Photo: UNICEF/UNI341047/Panjwani

ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങള്‍:
കോവിഡുകാല അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചത്​

കോവിഡ് കാലദുരിതങ്ങള്‍, കേവലം ആശുപത്രികളെയും ചികിത്സയേയും അടിസ്ഥാനമാക്കി ആരോഗ്യസുസ്ഥിതി കൈവരിക്കാനാവില്ല എന്ന ധാരണ ശക്തമാക്കി. ഇതിന്റെ ഫലമായി സാമൂഹികാരോഗ്യസിദ്ധാന്തങ്ങള്‍ കൂടുതല്‍ സമഗ്രമായ പരിപ്രേക്ഷ്യത്തിലേക്ക് വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

രോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണെങ്കിലും ആധുനിക കാലമാവുമ്പോഴേക്കും പൊതുവില്‍ സാമൂഹ്യാംഗീകാരം കൈവരിച്ചിട്ടുണ്ട്. സമീപകാലത്ത് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കാലദുരിതങ്ങള്‍, കേവലം ആശുപത്രികളെയും ചികിത്സയേയും അടിസ്ഥാനമാക്കി ആരോഗ്യസുസ്ഥിതി കൈവരിക്കാനാവില്ല എന്ന ധാരണ ശക്തമാക്കി. ഇതിന്റെയെല്ലാം ഫലമായി സാമൂഹികാരോഗ്യസിദ്ധാന്തങ്ങള്‍ കൂടുതല്‍ സമഗ്രമായ പരിപ്രേക്ഷ്യത്തിലേക്ക് വികസിപ്പിച്ചെടുക്കാന്‍ 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ കഴിഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, ആന്റിബയോട്ടിക്ക് പ്രതിരോധം, മൃഗ-പ്രാണിജന്യരോഗ്യങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ കൂടി കണക്കിലെടുത്ത് ആരോഗ്യത്തിന്റെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതീയ ഘടകങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മൂര്‍ത്തമായ സംരംഭങ്ങള്‍ സാര്‍വദേശീയതലത്തില്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

അല്‍മ അട്ടാ പ്രഖ്യാപനം: ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങളിലേക്കുള്ള വഴികാട്ടി

ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രാഥമികാരോഗ്യസേവനത്തെ സംബന്ധിച്ച് 1978- ല്‍ അന്നത്തെ സോവിയറ്റ് യൂണിയനിലെ അല്‍മാ അട്ടായില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സായിരുന്നു (International Conference on Primary Health Care: Alma Ata), ആരോഗ്യത്തെ നിര്‍ണയിക്കുന്ന സാമൂഹിക ഘടകങ്ങള്‍ ആദ്യമായി സാര്‍വദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 134 അംഗരാജ്യങ്ങളുടെ പ്രതിനിധികളും 67 അന്തരാഷ്​ട്ര ഏജന്‍സികളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പങ്കെടുത്ത ലോകരാജ്യങ്ങള്‍ അഭിപ്രായ സമന്വയത്തോടെ, '2000- മാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം' (Health for All by the Year 2000) എന്ന ലക്ഷ്യം മുന്നോട്ടു വച്ച് അല്‍മാ അട്ടാ പ്രഖ്യാപനം അംഗീകരിച്ചു. ലോകാരോഗ്യസംഘടനയെ ജനകീയ കാഴ്ചപ്പാടുള്ള പ്രസ്ഥാനമാക്കി മാറ്റിയെടുത്ത പൊതുജനാരോഗ്യ ചിന്തകനും ജനകീയാരോഗ്യപ്രവര്‍ത്തകരുടെ പ്രചോദനകേന്ദ്രവുമായിരുന്ന ലോകരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ഹാല്‍ഫ്ഡന്‍ മാലറായിരുന്നു (Halfdan Mahler: 1923-2016) അല്‍മാ അട്ടാ സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍.

‘രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം’ എന്ന ലക്ഷ്യപ്രഖ്യാപനത്തിലൂടെ ഭൂമുഖത്തുനിന്ന്​ സര്‍വരോഗങ്ങളും തുടച്ചുനീക്കാമെന്നും രോഗങ്ങളൊന്നുമില്ലാത്ത ജനസമൂഹത്തെ സൃഷ്ടിക്കാമെന്നുമുള്ള അയഥാര്‍ത്ഥമായ സമീപനമല്ല ലോകാരോഗ്യസംഘടന സ്വീകരിച്ചത്. ലോകത്തെ മുഴുവനാളുകളെയും 2000-മാണ്ടോടെ സാമൂഹികവും സാമ്പത്തികവുമായ ഉല്‍പാദന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ തക്ക ആരോഗ്യസ്ഥിതി നേടിയെടുക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് വിഭാവനം ചെയ്തത്. ആരോഗ്യരംഗത്തെ ഇടപെടലുകളിലൂടെ മാത്രം ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. പൊതുവില്‍ എല്ലാ രാജ്യങ്ങളും പൊതു സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി ആളോഹരി വരുമാനം വര്‍ധിപ്പിക്കേണ്ടതാണെന്നും ജനങ്ങളുടെ സാക്ഷരതാനിലവാരം 70 ശതമാനമായി ഉയര്‍ത്തണമെന്നും ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്തിരുന്നു.

ഏറ്റവും അടിയന്തരമായി ആവശ്യമുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ സമൂഹത്തിലെ മുഴുവനാളുകള്‍ക്കും ലഭ്യമാക്കി സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ​ ‘എല്ലാവർക്കും ആരോഗ്യം' എന്നതുകൊണ്ട് ഉദ്ദേശിച്ചത്.

പ്രാഥമികാരോഗ്യ സേവനത്തെ (Primary Health Care) അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന പരിപാടിയാണ് അല്‍മ അട്ടാ പ്രഖ്യാപനത്തിലൂടെ ലോകാരോഗ്യസംഘടന മുന്നോട്ടുവച്ചത്. വികസ്വര രാജ്യങ്ങള്‍ക്കാവശ്യമായ അടിസ്ഥാന ആരോഗ്യആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്​ ഹാല്‍ഫ്ഡന്‍ മാലര്‍ തയ്യാറാക്കിയ ബദല്‍ സമീപനങ്ങളുടെ അടിസ്ഥാനത്തിലാണ് (Alternative Approaches to Meeting 'Basic Health Needs' in Developing Countries: 1975) അല്‍മ അട്ടാ പ്രഖ്യാപനം തയ്യാറാക്കിയത്. ഏറ്റവും അടിയന്തരമായി ആവശ്യമുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ സമൂഹത്തിലെ മുഴുവനാളുകള്‍ക്കും ലഭ്യമാക്കി സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ​ ‘എല്ലാവർക്കും ആരോഗ്യം' എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ആരോഗ്യമേഖലയിലെ മനുഷ്യവിഭവശേഷി, മുതല്‍മുടക്ക്, സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യത തുടങ്ങിയവയുടെ സന്തുലിതവും തുല്യവുമായ വിതരണം, പ്രാഥമികാരോഗ്യ സേവനപരിപാടികളുടെ ജനപങ്കാളിത്തത്തോടുകൂടിയ നിര്‍വഹണം, ആരോഗ്യവകുപ്പിന്റെയും വ്യവസായം, കൃഷി, വിദ്യാഭ്യാസം, തുടങ്ങിയ മറ്റ് വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള സമഗ്ര സമീപനം, ചെലവ് കുറഞ്ഞതും, ജനങ്ങള്‍ക്ക് സ്വീകാര്യമായതും, വേഗത്തില്‍ ലഭ്യവും സമൂഹത്തിലെ മുഖ്യ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകവുമായ സമുചിത സാങ്കേതിക വിദ്യകളുടെ ആവിഷ്‌കാരം എന്നീ സമീപനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാരോഗ്യസേവനം എന്ന കര്‍മ്മപരിപാടിക്ക് ലോകാരോഗ്യസംഘടന രൂപം നല്‍കിയത്. സാമൂഹ്യനീതിയുടെയ്യും തുല്യതയുടെയും (Social Justice, Equity) അടിസ്ഥാനത്തില്‍ വേണം ആരോഗ്യനയരൂപീകരണം നടത്തേണ്ടതെന്നും പ്രഖ്യാപനം നിര്‍ദ്ദേശിച്ചിരുന്നു. ആരോഗ്യമെന്നാല്‍ ശാരീരികവും, മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണെന്നും കേവലം രോഗമോ വൈകല്യമോ ഇല്ലാത്ത അവസ്ഥ മാത്രമല്ലെന്നും (Health is a state of complete physical, mental and social well-being and not merely the absence of disease or infirmity ) പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആരോഗ്യരംഗത്ത് മേധാവിത്വം വഹിച്ചിരുന്ന മാമൂല്‍സമീപനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ലോകരാഷ്ട്രങ്ങള്‍ക്കുമുന്‍പില്‍ അല്‍മ അട്ട പ്രഖ്യാപനം അവതരിപ്പിച്ചത്. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യമേഖലക്ക് പുറത്തുള്ള സമൂഹിക- സാമ്പത്തിക ഘടകങ്ങളുമായുള്ള ബന്ധം അംഗീകരിച്ചുവെന്നതാണ് ഈ സമീപനത്തിന്റെ സവിശേഷത. സമ്പത്തിന്റെ പുനര്‍വിതരണം, വിദ്യാഭ്യാസ നിലവാരവും, ആഹാരലഭ്യതയും ഉറപ്പുവരുത്തല്‍ എന്നിവയിലൂടെ മാത്രമേ എല്ലാവര്‍ക്കും ആരോഗ്യം നേടിയെടുക്കാനാവൂ എന്ന്​ അല്‍മ അട്ട പ്രഖ്യാപനത്തില്‍ വിശദീകരിക്കുന്നു. ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാതെ ഈ ലക്ഷ്യങ്ങളൊന്നും നേടിയെടുക്കാനാവില്ലെന്ന് വ്യക്തമാണ്. രാഷ്ടീയ ഇച്​ഛാശക്തിയുണ്ടെങ്കില്‍ മാത്രമേ ഇതെല്ലാം നടപ്പിലാക്കാന്‍ കഴിയൂ എന്ന് രേഖയില്‍ ഊന്നല്‍ നല്‍കി പ്രസ്താവിച്ചിട്ടുണ്ട്.

ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടും അവര്‍ക്ക് പ്രയോജനകരമായിട്ടും വേണം പ്രാഥമികാരോഗ്യസേവനം നടപ്പിലാക്കാന്‍. ആരോഗ്യമേഖലയിലെ നയരൂപീകരണത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ച് യാതൊരു പങ്കും വഹിക്കാനില്ലെന്നും അത് പ്രത്യേക പരിശീലനം കിട്ടിയ വിദഗ്ദര്‍ നിര്‍വഹിച്ച് കൊള്ളുമെന്ന പരമ്പരാഗത സമീപനത്തില്‍ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണിത്. ഭൂരിപക്ഷം ജനങ്ങളുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രാഥമികാരോഗ്യസേവനത്തിലൂടെ താഴെതലത്തില്‍ നിന്നുതന്നെ ആരംഭിക്കേണ്ടതാണെന്ന സമീപനവും പ്രഖ്യാപനം മുന്നോട്ട് വക്കുന്നു. ആരോഗ്യരംഗത്ത് മേധാവിത്വം വഹിക്കുന്ന കേവലം രോഗചികിത്സയെ മാത്രം അടിസ്ഥാനമാക്കികൊണ്ടുള്ളതും, നഗരാഭിമുഖ്യമുള്ളതും, സ്ഥാപനവല്‍കൃതവുമായ, ചെലവേറിയ സമീപനത്തില്‍ നിന്ന്​ തികച്ചും വ്യത്യസ്തമായ പരിപ്രേക്ഷ്യമാണിത്. ആരോഗ്യമേഖലയുടെ മാത്രമല്ല സമൂഹത്തിന്റെ മൊത്തം വികസനത്തിനുള്ള സങ്കല്പനമാണ് (Philosophy for Comprehensive Social Development) അല്‍മ അട്ട പ്രഖ്യാപനം മുന്നോട്ടുവച്ചതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആരോഗ്യം ജനങ്ങളുടെ മൗലികമായ മനുഷ്യാവകാശമാണെന്നും (Fundamental Human Right) അല്‍മ അട്ട പ്രഖ്യാപനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യത്തിന്റെ സാമൂഹികഉറവിടങ്ങളെ അവഗണിച്ചും സമഗ്ര പ്രാഥമികാരോഗ്യസേവനത്തിന്റെ സ്ഥാനത്ത് പരിമിത ആരോഗ്യസേവനം കര്‍മപദ്ധതിയാക്കിയും ലോകാരോഗ്യസംഘടനയും യൂനിസെഫും 20-ാം നൂറ്റാണ്ടിന്റെ അവസാനം വരെ മുന്നോട്ടുപോയി.

പരിമിത ആരോഗ്യസേവനത്തിലേക്ക്

1980- കളാവുമ്പേഴെക്കും അല്‍മ അട്ട പ്രഖ്യാപനത്തിന്റെ അന്തഃസ്സത്തക്കെതിരായി ഐക്യരാഷ്ട്രസംഘടനയുടെ തന്നെ മറ്റൊരു ഉപഘടകമായ യൂനിസെഫ് (UNICEF: United Nations International Children's Emergency Fund) പരിമിത ആരോഗ്യസേവനത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ കര്‍മപരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. യൂണിസെഫിന്റെ അന്നത്തെ എകിസിക്യൂട്ടീവ് ഡയറക്ടറായിരുന്ന ജെയിംസ് ഗ്രാന്റ് (James Grant: 1922-95) സംഘടിപ്പിച്ച ശിശുക്കള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള ലോകസമ്മേളനത്തില്‍ (World Summit for Children: 1990) അല്‍മ അട്ട പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്രപ്രാഥമികാരോഗ്യസേവനത്തില്‍ നിന്ന്​ പിന്‍വാങ്ങി, പരിമിത പ്രാഥമികാരോഗ്യസേവനം (Selective Primary Health Care) ഔപചാരികമായി അംഗീകരിച്ചു. ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ സാമൂഹിക സാമ്പത്തിക ഘടകങ്ങളില്‍ നിന്ന്​ മാറി മാതൃശിശുസംരക്ഷണം, വാക്‌സിനേഷന്‍ തുടങ്ങിയ ചില മേഖലകളിലുള്ള ഇടപെടലുകളാണ് യൂണിസെഫ് ഇതിലൂടെ മുന്നോട്ടുവച്ചത്. വളര്‍ച്ചാ നിരീക്ഷണം (Growth Monitoring), പാനീയ ചികിത്സ (Oral Rehydration Therapy), മുലയൂട്ടല്‍ (Breast Feeding), ഇമ്മ്യൂണൈസേഷന്‍ (Immunisation) തുടങ്ങിയ നടപടികളിലൂടെ (GOBI: Growth Monitoring, Oral Rehydration Therapy, Breast Feeding, Immunisation) ശൈശവാരോഗ്യം സംരക്ഷിക്കാം എന്ന നിലപാടിലേക്കാണ് യൂനിസെഫ് എത്തിച്ചേര്‍ന്നത്. സ്​ത്രീകളുടെ ആരോഗ്യത്തിനായി സ്​ത്രീവിദ്യാഭ്യാസം (Female Education), ജനനനിയന്ത്രണം (Family Spacing), പൂരകാഹാരം (Food Supplements) എന്നീ പരിപാടികള്‍ക്കാണ് (FFF) ഊന്നല്‍ നല്‍കേണ്ടതെന്ന ആശയം യൂനിസെഫ് മുന്നോട്ടുവെച്ചു. ഇവയുടെ അടിസ്ഥാനത്തിലുള്ള കര്‍മ്മപരിപാടി യൂനിസെഫ് ലോകരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കയും ചെയ്തു. യൂനിസെഫ് മുന്നോട്ട് വച്ച പ്രവര്‍ത്തനപരിപാടികളെല്ലാം പ്രസക്തമാണെന്നതില്‍ സംശയമില്ല. എന്നാല്‍ സമൂഹത്തിന്റെയാകെ ആരോഗ്യം നിലനിര്‍ത്താന്‍ സമഗ്രമായ സാമൂഹ്യമാറ്റം ആവശ്യമാണ് എന്ന അല്‍മ അട്ട സമീപനത്തില്‍ നിന്നുള്ള പിന്മാറ്റമായിരുന്നു പരിമിത പ്രാഥമികാരോഗ്യസേവനം എന്ന ആശയം എന്നത്​ പ്രധാനപ്പെട്ട വസ്തുതയായി അവശേഷിക്കുന്നു.

ജെയിംസ് ഗ്രാന്റ്

ചില സവിശേഷ ആരോഗ്യ സൂചകങ്ങള്‍ (Health Indicators) കൈവരിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു പരിമിത പ്രാഥമികാരോഗ്യ പരിപാടി ആവിഷ്‌കരിക്കരിക്കപ്പെട്ടത്, ഇതാവട്ടെ ജനപങ്കാളിത്തതോടെ താഴെ നിന്ന്​ മുകളിലേക്ക് (Bottom up) എന്ന അല്‍ അട്ട പ്രഖ്യാപനത്തിന്റെ കാതലായ സമീപനത്തില്‍ നിന്ന്​ വിരുദ്ധമായി മുകളില്‍നിന്ന്​ താഴെക്കാണ് (Top Down) യൂനിസെഫ് മുന്നോട്ട് വച്ച പുതിയപരിപാടി സംഘടിപ്പിക്കപ്പെട്ടത്. ലോകാരോഗ്യസംഘടന ബന്ധപ്പെട്ട എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തിരശ്ചീനമായ (Horizontal) കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചതെങ്കില്‍ പലരെയും ഒഴിവാക്കികൊണ്ടുള്ള തികച്ചും ലംബമാനമായ (Vertical) സമീപനമാണ് യൂനിസെഫ് സ്വീകരിച്ചത്. അല്‍മ അട്ടാ പ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കിയിരുന്ന ബഹുനപങ്കാളിത്തം (Peoples Participation), ശാക്തീകരണം (Empowerment), ജനകീയ തീര്‍പ്പുണ്ടാക്കല്‍ (Decision making by people) എന്നിവയെല്ലാം യൂനിസെഫ് രേഖകളില്‍ അപ്രത്യക്ഷമായി.

സാമൂഹികാരോഗ്യത്തിലേക്കും പ്രാഥമികാരോഗ്യസേവനത്തിലേക്കുമുള്ള തിരിച്ചുവരവ്

ആരോഗ്യത്തിന്റെ സാമൂഹികഉറവിടങ്ങളെ അവഗണിച്ചും അല്‍മ-അട്ടാ പ്രഖ്യാപനത്തിന്റെ അന്തഃസത്തയായ സമഗ്ര പ്രാഥമികാരോഗ്യസേവനത്തിന്റെ സ്ഥാനത്ത് പരിമിത ആരോഗ്യസേവനം കര്‍മപദ്ധതിയാക്കിയും ലോകാരോഗ്യസംഘടനയും യൂനിസെഫും 20-ാം നൂറ്റാണ്ടിന്റെ അവസാനം വരെ മുന്നോട്ടുപോയി. ഈ കാലയളവില്‍ തന്നെ ആരോഗ്യമേഖല വികസ്വര രാജ്യങ്ങളില്‍ മാത്രമല്ല വികസിത രാജ്യങ്ങളിലും ഗുരുതര പ്രതിസന്ധികളെ നേരിട്ടുതുടങ്ങി. ലോകബാങ്ക്, അന്തരാഷ്ട്ര നാണയനിധി, ലോകവ്യാപാരസംഘടന തുടങ്ങി പരമ്പരാഗതമായി സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അന്തരാഷ്ട്ര ഏജന്‍സികള്‍ നടപ്പിലാക്കി തുടങ്ങിയ നവ ലിബറല്‍സാമ്പത്തികനയത്തിന്റെ ഭാഗമായി ആരോഗ്യമേഖലയിലും ഇടപെട്ട് തുടങ്ങിയത് ആരോഗ്യപ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതിലേക്ക് നയിച്ചു.

ആരോഗ്യമേഖലയിലെ തുല്യതയില്ലായ്മ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിലൂടെ പലരും രോഗികളായി മാറുകയും അകാല മരണത്തിനിരയാവുകയും ചെയ്യുന്നു.

സാമൂഹ്യാരോഗ്യ കമീഷന്‍ റിപ്പോര്‍ട്ട്

ആരോഗ്യമേഖലയിലുണ്ടായ ഗുരുതര പ്രതിസന്ധി മൂലം ലോകാരോഗ്യസംഘടന, യൂനിസെഫ് തുടങ്ങിയ അന്തരാഷ്ട ആരോഗ്യ ഏജന്‍സികള്‍, തങ്ങള്‍ പിന്തുടര്‍ന്നുവന്നിരുന്ന നയസമീപനങ്ങളും കര്‍മപരിപാടികളൂം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരായി. ഇതേതുടര്‍ന്ന് അനാരോഗ്യത്തിലേക്കും ആരോഗ്യാസമത്വങ്ങളിലേക്കും നയിക്കുന്ന സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് അംഗരാജ്യങ്ങള്‍ക്കും മറ്റ് സഖ്യപ്രസ്ഥാനങ്ങള്‍ക്കും സഹായകരമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ബ്രിട്ടനിലെ വൈറ്റ് ഹാള്‍ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലണ്ടന്‍ യൂണിവേഴ് സിറ്റി കോളേജിലെ രോഗവ്യാപന-പൊതുജനാരോഗ്യ പ്രൊഫസര്‍ മിഷേല്‍ ജിയോഡിയോണ്‍ മര്‍മോട്ട് അദ്ധ്യക്ഷനായി 19 അംഗങ്ങളുള്ള സാമൂഹികാരോഗ്യകമീഷനെ (The Commission on Social Determinants of Health: CSDH) ലോകാരോഗ്യസംഘടന നിയോഗിച്ചു, നോബല്‍ പുരസ്‌കാരജേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്‍ കമീഷനില്‍ അംഗമായിരുന്നു. 2005 മാര്‍ച്ചില്‍ നിലവില്‍ വന്ന കമീഷന്‍ സാമൂഹികാരോഗ്യ ഇടപെടലിലൂടെ ആരോഗ്യാസമത്വം ഒരു തലമുറക്കാലം കൊണ്ട് പരിഹരിക്കുക (Closing the gap in a generation: health equity through action on the social determinants of health) എന്നു പേരിട്ട അന്തിമ റിപ്പോര്‍ട്ട് 2008 ജൂലൈയില്‍ സമര്‍പ്പിച്ചു.

Enter caption

ആരോഗ്യാസമത്വങ്ങള്‍ കുറക്കുക എന്നത് കമീഷനെ സംബന്ധിച്ച്​ ഒരു ധാര്‍മിക പ്രശ്‌നമാണെന്നും സാമൂഹികാസമത്വങ്ങള്‍ വന്‍തോതില്‍ ജനങ്ങളൂടെ ജീവനപഹരിച്ചുകൊണ്ടിരിക്കയാണെന്നും (Reducing health inequities is, for the Commission an ethical imperative. Social injustice is killing people on a grand scale) കമീഷന്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ തന്നെ പ്രഖ്യാപിക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ തുല്യതയില്ലായ്മ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിലൂടെ പലരും രോഗികളായി മാറുകയും അകാല മരണത്തിനിരയാവുകയും ചെയ്യുന്നു. പല രാജ്യങ്ങളിലും ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ആരോഗ്യ നിലവാരം മെച്ചപ്പെടുകയും ചെയ്തുവരുന്നുണ്ട്. എന്നാല്‍, നിരവധി രാജ്യങ്ങളിലെ സ്ഥിതി അതീവ ശോചനീയമാണ്. ഇപ്പോള്‍ ജനിച്ചുവീഴുന്ന ഒരു പെണ്‍കുട്ടിക്ക് 80 വയസ്സിനുമേല്‍ ജീവിച്ചിരിക്കാനുള്ള സാധ്യത ചില രാജ്യങ്ങളിലുള്ളപ്പോള്‍ മറ്റ് ചില രാജ്യങ്ങളില്‍ സ്​ത്രീകളുടെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം 45 വയസ്സിനും താഴെയാണ്. രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ക്കള്ളിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലുമുള്ള സാമൂഹികാസമത്വങ്ങളാണ് ഈ വൈരുദ്ധ്യത്തിന് കാരണം.

രാഷ്ടീയ സാമൂഹിക-സാമ്പത്തിക ശക്തികളാണ് ജനജീവിതത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. ധനിക- ദരിദ്ര ഭേദമില്ലാതെ ജനങ്ങളൂടെയെല്ലാം ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചുവേണം ഒരു രാജ്യത്തിന്റെ പുരോഗതി വിലയിരുത്താന്‍. ആരോഗ്യത്തെ നിര്‍ണയിക്കുന്ന സാമൂഹിക ഘടകങ്ങള്‍ മെച്ചപ്പെടുത്തി, ആരോഗ്യതുല്യത എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും സാക്ഷാത്ക്കരിക്കുന്നതിനായി ഭരണകൂടങ്ങളൂം സന്നദ്ധപ്രസ്ഥാനങ്ങളും ലോകാരോഗ്യസംഘടനയടക്കുമുള്ള ആഗോളഏജന്‍സികളും കൂട്ടായി ശ്രമിക്കണമെന്ന് കമീഷന്‍ ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ആരോഗ്യമേഖല വമ്പിച്ച വളര്‍ച്ച കൈവരിച്ച സാഹചര്യത്തില്‍ ഇപ്പോഴത്തെ തലമുറക്കാലത്തു തന്നെ ആരോഗ്യസമത്വം കൈവരിക്കാന്‍ കഴിയുമെന്ന് കമീഷന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ഇതൊരു പ്രവചനമല്ല ഉല്‍ക്കടമായ അഭിലാഷമാണെന്ന് കമീഷന്‍ വ്യക്തമാക്കുന്നു.

മനുഷ്യരുടെ ജനനം, വളര്‍ച്ച, ജീവിതം, തൊഴില്‍, പ്രായം എന്നിവ പ്രത്യേകം പരിഗണിക്കേണ്ടതാണ്. ആരോഗ്യകരമായ ജീവിതം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് സാമൂഹ്യാസമത്വങ്ങള്‍ വലിയ തടസ്സം സൃഷ്ടിക്കുന്നു.

എല്ലാ വിഭാഗം ജനങ്ങളുടെയും ദൈനംദിന ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക (Improve Daily Living Conditions) , അധികാരത്തിന്റെയും സമ്പത്തിന്റെയും വിഭവങ്ങളുടെയും കാര്യത്തിലുള്ള അസമമായ വിതരണം പരിഹരിക്കുക (Tackle the Inequitable Distribution of Power, Money and Resources), ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും പഠിക്കുകയും പരിഹാര നടപടികളുടെ ഫലം വിലയിരുത്തലിന് വിധേയമാക്കയും ചെയ്യുക (Measure and Understand the Problem and Assess the Impact of Action) എന്നിങ്ങനെയുള്ള മൂന്നിന പരിപാടിയാണ് കമീഷന്‍ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. ഇവയുടെ അടിസ്ഥാനത്തിലുള്ള കര്‍മപരിപാടിയുടെ ഭാഗമായി മനുഷ്യരുടെ ജനനം, വളര്‍ച്ച, ജീവിതം, തൊഴില്‍, പ്രായം എന്നിവ പ്രത്യേകം പരിഗണിക്കേണ്ടതാണ്. ആരോഗ്യകരമായ ജീവിതം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് സാമൂഹ്യാസമത്വങ്ങള്‍ വലിയ തടസ്സം സൃഷ്ടിക്കുന്നു. ശൈശാവസ്ഥ, വിദ്യാഭ്യാസം, തൊഴിലിന്റെ സ്വഭാവം, സാഹചര്യവും, പാര്‍പ്പിടം, ആരോഗ്യസേവനം തുടങ്ങിയ എല്ലാ ഘടകങ്ങളും പരിശോധനാവിഷയമാക്കി വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥയും അസമത്വങ്ങളും പരിഹരിക്കേണ്ടതാണ്. പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസം സൗജന്യമായി എല്ലാവര്‍ക്കും ലഭ്യമാക്കണം. നഗരാസൂത്രണത്തിന്റെയും ഭരണത്തിന്റെയും കേന്ദ്രബിന്ദുവായി ആരോഗ്യ തുല്യതയെ (Health Equity) പ്രതിഷ്ഠിക്കണം. ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ ജീവിതസാഹചര്യങ്ങളിലുള്ള വ്യത്യാസം കണക്കിലെടുത്ത് ഗ്രാമവികസനത്തിന്​ കൂടുതല്‍ വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്.

ആരോഗ്യമേഖലയിലെ ഇടപെടലുകളില്‍ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ പരിമിതപ്പെടുത്തുന്നതിനുള്ള പദ്ധതികളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. പൂര്‍ണ തൊഴിലവസരങ്ങളും ആരോഗ്യകരമായ തൊഴില്‍സാഹചര്യങ്ങളും പൊതുനന്മയെന്ന നിലയില്‍ സര്‍ക്കാര്‍പദ്ധതികളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സാര്‍വ്വത്രികവും സമഗ്രമായ ജീവിതസുരക്ഷാ പദ്ധതികളിലൂടെ എല്ലാവര്‍ക്കും മിനിമം ജീവിതവരുമാനം ഉറപ്പാക്കയും വേണം. ആരോഗ്യപരിപോഷണം, രോഗപ്രതിരോധം, തുല്യത എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രാഥമികതലം മുതല്‍ സാര്‍വ്വത്രികആരോഗ്യസേവനം ഉറപ്പാക്കേണ്ടതാണ്. സര്‍ക്കാര്‍ മേഖലയിലുള്ള പൊതുജനാരോഗ്യ സേവന സംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്. ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങള്‍ പരിപാലിക്കാനുതകുമാറ് ആരോഗ്യമേഖലയിലെ മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തുകയും വിപുലീകരിക്കയും ചെയ്യണം. നടപ്പിലാക്കുന്ന എല്ലാപദ്ധതികളിലും ലിംഗനീതി ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സ്​ത്രീശാക്തികരണവും സ്​ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും കൈവരിച്ചു മാത്രമേ ലിംഗനീതി സാക്ഷാത്ക്കരിക്കാന്‍ കഴിയൂ എന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്. സ്​ത്രീരോഗങ്ങള്‍ക്കും പ്രത്യുല്പാദന ആരോഗ്യത്തിനുമുള്ള (Reproductive Health) സവിശേഷ പദ്ധതികളും ആവിഷ്‌കരിക്കേണ്ടതാണ്.

അന്തിമതീരുമാനങ്ങളെടുക്കുന്ന രാഷ്ടീയ സംവിധാനങ്ങളില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തി മാത്രമേ ആരോഗ്യമേഖലയിലെ സമത്വവും കൈവരിക്കാനാവൂ എന്ന് റിപ്പോര്‍ട്ട് ഊന്നി പറയുന്നുണ്ട്. ആഗോളതലത്തില്‍, ആരോഗ്യതുല്യത കൈവരിക്കുന്നതില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ഐക്യദാര്‍ഢ്യവും അവശ്യമായ മുന്നുപാധിയാണ്. ലോകാരോഗ്യസംഘടനയെ ശക്തിപ്പെടുത്തുകയും സംഘടനയുടെ എല്ലാതലങ്ങളിലും ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങള്‍ സംരക്ഷിക്കുന്നതിന്റെ അട്രിസ്ഥാനത്തിലുള്ള കര്‍മപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചില രോഗങ്ങളുടെ ചികിത്സ ലക്ഷ്യമാക്കി മാത്രമാണ് മിക്ക രാജ്യങ്ങളിലേയും ആരോഗ്യമേഖല പ്രവര്‍ത്തിച്ചുവരുന്നത്. അടുത്തകാലത്ത് ലോകവ്യാപകമായുണ്ടായ പല രോഗവ്യാപനത്തിന്റെയും കാരണം ഈ തലതിരിഞ്ഞ സമീപനമാണ്.

പ്രാഥമികാരോഗ്യസേവനം റിപ്പോര്‍ട്ട്

സാമൂഹികാരോഗ്യ കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2008- ല്‍ തന്നെ ലോകാരോഗ്യസംഘടന 2008 ലെ ലോകാരോഗ്യ റിപ്പോര്‍ട്ടായി (World Health Report) അല്‍മ-അട്ട പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കുന്ന ‘പ്രാഥമികാരോഗ്യസേവനം ഇപ്പോള്‍ എന്നത്തേക്കാളും പ്രധാനം' (Primary Health Care Now More Than Ever) എന്ന സുപ്രധാന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2006- ല്‍ ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റ, പ്രാഥമികാരോഗ്യസേവനത്തില്‍ പ്രതിബന്ധയായ ചൈനീസ് കനേഡിയന്‍ ഡോക്ടര്‍, മാര്‍ഗററ്റ് ചാന്‍ (Margaret Chan Fung Fu-chun: 1947-) പ്രത്യേക താത്പര്യമെടുത്താണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആഗോളവല്‍ക്കരണ നയങ്ങള്‍ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവരുന്ന സാഹചര്യത്തില്‍ അംഗരാജ്യങ്ങളൂടെ താത്പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതെന്ന് ആമുഖ കുറിപ്പില്‍ മാര്‍ഗററ്റ് ചാന്‍ വ്യക്തമാക്കുന്നുണ്ട്. സാമാന്യം ദീര്‍ഘമായ റിപ്പോര്‍ട്ടില്‍ ലോകരാജ്യങ്ങള്‍ സമകാലികമായി നേരിടുന്ന ആരോഗ്യവെല്ലുവിളികള്‍ കണക്കുകളുടെയും ചാര്‍ട്ടുകളുടേയും സഹായത്തോടെ വിശദമാക്കുന്നുണ്ട്. പൊതുവില്‍ കാര്യങ്ങള്‍ പറഞ്ഞുപോവുന്ന രീതിയല്ല റിപ്പോര്‍ട്ട് പിന്തുടരുന്നത്. വിവിധ ആരോഗ്യസൂചികളുടെ അടിസ്ഥാനത്തില്‍ വികസ്വര-വികസിത രാജ്യങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും എന്തോക്കെയെ വസ്തുനിഷ്ടമായി വിശകലനം ചെയ്യുന്ന ആധികാരിക രോഗകൂടിയാണീറിപ്പോര്‍ട്ട്.

അസ്താന പ്രഖ്യാപനം: പ്രാഥമികാരോഗ്യ സേവനത്തിന്റെ മൂന്നാം തരംഗം.

ലോകാരോഗ്യ സംഘടന 2018 ഒക്ടോബര്‍ 25-26 തീയതികളില്‍ കസാക്കിസ്ഥാന്റെ തലസ്ഥാനമായ അസ്താനയില്‍ സംഘടിപ്പിച്ച സാര്‍വദേശീയ സമ്മേളനം (Global Conference on Primary Health Care) പ്രാഥമികാരോഗ്യസേവനത്തിന്റെ മൂന്നാം തരംഗത്തിന് തുടക്കം കുറിച്ചിരിക്കയാണ്. അല്‍മ-അട്ടയില്‍ നിന്ന് സാര്‍വത്രിക ആരോഗ്യപരിരക്ഷയിലേക്കും സുസ്ഥിര വികസനലക്ഷ്യങ്ങളിലേക്കും പ്രാഥമികാരോഗ്യസേവനത്തെക്കുറിച്ചുള്ള ആഗോള സമ്മേളനം എന്നാണ് സമ്മേളനം നാമകരണം ചെയ്യപ്പെട്ടത് 1978 സെപ്തംബര്‍ 6 മുതല്‍ 12 വരെ അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായ കസാക്കിസ്ഥാനിലെ അല്‍മ-അട്ടായില്‍ ലോകാരോഗ്യസംഘടന സംഘടിപ്പിച്ച സാര്‍വ്വദേശീയ സമ്മേളനമാണ് പ്രാഥമികാരോഗ്യസേവനമെന്ന ആശയം ലോകരാജ്യങ്ങള്‍ക്കുമുന്‍പില്‍ ആദ്യമായി അവതരിപ്പിച്ചത്. പ്രാഥമികാരോഗ്യസേവനത്തിന് ഇപ്പോള്‍ എന്നത്തേക്കാളും പ്രാധാന്യമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള രേഖ (Primary Health Care: Now More than Ever) ലോകാരോഗ്യസംഘടന അല്‍മ-അട്ടാ പ്രഖ്യാപനത്തിന്റെ മുപ്പതാം വാര്‍ഷികമായ 2008 ല്‍ പ്രസിദ്ധീകരിച്ചതോടെ പ്രാഥമികാരോഗ്യസേവനത്തിന്റെ രണ്ടാം തരംഗം ആരംഭിച്ചിരുന്നു. അല്‍മ-അട്ടാ സമ്മേളനത്തിന്റെ 40-ാം വാര്‍ഷികത്തിലാണ് അസ്താന സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.

കഴകസ്ഥാന്റെ തലസ്ഥാനമായ അസ്താനയില്‍ സംഘടിപ്പിച്ച സാര്‍വദേശീയ സമ്മേളനത്തിൽ നിന്ന്

സര്‍ക്കാരുകളുടെയും ആഗോള ആരോഗ്യ ഏജന്‍സികളുടെയും സന്നദ്ധസംഘടനകളുടെയും പ്രതിനിധികളും അക്കാദമിക്ക് വിദഗ്ദരും യുവജനങ്ങളുമായി 1200 പ്രതിനിധികള്‍ അസ്താന സമ്മേളനത്തില്‍ പങ്കെടുത്തു. പ്രാഥമികാരോഗ്യസേവനത്തെ സംബന്ധിച്ച് മുന്‍കാലങ്ങളിലേതിനെക്കാള്‍ കൂടുതല്‍ സമഗ്രമായ സമീപനമാണ് അസ്താന സമ്മേളനം അംഗീകരിച്ച പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആരോഗ്യമേഖലയില്‍ വമ്പിച്ച മുന്നേറ്റം മിക്ക ലോകരാജ്യങ്ങളും കൈവരിച്ചിട്ടുണ്ടെങ്കിലും ഒട്ടനവധി വെല്ലുവിളികളും പ്രതിസന്ധികളും ഉയര്‍ന്നു വന്നിട്ടുണ്ടെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. പ്രാഥമികാരോഗ്യസേവനത്തിലൂന്നിയ സമീപനത്തിലൂടെ മാത്രമേ ഇവ പരിഹരിക്കാന്‍ കഴിയൂ. സാര്‍വ്വത്രികാരോഗ്യ പരിരക്ഷയും (Universal Health Care), സുസ്ഥിര വികസനലക്ഷ്യങ്ങളും (Sustainable Development Goals) കൈവരിക്കുന്നതിന്​ പ്രാഥമികാരോഗ്യസേവനം ശക്തിപ്പെടുത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും എല്ലായിടത്തും സാധ്യമായ ഏറ്റവും ഉയര്‍ന്ന ആരോഗ്യനിലവാരം കൈവരിക്കാന്‍ കഴിയണമെന്ന് പ്രഖ്യാപനത്തില്‍ ഊന്നിപ്പറയുന്നു.

1978 ലെ അല്‍മാ അട്ടാ സമ്മേളനം ‘എല്ലാവര്‍ക്കും ആരോഗ്യം 2000- മാണ്ടോടെ’ എന്ന് പ്രഖ്യാപിച്ചെങ്കിലും ചിലര്‍ക്കുമാത്രം ആരോഗ്യസേവനം ലഭ്യമാക്കാനെ ഇതുവരെ കഴിഞ്ഞിട്ടുള്ളു എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോം അദിനോസ് ഗബ്രിയോസസ് (Tedros Adhanom Ghebreyesus: 1965-) വ്യക്തമാക്കി. ലോകത്ത് പകുതിയോളം ജനങ്ങള്‍ക്ക് മാത്രമേ പകര്‍ച്ച - പകര്‍ച്ചേതര രോഗപരിചരണം, മാതൃശിശു സംരക്ഷണം, മാനസികാരോഗ്യ ചികിത്സ എന്നിവ ലഭിക്കുന്നുള്ളു. സമഗ്ര പ്രാഥമികാരോഗ്യസേവനത്തിനായി ലോകരാജ്യങ്ങള്‍ കൂടുതല്‍ വിഭവം മാറ്റിവക്കേണ്ടതായിട്ടുണ്ട്. ചില രോഗങ്ങളുടെ ചികിത്സ ലക്ഷ്യമാക്കി മാത്രമാണ് മിക്ക രാജ്യങ്ങളിലേയും ആരോഗ്യമേഖല പ്രവര്‍ത്തിച്ചുവരുന്നത്. അടുത്തകാലത്ത് ലോകവ്യാപകമായുണ്ടായ പല രോഗവ്യാപനത്തിന്റെയും കാരണം ഈ തലതിരിഞ്ഞ സമീപനമാണ്. തടയാന്‍ കഴിയുന്ന രോഗങ്ങള്‍ മൂലം 60 ലക്ഷം കുട്ടികളാണ് അഞ്ചുവയസ്സെത്തുന്നുന്നതിന് മുന്‍പ് മരിക്കുന്നതെന്ന്​ യുനിസെഫിന്റെ അന്നത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റിയേറ്റ ഫോര്‍ (Henrietta Holsman Fore: 1948- ) സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 15 കോടി കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരായിട്ടുണ്ട്. ആരോഗ്യസേവനത്തെ, അതാവശ്യമുള്ള ജനങ്ങളുടെ അടുത്തെത്തിച്ചു മാത്രമേ ഈ ദുഃസ്ഥിതി പരിഹരിക്കാനാവൂ. പ്രാഥമികാരോഗ്യസേവനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതിതാണ്.

ഉചിതമായ പരിശീലനം ലഭിച്ച നൈപുണ്യവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ആര്‍ദ്രതയോടും മാന്യതയോടും ബഹുമാനത്തോടും കൂടി ഗുണമേന്മയുള്ളതും സുരക്ഷിതവും സമഗ്രവും ഏകോപിതവുമായ പ്രാഥമികാരോഗ്യസേവനം എല്ലാവര്‍ക്കും എല്ലായിടങ്ങളിലും ലഭ്യമാക്കേണ്ടതാണ്.

എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്​ അല്‍മ-അട്ട പ്രഖ്യാപനത്തോടും 2030-ഓടെ സാക്ഷാത്ക്കരിക്കേണ്ട സുസ്ഥിര വികസനലക്ഷ്യങ്ങളോടും അസ്താന സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഭരണാധികാരികളും പൊതുസമൂഹവും ആരോഗ്യാവശ്യങ്ങളുടെ മുന്‍ഗണന നിശ്ചയിച്ച് ജനങ്ങളുടെ ആരോഗ്യവും സുസ്ഥിതിയും ശക്തമായ പൊതുജനാരോഗ്യസംവിധാനത്തിലൂടെ സംരക്ഷിക്കേണ്ടതാണെന്ന് അസ്താന പ്രഖ്യാപനം വ്യക്തമാക്കുന്നു. ഉചിതമായ പരിശീലനം ലഭിച്ച നൈപുണ്യവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ആര്‍ദ്രതയോടും മാന്യതയോടും ബഹുമാനത്തോടും കൂടി ഗുണമേന്മയുള്ളതും, സുരക്ഷിതവും, സമഗ്രവും ഏകോപിതവുമായ പ്രാഥമികാരോഗ്യസേവനം എല്ലാവര്‍ക്കും എല്ലായിടങ്ങളിലും ലഭ്യവും പ്രാപ്യവുമാക്കേണ്ടതാണ്. ആരോഗ്യദായകമായ പരിസ്ഥിതി സജ്ജമാക്കാനും നിലനിര്‍ത്താനും ഭരണാധികാരികളും സമൂഹവും ശ്രമിക്കേണ്ടതാണ്. ഈ സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ദേശീയആരോഗ്യനയം സാക്ഷാത്ക്കരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും പിന്തുണയും സഹകരണവും നല്‍കേണ്ടതാണ്.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍

ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കിയ സഹസ്രാബ്ദലക്ഷ്യങ്ങളെ (Millennium Development Goals) തുടര്‍ന്ന്, 2015- ലാരംഭിച്ച് 2030- ല്‍ സാക്ഷാത്ക്കരിക്കേണ്ട സുസ്ഥിര വികസനലക്ഷ്യങ്ങള്‍ (Sustainable Development Goals) മിക്ക ലോകരാജ്യങ്ങളും പ്രാദേശിക സൂചികകളുടെ അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രതിബദ്ധതയോടെ നടപ്പിലാക്കാന്‍ ശ്രമിച്ചുവരികയാണ്. ഐക്യരാഷ്ട്രസഭയുടെ 193 അംഗരാജ്യങ്ങളും മറ്റ് 23 അന്തര്‍ദേശീയ സംഘടനകളും, 2000 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഒത്തുചേര്‍ന്നുനടത്തിയ സഹസ്രാബ്ദ ഉച്ചകോടിയുടെ (Millennium Summit 2000) സഹസ്രാബ്ദപ്രഖ്യാപനം (Millennium Declaration ) അനുസരിച്ച് എട്ട് സഹസ്രാബ്ദ വികസനലക്ഷ്യങ്ങള്‍ 2015 ആവുമ്പോഴേക്കും ലോകരാജ്യങ്ങള്‍ നേടിയിരിക്കണമെന്ന് തീരുമാനിച്ചിരുന്നു. ആരോഗ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഉറവിടങ്ങള്‍ കണക്കിലെടുത്തവയായിരുന്നു. ഇവയില്‍ മിക്ക ലക്ഷ്യങ്ങളും.

ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക, സാര്‍വത്രിക പ്രാഥമികവിദ്യാഭ്യാസം ഉറപ്പാക്കുക, ലിംഗസമത്വവും സ്​ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുക, ശിശുമരണനിരക്ക് കുറക്കുക, ഗര്‍ഭിണികളുടെ ആരോഗ്യം പരിരക്ഷിക്കുക., എച്ച് ഐ വി/എയ്ഡ്സ്, മലേറിയ തുടങ്ങിയ രോഗങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുക, സുസ്ഥിര വികസനം ഉറപ്പുവരുത്തുക, വികസന കാര്യങ്ങളില്‍ സാര്‍വ്വരാജ്യ സഹകരണം ഉറപ്പാക്കുക എന്നിവയായിരുന്നു ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച 8 വികസനലക്ഷ്യങ്ങള്‍. മിക്ക അംഗരാജ്യങ്ങളും ഏറിയും കുറഞ്ഞും സഹസ്രാബ്ദ വികസനലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതില്‍ വിജയിച്ചു എന്നാണ് വിലയിരുത്തപ്പെട്ടത്.

PHOTO: UNICEF

സഹസ്രാബ്ദ വികസനലക്ഷ്യങ്ങള്‍ ഭാഗികമായിട്ടാണെങ്കിലും വിജയിച്ചതിനെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ജനറല്‍അസംബ്‌ളി 2015- ല്‍ചേര്‍ന്ന് 2030- ഓടെ കൈവരിക്കേണ്ട 17 ലക്ഷ്യങ്ങള്‍ ‘സുസ്ഥിര വികസനലക്ഷ്യങ്ങള്‍ (അജണ്ട 2030)’ എന്ന പേരില്‍ പ്രഖ്യാപിച്ചു. ദാരിദ്ര്യമില്ലായ്മ, വിശപ്പുരാഹിത്യം, മികച്ച ആരോഗ്യവും സുസ്ഥിതിയും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധജലവും ശുചിത്വവും, പ്രാപ്തവും നിര്‍മ്മലവുമായ ഊര്‍ജ്ജം, ഉചിതജോലിയും സാമ്പത്തിക വളര്‍ച്ചയും, വ്യവസായനവീകരണം, അടിസ്ഥാന സൗകര്യവികസനം,, സാമൂഹികാസമത്വം കുറക്കല്‍, സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും, ഉത്തരവാദിത്ത ഉപഭോഗവും ഉല്‍പാദനവും, കാലാവസ്ഥാനടപടികള്‍, ജല-കര ജീവിതം മെച്ചപ്പെടുത്തല്‍, സമാധാന-നീതി പരിപാലനസ്ഥാപനങ്ങള്‍, ലക്ഷ്യപ്രാപ്തിക്കുള്ള ഐക്യദാര്‍ഢ്യം എന്നിവയാണ് സുസ്ഥിര വികസനലക്ഷ്യങ്ങള്‍. സഹസ്രാബ്ദ വികസനലക്ഷ്യങ്ങളുടെ കാര്യത്തിലേന്നപോലെ സുസ്ഥിര വികസനലക്ഷ്യങ്ങളിലും മിക്കവയും ആരോഗ്യപരിപാലവുമായി പ്രത്യക്ഷമായും പരോക്ഷവുമായി ബന്ധപ്പെട്ടവയാണ്.

സുസ്ഥിര വികസനലക്ഷ്യങ്ങളില്‍ മൂന്നാമത്തേത് (നല്ല ആരോഗ്യവും സുസ്ഥിതിയും- Good Health and Well-being) ആരോഗ്യസംരക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച്​ എല്ലാവര്‍ക്കും എല്ലാ പ്രായത്തിലും ആരോഗ്യകരമായ ജീവിതവും സൗഖ്യവും ഉറപ്പുവരുത്തേണ്ടതുണ്ട്. സുസ്ഥിര വികസന ലക്ഷ്യം 28 സൂചികകളുടെ (Indicators) അടിസ്ഥാനത്തില്‍ 13 ഉപലക്ഷ്യങ്ങള്‍ (Targets) ഉള്‍പ്പെടുത്തിയിട്ടുള്ളവയാണ്. മാതൃമരണനിരക്ക് കറക്കുക, അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ ഒഴിവാക്കാന്‍ കഴിയുന്ന എല്ലാ മരണങ്ങളും തടയുക, പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുക, പകര്‍ച്ചേതര രോഗ മരണനിരക്ക് കുറക്കുക, മാനസികാരോഗ്യം പരിപോഷിപ്പിക്കുക, മയക്കുമരുന്ന്​ ഉപയോഗം തടയുക, വാഹനാപകടപരിക്കുകളും മരണവും കുറക്കുക, ലൈംഗിക-പ്രത്യുല്പാദന-കുടുംബക്ഷേമ സേവനങ്ങള്‍ സാര്‍വ്വത്രികമായി ലഭ്യമാക്കുക, സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, മലിനീകരണവും ഹാനികരങ്ങളായ രാസവസ്തുക്കളും വഴിയൂള്ള രോഗങ്ങളും മരണവും കുറക്കുക, എന്നിവയാണ് ലക്ഷ്യങ്ങൾ.

ലോകാരോഗ്യസംഘടനയുടെ പുകവലി നിയന്ത്രണ കണ്‍വന്‍ഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കല്‍, അവശ്യമരുന്നുകളും വാക്‌സിനുകളും ലഭ്യമാക്കാനുള്ള ഗവേഷണവും ഉല്പാദനവും പ്രോത്സാഹിപ്പിക്കല്‍, ആരോഗ്യവിഹിതം വര്‍ധിപ്പിക്കല്‍, ആരോഗ്യമേഖലയിലെ മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കല്‍, ആരോഗ്യാപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഈ ലക്ഷ്യങ്ങള്‍ നടപ്പിലാക്കേണ്ടത്. കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ക്കോരോന്നിനും എല്ലാ രാജ്യങ്ങളും സ്വീകരിക്കേണ്ട സൂചികകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മാതൃമരണനിരക്ക് 70 ആയും (ഒരു ലക്ഷത്തില്‍) അഞ്ചുവയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് 25 ആയും (ആയിരത്തില്‍), നവജാത ശിശുമരണനിരക്ക് 12 ആയും കുറച്ചിരിക്കേണ്ടതാണ്. ഓരോ രാജ്യത്തിന്റെയും പ്രദേശത്തിന്റെയും ആരോഗ്യനിലവാരമനുസരിച്ച് സവിശേഷ സൂചികകള്‍ നിശ്ചയിക്കാവുന്നതാണ്. പലരാജ്യങ്ങളും 2020 ലും 2030 ലുമായി കൈവരിക്കേണ്ട സൂചികകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാമാരികള്‍ ഒരു ആരോഗ്യപ്രശ്‌നം മാത്രമല്ല, സാമൂഹ്യ- സാമ്പത്തിക പ്രശ്‌നം കൂടിയാണ്. രോഗവാസ്ഥയുണ്ടാക്കുന്ന തൊഴിലില്ലായ്മയും മറ്റും വലിയൊരു ജനസമൂഹത്തെ ദരിദ്രവല്‍ക്കരണപ്രക്രിയക്ക് വിധേയരാക്കുന്നു.

കോവിഡ് കാലാനുഭവങ്ങള്‍

കോവിഡ് മഹാമാരി കെട്ടടങ്ങിത്തുടങ്ങിയ സാഹചര്യത്തില്‍ കോവിഡ് സൃഷ്ടിച്ച സാമൂഹികപ്രത്യാഘാതങ്ങള്‍ വിവിധമേഖലകളിലെ വിദഗ്ദരും ഏജന്‍സികളും പഠനവിധേയമാക്കിവരികയാണ്. മഹാമാരികള്‍ സമൂഹത്തിലെ ഉച്ചനീചത്വമില്ലാതെ എല്ലാ ജനവിഭാഗങ്ങളേയും ഒരേപോലെ ബാധിക്കുന്ന പ്രതിഭാസങ്ങളാണെന്ന് കരുതുന്നവരുണ്ട്. ഒരു നിരീക്ഷകൻ പ്രഖ്യാപിച്ചിട്ടുള്ളത്, 'മഹാമാരികള്‍ ദരിദ്രരേയും ധനികരേയും രാജാക്കന്മാരെയും ചക്രവര്‍ത്തികളെയും ഫറവോമാരെയും പ്രവാചകരേയും ഒരേപോലെ ബാധിക്കുന്നു' (Pandemics affect the Rich and the Poor, the Kings and the Emperors., the Pharaohs and the Prophets) എന്നാണ്. വ്യക്തിതലത്തില്‍ പകര്‍ച്ചവ്യാധികള്‍ ധനികരേയും ബാധിച്ചുവെന്ന് വരാം. കോവിഡ് ചില ഭരണാധികളെയും പ്രശസ്ത വ്യക്തികളേയും ബാധിക്കുകയുണ്ടായല്ലോ. എന്നാല്‍ സമൂഹം മൊത്തമെടുക്കുമ്പോള്‍ കോളറയും ക്ഷയരോഗവും പോലുള്ള മഹാമാരികള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ദരിദ്രരെയാണ് കൂടുതല്‍ ബാധിച്ചിട്ടുള്ളത്. പല രോഗങ്ങള്‍ക്കും അടിസ്ഥാനകാരണം അതിന് വിധേയരാവുന്നവരുടെ ദരിദ്രാവസ്ഥയാണ്. ദാരിദ്രവും പോഷണക്കുറവും ദുസ്സഹമായ ജീവിതസാഹചര്യങ്ങളുമാണ് ഇവരെ രോഗങ്ങള്‍ക്ക് വിധേയരാക്കുന്നത്. മാത്രമല്ല, മഹാമാരികള്‍ ഒരു ആരോഗ്യപ്രശ്‌നം മാത്രമല്ല, സാമൂഹ്യ- സാമ്പത്തിക പ്രശ്‌നം കൂടിയാണ്. രോഗവാസ്ഥയുണ്ടാക്കുന്ന തൊഴിലില്ലായ്മയും മറ്റും വലിയൊരു ജനസമൂഹത്തെ ദരിദ്രവല്‍ക്കരണപ്രക്രിയക്ക് വിധേയരാക്കുന്നു. ദാരിദ്ര്യം മൂലം രോഗവും, രോഗം മൂലം ദാരിദ്ര്യവും എന്ന വിഷമവൃത്തിലാണവര്‍. സാമ്പത്തികസ്ഥിതി മാത്രമല്ല ലിംഗം, വര്‍ണം, വംശം, വാര്‍ധക്യം തുടങ്ങിയ ദോഷാവസ്ഥയും (Vulnerability) പകര്‍ച്ചവ്യാധികള്‍ വിവിധ ജനവിഭാഗങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ വ്യത്യസ്ഥമാക്കുകയും കടുത്ത അസമത്വങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. എപ്പോഴും കടുത്ത ദുരിതമനുഭവിക്കുന്നവര്‍ സാമൂഹ്യ പിന്നാക്കവസ്ഥയിലുള്ളവരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും വിവിധ കാരണങ്ങളാല്‍ വിവേചനം നേരിടുന്നവരുമായിരിക്കും.

PHOTO: UNICEF

കോവിഡുകാലാനുഭവങ്ങള്‍ ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീഴ്​ത്തുന്നുണ്ട്. ലോക മാധ്യമങ്ങള്‍ കോവിഡിന്റെ ആദ്യഘട്ടത്തില്‍ മഹാമാരി വിവേചനമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ഒരുമിച്ചാണെന്നും (We're all in this together) അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കോവിഡ്ബാധിതരുടെ സാമൂഹ്യസ്വഭാവം പരിശോധിക്കുമ്പോള്‍ വ്യത്യസ്​ത ചിത്രമാണ് ലഭിക്കുന്നത്. സമ്പന്ന രാജ്യങ്ങള്‍ക്കുള്ളില്‍ കോവിഡ് കൂടുതലായി ബാധിച്ചത് ദരിദ്രരേയും തൊഴിലാളികളേയും ന്യൂനപക്ഷ വംശജരേയും, കറുത്ത വർഗക്കാരെയുമായിരുന്നു. ബ്രിട്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് വിവിധ ജനവിഭാഗങ്ങളുടെ രോഗബാധയുടെ വിവരം ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനസംഖ്യയില്‍ 15 ശതമാനം വരുന്ന കറുത്തവര്‍, ഏഷ്യക്കാര്‍, ന്യൂനപക്ഷ വംശ വിഭാഗത്തില്‍ പെട്ടവരാണ് (Black, Asian, Minority Ethnic: BAME) മരിച്ചവരിൽ 19 ശതമാനവും. വെള്ളക്കാരെക്കാള്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരിലെ മരണനിരക്ക് ഇരട്ടിയായി കാണപ്പെട്ടു. മറ്റൊരു പഠനമനുസരിച്ച് വെള്ളക്കാരെക്കാള്‍ കറുത്തവര്‍ക്ക് 71 ശതമാനവും ഏഷ്യക്കാര്‍ക്ക് 62 ശതമാനവും മരണസാധ്യത കൂടുതലാണെന്ന് വ്യക്തമായി. അമേരിക്കയില്‍ രോഗം കൂടുതലായി കാണപ്പെട്ടതും മരിച്ചതും കറുത്തവര്‍, ലാറ്റിനോസ്, തദ്ദേശീയ അമേരിക്കക്കാര്‍, ഏഷ്യന്‍ അമേരിക്കക്കാര്‍ എന്നിവരായിരുന്നു. വംശീയതയും അസമത്വവും കോവിഡ് മരണനിരക്ക് വര്‍ധിപ്പിച്ച് പ്രതിസന്ധിക്കുള്ളിലെ പ്രതിസന്ധിയായും (Crisis within a Crisis), മഹാമാരിക്കുള്ളിലെ മഹാമാരിയായും (Pandemic within a Pandemic) മാറിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ നിരീക്ഷിച്ചു.

കോവിഡ് കാലത്ത് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായപ്പോള്‍ ദശലക്ഷക്കണക്കിനാളുകള്‍ തൊഴിലും ജീവനോപാധികളും നഷ്ടപ്പെട്ട് ദാരിദ്ര്യവും പട്ടിണിയുമൂലം അതീവ ദുരിതം അനുഭവിക്കേണ്ടിവന്നു. തൊഴിലിന്റെയും വരുമാന സുരക്ഷയുടെയും പ്രാധാന്യത്തെ സംബന്ധിച്ച് കോവിഡുകാലം ഒരിക്കല്‍ കൂടി ജാഗ്രതപ്പെടുത്തുന്നുണ്ട്. പരിസ്ഥിതി തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും എറ്റവും പ്രതികൂലാഘാതം സൃഷ്ടിക്കുന്നത് പിന്നാക്ക സമൂഹങ്ങളിലാണ്. മഹാമാരികള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതും പരിസ്ഥിതിന്മേലുള്ള കൈയേറ്റങ്ങളാണ്. കോവിഡ് അനുഭവത്തിന്റെയും കൂടി അടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനുള്ള മൂര്‍ത്ത നടപടികള്‍ ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കേണ്ടതാാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിനീതിക്കുവേണ്ടിയുള്ള പൊരുതലും അസമത്വത്തിനെതിരായ പോരാട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. സാര്‍വ്വത്രിക ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെന്നും പൊതുജനാരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നുമാണ് കോവിഡ്കാലാനുഭവം മുന്നറിയിപ്പ്‌ നല്‍കുന്നത്. അതോടൊപ്പം തൊഴില്‍, വരുമാനം, ഭക്ഷണം തുടങ്ങിയ അതിജീവനഘടകങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള സാമൂഹ്യസുരക്ഷസംവിധാനങ്ങള്‍ (Social Security) എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉറപ്പാക്കേണ്ടതുണ്ടെന്നും കോവിഡ് കാലം പഠിപ്പിക്കുന്നു.

മനുഷ്യരുടെ ആരോഗ്യം മാത്രമല്ല, മൃഗങ്ങളൂടെ ആരോഗ്യവും ആവാസവ്യവസ്ഥയും പരിഗണിച്ചും പരിസ്ഥിതി സംരക്ഷിച്ചുമുള്ള ‘ഏകലോകം, ഏകാരോഗ്യം' എന്ന ആശയം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

ഏകലോകം, ഏകാരോഗ്യം

മഹാമാരികളില്‍ ഭൂരിപക്ഷവും മൃഗങ്ങളില്‍ നിന്ന്​ മനുഷ്യരിലെത്തിയ ജന്തുജന്യരോഗങ്ങളാണ്. (Zoonoses) മറ്റ് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ വനനശീകരണത്തിന്റെയും വികസനപ്രവര്‍ത്തനങ്ങളുടെയും മറ്റും ഫലമായി നശിപ്പിക്കപ്പെട്ടുവരുന്നതു മൂലം പല ജന്തുജാലങ്ങള്‍ക്കും മനുഷ്യവാസസ്ഥലങ്ങളിലേക്ക് കുടിയേറേണ്ടിവരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള മാംസവ്യവസായത്തിന്റെ ഭാഗമായി മൃഗങ്ങളുമായി മനുഷ്യര്‍ക്ക് കൂടുതല്‍ അടുത്ത് ബന്ധപ്പെടേണ്ടിവരുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി മൃഗങ്ങളുടെ ശരീരത്തില്‍ പലപ്പോഴും അവക്ക് രോഗമുണ്ടാക്കാതെ കഴിയുന്ന വൈറസുകള്‍ മനുഷ്യരിലേക്ക് നേരിട്ടോ, മറ്റ് ജന്തുക്കളിലെത്തി ജനിതക വ്യതിയാനത്തിലൂടെ രോഗവ്യാപന സാധ്യതയും തീവ്രതയും വര്‍ധിച്ച് മനുഷ്യരിലെത്തി പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുകയോ ചെയ്യുന്നു. സാര്‍ഴ് സും കോവിഡും ചൈനയില്‍ ഉത്ഭവിച്ചത് വന്യമൃഗ കമ്പോളങ്ങളില്‍ (Wet markets) നിന്നായിരുന്നു. പരിസ്ഥിതി വിനാശത്തിന്റെ ഫലമായുണ്ടാവുന്ന കാലാവസ്ഥാവ്യതിയാനവും (Climate Change) രോഗാവിര്‍ഭാവത്തിനും രോഗവ്യാപനത്തിനും അനുകൂല സാഹചര്യമൊരുക്കുന്നു. ഇതെല്ലാം കണക്കിലെടുത്ത് മനുഷ്യരുടെ ആരോഗ്യം മാത്രമല്ല മൃഗങ്ങളൂടെ ആരോഗ്യവും ആവാസവ്യവസ്ഥയും പരിഗണിച്ചും പരിസ്ഥിതി സംരക്ഷിച്ചുമുള്ള ‘ഏകലോകം, ഏകാരോഗ്യം' എന്ന ആശയം (One World One Health) ലോകമെമ്പാടും അംഗീകരിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

സാമൂഹികാരോഗ്യം കൂടുതല്‍ സമഗ്രതയിലേക്ക്

1978 ലെ അല്‍മ-അട്ട കാലഘട്ടത്തില്‍ നിന്ന്​ 2018-ലെ അസ്താന പ്രഖ്യാപന കാലത്തെത്തുമ്പോള്‍ വികസിത-വികസ്വര വ്യത്യാസമില്ലാത ലോകരാജ്യങ്ങള്‍ നേരിട്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളെ തരണം ചെയ്യുന്നതിനുള്ള കൂടുതല്‍ സമഗ്രമായ നിരവധി കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ പ്രധാനപ്പെട്ട സാര്‍വത്രികാരോഗ്യ പരിരക്ഷയും, സുസ്ഥിര വികസനലക്ഷ്യങ്ങളും ആരോഗ്യത്തിന്റെ സാമൂഹികഉറവിടങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള പ്രാഥമികാരോഗ്യ സേവനത്തെ അടിസ്ഥാനമാക്കി വേണം നടപ്പിലാക്കാന്‍ എന്ന് അസ്താന പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യ പരിപാലനം, ആരോഗ്യ വിദ്യാഭ്യാസം, രോഗപ്രതിരോധം, രോഗചികിത്സ, സാന്ത്വന പരിചരണം, പുനരധിവാസം എന്നിവയെല്ലാം സമന്വയിപ്പിച്ചുവേണം സാര്‍വത്രികാരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ടത്. പോഷകാഹാരം, ശുദ്ധജലം, പാര്‍പ്പിടം, വിദ്യാഭ്യാസം, ശുചിത്വം, , ശുദ്ധവായു, പ്രാരംഭചികിത്സ എന്നിവ ലഭ്യമാക്കികൊണ്ടുള്ള പ്രാഥമികാരോഗ്യസേവനമായിരിക്കണം സാര്‍വ്വത്രികാരോഗ്യപരിരക്ഷയുടെ അടിത്തറ. അസ്താന സമ്മേളത്തിനുശേഷം ലോകം കടന്നുപോയ കോവിഡ് കാല അനുഭവങ്ങളെ തുടര്‍ന്ന്, അന്താരാഷ്ട്ര ഐക്യദാര്‍ഢ്യവും (International Solidarity), പൊതുജനാരോഗ്യ സിദ്ധാന്തങ്ങളുടെയും ഏകലോകം- ഏകാരോഗ്യം എന്ന സമീപനത്തിന്റെ അടിസ്ഥാനത്തിലുള്ള സുശക്തമായ ശാസ്ത്രവും (Sound Science) ഒരുമിച്ചുചേർത്തു മാത്രമേ സമകാലിക ആരോഗ്യ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയൂ എന്ന കാഴ്ചപ്പാടിലേക്ക് ലോകരാജ്യങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ, സംസ്​ഥാന പ്ലാനിങ്​ ബോർഡ്​ അംഗം, പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, ആഗോളവൽക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments