നമ്മുടെ സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്’ (Operation Toofan – The Narco Hunt) എന്ന ശക്തമായ ദൗത്യം ജനശ്രദ്ധനേടി മുന്നോട്ടുപോവുകയാണല്ലോ. ലഹരി മാഫിയകളെ അടിച്ചമർത്താനും മയക്കുമരുന്ന് കടത്ത് വലിയതോതിൽ തടയാനും ഇത്തരം കർശന നടപടികൾക്ക് തീർച്ചയായും സാധിക്കുമെന്നുതന്നെയാണ് കരുതേണ്ടത്. എന്നാൽ, നിയമപരമായ നടപടികൾ കൊണ്ട് മാത്രം സമൂഹത്തിലെ ലഹരി വിപത്തിനെ നമുക്ക് തുടച്ചുനീക്കാനാകില്ല എന്നതാണ് യാഥാർത്ഥ്യം. ലഹരിവ്യാപനവും അതിൻറെ ലഭ്യതയും തടയുന്നതിനോടൊപ്പം നിലവിൽ ലഹരിയുടെ പിടിയിലകപ്പെട്ടുപോയ ഒരു തലമുറയെ രക്ഷിച്ചെടുക്കുക എന്ന വലിയ ഉത്തരവാദിത്തം കൂടി നമുക്ക് മുന്നിലുണ്ട്.
അടുത്തിടെ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറിക്കഴിഞ്ഞു. പഞ്ചാബിനേക്കാൾ മൂന്നിരട്ടിയാണിത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) നിയമപ്രകാരം മാത്രം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ കണക്കിലാണിത്. ലഹരിയുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമസംഭവങ്ങൾ, ഗാർഹിക പീഡനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ ഇതിന് പുറമെയാണ്. ചുരുക്കത്തിൽ മലയാളികൾക്കിടയിലെ ലഹരിവ്യാപനം ഇന്ന് ഗൗരവമായി ചർച്ചചെയ്യേണ്ട ഒരു വിഷയമാണ്. നമ്മുടെ കൗമാരക്കാർക്കിടയിലും യുവാക്കൾക്കിടയിലും പുതിയതരത്തിലുള്ള രാസലഹരികൾ പിടിമുറുക്കിക്കൊണ്ടിരിക്കുന്നു എന്നതിൻറെ തെളിവ് കൂടിയാണ് മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിലുണ്ടാവുന്ന ഈ കുതിച്ചുചാട്ടം.
നിയമങ്ങളിലെ പഴുതുകൾ
മയക്കുമരുന്ന് മാഫിയകളെ വേരോടെ പിഴുതെറിയാൻ ‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള ദൗത്യങ്ങൾക്കൊപ്പം ശക്തമായ നിയമനിർമ്മാണങ്ങളും നടപടികളും രാജ്യത്ത് ആവശ്യമാണ്. എന്നാൽ, നിലവിലുള്ള ലഹരിവിരുദ്ധ നിയമങ്ങളിലെ (NDPS Act) പലതരത്തിലുള്ള പഴുതുകളും വൻകിട മയക്കുമരുന്ന് വ്യാപാരികൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്നുണ്ട്.
ലഹരിമരുന്നിൻറെ അളവ് (Quantity), പിടിച്ചെടുക്കുന്ന രീതി എന്നിവയിലെ സാങ്കേതികമായ അപാകതകൾ മുതലെടുത്ത് കുറ്റവാളികൾ പലപ്പോഴും നിയമത്തിൻറെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുന്നത് പതിവാണ്. അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും ശാസ്ത്രീയ തെളിവുകളുടെ അഭാവവും പലപ്പോഴും പ്രതികൾക്ക് അനുകൂലമായി മാറുകയാണ് ചെയ്യുന്നത്. നിയമങ്ങൾ കടലാസിൽ ശക്തമാണെങ്കിലും അവ നടപ്പിലാക്കുന്നതിലെ ഇത്തരം അപാകതകൾ ലഹരി വിപത്തിനെതിരെയുള്ള പോരാട്ടത്തിൻറെ വീര്യം കുറയ്ക്കുന്നുണ്ടെന്ന് പറയാതെവയ്യ.

ഇതിനൊപ്പം തന്നെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് കടുത്ത വെല്ലുവിളിയാകുന്ന ഒന്നാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലെ വഴിവിട്ട ഇടപെടലുകൾ. വൻതോതിൽ നടക്കുന്ന മയക്കുമരുന്ന് വേട്ടകളോടനുബന്ധിച്ചുള്ള കേസുകളുടെ അണിയറകളിൽ ഉയർന്ന രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളോ അവരുടെ സംരക്ഷകരോ പ്രവർത്തിക്കുന്നത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. അന്വേഷണം കൃത്യമായ വഴിക്ക് നീങ്ങുമ്പോൾ ഉണ്ടാകുന്ന ഇത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടിയിടുകയും കേസുകൾ അട്ടിമറിക്കപ്പെടാൻ കാരണമാകുകയും ചെയ്യുന്നു. ലഹരി മാഫിയകൾക്ക് ലഭിക്കുന്ന രാഷ്ട്രീയ പിൻബലവും സാമ്പത്തിക സ്വാധീനവും തകർത്താൽ മാത്രമേ ഏതൊരു ജനകീയ ദൗത്യവും പൂർണമായ അർത്ഥത്തിൽ ലക്ഷ്യം കാണുകയുള്ളൂ.
നിയമനടപടികൾ മാത്രം പോര
ചെറുതല്ലാത്ത വിഭാഗം ഇന്ന് ഇത്തരം ലഹരികളുടെ പിടിയിലാണെന്ന യാഥാർത്ഥ്യത്തെ പരിഗണിച്ചുകൊണ്ടുകൂടിവേണം ലഹരിക്കെതിരായ പോരാട്ടങ്ങൾ രൂപപ്പെടുത്തേണ്ടത്. നിലവിൽ ലഹരിയുടെ വലയിൽ കുടുങ്ങിയ വ്യക്തികളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ശാസ്ത്രീയമായ ചികിത്സയും മനഃശാസ്ത്രപരമായ കൗൺസലിംഗും പുനരധിവാസവും അത്യന്താപേക്ഷിതമാണ്.
കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചിലതിലെങ്കിലും ലഹരിമുക്ത ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ പരിമിതമായ തോതിൽ ലഭ്യമാണെങ്കിലും ഇവിടേക്ക് ചികിത്സതേടി എത്തുന്നതിൽ മിക്കവരും വിമുഖത കാണിക്കുകയാണ്. ലഹരി അടിമത്തത്തെ ഒരു രോഗമായി കാണുന്നതിന് പകരം, സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ മുൻവിധികളും സാമൂഹികമായ മാറ്റിനിർത്തലുകളുമാണ് (Stigma) ഇതിന് പ്രധാന കാരണം. മാനസികാരോഗ്യ ചികിത്സയോടുള്ള സമൂഹത്തിൻറെ മനോഭാവവും കൂടി ചേരുമ്പോൾ ഇത്തരം കേന്ദ്രങ്ങളിലേക്ക് പോകാനുള്ള വിമുഖത ഇരട്ടിക്കുകയും ചെയ്യുന്നുണ്ട്.
അതുകൊണ്ടുതന്നെ, ജനങ്ങൾക്ക് ഭയമില്ലാതെ കടന്നുചെല്ലാവുന്ന തരത്തിലുള്ള പ്രത്യേക ലഹരിവിമോചന കേന്ദ്രങ്ങൾ (Dedicated De-addiction Centres) സർക്കാർ തലത്തിൽ വ്യാപകമായി സ്ഥാപിക്കേണ്ടതുണ്ട്. ഇതിനുപുറമേ, പ്രധാന സർക്കാർ ആശുപത്രികളിൽ മനോരോഗ വിദഗ്ധരുടെ കർശന മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക ലഹരിവിമോചന വാർഡുകളും അടിയന്തരമായി സജ്ജീകരിക്കണം.
സാധാരണ രോഗങ്ങൾക്ക് ചികിത്സ തേടുന്നതുപോലെ ലളിതമായി ലഹരിമുക്ത ചികിത്സയും ലഭ്യമാക്കാൻ ഇത്തരം വാർഡുകളിലൂടെ സാധിക്കും. ഇത് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാനും അതുവഴി ലഹരിമുക്തസമൂഹം എന്ന ലക്ഷ്യത്തോടടുക്കാനും ഇതുവഴി കഴിയും.

കൂട്ടായ ശ്രമം ആവശ്യം
ലഹരിക്കെതിരെയുള്ള ഈ പോരാട്ടം കേവലം സർക്കാരിൻറെയോ പൊലീസിൻറെയോ മാത്രം ചുമതലയല്ല. ഇതൊരു ജനകീയ യുദ്ധമാണ്. സർക്കാർ-അർദ്ധസർക്കാർ സംവിധാനങ്ങൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, വിദ്യാർത്ഥി സംഘടനകൾ, മതസാമുദായിക സംഘടനകൾ, കലാ-സാംസ്കാരിക വേദികൾ, റസിഡൻറ്സ് അസോസിയേഷനുകൾ തുടങ്ങിയവയുടെയെല്ലാം കൂട്ടായ ഏകോപനത്തിലൂടെ മാത്രമേ ലഹരിമുക്തമായ ഒരു നാളെയെ നമുക്ക് കെട്ടിപ്പടുക്കാൻ സാധിക്കൂ.
ദേശീയ മാനസികാരോഗ്യ സർവേ (NMHS) പ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൽ ജനസംഖ്യാനുപാതികമായി ഒരു ലക്ഷം പേർക്ക് 1.2 സൈക്യാട്രിസ്റ്റ് മാത്രമാണ് ഉള്ളത് എന്നാണ്. ഇത് ദേശീയ ശരാശരിയായ 0.29 നേക്കാൾ വളരെ കൂടുതലാണെങ്കിലും, വികസിത രാജ്യങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പിന്നിലാണ്. വികസിത രാജ്യങ്ങളിൽ ഇത് ഒരു ലക്ഷത്തിന് 10 മുതൽ 13 വരെയാണ്.
വിവിധ മെഡിക്കൽ ജേണലുകളിലെയും സംഘടനകളിലെയും കണക്കുകൾ പ്രകാരം നിലവിൽ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന സൈക്യാട്രിസ്റ്റുകളുടെ എണ്ണം ഏകദേശം 400 മുതൽ 500 വരെ മാത്രമാണ്. ഇതിൽ വലിയൊരു ശതമാനം പേരും സ്വകാര്യ മേഖലയിലാണ് പ്രവർത്തിക്കുന്നത്. പൊതുജനാരോഗ്യ മേഖലയിലാവട്ടെ കേവലം നൂറിലധികം സൈക്യാട്രിസ്റ്റുകൾ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്.
വർദ്ധിച്ചുവരുന്ന ലഹരിയുപയോഗം വ്യക്തികളുടെ മാനസികാരോഗ്യത്തെ പൂർണ്ണമായി തകർക്കുന്ന അവസ്ഥയുണ്ടെങ്കിലും, അതിനനുസരിച്ചുള്ള മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം നമ്മുടെ സംസ്ഥാനത്ത് ഇപ്പോഴും അപര്യാപ്തമാണ്. അതിനുള്ള പ്രധാനകാരണം ലഭ്യമായ സൈക്യാട്രിസ്റ്റുകളിൽ ഭൂരിഭാഗവും നഗരങ്ങളിലെ വൻകിട സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് എന്നതാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സാധാരണക്കാരും ആശ്രയിക്കുന്ന താലൂക്ക്, ജില്ലാ സർക്കാർ ആശുപത്രികളിൽ മാനസികാരോഗ്യ വിദഗ്ദ്ധരുടെ ദൗർലഭ്യം രൂക്ഷമാണ്. ലഹരിമുക്ത ചികിത്സയുടെ കാര്യമെടുത്താൽ വിദഗ്ധരായ സൈക്യാട്രിസ്റ്റുകൾക്ക് പുറമേ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിക് സോഷ്യൽ വർക്കർമാർ തുടങ്ങിയവരുടെ സംയുക്ത സേവനംകൂടി ആവശ്യമാണ്.
എന്നാൽ കേരളത്തിലെ സർക്കാർ മേഖലയിൽ സൈക്യാട്രിക് സോഷ്യൽ വർക്കർമാരുടെ നിരവധി തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് ചികിത്സാ കേന്ദ്രങ്ങളുടെ കുറവ്. രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ലഹരിവിമോചന കേന്ദ്രങ്ങളുടെ എണ്ണം വളരെ പരിമിതമാണ്. അതേസമയം മിക്കവയും സ്വകാര്യ മേഖലകളിലും സന്നദ്ധസംഘടനകളുടെ കീഴിലുമുള്ളവയാണ്.

രാസലഹരികളുടെ വ്യാപനം
ഒരുകാലത്ത് മദ്യത്തിൻറെ ഉപഭോഗമായിരുന്നു സമൂഹത്തിന് ഭീഷണിയായി തീർന്നതെങ്കിൽ ഇന്നിപ്പോൾ കഞ്ചാവിന് പുറമെ എം.ഡി.എം.എ (MDMA), മെത്താംഫെറ്റാമൈൻ, എൽ.എസ്.ഡി (LSD) തുടങ്ങിയ അതീവ മാരകമായ സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളിൽ പലതും ലഹരിയുപയോഗവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാക്കളിൽ മാത്രമല്ല, സ്കൂൾ-കോളേജ് വിദ്യാർത്ഥികളിലേക്ക് പോലും ലഹരി മാഫിയകൾ ശക്തമായി പടർന്നുപന്തലിച്ചിരിക്കുന്നുവെന്നാണ് ദിനംപ്രതി പുറത്തുവരുന്ന വാർത്തകൾ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് ലഹരിമുക്ത ചികിത്സ തേടിയെത്തുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ എണ്ണത്തിലും വലിയ തോതിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വേട്ടയാടലുകൾക്കൊപ്പം തന്നെ ചേർത്തുപിടിക്കലിൻറെയും കരുതലിൻറെയും കരങ്ങൾ നീട്ടി തലമുറയെ രക്ഷിക്കേണ്ടതിനെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടത്.

