‘നീറ്റു’മായി ബന്ധപ്പെട്ട ക്രമക്കേടിൽ, കേന്ദ്ര സർക്കാരിനും നാഷനൽ ടെസ്റ്റിങ് ഏജൻസിക്കും (NTA -National Testing Agecy) നോട്ടീസയച്ച് സുപ്രീം കോടതി.
പരീക്ഷയിൽ 0.01 ശതമാനം വീഴ്ചയുണ്ടായെങ്കിൽ പോലും നടപടി വേണം. ഉദ്യോഗാർഥികളുടെ അധ്വാനം കണക്കിലെടുത്തത് ചെറിയ പിഴവുകൾ പോലും ഗൗരവത്തോടെ പരിഗണിക്കണം- കോടതി നിർദേശിച്ചു. സമയബന്ധിതമായി വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും പരീക്ഷാ ഏജൻസിയെന്ന നിലയിൽ എൻ.ടി.എ നീതിപൂർവം പ്രവർത്തിക്കണമെന്നും കോടതി വാക്കാൽ പറഞ്ഞു.
ജസ്റ്റിസുമാരായ വിക്രംനാഥ്, എസ്.വി. ഭട്ടി എന്നിവരുടെ അവധിക്കാല ബഞ്ചാണ് കേസ് പരിഗണിച്ചത്.
പരീക്ഷയിൽ കൃത്രിമം കാണിച്ച് ഡോക്ടറാകുന്ന വ്യക്തി സമൂഹത്തിൽ കൂടുതൽ അപകടകാരിയാണെന്ന് ജസ്റ്റിസ് ഭട്ടി പറഞ്ഞു. മത്സരാധിഷ്ഠിതമായ ഈ പരീക്ഷക്കായി ഉദ്യോഗാർഥികൾ എത്ര കഠിനാധ്വാനം ചെയ്യുന്നുവെന്ന് വിധികർത്താക്കൾക്ക് ബോധ്യമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സംവിധാനങ്ങളിൽ തട്ടിപ്പ് നടത്തി ഒരാൾ ഡോക്ടറായി മാറുന്ന സാഹചര്യം സങ്കൽപ്പിക്കുക, ആ വ്യക്തി സമൂഹത്തിന് കൂടുതൽ ദോഷം ചെയ്യും. ഈ പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വിദ്യാർഥികൾ അനുഭവിക്കുന്ന കഷ്ടപ്പാട് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ’, ജസ്റ്റിസ് ഭട്ടി പറഞ്ഞു.
'നിങ്ങളിൽ നിന്ന് സമയോചിതമായ നടപടി ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജുലൈ എട്ടിന് ഹർജിയിൽ വാദം കേൾക്കും', ജസ്റ്റിസ് വിക്രനാഥ് പറഞ്ഞു.
പേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേട്, ചില ഉദ്യോഗാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയത് തുടങ്ങിയ വിഷയങ്ങളും പരിഗണനയിലുണ്ടായിരുന്നു. കോടതി അയച്ച നോട്ടീസിന് എൻ.ടി.എയും കേന്ദ്ര സർക്കാറും രണ്ടാഴ്ച്ചക്കകം മറുപടി നൽകണം. ജൂലൈ എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
ഗ്രേസ് മാർക്ക് റദ്ദാക്കലുമായി ബന്ധപ്പെട്ട് 1563 വിദ്യാർഥികൾ നൽകിയ പരാതിയിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്നും കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതിനിടെ, നീറ്റ് ക്രമക്കേടിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തുവന്നു. കേന്ദ്രസർക്കാരിനെയും എൻ ടി എയെയും വിമർശിച്ചുകൊണ്ടുള്ള സുപ്രീംകോടതി പരാമർശങ്ങൾക്ക് പിന്നാലെയാണ് രാഹുലിന്റെ വിമർശനം. എക്‌സിലാണ് രാഹുൽ ഗാന്ധി തന്റെ അഭിപ്രായം കുറിച്ചത്: 'നീറ്റ് പരീക്ഷയിൽ പങ്കെടുത്ത 24 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുന്ന വിഷയത്തിലും എന്നത്തേയും പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുകയാണ്. ഗുജറാത്ത്, ബിഹാർ, ഹരിയാന എന്നിവിടങ്ങളിൽ നടന്ന അറസ്റ്റുകൾ പരീക്ഷാ പ്രക്രിയയിൽ ആസൂത്രിതവും സംഘടിതവുമായ അഴിമതി നടന്നുവെന്ന വ്യക്തമായ സൂചന നൽകുന്നുണ്ട്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രമായി മാറി.' രാഹുൽ എക്‌സിൽ കുറിച്ചു.
ബീഹാറിലെ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. ഇതുവരെ ശേഖരിച്ച തെളിവുകളുടെ സൂക്ഷ്മപരിശോധന നടത്തുന്നതിന് അന്വേഷണ സംഘം ഇന്ന് ഡൽഹിയിലെത്തും. ബീഹാറിൽ നീറ്റ് പരീക്ഷയുടെ പേപ്പർ ചോർന്നതായി സംസ്ഥാന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് 13 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ നാലുപേർ വിദ്യാർഥികളാണ്.
ചോദ്യപേപ്പർ ആവശ്യപ്പെട്ട ഉദ്യോഗാർത്ഥികൾ 30 ലക്ഷം രൂപ മാഫിയയ്ക്ക് നൽകിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ബീഹാർ പൊലീസ് കണ്ടെത്തി. ചോദ്യപേപ്പറുകൾക്കായി 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഉദ്യോഗാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലായവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ നിലയിൽ ചില ചോദ്യപേപ്പറുകളും ലഭിച്ചിരുന്നു.
നിശ്ചിത പത്തു ദിവസത്തിനും മുമ്പേ റിസൾട്ട് പ്രഖ്യാപിച്ചതുമുതൽ ഇത്തവണ നീറ്റ് പരീക്ഷാ നടത്തിപ്പ് കടുത്ത സംശയനിഴലിലായിരുന്നു. ഒന്നോരണ്ടോ പേർ മുഴുവൻ മാർക്കും നേടി ഒന്നാമതെത്തുന്ന സ്ഥാനത്ത് ഇത്തവണ 67 പേർ ആകെയുള്ള 720 മാർക്കും നേടി ഒന്നാം റാങ്കുകാരായി. ഇവരിൽ ആറ് പേർ ഹരിയാനയിലെ ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയവരായിരുന്നു. ഹരിയാനയിലെ പ്രത്യേക സെന്ററിലെ വിദ്യാർഥികൾക്ക് 719, 718 മാർക്കുവീതം ലഭിച്ചതും സംശയങ്ങൾക്കിടയാക്കി. പരീക്ഷയ്ക്ക് സമയം തികഞ്ഞില്ല എന്ന് പരാതിപ്പെട്ട 1543 വിദ്യാർഥികൾക്കും ഗ്രേസ് മാർക്ക് നൽകിയിരുന്നു. ഒ.എം.ആർ ഷീറ്റ് നൽകാൻ വൈകി, പരീക്ഷാഹാളിൽ എത്താൻ വൈകി തുടങ്ങിയ കാരണങ്ങളാണ് ഗ്രേസ് മാർക്ക് നൽകാൻ കാരണമായി പറഞ്ഞത്. എന്നാൽ, മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷനൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നത്.
നീറ്റ് പരീക്ഷയിൽ ക്രമക്കേടുണ്ടായതായി കേന്ദ്രം സമ്മതിച്ചിരുന്നു. രണ്ടിടത്ത് ക്രമക്കേടുണ്ടായതായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ സമ്മതിച്ചത്. കുറ്റം ചെയ്തവർ എത്ര വലിയ ഉദ്യോഗസ്ഥരായാലും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.