നാം തന്നെ റദ്ദ് ചെയ്ത നമ്മുടെ ഹസ്തദാനങ്ങൾ

കോവിഡ് മൂലം തൊഴിൽരഹിതരായിപ്പോയ ദരിദ്രർ ഭിക്ഷാടനത്തിനിറങ്ങുന്ന കാഴ്ച യു.എസിൽ സാധാരണമായിക്കൊണ്ടിരിക്കുന്നു. അമേരിക്ക ഇപ്പോഴും ദരിദ്രരാഷ്ട്രമല്ല; അതിസമ്പന്ന രാഷ്ട്രവുമാണ്. അഞ്ചും പത്തും തലമുറകൾ കഴിയാനുള്ള സമ്പത്ത് ഒരു വലിയ വിഭാഗത്തിന്റെ കൈയിൽ ഇപ്പോഴുമുണ്ട്. ദരിദ്ര ഇന്ത്യയിലും ഏറെക്കുറേ ഇതുതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു

നിക്കേറ്റവും ആദരവും സ്നേഹവും ഉള്ള അമേരിക്കൻ സുഹൃത്തിനോട് ഇന്നലെ രാത്രി ഫോണിൽ സംസാരിക്കവേ, യു.എസിലെ കോവിഡ്​ വിശേഷങ്ങൾ ചോദിച്ചറിയവേ, അദ്ദേഹം മനഃപ്രയാസത്തോടെ പറഞ്ഞ
ഒരു കാര്യം ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. കോവിഡ് മൂലം തൊഴിൽരഹിതരായിപ്പോയ ദരിദ്രർ ഭിക്ഷാടനത്തിനിറങ്ങുന്ന കാഴ്ച യു.എസിൽ സാധാരണമായിക്കൊണ്ടിരിക്കുന്നു എന്ന വാർത്തയാണത്. സർക്കാർ നൽകുന്ന നക്കാപ്പിച്ച കൊണ്ട് രണ്ട് മാസത്തെ വാടക മാത്രം അടയ്ക്കാം. അമേരിക്ക ഇപ്പോഴും ദരിദ്രരാഷ്ട്രമല്ല; അതിസമ്പന്ന രാഷ്ട്രവുമാണ്. അഞ്ചും പത്തും തലമുറകൾ കഴിയാനുള്ള സമ്പത്ത് ഒരു വലിയ വിഭാഗത്തിന്റെ കൈയിൽ ഇപ്പോഴുമുണ്ട്.
പക്ഷേ ദരിദ്ര ഇന്ത്യയിലും ഏറെക്കുറേ ഇതുതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇടത്തരക്കാർ (Middleclass) കുറഞ്ഞുവന്ന് കാഴ്ചയിൽ നിന്നും​ നിർണായകത്വത്തിൽ നിന്നും ദിനേന തിരോഭവിച്ചുകൊണ്ടിരിക്കുന്നു. വൻകിടക്കാരാവട്ടെ (High Class) വീർത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഏത് ദുരന്ത /ക്ഷാമ കാലത്തും അവർക്ക് നമ്മുടെതെന്ന പോലെ ബെല്ലി ഡാൻസ് ഉണ്ട്. ഇവിടെ, ആലിലവയർ കൊണ്ടുള്ള ആ ഉന്മാദ നൃത്തത്തിന്റെ, ആഘോഷത്തി​ന്റെ വിദൂര സ്ഥലികളിൽ വിശപ്പിന്റെ മരണങ്ങൾ ഒരു വാർത്തയല്ലെന്ന് ഉത്തരേന്ത്യയിൽ നിന്നുള്ള സുഹൃത്തുക്കൾ അറിയിക്കുന്നു. ഇനിയും പാളങ്ങളുടെ ഓരം ചേർന്ന് ചെരിപ്പില്ലാത്ത കാലുമായി നടന്നകലുന്നു.
പമ്പിൽ നിന്ന് നാം പെട്രോളടിക്കുമ്പോൾ ആ പൈപ്പിന്റെ അറ്റത്ത് ഒരു ദേശീയകൊതുക്‌ വന്ന് ചോരയൂറ്റുകയും മതം, ജാതി, വംശം, അപര വെറുപ്പി​ന്റെ ദുഷ്ടോൽബോധനങ്ങൾ എന്നീ സാംക്രമിക രോഗങ്ങൾ പൗരന് പകരം കൊടുക്കുകയും ചെയ്യുന്നു.

മനുഷ്യർ ശ്വാസം മുട്ടി മരിക്കുന്നിടത്ത്‌ ഒരു വംശീയാക്ഷേപം ഉണ്ടാകും

കോവിഡിനുമു​​ൻപേ ഇന്ത്യയിൽ ഇതാരംഭിച്ചിരുന്നു. കോവിഡ്​ അത് പെരുക്കിക്കൊണ്ടിരിക്കുന്നു എന്നു മാത്രം! കോവിഡിന്റെ മറവിൽ ഭരണാധിപന്മാർ മനുഷ്യാവകാശ ലംഘനങ്ങളും കുറ്റകൃത്യങ്ങളും നടത്തുന്ന അനവധി ചാപ്റ്ററുകളായി കിടക്കുന്നു. അതിൽ ഏറ്റവും വലിയ കുറ്റകൃത്യം പൗരത്വ ബില്ലിനെ എതിർത്തവരോടുള്ള അതിക്രൂര പ്രതികാര നടപടികൾ തന്നെ.
ആരാണ് തടയേണ്ടത്? ഞാനും നിങ്ങളുമടങ്ങുന്ന കോടിക്കണക്കിന് മസ്തിഷ്ക്ക അടിമകളോ?

കോഴിക്കോട് നഗരത്തിൽ മാൻഹോളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ അന്തർ സംസ്​ഥാന തൊഴിലാളികൾക്ക് യാതൊരു തൊഴിൽ സുരക്ഷിതത്വവുമുണ്ടായിരുന്നില്ല.

കോവിഡിന്റെ മറവിൽ ഭരണാധിപന്മാർ മനുഷ്യാവകാശ ലംഘനങ്ങളും കുറ്റകൃത്യങ്ങളും നടത്തുന്ന അനവധി ചാപ്റ്ററുകളായി കിടക്കുന്നു.

2015 നവംബർ 23ന് കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവർ നൗഷാദ്, താനും കൊല്ലപ്പെട്ടേക്കാം എന്നറിഞ്ഞിട്ടും ശ്വാസം മുട്ടി മരിക്കാറായ തൊഴിലാളികൾക്ക് നീട്ടിക്കൊടുത്ത ആ കൈകൾക്ക്‌ പേരുണ്ടായിരുന്നില്ല, മാൻഹോളിൽ ശ്വാസം മുട്ടി മരിക്കും വരെ മനുഷ്യനേ ഉണ്ടായിരുന്നുള്ളൂ. ഒരു മതവുമുണ്ടായിരുന്നില്ല.

നൗഷാദ്

മരിച്ചു കഴിഞ്ഞപ്പോൾ സർക്കാർ നിരാലംബ കുടുംബത്തിന്​ ധനസഹായം പ്രഖ്യാപിച്ചപ്പോഴേക്കും ചുടുമരുഭൂമിയിൽ മഴ പെയ്യുമ്പോഴെന്ന പോലെ വിഷപ്പാമ്പുകൾ പുറത്തിറങ്ങുകയായി. മുസ്​ലിമായത് കൊണ്ടാണ് ധനസഹായം ചെയ്തതെന്നും കേരളത്തിൽ മരിക്കുന്നുവെങ്കിൽ മുസ്​ലിമായി മരിക്കണമെന്നും പറഞ്ഞത് വെള്ളാപ്പള്ളി നടേശനാണ്. പണ്ടൊക്കെ കവികളാണ് മറക്കാനാവാത്ത വാക്കുകൾ സൃഷ്ടിച്ചിരുന്നത്. ഇപ്പോൾ ഇത്തരക്കാരാണ്.
ന്യൂയോർക്കിലായാലും കോഴിക്കോട്ടായാലും പാവം മനുഷ്യർ ശ്വാസം മുട്ടി മരിക്കുന്നിടത്ത്‌ ഒരു വംശീയാക്ഷേപം ഉണ്ടാകും. ഇത് യാദൃച്ഛികമല്ല. കക്കുന്ന കൈകൾ, കൊല്ലുന്ന കൈകൾ, കള്ള ഒപ്പിടുന്ന കൈകൾ. ബിനാമി ബിസിനസ്സിലേക്ക് ശതകോടികൾ ഇറക്കിക്കളിക്കുന്ന കൈകൾ.
എല്ലാം വിശ്വസിച്ചിറങ്ങുന്ന സ്വന്തം സമുദായത്തിലെ കൂട്ടുകാരന് സ്നേഹപൂർവ്വം കൊലക്കുരുക്ക് ഒരുക്കുന്ന കൈകൾ - എല്ലാറ്റിനെയും പ്രതിരോധിക്കാൻ സമുദായ സ്നേഹമെന്ന കൃത്രിമ ഗ്ലൗസും!
മാൻഹോൾ സംഭവം കഴിഞ്ഞും മതേതര സമ്മേളനങ്ങളിൽ വെളളാപ്പള്ളിയും ഇതരസമുദായ നേതാക്കളും എത്ര മനോഹരമായി ചിരിച്ച് ഗാഢമായി ഹസ്തദാനം ചെയ്യുന്നത് നാം കണ്ടു. ഇത് ഒരു മത /സമുദായ നേതാവിന്റെ മാത്രം കൈയല്ല. മിക്കവയിലും അനാദികാല ക്രൈമിന്റെ രക്തഗന്ധം പുരണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ കൈപ്പത്തികൾ. എല്ലാ കുറ്റകൃത്യവും കഴിഞ്ഞ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കക്ഷിരാഷ്ട്രീയ അധോമണ്ഡലത്തിലെ വോട്ട് ബാങ്ക് ബങ്കറുകളിൽ പോയൊളിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

ഇച്ഛാശക്തിയുള്ള രാഷ്ട്രീയ മനുഷ്യരുടെ ഭരണകൂടം ഉണ്ടാകുമോ?

നമ്മുടെ കൈപ്പത്തികളിലാണ് കൊറോണ മുഖ്യമായും പിടിമുറുക്കിയിരിക്കുന്നത്. അത്ര യാദൃച്ഛികമാണോ ഇത്? ദയാദാക്ഷിണ്യമില്ലാത്ത കൈകളിൽ, അരുതെന്ന് വിലക്കാൻ മടിച്ചിരുന്ന കൈകളിൽ.
ഇടത്തരക്കാരന്റെ പണം കൊള്ളയടിക്കപ്പെടുന്നത് അവർ പോലും അറിയുന്നില്ല. ഇരകൾക്ക് ജാതിയും മതവുമില്ല എന്നതും ഇതേ വരെ മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കാൻ കൂട്ടാക്കാത്ത സാമൂഹ്യ മനോരാഗങ്ങൾ വർധിച്ചിരിക്കുന്നു.

നമ്മുടെ കൈപ്പത്തികളിലാണ് കൊറോണ മുഖ്യമായും പിടിമുറുക്കിയിരിക്കുന്നത്. അത്ര യാദൃച്ഛികമാണോ ഇത്? ദയാദാക്ഷിണ്യമില്ലാത്ത കൈകളിൽ, അരുതെന്ന് വിലക്കാൻ മടിച്ചിരുന്ന കൈകളിൽ

നമുക്കീ രാഷ്ട്രീയത്തിലൊന്നും താല്പര്യമില്ല എന്ന് പറയുന്നവർക്ക് കക്ഷിരാഷ്ട്രീയത്തിൽ നിന്ന് മാറിനില്ക്കാൻ കഴിഞ്ഞാലും രാഷ്ട്രീയ ബോധത്തിൽ നിന്ന് മാറിനില്ക്കാനാവില്ല എന്ന യാഥാർത്ഥ്യം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, മനുഷ്യൻ ഒരു സാമ്പത്തിക ശാസ്ത്ര ജീവിയാണ് - ഭൂമിയിൽ മനുഷ്യനൊഴിച്ചുള്ള എല്ലാ ജീവജാലങ്ങളും അന്നന്നേക്കുള്ളതിനേ സംഭരിക്കുന്നുള്ളൂ. അവയ്ക്ക് രാഷ്ട്രീയവബോധം ആവശ്യമില്ല, സഹജാവബോധം മാത്രം മതി.
ആവശ്യത്തിലേറെ സമ്പത്ത് കുന്നുകൂട്ടുന്നവർ, പൊതുജനമധ്യത്തിൽ എത്ര ചിരിച്ചു കാണിച്ചാലും അയാൾ ഒരു സാമൂഹ്യ വിരുദ്ധനാണ്. അയാൾ ആരുടെയും ആദരവ് അർഹിക്കുന്നില്ല. ഇത്തരമൊരു ഷാർപ് ഫോക്കസിൽ എത്താൻ മനുഷ്യകുലം ഇനിയും എത്ര കാലം താണ്ടണം. പക്ഷേ, താണ്ടേണ്ട ദൂരങ്ങൾ വീണ്ടും അരാഷ്ട്രീയതയുടെ അകലങ്ങളിലേക്ക് വഴുതിപ്പോകുന്നത് നാം കാണുന്നു.
രണ്ടോ മൂന്നോ തലമുറയ്ക്കപ്പുറമാവുമ്പോഴേക്കും പുതിയ പ്ലാനറ്റുകൾ അന്വേഷിച്ച് പോകേണ്ടി വരുമെന്ന് സ്റ്റീഫൻ ഹോക്കിങ്ങിനെപ്പോലുള്ളവർ പ്രവചിച്ചിട്ടുണ്ട്. അതിന്റെസാരമെന്താണ്? ഉത്തരം ലളിതമാണ്. നാം അധിവസിക്കുന്ന ഭൂമിക്ക് അധികകാലം ആയുസ്സില്ലെന്നത് തന്നെ.

സ്റ്റീഫൻ ഹോക്കിംഗ്

എന്നിട്ടും അമേരിക്കയിലായാലും ഇന്ത്യയിലായാലും പാവങ്ങളെപറ്റിച്ചും പരോക്ഷ മോഷണത്തിലേർപ്പെട്ടും യുദ്ധോപകരണ വില്പനയുണ്ടാക്കാൻ മതതീവ്ര നാടകക്കമ്പനികൾ സംഘടിപ്പിച്ചും സാധാരണക്കാരെ മതമയക്ക് മരുന്നുകൊടുത്ത് മയക്കിയും സമ്പത്ത് കുന്നുകൂട്ടുന്ന ചെറുതും വലുതുമായ തുരപ്പൻ എലികൾക്ക് മാറ്റമില്ല.
കോവിഡ് കാലം ഇനിയും രൂക്ഷമായി മാസങ്ങൾ അനവധി മുന്നോട്ട് പോയാൽ തീർച്ചയായും മനുഷ്യഅതിജീവനം അരാജകത്വത്തെ ക്ഷണിച്ച് വരുത്തുന്ന വിധം അതീവ ഗുരുതരമാകും . അങ്ങനെ സംഭവിക്കാതിരിക്കട്ടെ. നാം പഴയ സ്ഥിതിയിലേക്ക് മടങ്ങി വരുന്ന കാലം വൈകാതെ പുതിയ രാഷ്ട്രീയ പാഠങ്ങളോടൊപ്പം ഉണ്ടാവട്ടെ.
അതല്ല സംഭവിക്കുന്നതെങ്കിൽ നമുക്ക് മുന്നിൽ മറ്റെന്താണ് നടക്കുക. ഭിക്ഷാടനത്തിനു പകരം പൂഴ്ത്തിവെച്ച പണത്തിൽ നിന്ന്​ പകുതിയെങ്കിലും പുറത്തേക്കെടുക്കാൻ നാം ഭരണകൂടത്തെ പ്രേരിപ്പിക്കുമോ?
അതോ, മത- രാഷ്ട്രീയ മയക്കുമരുന്നുകളിൽ കുറെക്കൂടി അഭിരമിച്ചില്ലാതാവുമോ? ഇങ്ങനെയൊരു സാമ്പത്തിക ക്വാറന്റൈൻ തന്നെയാവും ഏകമാർഗ്ഗം . വ്യക്തിയാലും പ്രസ്ഥാനങ്ങളാലും പൂഴ്ത്തിവെക്കപ്പെട്ട പണവും സ്വർണ ശേഖരങ്ങളും പകുതിയെങ്കിലും പുറത്ത് കൊണ്ടുവരാനുള്ള ബലപ്രയോഗത്തിൽ നമുക്ക് ഏർപ്പെടേണ്ടി വരും. അതിനുള്ള ഇച്ഛാശക്തിയുള്ള രാഷ്ട്രീയ മനുഷ്യരുടെ ഭരണകൂടം ഉണ്ടാകുമോ?

കുട്ടികൾ ഓൺലൈനിൽ പഠിക്കുന്നു, മുതിർന്നവർ ഒന്നും പഠിക്കുന്നില്ല

ആത്മീയ കേന്ദ്രങ്ങളായാലും കക്ഷിരാഷ്ട്രീയ പാർട്ടികളായാലും കോവിഡ്, സർവകാല റെക്കോർഡ്​ ഭേദിച്ച് സർവതും നശിപ്പിക്കുന്നതിന് മുമ്പ്, മനുഷ്യാതിജീവനത്തിന് ഇറങ്ങിത്തിരിക്കാതിരിക്കില്ല എന്നാണ് ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ എന്റെ പ്രത്യാശ. മനുഷ്യനിൽ നമുക്ക് വിശ്വസിക്കാം.
ഈ കുറിപ്പുകാരൻ മുമ്പ് എഴുതിയത് പോലെ, സൂക്ഷിച്ച് നോക്കും തോറും കൊറോണ ഒരു മിസ്റ്റിക് / സാമൂഹ്യ പരിഷ്ക്കർത്താവാണെന്ന് തെളിയുന്നു. അത് കണ്ണാടി പ്രതിഷ്ഠയാണ്. നമ്മിലേക്ക്‌ തിരിച്ചു വെച്ച കണ്ണാടി.

കാണുമ്പോൾ ഹൃദയപൂർവ്വം എന്നഭിനയിച്ച് അങ്ങനെ നാം ഇതുവരെ നൽകിപ്പോന്ന എല്ലാ ഹസ്തദാനത്തെയും അത് റദ്ദ് ചെയ്തിരിക്കുന്നു

നാം ഹൃദയത്തിൽ ഒളിപ്പിച്ച മാസ്ക്കിനെ അത് ആ കണ്ണാടിയിൽ കാണിച്ചുതരുന്നു.
അപരൻ ആവിഷ്ക്കരിച്ച് പോകാതിരിക്കാൻ നമ്മൾ അവന്/അവൾക്കിട്ട മാസ്ക്കാണരുതെന്ന് അത് പറയുന്നു. ഇത്രയേറെ മുഖാമുഖം കണ്ടിട്ടും അപരന്റെ വേദനയും സംഘർഷവും മനസ്സിലാവാതെ പോയ മുഖങ്ങൾ ഇനി മാസ്ക്കിട്ട നിലയിൽ തിരിച്ചറിയപ്പെടാതിരിക്കട്ടെ എന്ന് അത് ശഠിക്കുന്നു. ഇനിയങ്ങോട്ട് ഇതുവരെ കണ്ടിടത്തോളം മതിയെന്ന് നമ്മുടെ ഹൃദയത്തെ അത് പരിഹസിക്കുന്നു.
നാം പലതിലും തൊട്ടു. വേദപുസ്തകങ്ങളെ തൊട്ടു, രാഷ്ട്രീയത്തിൽ തൊട്ടു, സംസ്കാര പഠനത്തിൽ, സാഹിത്യത്തിൽ, ഭാഷയിൽ, കലയിൽ, വൈദ്യത്തിൽ, പത്രപ്രവർത്തനത്തിൽ, നീതിനിർവഹണ സംവിധാനത്തിൽ...അങ്ങനെ പലതിലും. പക്ഷേ ,അപരന്റെ ഹൃദയത്തിൽ മാത്രം തൊട്ടില്ല; തൊടാൻ തൊടുന്ന സാമൂഹ്യ ദൗർബല്യത്തിനതിരെ പ്രതീകാത്മകമായി നിങ്ങൾ സാനിറ്റൈസർ ഉപയോഗിക്കൂ - കോവിഡ് ഇവ്വിധം പറയുന്നുണ്ട്. മനുഷ്യരൊഴിച്ച് മറ്റൊരു ജീവിയും ഇത് ചെയ്യാത്തതിനാൽ അവരെ ബോധപൂർവ്വം മാറ്റിവെച്ചു.
വീണ്ടും വീണ്ടും അഴുക്കാവുന്ന മനുഷ്യകുലം കൈകഴുകാൻ വിധിക്കപ്പെട്ടിരിക്കുന്നു. കുറ്റബോധത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട മനോരോഗമാണതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ സ്വന്തം കൈകൾ വിശുദ്ധമാണോ എന്ന് അത് ചോദിക്കുന്നു. കാണുമ്പോൾ ഹൃദയപൂർവ്വം എന്നഭിനയിച്ച് അങ്ങനെ നാം ഇതുവരെ നൽകിപ്പോന്ന എല്ലാ ഹസ്തദാനത്തെയും അത് റദ്ദ് ചെയ്തിരിക്കുന്നു.
കുട്ടികൾ ഓൺലൈനിൽ പഠിക്കുന്ന ഈ കോവിഡ് കാലത്ത് മുതിർന്നവർ ഒന്നും പഠിക്കാതെ നോക്കിനിൽക്കുകയാണ്.

Comments