രക്ഷിക്കാൻ ഓടിപ്പോയ ക്യൂബ എത്ര പെട്ടെന്നാണ് വലിയൊരു രാഷ്ട്രമായത്!
വാർത്തയ്ക്കുള്ളിലെ വാർത്തകൾ അതാണ് വ്യക്തമാക്കുന്നത്. അവരെ തെരുവിൽ നിന്ന് മാറ്റാൻ ആ രാഷ്ട്രത്തിനാവുന്നില്ല. കാരണം, അമേരിക്ക എന്നാൽ ആ ജനതയ്ക്ക് അമിതമായ ആത്മവിശ്വാസത്തിന്റെ ബലിഷ്ഠ ഭൂപടമാണ്. ചെറുതാവുന്നത് അവർക്ക് സഹിക്കാനാവില്ല. നമ്മുടെ ഉത്തരേന്ത്യൻ ബ്രാഹ്മണിക്കൽ മാടമ്പി വിചാരം പോലൊന്നാണത്. തങ്ങൾ ചെറുതാവേണ്ടവരല്ല, അധൃഷ്യതയിൽ കുറഞ്ഞതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് അവർ അടിയുറച്ച് വിശ്വസിച്ച് പോയിരിക്കുന്നു!
രണ്ട്
സത്യത്തിൽ എന്താണ് ലോകത്തിന് സംഭവിച്ചത്?
സാങ്കേതിക വിദ്യകളുടെ ആത്മവിശ്വാസങ്ങൾ എങ്ങനെയാണ് മനുഷ്യകുലത്തിനെ തിരിച്ചടിച്ചത്?
കൊറോണ ഒരു പദാർത്ഥമല്ല. ഗോചരജീവിയല്ല. സത്യത്തിൽ, ഇവിടെ കാഴ്ചകളുടെ ബലിഷ്ഠ മുദ്രാവാക്യമാണോ ലോകം അടക്കിവാണത്?
സാങ്കേതിക വിദ്യകളുടെ മാനസിക പരാശ്രിതത്വം മാത്രമാണോ ഇവിടെ ഉണ്ടായിരുന്നത്? സാങ്കേതിക ഉപകരണങ്ങളുടെ ഗർവുകൾ മാനംമുട്ടെ വളർന്നപ്പോൾ അതിൽ എത്ര ശതമാനം മാനവിക ലോകമുണ്ടായിരുന്നു?
ആഗോള ഭീമന്മാരായ ഇൻഷുറൻസ് കോർപറേറ്റുകളെക്കാൾ എത്രയോ വിലപ്പെട്ടതാണ് തന്റെ തൊട്ടടുത്ത് നിൽക്കുന്ന മനുഷ്യൻ എന്ന് സാങ്കേതിക ഉപകരണങ്ങളുടെ പ്രമത്തതയിൽ നാം മറന്നു. അധികാരഅഹന്ത അന്ധതയല്ലാതെ മറ്റൊന്നുമല്ല. അത് പൂർണമായും തമസ്‌ക്കരിച്ചുകളയുന്നത് അഹന്തയുടെ ഉടമസ്ഥനെത്തന്നെയാണ്. രാഷ്ട്രശരീരവും അങ്ങനെ തന്നെ. ഇവിടെ അമേരിക്കയെ മാത്രം കുറ്റപ്പെടുത്തുന്നതിലർത്ഥമില്ല എന്ന് വിശ്വസിച്ച് കൊണ്ടുതന്നെയാണ് ഈ കുറിപ്പ്.
ഇനി ഒരു ചോദ്യം.
യുദ്ധസമാനമായ ഈ കൊറോണ കാലത്ത് സർവ്വതും മറന്ന് ദുബായ് നൈഫ് എന്ന ഭീതിദമായ മലയാളി പ്രവാസികളുടെ നിലവിളിക്ക് കാവലിരുന്നത്, ഇതെഴുതുമ്പോഴും കാവലിരിക്കുന്നത് സന്നദ്ധ സംഘടനകളിലെ വെറും പാവപ്പെട്ട തൊഴിലാളികളുടെ കൂട്ടമാണ്
സാങ്കേതിക ഉപകരണങ്ങൾ പോലെ തന്നെ മനുഷ്യഗതിയുടെ അത്യന്താപേക്ഷിത ഘടകമാണ് മാനവിക വിഷയങ്ങളുമെന്ന് സാരവത്തായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്നിപ്പുറം നാം ചിന്തിച്ചതിന് വല്ല തെളിവുമുണ്ടോ?
കോർപറേറ്റുകളോടുള്ള ഗൂഢഭ്രമവും ലാഭവുമാണ് ഭൂമിയിലെ അത്യന്തിക സത്യമെന്ന് നാം മതം പോലെ വിശ്വസിച്ച കഥയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ.
വിവര സാങ്കേതിക വിദ്യകളുടെ ഹൈപ്പ് രൂപപ്പെടുന്നത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറമാണെന്നതും ശ്രദ്ധേയമാണ്. എന്നാൽ നമുക്കിടയിൽ ഒരു പോക്കുവെയിൽ പോലെ എത്ര ആട്ടിപ്പായിച്ചിട്ടും പോകാതെ നിൽക്കുന്ന മാനവിക ബോധത്തിന്റെ തിരിച്ചറിവുകളുടെ ഉറവിടം ഏതാണ്?
തീർച്ചയായും അത് രണ്ട് ലോകമഹായുദ്ധങ്ങളിലെ യാതനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട മാനവിക ചിന്തകളിൽ നിന്നും ചിന്തകരിൽ നിന്നും തന്നെയാണെന്ന് കാണാം. ഇത് മാനവിക യാഥാസ്ഥിതിക ബോധമാണെന്ന് ഇനിയും കുറ്റപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ അവരാരൊക്കെയാണ് എന്ന് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. സാങ്കേതിക വിദ്യയോടൊപ്പം മാനവിക വിഷയങ്ങളും തോളോട് തോൾ ചേർന്ന് സഞ്ചരിക്കണമെന്ന് ആവർത്തിച്ചാവർത്തിച്ച് ആൽബർട്ട് ഐൻസ്റ്റൈനെപ്പോലുള്ളവർ തന്റെ അവസാന നാളുകളിൽ കുറ്റബോധത്താൽ നിറഞ്ഞ കണ്ണീരോടെ വിലപിച്ചത് അത് കൊണ്ടായിരുന്നു.
യുദ്ധസമാനമായ ഈ കൊറോണ കാലത്ത് സർവ്വതും മറന്ന് ദുബായ് നൈഫ് എന്ന ഭീതിദമായ മലയാളി പ്രവാസികളുടെ നിലവിളിക്ക് കാവലിരുന്നത്, ഇതെഴുതുമ്പോഴും കാവലിരിക്കുന്നത് സന്നദ്ധ സംഘടനകളിലെ വെറും പാവപ്പെട്ട തൊഴിലാളികളുടെ കൂട്ടമാണ്. വെറും ആയിരം ദിർഹം ശമ്പളം തികച്ചു കിട്ടാത്തവർ. എയർ കണ്ടീഷനിൽ നിന്നിറങ്ങാത്ത കടലാസിന്റെ രൂപമുള്ള ബുദ്ധിജീവി വേഷക്കാരല്ല ഈ മനുഷ്യ സ്‌നേഹികൾ.
ഇതേ സമയം ഒന്നാം ലോകരാജ്യങ്ങളിൽ എന്താണ് നടക്കുന്നത്?
ഇനി രക്ഷപ്പെടില്ല എന്ന ന്യായത്താൽ, വെന്റിലേറ്ററിന്റെ അഭാവത്താൽ പ്രായമായവരെ തിരഞ്ഞുപിടിച്ച് ജീവനോടെ, അതെ, അവർ ദീനമായി നോക്കിയിരിക്കേ വെന്റിലേറ്റർ ഊരി വിടുന്നു. രാജ്യം അമേരിക്കയാണ്, ഇറ്റലിയാണ്, ഒന്നാം ലോകരാജ്യങ്ങളാണ്.
മറുവശത്ത്, ലാഭമല്ല, അതിനുമപ്പുറത്തെ സഹഭാവവും കാരുണ്യവുമാണ് ദുബായ് നൈഫിൽ കൂട്ടിരിക്കുന്നത്.
എന്തേ, അമേരിക്കയടക്കുള്ള വൻകിട സാങ്കേതിക രാജ്യങ്ങളിൽ നമ്മളാ വികാരത്തെ കണ്ടില്ല? ആരാണ് കൂടുതൽ വലിയവർ? ആരാണ് യഥാർത്ഥത്തിൽ സാങ്കേതിക വിദഗ്ദർ? കോവിഡ്- 19 പരിഹാസത്തോടെ ചോദിക്കുന്നു.
കൊറോണ ഒരു രാഷ്ട്രീയ /മിസ്റ്റിക് ഗുരുവല്ലാതെ മറ്റെന്താണ്?
മൂന്ന്
ലോകം പല രാജ്യങ്ങളായി നിൽക്കുമ്പോഴും അതിന്റെ അകലം കുറഞ്ഞു എന്ന് നമുക്കിന്നറിയാം.
ഈ അകലമെല്ലാം എന്തിനാണ് ഇത്ര ഝടുതിയിൽ നാം ഭേദിച്ചു മുന്നേറുന്നത്? ആ യാത്രകൾ ലാഭം തേടിയുള്ളവ മാത്രമാണ്. മൂലധനവും ലാഭേച്ഛയും മാത്രമാണ് ലക്ഷ്യം.
അനേകം രാജ്യങ്ങൾ ഒരു മുറിയിൽ താമസിക്കുന്ന ഒരു കൺസ്യൂമിങ്ങ് വൻകരയിലാണ് നാം അന്തിയുറങ്ങുന്നതെന്ന് കാണാം. പക്ഷേ, അവയൊക്കെ നിർജ്ജീവ വസ്തുക്കൾ മാത്രമാണ്. അവിടെ മനുഷ്യർ മാത്രമില്ല!
ഉത്തരേന്ത്യയിലെ ദലിതൻ/ മുസ്ലിം നക്കാപ്പിച്ചയ്ക്ക് വെയിൽ കൊണ്ട് പൊള്ളിയുണ്ടാക്കിയ ചോളവും പഞ്ചാബിലെ പാവപ്പെട്ട സർജാർജി ഭൂമി കിളച്ചു മറിച്ചുണ്ടാക്കിയ ഗോതമ്പും സബാൾട്ടൻ ഗോത്രപ്രവിശ്യയിലുണ്ടായ കരിമ്പിൻ പഞ്ചസാരയും സ്വീഡനിൽ നിന്ന് ഇറക്കിയ പാൽപ്പൊടിയും ചേർത്ത് ബംഗാളി ചുട്ട ഓവനിൽ വേവിച്ചെടുത്ത ബിസ്‌ക്കറ്റ് തുർക്കിയിൽ നിന്നു വന്ന സവിശേഷ ടർക്കിഷ് കോഫിയിൽ മുക്കിത്തിന്നുമ്പോൾ നമ്മൾ പറയുന്ന വർഗീയ- വംശീയ- ദേശീയ വിദ്വേഷ സംഭാഷണങ്ങളിലുള്ള ഉള്ളടക്കം ഭൂമിയിലെ ഏറ്റവും വിഡ്ഢിയായ മനുഷ്യന്റേതല്ലാതെ മറ്റാരുടെതാണ്? നമ്മളിൽ നിന്ന് മനുഷ്യരെ മറച്ചു പിടിക്കുന്നതാരാണ്? ചെറുതും വലുതുമായ ലാഭക്കൊതിയന്മാരുടെ ചെന്നായക്കൂട്ടങ്ങളല്ലാതെ മറ്റാരാണ്. ഇത്തരം മനുഷ്യർ ദൂരെ മാറിനിൽക്കൂ എന്ന് കോവിഡ് ആവശ്യപ്പെടുന്നു.
അപ്പോഴും നിരാലംബയായ ഗർഭിണിയെ പോലും യു.എ.പി.എ ചുമത്തി കൽതുറുങ്കിലടക്കാനും മടിക്കാത്ത മനുഷ്യരോട് ഇപ്പോൾ കൊറോണയെന്ന രാഷ്ട്രീയ മിസ്റ്റിക് ഗുരു പറയുന്നു. അകലം പാലിക്കൂ. ഇല്ലെങ്കിൽ അജ്ഞാത മൃതദേഹമായി എവിടെയോ ആർക്കോ നിങ്ങളെ വലിച്ചെറിയേണ്ടി വരും
അപ്പോഴും നിരാലംബയായ ഗർഭിണിയെ പോലും യു.എ.പി.എ ചുമത്തി കൽതുറുങ്കിലടക്കാനും മടിക്കാത്ത മനുഷ്യരോട് ഇപ്പോൾ കൊറോണയെന്ന രാഷ്ട്രീയ മിസ്റ്റിക് ഗുരു പറയുന്നു:
അകലം പാലിക്കൂ. ഇല്ലെങ്കിൽ അജ്ഞാത മൃതദേഹമായി എവിടെയോ ആർക്കോ നിങ്ങളെ വലിച്ചെറിയേണ്ടി വരും. നിങ്ങളുടെ അതിവേഗമിസൈലുകൾ കൊണ്ട് ഒരു സിഗരറ്റിന് തീ കൊളുത്താൻ കൂടി പറ്റില്ല. അകലം പാലിക്കൂ. തൊട്ടിടത്തോളം മതി, മനുഷ്യരേ. തെമ്മാടികളേ, ലാഭക്കൊതിയരേ, പ്രയോജനവാദികളേ, അരാഷട്രീയ വിഡ്ഢികളേ അകലം പാലിക്കൂ അകലം...
നാല്
ചൈനയിൽ നിന്ന് അത്രയേറെ അകലമൊന്നുമില്ല ഒരു രാജ്യത്തിനും. പക്ഷേ, എന്നും രഹസ്യങ്ങളുടെ ഒളിത്താവളമായി സൂക്ഷിക്കുന്ന രാജ്യത്ത് കൊറോണയെപ്പറ്റി അറിയാൻ ആ രാജ്യത്തെ നീതിമാനായ ഒരു ഡോക്ടർക്ക് ജീവത്യാഗം ചെയ്യേണ്ടി വന്നു.
എത്ര അടുത്തുണ്ടായിട്ടും അത് രഹസ്യ സൂക്ഷിപ്പിന്റെ തിന്മയിൽ ലോകത്തിന് രോഗങ്ങളും മരണവും സമ്മാനമായി കൊടുത്തയച്ചു.
വ്യാപാരത്തിൽ ഇത്രയേറെ അടുത്തും മാനവികതയിൽ ഇതര പ്രപഞ്ച സമാനമായി ദൂരെയുമായിരുന്നു ചൈന. പാതിരാത്രി ഒരു കള്ളൻ നമ്മുടെ വീട്ടിൽ നിന്ന് അയൽപക്കത്തേക്കെവിടെയോ ഓടിപ്പോകുന്നത് കണ്ടാൽ നമ്മളെന്ത് ചെയ്യും? ഉച്ചത്തിൽ വിളിച്ച് അവരെയൊക്കെ ഉണർത്തും .
അതെന്ത് കൊണ്ടാണ്?
ഒരു ഉത്തരമേയുള്ളൂ...മാനവിക വികാരത്താൽ.
ചൈനയെന്തേ മിണ്ടിയില്ല? വ്യാപാര നഷ്ടം വരുമെന്നോർത്ത്. ലാഭം ഇല്ലാതായിപ്പോകുമോ എന്നോർത്ത്. ഉപരോധം വരുമെന്നോർത്ത്.
ലാഭത്തെ മാത്രം ദൈവമായി പോറ്റുന്ന ഒരു പൈശാചിക ഭവനമായി ലോകം മാറുന്നു. മനുഷ്യർ ജീവിച്ചിരുന്നിട്ട് വേണ്ടേ ലാഭം? വംശീയ- വർഗ്ഗീയ വിഷവ്യാപാരം? അതുപോലും മറന്നു പടുവിഡ്ഢികൾ.
ലാഭത്തെ ദൈവമായി വാഴിക്കുന്നിടത്ത് മനുഷ്യന് വലിയ പ്രസക്തിയില്ല. മാനവിക ചിന്തകൾ അവിടെ സർക്കസിലെ കോമാളി മാത്രമാവും. ശാസ്ത്രപടുവായ റൂസ്വെൽറ്റിനുപകരം പാമരപ്രഭുവായ ഒരു ഭരണാധിപൻ നാട് ഭരിക്കും. മാർക്‌സിനെ വിഴുങ്ങി റഷ്യ പോലൊരിടത്ത് ആജന്മ പ്രസിഡണ്ട് എന്ന് പേരിട്ട് ചക്രവർത്തി വാഴും. (ആജന്മ പ്രസിഡണ്ട്, സെക്രട്ടറി, പ്രധാനമന്തി, ചെയർമാൻ ഇവരൊക്കെ രാജാക്കന്മാരല്ലാതെ മറ്റാരാണ്? പണ്ഡിതനായ ഒരു പ്രധാനമന്ത്രിക്ക് പകരം സർട്ടിഫിക്കറ്റുകൾ കാണിക്കാനാവാത്ത ഒരാൾ പ്രധാനമന്ത്രിയായി വരും. നിരാഹാര സത്യഗ്രഹം കിടന്ന ഒരു ഗായിക തിരിഞ്ഞു നോക്കാത്ത തെമ്മാടിയായ ഭരണാധികാരിയാൽ നോക്കിയിരിക്കേ മരിച്ചു പോകും. കുടിയേറ്റക്കാർ അന്യരാജ്യത്തെ മനുഷ്യമാലിന്യമാണെന്ന് വിളിച്ചു പറയുന്ന നിഷ്ഠുരനായിരിക്കും മറ്റൊരു ഭരണാധിപൻ). ഇങ്ങനെ എണ്ണിപ്പറഞ്ഞാൽ തീരുന്നതല്ല ലോക കാലാവസ്ഥ. തെമ്മാടികളും അറിവിനെ ലവലേശം ബഹുമാനിക്കാത്തവരുമായ ഭരണാധിപരാൽ ലോകം നിറഞ്ഞിരിക്കുന്നു.
ലാഭത്തെ മാത്രം ദൈവമായി പോറ്റുന്ന ഒരു പൈശാചിക ഭവനമായി ലോകം മാറുന്നു. മനുഷ്യർ ജീവിച്ചിരുന്നിട്ട് വേണ്ടേ ലാഭം? വംശീയ- വർഗ്ഗീയ വിഷവ്യാപാരം? അതുപോലും മറന്നു പടുവിഡ്ഢികൾ
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും, ലാഭം എന്ന ദൈവം മാത്രം ആരാധിക്കപ്പെടുമ്പോൾ, നമ്മുടെ പ്രതികരണത്തിന്റെ മാനവിക കാഴ്ചകൾ അടഞ്ഞുപോകുമ്പോൾ നോക്കിയാൽ ഒരിക്കലും കാണാത്ത ഒരു മിസ്റ്റിക് രാഷ്ട്രീയ ഗുരുവിന് വന്നെത്തേണ്ടി വരില്ലേ?
വരും. ചിലത് പഠിപ്പിച്ച് പോകേണ്ടി വരും. പ്രകൃതിയുടെ പ്രതിനിധിയാണയാൾ. പക്ഷേ പ്രകൃതിക്ക് ഒരു ദൗർബല്യമുണ്ട്. അതിന്റെ സ്ഥലകാല സങ്കൽപങ്ങൾ മനുഷ്യബുദ്ധിക്ക് കണ്ടെത്താനാവാത്ത വിധം വിശാലമാണ്. അതുകൊണ്ട് അതിന് വ്യക്തിയെ അറിഞ്ഞുകൂടാ. അതിന് ഒന്ന് എന്ന് എണ്ണാനറിഞ്ഞു കൂടാ.!
ലോകത്തിന്റെ നിലവിളിയ്ക്ക് ഒരേസ്വരം വരുന്നത് മനുഷ്യ ചരിത്രത്തിൽ ഇതാദ്യമാണ്. അത് നിലവിളിയാലും അരക്ഷിതബോധത്താലും രാജ്യദേശങ്ങളടെ അതിരുകൾക്ക് ഒരു ചവിട്ട് കൊടുത്തിരിക്കുന്നു.
പുതിയ വ്യാഖ്യാനങ്ങൾ, പുതിയ ജീവിതശൈലി, പുതിയ സമീപനം അത് മനുഷ്യകുലത്തോട് ആവശ്യപ്പെടുന്നു. അത് നാം ദുഷിപ്പിച്ച വായുവിനെ ഒരു തൂപ്പുകാരനെപ്പോലെ വൃത്തിയാക്കുന്നു. ഓസോൺ പാളികൾ അടയുന്നു. കി.മീറ്ററുകൾക്കിപ്പുറത്ത് വായുമാലിന്യത്താൽ മൂടിപ്പോയ ഹിമാലയത്തെ നാം പതിറ്റാണ്ടുകൾക്ക് ശേഷം കാണുന്നു. പ്ലാസ്റ്റിക് മാലിന്യം വിഴുങ്ങി ചത്തൊടുങ്ങുന്ന തിമിംഗലങ്ങൾ ഇല്ലാതാവുന്നു. ഭൂമിയുടെ ആന്തരിക പാളികൾക്ക് ആരോഗ്യം വർധിക്കുന്നു. പുഴകളെ, സമുദ്രങ്ങളെ, പർവതങ്ങളെ, ആകാശങ്ങളെ വൃത്തിയാക്കി വെക്കുന്ന ഈ കാഴ്ചകൾ ഒരൽപം ചിന്താശേഷിയുള്ള മനുഷ്യരൊക്കെ വിസ്മയത്തോടെ കാണുന്നു.
വായു, വെള്ളം, ഭക്ഷണം, ചികിത്സ ഇവ ആഗോളതലത്തിൽ ദേശസാൽക്കരിച്ച് ലാഭവിമുക്തമാക്കാൻ മനുഷ്യകുലത്തോട് കൊറോണ പറയുന്നുണ്ട്. ലാഭത്തിനു വേണ്ടിയല്ലാതെയും ജീവിച്ചിരിക്കാൻ അത് ആവശ്യപ്പെടുന്നു. അതിഭോഗത്തിൽ നിന്ന് പിന്തിരിയാൻ പറയുന്നു. പ്രകൃതിയിൽ സമ്പൂർണതയ്‌ക്കോ അതിഭോഗങ്ങൾക്കോ സ്ഥലമില്ല എന്ന താക്കീത് ആവർത്തിക്കുന്നു.
നാം കേൾക്കുമോ? നവ മുതലാളിത്തത്തിന് അതിന് ഭാഗ്യമുണ്ടോ?
ആദ്യം ക്രിസ്തു വരും. പിന്നെ അന്തിക്രിസ്തു. അതിജീവിക്കാനാവാത്ത
പുതിയ മ്യൂട്ടേഷൻ വേഗം മനുഷ്യപ്രതിസന്ധിയുടെ ദാരുണാന്ത്യം തീർത്തുകൂടെന്നില്ല എന്ന് ശാസ്ത്രജ്ഞർ നിസ്സഹായസ്വരത്തിൽ പറയുന്നു.
ഇത് ഒരു ഫിക്ഷനെഴുത്തുകാരന്റെ ശാസ്ത്രബോധമില്ലാത്ത കാടുകയറ്റമാവാം.
പക്ഷേ, നമ്മൾ ഇപ്പോൾ കാണുന്ന അപകടകരമായ കാഴ്ച ഇതാണ്: ലാഭത്തിന്റെ ഉന്മാദത്താൽ സ്വയം കെണിയിൽ, മുതലാളിത്തം കൊറോണയെ നിസ്സാരവൽക്കരിച്ച് പാവപ്പെട്ടവനെ സാധാരണ ജീവിതത്തിലേക്ക് പോകാൻ നിർബന്ധിക്കുന്നു. ഇത് അങ്ങേയറ്റം ഭീതിദമാണ്.
അടുത്ത മ്യൂട്ടേഷൻ വരെയുള്ള ജാമ്യത്തിന്റെ വാക്‌സിനുമായി ശാസ്ത്രജ്ഞർ മാസങ്ങൾക്കകം വന്നേക്കാം.
രാഷ്ട്രീയ/മിസ്റ്റിക് കൊറോണഗുരു മനുഷ്യബുദ്ധിയ്ക്ക് ഒരു വെക്കേഷൻ കാലാവധി തന്നേക്കാം.
ലാഭാർത്തിയുടെ ഉന്മാദങ്ങളെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിൽത്തന്നെയാവും ലോകത്തെമ്പാടുമുള്ള മനുഷ്യകുലത്തിന്റെ നിലനിൽപ്.
നവ മുതലാളിത്തവും കോർപറേറ്റ് ഫാസിസവും മനുഷ്യസഞ്ചയങ്ങളെ ഉരഗങ്ങളാക്കിത്തീർക്കാതിരിക്കട്ടെ. ഒന്നും സംഭവിച്ചിട്ടില്ല. ഷട്ട് ഡൗൺ കഴിഞ്ഞ്? ഫാക്ടറിയിൽ കയറൂ, നഗരവാരിധിയിൽ നിറയൂ എന്ന് അത് വളരെ അയുക്തികമായി നിരന്തരം ബലം പ്രയോഗിക്കുകയോ കൃത്രിമമായ ഇടവേളകൾ സൃഷ്ടിക്കുകയോ ചെയ്‌തേക്കാം. അടുത്ത മ്യൂട്ടേഷൻ വരെയുള്ള ജാമ്യത്തിന്റെ വാക്‌സിനുമായി ശാസ്ത്രജ്ഞർ മാസങ്ങൾക്കകം വന്നേക്കാം.
രാഷ്ട്രീയ/മിസ്റ്റിക് കൊറോണഗുരു മനുഷ്യബുദ്ധിയ്ക്ക് ഒരു വെക്കേഷൻ കാലാവധി തന്നേക്കാം.