സ്വകാര്യ മേഖലക്ക് നൽകിയ കോവിഡ്​ വാക്‌സിന്റെ 50 ശതമാനം എത്തിയത്​ ഒമ്പത് ആശുപത്രികളിൽ!

ഉദാരവൽകൃത വാക്‌സിൻ നയം പ്രാബല്യത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ, സ്വകാര്യ മേഖലക്ക് വിതരണം ചെയ്ത വാക്‌സിനുകളുടെ 50 ശതമാനവും കേവലം ഒമ്പത് ആശുപത്രികളിലേക്കാണ് എത്തിയത്.

Think

കേരളം ഉൾപ്പടെയുള്ള ബി.ജെ.പിയിതര സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സമർദവും ജുഡീഷ്യൽ സ്‌ക്രൂട്ടിനിയും മുൻനിർത്തിയാണ് കേന്ദ്രസർക്കാർ തങ്ങളുടെ "ഉദാരവൽകൃത വാക്‌സിൻ നയം' പുനഃപരിശോധിക്കാൻ തയാറായത്. ഇതോടെ സ്വകാര്യ വാക്‌സിൻ നിർമാതാക്കളിൽ നിന്ന് വാക്‌സിൻ നേരിട്ടു വാങ്ങേണ്ട അധിക ബാധ്യത സംസ്ഥാനങ്ങൾക്കില്ലാതായി.

നിർമാതാക്കളിൽ നിന്ന് 50 ശതമാനം വാക്‌സിൻ നേരിട്ട് സംഭരിച്ച് 45 വയസ്സിന് മുകളിലുള്ളവർക്കും, മുൻനിര പ്രവർത്തകർക്കും മാത്രം സൗജന്യമായി നൽകും എന്ന നിലപാടിൽ നിന്ന് മാറി, 75 ശതമാനം വാക്‌സിനും കേന്ദ്രം നേരിട്ട് വാങ്ങി 18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി നൽകും എന്ന് തീരുമാനിക്കുകയായിരുന്നു.

മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ഉദാരവൽകൃത കേന്ദ്ര വാക്‌സിൻ നയം വാക്‌സിൻ നിർമ്മാതാക്കളുടെ ലാഭത്തിന് മുൻതൂക്കം നൽകി രൂപപ്പെടുത്തിയതാണെന്ന് പ്രത്യക്ഷത്തിൽ മനസ്സിലാക്കാമെങ്കിലും, സംസ്ഥാന സർക്കാറുകളുടെ ആവശ്യപ്രകാരമാണ് പ്രസ്തുത നയം രൂപീകരിച്ചതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

വാക്‌സിൻ വിതരണത്തിന്റെ കാര്യത്തിൽ സ്വതന്ത്രാഭിപ്രായം എടുക്കാൻ അനുമതി വേണമെന്നമായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം. എന്നാൽ വാക്‌സിൻ വാങ്ങുന്ന ചുമതലയും സംസ്ഥാനങ്ങളെ ഏൽപ്പിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിഞ്ഞു മാറുകയായിരുന്നു കേന്ദ്ര സർക്കാർ.

രാജ്യം വാക്‌സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ 2021 മെയ് ഒന്നിന് പുതിയ വാക്‌സിൻ നയം പ്രഖ്യാപിച്ചത്. വാക്‌സിൻ ലഭ്യതക്കുറവ് കേന്ദ്രസർക്കാറിന്റെ ഇമേജിനെ ബാധിക്കാതെ, വാക്‌സിൻ കച്ചവടത്തിലൂടെ നിർമാതാക്കൾക്ക് സൂപ്പർ പ്രോഫിറ്റ് ഉണ്ടാക്കാവുന്ന തരത്തിലായിരുന്നു പ്രസ്തുത നയത്തിന്റെ രൂപീകരണം.

കേന്ദ്രം, സംസ്ഥാനം, സ്വകാര്യ മേഖല എന്ന ത്രിതല ഘടനയുടെ അടിസ്ഥാനത്തിലായിരുന്നു ഉദാരവൽകൃത വാക്‌സിൻ നയം രൂപപ്പെടുത്തിയത്. ഇത് വാക്‌സിൻ വിതരണ പ്രക്രിയക്ക് കാലതാമസവും, അനാവശ്യ മത്സരവും സൃഷ്ടിക്കുമെന്നും, വാക്‌സിനേഷന്റെ അടിസ്ഥാന തത്വം പാലിക്കാതെയാണ് കേന്ദ്രനയ രൂപീകരണമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഉദാരവൽകൃത വാക്‌സിന് നയത്തിൽ ഏറ്റവും വിവാദമായ തീരുമാനങ്ങൾ ഇവയാണ്.

1) പ്രതിരോധ കുത്തിവയ്പ്പ് മരുന്ന് ഉൽപ്പാദകർ പ്രതിമാസം കേന്ദ്ര ഡ്രഗ് ലബോറട്ടറിക്കുള്ള തങ്ങളുടെ 50% ഡോസ് ഇന്ത്യാ ഗവൺമെന്റിന് നൽകുകയും ബാക്കിവരുന്ന 50% ഡോസ് സംസ്ഥാന ഗവൺമെന്റുകൾക്കും പൊതുവിപണിയിലും നൽകാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും.

2) സംസ്ഥാന ഗവൺമെന്റുകൾക്കും പൊതുവിപണിയിലും വിതരണം ചെയ്യാനുള്ള 50% മരുന്നിന് മുൻകൂട്ടി 2021 മേയ് ഒന്നിന് മുമ്പായി സുതാര്യമായി ഉൽപ്പാദകർ വില നിശ്ചയിക്കണം. ഈ വിലയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഗവൺമെന്റുകൾ, സ്വകാര്യ ആശുപത്രികൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഉൽപ്പാദകരിൽ നിന്ന് പ്രതിരോധകുത്തിവയ്പ്പ് മരുന്നിന്റെ ഡോസ് സംഭരിക്കാം. സ്വകാര്യ ആശുപത്രികൾ തങ്ങൾക്ക് വേണ്ട കോവിഡ്-19 പ്രതിരോധകുത്തിവയ്പ്പ് മരുന്ന് ഇന്ത്യാഗവൺമെന്റിനുള്ളതല്ലാതെ വിതരണത്തിന് നീക്കിവച്ചിട്ടുള്ള 50% ൽ നിന്നുമാത്രമേ സംഭരിക്കാൻ പാടുള്ളു. സ്വകാര്യ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നവർ സുതാര്യമായി തങ്ങൾ നിശ്ചയിച്ചിട്ടുള്ള പ്രതിരോധകുത്തിവയ്പ്പ് വില പ്രഖ്യാപിക്കണം. 18 വയസിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും ഈ മാർഗ്ഗം ഉപയോഗിക്കുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കും.

നേരത്തെ 18 വയസ്സിന് മുകളിലുള്ളവർ സൗജന്യ വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോടും, സമാന ആവശ്യം ഉന്നയിക്കണമെന്ന് ബി.ജെ.പി. ഇതര പാർട്ടികൾ ഭരിക്കുന്ന 11 സംസ്ഥാനങ്ങളോടും കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം, "കോവിഡിനിടയിൽ അവശ്യവസ്തുക്കളുടേയും സേവനങ്ങളുടേയും വിതരണം' എന്ന വിഷയത്തിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും കേന്ദ്രത്തിന്റെ വാക്‌സിൻ നയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് വിലയിരുത്തുകയും ചെയ്തു.

വാക്‌സിൻ നേരിട്ട് ഏറ്റെടുക്കുന്നതിൽ സംസ്ഥാനങ്ങൾ പരാജയപ്പെട്ടതാണ് പ്രാബല്യത്തിലുണ്ടായിരുന്ന വാക്‌സിൻ നയം തിരുത്താനുള്ള കാരണമെന്നാണ് നരേന്ദ്ര മോദി അവകാശപ്പെട്ടത്. എന്നാൽ വാക്‌സിൻ നേരിട്ട് വാങ്ങാനുള്ള അധികാരം ഒരു സമയത്തും സംസ്ഥാനങ്ങൾ ഉന്നയിച്ചിരുന്നില്ല. സ്വന്തം തീരുമാനങ്ങളുടെ പോരായ്മകൾ ഉൾക്കൊള്ളാനുള്ള വിമുഖതയും, തെറ്റുകൾ മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള വ്യഘ്രതയും കേന്ദ്രസർക്കാർ നയമായി സ്വീകരിച്ച് പ്രയോഗത്തിൽ വരുത്തിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന.

പ്രശ്‌നം ബാക്കി

18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി വാക്‌സിൻ വിതരണം ഉറപ്പു തരുന്ന അവസരത്തിലും, നിർമിക്കുന്ന വാക്‌സിനുകളുടെ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകാമെന്ന നിലപാട് വാക്‌സിനേഷന്റെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കുന്നതല്ല. അടിയന്തരമായി നിർമിച്ച് വിതരണം ചെയ്യേണ്ടുന്ന വാക്‌സിന്റെ വലിയൊരു ഭാഗം സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നതിന് പ്രത്യക്ഷത്തിൽ രണ്ടു ഫലങ്ങളാണുള്ളതെന്ന് ദ വയറിൽ എഴുതിയ ലേഖനത്തിൽ ആർ. രാമകുമാർ സൂചിപ്പിക്കുന്നു.

1) സമ്പന്ന വർഗത്തിനുള്ള നീക്കിയിരിപ്പായി വേണം പ്രസ്തുത 25 ശതമാനത്തെ കാണാൻ. ഇത് ഘടനാപരമായി അസമത്വത്തിൽ ഊന്നിയുള്ളതാണ്.

2) 25 ശതമാനം വാക്‌സിൻ പരമാവധി ലാഭത്തിന് സ്വകാര്യ ആശുപത്രികൾക്ക് വിൽക്കാൻ വാക്‌സിൻ നിർമാതാക്കളെ ഇത് സഹായിക്കും. ഉദാരവൽകൃത വാക്‌സിൻ നയം പ്രാബല്യത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ, സ്വകാര്യ മേഖലക്ക് വിതരണം ചെയ്ത വാക്‌സിനുകളുടെ 50 ശതമാനവും കേവലം ഒമ്പത് ആശുപത്രികളിലേക്കാണ് എത്തിയത്.

അടിയന്തരമായി വാക്‌സിൻ ഉൽപാദിപ്പിച്ച് വിതരണം ചെയ്യലല്ല കേന്ദ്രത്തിന്റെ മുഖ്യ പരിഗണനയെന്ന്, ഉദാരവൽകൃത വാക്‌സിൻ നയത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാതെയുള്ള പുതിയ വാക്‌സിൻ നയം സൂചിപ്പിക്കുന്നു.

Comments