കോവിഡ് കാലത്തെ ദുബായി, മനുഷ്യരുടെ ആനന്ദങ്ങൾ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. ഉയരത്തിന്റെയും വെളിച്ചത്തിന്റെയും ആ ലോകനഗരം, ഏതാനും മാസങ്ങങ്ങളായി ‘മൂടപ്പെട്ട നിശ്ചലത' യെ മറികടക്കാനുള്ള കഠിനയത്‌നത്തിലാണ്.
കോവിഡ് രോഗവാഹകർ എന്ന ആദ്യനാളുകളിലെ വേദനിപ്പിക്കുന്ന ഒറ്റപ്പെടുത്തലുകൾ, ഓർമ്മയുടെ ബിനിൽ അവർ ഉപേക്ഷിച്ചോ എന്നറിയില്ല. എന്നാൽ, അവിടെ വെച്ച് കണ്ട ഒരു ചെറുപ്പക്കാരൻ പറഞ്ഞത്: ‘ഞാനെന്റെ ഭാര്യയെ പ്രേമിച്ചാണ് മങ്ങലം കഴിച്ചത്. അവളുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. പക്ഷെ, ഓള് ഉറച്ചുനിന്നു. എന്നാൽ, കോവിഡ് കാലത്ത് തിരിച്ചു പോകാൻ ശ്രമിച്ചപ്പോൾ അവൾ പറഞ്ഞു: ങ്ങള് വരണ്ട. പേടിയാണ്. അന്നെനിക്ക് മനസ്സിലായി, പ്രാണ ഭയമാണ് വലുത്. പ്രണയ ഭയമല്ല.'
‘ഭാര്യയോട് വെറുപ്പ് തോന്നിയോ?'
അങ്ങനെ ചോദിച്ചാൽ... പ്രവാസിയായ ആ ചെറുപ്പക്കാരൻ കുറച്ചു നേരം അയാളുടെ മൊബൈലിൽ നോക്കി.
‘ഇതാ, കണ്ടോ, (ഇമേജ് ഗാലറിയിൽ പോയി, അയാളുടെ ഭാര്യയുടെ ഫോട്ടോയുടെ മുകളിൽ റെഡ് കളറുള്ള ലവ് പതിച്ച ചിത്രം കാണിച്ച് ) ഇതായിരുന്നു മങ്ങലത്തിനുശേഷം എന്റെ വാൾ ഫോട്ടോ റെiച്ചിരുന്നത്. അത് ഞാൻ മാറ്റി. മൊഹബ്ബത്തില്ല.'
ഇപ്പോൾ, യാത്ര ചെയ്യാൻ അവസരം തുറന്നിട്ടപ്പോഴും എന്തുകൊണ്ടോ അയാൾ നാട്ടിലേക്ക് വരുന്നില്ല.
ഭാര്യയുടെ ഭാഗം ചേർന്ന് ‘അവളാണ് ശരി' എന്ന് പറഞ്ഞപ്പോൾ, അയാൾ എടുത്തിട്ട പോലെ പറഞ്ഞു: ‘ഹിറാ ഗുഹയിൽ പേടിച്ചുവിറച്ച നബി (സ) തങ്ങളെ ഖദീജ ബീവിയല്ലെ പുതപ്പിച്ചത്?'
ദേരാ ദുബായിൽ വെച്ച് പരിചയപ്പെട്ട ഡ്രൈവർ മലയാളിയായിരുന്നു. മാസങ്ങളായി നാട്ടിൽ പോയിട്ടില്ല. അവരുടെ മുറിയിലുണ്ടായിരുന്ന മധ്യവയസ്‌കനായ എടപ്പാൾകാരൻ കോവിഡ് രൂക്ഷമായ കാലത്ത് മുറിയിൽ വെച്ച് ഉറക്കെ ഖുർ ആൻ പാരായണം ചെയ്യാൻ തുടങ്ങി. മരണം തൊട്ടുമുമ്പിലെത്തി എന്ന വിചാരത്തിലായിരുന്നു, അയാൾ.
മലക്കിൽ റൂഹ് ഇതാ എത്തിപ്പോയി എന്ന് അയാൾ വിലപിച്ചു. നാട്ടിലെ കടബാധ്യതകൾ ഓർത്ത് അയാൾ പൊട്ടിക്കരഞ്ഞു. മരിച്ചു കഴിഞ്ഞാൽ മയ്യിത്ത് കുളിപ്പിക്കില്ല, എന്ന ഭയത്തിൽ അയാൾ മയ്യിത്തിനെ കുളിപ്പിക്കുന്നത് പോലെ അയാളെ കുളിപ്പിക്കാൻ ചങ്ങാതിമാരെ നിർബ്ബന്ധിപ്പിച്ചു. ജീവിച്ചിരിക്കുന്ന ഒരാളെ എങ്ങനെ മയ്യിത്ത് കുളിപ്പിക്കും? സദാ അത്തർ പൂശി അയാൾ കിടന്നു.
ഒപ്പമുള്ളവർക്ക് ഈ ഭ്രാന്തുകൾ വലിയ പ്രശ്‌നമായി. അയാൾ ഖുർ ആൻ ഓതുന്നത് അവർക്ക് ഭയചകിതമായ അനുഭവമായി. പുറത്തു പോയി എവിടെ നിന്നോ കൊണ്ടു വന്ന മൈലാഞ്ചിയിലകൾ മുറിയിൽ വിതറി അയാൾ പൊട്ടിക്കരഞ്ഞു: നമ്മൾ മരിക്കാൻ പോവുകയാണ്. യാസീൻ ഓത്! യാസീൻ ഓത്!
ഒപ്പം താമസിക്കുന്നവർ ആ മനുഷ്യനെ ഡോക്ടറെ കാണിച്ചു. കോവിഡ് ടെസ്റ്റ് നടത്തി. നെഗറ്റീവായിരുന്നു ഫലം. പരിശോധിച്ച ഡോക്ടർ വായു ഗുളികയും വൈറ്റമിൻ ഗുളികയും നൽകി അയച്ചു.
കോവിഡ് നെഗറ്റീവാണന്നറിഞ്ഞപ്പോൾ അയാൾ ചിരിച്ചു തുടങ്ങി. മുമ്പൊരിക്കലും ചിരിക്കാത്ത വിധം അസഹ്യമായ ചിരി. ഉറങ്ങുമ്പോൾ പൊട്ടിച്ചിരിയോടെ അയാൾ എണീറ്റു. അയാളുടെ ചിരി കാരണം മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെട്ടു.
മനസ്സു കൊണ്ട് ആ മനുഷ്യൻ ഏതോ ലോകത്ത് എത്തി എന്ന് എല്ലാവരും ഖേദത്തോടെ മനസ്സിലാക്കി.
കോവിഡ് വിഭ്രമിപ്പിക്കുന്ന ചിത്തഭ്രമങ്ങളുണ്ടാക്കി പലരിലും.
ആ മനുഷ്യനെ ചങ്ങാതിമാർ നാട്ടിലേക്കയച്ചു. ഭാര്യയേയും മക്കളേയും കണ്ടപ്പോൾ ബോധത്തിന്റെ ശവ്വാൽപ്പിറവി അയാളിൽ വീണ്ടുമുണ്ടായി. നാട്ടിലെത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ ഗൾഫിലെ ചങ്ങാതിമാരെ വിളിച്ചു: ‘അൽഹംദുലില്ലാഹ്! എനിക്ക് സുഖമാണ്! '
അയാൾക്ക് രോഗമുണ്ടായിരുന്നില്ലല്ലൊ എന്ന് അവർ ഓർമ്മിച്ചു. ലോകത്തിന് രോഗം വരുമ്പോൾ ആരും അതിൽ നിന്ന് മുക്തരല്ല. ശരീരം കൊണ്ടോ മനസ്സു കൊണ്ടോ എല്ലാവരും അതിൽ പെട്ടു പോകുന്നു.
ഗൾഫിൽ കോവിഡ് പോസിറ്റീവ് ആദ്യം സ്ഥിരീകരിച്ചവരിൽ ഒരാളെ പരിചയപ്പെട്ടു. കോവിഡാണെന്ന് എന്നറിഞ്ഞപ്പോൾ തന്നെ അയാൾ ബോധം കെട്ടുവീണു .തിരിച്ചു ജീവിതത്തിലേക്ക് വന്നപ്പോൾ അയാൾ കടുത്ത വിശ്വാസിയായി.
യുക്തിവാദികൾ പ്രചരിപ്പിക്കുന്നതു പോലെയല്ല കാര്യങ്ങൾ.
ദൈവത്തെ ആരും കൈവിട്ടിട്ടില്ല.
വിമാനം പുറപ്പെടുമ്പോൾ ശുഭ യാത്ര ആശംസിക്കുമ്പോൾ പൈലറ്റ് ‘ഗോഡ് ബ്ലെസ് യു' എന്ന് പറയാൻ മറന്നില്ല.
ദേരാ ക്രീക്ക് സൈഡിൽ ജീവിതം പതുക്കെ അതിന്റെ പഴയ താളം വീണ്ടെടുക്കുന്നതു പോലെ തോന്നി. പഞ്ചവർണ്ണ തത്തകളുമായി പെൺകുട്ടി നടക്കുന്നു, ഹുക്ക വലിച്ച് ചിലർ രസാനുഭൂതികളിലൂടെ കടന്നു പോകുന്നു.
അബുദാബിയിൽ ക്വാറന്റയിനിൽ കഴിയുന്നവർക്ക് യു.എ.ഇ ഗവൺമെന്റ് മികച്ച പരിചരണം നൽകുന്നു. ഹെൽത്ത് ഡിപ്പാർട്ടുമെന്റ് നൽകിയ ഫ്രൂട്ട്‌സ്, ജ്യൂസ്, ഭക്ഷണപ്പൊതികൾ, ഷാംപൂ, ക്രീമുകൾ - ഒക്കെ വാട്‌സാപ്പിലും ബോട്ടിമിലും ഷെയർ ചെയ്ത് കൊതിപ്പിച്ചു.
കോവിഡിന് ഇത്രയും രുചിയോ എന്നു തോന്നും ആ ആഹ്ലാദങ്ങൾ കണ്ടാൽ.
പല ഷോപ്പുകളും പൂട്ടി. തൊഴിൽ രഹിതരായവരുടെ എണ്ണം കൂടി. കാലം തെളിയുമെന്നും പോയവർക്ക് പകരം പുതിയവർ തിരിച്ചു വരുമെന്നും ഒരാൾ പറഞ്ഞു. കോവിഡ് കാലാനന്തരം ഗൾഫിൽ പുതിയൊരു വംശാവലി തുടങ്ങും.
അങ്ങനെ, അവരുടെ മടക്ക വരവുകളും പെട്ടി തുറക്കുമ്പോഴുള്ള മണവും ആവർത്തിക്കും. ഗൾഫ് ജീവിതം നമ്മെ മോഹിപ്പിച്ചു തുടരും.