സ്പൈനൽ മസ്കുലർ അട്രോഫി (Spinal Muscular Atrophy – SMA) പേശികളെ ക്രമേണ ദുർബലമാക്കുകയും ചലനശേഷിയെയും ശ്വസനശേഷിയെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന ജീവന് ഭീഷണിയായ അപൂർവ ജനിതകരോഗമാണ്. രോഗം പൂർണമായി ഭേദമാക്കാനുള്ള ചികിത്സ നിലവിലില്ലെങ്കിലും, രോഗത്തിന്റെ പുരോഗതി ഗണ്യമായി മന്ദഗതിയിലാക്കാൻ സഹായിക്കുന്ന റിസ്ഡിപ്ലാം (Risdiplam) എന്ന മരുന്ന് ലഭ്യമാണ്. ഈ മരുന്ന് സമയബന്ധിതമായി ലഭിക്കുന്നത് രോഗികളുടെ ജീവിതനിലവാരവും ആയുസ്സും മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണ്. ഈ സാഹചര്യത്തിൽ, എസ്.എം.എ. രോഗികളുടെ ചികിത്സയ്ക്കായി ഇന്ത്യൻ ഔഷധനിർമാണ കമ്പനിയായ നാറ്റ്കോയുടെ (NATCO) കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്ന് ഉപയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത് സ്വാഗതാർഹവും മാതൃകാപരവുമായ നടപടിയാണ്. ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും ചെലവേറിയ കാൻസർ ചികിത്സകൾ സാധാരണക്കാർക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിൽ നാറ്റ്കോ ഉൾപ്പെടെയുള്ള ഇന്ത്യൻ ഔഷധനിർമാണ കമ്പനികൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
കാൻസർ ചികിത്സയ്ക്കുള്ള സൊറാഫെനിബ് (Nexavar) മരുന്നിന്റെ കാര്യത്തിൽ 2012-ൽ നാറ്റ്കോയ്ക്ക് നിർബന്ധിത ലൈസൻസ് അനുവദിച്ചത് അന്നത്തെ പേറ്റന്റ് കൺട്രോളറായിരുന്ന പി.എച്ച്. കുര്യനായിരുന്നു. ജർമൻ കമ്പനിയായ ബേയർ ഒരു മാസത്തെ ചികിത്സയ്ക്ക് 2,80,428 രൂപയ്ക്ക് വിറ്റിരുന്ന മരുന്നിന്റെ ജനറിക് പതിപ്പ് നാറ്റ്കോ 8,800 രൂപയ്ക്ക് വിപണിയിലെത്തിച്ചത് ഔഷധവില കുറയ്ക്കുന്നതിൽ നിർണായകമായ ഇടപെടലായിരുന്നു. പേറ്റന്റ് നിയമത്തിലെ പൊതുജനാരോഗ്യ തത്വങ്ങൾ പ്രയോജനപ്പെടുത്തി വിലകൂടിയ മരുന്നുകൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണിത്.
നാറ്റ്കോ റിസ്ഡിപ്ലാമിന്റെ ജനറിക് പതിപ്പ് വിപണിയിലെത്തിക്കുന്നതിനെതിരെ യഥാർഥ മരുന്നിന്റെ പേറ്റന്റ് ഉടമയായ റോഷ് കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2025 ഒക്ടോബറിൽ ജനറിക് മരുന്ന് ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള കോടതിവിധി പുറത്തുവന്നു. ഇതോടെ കുറഞ്ഞ വിലയിലുള്ള ജനറിക് റിസ്ഡിപ്ലാം ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ തുറന്നു. മരുന്നുകൾ താങ്ങാനാവുന്ന വിലയിൽ ലഭിക്കണമെന്ന പൊതുജനാരോഗ്യ തത്വത്തിനും രോഗികളുടെ ചികിത്സാപ്രവേശനത്തിനും ഈ നിയമനടപടി ഏറെ പ്രാധാന്യമുള്ളതാണ്.
ഗുരുതരവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പാക്കേജിങ്ങിൽ മാറ്റമുണ്ടാകുമ്പോൾത്തന്നെ രോഗികളിലും കുടുംബാംഗങ്ങളിലും ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സാഹചര്യത്തിൽ, 'For Physician Sample/Clinical Trial' എന്ന് രേഖപ്പെടുത്തിയ മരുന്ന് രോഗികൾക്ക് നൽകിയപ്പോൾ, അത്തരമൊരു രേഖപ്പെടുത്തലിന്റെ കാരണവും മരുന്നിന്റെ സുരക്ഷയും ഗുണമേന്മയും ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും അവർക്ക് വ്യക്തമായി ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം അധികൃതർക്കുണ്ടായിരുന്നു. ഇത്തരം മരുന്നുകളുടെ സംഭരണവും വിതരണവും സംബന്ധിച്ച ടെൻഡർ നടപടിക്രമങ്ങൾ സുതാര്യമായിരിക്കണമെന്നും പരിഷത്ത് അഭിപ്രായപ്പെടുന്നു.
ഡൽഹി ഹൈക്കോടതി വിധിയുടെ യഥാർഥ പ്രയോജനം രോഗികളിലേക്ക് എത്തണമെങ്കിൽ കുറഞ്ഞ വിലയിലുള്ള ജനറിക് റിസ്ഡിപ്ലാമിന്റെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ജനകീയാരോഗ്യ പ്രവർത്തകർ നിരന്തരം ഉന്നയിച്ചിട്ടുള്ള ആവശ്യവും ഇതാണ്. കുറഞ്ഞ വിലയിലുള്ള മരുന്ന് തിരഞ്ഞെടുക്കുന്നത് സർക്കാരിന്റെ പൊതുധനം ലാഭിക്കുന്നതിനുള്ള സാമ്പത്തിക നടപടി മാത്രമല്ല; അതുവഴി ലാഭിക്കുന്ന തുക ഉപയോഗിച്ച് കൂടുതൽ എസ്.എം.എ. രോഗികൾക്ക് ജീവൻരക്ഷാ ചികിത്സ ഉറപ്പാക്കാനുള്ള മാനുഷികവും സാമൂഹികവുമായ ഉത്തരവാദിത്തം കൂടിയാണ്.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും നിയമപരമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ജനറിക് മരുന്നുകൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നത് എസ്.എം.എ. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ്. അതിനാൽ, രോഗികളുടെ താൽപ്പര്യത്തിന് മുൻഗണന നൽകി കുറഞ്ഞ വിലയിലുള്ള ജനറിക് റിസ്ഡിപ്ലാം ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ആരോഗ്യവകുപ്പ് തയ്യാറാകണം.
