ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർന്നുവെന്നകാര്യം വ്യക്തമായിക്കഴിഞ്ഞുവെന്ന് സുപ്രീം കോടതി. ടെലഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചോർച്ചയുണ്ടായതെങ്കിൽ അതിന്റെ പ്രത്യാഘാതം വ്യാപകമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. നീറ്റ് - യുജി പ്രവേശന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ക്രമക്കേടുകളുമായി ബന്ധപ്പെട്ട 26 ഹർജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതും, ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ടതും അടക്കമുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.ബി പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബഞ്ച് പരിഗണിച്ചത്. വിദ്യാർഥികളും അധ്യാപകരും കോച്ചിങ് സെന്ററുകളുമാണ് ഹർജികൾ നൽകിയത്.
പരീക്ഷക്ക് ഒരുദിവസം മുമ്പേ ചോദ്യപേപ്പർ ടെലിഗ്രാമിലൂടെ പ്രചരിച്ചിരുന്നുവെന്നും 67 പേർക്ക് ഒന്നാം റാങ്ക് എന്നത് അസാധാരണമായ റാങ്ക് പട്ടികയാണെന്നും എൻ.ടി.എ നൽകിയ വിശദീകരണങ്ങൾ വിശ്വസനീയമായിരുന്നില്ലെന്നും ഹർജിക്കാർ സുപ്രിം കോടതിയൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ചോദ്യപേപ്പർ ചോർന്നുവെന്നത് വാസ്തവമല്ലേയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അതെയെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ മറുപടി. ചോദ്യപേപ്പർ ചോർന്ന് കിട്ടിയ വിദ്യാർഥികളെ കണ്ടെത്തി അവരുടെ ഫലം തടഞ്ഞു വച്ചിരിക്കുകയാണെന്നും കേന്ദ്രം കോടതിയിൽ വിശദീകരിച്ചു. പരീക്ഷയുടെ ആകെ വിശ്വാസ്യത തകർന്നുവെന്ന വാദത്തിന് അടിസ്ഥാനമെന്തെന്ന കോടതിയുടെ ചോദ്യത്തിന് ടെലിഗ്രാം ആപ്പിലൂടെ ചോദ്യപ്പേപ്പർ പ്രചരിച്ചെന്ന് ഹർജിക്കാർ മറുപടി നൽകി.
ചോദ്യപേപ്പർ തയാറാക്കിയത് മുതൽ വിതരണം ചെയ്തത് വരെയുള്ള വിശദാംശങ്ങൾ കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. പരീക്ഷയുടെ വിശ്വാസ്യത തകർന്നാൽ പുനപരീക്ഷ നടത്തേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ക്രമക്കേട് 23 ലക്ഷം വിദ്യാർഥികളുടെ ഭാവിയെയാണ് ബാധിക്കുന്നതെന്നും 24 ലക്ഷം വിദ്യാർഥികൾക്ക് പുനപരീക്ഷ നടത്തുകയെന്നത് ദുഷ്‌ക്കരമാണെന്നും കോടതി വ്യക്തമാക്കി. ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചതെങ്കിൽ അത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷയുടെ അന്ന് മാത്രമാണ് ഒരിടത്തെ വിദ്യാർത്ഥികൾക്ക് ഇത് കിട്ടിയതെങ്കിൽ വ്യാപക ചോർച്ച ആകാൻ ഇടയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ ചോർന്ന കൃത്യമായ സമയം കണ്ടെത്തിയോ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. നീറ്റ് വിഷയത്തിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാറിന് ഒരു ദിവസത്തെ സമയം നൽകി.
പുനപരീക്ഷ വേണ്ട എന്ന് ചൂണ്ടിക്കാട്ടിയും ചിലർ കോടതിയിൽ ഹർജി നൽകിയിരുന്നു. കൗൺസിലിംഗ് നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹർജിക്കാരിൽ ചിലർ ഉന്നയിച്ചെങ്കിലും ഇതിന് അവധിക്കാല ബെഞ്ച് തയ്യാറായിരുന്നില്ല. കോടതി നൽകിയ നോട്ടീസിൽ കേന്ദ്രവും എൻ.ടി.എയും പരീക്ഷ റദ്ദാക്കുന്നത് പ്രയോഗിക നടപടിയാകില്ലെന്ന് നേരത്തെ മറുപടി നൽകിയിരുന്നു.
സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ കഴിഞ്ഞ ദിവസം നീറ്റ് കൗൺസിലിംഗിൽ സർക്കാർ വ്യക്തത വരുത്തിയിരുന്നു. നീറ്റ് യു.ജി കൗൺസിലിംഗ് ഈ മാസം 20 ന് ശേഷമേ ഉണ്ടാകു എന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആകെ സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ കൗൺസിലിംഗിനുള്ള കമ്മറ്റിക്ക് വിവരം നൽകേണ്ടതുണ്ട്. കേസിൽ തീർപ്പ് വരുന്നത് വരെ കൗൺസലിംഗ് മാറ്റി വയ്ക്കാനാണ് സാധ്യത.