ഇന്ത്യയിൽ ‘റിപ്പോർട്ട് ചെയ്യപ്പെട്ട' ആക്റ്റീവ് കേസുകൾ 3,172,906, ക്രിട്ടിക്കലായവർ 8,944. ഇതിനിടയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ നോക്കൂ. / Photo: UNICEF, facebook

ഞങ്ങൾക്കിത് അസഹ്യമായിരിക്കുന്നു

ഞങ്ങളുടെ മരണം ആഘോഷിക്കുന്ന ഭരണകൂടവും ജനവും ഓർത്താൽ നന്ന്

ഭരണകൂടത്തിന്റെ ക്രിമിനൽ കെടുകാര്യസ്ഥത കോവിഡ്​ രണ്ടാം തരംഗത്തെ എങ്ങനെ ഒരു വൻദുരന്തമാക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് നഴ്സായ ലേഖിക

​​​​​​​ബ്രയാൻ ഗാർഡ്‌നറുടെ Anthology of first World War Poetry യുടെ ശീർഷകം ‘Up the line to death' എന്നായിരുന്നു. സിഗ്ഫ്രഡ് സാസോൺ എന്ന കവിയുടെ Base Details എന്ന കവിതയാണ് ഇതിനാധാരം. മരിക്കാൻ വേണ്ടി മാത്രമായി പടക്കളത്തിലേക്ക് പോകുന്ന സൈന്യത്തെ ആവിഷ്‌കരിക്കുന്ന ഈ കവിത പാൻഡെമിക് കാലത്തെ ആരോഗ്യപ്രവർത്തകരെ ഓർമിപ്പിക്കുന്നു.

ആംനസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ട കണക്കിൽ ഓരോ മുപ്പതു മിനിട്ടിലും ഒരു ആരോഗ്യപ്രവർത്തക/ൻ കോവിഡ് മൂലം മരിക്കുന്നു.
ഇതെഴുതുമ്പോൾ ലോകത്ത് 19,433,167 ആക്റ്റീവ് കേസുണ്ട്, 111,694 പേർ തീവ്രപരിചരണത്തിലാണ്. അവരിലേറെപ്പേരും, ആദ്യതരംഗത്തിൽ നിന്ന് വിഭിന്നമായി മധ്യവയസ്‌കരാണ്. രാജ്യത്തിന്റെ അമൂല്യ സമ്പത്ത്, കുടുംബത്തിന്റെ താങ്ങ്, അധ്വാനിക്കുന്ന സമൂഹം. അവർ കൂട്ടത്തോടെ മരിക്കുമ്പോൾ മനുഷ്യസമൂഹം കൂട്ടത്തോടെ തകരുന്നു. മനുഷ്യർ ജീവന് വേണ്ടി ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസ(വിശുദ്ധ ഖുർആൻ വചനം)ങ്ങളാണ് കണ്മുന്നിൽ.

കോവിഡ് സെക്കൻറ്​ വേവിന്റെ പരിപൂർണ ഉത്തരവാദിത്തം പിടിപ്പുകെട്ട ഗവണ്മെൻറിനു​ തന്നെയാണ്. മുന്നറിയിപ്പുകൾ ആൾക്കൂട്ടപ്രിയനായ പ്രധാനമന്ത്രിയും സംഘവും തെരെഞ്ഞെടുപ്പ്, കുംഭമേള, ഹോളി ഉത്സവങ്ങൾ പൊടിപൊടിച്ചതിന്റെ ഭവിഷ്യത്ത്

ആശുപത്രികൾ വലിയ ചുമരുകളാൽ ചുറ്റപ്പെട്ട, സന്ദർശകർക്കു പ്രവേശനമില്ലാത്ത നിശബ്ദത പാലിക്കുന്ന വെളുത്ത കെട്ടിടങ്ങളല്ല, അത് വളർന്ന് കരാളരൂപം പ്രാപിച്ച് തെരുവുകളെയും വീടുകളെയും വിഴുങ്ങുന്നു. കാറും ഓട്ടോയും തള്ളുവണ്ടികളും ആംബുലൻസുകളാകുന്നു. കുത്തി നിറച്ച വണ്ടിയിൽ നിന്ന് മൃതദേഹങ്ങൾ തെറിച്ചു വീഴുന്നു. മരിച്ചിട്ടും ദഹിക്കപ്പെടാൻ മനുഷ്യർ ക്യൂവിൽ കിടക്കുന്നു. അതീവ അഗ്‌നിസുരക്ഷാമാർഗങ്ങളിൽ സൂക്ഷിച്ചു വെച്ചിരുന്ന ഓക്‌സിജൻ സിലിണ്ടറുകൾ പൊതുജനം റോട്ടിലിട്ടുരുട്ടുന്നു. ഓക്‌സിജൻ, ടോസിലീസുമാബ്, remdesivir, കോൺവാലസെൻറ്​ പ്ലാസ്മ എന്നിവയെല്ലാം അരി, ഗോതമ്പു കണക്കെ ജനങ്ങൾ യാചിക്കുന്നു. crush ചെയ്യാനാവാത്ത curve ഇന്ത്യയുടെ നട്ടെല്ലിനെ crush ചെയ്യുന്ന അവസ്ഥ സംജാതമായിരിക്കുന്നു.

രാത്രി ഒരുമണിക്കും ഓക്‌സിജൻ സിലിണ്ടർ റീഫിൽ ചെയ്തുകിട്ടാനായി ഡൽഹിയിലെ ഒരു റീഫില്ലിങ് കേന്ദ്രത്തിനു മുമ്പിൽ കാത്തുകിടക്കുന്നവർ. / Photo: Hemant Rajaura, Twitter
രാത്രി ഒരുമണിക്കും ഓക്‌സിജൻ സിലിണ്ടർ റീഫിൽ ചെയ്തുകിട്ടാനായി ഡൽഹിയിലെ ഒരു റീഫില്ലിങ് കേന്ദ്രത്തിനു മുമ്പിൽ കാത്തുകിടക്കുന്നവർ. / Photo: Hemant Rajaura, Twitter

Double mutant variant ആണ് രണ്ടാം തരംഗത്തിന് കാരണമെന്ന് ജനങ്ങളെ ഭരണകൂടം വിശ്വസിപ്പിക്കുന്നു. Double mutant എന്ന പദം കൊണ്ട് ഇരട്ട മ്യൂട്ടേഷൻ സംഭവിച്ച വൈറസ് എന്നാണ് മനസ്സിലാക്കിയതെങ്കിൽ തെറ്റി, ഒരു ഡസനോളം മ്യൂട്ടേഷൻ കൊറോണ വൈറസിൽ സംഭവിച്ചു കഴിഞ്ഞു. സെക്കൻറ്​ വേവിന്റെ പരിപൂർണ ഉത്തരവാദിത്തം ഈ വെെറസുകൾക്ക് മാത്രമല്ല, അത് പിടിപ്പുകെട്ട ഗവണ്മെന്റിന്റേതു കൂടിയാണ്. ഇത് അപ്രതീക്ഷിതമായിരുന്നില്ല, ആദ്യതരംഗത്തിൽ നേടിയെടുത്ത ഹേർഡ് ഇമ്യൂണിറ്റിയുടെ കാലാവധി തീർന്നാൽ പിന്നെ വരുന്ന വൈറസുകൾ ദുരന്തം വിതയ്ക്കുമെന്ന് പല ഗവേഷണങ്ങളും മുന്നറിയിപ്പ് തന്നതാണ്. അതിനെ അതിജീവിക്കാൻ വേണ്ടതൊന്നും ചെയ്യാതെ ആൾക്കൂട്ടപ്രിയനായ പ്രധാനമന്ത്രിയും സംഘവും തെരെഞ്ഞെടുപ്പ്, കുംഭമേള, ഹോളി എന്നിങ്ങനെ ഉത്സവങ്ങൾ പൊടിപൊടിച്ചതിന്റെ ഭവിഷ്യത്ത് രാജ്യം മൊത്തം ഇന്ന് അനുഭവിക്കുന്നു.

ഇന്ത്യയിൽ ‘റിപ്പോർട്ട് ചെയ്യപ്പെട്ട' ആക്റ്റീവ് കേസുകൾ 3,172,906, ക്രിട്ടിക്കലായവർ 8,944 ആവുമ്പോൾ, ഐ.സി.യു. ബെഡ് കിട്ടാതെ ആശുപത്രി വളപ്പിൽ കിടക്കുന്നവരെത്ര, റിപ്പോർട്ടു ചെയ്യപ്പെടാത്ത കേസുകളെത്ര. ഇതിനിടയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ നോക്കൂ. ആശുപത്രി ജീവനക്കാരെ മർദ്ദിച്ച് ഓക്‌സിജൻ സിലിണ്ടറുമായി ഓടേണ്ടി വരുന്ന ജനത്തിന്റെ നിസ്സഹായത ഞങ്ങൾക്ക് മനസ്സിലാവും, എന്നാൽ ആരോഗ്യപ്രവർത്തകർ ഇതൊക്കെ പ്രതീക്ഷിച്ചു വേണം ജോലിക്കിറങ്ങേണ്ടതെന്നും അതിനാണ് പാത്രം കൊട്ടിയും പുഷ്പവൃഷ്ടി നടത്തിയും നായകപരിവേഷത്തോടെ നിങ്ങളെ പറഞ്ഞയക്കുന്നതെന്നും കരുതുന്ന ഞങ്ങളുടെ മരണത്തെ ആഘോഷിക്കുന്ന sarcastic ഭരണകൂടവും ജനങ്ങളും ഓർത്താൽ നന്ന്; ഞങ്ങൾക്കിതു അസഹ്യമായിരിക്കുന്നു.

"ലോകത്തിന്റെ ഫാർമസി' സമ്പന്ന രാഷ്ട്രങ്ങൾക്ക് മരുന്ന് കയറ്റി അയയ്ക്കുന്നു, 92 രാജ്യങ്ങളിലേക്ക് വാക്​സിൻ കയറ്റിഅയക്കുന്നു, അവനവന്റെ നാട്ടിലെ ജനങ്ങൾക്ക് കൊടുക്കാൻ താൽപര്യമില്ല. അടിസ്ഥാനസാധനങ്ങൾ ഇവിടുത്തെ ആശുപത്രികളിൽ ലഭ്യമല്ല.

ദേശീയത കുത്തിനിറച്ച പട്ടാളക്കാർ കാണിക്കുന്ന ആവേശത്തോടെ ആരോഗ്യപ്രവർത്തകർ ആത്മഹത്യാപരമെന്നോണം സാഹസത്തിനിറങ്ങുന്നു. ഞങ്ങൾക്ക് അർഹമായ ശമ്പളമോ റിസ്‌ക് അലവൻസോ ലഭിക്കുന്നില്ല, ഞങ്ങളുടെ കുടുംബങ്ങൾക്ക് സുരക്ഷയില്ല, ഞങ്ങൾ വിശ്രമിക്കുന്നില്ല, സമയത്തിന് ഭക്ഷണം കഴിക്കാനോ പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാനോ പലപ്പോഴും കഴിയുന്നില്ല.

ഐ.സി.യുവിൽ കെയർ ആവശ്യമുണ്ടെന്ന് ഡോക്ടർ വിധിയെഴുതിയ രോഗിയാണ് ആംബുലൻസിലുള്ളത്. ഐ.സി.യു ബെഡുകൾ ഒഴിവില്ലാത്തതിനാൽ അവർക്കുമുമ്പിൽ നിസഹായരാണ് ആരോഗ്യപപ്രവർത്തകർ.
ഐ.സി.യുവിൽ കെയർ ആവശ്യമുണ്ടെന്ന് ഡോക്ടർ വിധിയെഴുതിയ രോഗിയാണ് ആംബുലൻസിലുള്ളത്. ഐ.സി.യു ബെഡുകൾ ഒഴിവില്ലാത്തതിനാൽ അവർക്കുമുമ്പിൽ നിസഹായരാണ് ആരോഗ്യപപ്രവർത്തകർ.

63 രാജ്യങ്ങളിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് മതിയായ PPE ലഭ്യമല്ല. ഇതുവരെ ലോകത്ത് ഉത്പാദിപ്പിച്ച വാക്സിനുകളിൽ പകുതിയിലേറെയും 10 ശതമാനം സമ്പന്ന രാഷ്ട്രങ്ങളിലാണ്. പത്തു രാജ്യങ്ങൾ മാത്രമാണ് ലോകത്താകെ മുൻനിര ആരോഗ്യപ്രവർത്തകർക്ക് വാക്​സിൻ നൽകുന്നത്. നൂറോളം രാജ്യങ്ങളിൽ ഒരാൾ പോലും വാക്​സിൻ എടുത്തിട്ടില്ല. വാക്‌സിൻ കടുത്ത അനീതിയാവും ദരിദ്രരാജ്യങ്ങളോട് ചെയ്യുക എന്ന് മുൻപ് എഴുതിയിരുന്നു. പരീക്ഷണങ്ങൾ ഗംഭീരമായി നടന്നുവെങ്കിലും ആഫ്രിക്കയിൽ ആരോഗ്യപ്രവർത്തകർക്കെങ്കിലും വാക്‌സിൻ കിട്ടാൻ ലോകാരോഗ്യസംഘടനയുടെ കോവാക്‌സ് കാമ്പയിൻ ഇടപെടേണ്ടി വന്നു. 2021 മാർച്ച് അവസാനം മാത്രമാണ് ആഫ്രിക്കയിൽ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ കൊടുത്തുതുടങ്ങിയത്.

ഇന്ത്യയിൽ കോവിഡ് ബാധിതരായ ഡോക്ടർമാരുടെ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സൂക്ഷിക്കുന്നുണ്ട്. നഴ്‌സുമാരുടെ എണ്ണമെടുക്കാൻ പോലും ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ മിനക്കെടുന്നില്ല എന്നാണ് അവരുടെ വെബ്‌സൈറ്റ് സന്ദർശിച്ചപ്പോൾ മനസ്സിലായത്.

ഇന്ത്യ മരുന്നിന്റെയോ വാക്​സിന്റെയോ ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിലോ ദരിദ്രരാജ്യമല്ല. കുറഞ്ഞ വേതനവും താണജീവിത നിലവാരവും മൂലം ആരോഗ്യരംഗത്തു നൂറ്റാണ്ടുകളായി ബ്രെയിൻ ഡ്രെയിൻ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇന്റർനാഷണൽ കൗൺസിൽ ഫോർ നഴ്‌സസും NHS UK യും ലോകത്തെമ്പാടും എത്തിപ്പെടുന്ന നഴ്‌സുമാരെ അഭിനന്ദിക്കുന്നു. ചിലപ്പോഴൊക്കെ യുദ്ധമേഖലകളായ ഇറാഖിലും യെമെനിലും ലിബിയയിലുമൊക്കെ അവരെത്തിപ്പെടുന്നു. ഈ ഗവൺമെന്റിനു അവരെ വേണ്ട. "ലോകത്തിന്റെ ഫാർമസി' സമ്പന്ന രാഷ്ട്രങ്ങൾക്ക് മരുന്ന് കയറ്റി അയയ്ക്കുന്നു, 92 രാജ്യങ്ങളിലേക്ക് വാക്​സിൻ കയറ്റി അയക്കുന്നു, അവനവന്റെ നാട്ടിലെ ജനങ്ങൾക്ക് കൊടുക്കാൻ താൽപര്യമില്ല. ലോകത്തെ ഏറ്റവും വലിയ disposable syringe ഉത്പാദകർ ഹിന്ദുസ്ഥാൻ ഡിസ്പോവാൻ സിറിഞ്ചുകൾ എണ്ണമറ്റ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. അടിസ്ഥാനസാധനങ്ങൾ ഇവിടുത്തെ ആശുപത്രികളിൽ ലഭ്യമല്ല.

ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 2021 മാർച്ച് അഞ്ചോടെ 3507 ആരോഗ്യപ്രവർത്തകർ അമേരിക്കയിലും 3371 പേർ മെക്‌സിക്കോയിലും 1143 പേർ ബ്രസീലിലും 931 പേർ യു.കെയിലും മരിച്ചിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ മാത്രം 17,000 കവിയുമത്രേ. ഇന്ത്യയിൽ കോവിഡ് ബാധിതരായ ഡോക്ടർമാരുടെ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സൂക്ഷിക്കുന്നുണ്ട്. നഴ്‌സുമാരുടെ എണ്ണമെടുക്കാൻ പോലും ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ മിനക്കെടുന്നില്ല എന്നാണ് അവരുടെ വെബ്‌സൈറ്റ് സന്ദർശിച്ചപ്പോൾ മനസ്സിലായത്. ഔദ്യോഗികമല്ലാത്ത യു.എൻ.എയുടെ (United Nurses Association) കണക്കിൽ "ഏകദേശം' 350 നഴ്‌സുമാർ കോവിഡ് മൂലം ഇന്ത്യയിൽ മരിച്ചിട്ടുണ്ട്.

വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് ആരോഗ്യപ്രവർത്തകരുടെ എണ്ണം കൂടുന്നില്ല. മരണഭയത്താൽ ജോലി ഉപേക്ഷിക്കുന്നവർ, മറ്റു രാജ്യങ്ങളിലേക്ക് കോവിഡ് ഡ്യൂട്ടിക്കു പോകുന്നവർ, പോസിറ്റീവ് ആകുന്നവർ, കോവിഡ് അവശേഷിപ്പിച്ച ശാരീരികാസ്വാസ്ഥ്യങ്ങളിൽ നിന്ന് തിരിച്ചു വരാനാവാത്തവർ എന്നിങ്ങനെ മുൻനിരയിൽ അവരുടെ എണ്ണം കുറയുന്നുമുണ്ട്. ആഗോളതലത്തിൽ വന്ന ഈ shortage ന്റെ ഭാരം മുഴുവൻ ഇപ്പോൾ പണിയെടുക്കുന്നവർ തോളിലേറ്റുന്നു എന്നതും വിസ്മരിച്ചു കൂടാ.
കോവിഡിനോടനുബന്ധിച്ചു ഇന്റർനാഷണൽ കൗൺസിൽ ഫോർ നഴ്‌സസ് ഒരു പ്രഖ്യാപനം ഇറക്കുകയുണ്ടായി. ലോകത്തിന്റെ നഴ്‌സിംഗ് കമ്യൂണിറ്റിക്കുണ്ടായിരിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചും അപകടമാംവിധം കൂപ്പുകുത്തുന്ന നഴ്‌സിംഗ് ദൗർലഭ്യത്തെക്കുറിച്ചുമായിരുന്നു അത്.

പത്തു രാജ്യങ്ങൾ മാത്രമാണ് ലോകത്താകെ മുൻനിര ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകുന്നത്. നൂറോളം രാജ്യങ്ങളിൽ ഒരാൾ പോലും വാക്സിൻ എടുത്തിട്ടില്ല. / Photos: UNICEF Ethiopia, Flickr
പത്തു രാജ്യങ്ങൾ മാത്രമാണ് ലോകത്താകെ മുൻനിര ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകുന്നത്. നൂറോളം രാജ്യങ്ങളിൽ ഒരാൾ പോലും വാക്സിൻ എടുത്തിട്ടില്ല. / Photos: UNICEF Ethiopia, Flickr

കോവിഡിനുമുൻപ് 27.9 മില്യൺ നഴ്‌സുമാർ ലോകത്തുണ്ടായിരുന്നു, അപ്പോൾ തന്നെ 5.9 മില്യൺ നഴ്‌സുമാരുടെ കുറവുണ്ടായിരുന്നു, ഈ ന്യൂനത ഒരു വർഷം കൊണ്ട് 13 മില്യൺ ആയി ഉയർന്നിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ നാഷണൽ സാംപിൾ സർവ്വേ ഓഫീസ് 2021 മാർച്ചിൽ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ആരോഗ്യപ്രവർത്തകരുടെ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത് ഇന്ത്യയിൽ 2.34 മില്യൺ നഴ്‌സുമാരുണ്ടെന്നാണ്. ഇനിയും 1.4 മില്യൺ കൂടി നഴ്‌സുമാർ ഉണ്ടെങ്കിലേ ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്ന കുറഞ്ഞ അനുപാതത്തിലേക്ക് (3:10000) എത്തൂ. ഇന്ത്യയിൽ ജനസംഖ്യാനുപാതമനുസരിച്ച് ഭേദപ്പെട്ട അളവിൽ നഴ്സുമാരുള്ളത് ഡൽഹിയിലാണ്. ആ ഡൽഹിയുടെ അവസ്ഥ ഇന്ന് പരിതാപകരമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ എത്ര ദാരുണമായിരിക്കും.

പാൻഡെമിക് കാലത്തെ നഴ്‌സുമാർ

സഹപ്രവർത്തകരിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ഇതാണ്. ആദ്യതരംഗത്തിൽ ഞങ്ങൾ ഊർജ്ജസ്വലരായിരുന്നു, ഉള്ളതെല്ലാം പരമാവധി ഉപയോഗിച്ച് ഞങ്ങൾക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞു. "കോവിഡ് കർവ്' താഴ്ന്നതോടെ ഒഴിഞ്ഞ കിടക്കകളിൽ മലർന്നു കിടന്നു ഞങ്ങൾ ചിരിച്ചു. പഴയയിടങ്ങളിലേക്ക് തിരിച്ചു പോയി ആഘോഷിച്ചു. പക്ഷെ, ഞങ്ങളുടെ ആഹ്ലാദങ്ങൾ ക്ഷണികമായിരുന്നു. ഇത്തവണ പക്ഷെ കോവിഡ് ഡ്യൂട്ടിയിൽ തിരികെയെത്താൻ വിമാനമൊന്നും ആർക്കും പറത്തേണ്ടിവന്നില്ല. ആജ്ഞാനുവർത്തികളായ ആട്ടിൻപറ്റത്തിന് ഒരു ഫോൺ കോളിന്റെയോ ഇ-മെയിലിന്റെയോ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.
20 ശതമാനം നഴ്‌സുമാർ കോവിഡ് ഡ്യൂട്ടി കൊണ്ട് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (PTSD) അനുഭവിക്കുന്നു. നേരത്തെ മാനസികാരോഗ്യപ്രശ്‌നങ്ങളുള്ളവർ ആകെ തകർന്നിരിക്കുന്നു.
ആ പഴയ ഊർജ്ജം ഇപ്പോഴില്ല, ഒരു തരം ജഡത്വം ഞങ്ങളെ ബാധിച്ചിരിക്കുന്നു.

വ്യക്തിപരമായി ഇതുവരെയില്ലാത്ത ശ്വാസസംബന്ധിയായ അസുഖങ്ങൾക്ക് അടിപ്പെട്ടിരിക്കുന്നു, വാക്​സിനുശേഷം ചെവിക്കുള്ളിൽ മുഴങ്ങിത്തുടങ്ങിയ അജ്ഞാത ശബ്ദം നിലയ്ക്കാതെ തുടരുന്നു, ഉറക്കത്തിൽ sleep paralysis സാധാരണമാകുന്നു. എനിക്കൊപ്പം എന്റെ ചുറ്റിനുമുള്ളവർ കൂടി തകരുന്നു.

ദിനേന വേദനസംഹാരികളെ ആശ്രയിക്കത്തക്കവണ്ണം ശാരീരിക വേദനകൾ മൂർത്തമാവുന്നു. വ്യക്തിപരമായി ഇതുവരെയില്ലാത്ത ശ്വാസസംബന്ധിയായ അസുഖങ്ങൾക്ക് അടിപ്പെട്ടിരിക്കുന്നു, വാക്​സിനുശേഷം ചെവിക്കുള്ളിൽ മുഴങ്ങിത്തുടങ്ങിയ അജ്ഞാത ശബ്ദം ഇപ്പോഴും നിലയ്ക്കാതെ തുടരുന്നു, ഉറക്കത്തിൽ sleep paralysis സാധാരണമാകുന്നു. ഞാൻ മാത്രമല്ല, എനിക്കൊപ്പം എന്റെ ചുറ്റിനുമുള്ളവർ കൂടി തകരുന്നു. പാൻഡെമിക് കാലം കഴിഞ്ഞാലും ഇവയൊന്നും വിട്ടുപോകില്ലെന്ന ബോധ്യമുണ്ട്. ഇനിയൊരിക്കലും ഞങ്ങൾക്ക് ജീവിതം പഴയപോലെയാവില്ല.

ആകെപ്പാടെ നഴ്‌സുമാർക്കുള്ള ആനുകൂല്യമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ആണ്. അത് നേടണമെങ്കിൽ കോവിഡ് ബാധിച്ചിരിക്കെ മരിച്ചുപോകേണ്ട ഗതികേടുണ്ട്. ഇപ്പോൾ കാണുന്ന പുതിയ പ്രവണത ചാരിറ്റി ഉത്സവങ്ങളാണ്. ചാരിറ്റിയുടെ രാഷ്ട്രീയം ജനാധിപത്യപരമല്ല. ഒരു രാജ്യത്തെ തകർച്ചയുടെ അങ്ങേയറ്റത്തെത്തിക്കുകയും പിന്നീട് ആ ജനങ്ങളോട് തന്നെ പി.എം. കെയർ ഫണ്ടിനു വേണ്ടി അപേക്ഷിക്കുകയും ചെയ്യുന്നത് എന്തുതരം ജനാധിപത്യമാണ്. ലഭ്യമായ വിഭവങ്ങളെ സ്വന്തം ജനങ്ങൾക്ക് വിനിയോഗിക്കാതെ കോർപറേറ്റുകൾക്ക് ദുർലാഭം കൊയ്യാനുള്ള അവസരമാക്കിക്കൊടുത്തിട്ട് ലോകത്തോട് മുഴുവൻ കൈമലർത്തി ഇരന്നുനിൽക്കുന്നത് എന്തുതരം രാഷ്ട്രീയമാണ്?

രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യപ്രവർത്തകർ ഇല്ലാത്തതിന്റെ ഭാരം മുഴുവൻ ഇപ്പോൾ പണിയെടുക്കുന്നവരുടെ തോളിലാണ്.
രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യപ്രവർത്തകർ ഇല്ലാത്തതിന്റെ ഭാരം മുഴുവൻ ഇപ്പോൾ പണിയെടുക്കുന്നവരുടെ തോളിലാണ്.

ആരോഗ്യമേഖലയുടെ ഉദ്ഗ്രഥനത്തിന് നാഷണൽ സാമ്പിൾ സർവ്വേ മുന്നോട്ടു വെക്കുന്ന ചിലകാര്യങ്ങൾ ശ്രദ്ധേയമാണ്.

ആരോഗ്യരംഗം വികസിച്ചാലേ രാജ്യത്ത് സാമ്പത്തികോന്നമനം ഉണ്ടാകൂ. അത് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നു. ആരോഗ്യമുള്ള ജനത ഏതൊരു രാജ്യത്തിന്റെയും അമൂല്യസമ്പത്താണ്. ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് എത്തിപ്പെടാനാവും വിധം നടപ്പിലായാൽ മാത്രമേ സാമൂഹിക നീതി കെെവരിക്കാനാവുകയുള്ളൂ. ആരോഗ്യമേഖലയിലെ നിക്ഷേപം കൊണ്ട് മാത്രമേ Sustainable Development Goals (SDGs) നേടാൻ കഴിയൂ.

ലോകത്ത് സൈന്യത്തിനേക്കാൾ ആവശ്യം ഒരുടമ്പടിക്കും വഴങ്ങാത്ത, ഒരാക്രമണത്തെയും ഏറ്റെടുക്കാത്ത അദൃശ്യ ശത്രുക്കളോട്, നേരിട്ട് യുദ്ധം ചെയ്യുന്ന ആരോഗ്യപ്രവർത്തകരെയാണെന്നു നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
ആരോഗ്യം ഒരാളുടെ കിരീടമാണ്; നഷ്ടപ്പെട്ടവർക്കുമാത്രം കാണാൻ കഴിയുന്നത്! ▮

Comments