ഡോ. എം. മുരളീധരൻ

ഒരു ആറാം വിരലിന്റെ കഥ

അഞ്ചു മണിക്കൂർ ഒരു സെക്കൻ്റു പോലും വിശ്രമമെടുക്കാതെ ജോലി ചെയ്യാൻ ഡോക്ടർക്ക് എങ്ങനെ സാധിക്കുന്നു എന്ന സഹാനുഭൂതിയോടെയുള്ള അന്വേഷണം ഡോക്ടർമാരുടെ ശ്രദ്ധക്കുറവിനെതിരെ പരാതി പറയുന്ന ആരെങ്കിലും നിർവഹിക്കുന്നുണ്ടോ? സത്യത്തിൽ ഇതാണ് സമൂഹം ഗൗരവതരമായി അഡ്രസ്സ് ചെയ്യേണ്ടുന്ന സങ്കടകരമായ ഗ്രൗണ്ട് റിയാലിറ്റി- ഡോ. എം. മുരളീധരൻ എഴുതുന്നു.

2024 മെയ് 16-നാണ് കോഴിക്കോട് ചെറുവണ്ണൂരിലെ നാലു വയസ്സുകാരി ആയിഷാ റുവയും കുടുംബവും കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് സർജറി വിഭാഗത്തിൽ അവളുടെ ആറാം വിരൽ (super numery finger - polydactyly) ശസ്തക്രിയ ചെയ്ത് എടുത്തുമാറ്റാനെത്തിയത്. ശസ്ത്രകിയ കഴിഞ്ഞ് പുറത്തെത്തിയ കുട്ടിയുടെ വായയിൽ രക്തം പടർന്ന പഞ്ഞി കണ്ടപ്പോൾ മാതാപിതാക്കൾ അമ്പരന്നു. ആറാം വിരലാവട്ടെ ഇടതു കൈയിൽ സ്വസ്ഥമായി നിന്നു. വിവരം ഓപ്പറേഷൻ ചെയ്ത ഡോക്ടർ അറിഞ്ഞപ്പോൾ ഉടൻ കുട്ടിയെ വീണ്ടും തിയറ്ററിലേക്ക് കൊണ്ടുപോയി ആറാം വിരൽ ശസ്ത്രക്രിയ ചെയ്തു നീക്കി.

ഇതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വളരെയേറെ സ്ഥലവും സമയവും കവർന്ന സംഭവത്തിൻ്റെ വൺ ലൈൻ.

എന്തുകൊണ്ട് ചികിത്സാ പിഴവുകൾ സംഭവിക്കുന്നു എന്ന അന്വേഷണത്തിൻ്റെ സാംഗത്യം സമൂഹം നിശ്ചയമായും തിരിച്ചറിയേണ്ടതുണ്ട്.

ഇക്കാര്യത്തിൽ നീതീകരിക്കാനാവാത്ത നോട്ടപ്പിശകും അനവധാനതയും തുടക്കം മുതലേ സ്പഷ്ടമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഓപ്പറേഷൻ ചെയ്ത ഡോക്ടർ അയിഷയോടും കുടുംബത്തോടും മാപ്പു പറഞ്ഞതും ആരോഗ്യ വകുപ്പ് അന്നുതന്നെ ഡോക്ടറെ സസ്പെന്റു ചെയ്തതും. വ്യക്തിയും ഡിപ്പാർട്ടുമെൻ്റം ഭംഗ്യന്തരേണ കുറ്റം സമ്മതിച്ചു എന്നതിൻ്റെ കൃത്യമായ തെളിവുകളാണ് ആ രണ്ടു വ്യത്യസ്ത കുമ്പസാരങ്ങൾ.

എത്ര വ്യക്തമായ തെളിവുകളുണ്ടായാലും മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് കുറ്റം സമ്മതിക്കാതെ പിടിച്ചുനിൽക്കാൻ പതിനെട്ടടവും പയറ്റുന്ന രാഷ്ട്രീയക്കാരാണ് തെറ്റു പറ്റിയ ഉടൻ കുട്ടിയോടും കുടുംബത്തോടും മാപ്പു പറഞ്ഞ ഡോക്ടറെ തേജോവധം ചെയ്യാൻ തുനിഞ്ഞിറങ്ങിയത് എന്നതാണ് കൗതുകകരം. ഡോക്ടറുടെ അശ്രദ്ധയും പ്രൊഫഷണലിസത്തിൻ്റെ അഭാവവും ഒരിക്കലും നീതീകരിക്കാനാവില്ലെങ്കിലും എന്തുകൊണ്ട് ഇത്തരം പിഴവുകൾ സംഭവിക്കുന്നു എന്ന അന്വേഷണത്തിൻ്റെ സാംഗത്യം സമൂഹം നിശ്ചയമായും തിരിച്ചറിയേണ്ടതുണ്ട്.

നിന്നു തിരിയാനിടയില്ലാത്ത തിരക്കിൽ ഓപ്പറേഷൻ ടേബിളിൽ കിടത്തിയ കുട്ടിയുടെ വായയിൽ ടങ്ങ് - ടൈ ഉണ്ടായിരുന്നു എന്നതാണ് മൊത്തം സംഭവത്തിൻ്റെ നിർണ്ണായകമായ ടേണിങ് പോയിൻ്റ്.

ഇന്ത്യൻ പബ്ലിക്ക് ഹെൽത്ത് സ്റ്റാൻഡേർഡ് അനുസരിച്ച് ഒരു ദിവസം നാൽപതുപേരെ പരിശോധിക്കേണ്ട ഒരു ഡോക്ടർ എത്ര രോഗികളെ പരിശോധിക്കുന്നുണ്ട് എന്ന അന്വേഷണത്തിൽ നിന്നാണ് ഈ വിചാരണ ആരംഭിക്കേണ്ടത്. 150-200 രോഗികളെ ഒരു ഡോക്ടർ പരിശോധിക്കുന്നത് ഏത് സർക്കാർ ആശുപത്രികളിലും വളരെ സാധാരണമാണ് എന്ന് തിരിച്ചറിയാൻ കേരളത്തിലെ ഏതെങ്കിലും സർക്കാർ ആശുപത്രിക്കുമുന്നിലൂടെ ഒന്ന് കടന്നുപോയാൽ മതി. വർഷം തോറും മലയാളി അനുഭവിക്കുന്ന പനി സീസൺ കാലത്ത് അത് മുന്നൂറിനു മുകളിൽ പോവുന്നതും അതിസാധാരണം. ഏകദേശം ഒരു മണിക്കൂർ റൗണ്ട്സിനും ഒരു പത്തു മിനുട്ട് അതിനിടക്കെപ്പോഴെങ്കിലും സാധിച്ചാൽ ചായ കുടിക്കാനും വാഷ് റൂമിൽ പോവാനും മാറ്റിവെച്ചാൽ ഏകദേശം 230 മിനുട്ടാണ് ഇരുന്നൂറിലധികം രോഗികളെ പരിശോധിച്ച് മരുന്നെഴുതാൻ ഒരു ഡോക്ടർക്ക് ലഭിക്കുന്നത്. കഷ്ടിച്ച് കിട്ടുന്ന ഒരു മിനുട്ടു കൊണ്ട് രോഗിയുടെ പരാതി കേൾക്കാനും, അത്യാവശ്യ വിവരങ്ങൾ ചോദിച്ചറിയാനും പരിശോധിക്കാനും മരുന്ന് എഴുതാനും ഈ മനുഷ്യജീവിക്ക് എങ്ങനെ കഴിയുന്നു എന്ന് നമ്മുടെ ഭരണവ്യവസ്ഥ അന്വേഷിക്കുന്നുണ്ടോ?

ഈ കടുത്ത തിരക്കിൽ ഏതെങ്കിലും രോഗിയുടെ ഒരു പ്രധാന രോഗലക്ഷണം ഡോക്ടർ കാണാതെ പോയാൽ ഡോക്ടർ കുറ്റക്കാരനാവുമോ? അഞ്ചു മണിക്കൂർ ഒരു സെക്കൻ്റു പോലും വിശ്രമമെടുക്കാതെ ജോലി ചെയ്യാൻ ഡോക്ടർക്ക് എങ്ങനെ സാധിക്കുന്നു എന്ന സഹാനുഭൂതിയോടെയുള്ള അന്വേഷണം ഡോക്ടർമാരുടെ ശ്രദ്ധക്കുറവിനെതിരെ പരാതി പറയുന്ന ആരെങ്കിലും നിർവഹിക്കുന്നുണ്ടോ? സത്യത്തിൽ ഇതാണ് സമൂഹം ഗൗരവതരമായി അഡ്രസ്സ് ചെയ്യേണ്ടുന്ന സങ്കടകരമായ ഗ്രൗണ്ട് റിയാലിറ്റി.

മാർച്ച് 16-ന് 21 സർജറികളാണ് അഞ്ചോ ആറോ പേരുള്ള ആ സർജറി ടീം ചെയ്യേണ്ടിവന്നത്. മെഡിക്കൽ കോളേജിലെ സർജറി യൂണിറ്റുകളിൽ ഇതൊക്കെ സർവ്വസാധാരണമാണ് എന്നതാണ് സത്യം.

മാർച്ച് 16-ന് 21 സർജറികളാണ് അഞ്ചോ ആറോ പേരുള്ള ആ സർജറി ടീം ചെയ്യേണ്ടിവന്നത്. മെഡിക്കൽ കോളേജിലെ സർജറി യൂണിറ്റുകളിൽ ഇതൊക്കെ സർവ്വസാധാരണമാണ് എന്നതാണ് സത്യം. ഇരുപത്തിയൊന്നിൽ പതിനാറെണ്ണം അനസ്തീഷ്യ നൽകി ചെയ്യേണ്ടവയും അഞ്ചെണ്ണം ടങ് ടൈ- ആറാം വിരൽ പോലെയുള്ള മൈനർ സർജറികളുമായിരുന്നു. ഒരു സാമാന്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽപോലും ആർക്കും അത്ഭുതം തോന്നുന്ന വേഗത്തിൽ ഓപ്പറേഷനുകൾ ചെയ്താൽ മാത്രമാണ് നിശ്ചിത സമയത്തിനുള്ളിൽ അവയൊക്കെ തീർക്കാനാവൂ എന്നത് സുവ്യക്തം. അന്ന് മൂന്ന് ടങ്ങ് -ടൈ ഓപ്പറേഷനുകൾ പോസ്റ്റ് ചെയ്തിരുന്നുതാനും. നിന്നു തിരിയാനിടയില്ലാത്ത തിരക്കിൽ ഓപ്പറേഷൻ ടേബിളിൽ കിടത്തിയ കുട്ടിയുടെ വായയിൽ ടങ്ങ് - ടൈ ഉണ്ടായിരുന്നു എന്നതാണ് മൊത്തം സംഭവത്തിൻ്റെ നിർണ്ണായകമായ ടേണിങ് പോയിൻ്റ്. നിശ്ചയമായും നൂറു ശതമാനം കൃത്യതയോടെ അനസ്തീഷ്യ നൽകുന്നതിനുമുമ്പും ടേബിളിലേക്ക് മാറ്റുമ്പോഴും ടേബിളിൽ കിടത്തിക്കഴിഞ്ഞാലും അനുവർത്തിക്കേണ്ടതായ രോഗിയെ തിരിച്ചറിയൽ, നിശ്ചയിച്ച ഓപ്പറേഷൻ ഉറപ്പിക്കൽ എന്നീ നിർണായക നടപടികൾക്ക് ഭംഗം വരുത്തിയത് ഡോക്ടറുടെ ഗുരുതരമായ കൃത്യവിലോപമാണ് എന്നതിൽ അഭിപ്രായ വത്യാസമൊന്നുമില്ല. പക്ഷേ ഇത്തരം കടുത്ത തിരക്കിൽ പ്രമാദങ്ങൾ സംഭവിച്ചില്ലെങ്കിലല്ലേ സത്യത്തിൽ അത്ഭുതം?

കഷ്ടിച്ച് കിട്ടുന്ന ഒരു മിനുട്ടു കൊണ്ട് രോഗിയുടെ പരാതി കേൾക്കാനും, അത്യാവശ്യ വിവരങ്ങൾ ചോദിച്ചറിയാനും പരിശോധിക്കാനും മരുന്ന് എഴുതാനും ഈ മനുഷ്യജീവിക്ക് എങ്ങനെ കഴിയുന്നു എന്ന് നമ്മുടെ ഭരണവ്യവസ്ഥ അന്വേഷിക്കുന്നുണ്ടോ?

അമേരിക്കൻ ഏറോ സ്പെയ്സ് എഞ്ചിനീയറായ എഡ്വേർഡ് മർഫി രൂപം നൽകിയ Murphy's law പറയുന്നതും അതാണ്. Anything can go wrong, will go Wrong എന്നതാണ് മർഫിയുടെ നിയമം. തെറ്റ് പറ്റാനുള്ള സാഹചര്യമുണ്ടെങ്കിൽ എന്നെങ്കിലും എപ്പോഴെങ്കിലും അത് സംഭവിച്ചിരിക്കും എന്ന് ആ നിയമം അർത്ഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. ഡോക്ടറുടെ തെറ്റ് ഒരിക്കലും ന്യായീകരിക്കാനാവില്ലെങ്കിൽ കൂടി അത്തരം തെറ്റുകൾ സംഭവ്യമാണെന്നാണ് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട ആ നിയമം കൃത്യമായി വെളിവാക്കുന്നത്.

സർക്കാർ ആശുപതികളിൽ വർഷത്തിൽ ഏറ്റവും കുറഞ്ഞത് രണ്ടര കോടി രോഗികളും പന്ത്രണ്ടു മെഡിക്കൽ കോളേജുകളിൽ അൻപത് ലക്ഷത്തിൽ കൂടുതൽ രോഗികളുമാണ് ചികിത്സിക്കപ്പെടുന്നത്. ഈ രോഗി ബാഹുല്യത്തിൻ്റെ പത്തിലൊന്നു പോലുമില്ലാത്ത 1961- ലെ സ്റ്റാഫ് പാറ്റേൺ ആണ് ഇന്നും കേരളത്തിൽ നിലനിൽക്കുന്നത്.

തെറ്റു പറ്റാനിടയുള്ള സാഹചര്യം ഒഴിവാക്കുന്നതാണ് അങ്ങനെ വരുമ്പോൾ എറ്റവും സുരക്ഷിതമായ മാർഗ്ഗം. ഇന്ന് കേരളത്തിലെ സർക്കാർ ആശുപതികളിൽ വർഷത്തിൽ ഏറ്റവും കുറഞ്ഞത് രണ്ടര കോടി രോഗികളും പന്ത്രണ്ടു മെഡിക്കൽ കോളേജുകളിൽ അൻപത് ലക്ഷത്തിൽ കൂടുതൽ രോഗികളുമാണ് ചികിത്സിക്കപ്പെടുന്നത്. ഈ രോഗി ബാഹുല്യത്തിൻ്റെ പത്തിലൊന്നു പോലുമില്ലാത്ത 1961- ലെ സ്റ്റാഫ് പാറ്റേൺ ആണ് ഇന്നും കേരളത്തിൽ നിലനിൽക്കുന്നത് എന്നത് ലജ്ജാവഹമാണ്. തമിഴ്നാട്ടിൽ മുഖ്യമന്തി എം.കെ. സ്റ്റാലിൻ കൊണ്ടുവന്ന ഏറ്റവും മികച്ച ഭരണപരിഷ്കാരം ഈ ദിശയിലുള്ളതായിരുന്നു എന്ന് ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണത്തിലെ ബാഹുല്യം കൃത്യമായി പഠിച്ച് വളരെ ശാസ്തീയമായ സ്റ്റാഫ് പാറ്റേൺ ആരോഗ്യരംഗത്ത് അദ്ദേഹം വിന്യസിച്ചു. കേരളത്തിലും അത്തരമൊരു അടിസ്ഥാനപരമായ മാറ്റം അനിവാര്യമായി തീർന്നിരിക്കുന്നു എന്നാണ് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നത്.

കോഴിക്കോട്ടെ സംഭവത്തിൽ രോഗിയുടേയോ മാതാപിതാക്കളുടേയോ സമ്മതമില്ലാതെ നാവിനടിയിലെ കെട്ട് മുറിച്ചുമാറ്റി എന്ന വസ്തുത മെഡിക്കൽ ധാർമികതയുടേയും നിയമത്തിൻ്റേയും തികഞ്ഞ ലംഘനമാണെന്ന് പറയാതെ വയ്യ. മനുഷ്യ ശരീരത്തിലെ ഏതൊരിട പെടലും കൃത്യമായ സമ്മതം (consent) വാങ്ങിയശേഷം മാത്രമേ പാടുള്ളൂ എന്ന കാര്യം വിസ്മരിക്കുന്നത് തികഞ്ഞ അപരാധം തന്നെയാണ്.

ഇന്ത്യൻ ജേണൽ ഓഫ് സൈക്യാട്രിയിലാണ് ഡോക്ടർമാരുടെ ആത്മഹത്യയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പഠനം വരുന്നത്. ഡോക്ടർമാരും സമൂഹവും തമ്മിലുള്ള പൊരുത്തക്കേടുകളുടേയും അതിൻ്റെ ദുരന്തഫലങ്ങളുടേയും ഞെട്ടിക്കുന്ന രേഖയായിരുന്നു അത്.

പക്ഷേ ആ സർജറി, കുട്ടിക്ക് യാതൊരു ദോഷവും ഉണ്ടാക്കിയിട്ടില്ല; മറിച്ച് ഗുണം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന വസ്തുതയുടെ വെളിച്ചത്തിൽ ഈ കേസ് മെഡിക്കൽ നെഗ്ളിജൻസിൻ്റെ (Medical negligence - വൈദ്യശാസ്ത്രപരായ അശ്രദ്ധ) പരിധിയിൽ വരുമോ എന്നതിനെക്കുറിച്ച് വത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇത്തരം അവസരങ്ങളിൽ കോടതി Duty of Care, Dereliction of Duty, Damage എന്നീ ഘടകങ്ങളാണ് പരിഗണിക്കുക. ആദ്യത്തെ രണ്ട് വകുപ്പും ബാധകമാണെങ്കിലും കുട്ടിക്ക് Damage ഒന്നും ഉണ്ടായിട്ടില്ല എന്നതിനാൽ വൈദ്യശാസ്ത്രപരമായ അശ്രദ്ധ ആരോപിക്കാനാവുമോ എന്നത് നിയമപ്രശ്നമാണ്. ഭാവിയിൽ കുട്ടിക്ക് സംഭവിച്ചേക്കാവുന്ന ഉച്ചാരണ വൈകല്യം, നാവു നീട്ടുന്നതിലെ പ്രശ്നങ്ങൾ, ഭക്ഷണം കഴിക്കുന്നതിലുണ്ടാകാവുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ പരിഹരിക്കപ്പെട്ടു എന്ന വാദത്തിൻ്റെ പിൻബലത്തിൽ പ്രത്യേകിച്ചും.

അടിസ്ഥാനപരമായ ചികിത്സ കൊണ്ടല്ലാതെ പരിഹിക്കപ്പെടുന്നതല്ല ഇത്തരം പ്രമാദങ്ങൾ എന്ന് സർക്കാരും പൊതുസമൂഹവും തിരിച്ചറിയുകയും സ്റ്റാഫ് പാറ്റേൺ, രോഗീ വിന്യാസ നിയന്ത്രണം (മിക്കവാറും വിദേശ രാജ്യങളിൽ അനുവർത്തിക്കുന്ന, അടിസ്ഥാന ലവലിലുള്ള ആരോഗ്യസ്ഥാപനങ്ങൾ റഫർ ചെയ്താൽ മാത്രമേ ഉയർന്ന ലെവലിലുളള സ്ഥാപനങ്ങളിലേക്ക് പോകാൻ കഴിയൂ എന്ന സംവിധാനം), അടിസ്ഥാന സൗകര്യങ്ങളുടെ (infrastructure) കൃത്യമായ വിതരണവും സ്ഥാപനവും, വിശ്വാസ്യതയുള്ള സുരക്ഷാ സംവിധാനങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആത്മാർത്ഥമായി അഭിസംബോധന ചെയ്താൽ മാത്രമേ ഭാവിയിലെങ്കിലും ഇത്തരം കൃത്യവിലോപങ്ങൾ ഇല്ലാതാവുകയുള്ളൂ എന്ന് ഭരണകൂടവും സമൂഹവും തിരിച്ചറിയുന്നതാണ് പ്രശ്നപരിഹാര ങ്ങളുടെ ആദ്യപടി.

2021 മെയിൽ ഇന്ത്യൻ ജേണൽ ഓഫ് സൈക്യാട്രിയിലാണ് ഡോക്ടർമാരുടെ ആത്മഹത്യയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പഠനം വെളിച്ചം കാണുന്നത്. ഡോ. കിഷോറിൻ്റെയും സുഹാസ്ചന്ദ്രൻ്റേയും ആ പഠനം യുവ ഡോക്ടർമാരും സമൂഹവും തമ്മിലുള്ള പൊരുത്തക്കേടുകളുടേയും അതിൻ്റെ ദുരന്തഫലങ്ങളുടേയും ഞെട്ടിക്കുന്ന രേഖയായിരുന്നു. 2016- നും 2019- നുമിടക്ക് ഇന്ത്യയിൽ 30 ഡോക്ടർമാർ ആത്മഹത്യ ചെയ്തതിൻ്റെ സാമൂഹിക- രാഷ്ട്രീയ കാരണങ്ങൾ വിലയിരുത്തി, ഈ രംഗത്ത സമൂല മാറ്റങ്ങളുടെ ആവശ്യകത ഊന്നിപ്പറയുന്ന ആ ലേഖനത്തിൻ്റെ സാരാംശം കൂടി ഭരണകൂടവും സമൂഹവും ഇത്തരുണത്തിൽ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്.

Comments