സ്വാന്റെ പേബോ തിരുത്തിയെഴുതുന്ന സുവിശേഷങ്ങൾ

പരിണാമത്തെ മനസ്സിലാക്കിത്തരുക മാത്രമല്ല പാബോ ഗവേഷണങ്ങൾ ചെയ്തത്, നമ്മുടെ സവിശേഷതകളിൽ ചിലതിലേയ്ക്ക് വിരൽചൂണ്ടുക കൂടിയാണ്. ഭാവിയിൽ ആധുനിക മനുഷ്യരെ ബാധിക്കുന്ന പലതിനോടും നമ്മുടെ ജീനുകളിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും. ഈ വർഷത്തെ വൈദ്യശാസ്​ത്ര നോബൽ ലഭിച്ച സ്വാന്റെ പാബോയുടെ ഗവേഷണാനുഭവങ്ങളെക്കുറിച്ച്​ ഡോ. യു. നന്ദകുമാർ എഴുതുന്നു.

നുഷ്യരുടെ ഉത്പത്തിയെക്കുറിച്ചുള്ള അനേകം സങ്കല്പങ്ങളുണ്ട്. ആദ്യകാല ഈജിപ്തിൽ മരണവും മരണാന്തര ജീവിതവും പ്രധാന ചിന്തകളിൽ ഇടം പിടിച്ചിരുന്നു. ലോകാന്ത്യത്തിലെ ന്യായവിധിയും കാത്ത് പിരമിഡുകളിൽ ശയിക്കുന്ന ഫറോവമാർക്കായി രചിക്കപ്പെട്ട വചനങ്ങൾ പിരമിഡുകളുടെ ഭിത്തിമേലും പിൽക്കാലത്ത്​ ശവപേടകത്തിലും കാണപ്പെട്ടിട്ടുണ്ട്. അവിടെനിന്ന് ഗിൽഗമെഷ് കാലമാകുമ്പോഴേയ്ക്കും മിത്തുകളുടെ പ്രവാഹം തന്നെയായി. കരയിലെയും കടലിലേയും ജലവൈവിധ്യം, മലകൾ, പുഴകൾ, ആകാശം, ഭൂമി, സസ്യങ്ങൾ, മഴ, പ്രളയം, വരൾച്ച, എന്നിങ്ങനെ അന്നത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന ഏതു പ്രശ്‌നവും കഥാരൂപത്തിലോ സംവാദരൂപത്തിലോ സുമേറിയൻ മിത്തുകളിൽ കാണാം. ഇറാ സ്പാർ രചിച്ച മെസോപ്പൊട്ടാമിയയിലെ ഉല്പത്തിക്കഥകൾ എന്ന ലേഖനത്തിൽ ഇവയുടെ പരാമർശം കാണാം.

പറഞ്ഞുവരുന്നത്, നാം എവിടെനിന്ന് വന്നു? എന്താണ് നമ്മുടെ ചരിത്രം? എന്താണ് ജീവിതലക്ഷ്യം? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആധുനിക മനുഷ്യനെ മാത്രമല്ല അലട്ടിയിരുന്നത്. എല്ലാ മതങ്ങളും ഇതുതന്നെയാണ് പറഞ്ഞുതുടങ്ങിയത്; എല്ലാ ദൈവങ്ങളും ഇതിനുത്തരമാണ് നൽകുന്നതായി ഭാവിക്കുന്നത്. അങ്ങനെ നോക്കിയാൽ ആത്മീയചിന്തയുടെ ചരിത്രത്തിൽ മനുഷ്യർക്ക് പതിനായിരം വർഷത്തിനു പിന്നിലെ കഥകൾ പറയാനില്ല. ആദ്യമനുഷ്യർ ഉണ്ടായത് നാമിപ്പോൾ കാണുന്ന രൂപത്തിലും ഘടനയിലും തന്നെയാണെന്നും മിത്തുകൾ ഉറപ്പിച്ചു പറയുന്നു. പരിണാമം പോലുള്ള ഇതര സാദ്ധ്യതകൾ സയൻസ് മുന്നോട്ടുവെയ്ക്കുന്നുണ്ടെങ്കിലും അവയുടെ തെളിവുകൾ തുടർച്ചയായി ചോദ്യം ചെയ്യപ്പെട്ടു കാണുന്നുമുണ്ട്.

ഒരു ചെറിയ അസ്​ഥിശകലം, വലിയ കണ്ടെത്തൽ

പതിനായിരം വർഷം പിന്നിട്ട ഒരു കാലവും ദേശവും എങ്ങനിരിക്കും എന്ന് നമുക്ക് ഭാവനയിൽ പോലും കാണാനെളുപ്പമല്ല. എങ്കിൽ 40,000 വർഷം പിന്നോട്ട് നോക്കി, അന്ന് ജീവിച്ചവരുടെ ചരിത്രം കണ്ടെത്തുക ക്ഷിപ്രസാദ്ധ്യമല്ല. അത്തരം അന്വേഷങ്ങൾ പോലും അപസർപ്പകകഥകളെ വെല്ലുന്ന അനുഭവമായിരിയ്ക്കുമെന്നും കരുതാം. അതിപുരാതനകാലത്തെ മനുഷ്യരുടെയും (homo sapiens) മനുഷ്യേതരുടെയും (Homo species, erectus, rudolfensis, heidelbergensis, floresiensis, neanderthalensis, naledi, and luzonensis.) ജീവിതം രേഖപ്പെടുത്താൻ ശ്രമിക്കുന്ന കുറെ ശാസ്ത്രജ്ഞരുണ്ട്. അവരുടെ ഗവേഷണതാത്പര്യം അതിനൂതന ശാസ്ത്രസാങ്കേതികവിദ്യകൾ ഉപയോഗിച്ച് അചിന്തനീയമായ ഭൂതകാലത്തെ മനുഷ്യസമാന ജീവിതങ്ങൾ അനാവരണം ചെയ്യുകയാണ്.

നമുക്ക് 90,000 വർഷങ്ങൾക്കുമുമ്പുള്ള ഒരു ദിവസം പരിഗണിക്കാം. പ്രാചീന മനുഷ്യാവശിഷ്ടങ്ങൾ പഠനവിധേയമാക്കുന്ന ഗവേഷകസംഘത്തിന് ഒരു ചെറിയ അസ്ഥിശകലം കിട്ടി. ആദ്യ പഠനങ്ങളിൽ അതിന് 50,000 വർഷമെങ്കിലും പഴക്കമുണ്ടെന്നും ഉറപ്പിച്ചു. അതിൽ എന്തെങ്കിലും ജനിതക അവശിഷ്ടമുണ്ടോ എന്നന്വേഷിക്കലായി അടുത്ത പടി. സൈബീരിയയിൽ ആൾട്ടയ് മലനിരകളിലെ ഡെനിസോവ എന്നറിയപ്പെടുന്ന ഗുഹയിൽനിന്ന് ലഭിച്ചതാണ് അസ്ഥി. വിവിയൻ സ്ലോൺ (Viviane Slon), സ്വാന്ത് പേബൊ (Svante Pääbo) എന്നിവർ നേതൃത്വം കൊടുത്ത പഠനങ്ങളിൽ ധാരാളം ഡി. എൻ. എ കണ്ടെത്താനായി. ആവേശകരമായ തുടർപഠനങ്ങളിൽ അസ്ഥിയുടെ പ്രായം 90,000 വർഷമാണെന്നും, അത് ഉദ്ദേശം 13 വയസ്സുള്ള പെൺകുട്ടിയുടേതാണെന്നും സ്​ഥിരീകരിക്കാനായി. തുടർപഠനങ്ങൾ അന്വേഷിക്കുന്നത് പെൺകുട്ടിയുടെ മാതാപിതാക്കളുമായുള്ള ജനിതകബന്ധം കണ്ടെത്തലാണ്.

വിവിയൻ സ്ലോൺ , സ്വാന്ത് പേബോ

മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ പഠനം അമ്മ വഴിയുള്ള ജനിതക ദായക്രമം സൂചിപ്പിക്കുന്നു. ഈ പെൺകുട്ടിയുടെ അമ്മ നിയാണ്ടർത്താൽ വിഭാഗത്തിൽപെട്ട സ്ത്രീയായിരുന്നു എന്നാണ് പഠനങ്ങളിൽ കണ്ടത്. സെൽ ഡി.എൻ. എ നശിച്ചുപോകുന്നതിനാൽ പെൺകുട്ടിയുടെ പിതാവിനെ കണ്ടെത്താൻ മറ്റു മാർഗങ്ങൾ അവലംബിക്കേണ്ടിവരും. ഡെന്നി എന്ന വിളിപ്പേരിലറിയപ്പെട്ട പെൺകുട്ടിയുടെ ജീനോം ഘടന മറ്റു മൂന്നു വിഭാഗങ്ങളിൽ പെട്ട ഇതര മനുഷ്യരുടെ ജീനോമുമായി താരതമ്യം ചെയ്യുകയായിരുന്നു അടുത്തപടി. അതേ ഗുഹയിടത്തിൽനിന്ന് ലഭിച്ച നിയാണ്ടർത്താൽ, ഡെനിസോവൻ, എന്നീ ജീനോമുകളുമായും ആഫ്രിക്കയിൽ നിന്നുള്ള ആധുനിക മനുഷ്യന്റെയും ജീനോമുകൾ താരതമ്യം ചെയ്യാൻ ഉപയോഗിച്ചു. അത്ഭുതമെന്നു പറയട്ടേ, നിയാണ്ടർത്താൽ, ഡെനിസോവൻ ജീനോം ഘടനയുമായി ഡെന്നിക്ക് യഥാക്രമം 40% വീതം സാമ്യം രേഖപ്പെടുത്തി.
സ്വാന്റെ പേബോ വലിയ കണ്ടെത്തലിന്റെ വക്കിലാണ്, ആ നിമിഷം. നാളിതുവരെ കണ്ടെത്തിയിട്ടില്ലത്ത പുതിയ ഒരു മനുഷ്യവർഗം ഇതാ മുന്നിൽ: സൈബീരിയൻ അൾട്ടയ് മലനിരകൾക്ക് സമീപം ഡെനിസോവ ഗുഹകളിൽ കണ്ടെത്തിയ മനുഷ്യരിൽ നിയാണ്ടർത്താൽ കൂടാതെ മറ്റൊന്നുകൂടിയുണ്ട്. ആ വേഗത്തിൽ പെട്ടയാളുടെ ജീനുകൾ ഡെന്നിയിലുണ്ട്. ഡെന്നിയുടെ മാതാവ് നിയാണ്ടർത്താൽ സ്ത്രീ തന്നെ; പിതാവ് മറ്റൊരു സ്പീഷീസിൽ പെട്ടതും. പുതുതായി കണ്ടെത്തിയ സ്പീഷീസിനെ ഡെനിസോവൻസ് അഥവാ ഡെനിസോവ ഹോമിനിൻസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. രണ്ടു വ്യത്യസ്ത സ്പീഷിസിൽ പെട്ടവരിൽ നിന്നുണ്ടായ ഒന്നാം തലമുറക്കാരിയാണ് ഡെന്നി. നിയാണ്ടർത്താലും ഡെനിസോവനും തമ്മിൽ ലൈംഗിക ബന്ധം പരക്കെ നടന്നിരിക്കാൻ ഇടയുണ്ടെന്നിരിക്കിലും ആയിരക്കണക്കിന് വർഷങ്ങൾക്കുള്ളിൽ അവരുടെ ജീനുകൾ കൂടിച്ചേരൽ നടന്ന് നവ ജിനോം ക്രമം ഉണ്ടാകാത്തതെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു.

വന്ധ്യതയുൾപ്പടെ ജൈവശാസ്ത്രപരമായ എന്തെങ്കിലും ദൗർബല്യങ്ങളാൽ അവരുടെ അനന്തര തലമുറകൾ ഉണ്ടാകാതെപോയി എന്ന് കരുതാം. എന്തായാലും ഇന്നത്തെ പല മനുഷ്യസമൂഹങ്ങളിലും ഡെനിസോവൻ ജീനുകൾ കാണാനാകും. കൂടുതൽ വിശദമായ പഠനം സ്വാന്തേ പേബോ നയിച്ച ഗവേഷകർ ‘സയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ചു. ഇതിൽ ഡെനിസോവനുകൾ ഏറെക്കുറെ കിഴക്കൻ നാടുകളിൽ കഴിഞ്ഞതായും, നിയാണ്ടർത്താലുമായി ധാരാളം ഇണചേരൽ നടന്നതായും സൂചനയുണ്ട്. ചൈനയുടെ തെക്കൻ പ്രദേശങ്ങൾ, പപ്പുവ ദ്വീപുകൾ, ഓസ്‌ട്രേലിയൻ തദ്ദേശവാസികൾ ടിബറ്റൻ വംശജർ എന്നിവരിൽ ഡെനിസോവൻ സാന്നിധ്യം ഇപ്പോഴുമുണ്ട്.

മനുഷ്യനൊരു നിർവചനം ആവശ്യമാണ്​

നിയാണ്ടെർത്താൽ മനുഷ്യർ യൂറോപ്പിലും, ഏഷ്യൻ ഭാഗങ്ങളിൽ ചിലേടങ്ങളിലും വാസമുറപ്പിച്ചിരുന്നു; എങ്കിലും കുടിയേറ്റ/ പ്രവാസ ജീവിതം ഇഷ്ടപ്പെടുന്നവരും ആയിരുന്നുവെന്ന് കരുതണം. നാം നേരത്തെ പരിഗണിച്ച ഡെന്നിയുടെ ജനിതക ബന്ധുക്കളെ കണ്ടത് ഇപ്പോൾ ക്രൊയേഷ്യ സ്ഥിതിചെയ്യുന്നിടത്തായിരുന്നു. എന്നാൽ ഡെന്നിയുടെ അസ്ഥി വീണ്ടെടുത്ത സ്ഥലത്തുതന്നെ ജീവിച്ച നിയാണ്ടർത്താൽ മനുഷ്യന്റെ അസ്ഥിയുമായി അവൾക്ക് ജനിതകബന്ധം ഇല്ലായിരുന്നുതാനും. ആയിരക്കണക്കിന് വർഷങ്ങളിൽ കൂടി അവർ മാറിമാറിത്താമസിച്ചിരുന്ന സ്പിഷീസ് ആയിരുന്നു എന്നർത്ഥം.

സ്വാന്റെ പേബോയുടെ പ്രധാന ഗവേഷണ താല്പര്യം ഇതിലൊതുങ്ങുന്നതായിരുന്നില്ല, ഒരിക്കലും. മനുഷ്യനൊരു നിർവചനമെന്ത് എന്ന ചോദ്യത്തെ നാമെങ്ങനെ സമീപിക്കും? സോക്രട്ടീസ് മുതലിങ്ങോട്ട് എല്ലാരേയും അലട്ടിയിരുന്ന അതെ ചോദ്യം സയൻസിന്റെ സങ്കേതങ്ങൾ ഉപയോഗിച്ച് വ്യത്യസ്തമായി സമീപിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. ശരിയായ ഫ്രെയിമിൽ ചോദ്യങ്ങൾ ഉന്നയിക്കാനായില്ലെങ്കിൽ ഉത്തരങ്ങളിലേയ്ക്ക് നമുക്കെത്താനുമാവില്ലെല്ലോ. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും ഗവേഷണ സ്ഥാപനങ്ങളെയും അണിനിരത്തി ഒരു കൺസോർഷ്യം രൂപപ്പെടുത്തി: ലക്ഷ്യം, നിയാണ്ടർത്താൽ മനുഷ്യരുടെ ജീനോം ഘടന പൂർണമായി കണ്ടെത്തുക. എളുപ്പമുള്ള കാര്യമല്ല; ജനിതക വസ്തുക്കൾ അതിന്റെ സൂക്ഷ്മഘടനയ്ക്ക് കോട്ടം വരാതെ സുരക്ഷിതമായി പതിനായിരക്കണക്കിന് വർഷങ്ങൾ മനുഷ്യാവശിഷ്ടങ്ങളിൽ കഴിയും എന്ന് കരുതാനാവില്ല. പ്രത്യേകിച്ചും കാലാവസ്ഥ, മണ്ണിലെ ജലസാന്നിധ്യം, സൂക്ഷ്മാണുക്കളുടെ പ്രവർത്തനം, ആധുനിക മനുഷ്യരുടെ കാലിക പ്രവർത്തനങ്ങൾ അവശിഷ്ടങ്ങളെ ജീർണിപ്പിക്കുകയും മലിനവത്കരിക്കുകയും ചെയ്യും. അതായത്, വിജയസാധ്യത നന്നേ കുറവാണെന്ന് മുൻകൂട്ടി അറിയാവുന്ന സംരംഭം എന്നുതന്നെ.

എന്നാൽ വിജയിച്ചാലോ, ആധുനിക മനുഷ്യരുടെയും നിയാണ്ടർത്തലുകളുടെയും ജീനുകൾ ഒപ്പത്തിനൊപ്പം താരതമ്യം ചെയ്യാമെന്നാകും. അവിടുന്ന് പിന്നോട്ടുപോയി, ഏതു ഘട്ടത്തിലാണ് നാം നിയാണ്ടെർത്തലുകളിൽ നിന്നകന്നതെന്നും അതിനു കാരണക്കാരായ മ്യൂറ്റേഷനുകൾ എന്തൊക്കെയാണെന്നും കണ്ടെത്താനാകും. ഉദ്ദേശം 40,000 വർഷങ്ങൾക്കുമുമ്പ് വംശനാശം വന്ന സ്പീഷിസ് ആണ് നിയാണ്ടെർത്തൽ. അവരും നമ്മളും സമാനരാണ്, ഒപ്പം ജീവിച്ചിരുന്നവർ, ഒന്നിച്ചു കിടക്ക പങ്കിടുകയും, ഇണചേരുകയും ചെയ്തവർ. നമ്മെപ്പോലെ ശിശുപരിപാലനവും മരണശുശ്രുഷയും ചെയ്തിരുന്നവർ, എങ്കിലും നാമല്ലാത്തവർ. രണ്ടു സ്പീഷിസ് ആയിരുന്നെങ്കിലും വികസിച്ച മസ്തിഷ്‌കം അവർക്കുണ്ടായിരുന്നു, ആയുധങ്ങൾ നിർമിക്കാനും, അഗ്‌നിയെ മെരുക്കാനും ചിത്രങ്ങൾ ആലേഖനം ചെയ്യാനും മികവുണ്ടായിരുന്നു. ആഫ്രിക്കയിൽനിന്ന് യൂറേഷ്യയിലെത്തിയ മനുഷ്യർ കണ്ടുമുട്ടിയ മറ്റൊരു സമം സ്പീഷിസ് ആയിരുന്നു നിയാണ്ടെർത്തൽ. അവരുടെ കൂടിച്ചേരൽ സംഘർഷഭരിതമായിരുന്നോ സഹവർത്തിത്വത്തോടായിരുന്നോ എന്നറിയാനാകുന്നില്ല. മനുഷ്യരുമായി ഇടം പങ്കിട്ട അനേകം ജീവികളും സസ്യങ്ങളും അപ്രത്യക്ഷമായതുപോലെ നിയാണ്ടെർത്തലും പോയതാകാം. നാമാവശേഷമാകുന്നതിനു മുമ്പ് അവർ തങ്ങളുടെ ജീനുകൾ ആധുനിക മനുഷ്യരിൽ നിക്ഷേപിച്ചിട്ടുണ്ട്. ജീവിച്ചിരുന്ന നിയാണ്ടെർത്തലുകളേക്കാൾ അവരുടെ ജീനുകൾ 21ാം നൂറ്റാണ്ടിലെ മനുഷ്യരിൽ സന്നിഹിതമാണ്: മറ്റൊരർത്ഥത്തിൽ നിയാണ്ടെർത്തൽ ഇന്നും ജീവിക്കുന്നു.

ഏകദേശം 40,000 വർഷങ്ങൾക്കുമുമ്പ് നിയാണ്ടെർത്തൽ നാമാവശേഷമായതോടെ മനുഷ്യർ എന്നുവിളിക്കാൻ നാം മാത്രമായി; മറ്റു എട്ടോ അതിലധികമോ സ്പീഷീസുകൾ ഇല്ലാതായി ഹോമോ സാപിയൻസ് മാത്രം ലോകമടക്കി വാഴാൻ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യത്തിന് പേബോ ഗവേഷണം ഉത്തരം കണ്ടേക്കും. ഭീമമായ സമൂഹങ്ങൾ കെട്ടിപ്പടുക്കാനും, അതി സങ്കീർണമായ സഹവർത്തിത്വം ആസൂത്രണം ചെയ്യാനും, നമ്മെപ്പോലെ അതിശയിപ്പിക്കുന്ന ടെക്‌നോളജി വികസിപ്പിക്കാനും സാപിയൻസ് എന്ന നമുക്ക് എങ്ങനെ കഴിഞ്ഞു? ശാസ്ത്രത്തോടൊപ്പം അനവധി ദാർശനിക പ്രശ്നങ്ങൾക്കും ഉത്തരം കണ്ടെത്താനായേക്കും എന്നുകരുതാം.
ആദ്യമായി നിയാണ്ടെർത്തൽ അസ്ഥികൾ കണ്ടെത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. അതിനുശേഷം യൂറോപ്പിലെ പലഭാഗങ്ങളിൽ നിന്നായി അനേകം ഫോസിലുകളും അവശിഷ്ടങ്ങളും കണ്ടെത്തുകയുണ്ടായി. ആഫ്രിക്കയിൽ നിന്ന് മനുഷ്യർ യൂറോപ്പിലേയ്ക്ക് കടന്നപ്പോൾ അവർ നിയാണ്ടെർത്തലുകളെ കണ്ടുമുട്ടി. മനുഷ്യർക്കൊപ്പം വികാസമുണ്ടായിരുന്ന മസ്തിഷ്‌കമായിരുന്നു അവരുടേതും. മസ്തിഷ്‌കം ഏറെയും ശാരീരികക്ഷമത, കാഴ്ച്ച എന്നിവ പോഷിപ്പിക്കുന്നതിനായിരുന്നു. അതിനാൽ ആസൂത്രണം, ചിന്ത, വിജ്ഞാനം എന്നിവയിൽ അവർ പിന്നിലായിരിക്കാനിടയുണ്ട്. മൃഗങ്ങളെ നേരിട്ട് ആക്രമിച്ചു കീഴടക്കുക എന്ന പദ്ധതിയാണ് നിയാണ്ടെർത്തൽ പിന്തുടർന്നത് എന്ന് കരുതാം. ഇതവരുടെ ആയുസ്സ് പരിമിതപ്പെടുത്തി എന്നും കരുതാം. ഏതാണ്ട് കണ്ടെത്തിയ എല്ലാ നിയാണ്ടെർത്തൽ അവശിഷ്ടങ്ങളും പരിക്കുകൾ ഉള്ളവയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഡി.എൻ.എ പഠനം; പേബോയുടെ ലാബിൽ നിന്ന്

പതിനായിരക്കണക്കിന് വർഷങ്ങൾക്കുമുമ്പുള്ള ജീവികളുടെ ഡി.എൻ.എ ലഭിക്കാനും സംഭരിക്കാനും സൂക്ഷ്മപഠനങ്ങൾ നടത്താനും പ്രയാസമാണ്. അനേകവർഷത്തെ പ്രയത്‌നത്തിലൂടെ സ്വാന്റെ പേബോ പ്രശ്‌നങ്ങൾ പരിഹരിച്ചു. ഒന്നാമതായി പ്രാചീന ഡി.എൻ.എ പഠനങ്ങൾ പ്രത്യേകം തയ്യാറാക്കിയ ലാബുകളിൽ മാത്രം നടത്താൻ തീരുമാനമായി. പ്രാചീന അവശിഷ്ടങ്ങളിൽ നിന്ന് ഡി.എൻ.എ വേർതിരിച്ചെടുക്കാൻ പുതിയ മാർഗം കണ്ടെത്തേണ്ടതായി വന്നു. ഇതിന്​ സിലിക്ക അഥവാ പൊടിച്ചെടുത്ത ഗ്ലാസ് പൗഡറിൽ ഡി.എൻ.എ ഒട്ടിപ്പിടിപ്പിച്ച ശേഷം വ്യത്യസ്ത തീവ്രതയുള്ള ഉപ്പ് ലായനിയിലൂടെ എക്‌സ്ട്രാക്ഷൻ നടത്താം. ഇതിൽ പങ്കാളിയായിരുന്ന മത്തിയാസുമായി ചേർന്ന് പ്രസിദ്ധീകരിച്ചു. ഡി.എൻ.എ പഠനങ്ങൾ സാവധാനം പുരോഗമിക്കുമ്പോൾ, ദൂരെ അമേരിക്കയിൽ ഒരുകൂട്ടം ഗവേഷകർ ഒന്നര കോടി വർഷങ്ങൾക്കുമുമ്പുള്ള ഇലകളിൽ നിന്ന് ഡി.എൻ.എ കണ്ടെത്തിയെന്ന് പഠനം പുറത്തുവന്നു. ഏതാനും ആയിരം വർഷം പഴക്കമുള്ള സാമ്പിളിൽ നിന്ന് ഡി.എൻ.എ ശേഖരിക്കാൻ വിഷമിക്കുമ്പോൾ ഒരു കോടിയിലധികം വർഷം പ്രായമുള്ള സാമ്പിളിൽ നിന്ന് ശേഖരിക്കാനായെന്ന് അവിശ്വസനീയമായി പേബോക്കു തോന്നി. കൂടുതൽ പരീക്ഷണങ്ങൾ കഴിഞ്ഞപ്പോൾ സാമ്പിളിൽ ബാക്ടീരിയ വളരുകയും അത് സസ്യ ഡി.എൻ.എയിൽ സൂക്ഷ്മമാലിന്യമായി പ്രവർത്തിക്കുകയും ചെയ്തതാണെന്ന് മനസ്സിലായി. പേബോ തുടങ്ങിവെച്ച പഠനം എത്ര ദുഷ്‌കരമാണെന്നും സങ്കീർണമാണെന്നും തെളിഞ്ഞവെന്നതാണ് ഇതിന്റെ പാഠം.

നിയാൻഡെർതാലുകളുടേയും ഡെനിസോവൻസിന്റേയും പരിണാമവും പടർന്ന് പരക്കലും

പൈൻ പോലുള്ള വൃക്ഷങ്ങൾ ആംബർ ആൻ റെസിൻ ഉല്പാദിപ്പിക്കാറുണ്ട്; നമുക്ക് പരിചിതമായ കുന്തിരിക്കം പോലൊരു വസ്തു. എന്നാലിത് ലക്ഷക്കണക്കിന് വര്ഷങ്ങൾ മണ്ണിനടിയിൽ കിടക്കാം. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഇത്തരം വസ്തുക്കൾ പലേടത്തുന്നായി കണ്ടെത്തുകയുണ്ടായി. റെസിൻ പുറത്തുവന്ന് കാട്ടിയാകും മുമ്പ് അതിൽ പതിക്കുന്ന ജീവികൾ, സസ്യങ്ങൾ എല്ലാം അതിൽ സുരക്ഷിതമായി നിലകൊള്ളും. അന്തരീക്ഷത്തിന്റെയും ജലാംശത്തിന്റെയും സ്വാധീനമില്ലാത്ത കഴിയുന്നതിനാൽ ഇതിൽ ആവരണം ചെയ്യപ്പെട്ട ജീവികളുടെ ഡി.എൻ.എ പഠിക്കാനാകും എന്ന ചിന്ത ശക്തമായിരുന്നു. പേബോ ഉൾപ്പടെ അനേകം ഗവേഷകരുടെ ശ്രദ്ധ അതിലേയ്ക്കായി. ചുരുക്കിപ്പറഞ്ഞാൽ പുരാതന ഡി.എൻ.എ ശുദ്ധീകരിച്ചുപഠിക്കാൻ ശ്രമിച്ചവർ എന്തെല്ലാം പരീക്ഷണങ്ങളിൽ ഡി.എൻ.എ ലഭിക്കില്ലെന്നാണ് കണ്ടുപിടിച്ചത്. ആവർത്തിച്ചുള്ള പരാജയങ്ങളും സമയനഷ്ടവും ആരുടെയും ഗവേഷണവീര്യം കെടുത്തിക്കളയും. പക്ഷെ അവർക്ക് പറ്റിയ മേഖലയല്ലല്ലോ ശാസ്ത്രാന്വേഷണം.
ഗവേഷകർക്ക് പലപ്പോഴും വലിയ ബ്രേക്ക്​ ത്രൂ സാധ്യമാകുന്നതിൽ ഭാഗ്യത്തിന്റെ കടാക്ഷമുണ്ടാകും. എന്നാൽ ഇതിന്റെ പിന്നിലെ വലിയ പ്രയത്‌നത്തെക്കുറിച്ചു നാം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. പരാജയങ്ങളുടെ കൂമ്പാരങ്ങൾക്കുള്ളിൽ വിജയങ്ങൾ ഉണ്ടായപ്പോൾ അവ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി.

പ്രാചീന ഡി.എൻ.എ പഠനങ്ങളിൽ ശ്രദ്ധേയമായ വാക്ക് പേബോയുടെ ലാബിൽ നിന്ന് വരുന്നതാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു, ഇതിനകം. നിയാണ്ടെർത്തൽ ഡി.എൻ.എ പരിശോധനയിൽ ആദ്യ വിജയമുണ്ടായത് 1997 ലാണ്. ഈ ഘട്ടത്തിൽ പ്രാചീന സാമ്പിളുകൾ ലഭിക്കുന്നതിനും, മ്യൂസിയങ്ങളിൽ പഠനം നടത്താനും അനുവാദം കിട്ടാനെളുപ്പമായി. ഇതിനകം. ഗവേഷണത്തിനുള്ള ഫണ്ട് ദാരിദ്ര്യമില്ലാതെ വന്നു തുടങ്ങിയതും ഇക്കാലത്താണ്. മാക്‌സ് പ്‌ളാങ്ക് ഇൻസ്റ്റിട്യൂട്ടിലേയ്ക്ക് മാറിയ പേബോ 2006 ൽ നിയാണ്ടെർത്തൽ ജീനോം പ്രൊജക്റ്റ് സമാരംഭിക്കുകയുണ്ടായി. നിയാണ്ടെർത്തൽ മൈറ്റോകോൺഡ്രിയൽ ജീനോം ഘടന 2008 ൽ തന്നെ പൂർത്തിയായി. ആശ്ചര്യപ്പെടുത്തുന്ന കണ്ടെത്തൽ 2010 ൽ പുറത്തുവന്നു; ഇക്കുറി അവരുടെ ജീനോം ഘടന പൂർണമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഈ വേർഷൻ അനുസരിച്ചു നിയാണ്ടെർത്തൽ ജീനുകൾ ആഫ്രിക്കയ്ക്ക് പുറത്തു യൂറേഷ്യ പ്രദേശത്ത് വസിക്കുന്ന മനുഷ്യരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതായ് ഉറപ്പായി.

അക്കാലത്തെ സ്വാന്റെ പേബോ ഓർമിക്കുന്നതെങ്ങനെയെന്നു നോക്കാം: ‘Life is not an orderly thing. One morning, not long before our publication of the first Neanderthal mt DNA sequences in 1997, my secretary told me that an elderly professor had phoned asking for an appointment with me. He had told her that he wanted to discuss some plans for the future. I had no idea who he was but vaguely supposed he was a retired professor who wanted to share his crackpot ideas about human evolution with me. I was very wrong. What he had to say was very exciting.
The concept that emerged during our discussions was that of an institute not structured along the lines of academic disciplines but focused on a question: What makes humans unique? It would be an interdisciplinary institute where paleontologists, linguists, primatologists, psychologists, and geneticists would together work on this question. The framework within which one should ask this question was evolution. Ultimately, the goals should be to understand what had set humans on an evolutionary track so different from other primates. So it should be an institute in 'evolutionary anthropology.'

ഇതാ, അജ്ഞാതമായിരുന്ന ഒരു മനുഷ്യ സ്പിഷീസ്​

പലപ്പോഴും സയൻസിനെ, അതിലെ കണ്ടുപിടുത്തങ്ങളുടെ പ്രാധാന്യം അനുസരിച്ചാണ് നാം വിലയിരുത്തുന്നത്. എന്നാൽ ഗവേഷണങ്ങൾക്കുപിന്നിലെ ആശയാവിഷ്‌കാരം, ധിഷണ, പരാജയങ്ങളെ ഒപ്പം ചേർക്കാനുള്ള കഴിവ്, കൃത്യമായ ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവ് എന്നിവ കൂടി സയൻസ് എന്ന പ്രവർത്തനത്തിൽ ശക്തമായ സാന്നിധ്യമാണ്. ഇതുപോലെ വ്യക്തമായ ധാരണകൾ ആവിഷ്‌കരിക്കുകയും, അതിലേയ്ക്കായി അക്കാദമിക് സീമകളെ ഭേദിച്ച്​ ചടുലമായ ഇന്റർ ഡിസിപ്ലിനാരിറ്റി (interdisciplinarity) സ്ഥാപിക്കാനും കഴിഞ്ഞുവെന്നതാണ് ഒരുപക്ഷെ പേബോയെ ശ്രദ്ധേയനാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ വൈദ്യശാസ്ത്ര നോബൽ (2022 medicine/physiology) സമ്മാനത്തെ കാണേണ്ടത്. സമ്മാനത്തിന് പരിഗണിച്ചത്, ‘for his discoveries concerning the genomes of extinct hominins and human evolution' എന്നാണ് നോബൽ സമിതി പറഞ്ഞത്.

നോബൽ സമിതി പേബോയ്ക്ക് അംഗീകാരം നൽകുന്ന നാല് ഗവേഷണ ദിശകൾ ഇവയാണ്: ഒന്ന്, നിയാണ്ടെർത്തൽ ജീനോം പൂർണമായി അവതരിപ്പിക്കുക, രണ്ട്, നാളിതുവരെ നമുക്കജ്ഞാതമായിരുന്ന ഒരു മനുഷ്യ സ്പിഷീസിനെ കണ്ടെത്തുക. മൂന്ന്​, ഇവരിൽ നിന്ന് സമകാലിക മനുഷ്യരിലേയ്ക്ക് ജനിതക കൈമാറ്റങ്ങൾ നടന്നതിന്റെ തെളിവുകൾ അവതരിപ്പിക്കുക. നാല്, പാലിയോജീനോമിക്‌സ് എന്ന പുതിയ ശാസ്ത്രശാഖയ്ക്ക് രൂപം കൊടുക്കുക.
പരിണാമത്തെ മനസ്സിലാക്കിത്തരുക മാത്രമല്ല പേബോ ഗവേഷണങ്ങൾ ചെയ്തത്, നമ്മുടെ സവിശേഷതകളിൽ ചിലതിലേയ്ക്ക് വിരൽചൂണ്ടുക കൂടിയാണ്. ഭാവിയിൽ ആധുനിക മനുഷ്യരെ ബാധിക്കുന്ന പലതിനോടും നമ്മുടെ ജീനുകളിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും. മനുഷ്യരിലെ ഭാഷാപരമായ കഴിവുകൾ FOXP2 എന്ന ജീനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പ്രവർത്തിക്കാത്ത വ്യക്തികളിൽ ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അപാകതകൾ കാണാം. മൃഗപരീക്ഷണങ്ങളിലും ഇത് തെളിഞ്ഞിട്ടുണ്ട്. എന്നാൽ നിയാണ്ടെർത്തൽ മനുഷ്യരിലും ഇതേ ജീൻ ഉണ്ടെങ്കിലും മനുഷ്യരിലുണ്ടായ N303, S325 എന്നീ വ്യതിയാനങ്ങൾ ഭാഷാവികാസത്തിനു സൗകര്യം നൽകി. നിയാണ്ടെർത്തൽ , ഡെനിസോവൻ സ്പീഷിസിൽ നിന്ന് മറ്റു പല സ്വഭാവ വിശേഷതകൾ കൂടി ലഭിച്ചതായി കാണുന്നു. ഉദാഹരണത്തിന് ഓക്‌സിജൻ കുറഞ്ഞ ഇടങ്ങളിൽ വസിക്കാൻ പ്രാപ്തി നൽകുന്ന ജനിതക മാറ്റം അതിലൊന്നാണ്. അമിതവണ്ണം, അലർജി, കോവിഡ് ന്യൂമോണിയയ്ക്കുള്ള സാധ്യത, തുടങ്ങി ചില രോഗാവസ്ഥകൾക്കുംണം നിയാണ്ടെർത്തലുകളോട് കടപ്പെട്ടിരിക്കുന്നു. ഇനിയും ധാരാളം കാര്യങ്ങൾ പഠന വിധേയമാകും എന്നുറപ്പ്.

പേബോ തന്റെ ഗവേഷണനുഭവങ്ങളും കുറെ ജീവിതാനുഭവങ്ങളും ചേർത്ത് ‘നിയാണ്ടെർത്തൽ മനുഷ്യൻ' (Neanderthal Man, 2014, Basic Books) എന്ന പുസ്തകം രച്ചിച്ചു. വളരെ രസകരമായി വായിക്കാവുന്ന ഈ പുസ്തകം ശാസ്ത്ര കൗതുകമുള്ളവർ വായിക്കുമെന്നുറപ്പാണ്. ഡി.എൻ.എയുടെ ഘടന കണ്ടെത്തിയ ഗവേഷണകൂട്ടായ്മയിൽ അംഗമായിരുന്ന ജെയിംസ് വാട്ട്‌സൺ ‘ദ് ഡബിൾ ഹീലിക്‌സ്' (James Watosn - The Double Helix, 1968) ഡി.എൻ.എ ഘട്ടം കണ്ടെത്താൻ നടത്തിയ ആവേശകരമായ അനുഭവങ്ങൾ വിവരിക്കുന്നു. അക്കാലത്ത് പുസ്തകം ലോകമെമ്പാടും വായിക്കപ്പെടുകയും പല വിദ്യാർത്ഥികളെയും ശാസ്ത്രത്തിലേയ്ക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. എഴുപതുകളിൽ സ്‌കൂൾ കുട്ടിയായിരുന്ന ജെന്നിഫർ ഡൗഡ്‌ന (Jennifer Doudna) തന്റെ പിതാവിൽ നിന്ന് കിട്ടിയ ഈ പുസ്തകം വായിച്ചു ശാസ്ത്രത്തിന്റെ വഴി തിരഞ്ഞെടുക്കുകയുണ്ടായി. CRISPR ടെക്‌നോളജി കണ്ടെത്തിയതിന് 2018 ലെ നോബൽ സമ്മാനം ഇവർക്കായിരുന്നു. ഏതാനും ദശകങ്ങൾക്കുശേഷം പേബോയുടെ പുസ്തകത്തെ കുറിച്ചും ഇത് തന്നെ കേൾക്കാനാകും എന്ന് പ്രത്യാശിക്കാം.

അദ്ദേഹം പറയുമ്പോലെ, ‘One day, we may then be able to understand what set the replacement crowd apart from their archaic contemporaries, and why, of all the primates, modern humans spread to all corners of the world and reshaped, both intentionally and unintentionally, the environment on a global scale.'

References:
1. Spar, Ira - Meospotamian Creation Myths; April 2009, Heilbrunn Timeline of Art History.
2. Warren, Mathew - Mum's a Neanderthal, Dad's a Deniosvan: First discovery of an ancient-human hybrid; August 2018, Nature News.
3. Pääbo, Svante et al - A high-coverage genome sequence from an archaic Deniosvan individual.Oct 2012. Science.
4. Pääbo, Svante - Neanderthal Man; 2014, Basic Books

Comments