ഐറീൻ, ഒരു നഴ്​സിന്റെ പേര്​, ഒരു വേദനയുടെ പേര്​

കൺമുന്നിൽ വെടിയേറ്റുമരിച്ചു വീഴുന്ന അച്ഛൻ, ചവുട്ടിമെതിക്കപ്പെട്ട അമ്മയും ചേച്ചിയും... അനാഥയാക്കപ്പെട്ട ഒരു ബോസ്‌നിയൻ പെൺകുട്ടി. അവൾ ജീവിതത്തിലേക്ക് പതുക്കെ തിരിച്ചുവന്നു. വിട്ടുമാറാത്ത വേദനയനുഭവിക്കുന്നവരെ ചികിത്സിക്കുന്ന ക്ലിനിക്കിൽ നഴ്‌സായി. അവരുമായുള്ള അത്യപൂർവമായ സൗഹൃദവും തൊഴിൽ ബന്ധവും ഓർക്കുകയാണ്, ആസ്‌ത്രേലിയയിലെ വിക്‌ടോറിയയിലുള്ള ലാട്രോബ് റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടന്റ് ഫിസിഷ്യനായി ജോലി ചെയ്യുന്ന ഡോ. പ്രസന്നൻ പി.എ.

"ഞാനൊരു ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് അയച്ചിരുന്നു'
"ഞാൻ കണ്ടിരുന്നു, ഐറീൻ'
"റെസ്‌പോണ്ട് ചെയ്തില്ല?'
"മനഃപൂർവ്വമായിരുന്നു'
"എന്ത്?'
"നീയുമായുള്ള സൗഹൃദം എന്നെ സംബന്ധിച്ചിടത്തോളം unique ആണ്, അതിനെ ഫേസ്ബുക്ക് തലത്തിലേക്ക്​ കൊണ്ടുവരണ്ടായെന്നു കരുതി. ഇതാണതിന്റെയൊരു ബ്യൂട്ടി'
"Then it's ok' അതും പറഞ്ഞ് അടുത്ത പേഷ്യൻറിനെ വിളിക്കാൻ അവൾ റിസപ്ഷനിലേക്ക്​ പോയി .

ടീ ബ്രേക്ക് ആയിരുന്നു. കൺസൽ​ട്ടേഷൻ റൂമിലേക്ക് നടന്നുകൊണ്ടാണ് ഞാൻ ചായ കുടിച്ചുതീർത്തത്. നെറ്റുവർക്ക്​ പ്രോബ്ലം കാരണം കുറച്ചു വൈകിയാണ് ക്ലിനിക് തുടങ്ങിയത്. ലഞ്ചിനുമുമ്പുള്ള സെഷൻ തീർക്കാൻ വേഗം കൂട്ടേണ്ടിയിരുന്നു.

ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്ന് ഏതാണ്ട് 300 കിലോമീറ്റർ അകലെയാണ് ക്ലിനിക്. ദീർഘകാലമായുള്ള അല്ലെങ്കിൽ വിട്ടുമാറാത്ത വിവിധതരം വേദനകൾ അനുഭവിക്കുന്ന രോഗികളെയാണ് അവിടെ ചികിൽസിച്ചിരുന്നത്. റൂറൽ മേഖലയിൽ ഇത്തരം ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, ജനപങ്കാളിത്തതോടെയുള്ള ആസ്​ത്രേലിയൻ സർക്കാർ സംരംഭം. ക്ലിനിക്കിനാവശ്യമായ സ്ഥലവും, കെട്ടിടവും കൊടുത്തത് ഒരു സ്​മിത്ത്​ ഫാമിലി ആയിരുന്നു. ചികിത്സാ ചെലവും ജോലിക്കാരുടെ ശമ്പളവുമെല്ലാം സർക്കാർ നൽകി. ഏറ്റവും അടുത്ത റഫറൽ ആശുപത്രിയിൽ നിന്ന് മൊബൈൽ ലാബ് കം എക്​സ്​റേ സി.ടി- എം.ആർ.ഐ യൂണിറ്റ് മാസത്തിൽ ഒന്നോ-രണ്ടോ തവണ അവിടെ വരും.

എന്നെ കൂടാതെ ഒരു സൈക്ക്യാട്രിസ്റ്റും, വേദനാചികിസയിൽ പ്രാവീണ്യം നേടിയ ഒരു ന്യൂറോസർജനും ആണ് മെഡിക്കൽ ടീമിൽ. ഫിസിയോ തെറാപിസ്റ്റ്, ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ തുടങ്ങിയ ഹെൽത്ത് പ്രൊഫെഷണൽസിന്റെ സേവനവും ലഭ്യമായിരുന്നു. റെഫർ ചെയ്ത് വന്നിരുന്ന രോഗികളെ ഞാനാണ് ആദ്യം കണ്ടിരുന്നത്. ആവശ്യമുള്ളവരെ മറ്റു വിഭാഗങ്ങളിലേക്ക്​ അയക്കും.

മാസത്തിൽ ഒരു പ്രാവശ്യമാണ് ഞാൻ അവിടെ പോകുന്നത്. വ്യാഴാഴ്ച രാവിലെ പോയാൽ പിറ്റേന്ന്​ ഒ.പിയും കഴിഞ്ഞാണ് മടങ്ങുക. രാത്രി താമസിക്കാൻ നല്ലൊരു അപാർട്‌മെൻറ്​ ക്ലിനിക്കിനോട് ചേർന്നുതന്നെയുണ്ട്. കിച്ചനും, ലൗഞ്ചും ഒരു ബെഡ്റൂമും പിന്നെ ടി.വി, ഫ്രിഡ്ജ്, ഡിഷ്​വാഷർ, വാഷിംഗ് മെഷീൻ അങ്ങനെ പൂർണമായും ഫർണിഷ്​ ചെയ്​ത, ആസ്​ത്രേലിയൻ സ്‌റ്റൈലിൽ പറഞ്ഞാൽ, ഒരടി പൊളി യൂണിറ്റ്.

മറ്റ് ഡോക്ടർമാർ വേറെ വേറെ ദിവസങ്ങളിലായിരുന്നു വന്നിരുന്നത്. അവരും എന്നെ പോലെ ദൂരത്തുനിന്നുള്ളവരായിരുന്നു. നോൺ മെഡിക്കൽ സ്റ്റാഫ് ഏതാണ്ട് എല്ലാവരും അടുത്ത സ്ഥലങ്ങളിലുള്ളവരാണ്. മൂന്നുമാസം കൂടുമ്പോൾ സങ്കീർണമായ കേസുകൾ ഞങ്ങൾ ടീമായിരുന്നു ചർച്ച ചെയ്യും. മിക്കവാറും വീഡിയോ ലിങ്ക് വഴിയായിരിക്കും മീറ്റിംഗ്.

അവിടത്തെ സൗകര്യങ്ങളൊക്കെ ഒരു മെട്രോ ക്ലിനിക്കിനോട് സമാനമാക്കാൻ ലോക്കൽ ഗവണ്മെൻറ്​ ഏജൻസികളും സ്​മിത്ത്​ ഫാമിലിയും ദത്തശ്രദ്ധരായിരുന്നത് കൊണ്ട് പ്രാക്ടീസ് വളരെ സുഖകരമായിരുന്നു. മാത്രമല്ല കുന്നും മരങ്ങളും, മനോഹരമായ ഒരു തടാകവും, കൃഷിയും wineryയും ഉള്ള പ്രകൃതിസുന്ദരമായ സ്ഥലമായിരുന്നു അത്. കൃഷിക്കാരും, പിന്നെ കുറച്ച് മാറിയുള്ള ഒരു ഇൻഡസ്​ട്രിയൽ ഏരിയയിലെ ജോലിക്കാരുമാണ് അവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും. പ്രകൃതി പോലെ തന്നെ ശാന്തശീലരായിരുന്നു അവർ. ഓസ്ട്രേലിയയിൽ കുറ്റകൃത്യനിരക്ക്​ ഏറ്റവും കുറഞ്ഞ റൂറൽ ടൗണുകളിലൊന്നാണത്. ഇതൊക്കെ കൊണ്ടു തന്നെയാണ് നാലു വർഷത്തിലേറെയായിട്ടും ഞാനവിടെ പൊയ്കൊണ്ടിരുന്നത്. അവിടേക്കുള്ള ഡ്രൈവിങ്ങും താമസവും മാസത്തിലൊരു ഔട്ടിങ് പോലെയാണ്. ഒരിക്കൽ നിഷയും മോളും എന്നോടൊപ്പമവിടെ വന്നിട്ടുണ്ട്.

"എല്ലാ സംഗതികളും സൂപ്പറാ, പക്ഷെ നീ അവിടം വിടാതിരിക്കുന്നതിൽ ഐറീനും ഒരു ഘടകമല്ലേ?' എന്ന് നിഷ ചോദിച്ചപ്പോൾ ഞാൻ നിഷേധിച്ചില്ല.

"അങ്ങനെയൊരു colleague ഉണ്ടെങ്കിൽ ജോലി നമ്മൾ ആസ്വദിച്ചുപോകും, ‘അധ്യാപകനോടുള്ള ഇഷ്ടം കൊണ്ട് പഠിപ്പിക്കുന്ന വിഷയം ഉപരിപഠനത്തിനെടുക്കുന്നതുപോലെ' എന്റെ സെമി- ഫിലോസഫിക്കൽ അപ്രോച്ചിനുനേരെ അവളൊന്നു തലയാട്ടി, ചിരിച്ചു.

ഐറീൻ!
ഐറീനോട് കുറച്ചുനേരമൊന്ന് ഇടപഴകിയാൽ മനസ്സിലാവും, അവളൊരു ഓർഡിനറി നേഴ്സ് അല്ലായെന്ന്. ശരിയാണ്, അവൾ അവിടെ ഒരു നേഴ്സ് മാത്രമല്ലായിരുന്നു. ആ ക്ലിനിക്കിന്റെ മാനേജരും അവളാണ്. രോഗികളുടെയും, സ്റ്റാഫിന്റേയും കാര്യങ്ങൾ മുതൽ അഡ്​മിനിസ്​ട്രേഷൻ​, ഫിനാൻസ്​ അടക്കം എല്ലാത്തിന്റെയും മേൽനോട്ടം ഐറീനായിരുന്നു. Common sense ഒരു misnomer ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, specific sense ആണ് വേണ്ടത്. അതെ ഓരോ കാര്യത്തിനും അതാതിന് വേണ്ട sense ആണാവശ്യം. അങ്ങനെയുള്ള ഒരാളായിരുന്നു ഐറീൻ.

നല്ലൊരു ശതമാനം ക്രോണിക്​ പെയിൻ രോഗികൾക്കും സങ്കീർണമായ മാനസിക- സാമൂഹിക പ്രശ്‌നങ്ങളുണ്ടാകും. പലതരം സംഘർഷങ്ങൾക്കും ജോലിസ്ഥലത്തെയാകാം, വീട്ടിലെയാകാം, എളുപ്പം വിധേയമാകുന്നവരും അവരിൽ കുറവല്ല. അതുകൊണ്ട് അത്തരം ആളുകളോട് ഇടപഴകാൻ അതിന്റെതായ ഒരു സ്​കിൽ വേണം. ഏതു ചികിത്സയിലുമെന്നപോലെതന്നെ വേദനാചികിത്സയുടെ കാര്യത്തിലും ബോധവൽക്കരണം വളരെ പ്രധാനമാണ്.

ക്ലിനിക്കിന്റെ തലേ ദിവസം തന്നെ രോഗികളെ ഫോൺ വിളിച്ച് പ്രോഗ്രെസും മറ്റു പ്രശ്​നങ്ങളും അപ്​ഡേറ്റ്​ ചെയ്തിട്ടുണ്ടാകും. കൺസൽ​ട്ടേഷനു മുമ്പുള്ള പ്രീ മെഡിക്കൽ പ്രിപ്പറേഷൻ ഐറീന്റെ നേത്യത്വത്തിലുള്ള ടീം കൃത്യമായി ചെയ്തിരുന്നത് കൊണ്ട് പലപ്പോഴും ജോലിയുടെ കാഠിന്യം ഞാനറിഞ്ഞില്ല. വലിയ ബഹളങ്ങളും നാട്യങ്ങളൊന്നുമില്ലാതെ ഒരു പ്രത്യേക രീതിയിലാണ് ഐറീന്റെ സംസാരം. കേൾക്കുന്ന ഓരോരുത്തർക്കും തോന്നും, they are the most considered ones here എന്ന്.

അവിടത്തെ താമസവും രസമായിരുന്നു. പൊടിയോ എന്തിന് കർട്ടനോ ബെഡ് ഷീറ്റോ ഒന്ന് ചുളുങ്ങികിടക്കുന്നതുപോലും ഞാൻ കണ്ടിട്ടില്ല. ഓരോ വ്യാഴാഴ്ചയും ഒരു പുതിയ സ്ഥലത്തേക്ക് ചെല്ലുന്ന പ്രതീതിയായിരിക്കും. അലങ്കരിക്കുന്നതിൽ ഐറീന് വിക്ടോറിയൻ കാലത്തെ രീതീയാണ്.
മനോഹരമായിരുന്നു, പൂർണ സജ്ജമായിരുന്നു കിച്ചൻ. അതുകൊണ്ട് പാചകം ചെയ്യണമെങ്കിൽ അതുമാകാം. എനിക്കുവേണ്ടി ഇന്ത്യൻ മസാലയും മേടിച്ചുവെച്ചിട്ടുണ്ട്. അവിടെയുള്ള ഷോപ്പുകാർക്കും, റെസ്റ്റോറൻറുകാർക്കും ഐറീനെ അറിയാം. ഏത് ഭക്ഷണം വേണമെങ്കിൽ കൊണ്ട് വന്ന് തരുമായിരുന്നു.

സ്മിത്ത്​ ആ പ്രദേശത്ത് വളരെ സ്വാധീനമുള്ള ഫാമിലിയാണ്. അവരുടെ കുടുംബത്തിൽ നിന്ന് മന്ത്രിമാരും പാർലമെൻറ്​ അംഗങ്ങളും ഉണ്ടായിട്ടുണ്ട്. പലരും മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റിയെങ്കിലും ഇന്നും അവർ അവിടെ ആദരണീയരാണ്​. ഏക്കർ കണക്കിന് ഫാമും വൈനറിയും അവർക്കിപ്പോഴുമുണ്ട്. ഈ ക്ലിനിക്കിനുമാത്രമല്ല, ആ പ്രദേശത്തുള്ള ആരോഗ്യസ്ഥാപനങ്ങൾക്കും, സ്‌കൂളുകൾക്കും വേണ്ടി സന്നദ്ധപ്രവർത്തനം നടത്താനും വേണമെങ്കിൽ സംഭാവന കൊടുക്കാനും ആളുകൾ സന്നദ്ധരായിരുന്നു. രോഗികളുടെ വെയ്റ്റിംഗ് റൂമിലുള്ള 65 ഇഞ്ച് സ്മാർട്ട് ടി.വി അവിടത്തെ മെറ്റൽ ഇൻഡസ്​ട്രി സ്​ഥാപനത്തിന്റെ സംഭാവനയാണ്. അങ്ങനെ പലതും.

വർഷത്തിലൊരിക്കൽ ക്രിസ്​മസിനോടനുബന്ധിച്ച് എല്ലാ സ്റ്റാഫിനും സ്​മിത്ത്​ ഫാമിലി വക ഒരു ഡിന്നർ ഉണ്ടാകും. അവരുടെ തന്നെ ഒരു winery യിൽ വെച്ചാവും കൂടിച്ചേരൽ. ലാവിഷായ ഫുഡും വൈനും; ഒപ്പം ഉയരുന്നത് അക്കൊല്ലത്തെ സുതാര്യവും സുഗമവും, patient-focused ഉം ആയ ക്ലിനിക്ക് നടത്തിപ്പിന് ഐറീനുള്ള അഭിനന്ദനം ആയിരിക്കും. ഇത് സ്റ്റാഫ് പ്രതിനിധിയും, സ്മിത്ത് കുടുബാംഗവും, ഡിപ്പാർട്‌മെൻറ്​ ഓഫ് ഹെൽത്തിന്റെ ലോക്കൽ ഒഫീഷ്യലും കടഞ്ഞെടുത്ത ആംഗലേയത്തിൽ ഐറീന് കൈമാറും, കൂടെ വിലയേറിയ ഒരു ക്രിസ്​മസ്​ സമ്മാനവും. കഴിഞ്ഞ നാലുവർഷവും ഞാനിത് വിരസതയുടെ പൊടി പോലുമില്ലാതെ ആസ്വദിച്ചിട്ടുണ്ട്.

ഞാനവിടെയുള്ള വൈകുന്നേരങ്ങളിൽ ഐറീൻ ഇടക്ക് അവിടെ വരും. ചിലപ്പോൾ ഓഫീസിൽ എന്തെങ്കിലും പെൻഡിങ്​ പേപ്പർ വർക്ക് ഉണ്ടാകും. കുറച്ച് നേരം വർത്തമാനം പറഞ്ഞിരിക്കും. അതല്ലെങ്കിൽ അടുക്കളയിൽ കയറി ചെറു പാചകം നടത്തി എനിക്ക് പരീക്ഷിക്കാൻ തരും. ഒരു പാട് സംസാരിക്കാറുണ്ടെങ്കിലും ഞാനവളെ കുറിച്ച് വ്യക്തിപരമായി കൂടുതലൊന്നും അറിയാൻ ശ്രമിച്ചിട്ടില്ല.

രൂപത്തിൽ മുപ്പതിനപ്പുറം പ്രായം തോന്നിക്കാത്ത അവളുടെ തന്റേടവും, കാര്യക്ഷമതയും പക്വതയും കണ്ട് ഇനി നാല്പതോ അമ്പതോ പ്രായമുള്ള ഒരാൾ കാഴ്ചയിൽ വളരെ ചെറുപ്പമായിരിക്കുന്നതാണോയെന്നും ഞാൻ സംശയിച്ചിട്ടുണ്ട്. ഒരിക്കൽ സൈക്ക്യാട്രിസ്റ്റ് ജെന്നിഫറും ന്യൂറോസർജൻ മൈക്കലും അവളെ പറ്റി പറയാൻ തുടങ്ങിയതാണ്. വേറെ എന്തോ കാര്യം വന്ന് അതങ്ങ് ഒഴിവായി പോയി. ചോദിച്ചാൽ അവർ പറയുമായിരുന്നു. ഞാൻ മനപ്പൂർവം വേണ്ടെന്ന് വെച്ചു. അവൾ പക്ഷെ നിഷയെ കുറിച്ചും, മോളെ കുറിച്ചും എന്തിന് നാട്ടിൽ അമ്മയുടെ അസുഖത്തെ കുറിച്ചെല്ലാം എന്നോട് വിശദമായി ചോദിക്കുമായിരുന്നു. ഒരിക്കൽ നാട്ടിൽ നിന്ന് നിഷയോട് പറഞ്ഞ് ഒരു ചൂരിദാറും വാങ്ങിപ്പിച്ചിരുന്നു.

ക്ലിനിക്കിനടുത്ത് നല്ലൊരു വാക്കിങ്​ ട്രാക്കും മനോഹരമായൊരു പാർക്കുമുണ്ട്. ഒരു ദിവസം വൈകുന്നേരം ഞാൻ നടക്കാനിറങ്ങിയപ്പോൾ ഐറീനയും കൂടെ വന്നു.
"നേഴ്സിങ് പഠന സമയത്തും, pain ഡിപ്ലോമ ചെയ്യുമ്പോഴും ഞാൻ ഒരുപാട് ഡോക്ടർമാരെ പരിചയപ്പെട്ടിട്ടുണ്ട്'
എന്താണ് അവൾ പറഞ്ഞുവരുന്നതെന്നറിയാനുള്ള ആകാംക്ഷ മറച്ചുവെക്കാതെ തന്നെ ഞാനവളെ നോക്കി.
"അവരിൽ പെയിൻ മാനേജുമെൻറ്​ രംഗത്തെ പ്രമുഖരുമുണ്ട്​’.
"നീ സസ്​പെൻസ്​ നിർത്തി കാര്യം പറയൂ, ഐറീൻ'
"അവർക്കൊക്കെയുള്ളത്ര ആധികാരികമായ അറിവ് പെയിനിൽ പ്രസന്നനുണ്ടെന്ന് ഞാൻ പറയില്ല, അങ്ങനെ പറഞ്ഞാൽ അത് ഒരു dishonest statement ആവും'
"എങ്കിൽ നീ ഉദ്ദേശിച്ച സത്യം എന്താണ് ?'
"ഞങ്ങൾ ഒരു കൊല്ലത്തെ patient feedback പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി. നിനക്ക് ഗംഭീരമായ സ്വീകാര്യതയാണീ പ്രദേശത്ത് '
"That's really encouraging, thanks for sharing'

"ഞാൻ നേരത്തെ പറഞ്ഞ ആളുകളിൽ നിന്ന് വ്യത്യസ്തമായി എന്തോ ഒരു പ്രത്യേകത നിന്റെ patient management ലുണ്ട്. I can't define it, but I can feel that spark'
"വലിയ മനസ്സുകൾക്കേ ചെറിയ സ്പാർക്കുകൾ തിരിച്ചറിയാൻ കഴിയൂ, ഐറീൻ'
അവൾ ഒരു നിമിഷം നിശ്ശബ്ദയായി, "ഞാൻ നിനക്കാണ് compliment തരാൻ ശ്രമിക്കുന്നത് പ്രസന്നൻ, നീയത് പലിശ സഹിതം തിരിച്ച് തരുന്നു.'

ഞാൻ പറയണമെന്ന് വിചാരിച്ചതും ചോദിക്കാനാഗ്രഹിച്ചതുമെല്ലാം ഒരു പുഞ്ചിരിലൊതുക്കി. വാസ്തവത്തിൽ അവളെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അറിവ് കടന്നുവന്ന് അവളെക്കുറിച്ച് ഇപ്പോഴുള്ള ധാരണ തിരുത്തേണ്ടയെന്ന് അടുത്ത നിമിഷം തന്നെ ഞാൻ തീരുമാനിച്ചു. ഈ സൗഹൃദത്തിന് ഒരു കൗതുകമുണ്ട്, ഒരു കാവ്യഭംഗിയുണ്ട്.

കഴിഞ്ഞ വർഷം അവസാനം ഏതോ കോഴ്​സിനാണെന്നും പറഞ്ഞ് അവൾ ഏതാണ്ട് മൂന്ന് മാസം ലീവായിരുന്നു. നല്ല ട്രെയിനിംഗ് കിട്ടിയിരുന്നത് കൊണ്ട് പകരം വന്ന നാൻസി വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ നടത്തി. പിന്നെ ഐറീനെ കണ്ടത് ക്രിസ്​മസ്​ ഡിന്നർ സായാഹ്​നത്തിനായിരുന്നു. അവൾ എന്റടുത്താണ് ഇരുന്നത്. "Did you miss me' എന്ന സ്ഥിരം ആസ്​ത്രേലിയൻ ചോദ്യം മുതൽ ക്ലിനിക് സംബന്ധിച്ചതും എന്റെ വീട്ടു വിശേഷങ്ങളും ചോദിച്ചും പറഞ്ഞും അവൾ വാചാലയായിരുന്നു. അവൾ ഏത് courseനാണ് പോയെന്നറിയാനുള്ള ജിജ്ഞാസ ഞാൻ വളരെ ബുദ്ധിമുട്ടി മനസ്സിൽ മടക്കിവച്ചു.

അടുത്ത ക്ലിനിക്കിന്റെ ദിവസം വൈകുന്നേരം അവൾ വന്നപ്പോൾ സാധാരണയുള്ള കുശലത്തിനായിരിക്കുമെന്നാണ് ഞാൻ കരുതിയത്.
ഒന്നും പറയാതിരിക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു, "എങ്ങനെയുണ്ടായിരുന്നു പുതുവർഷം?'
"I want to say something'
"എന്താണ് പതിവില്ലാത്ത ഒരു മുഖവുര?'
"Look, ഞാനിനി രണ്ടുമാസം കൂടെ ഉണ്ടാവുള്ളൂ, I am leaving'
അത് ശരിക്കും shocking ആയിരുന്നു. എന്റെ ശബ്ദത്തിൽ അത് പ്രതിഫലിച്ചിട്ടുണ്ടാവണം.
"പോവുന്നോ, എവിടേക്ക്?'
"അതിന് ഞാൻ എവിടെന്ന് വന്നൂ എന്ന് പ്രസന്നനറിയില്ലല്ലോ?'
"നീ ഇവിടെയുള്ളപ്പോൾ എവിടെ നിന്നോ വന്നുവെന്ന് കരുതാനായിരുന്നു എനിക്കിഷ്ടം. പക്ഷെ ഇപ്പൊ ആത്മാർത്ഥമായിത്തന്നെ ചോദിക്കുന്നു, എവിടെന്നാണ് നീ വന്നത്?'

അനന്തരം അവൾ എനിക്ക് മുമ്പിൽ കുറിച്ചിട്ട അവളുടെ ഭൂതകാലം ഇവിടെ പകർത്താൻ ശ്രമിച്ചപ്പോഴാണ് ഭാഷയുടെ കാര്യത്തിലുള്ള എന്റെ ദയനീയാവസ്ഥ ഞാൻ മനസ്സിലാക്കിയത്. വാക്കുകളിലും അവയുടെ പ്രയോഗ സാദ്ധ്യതകളിലും എനിക്കുള്ള പരിധികളും പരിമിതികളും മൂലം അവളുടെ അനുഭവതീവ്രതയുടെ ഒരംശമെങ്കിലും സംവേദിക്കാൻ സാധിക്കില്ല എനിക്ക്, എന്നറിയാമെങ്കിലും...

അവളുടെ ബാല്യത്തിന്റെ അവ്യക്തമായ ഓർമകളിൽ ഞാൻ കണ്ടത് വീട്ടിലേക്ക് തോക്കു ചൂണ്ടി ഇരച്ചു കയറിയ പട്ടാളക്കാരെ പോലെ വേഷമിട്ട ഒരു സംഘം ആളുകളെയാണ്. "അവരെ കൊല്ലരുത് കൊല്ലരുത്' എന്ന് യാചിച്ച് നിലവിളിക്കുന്നതിനിടയിൽ വെടിയേറ്റ് വീഴുന്ന അവളുടെ അച്ഛനെയാണ്. വലിച്ചിഴച്ചുകൊണ്ടുപോകുന്ന അമ്മയെയും ചേച്ചിയേയുമാണ്. അതിക്രമിച്ചുവന്നവർ അവരെ എന്താണ് ചെയ്യുന്നതറിയാതെ, അവരുടെ നിലവിളികൾ ദീനരോദനങ്ങളാകുന്നതും, പിന്നെ നേർത്ത് നേർത്ത് ഇല്ലാതാകുന്നതും കണ്ട് വിറങ്ങലിച്ചു നിൽക്കുന്ന അവളുടെ കുഞ്ഞുകണ്ണുകളെയാണ്. ബഹളത്തിനിടയിൽ വീണുപോയ അലമാരകൾക്കിടയിൽ പെട്ട് അനങ്ങാൻ പറ്റാതായ, പേടിച്ചു ശബ്ദം നഷ്ടപ്പെട്ട അവളെന്ന മെലിഞ്ഞ രൂപത്തെയാണ്. ഒരു ജീവനും ബാക്കിയില്ലെന്ന് ഉറപ്പിച്ച്, വന്നവർ ചവിട്ടിമെതിച്ച് അടുത്ത ഇരകളെ തേടി പോയപ്പോൾ പതുക്കെ പതുക്കെ എണീറ്റ് നടക്കാൻ ശ്രമിക്കുന്ന പിഞ്ചുകുട്ടിയെ ആണ്.
അമ്മയും ചേച്ചിയും മരിച്ചുവെന്നറിയാതെ അവരെ കുലുക്കിവിളിച്ചു കൊണ്ടിരുന്ന, അച്ഛന്റെ ശരീരത്ത് നിന്നൊഴുകിവന്ന ചോരയുടെ നനവേറ്റ് പേടിച്ച് നിശ്ശബ്ദയായ ആ പാവം കുട്ടി എത്ര ദിവസം ആ മൃതശരീരങ്ങൾക്കിടയിൽ കഴിഞ്ഞുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.

പിന്നെ ഓർമകൾക്ക് അല്പം വ്യക്തത വരുമ്പോൾ കുറെ അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ കൂടെയായിരുന്നു അവളെ താമസിച്ചിപ്പിരുന്നത്. അതൊരു അഭയാർത്ഥി ക്യാമ്പായിരുന്നൂവെന്നും, ബോസ്​നിയയിൽ നിന്നുള്ളവരുടെ കൂടെയായിരുന്നു അന്ന് താനെന്നും പിൽക്കാലത്താണ് അവളറിഞ്ഞത്. ആ കൂട്ടത്തിലുണ്ടായിരുന്ന വയസ്സായ ഒരു സ്ത്രീ മാത്രമേ അവളോടെന്തെങ്കിലും സ്‌നേഹം കാണിച്ചിരുന്നുള്ളൂ.

പേടിസ്വപ്നം കണ്ടു രാത്രി ഉറക്കെ നിലവിളിക്കുകയും, താടി വെച്ച ആരെക്കണ്ടാലും ഭയന്ന് വിറച്ച് ഓടിയൊളിക്കുകയും ചെയ്തിരുന്ന അവളെ കുട്ടിഭ്രാന്തി എന്ന് മറ്റുള്ളവർ വിളിച്ചു. ആ രാത്രിയിലെ നിലവിളികൾ പിന്തുടരുന്നുവെന്ന് തോന്നുമ്പോൾ കണ്ണും കാതും പൊത്തി ഏതെങ്കിലും മൂലയിൽ പതുങ്ങിയിരിക്കും. അവിടെ കിടന്ന് ഉറങ്ങിപ്പോകും. ലജ്മ എന്ന് വിളിച്ചിരുന്ന ആ സ്ത്രീ അവരുടെ ഭക്ഷണത്തിൽ നിന്ന് മാറ്റിവെച്ച് അവളെ ഉണർത്തി കൊടുക്കും. അവളുടെ രൂപവും പ്രകൃതിയൊന്നും ആ സമുദായത്തിൽ പെട്ടവരുടേതായിരുന്നില്ല. അതുകൊണ്ട് തന്നെ അവളെ സംശയത്തോടെയാണ് ആ കുടുംബത്തിലെ മറ്റ് അംഗങ്ങൾ നോക്കിയിരുന്നത്, പ്രത്യേകിച്ച് മുതിർന്ന ആണുങ്ങൾ. അവരുടെ മുരടൻ നോട്ടങ്ങളിൽ നിന്ന് ലജ്മ അവളെ മാറ്റിനിർത്തികൊണ്ടിരുന്നു. എത്ര കാലം അവിടെ കഴിഞ്ഞു, അവൾക്കറിയില്ല.

ഓർമയുടെ അടുത്ത അദ്ധ്യായമാകുമ്പോഴേക്കും അവൾക്ക് കാര്യങ്ങൾ മനസ്സിലാവാൻ തുടങ്ങിയിരുന്നു. ബോസ്​നിയൻ കുടുംബം ആസ്ത്രേലിയയിൽ അഭയാർത്ഥികളായി വന്നപ്പോൾ അവളെയും കൂടെ കൊണ്ടുപോന്നു. അവളോടൊപ്പം അവളുടെ മാനസികപ്രശ്‌നങ്ങളും വളർന്നിരുന്നു. പുറത്തുപോകാനോ, അപരിചിതരെ കാണാനോ പറ്റാതായി. പേടിസ്വപ്നങ്ങൾ കാണാതിരിക്കാൻ ഉറങ്ങാതിരുന്നു.

ലജ്മ എന്ന സ്ത്രീയുടെ നിഴൽ മാത്രമായി അവളുടെ ലോകം. അവരില്ലാതിരുന്നെങ്കിൽ അവളെ ആ കുടുംബം എവിടെയെങ്കിലും ഉപേക്ഷിച്ചേനെ. ഒരു ദിവസം അവരൊന്ന് വീണു. ആശുപത്രിയിൽ എത്തുമ്പോഴേക്കും അവർ മരിച്ചിരുന്നു. ബോസ്നിയൻ കുടുംബം അവരുടെ അടുത്ത ബന്ധുക്കൾ കാനഡയിലുണ്ടെന്നറിഞ്ഞ് അങ്ങോട്ട് പോകാൻ തീരുമാനിച്ചു. അവളെ foster ഹോമിലേക്ക്​ കൊണ്ടുപോകാൻ ഒരു ദിവസം വകുപ്പിൽ നിന്ന് ആളുകൾ വന്നു.

"ഞാനോർക്കുന്നു, ലജ്മയുടെ മരണശേഷം ഞാൻ violent ആവാൻ തുടങ്ങിയിരുന്നു. എല്ലാ പേടികൾക്കും നേരെയുള്ള ഒരു
self-defence ആയിരുന്നിരിക്കണം. അവർക്ക് sedation തരേണ്ടിവന്നു എന്നെ കൊണ്ടുപോകാൻ'

Foster ഹോമിന്റെ വരാന്തയിൽ മറ്റു കുട്ടികളിൽ നിന്നു മാറി, ഒറ്റക്ക് ഇരുന്നിരുന്ന അവളെ ക്ലാര സ്മിത്ത് കാണുന്നു. ആ സിറ്റിയുടെ മേയർ ആയിരുന്ന ഭർത്താവ് ജോ സ്മിത്തിനോടൊപ്പം ഫോസ്റ്റർ ഹോം സന്ദർശിക്കാൻ വന്നതായിരുന്നു അവർ. "ഈ കുട്ടിയെന്താ ഇങ്ങനെ പേടിച്ച് വിറച്ചിരിക്കുന്നത്' എന്ന് ചോദിച്ചാണ് ക്ലാര സ്മിത്ത് അവളുടെ അടുത്തേക്ക് വന്നത്. അതിന്റെ ഉത്തരം ആ പെൺകുട്ടിയിൽ നിന്ന് അവർക്ക് കിട്ടിയില്ല. ക്ലാര ഉത്തരം സ്വയം കണ്ടെത്തി. She adopted the girl.

അങ്ങനെ ഒരു പെൺകുട്ടി പുനർജനിക്കുകയായിരുന്നു, Irene Claire Smith. വർഷങ്ങൾ കഴിഞ്ഞപ്പോൾ Irene Claire Lajma എന്നായി, "കടപ്പാടുകൾ മരണം വരെ ഓർക്കാൻ'

ഒരുപാട് കാലത്തെ കൗൺസിലിംഗും സ്മിത്ത് ദമ്പതിമാരുടെ അകമഴിഞ്ഞ സ്‌നേഹവും പതുക്കെ പതുക്കെ അവളെ നോർമലാക്കി. അന്ന് നടന്ന സംഭവങ്ങളെ സമചിത്തതയോടെ ഓർക്കാൻ അവൾക്ക് സാധിച്ചുതുടങ്ങി. ഓർമകളും വികാരവിക്ഷോഭങ്ങളും അവളെ വീണ്ടും കീഴ്പെടുത്താതിരിക്കാൻ ക്ലാര അവളുടെ കൂടെ ഇരുന്നു, നടന്നു, കിടന്നു.
സ്നേഹമസൃണമായ ആ ആലിംഗനങ്ങളിൽ, സ്പർശനങ്ങളിൽ, തലോടലിൽ, കണ്ണീരിന്റെ നനവിൽ പേടിസ്വപ്നങ്ങൾ അവളെ വിട്ടുപോയി. നിശ്ചയദാർഢ്യവും കരുത്തുമുള്ള ഒരു കൗമാരം ക്ലാര അവളിലേക്ക് പകർന്നു.

നേഴ്സിങ് ഡിഗ്രി എടുത്ത്​, പിന്നെ hospital administrationൽ ബിരുദാനന്തര ബിരുദം, pain manangementൽ post graduate diploma.

"വേദനിച്ച് വേദനിച്ചാണ് ഞാൻ വളർന്നത്, വേദനയെന്തെന്നറിയുന്നതുകൊണ്ടാവാം
ഞാനീ ഫീൽഡിലേക്ക് വന്നത്'
ഉള്ളിലെവിടെയോ നീറിയ ഒരു നൊമ്പരം എന്നെ ഉലക്കാതിരിക്കാൻ ഞാൻ വിരലുകൾകൊണ്ട് കവിളും താടിയും തലോടിക്കൊണ്ടിരുന്നു.

"നീ പറഞ്ഞതുപോലെ ഞാനെവിടെ നിന്നോ വന്നു, ഛിന്നഭിന്നമായ യുഗോസ്ലാവിയയുടെ ഏതോ ഒരു തുണ്ടു ഭൂമിയിൽ നിന്ന്'
"എപ്പൊഴേങ്കിലും പഴയ വേരുകൾ തേടി തിരിച്ചുപോകണമെന്ന് തോന്നിയിട്ടുണ്ടോ?'
"ഇല്ല പ്രസന്നൻ, വേരുകൾ തേടിയുള്ള യാത്ര എന്റെ വേദനകളെ തിരികെ കൊണ്ടുവന്നാലോയെന്ന് ഞാൻ ഭയന്നു'
"എന്നിട്ടിപ്പോ നീ എവിടെ പോകുന്നു ഐറീൻ ?'

കൈയിലുണ്ടായിരുന്ന കവർ തുറന്ന് ഒരു പേപ്പർ അവൾ എനിക്ക് നീട്ടി. അത് ഞാനിങ്ങനെ വായിച്ചു,
"Congratulations Ms Irene Claire Lajma, It is our pleasure to inform you that you are successful in the process of admission to the rural medical graduate program (MBBS ) in the University of New South Wales. If you are interested to join please contact us in a week time'

"എന്റെ ബാല്യത്തിന്റെ ഓർമയിലെവിടെയോ ഒരു സ്​റ്റെതസ്​കോപ്പ്​ കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, ഒരു പക്ഷെ എന്റെ അച്ഛനോ അമ്മയോ ഒരു ഡോക്ടർ ആയിരുന്നിരിക്കണം'
ഞാനവളെ നോക്കി.
"Congratulations ഐറിൻ'
"Thank you'
Shake-hand കൊടുത്ത് തിരിയുമ്പോൾ അവൾ ചോദിച്ചു, "Can I have a hug Prasannan?'

കഴിഞ്ഞയാഴ്ച അവളുടെ യാത്രയയപ്പ്​ ഡിന്നറായിരുന്നു. അവൾക്കായി country music bandന്റെ ഒരു പ്രോഗ്രാം ക്ലിനിക് arrange ചെയ്തിരുന്നു. പരിപാടി കഴിഞ്ഞപ്പോൾ നേരം വളരെ വൈകി. തിരിച്ച് ട്രെയിനിലാണ് ഞാൻ പോന്നത്. പാതിമയക്കത്തിൽ, ട്രെയിന്റെ താളത്തിൽ എപ്പോഴൊക്കെയോ ആ ചോദ്യം ഞാൻ വീണ്ടും കേട്ടു, "Can I have a hug ...........?'


Summary: കൺമുന്നിൽ വെടിയേറ്റുമരിച്ചു വീഴുന്ന അച്ഛൻ, ചവുട്ടിമെതിക്കപ്പെട്ട അമ്മയും ചേച്ചിയും... അനാഥയാക്കപ്പെട്ട ഒരു ബോസ്‌നിയൻ പെൺകുട്ടി. അവൾ ജീവിതത്തിലേക്ക് പതുക്കെ തിരിച്ചുവന്നു. വിട്ടുമാറാത്ത വേദനയനുഭവിക്കുന്നവരെ ചികിത്സിക്കുന്ന ക്ലിനിക്കിൽ നഴ്‌സായി. അവരുമായുള്ള അത്യപൂർവമായ സൗഹൃദവും തൊഴിൽ ബന്ധവും ഓർക്കുകയാണ്, ആസ്‌ത്രേലിയയിലെ വിക്‌ടോറിയയിലുള്ള ലാട്രോബ് റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടന്റ് ഫിസിഷ്യനായി ജോലി ചെയ്യുന്ന ഡോ. പ്രസന്നൻ പി.എ.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments